നേഴ്സറി കുട്ടികൾ

കൂടുതൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും ജീവിതസാഹചര്യങ്ങൾ മൂലം അധികം പഠിക്കാൻ കഴിയാതെ പോയ മാതാപിതാക്കളുടെ   ആഗ്രഹമായിരുന്നു മക്കൾക്ക് എറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നത്. അടുത്തു തന്നെ ഒരു സ്കൂൾ ഉണ്ടായിരുന്നുവെങ്കിലും പട്ടണത്തിൽ സിസ്റ്റർമാർ നടത്തുന്ന കോൺവെന്റ് സ്കൂളിലായിരുന്നു ഞങ്ങളെ ചേർത്തത്.  പ്രസന്റേഷൻ സിസ്റ്റർമാർ ആ സ്കൂൾ തുടങ്ങി ഏറെക്കാലമാവുന്നതിനു മുൻപ് തന്നെ ഏടത്തി അവിടത്തെ വിദ്യാർത്ഥിനിയായതോടെ സ്വാഭാവികമായും അനിയത്തിമാരായ ഞങ്ങളെയും  അവിടെ തന്നെ ചേർത്തു.

അന്ന് അത്രയൊക്കെ പൈസ ചിലവാക്കി ഞങ്ങളെ അവിടെ പഠിപ്പിയ്ക്കുന്നത് പലർക്കും അത്ര സ്വീകാര്യമായിരുന്നില്ല എന്ന് പിന്നീട് എനിയ്ക്ക് തോന്നിയിട്ടുണ്ട്. സ്കൂൾ ഫീസ്, യൂണിഫോമിനും പുസ്തകങ്ങൾക്കുമുള്ള ചിലവുകൾ, പോയ് വരാനുള്ള ചിലവ് വേറെ എന്നിങ്ങനെ എടുത്താൽ പൊന്താത്ത ഭാരം തലയിൽ കയറ്റിയതിനോളം അബദ്ധം വേറൊന്നുമില്ല എന്ന രീതിയിൽ തെളിഞ്ഞും മറഞ്ഞും  അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്ന് പിന്നീടെപ്പോഴോ യാദൃശ്ചികമായി ഞാൻ മനസ്സിലാക്കുകയുണ്ടായി. പെൺകുട്ടികളെ ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നതിലും വലിയ മണ്ടത്തരം വേറെ എന്തുണ്ട് എന്ന ചിന്ത അക്കാലത്ത് അത്ര വിരളമായിരുന്നില്ല എന്ന് തോന്നുന്നു. അതിനാൽ ആ അറിവ് എന്നെ ഇത്തിരി നിരാശപ്പെടുത്തിയെങ്കിലും ആശ്ചര്യപ്പെടുത്തിയില്ല.

എന്തായാലും എത്ര കഷ്ടപ്പെട്ടാലും അവരാൽ കഴിയുന്നത്ര നല്ല വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണമെന്ന് തീരുമാനിച്ചുറച്ച അച്ഛനുമമ്മയും അതിലൊന്നും കുലുങ്ങിയില്ല. ഞങ്ങൾ അവിടെ തന്നെ പഠിച്ചു. ഏടത്തിമാർ കലയിലും സാഹിത്യത്തിലുമൊക്കെ (പഠിപ്പിലും) കഴിവു തെളിയിച്ച് മിടുക്കികളായി വളർന്നു. ഞാനവരുടെ നിഴലുപറ്റിയങ്ങനെ കഴിഞ്ഞു. ഏടത്തി സ്കൂൾ കഴിഞ്ഞ് കോളേജിലേയ്ക്ക് ചേക്കേറി. ഞങ്ങൾ ബാക്കി രണ്ടാളും എന്നത്തേയും പോലെ സ്കൂളിൽ പോയ് വന്നു.

(ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാണ് ഇനി പറയുന്ന സംഭവം നടക്കുന്നതെന്ന് തോന്നുന്നു)

വൈകുന്നേരം സ്കൂൾ വിട്ട് ഞങ്ങൾ ബസ്സിറങ്ങി ഇല്ലത്തേയ്ക്ക് നടക്കുന്ന സമയത്താവും മിക്കവാറും അടുത്തുള്ള യുപി സ്കൂളിലെ കുട്ടികൾ സ്കൂൾ വിട്ട് തങ്ങളുടെ വീടുകളിലേയ്ക്ക് മടങ്ങുന്നത്. സ്കൂൾ വിട്ട് അവർ കൂട്ടത്തോടെ ഓടി വരുന്നത് ഒരു നല്ല കാഴ്ച്ചയായിരുന്നു. അവരുടെ വേഷം മിക്കവാറും അന്നത്തെ നാട്ടിൻപുറങ്ങളിലെ കുട്ടികളുടെ സ്ഥിരം വേഷം തന്നെയാണ്. മുസ്ലീം കുട്ടികൾ മിക്കവാറും മുറിക്കൈയ്യൻ ഷർട്ടും കുഞ്ഞുമുണ്ടുമുടുത്ത് തലയിൽ തൊപ്പിയുമൊക്കെയിട്ടാവും. അവരിൽ ചിലർ മുണ്ടൊക്കെ മടക്കിക്കുത്തി മുതിർന്നവരെ പോലെ വലിയ ആളായി നടന്നകലുന്നത് ചെറുതല്ലാത്ത കൗതുകം എന്നിൽ നിറച്ചിരുന്നു. മുറിക്കയ്യൻ ഷർട്ടും ട്രൗസറും ചിലപ്പോൾ കഴുത്തിലൊരു കറുത്ത ചരടും ലോക്കറ്റുമൊക്കെയാണ് മിക്കവാറും മറ്റു കുട്ടികളുടെ വേഷം. എല്ലാവരുടെ കൈയ്യിലും ഒരു പുസ്തകക്കെട്ടോ തോളിൽ ഒരു ബാഗോ ഉണ്ടാവും.

ഭംഗിയേറുന്ന ജംമ്പറും അരപ്പാവാടയുമിട്ട് ഒരു കൈയ്യിൽ പുസ്തകവും മറുകൈ കൊണ്ട് തലയിലെ മക്കനയും വലിച്ചിട്ട് നേരയാക്കിക്കൊണ്ടു ഓടുന്ന മുസ്ലീം പെൺകുട്ടികളും വിവിധ നിറമുള്ള ഉടുപ്പുകളും പല വിധത്തിൽ മുടി കെട്ടിയും കെട്ടാതെയും മാറോടണച്ചുപിടിച്ച പുസ്തകങ്ങളുമായി മറ്റുപെൺകുട്ടികളും  സഹർഷം നടന്നും ഓടിയും വീടുകളിലേയ്ക്ക് പോകുന്ന ദൃശ്യം ഇപ്പോഴും നിറം മങ്ങാതെ മനസ്സിലുണ്ട്. തികച്ചും വർണ്ണാഭമായ, ജീവൻ തുളുമ്പുന്ന കാഴ്ച്ച. അവർ സ്കൂൾ വിട്ട് ഓടി വരുന്ന കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ ഒരു വർണ്ണ വസന്തം നിറയും.

