Posts

Showing posts with the label കവിത

നമ്മള്‍

Image
നീയൊന്നു ചിരിച്ചാലെന്‍ മനസ്സിലും നിറയുന്നു മോദം; നിന്നാര്‍ത്തികളെന്നിലും നിറപ്പൂ വേദന തന്‍ മുള്ളുകള്‍ ... ജന്മം കൊണ്ടു നീയെനിക്കന്യ- നെന്നാകിലും, കര്‍മ്മം കൊണ്ടു നീയെന്‍ സോദരനായ് മാറിയ- തെന്നെന്നു ഞാനറിഞ്ഞീല... ആത്മ ബന്ധത്തിന്‍ തീച്ചൂളയില്‍ വെന്തുറച്ച സ്നേഹമാമിഷ്ടിക കൊണ്ടു നമ്മള്‍ പടുതുയര്‍ത്തീ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ സാമ്രാജ്യം ഭൂമിയിലൊരു സ്പന്ദനം ബാക്കി- യുണ്ടാകും കാലമതു വരേയ്ക്കും നമ്മുടെ സാഹോദര്യത്തിന്‍ മാനങ്ങള്‍ തിളങ്ങി നില്‍ക്കട്ടേ അവനീ തലത്തില്‍ പുതു തലമുറയീ അതുല്യ സ്നേഹത്തിന്‍ അലയടികളാല്‍ മുഖരിതമായിടട്ടെ; സ്നേഹമാണഖിലസാരമൂഴിയിലെ- ന്നൊരിക്കല്‍ കൂടി മാലോകരോതിടട്ടെ!!! ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

കൊഴിയുന്ന പൂക്കള്‍....

Image
ജനിമൃതികളില്‍ അലഞ്ഞു ഞാനെത്തി, സ്നേഹമാമീ താഴ്വരയില്‍.; കാണായ് ഒരു കുന്നു സ്നേഹമുള്ളില്‍ വിരിയും നൈര്‍മല്യം പടര്‍ത്തും ചില പൂക്കളെ... ചിരിച്ചു ഞാന്‍ അവരൊന്നിച്ചൊരു വേള, മറന്നു ഞാനെന്നെത്തന്നെ,യെന്‍ അസ്തിത്വവും... പൂവില്‍ വിടരും പുഞ്ചിരിയെന്‍ കണ്ണീരൊപ്പവേ ഞാനുമൊരു വെണ്മലരായ് മാറിയൊരു നേരം! പൂക്കളൊക്കെ കൊഴിയും, ഇന്നല്ലെങ്കില്‍ നാളെ, ഈ ലോക സത്യം മറന്നു ഞാന്‍ മതിച്ചിരുന്നു... ഒടുവിലെന്‍ പ്രിയ പൂ പൊഴിഞ്ഞു വീഴവേ രക്താഭാമാം എന്നെ നോക്കിച്ചിരിപ്പൂ ലോകര്‍. ഹൃദയത്തിലേറ്റ മുറിവുമായവന്‍ കൊഴിഞ്ഞു വീഴുന്നെന്‍ സ്വപ്നങ്ങളില്‍ നിന്നും... ഒരിളം നനവെന്‍ മെയ്യില്‍ പതിയവേ, ഞാന- റിയുന്നു, മുറിഞ്ഞതെന്‍ ഹൃത്തെന്ന പൊരുള്‍!!! ചിരിക്കാനെനിക്കിനി കഴിയില്ല,യെന്‍ മേനി സൂര്യകിരണങ്ങള്‍ കരിച്ചു കളഞ്ഞുവോ; അതോ അകാലത്തില്‍ പൊഴിഞ്ഞ മഞ്ഞില്‍ തണുത്തുറച്ചു പോയോ,  എനിക്കറിവതില്ല... പ്രജ്ഞ നഷ്ടമാകുമീ വേളയില്‍ പോലുമെന്‍ മനസ്സില്‍ നിറഞ്ഞു നില്പൂ, പുഞ്ചിരി തൂകുമെന്‍ പ്രിയനാം പൂവിന്‍ നിറവും ഗന്ധവും കാന്തിയും ചെറു കാറ്റിലാടിയുലയുമവന്‍ തന്‍ മേനിയും... ഇല്ല ഞാന്‍ മരിക്

അമ്മയും മകളും

Image
അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു .... ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍ സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ??? ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല ... പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം... "ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍!; ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന്

മാറേണ്ടത് നീ...ഞാനല്ല!

