എണ്ണമറ്റ ചോദ്യങ്ങള്‍


രക്തത്തിന് കടുപ്പം വെള്ളത്തെക്കാള്‍ ഏറുമത്രേ
പിന്നെന്തേ രക്തബന്ധങ്ങള്‍ വെള്ളം പോലെയൊലിച്ചു പോയ്‌?

സത്യത്തിന് തിളക്കം  പൊന്നിനെക്കാള്‍ കൂടുമത്രേ
പിന്നെന്തേ നിത്യസത്യങ്ങള്‍ നിറം മങ്ങിയില്ലാതാവുന്നു?

പാരമ്പര്യത്തേക്കാള്‍ വലിയ സ്വത്തില്ലന്നത്രേ
പിന്നെന്തേ നല്ല പാരമ്പര്യങ്ങളൊന്നും കാത്തു സൂക്ഷിക്കാത്തൂ ?

സ്ത്രീയാണ് വീടിന്റെ വിളക്കെന്നുദ്ഘോഷിക്കുന്നത്രേ
പിന്നെന്തേ പെണ്ണ് പിറന്നാല്‍ മനസ്സിലിരുട്ടു കയറുന്നു?

സ്നേഹമാണഖില സാരമൂഴിയില്‍ എന്നത്രേ പ്രമാണം
പിന്നെന്തേ പണത്തിനു മീതെ പരുന്തും പറക്കാത്തൂ?

കുട്ടികള്‍ ദൈവത്തിന്‍ പ്രതിരൂപമാണെന്നത്രേ
പിന്നെന്തേ അവരെ കശക്കിയെറിയുന്നു ചിലര്‍ ?

ബാല്യകാല സഖ്യത്തിനേറും മധുരൊമായിരം മടങ്ങത്രേ
പിന്നെന്തേ പഴയ കൂട്ടുകാരിന്നു ശത്രുക്കളായി?

എന്നുമെന്റെ കൂടെയുണ്ടാവുമെന്നോതിയത് നീയത്രേ
പിന്നെന്തേ ഇന്നെന്നെ എകാകിനിയാക്കി നീ നടന്നകന്നൂ?

ഒന്നുമാശിക്കരുതെന്നു ഞാനെന്‍ മനസ്സിനെ പഠിപ്പിച്ചതത്രേ,
പിന്നെന്തേ ഇന്നറിയാതൊരാശാഭംഗമെന്നെ തളര്‍ത്തിടുന്നു?

ചോദ്യങ്ങളിങ്ങനെ ഇനിയുമിനിയുമനസ്സില്‍ പൊട്ടിവിടരുന്നതെത്ര
എന്നിട്ടുമെന്തേ ഉത്തരങ്ങള്‍ ഒരിക്കല്‍ പോലും പിടി തരാത്തൂ?


Comments

 1. വെറുതെ ഈ ചോദ്യങ്ങള്‍ എന്നറിയുമ്പോഴും വെറുതെ ചോദിക്കുവാന്‍ മോഹം.... അല്ലെ നിഷേച്ചി ??? ഉത്തരങ്ങള്‍ ഇല്ലെങ്കിലും.....

  ReplyDelete
 2. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇല്ല..കണ്ടുപിടിക്കണം എല്ലാം (ബസ്സില്‍ കിട്ടുന്ന എന്തുകൊണ്ട് എന്ന പുസ്തകം നോക്കാം :)

  ReplyDelete
 3. ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍...
  "അതങ്ങനെയാണ്" എന്ന് എല്ലാവരും പറയും, അല്ലെ?

  ReplyDelete
 4. ഉത്തരമുണ്ട്, എല്ലാ ചോദ്യങ്ങള്‍ക്കും, പക്ഷെ, അവയ്ക്ക് പലപ്പോഴും രുചി കയ്പ്പാണ്. അത്കൊണ്ട് മനപൂര്‍വ്വം ഇല്ല എന്നാശ്വസിക്കുന്നു..
  ആശംസകള്‍.