കുട്ടികളുടെ ഇടയിൽ തന്നെ വീട്ടിലേയ്ക്ക്  മടങ്ങുന്ന അദ്ധ്യാപകരും ഉണ്ടാവും. സരള ടീച്ചർ, രാജമ്മ ടീച്ചർ, ഷൈനി ടീച്ചർ, ഇന്ദിര ടീച്ചർ, ത്രേസ്യാമ്മ ടീച്ചർ, ജമീല ടീച്ചർ തുടങ്ങിയ അദ്ധ്യാപികമാരും സത്യൻ മാഷ്, ചിത്രൻ മാഷ് തുങ്ങിയ അദ്ധ്യാപകന്മാരും മിക്കവാറും കുട്ടികളുടെ കൂട്ടത്തിൽ തന്നെ ഉണ്ടാവാറുണ്ട്. ഞങ്ങളെ പഠിപ്പിച്ചിട്ടില്ലെങ്കിലും സ്വന്തം അദ്ധ്യാപകരോടെന്ന പോലെ ആദരവോടു കൂടിയേ അവരെ ഞങ്ങൾ കണ്ടിട്ടുള്ളു. വല്യച്ഛനും അദ്ദേഹത്തിന്റെ മകനും (ബാബു ഏട്ടൻ) അവരുടെ സഹഅദ്ധ്യാപകരായതിനാൽ മിക്കവാറും എല്ലാ ടീച്ചർമാർക്കും ഞങ്ങളെ അറിയാം. ഞങ്ങൾക്ക് അവരേയും. അതിനാൽ തന്നെ കാണുമ്പോൾ എത്ര തിരക്കിലാണെങ്കിലും പരസ്പരം ഒന്ന് പുഞ്ചിരിക്കുകയോ തലയൊന്ന് കുലുക്കി കണ്ടുവെന്ന് നടിയ്ക്കുകയോ ചെയ്യാതെ കടന്നു ഞങ്ങൾ പോകാറില്ലായിരുന്നു. ചിലപ്പോൾ ചില കുശലാന്വേഷണങ്ങളും ഉണ്ടാവും.  അപൂർവ്വം ചിലപ്പോൾ ചെറിയ കുട്ടികളെ വിട്ടിലേയ്ക്ക് കൊണ്ടു പോകുന്ന മാതാപിതാക്കളിലും ചില പരിചിത മുഖങ്ങൾ കാണാറുണ്ട്. അവരെ കൂടാതെ ചിലപ്പോൾ ബന്ധുക്കളോ  പരിചയക്കാരോ  ഒക്കെ ഇക്കൂട്ടത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ ഉണ്ടാവും. അങ്ങനെ ബസ് സ്റ്റോപ്പിൽ നിന്നും ഇല്ലത്തേയ്ക്കുള്ള നടത്തം ഒരിക്കലും മുഷിയാത്ത അനുഭവമായിരുന്നു.

കൊല്ലങ്ങളായി തുടർന്നു വന്ന ഈ നടത്തിനിടയിലാണ് ഒരു ദിവസം 'നഴ്സറി കുട്ട്യേ' എന്നൊരു വിളി വന്നത്. ഇതാരാണാവോ എന്ന് കരുതി ചുറ്റുമൊന്ന് നോക്കിയെങ്കിലും ഒരു കൂട്ടം കുട്ടികളുടെ കളിയാക്കി ചിരികളല്ലാതെ ആരാണ് വിളിച്ചതെന്ന് മനസ്സിലായില്ല. പ്രത്യേകിച്ചൊന്നും പറയാതെ ഞങ്ങൾ നടന്നു. പിന്നീടത് സ്ഥിരമായി. ഞങ്ങളെ കണ്ടാൽ അവിടുന്നുമിവിടുന്നും 'നഴ്സറി കുട്ട്യേ' എന്ന വിളികൾ കൂടുതൽ ഉച്ചത്തിലും തവണകളിലും ആവർത്തിക്കപ്പെട്ടു. ടീച്ചർമ്മാരോ മറ്റു മുതിർന്നവരോ അടുത്ത് ഇല്ലാത്ത സന്ദർഭങ്ങളിലാണ് ഈ വിളി ശക്തിയാർജ്ജിച്ചിരുന്നത് എന്ന് പറയേണ്ടതില്ലല്ലോ. എന്നിട്ടും ഒന്നു രണ്ടു തവണ ടീച്ചർമാരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ അവർ 'അരുത്' എന്ന് വിലക്കിയിരുന്നു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് വഴിയിലുടനീളമെന്നോണം ആ വിളി ഞങ്ങളെ പിന്തുടർന്നു. ഒന്നു രണ്ടു തവണ വിളിക്കാരെ പിടി കിട്ടിയപ്പോൾ ഞങ്ങൾ നഴ്സറി കുട്ടികളല്ല എന്ന് പറഞ്ഞുവെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. അത് അനസ്യൂതം തുടർന്നു. ഒമ്പതിലും പത്തിലും പഠിക്കുന്ന ഞങ്ങളെ നാലിലും അഞ്ചിലും പഠിക്കുന്ന പീക്കിരി പിള്ളേർ നേഴ്സറി കുട്ട്യേ എന്ന് വിളിക്കുന്നത് വല്ലാത്തൊരു തരം താഴ്ത്തലായി തോന്നി. ഞങ്ങളെ സംബന്ധിച്ചിടത്തോളം നേഴ്‌സറി എന്നാൽ എൽക്കെജി, യുക്കേജികളായിരുന്നുവല്ലോ. അപ്പോൾ ആ വിളി ഞങ്ങളെ അസ്വസ്ഥരാക്കിയതിൽ ആശ്ചര്യമില്ല...

