ഓര്‍മകളുടെ അറകള്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍ തള്ളിത്തിരക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോളിങ്ങനെ ഓര്‍മ്മകള്‍ അലയടിയ്ക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും തോന്നുന്നില്ല. പ്രവാസം എന്ന പലരും പറഞ്ഞും അവരുടെ വാക്കുകളിലൂടെയും വരികളിലൂടെയും അറിഞ്ഞ ഒരു പ്രതിഭാസം അനുഭവിച്ചറിയുന്നതു കൊണ്ടാണോ ഗൃഹാതുരതയുടെ മുഖംമൂടിയണിഞ്ഞു ഈ ഓര്‍മ്മകള്‍ എന്നെ അലോസരപ്പെടുത്തുന്നത്? അതോ എന്നുമെന്നും എവിടെപ്പോയാലും മനസ്സിന്‍റെയുള്ളിലെ പച്ചത്തുരുത്തായി, ജീവന്‍റെ അംശമായി ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്ന ജന്മഗൃഹത്തിന്റെ മോഹിപ്പിയ്ക്കുന്ന അകത്തളങ്ങളോ? അറിയില്ല...

ഓര്‍മ്മകള്‍ പിന്നോട്ട് പായുമ്പോള്‍ കാണുന്നത് ഒരു സാദാ നമ്പൂതിരി ഗൃഹമാണ് - എട്ടുകെട്ടുകളുടെ പ്രൌഢിയോ ഗംഭീരമായ നാലുകെട്ടിന്‍റെ തലയെടുപ്പോ വലുപ്പമോ ഒന്നും ഇല്ലാത്ത ഒരു സാധാരണ ഇല്ലം. മണ്ണെണ്ണ വിളക്കിന്റെയും കമ്പിറാന്തലിന്റെയും നരച്ച വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന ബാല്യം. ചാണകം മെഴുകിയ നിലങ്ങളും നരിച്ചീറുകള്‍ തൂങ്ങിയാടുന്ന തട്ടുകളും പെരുച്ചാഴി, ചേര, പാമ്പ് തുടങ്ങിയ ജീവികള്‍ യഥേഷ്ടം വിഹരിച്ചിരുന്ന അകത്തളങ്ങളും കാലമിത്ര കഴിഞ്ഞിട്ടും ഓര്‍മയില്‍ ഉണ്ട്.
പഴയ ഇല്ലങ്ങളില്‍ എല്ലാമുള്ള പോലെ ഒരു 'അറ' അവിടെയും ഉണ്ട്. വടക്കേക്കെട്ടിന്റെ ഭാഗമായി, കാറ്റും വെളിച്ചവും അധികം കയറാത്ത, ഇരുട്ടിന്‍റെ കൂട്ടിഷ്ടമുള്ള ഒരറ. ഞാന്‍ പിറന്നു വീണതവിടെയാണ്. ഇല്ലത്ത് എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഭാഗവും അതാണ്! ഒരുപക്ഷേ അമ്മയില്‍ നിന്നും കേട്ടറിഞ്ഞ, അമ്മയുടെ ഗര്‍ഭകാലങ്ങളുടെ കഷ്ടതയും പ്രസവത്തിന്‍റെ നോവുകളും അച്ഛനമ്മമാര്‍ക്ക് നഷ്ടമായ ഒരു കുഞ്ഞു ജീവിതത്തിന്‍റെ ഓര്‍മ്മയുമൊക്കെ ആ ചുമരുകള്‍ക്കിടയില്‍ കുരുങ്ങിക്കിടപ്പുള്ളതു കൊണ്ടാവാം ആ അറ എന്നെ ഇപ്പോഴും വീര്‍പ്പുമുട്ടിയ്ക്കുന്നത്.
