മാറേണ്ടത് നീ...ഞാനല്ല!
ഞാനുടുക്കും ചേലകളാണുനിന്‍
കാമത്തിന്നുദ്ദീപനമെന്നു നീയോതി;
ദേഹമൊരായിരം തുണികളില്‍
മൂടിപ്പുതച്ചു ഞാനൊളിച്ചു വച്ചു...
വഴികളില്‍ ഞാനിറങ്ങി നടക്കുന്നതാണു
നിന്നാസക്തിയേറ്റുന്നതെന്നു നീയോതി-
യന്നേരം, വീടിന്‍ ചുമരുകള്‍ക്കുള്ളില്‍
അടച്ചു ഞാനൊരു ജന്മം തീര്‍ത്തു...
എന്‍റെ ചിരികളാണു നിന്നെ മൃഗ-
മാക്കുന്നതെന്നു നീയോതി വീണ്ടും,
ചിരിയെന്‍ മനസ്സിന്‍ കാണാക്കയത്തി-
ന്നടിത്തട്ടില്‍ ഞാന്‍ കുഴിച്ചുമൂടി...
എന്‍റെ നോട്ടമാണ് നീയെന്നെ ധ്വംസി-
ക്കുവാന്‍ കാരണമെന്നോതി നീ,
ഉടനെയെന്‍ കണ്ണുകളടച്ചു ഞാനെന്‍
ലോകത്തെയാകെ ഇരുട്ടിലാക്കി...
എന്‍റെ വാക്കുകള്‍ നിന്നെ മദോന്മത്ത-
നാക്കുന്നുവെന്നു നീയോതിയപ്പോള്‍,
ഞാനെന്‍ വായ മൂടി,യൊരു മൂളല്‍
പോലുമില്ലാതെ മൌനിയായിരുന്നു...
എന്നിട്ടിപ്പോഴെന്തേ അമ്മതന്‍ മടി-
ത്തട്ടില്‍ സ്വസ്ഥമായുറങ്ങുമൊരു
കുഞ്ഞിളം പൈതലെ നീ ഞരിച്ചമര്‍ത്തി,
നിമിഷ സുഖത്തിന്നവളെ കുരുതിയാക്കി???
അവളുടുത്ത ചേലയോ, പിച്ചവെയ്ക്കും
വഴികളോ, കളങ്കമില്ലാ ചിരികളോ,
നിര്‍മ്മലമാം നോട്ടമോ, കൊഞ്ചിമൊഴിയും
വരികളോ, നിന്നിലെ മൃഗത്തെയുണര്‍ത്തി???
അറിയുന്നു ഞാനിപ്പോള്‍, കുറ്റമെന്‍ ചേല-
യിലല്ല, ഞാന്‍ നടക്കും വഴികളോ,
എന്‍ മൊഴികളോ, ചെറു ചിരികളോ
മിഴികളോ ഒന്നുമേയല്ലെന്ന നഗ്ന സത്യം...
കുറ്റത്തിന്‍ മാറാക്കറ പുരണ്ടിരിക്കുന്നത്
സ്ത്രീയെ അമ്മയായ്, പെങ്ങളായ് മകളായ്
കാണാന്‍ കഴിയാത്ത, വികൃതമാം നിന്‍ മനസ്സി-
ലാണെന്നുള്ള ഘോര സത്യമിന്നറിക നീയും....
കാമത്തില്‍ നീലിച്ച നിന്‍ കണ്‍കള്‍ മൂടുക,
നഗ്നത തേടും മനസ്സിനെ കുഴിച്ചു മൂടുക നീ;
കാമാര്‍ത്തി പൂണ്ടു നീയൊരു മൃഗമായി-
നിയും മാറീടുമെന്നാകില്‍ അറിക ...
വഴിയിലിറങ്ങാതെ, മിണ്ടാതെ, ചിരിക്കാതെ,
ഒന്നും കാണാതിനിയിരിക്കേണ്ടത് ഞാനല്ല,
വികൃതമാം മനസ്സും പേറി, മനുഷ്യരൂപം
ധരിച്ച നീയാം രാക്ഷസന്‍ മാത്രമല്ലോ!
ശക്തമായ വരികള്‍....! നഗ്നമായ സത്യം,
ReplyDeleteതിരിച്ചറിവുകള്‍ക്കു പ്രേരകം...