ഒരു പക്ഷേ അവരിൽ നിന്നും വ്യത്യസ്തമായ വേഷം - ഞങ്ങളുടെ സ്കൂൾ യൂണിഫോം - ആയിരിക്കും അവരെ ഞങ്ങളെ അങ്ങനെ വിളിക്കാൻ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു. വെള്ള ഷർട്ടും നീല സ്കേർട്ടും കറുത്ത ഷൂസും വെള്ള സോക്സും നീല ടൈയുമായിരുന്നു ഞങ്ങളുടെ വേഷം. (വെള്ളിയഴ്ച്ചകളിൽ പാവാടയും ഷൂസുമടക്കം എല്ലാം വെള്ള നിറമാണ്. അന്ന് പക്ഷേ അവർക്ക് അവധിയായതിനാൽ ഞങ്ങളെ അവർ ആ വേഷത്തിൽ കണ്ടിരിയ്ക്കാൻ സാദ്ധ്യതയില്ല) വേഷവിധാനത്തിലെ ഈ വ്യത്യാസമായിരിക്കാം അവരെ ഇത്തരമൊരു പേരു വിളിക്കാൻ പ്രേരിപ്പിച്ചത്. നേഴ്സറി എന്നത് കൊണ്ട് നേഴ്സറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എന്നൊന്നും അവർ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. 'നേഴ്സറി' എന്നത് ഞങ്ങളുടെ സ്കൂളിനെ പൊതുവെ പറയുന്നതാവും. ഞങ്ങളുടെ വ്യത്യസ്ത വേഷം കണ്ടപ്പോൾ ഏതോ ഒരു രസികനോ രസികത്തിയ്ക്കോ തോന്നിയ ഒരു നേരമ്പോക്ക് - ഇന്ന് ചിന്തിക്കുമ്പോൾ അത്രയേ ഉള്ളു. അന്ന് പക്ഷേ ഒരല്പം അപമാനകരമായാണത് തോന്നിയത്.

എന്തായാലും നേഴ്സറിക്കുട്ടി വിളി ഉയരുമ്പോൾ ചിലപ്പോൾ കണ്ണുരുട്ടി കാണിച്ചും മാഷോട് പറയും എന്നൊക്കെ പറഞ്ഞും ചിലപ്പോൾ എന്താ എന്ന് വിളികേട്ടും (അതിലവർ അമ്പരന്നു പോയി) ഞങ്ങൾ ഓരോ ദിവസവും പിന്നിട്ടു. ദീപേടത്തിയ്ക്ക് സ്കൂൾ കഴിഞ്ഞ് സ്പെഷ്യൽ ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ തനിയെ തിരിച്ചു വരുന്നതിന് പകരം കൂട്ടുകാരൊത്ത് കളിച്ചും മറ്റും ഞാനും തിരിച്ചു വരവ് വൈകിയ്ക്കും. ബസ്സ് കൂലി മിക്കവാറും ദീപേടത്തിയുടെ പക്കലാവും എന്നതു കൊണ്ട് മാത്രമല്ല, പിള്ളേരുടെ നേഴ്സറി കുട്ട്യേ വിളി കേൾക്കുകയും വേണ്ട. കൂട്ടുകാരൊത്ത് സമയം ചിലവിടാൻ കിട്ടുന്നത് ബോണസ്സും :)