കുറച്ചു കാലം മുത്തശ്ശി അവിടെയാണ് കിടന്നിരുന്നത് എന്ന് തോന്നുന്നു - അതും ആ അറയെ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു കാരണമായോ? അറിയില്ല. മുത്തശ്ശിയുടെ മുഖമോ സ്വരമോ ഒന്നും ഓര്‍മ്മയില്ല. എനിക്ക് അഞ്ചാറു വയസ്സുള്ളപ്പോള്‍ എന്നെ അവര്‍ക്ക് ഇഷ്ടമല്ല എന്നൊരു തോന്നല്‍ മാത്രം എന്നന്നേയ്ക്കും ഓര്‍ക്കാന്‍ ബാക്കിയാക്കിയാണ് അവര്‍ പോയത്. ഒരിക്കല്‍ പോലും ലാളിച്ചതായോ സ്നേഹിച്ചതായോ ഉള്ള ഓര്‍മയില്ല. പ്രായവും വയ്യായ്കയുമൊക്കെ തളര്‍ത്തിയാല്‍ ഒരുപക്ഷേ ആരും അങ്ങനെയാവുമായിരിക്കും. അന്നത്തെ ഒരു യാഥാസ്ഥിതിക അന്തര്‍ജ്ജനത്തെ ഇന്നത്തെ അളവുകോല്‍ വെച്ച് നോക്കുന്നത് ശരിയല്ലല്ലോ. എന്നാലും എന്നോട് ഒരനിഷ്ടമാണ് ആ മനസ്സില്‍ മുഴച്ചു നിന്നിരുന്നതെന്ന് തോന്നുന്നു - അത്യാവശ്യം വികൃതിയും കുരുത്തക്കേടും കൈമുതലായുണ്ടായിരുന്നതിനാല്‍ ഞാന്‍ തന്നെയാവാം അതിനു കാരണക്കാരി എന്നും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു.
പടിഞ്ഞാറ്റിയുടെ മുകളില്‍ വടക്കേ അറയില്‍ ഏടത്തിമാരുമൊത്ത് ഉറക്കം. നിലത്ത് കോസറി വിരിച്ചാല്‍ തുടങ്ങും ഞാന്‍ - എന്‍റെ കോസറി തൊടരുത്, എന്‍റെ അടുത്തേയ്ക്ക് വരരുത് എന്നൊക്കെ... കിഴക്കോട്ട് തലവെച്ചു കിടന്നയാള്‍ ചിലപ്പോള്‍ പടിഞ്ഞാട്ടു തലയായാവും രാവിലെ കണ്ണു തുറക്കുക. അല്ലെങ്കില്‍ അപ്പുറത്ത് ഏടത്തിയുടെ കോസറിയില്‍ എത്തിയിട്ടുണ്ടാവും. പല ദിവസങ്ങളിലും കിടക്കയില്‍ മൂത്രമൊഴിക്കുക എന്ന ലജ്ജാകരമായ കര്‍മ്മവും നടന്നിരിക്കും. പിന്നെ കോസറി ഉണങ്ങാന്‍ വെയിലത്തിടുക, വിരിപ്പും പുതപ്പും തിരുമ്പുക എന്ന ഭാരിച്ച ജോലികള്‍... ഇല്ലത്ത് അതിഥികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കോസറി അവര്‍ക്ക് കൊടുക്കേണ്ടി വരും. അപ്പോള്‍ പായയിലാണ് കിടപ്പ്. രണ്ടുപേരും ഒരേ പായില്‍ കിടക്കേണ്ടി വരുമ്പോള്‍ പുതപ്പിനാണ് അടികൂടുക. പുതപ്പ് അങ്ങോട്ട് വലിയ്ക്കലും ഇങ്ങോട്ട് വലിയ്ക്കലും ഒക്കെയാണ് രാത്രിയിലെ കലാപരിപാടികള്‍. മൂത്ത ഏടത്തി കോളേജ് ഹോസ്റ്റലിലേയ്ക്ക് പോകുന്ന വരെ കുഞ്ഞേടത്തിയും ഞാനും ഇങ്ങനെ അടി കൂടിക്കൊണ്ടിരുന്നു - തുടക്കം എപ്പോഴും എന്‍റെ വകയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
എന്നും രാവിലെ എഴുന്നേല്‍ക്കാന്‍ മടിയാണ്. ഏടത്തിമാരും അമ്മയും തോല്‍ക്കുന്നിടത്ത് അച്ഛന്റെ ഒരു വിളി മാത്രം മതി ചാടിയെണീറ്റ് കോസറി മടക്കി വെച്ച് അന്നത്തെ ദിവസം ആരംഭിയ്ക്കാന്‍. കുട്ടിക്കാലത്തെ പല പ്രഭാതങ്ങളും തുടങ്ങിയിരുന്നത് ഇങ്ങനെയായിരുന്നു. അല്പം മുതിര്‍ന്നപ്പോള്‍ സ്ഥിതി അല്പം മെച്ചമായെങ്കിലും രാവിലെ ഉണര്‍ന്ന് പാതി മയക്കത്തില്‍ ദിവാസ്വപ്നം കണ്ടു കിടക്കുന്നത് എനിക്കെന്നും ഇഷ്ടമായിരുന്നു...