  ReplyDelete
 5. ഇത് ആകെ കുഴയുമല്ലോ ....
  ഞാന്‍ ഈ നാട്ടുകാരനല്ല !
  കാരണം എന്‍റെ ഉത്തരങ്ങള്‍ക്കു ഭംഗിയില്ല !!

  അസ്രൂസാശംസകള്‍

  ReplyDelete
 6. ഉത്തരോത്തരം ഉത്തരങ്ങള്‍

  ReplyDelete
 7. ഇതിപ്പോ ജീവിതം മൊത്തത്തില്‍ ഒരു ചോദ്യമായല്ലോ നിഷേച്ചീ! അതിനുള്ള ഉത്തരം എവിടെപ്പോയി കണ്ടുപിടിക്കും?!

  ReplyDelete
 8. കാഴ്ച്ചപ്പാടിന്‍റെ പ്രശ്നമായിരുക്കാം !
  എല്ലാരെയും നമ്മുടെ വീക്ഷണം പോലെ ആകണം എന്നില്ലല്ലോ -

  ReplyDelete
 9. ആ ഉത്തരങ്ങള്‍ തേടുന്നവരാണ് നമ്മള്‍.. തെടിക്കൊണ്ടേ ഇരിക്കുക..

  ReplyDelete
 10. ഉത്തരം കിട്ടുംവരെ ചോദിച്ചു കൊണ്ടേയിരിക്കാം...

  ReplyDelete
 11. കണ്ണുകള്‍ നല്ലത് കാണ്മാനത്രേ, എന്നിട്ടും നാം എന്തേ മറിച്ച് കാണുന്നു?

  ReplyDelete
 12. ഉത്തരം ആഗ്രഹിക്കാത്ത ചോദ്യങ്ങള്‍ ഏറുന്നു

  ReplyDelete
 13. ആദ്യം ഉത്തരം മുട്ടും.. ആലോചിച്ചാല്‍ ഉത്തരം കിട്ടും..

  ReplyDelete
 14. കേൾക്കുന്നവർക്ക് കൊഞ്ഞനം കാണിക്കുവാൻ വേണ്ടി ഓരോ ചോദ്യങ്ങൾ ചോദിച്ചോളും അല്ലേ? :)

  ReplyDelete
 15. ചിന്തിച്ചാല്‍ ചോദ്യങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കും.........

  ReplyDelete
 16. നിത്യസത്യങ്ങൾ നിറം മങ്ങി ഇല്ലാതാവുന്നുണ്ടോ ? എനിക്കതാലോചിച്ചിട്ട് പിടി കിട്ടുന്നില്ല ..

  ReplyDelete
 17. കവിത മനോഹരം.... ചോദ്യങ്ങള്‍ പ്രസക്തം....നന്നായിരിക്കുന്നു.

  ReplyDelete
 18. ചികഞ്ഞുചികഞ്ഞെടുക്കുമ്പോള്‍ ഉള്ളിന്‍റെയുള്ളില്‍നിന്ന് ആന്തരികാര്‍ത്ഥം പിടികിട്ടും.
  ആശംസകള്‍

  ReplyDelete
 19. ഉത്തരം മുട്ടി :(

  ReplyDelete
 20. നല്ല കവിത,ആശയത്തിനും പദങ്ങള്‍ക്കും നല്ല കരുത്ത് !

  ReplyDelete
 21. കുറേ ചോദ്യങ്ങള്‍ കൊരുത്തൊരു കവിത. ഉത്തരങ്ങള്‍ പിടിതരുന്നത് കൊണ്ടാണ് ഇവിടെയൊരു കവിത വിരിഞ്ഞത്. സ്നേഹമാണഖില ...എന്ന് തുടങ്ങുന്ന ഈരടികള്‍ ഇവയോട് യോജിക്കാത്തത് പോലെ തോന്നി.

  ReplyDelete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും