വിശപ്പിനാൽ കൊല്ലപ്പെട്ടവൻ

ഒരിയ്ക്കൽ പോലും വിശപ്പറിഞ്ഞിട്ടില്ലാത്ത
ദുർമേദസ്സുകളായിരിക്കണം
വിശന്നുവലഞ്ഞൊരുത്തനെ
തല്ലിക്കൊന്നാഹ്ലാദിച്ചത്...
തൊലിപ്പുറത്തെ സൗന്ദര്യമല്ല
മാന്യതയുടെ അടയാളമെന്ന്
മറന്നു പോയവരുണ്ടെങ്കിൽ
കാപാലികർ ഇന്നതു കാട്ടിത്തന്നു
വെളുത്ത തൊലിയും കറുത്ത
മനസ്സുമായവരെക്കൊണ്ടു നിറഞ്ഞു നാട്ടകം ...
കണ്ണട വെച്ചിട്ടും ഇല്ലവർക്കു നേർക്കാഴ്ച്ച
നോവും ഹൃത്തിനെ തൊട്ടറിയാൻ
ഇല്ലവർക്കുൾക്കാഴ്ച്ചയൊട്ടും.
വെളുക്കെച്ചിരിച്ചുന്മത്തരായ് നില്ക്കു-
മവർക്കു പിന്നിൽ നിസ്സഹായനായൊരു ജീവൻ...
മായുന്നില്ലെൻ മനസ്സിൽ നിന്നുമാ
ചിത്രമെത്ര ദയനീയം...
കൂട്ടം കൂടിയാപ്പാവത്തെ തച്ചു കൊന്നാ
രക്തം കുടിച്ചിട്ടാടിത്തിമർപ്പവർ
ഇതോ പ്രബുദ്ധകേരള,മിതോ
കൈരളീ നിൻ സുന്ദര സമത്വം?
ലജ്ജിയ്ക്കുന്നു ഞാനിന്നീ പിശാചുക്കൾ 

പിറന്നതിവിടെയെന്നോർത്ത്,
പ്രാണൻ പിടഞ്ഞു മരിച്ചൊരാ ജീവനെ
യോർത്തു വീഴ്ത്തട്ടെ ഒരിറ്റു കണ്ണീർ !
പശിയടക്കാനാവാതെ കുഞ്ഞുങ്ങൾ
മരിച്ചുവീഴുമീ മണ്ണിൽ
കൈ കെട്ടി മൗനമാചരിയ്ക്കും നമുക്ക്
നല്കില്ല കാലമൊരിയ്ക്കലും മാപ്പ്!Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്