Image
ഞാനുടുക്കും ചേലകളാണുനിന്‍ കാമത്തിന്നുദ്ദീപനമെന്നു നീയോതി; ദേഹമൊരായിരം തുണികളില്‍ മൂടിപ്പുതച്ചു ഞാനൊളിച്ചു വച്ചു... വഴികളില്‍ ഞാനിറങ്ങി നടക്കുന്നതാണു നിന്നാസക്തിയേറ്റുന്നതെന്നു നീയോതി- യന്നേരം, വീടിന്‍ ചുമരുകള്‍ക്കുള്ളില്‍  അടച്ചു ഞാനൊരു ജന്മം തീര്‍ത്തു... എന്‍റെ ചിരികളാണു നിന്നെ മൃഗ- മാക്കുന്നതെന്നു നീയോതി വീണ്ടും, ചിരിയെന്‍ മനസ്സിന്‍ കാണാക്കയത്തി- ന്നടിത്തട്ടില്‍ ഞാന്‍ കുഴിച്ചുമൂടി... എന്‍റെ നോട്ടമാണ്‌ നീയെന്നെ ധ്വംസി- ക്കുവാന്‍ കാരണമെന്നോതി നീ, ഉടനെയെന്‍ കണ്ണുകളടച്ചു ഞാനെന്‍ ലോകത്തെയാകെ ഇരുട്ടിലാക്കി... എന്‍റെ വാക്കുകള്‍ നിന്നെ മദോന്മത്ത- നാക്കുന്നുവെന്നു നീയോതിയപ്പോള്‍,  ഞാനെന്‍  വായ മൂടി,യൊരു മൂളല്‍ പോലുമില്ലാതെ മൌനിയായിരുന്നു... എന്നിട്ടിപ്പോഴെന്തേ അമ്മതന്‍ മടി- ത്തട്ടില്‍ സ്വസ്ഥമായുറങ്ങുമൊരു കുഞ്ഞിളം പൈതലെ നീ ഞരിച്ചമര്‍ത്തി, നിമിഷ സുഖത്തിന്നവളെ കുരുതിയാക്കി???    അവളുടുത്ത ചേലയോ, പിച്ചവെയ്ക്കും വഴികളോ, കളങ്കമില്ലാ ചിരികളോ, നിര്‍മ്മലമാം നോട്ടമോ, കൊഞ്ചിമൊഴിയും വരികളോ, നിന്നിലെ മൃഗത്തെയുണര്‍ത്തി??? അറിയുന്

നില്‍പ്പ്

Image
ഞാന്‍ എന്തെല്ലാമോ ആണെന്ന് ചിന്തിച്ചു  തലയുയര്‍ത്തി നിന്നു ആരെയും കാണാതെ കണ്ണ്‍ കഴച്ചപ്പോള്‍ തല കുനിച്ചു നിന്നു; കാലിന്‍ ശക്തി ചോര്‍ന്നിറങ്ങിയപ്പോള്‍ കഴച്ചു നിന്നു, നിഴലു പോലും കൂടെയില്ലെന്ന സത്യ- മറിഞ്ഞു തരിച്ചു നിന്നു! മനസ്സിന്‍ വാതിലുകള്‍ അടഞ്ഞപ്പോള്‍ കാഴ്ച്ച മറഞ്ഞു നിന്നു കാതില്‍ അട്ടഹാസങ്ങള്‍ പതിഞ്ഞപ്പോള്‍ കേള്‍വിയടച്ചു നിന്നു... ഇനിയുമെത്ര കാലമെന്നിങ്ങനെ  പകച്ചു നിന്നു ജീവന്‍ പോകുമോരോരോ കണവും കാത്തുകാത്തു നിന്നു എന്നിട്ടും കൈവിടാത്ത ശ്വാസത്തെ ശ്വസിച്ചു നിന്നു ജീവനുണരും ഭൂമിയിലൊരു ജീവച്ഛവമായി അറച്ചു നിന്നു... ശവംതീനികളെന്‍ ദേഹമൊന്നൊന്നായ്‌ ചവച്ചു തിന്നു പ്രാണന്‍ വെടിയും വേദന, ലോകരോ രസിച്ചു നിന്നു!!! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