പിച്ചച്ചീന്തപ്പെടുന്ന സഹോദരിമാരേ,
ആണായിപ്പിറന്നതില്‍ ലജ്ജ തോന്നുന്നു...
സഹതപിക്കാനല്ലാതെ, ദുഃഖിക്കാനല്ലാതെ,
പ്രതിഷേധിക്കാനല്ലാതെ എന്തു ചെയ്യാന്‍
കഴിയുമെന്നോര്‍ത്ത് തടി തളരുന്നു, വ്യഥയേറുന്നു...! :(
റിയയ്ക്കൊപ്പം .. യോജിക്കുന്നുന്നു... ശക്തമായ വരികൾ...
Deleteനന്ദി റിയാസ് ഭായ്, ഈ ശക്തമായ പിന്തുണയ്ക്ക്....
Deleteനന്ദി മൌനം!!!
Deleteഎല്ലാ കുറ്റകൃത്യങ്ങളും പോലെ ഇതും ചിലരുടെ മാനസിക വൈകല്യങ്ങളില്‍ നിന്ന് ഉണര്‍വ് നേടുന്നതാണ്.. പോത്തിന് വെച്ചോ അടച്ചു വെച്ചോ ഈ വൈകല്യങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആകില്ല.. ആദ്യം വേണ്ടത് ഈ മനസ്ഥിതി മാറ്റാനുള്ള ശ്രമമാണ്.. പിന്നെ ശിക്ഷിക്കപ്പെടുമെന്ന ബോധം നല്‍കുന്ന ഭയവും.. ഒരു പരിഹാരമാര്‍ഗ്ഗം തേടേണ്ടവര്‍ ബാലിശമായ വാദങ്ങള്‍ക്ക് വേണ്ടി തര്‍ക്കിച്ചു സമയം കളയുന്നു.. ലജ്ജ തോന്നുന്നു.. ഇത് ചെയ്യുന്നവരെയോര്‍ത്തു മാത്രമല്ല..
ReplyDeleteഅതിനു കാരണം ചികയുന്ന ചില അഭിനവ സമൂഹ്യ പരിഷ്കര്‍ത്താക്കളെ ഓര്‍ത്തും..
< < അതിനു കാരണം ചികയുന്ന ചില അഭിനവ സാമൂഹ്യ പരിഷ്കര്‍ത്താക്കളെ ഓര്‍ത്തും >
Deleteഹ ഹ ഹാ .. അത് തന്നെ സംഗതി.
അതെ നിസാര്‍; ഇതൊരു തരം മാനസിക വൈകല്യമാകാം; പക്ഷേ ഒന്നുമറിയാത്ത ഒരു കൊച്ചു കുഞ്ഞിനെപ്പോലും നമുക്ക് സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നതെന്തു കൊണ്ട്? ശക്തമായ നിയമങ്ങളും അവ സുശക്തമായി നടപ്പാക്കാന്‍ കഴിയുന്നവരും നമുക്ക് വേണം...
Deleteഎന്തും ഏതും മറ്റുള്ളവരുടെ കുറ്റമായി ചിത്രീകരിക്കുന്നവര്‍ക്ക് ലോകത്ത് എന്ത് നടന്നാലും വെറും ചര്‍ച്ചാവിഷയം മാത്രം. അവരെക്കുറിച്ച് ഒന്നും പറയാതിരിക്കുക തന്നെയാണ് നല്ലത്.
ആശംസിക്കാന്‍ വാക്കുകള്‍ ഇല്ല നിഷ ചേച്ചി.. ഒരു നൂറു ലൈക് തന്നാലും മതിയാകില്ല. നമ്മുടെ രണ്ടുപേരുടെ ചിന്തകള്‍ എങ്ങനെ ഇത്രയും സാമ്യതയോടെ വന്നു എന്നാണു ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ശക്തമായ വരികള്‍ .. നല്ല ആവിഷ്ക്കാരം.
ReplyDeleteഞാന്‍ വായിച്ചിരുന്നു സംഗീത്. സത്യത്തിനു ഒരു മുഖം മാത്രമേയുള്ളു. അത് കൊണ്ടാവാം ഈ സാദൃശ്യം! സംഗീതും പല കാര്യങ്ങളും പറയാതെ പറഞ്ഞിരിക്കുന്നു - കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ; മനസ്സാക്ഷിയുള്ളവര്‍ പ്രതികരിക്കട്ടെ!!!!
Deleteമനുഷ്യൻ എപ്പോൾ എന്തായി എന്നത് മനുഷ്യന്ന് തന്നെ മനസ്സിലാകുനില്ല, മൃഗത്തെപോലും കടത്തിവെട്ടിയ ആമാനുഷിക ആക്രമണമാണ് നരൻ കൂത്താടം നടത്തിക്കൊണ്ടിരിക്കുന്നത്...
ReplyDeleteശക്തമായ വരികൾ
ആശംസകൾ
അതെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ നാമൊക്കെ മനുഷ്യരാണെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നു... മൃഗങ്ങള്‍ക്ക് നമ്മെക്കാള്‍ വിവേകം കാണും!!!
Deleteഹൃദയമില്ലാത്ത കാമം
ReplyDeleteകണ്ണുകളില്ലാത്ത വികാരം...
നിലവിളി കേള്‍ക്കാതെ
അടഞ്ഞു പോയ കാതുകള്‍...
കരളുരുകിയൊലിച്ച വരികള്‍ക്ക് പ്രണാമം..
നന്ദി ശലീര്‍, നല്ല വാക്കുകള്‍ക്കും, അവയുടെ പിന്നിലെ അവസ്ഥ തിരിച്ചറിഞ്ഞതിനും!
Deleteമനസിനെ സങ്കടപ്പെടുതുന്നത്, മനസ്സില്‍ രോഷാഗ്നി ജ്വ ലിപ്പിക്കുന്നതും
ReplyDeleteഅതെ സങ്കടവും രോഷവും വാക്കുകളായെങ്കിലും പുറത്തു വരട്ടെ!
Deleteആരോട് പറയാന്‍
ReplyDeleteആരോടെങ്കിലും പറഞ്ഞല്ലേ പറ്റൂ - ആരെങ്കിലും എന്നെങ്കിലും കേള്‍ക്കും എന്ന പ്രതീക്ഷ മാത്രം ബാക്കി!
Deleteഎത്ര മറച്ചു വച്ചാലും ,
ReplyDeleteഉള്ളില്‍ നുരയുന്ന കാമം മറ നീക്കി പുറത്ത് വരും ..
ഏതു വെളിച്ചതിലും ........
" പതിനാല് പേരു പൊലും " മൂന്ന് വയസ്സുള്ള കുട്ടി ...
ചെറ്റകള്‍ക്ക് മനസ്സെന്ന് പറയുന്നതില്ലേ ...........
എല്ലാം മാഞ്ഞു പൊകും , കുറേ ഫ്ലാഷ് ന്യൂസുകള്‍ക്ക് ശേഷം ...
ആ പാവം കുട്ടി എന്ത് കാട്ടി ആണ് ഇവനെയോക്കെ
കാമഭ്രാന്തന്മാരാക്കിയത് ...........
വസ്ത്രത്തിനേയും , വാക്കുകളേയും , തലയുയര്‍ത്തി നടപ്പിനേയും
കുറ്റം പറയുന്ന സമൂഹമേ , നീ ഉത്തരം പറയണം ..?
ഉള്ളിന്റെ വേവു മുഴുവന്‍ വരികളിലുണ്ട് .............
ഉള്ളിന്റെ വേവുകള്‍ വാക്കായ് ഒലിച്ചിറങ്ങി! ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ മാത്രം ഇപ്പോഴും ബാക്കി....
Deleteകണ്ണുകള്‍ ഇറുകെയടക്കട്ടെ...
ReplyDeleteകാതുകള്‍ പൊത്തിപ്പിടിക്കട്ടെ...
വായയടക്കാതെ നാലു തെറി പറയട്ടെ;
അവനവനാത്മസുഖത്തിനല്‍പമെങ്കിലും !
മോളേ, നീ വിളക്കായാല്‍ പോരാ,
അഗ്നിയാകണം. ജ്വലിക്കുന്ന അഗ്നി...
മന്ദമാരുതനായാല്‍ പോരാ,
ആഞ്ഞടിക്കുന്ന കൊടുങ്കാറ്റാവണം.
വജ്രസമാനമാവണം...
പൊന്നുമോളേ.. മാപ്പ് ...!
കുറച്ചു ദിവസം കഴിഞ്ഞാല്‍
അല്ലെങ്കില്‍ അടുത്ത മണിക്കൂറിനുള്ളില്‍
വിണ്ടുമീ മാപ്പുകളുടെ ഭാണ്ഡങ്ങളുമായ്
വരേണ്ടിവരും എന്നറിയാതെയല്ല.
എങ്കിലും മാപ്പ്...! മാപ്പ്.
എല്ലാ പെണ്മക്കളും ശക്തരാവട്ടെ - ആര്‍ക്കും എവിടെയും എറിഞ്ഞുടയ്ക്കാനുള്ള ചില്ലുപാത്രം ആവാതിരിക്കട്ടെ!!!!
Deleteനിഷ, വളരെ നന്നായിരിക്കുന്നു. ശക്തമായ വരികള്‍, അതിലും ശക്തമായ വികാരം വിളിച്ചോതുന്നു. തികച്ചും മൃഗീയവും നൈമിഷികവുമായ സുഖത്തിനായി മനുഷ്യന്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍, ആര്‍ഷ ഭാരതത്തിന്റെ സംസ്കാരം എവിടെപ്പോയോളിച്ചു എന്ന് ഞാന്‍ അതിശയിക്കുന്നു. പ്രൊഫ. രഘുനാഥന്‍ പറഞ്ഞത് എത്ര ശരി : 'A Glorious Past is not a Consolation for a Sorry Present'
ReplyDeleteവളരെ നന്ദി, സാര്‍ ഈ വാക്കുകള്‍ക്ക്! പോയ കാല പ്രതാപത്തിന്‍റെ മേന്മ പറഞ്ഞഹങ്കരിക്കുന്ന നാം ഇടയ്ക്കെങ്കിലും വര്‍ത്തമാനകാലത്തിന്റെ ന്യൂനതകള്‍ കാണുകയും അവയ്ക്കെതിരെ പ്രതികരിക്കുകയും ചെയ്യണം, മൂല്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍ ഒരു ചെറു ശബ്ദമെങ്കിലും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ത്താനായില്ലെങ്കില്‍ പിന്നെ നാമൊക്കെ മനുഷ്യരാണെന്ന് പറയുന്നത് തന്നെ ലജ്ജാവഹമായിരിക്കും.
Deleteവേദനയും രോഷവും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന വരികള്‍ ശക്തം...
ReplyDeleteഅഭിനന്ദനങ്ങള്‍ നിഷ
നന്ദി മുബി; ഇത്തരം ദുരവസ്ഥകള്‍ ഇനിയും ഒരു കുട്ടിയ്ക്കും ഉണ്ടാവരുതേ എന്ന്‍ മനസ്സുരുകി പ്രാര്‍ഥിക്കുന്നു...
Deleteഅഭിനന്ദനങ്ങള്‍ ശക്തമായ വരികള്‍ക്ക്.
ReplyDeleteനന്ദി കാത്തി! ഒരു ചെറിയ ശബ്ദം - ക്രൂരതയ്ക്കെതിരെ, അത്ര മാത്രം!
Deleteശക്തമായ വരികള്‍ ഈ കാലത്ത് പ്രത്യേകിച്ചും ....
ReplyDeleteനന്ദി ആചാര്യന്‍!; ശക്തമായല്ലെങ്കിലും ഒരു ചെറു ശബ്ദമായെങ്കിലും ഇതുയരണം എന്ന്‍ തോന്നി....
Deleteശക്തമായ വരികള്‍ ..ആശംസകള്‍
ReplyDeleteനന്ദി ശ്രീ മുഹമ്മദ്!; ഇത്തരം ഹീന പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചല്ലേ മതിയാകു? ഒരു ചെറു ശബ്ദം ഞാനും ഉയര്‍ത്തി... അത്ര മാത്രം.
Deleteരോഷവും തോന്നുന്നു ഒരു കൊച്ചു കുഞ്ഞിനെ പോലും വെറുതെ വിടാത്ത കാമവേരിയന്മാരോട്, പേടി തോന്നുന്നു ഇവന്മാരെയൊന്നും നിലയ്ക്ക് നിറുത്താന്‍ ആരുമില്ലലോ എന്നോര്‍ത്ത്.
ReplyDeleteഇത്തരം ആളുകളെയും സംരക്ഷിക്കുന്ന ഒരു സമൂഹവും നിയമവും ആണിവിടെ - അതൊക്കെ മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
Deleteമനുഷ്യന്റെ മനസ്സ് കെട്ടു പോയാല്‍ പിന്നെ പിശാച് മനുഷ്യന് വഴിമാറും..
ReplyDeleteശക്തമായ വകാരം തുളുമ്പുന്ന വാക്കുകള്‍
പിശാചുകള്‍ പോലും ഇത്ര നിഷ്ഠൂരമായ പ്രവര്‍ത്തി ചെയ്യുമെന്ന് തോന്നുന്നില്ല; മനുഷ്യന്‍ ലോകത്തെ ഏറ്റവും നികൃഷ്ട ജീവിയായി മാറിക്കൊണ്ടിരിക്കുന്നു....
Deleteഎന്താ ചെയ്ക ... ഈ വേട്ടക്കാരന്മാരെ ഇല്ലാണ്ടാക്കാന്‍ നമ്മുടെ റാംജിയുടെ പോസ്റ്റില്‍ കണ്ടത് പോലെ ജനിതകമാറ്റം നടത്തണം.
ReplyDeleteവേട്ടക്കാരന്‍ ജീനിനെ കണ്ടുപിടിച്ച് നശിപ്പിക്കണം..... ഭ്രൂണാവസ്ഥയില്‍ തന്നെ
ഒരു സ്ത്രീയുടെ ദൈന്യത തുളുമ്പുന്ന വരികള്‍ ........
വളരെ ശക്തം . ഒരു 100 ലൈക് തരുന്നു.
നന്ദി, ലൈക്കുകള്‍ക്ക്....
Deleteജനിതിക മാറ്റം നടത്തിയാലും ഇക്കാലത്ത് രക്ഷയുണ്ടെന്നു തോന്നുന്നില്ല..
കുറഞ്ഞ വരികളില്‍ നയം വളരെ വ്യക്തമാക്കിയ കവിത നന്നായി ഇഷ്ടപ്പെട്ടു.
ReplyDeleteഅറിയേണ്ടവര്‍ കേള്‍ക്കുന്നില്ല, കാണുന്നില്ല അല്ലെങ്കില്‍ അവര്‍ ഒന്നിനേയും
ഭയക്കാത്ത ഒരിടത്ത് തന്നിഷ്ടത്തോടെ മറ്റുള്ളവരുടെ സഹായത്തോടെ
മതിച്ചുരസിക്കുന്നു....
പലതും അറിയുന്നുണ്ടെങ്കിലും അറിയാത്തതായി നടിക്കുന്നവരെ എന്ത് ചെയ്യും?
Deleteമാറേണ്ടത് സമൂഹമാണ് .രാക്ഷസ മനസ്സും പേറി നടക്കുന്നവരെ ഇല്ലായ്മ ചെയ്യണം
ReplyDeleteഅതെ, ചുരുങ്ങിയ പക്ഷം ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കും സമൂഹത്തില്‍ സുഖമായി ജീവിക്കാം എന്ന അവസ്ഥയെങ്കിലും മാറേണ്ടിയിരിക്കുന്നു
Deleteകര്‍ക്കശമായ ശിക്ഷകള്‍ മാത്രം കൊണ്ടേ
ReplyDeleteഇതിനു ഒരു തടയിടാന്‍ പറ്റുകയുള്ളൂ -
'പുരുഷന്‍ ആണ് എന്ന് പറയുന്നതില്‍ ജാള്ല്യത തോന്നുന്നു-
അതെ,ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. അത് ഒരു പരിധി വരെയെങ്കിലും മറ്റുള്ളവരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചേയ്ക്കാം
Deleteമനുഷ്യന് വേണ്ടിയാകണം മനുഷ്യാവകാശ സമരങ്ങള്‍...,.. ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി ആകരുത്..
ReplyDeleteആണത്തം നഷ്ടപ്പെടുത്തുന്ന തരാം ശിക്ഷകള്‍ തന്നെ നല്‍കണം.. വെറുതെ തൂക്കിക്കൊല്ലും, ജയിലില്‍ ഇടും എന്നൊന്നും പറഞ്ഞാല്‍ ഇവര്‍ക്കുണ്ടോ ഭയം..