അമ്മമ്മയില്‍ നിന്നുമാണോ അച്ഛന്‍പെങ്ങളില്‍ നിന്നുമാണോ എന്നറിയില്ല, ഓര്‍മ്മ വെച്ച കാലം മുതലേ നല്ല ഉള്ളുള്ള മുടിയുണ്ടായിരുന്നു. മുടിയുടെ ഭംഗി കാരണം എന്‍റെ തല മാത്രം മൊട്ടയടിച്ചിട്ടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും സ്കൂള്‍ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ മുടി ഒരു വലിയ ഭാരമായിരുന്നു. തന്നത്താന്‍ പിന്നിക്കെട്ടാന്‍ അറിയില്ല. അമ്മയ്ക്ക് എപ്പഴും തിരക്ക് - രാവിലെ തന്നെ എല്ലാം ഒരുക്കേണ്ടതുണ്ട്; അച്ഛന് തേവാരത്തിനുള്ള കാര്യങ്ങള്‍ ഒരുക്കുക, പശു, പണിക്കാര്‍, എന്നിങ്ങനെ നൂറുകൂട്ടം പണികള്‍ക്കിടയില്‍ എന്‍റെ ചികുരഭാരം ഒരു വലിയ ഭാരം തന്നെയായിരുന്നു. ഒന്ന് കെട്ടിത്തരുമോ എന്ന് പറഞ്ഞ് കുഞ്ഞേടത്തിയുടെ അടുത്ത് ചെന്നാല്‍ എന്‍റെ മുടി കയ്യില്‍ ഒതുങ്ങാത്തതിനുള്ള ചീത്ത കേള്‍ക്കും. ഇത് ഒരു പതിവായപ്പോള്‍ ഒരു ദിവസം ഞാന്‍ ശപിച്ചു: കുഞ്ഞേടത്തിയ്ക്ക് ഒരു മകളാണുണ്ടാവുകയെന്നും അവള്‍ക്ക് എന്നെക്കാള്‍ ഇരട്ടി മുടി ഉണ്ടാവുമെന്നും അന്ന് എന്നെ ചീത്ത പറഞ്ഞതിന് പശ്ചാത്തപിക്കുമെന്നും.. (എന്തായാലും മനസ്സറിഞ്ഞു ശപിച്ച ആ ശാപം ഫലിച്ചതേയില്ല എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ!) ഒടുവില്‍ അഞ്ചിലോ ആറിലോ പഠിയ്ക്കുമ്പോഴാണ് സ്വയം തലമുടി പിന്നി, മടക്കിക്കെട്ടാന്‍ വശമായത്. അതോടെ രാവിലെത്തെ ബഹളം ഒന്ന് കുറഞ്ഞു.
പ്രാതല്‍ മിക്കപ്പോഴും ദോശയാണ്. അത് കഴിഞ്ഞാല്‍ അഷ്ടചൂര്‍ണ്ണത്തിന്‍റെ ഒരു ഉരുള പതിവായിരുന്നു. പ്രായത്തിനനുസരിച്ച് ഉരുളയുടെ വലുപ്പവും വ്യത്യസ്തമായിരിക്കും. വല്യേടത്തിക്ക് വലിയ ഉരുള, കുഞ്ഞേടത്തിയ്ക്ക് അതിലും ചെറിയ ഉരുള. എനിക്ക് ഏറ്റവും ചെറുത്. അവര്‍ക്ക് അഷ്ടചൂര്‍ണ്ണത്തിന്‍റെ സ്വാദ് ഇഷ്ടമല്ലാത്തതിനാല്‍ വലിയ ഉരുളകളോട് പരിഭവം. എനിക്ക് ആ സ്വാദ് ഏറെ ഇഷ്ടമായതിനാല്‍ ചെറിയ ഉരുളയോട് പരിഭവം.
ഉച്ചയൂണ് തൂക്കുപാത്രത്തിലാണ് കൊണ്ടു പോയിരുന്നത്. വല്യേടത്തിയ്ക്ക് രണ്ടു തട്ടുള്ള ഒരു ടിഫിന്‍ കാര്യര്‍ ഉണ്ടായിരുന്നു. അതിലെ തട്ടുകളും തട്ടിനെ ബന്ധിപ്പിച്ച കമാനം പോലെയുള്ള ഭാഗവും സ്പൂണും ഒക്കെ ഒരു അതിമോഹമായി മനസ്സില്‍ ഉണ്ടായിരുന്നു. ഒരു തവണയെങ്കിലും അതില്‍ ചോറ് കൊണ്ടുപോവണം എന്ന മോഹം - കാരണം ഞങ്ങള്‍ രണ്ടുപേര്‍ക്കും (കുഞ്ഞേടത്തിയ്ക്കും എനിക്കും) തൂക്കുപാത്രത്തിലാണ് ചോറ്. കുറച്ചു വലുതായപ്പോള്‍ തൂക്കു പാത്രത്തില്‍ ചോറ് കൊണ്ടു പോകുന്നത് കുറച്ചിലായി തോന്നിത്തുടങ്ങി. വട്ടത്തിലുള്ള സ്റ്റീല്‍ ചോറ്റുപാത്രങ്ങള്‍ സഹപാഠികള്‍ക്കിടയില്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. അത് ഞങ്ങളുടെ ബാഗില്‍ സ്ഥലം പിടിയ്ക്കാന്‍ പിന്നെയും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നു തോന്നുന്നു. ഇതിനിടയില്‍ വല്യേടത്തിയുടെ ചോറ്റുപാത്രത്തില്‍ ചോറ് കൊണ്ടുപോകണമെന്ന മോഹസാഫല്യം ദുരന്തത്തിലാണ് കലാശിച്ചത്. അത് നേരാംവണ്ണം അടയ്ക്കാന്‍ പറ്റാതെ പാത്രം തുറന്ന് ചോറ് നിലത്ത് വീണ് പോയതു മൂലം വിശന്നിരിക്കേണ്ടി വന്നിട്ടുണ്ട്. അതോടെ ആ പാത്രത്തിനോടുള്ള കൊതി തീര്‍ന്നു.
സ്കൂള്‍ ഇല്ലാത്ത ദിവസങ്ങള്‍ ആഘോഷമാണ്. കുളത്തില്‍ മണിക്കൂറുകളോളം നീന്തിക്കുളി, തൊടിയില്‍ കറങ്ങി നടത്തം, മേലെല്ലത്ത് പോയി വല്യമ്മ ഉണ്ടാക്കിത്തരുന്ന (മിക്കവാറും ഉണ്ടാക്കിപ്പിക്കുകയാണ് പതിവ്) കാപ്പി കുടിക്കുക, അവിടുത്തെ തൊടിയില്‍ കറങ്ങി നടക്കുക, ചിലപ്പോള്‍ അവിടെ നിന്ന് തന്നെ ഊണു കഴിക്കുക, ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എല്ലാവരും മയങ്ങുമ്പോള്‍ മാവിന്‍ ചുവട്ടില്‍ പോയിരുന്ന് കിനാവു കാണുക, പൂക്കളോടും കിളികളോടും മരങ്ങളോടും സല്ലപിയ്ക്കുക തുടങ്ങിയ വട്ടന്‍ പരിപാടികള്‍ തന്നെ. കുളക്കരയിലിരുന്നു കുളക്കോഴിക്കുടുംബത്തെ നോക്കി രസിച്ചതും പൊന്മയെ കാത്തിരുന്നതും വെള്ളനിറത്തില്‍ മോഹിപ്പിക്കുന്ന രൂപവുമായി കുളത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന മരക്കമ്പില്‍ വന്നിരുന്നിരുന്ന നാകാമോഹന്‍റെ (അന്നതിനെ വലിയ വാലന്‍ കിളി എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്) ഭംഗിയും തുന്നാരന്‍റെ കൂട് കണ്ടു പിടിച്ചപ്പോള്‍ ഉണ്ടായ സന്തോഷവും ഒക്കെ എന്നിലെ പക്ഷിനിരീക്ഷകയുടെ ജനനമായിരുന്നുവോ?