സ്നേഹം

Image
സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍ ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ... ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍ മൃദു സപ്ര്‍ശമെന്ന പോലെ... എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍-- ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ ... മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി, മരതകനിറമാര്‍ന്നൊരു നീരൊലി! സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു; അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം മറന്നു നിന്‍ തണലില്‍ ഞാനിരുന്നു... കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍ പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത- ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി! ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ, കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ്.... ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

മയില്‍പ്പീലി

Image
മനസ്സിന്‍ മച്ചകത്തു നിന്നു ഞാനൊരു മഴവില്‍ വര്‍ണ്ണമേന്തും കുഞ്ഞു  മയില്‍പ്പീലി തിരഞ്ഞെടുത്തു സപ്ത വര്‍ണ്ണമേന്തുമാ പീലിയിലെന്‍ ജീവന്‍റെ സുന്ദരവര്‍ണ്ണങ്ങള്‍ മിന്നിത്തെളിഞ്ഞു നില്പൂ... സ്നേഹത്തിന്‍ കടുംനീലയില്‍ ഞാന്‍ കുളിര്‍ന്നു നില്‍ക്കെ, ഹരിതാഭമാം കൈയ്യാലെന്നെ തഴുകും പ്രകൃതിയാമമ്മ പോല്‍, ആനന്ദത്തിന്‍ പൊന്‍ നിഴല്‍-- ത്തൂകികൊണ്ടതാ സുവര്‍ണ്ണവും പുഞ്ചിരിപ്പൂ... മയില്‍‌പ്പീലിക്കണ്ണില്‍ കാണാവതായ് ഇതുവരെ- യറിയാത്തൊരു വികാരവായ്പ്പിന്‍ തിളക്കം; സ്വയമറിയാതെ ഞാനൊരു മയൂരമായ് മാറി- യോരാനന്ദ നൃത്തത്തിന്‍ ചുവടു വെച്ചിടുന്നു... ചിത്രത്തിനു  കടപ്പാട് - ഗൂഗിള്‍  ഇമേജ്

തൂലിക

Image
എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍   വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ? നിണമണിഞ്ഞൊരു വാള്‍മുന പോലെയെന്‍ ഹൃത്തിനെയെന്തിനിന്നീ തൂലിക കീറി മുറിയ്ക്കുന്നു??? മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ- രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ? സാന്ത്വനമായ് പെയ്തിറങ്ങേണ്ടുന്ന വാക്കുകളെന്തേ കരാളഹസ്തം നീട്ടിയെന്നെ കെട്ടിവരിഞ്ഞിടുന്നു? മനസ്സിന്‍ മുറിവുകളില്‍ നിന്നൊലിച്ച നിണകണങ്ങളാ- ലെന്‍ ദേഹമിപ്പോള്‍ രക്തവര്‍ണ്ണമാകവേ, സ്നേഹമാമോരിറ്റു വെള്ളത്തിന്‍ കൊച്ചു കണികയെന്നെ തേടി വന്നെങ്കിലെന്നു വ്യഥിതമാമെന്‍ ഹൃദയത്തിന്‍ കേഴലുകള്‍ ഞാന്‍ കേള്‍പ്പൂ! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്