ബസ്സിറങ്ങി  ഞങ്ങളുടെ നടത്തവും ഈ വിളികളും കുറച്ചു കാലം തുടർന്നു. പിന്നെപ്പിന്നെ ഞങ്ങളതിനെ അവഗണിക്കുകയോ പുഞ്ചിരിയോടെ സ്വീകരിക്കുകയോ ചെയ്തപ്പോൾ ക്രമേണ അവർക്കതിൽ കൗതുകമില്ലാതാവുകയും നേഴ്സറി കുട്ടിയെന്ന വിളി വിരളമാവുകയും ചെയ്തു. അടുത്ത കൊല്ലം ഞാനൊറ്റയ്ക്ക് ബസ്സിറങ്ങി നടക്കുമ്പോഴേയ്ക്കും അത് പൂർണ്ണമായും നിലച്ചുവെന്ന് തോന്നുന്നു. അല്ലെങ്കിൽ അപ്പോഴേയ്ക്കും അതിനത്ര ഗൗരവം നല്കേണ്ടതില്ലെന്ന തിരിച്ചറിവ് ഞാൻ നേടിയിട്ടുണ്ടായിരിക്കാം. അതെനിക്കറിയില്ല...

ഇന്നാലോചിക്കുമ്പോൾ ഒക്കെ ഒരു തമാശയായി തോന്നുന്നു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കാനോ ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാനോ ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു അന്നും ഞാൻ. ഒരു പക്ഷേ അതുകൊണ്ടു കൂടിയാവാം അന്നത്തെ നേഴ്സറി കുട്ടി വിളി എന്നെ അസ്വസ്ഥയാക്കിയത്. തങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷവിധാനത്തിൽ ഞങ്ങളെ കണ്ടപ്പോൾ തോന്നിയ ഒരു കുസൃതിയാവും ആ വിളിയ്ക്ക് പിന്നിൽ എന്നും വെറും ഒരു നേരമ്പോക്ക് മാത്രമായിരുന്നു അതിന്റെ  ഉദ്ദേശമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്തായാലും കാലം ഏറെ മാറി. എന്റെ നാടും കുറേ മാറി. ഇപ്പോൾ ആ വഴിയിലൂടെ നടന്നു പോയാൽ എന്നെ തിരിച്ചറിയുന്നവർ വിരളമാവും. അന്നത്തെ കുരുന്നുകൾ പലരും ലോകത്തിന്റെ പല ഭാഗത്തുമാവുമിപ്പോൾ. ഇന്ന് അവരുടെ മക്കളെ യൂണിഫോമൊക്കെ ഇടുവിച്ച് നന്നായി ഒരുക്കി സ്നേഹപൂർവ്വം  സ്കൂളിൽ പറഞ്ഞു വിടുമ്പോൾ അവരിലാരും അന്നത്തെ ആ നേഴ്സറി കുട്ടികളെ ഓർക്കുന്നു പോലുമുണ്ടാവില്ല. എന്റെ ഓർമ്മകളിൽ പക്ഷേ അവരുണ്ട് - മുഖങ്ങളൊന്നും വ്യക്തമല്ലെങ്കിലും ബാല്യത്തിന്റെ മാധുര്യം എന്നിൽ വിതറിക്കൊണ്ട് ഒട്ടും മങ്ങാത്ത ഓർമ്മയായി...

Comments

© Mubi said…
ഇതുപോലയുള്ള വിളികൾ ഞാനും കേട്ടിട്ടുണ്ട്. അടുത്തുള്ള യുപി സ്കൂളിന് പകരം എന്നെ ചേർത്തതു ഷൊർണ്ണൂർ ഉള്ള convent ലാണ്. അനിയൻ പഠിച്ചത് പെരിന്തൽമണ്ണയിലും. ഈ പോസ്റ്റ് എന്നോട് ചേർന്നു നിൽക്കുന്നു നിഷാ...
സ്‌കൂൾ കുറിപ്പ് അസ്സലായി

Popular posts from this blog

സൗഹൃദം

സ്നേഹം

കൊഴിയുന്ന പൂക്കള്‍....