പകല്‍ മുഴുവനും തൊടിയില്‍ കറങ്ങിത്തിരിഞ്ഞ് സങ്കല്പ ലോകത്തെ രാജ്ഞിയായി വാണ് വൈകുന്നേരം അമ്മയുണ്ടാക്കി തരുന്ന പലഹാരവും കാപ്പിയും അകത്താക്കി വീണ്ടും ഒന്ന് കറങ്ങിത്തിരിഞ്ഞ് സന്ധ്യയോടെ കുളികഴിഞ്ഞു വന്ന് അന്തിത്തിരി കൊളുത്തി നാമം ജപിച്ച് ആകാശത്ത് നക്ഷത്രങ്ങളെ നോക്കി നില്‍ക്കും. നടുമുറ്റത്തു നിന്നാല്‍ ആകാശത്ത് അനേകായിരം നക്ഷത്രങ്ങള്‍ കണ്ചിമ്മി നില്‍ക്കുന്നതു കാണാം. അതും കഴിഞ്ഞ് അല്‍പനേരം പഠിച്ച് അത്താഴം കഴിഞ്ഞ് കോസറി വിരിക്കുമ്പോള്‍ ജനലരികില്‍ സ്ഥാനം പിടിയ്ക്കാന്‍ തുടങ്ങി. വല്യേടത്തി കോളേജില്‍ പോയപ്പോള്‍ മുറിയിലെ കട്ടിലിന്മേല്‍ കുഞ്ഞേടത്തി അവകാശം സ്ഥാപിച്ചു. അതിനാല്‍ ജനലരികിലെ ആകാശവിസ്മയം എനിക്ക് സ്വന്തം! (അപ്പോഴേയ്ക്കും കോസറിയുടെ മേല്‍ ആധിപത്യം സ്ഥാപിയ്ക്കുന്നതിനുള്ള അടിയൊക്കെ പഴങ്കഥയായിട്ടുണ്ടായിരുന്നു)
ഇനിയും എത്രെയെത്ര ഓര്‍മ്മകള്‍ എന്നിലേക്ക് കുതിച്ചെത്തുന്നുവെന്നോ!!! ഒരു മഴക്കാലത്ത് തോരാമഴയത്ത് മഴവെള്ളത്തിലും ചളിയിലും കളിച്ചു തിമര്‍ക്കുമ്പോള്‍ മഴയത്ത് നിന്നും കേറിപ്പോരാന്‍ അച്ഛന്‍ പറഞ്ഞത് അനുസരിയ്ക്കാതിരുന്നപ്പോള്‍ അച്ഛന്‍റെ കയ്യില്‍ നിന്നു കിട്ടിയ അടിയുടെ തിണര്‍പ്പ് തുടയില്‍ ഇപ്പഴും എനിക്ക് കാണാം. ടൌണില്‍ നിന്നും അച്ഛന്‍ വരുന്നത് കാത്തിരുന്ന് അച്ഛന്‍റെ ബുള്ളറ്റിന്‍റെ ഒച്ച ദൂരെ നിന്നും കേള്‍ക്കുമ്പോള്‍ പൂമുഖത്തേയ്ക്ക് ഓടി ചെന്ന് 'എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ അച്ഛാ?' എന്ന ചോദ്യത്തിന് 'ഉണ്ടോ?' എന്ന മറുചോദ്യത്തില്‍ ഉണ്ടെന്ന ഉത്തരം ഒളിപ്പിച്ചുവെച്ച വാത്സല്യനിധിയായ അച്ഛന്‍റെ സ്നേഹവും കുട്ടിക്കാലത്തെന്ന പോലെ ഇപ്പോഴും എനിക്കനുഭവിച്ചറിയാം.
തലയില്‍ എണ്ണ തേക്കാതെ, കുളി കഴിഞ്ഞാല്‍ നന്നായി തോര്‍ത്താതെ മുടി വേറെടുത്ത് കെട്ടി വെക്കാതെ, വലിച്ചു വാരി കെട്ടി വെക്കുന്ന വികൃതിപ്പെണ്ണിനെ നോക്കി ആശങ്കപ്പെട്ടിരുന്ന അമ്മയുടെ മുഖത്തിന് അന്നത്തേക്കാള്‍ വ്യക്തത ഇന്നാണോ? പുസ്തക വായന തുടങ്ങിയാല്‍ പരിസരം മറന്നുപോകുന്ന, ടി വിയിലെ ക്രിക്കറ്റ് കളി കാണാന്‍ ഊണും ഉറക്കവും വേണ്ടെന്ന് വെച്ചിരുന്ന കളിപ്രാന്തിയായ ആ പെണ്‍കുട്ടി അമ്മയുടെ മനസ്സിലുണ്ടാക്കിയ ആന്തലുകള്‍ ഇന്നാണ് തെളിഞ്ഞു കാണാന്‍ കഴിയുന്നത്. മരം കയറിയും വെയിലത്തും മഴയത്തും തൊടിയിലലഞ്ഞും നാട് മുഴുവനും സൈക്കിളോടിച്ചും നടന്ന അവള്‍ ഒരു ദിവസം 'അമ്മേ ഞാന്‍ ഒഴിവായി' എന്നു ചെറിയൊരു പരിഭ്രമത്തോടെ വന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ മനസ്സില്‍ നിന്നും ഉയര്‍ന്ന ആശ്വാസത്തിന്‍റെ നെടുവീര്‍പ്പ് ഇന്നാണ് ഞാന്‍ ശരിക്കും കേള്‍ക്കുന്നത്.

ഒരു ടിപ്പിക്കല്‍ 'പെങ്കിടാവാ'യി, സമൂഹം വരച്ച വൃത്തത്തില്‍ ഒതുങ്ങിക്കൂടാന്‍ അച്ഛനുമമ്മയും ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല എന്നതാണ് എന്‍റെ ബാല്യത്തിന്‍റെ ഏറ്റവും വലിയ മാധുര്യം. ഏടത്തിമാരെ പോലെ ഡാന്‍സിലും പാട്ടിലുമൊന്നും (പഠിത്തത്തിലും) മികവു കാണിക്കാതിരുന്നപ്പോഴും അച്ഛനുമമ്മയും പറഞ്ഞിട്ടില്ല ഏടത്തിമാരെ കണ്ടു പഠിക്കൂ, അവരെപ്പോലെയാവൂ എന്ന്... ഞാനെന്ന പൂമ്പാറ്റയെ അവര്‍ പറക്കാന്‍ അനുവദിച്ചു - എനിക്ക് പറന്നെത്താവുന്നിടത്തെല്ലാം ഞാന്‍ പറന്നെത്തി - ഇപ്പോള്‍ കൂട്ടുകാരന്‍റെ ചിരകേറി ഇവിടെയും... എന്നെ പറക്കാനയച്ചപ്പോള്‍ അവര്‍ക്കറിയുമായിരുന്നിരിക്കണം എവിടെപ്പോയാലും എത്ര പറന്നാലും ചിറകു തളരുമ്പോള്‍ തിരിച്ച് ഞാനെത്തുക അവിടെ തന്നെയായിരിക്കുമെന്ന്. എവിടെപ്പോയാലും എന്‍റെ ഉള്ളില്‍ മങ്ങാതെ എന്‍റെ ബാല്യവും ഇല്ലവും ആ കാലവും ഉണ്ടാവുമെന്ന് എന്നെക്കാള്‍ നന്നായി അവരറിഞ്ഞിട്ടുണ്ടാവും. അത് കൊണ്ടാണല്ലോ ഇന്നത്തെ മഴയില്‍ നടുമുറ്റത്ത് വെള്ളം നിറഞ്ഞപ്പോള്‍ ഇവിടെയിരുന്ന് എന്‍റെ മനസ്സ് കുളിരണിയുന്നത് അവരെ അദ്ഭുതപ്പെടുത്താതത്...

Comments