നപുംസകമായി നമുക്കിടയില്‍ ജീവിക്കണം.. അത് കനുന്നവരെങ്കിലും ഇനി ഈ വക ക്രൂരത ഒരു പെണ്ണിനോടും ചെയ്യരുത്..
സങ്കടം ജനിപ്പിക്കുന്ന വരികള്‍....,..
അതെ, മനുഷ്യത്വമില്ലാതെ പെരുമാരുന്നവര്‍ക്ക് മനുഷ്യാവകാശ നിയമങ്ങളുടെ ആനുകൂല്യം കിട്ടരുത്. മാതൃകാപരമായ ചില ശിക്ഷകള്‍ നടത്തിയാല്‍ കുറെയെങ്കിലും ഇതിനൊരു കുറവുണ്ടാകും.
Deleteഎനിയ്ക്കൊരു മോളുണ്ട്.,
ReplyDeleteഞാന്‍ "കുഞ്ഞു" എന്ന് വിളിയ്ക്കുന്ന എന്‍റെ "സിയാ"
അവളെ ഓര്‍ത്താണ് ഈ മരുഭൂമിയില്‍ പ്രവാസിയായി കഴിയുന്ന
എന്‍റെ ഭീതി മുഴുവന്‍.,.......
ഓരോ ദിവസവും ടെലിവിഷനിലും,പത്രത്തിലും വരുന്ന വാര്‍ത്തകള്‍
കാണുമ്പോള്‍ ഭയങ്കര അസ്വസ്ഥതയാണ് അനുഭവിയ്ക്കുന്നത്...
കവിത വായിച്ചു.
നന്നായിരിയ്ക്കുന്നു...
ആശംസകളും.. അഭിനന്ദനങ്ങളും, ഒന്നുമില്ല.
മനസ്സും, വാക്കും, വരികളും ഒക്കെ എനിയ്ക്കിപ്പോള്‍ ശൂന്യമാണ്....
സിയായെക്കുറിച്ച് അകാരണമായ വേവലാതി വേണ്ട, അവളെ ആത്മ വിശ്വാസത്തോടെയും ആത്മബലത്തോടെയും വളര്‍ത്തൂ... സ്വയം സംരക്ഷിക്കാന്‍ ഒരു പരിധി വരെ അവള്‍ക്കാകും; പിന്നെ തന്‍റെ അച്ഛന്റെ സുശക്തമായ സംരക്ഷണം അവള്‍ക്കുണ്ടല്ലോ!
Deleteതാങ്കളുടെ മാനസികാവസ്ഥ ഒരളവുവരെയെങ്കിലും മനസ്സില്ലാക്കുന്നു... പ്രക്ഷുബ്ധമായ മനസ്സോടെയാണെങ്കിലും ഇവിടെ വന്നതിനും ഇത്രയും കുറിച്ചതിനും ഏറെ നന്ദി! കുഞ്ഞു സിയായ്ക്ക് എല്ലാ നന്മകളും നേരുന്നു...
നിഷ, അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു!
ReplyDeleteആശംസകള്‍.
ഇതേ വിഷയത്തില്‍ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു. സമയം കിട്ടിയാല്‍ ഒന്ന് വായിക്കുക.
www.anithakg.blogspot.com
നന്ദി അനിത!മുന്‍പ് കമന്റ് കണ്ടിരുന്നുവെങ്കിലും സമയ പരിമിതി മൂലം ഇപ്പോഴാണ് മറുപടി എഴുതാന്‍ കഴിഞ്ഞത്. തീര്‍ച്ചയായും ഞാന്‍ വായിക്കുന്നതായിരിക്കും.
Deleteഇത് ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ReplyDeleteനന്ദി!
Deleteമാറേണ്ടത് മനസ്സാണ് നല്ല വരികള്‍ നിഷ ആശംസകള്‍
ReplyDeleteഅതെ മൂസ്സാക്ക;പല മനസ്സുകളും ഇവിടെ മാറേണ്ടിയിരിക്കുന്നു... നന്ദി!
Deleteകവിതകള്‍ പെരുകട്ടെ ...തീ മഴ പെയ്യട്ടെ
ReplyDeleteആ തീയ്യില്‍ ഇത്തരം പേക്കോലങ്ങള്‍ കരിഞ്ഞമരട്ടെ, അല്ലെ?
Delete