എണ്ണമറ്റ ചോദ്യങ്ങള്‍
രക്തത്തിന് കടുപ്പം വെള്ളത്തെക്കാള്‍ ഏറുമത്രേ
പിന്നെന്തേ രക്തബന്ധങ്ങള്‍ വെള്ളം പോലെയൊലിച്ചു പോയ്?
സത്യത്തിന് തിളക്കം പൊന്നിനെക്കാള്‍ കൂടുമത്രേ
പിന്നെന്തേ നിത്യസത്യങ്ങള്‍ നിറം മങ്ങിയില്ലാതാവുന്നു?
പാരമ്പര്യത്തേക്കാള്‍ വലിയ സ്വത്തില്ലന്നത്രേ
പിന്നെന്തേ നല്ല പാരമ്പര്യങ്ങളൊന്നും കാത്തു സൂക്ഷിക്കാത്തൂ ?
സ്ത്രീയാണ് വീടിന്റെ വിളക്കെന്നുദ്ഘോഷിക്കുന്നത്രേ
പിന്നെന്തേ പെണ്ണ് പിറന്നാല്‍ മനസ്സിലിരുട്ടു കയറുന്നു?
സ്നേഹമാണഖില സാരമൂഴിയില്‍ എന്നത്രേ പ്രമാണം
പിന്നെന്തേ പണത്തിനു മീതെ പരുന്തും പറക്കാത്തൂ?
കുട്ടികള്‍ ദൈവത്തിന്‍ പ്രതിരൂപമാണെന്നത്രേ
പിന്നെന്തേ അവരെ കശക്കിയെറിയുന്നു ചിലര്‍ ?
ബാല്യകാല സഖ്യത്തിനേറും മധുരൊമായിരം മടങ്ങത്രേ
പിന്നെന്തേ പഴയ കൂട്ടുകാരിന്നു ശത്രുക്കളായി?
എന്നുമെന്റെ കൂടെയുണ്ടാവുമെന്നോതിയത് നീയത്രേ
പിന്നെന്തേ ഇന്നെന്നെ എകാകിനിയാക്കി നീ നടന്നകന്നൂ?
ഒന്നുമാശിക്കരുതെന്നു ഞാനെന്‍ മനസ്സിനെ പഠിപ്പിച്ചതത്രേ,
പിന്നെന്തേ ഇന്നറിയാതൊരാശാഭംഗമെന്നെ തളര്‍ത്തിടുന്നു?
ചോദ്യങ്ങളിങ്ങനെ ഇനിയുമിനിയുമനസ്സില്‍ പൊട്ടിവിടരുന്നതെത്ര
എന്നിട്ടുമെന്തേ ഉത്തരങ്ങള്‍ ഒരിക്കല്‍ പോലും പിടി തരാത്തൂ?
Comments
"അതങ്ങനെയാണ്" എന്ന് എല്ലാവരും പറയും, അല്ലെ?
ആശംസകള്‍.
ഞാന്‍ ഈ നാട്ടുകാരനല്ല !
കാരണം എന്‍റെ ഉത്തരങ്ങള്‍ക്കു ഭംഗിയില്ല !!
അസ്രൂസാശംസകള്‍
എല്ലാരെയും നമ്മുടെ വീക്ഷണം പോലെ ആകണം എന്നില്ലല്ലോ -
ആശംസകള്‍