നല്ല മലയാളം 2 - വാക്കുകള്‍ വന്ന വഴി
ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു...
ഉദാഹരണം:
കഴിഞ്ഞ ലക്കത്തില്‍ ഭാഷയെക്കുറിച്ചും നമ്മുടെ മലയാള ഭാഷ
വന്ന വഴികളെക്കുറിച്ചും പറഞ്ഞുവല്ലോ. ഇത്തവണ നാം ഉപയോഗിക്കുന്ന വാക്കുകളെയും
അവയുടെ ഉല്പത്തിയേയും പറ്റിയാവാം പറയുന്നത്.
ലോകത്തുള്ള ഏതൊരു ഭാഷയേയും പോലെ മലയാളവും തന്‍റെ വളര്‍ച്ചയ്ക്കായി
മറ്റു ഭാഷകളില്‍ നിന്ന് വാക്കുകള്‍ കടം കൊണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ
മലയാളത്തിന്‍റെ രൂപ-ഭാവങ്ങള്‍ അതിന്‍റെ ആരംഭദശയില്‍ നിന്നും വളരെയധികം
മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഭാഷാവിദഗ്ദ്ധന്മാരുടെ കണ്ടെത്തല്‍; സംസ്കൃതം, തമിഴ്, ഇംഗ്ലീഷ്
തുടങ്ങി ഒട്ടനേകം ഭാഷകളില്‍ നിന്നും നമ്മുടെ മലയാളം പല പദങ്ങളും
കൈക്കൊണ്ടിരിക്കുന്നു. ഈ പദങ്ങളെ ആഭ്യന്തരങ്ങള്‍,
ബാഹ്യങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം.
ആഭ്യന്തരങ്ങള്‍:
ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ, തെലുങ്ക്, തുളു എന്നിവയില്‍ നിന്നും മലയാളത്തിലേക്ക് എടുത്ത വാക്കുകളും ഇവയ്ക്ക് തുല്യമായി മലയാളത്തില്‍ത്തന്നെയുള്ള വാക്കുകളും ആഭ്യന്തരങ്ങള്‍
എന്ന് അറിയപ്പെടുന്നു. ആഭ്യന്തരങ്ങളെ മൂന്നായി തരം തിരിക്കാം - സ്വന്തം, സാധാരണം, ദേശ്യം, എന്നിങ്ങനെ.
മറ്റുദ്രാവിഡ ഭാഷകളില്‍ നിന്നും കടമെടുക്കാത്ത, മലയാളത്തില്‍ മാത്രം ഉപയോഗിക്കുന്ന
പദങ്ങളെയാണ് സ്വന്തം എന്ന് പറയുന്നത് - അവ മലയാളത്തിന്‍റെ
മാത്രം ശബ്ദങ്ങളാണ് (പനി, മുണ്ട് തുടങ്ങിയവ).
ദ്രാവിഡഭാഷകളിലെല്ലാം പൊതുവായി ഉപയോഗിച്ചു വരുന്നവ സാധാരണം (വടി, പണം).
മലയാളത്തില്‍ തന്നെ ചില ദേശങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങളെയാണ് ദേശ്യം എന്ന് പറയുന്നത്
(കീയുക, മണ്ടുക). ചുരുക്കി
പറഞ്ഞാല്‍ ആഭ്യന്തരങ്ങള്‍ ദ്രാവിഡ ഭാഷകളില്‍ നിന്നുത്ഭവിക്കുന്ന പദങ്ങളാണ്.
ബാഹ്യങ്ങള്‍:
ദ്രാവിഡ ഭാഷകളില്‍ നിന്നല്ലാതെ മലയാളത്തില്‍ വന്നിട്ടുള്ള
പദങ്ങളാണ് ബാഹ്യങ്ങള്‍. അവ സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, അറബി, പോര്‍ത്തുഗീസ്, പേര്‍ഷ്യന്‍
തുടങ്ങിയ ദ്രാവിഡേതര ഭാഷകളില്‍ നിന്നും വന്നവയാണ്.
ബാഹ്യങ്ങളെ വീണ്ടും രണ്ടായി തിരിയ്ക്കാം - തത്സമം, തദ്ഭവം. വര്‍ണ്ണങ്ങള്‍ക്ക്
യാതൊരു മാറ്റങ്ങളും കൂടാതെ മലയാളത്തിലേക്ക് വാക്കുകളെ അതേപടി സ്വീകരിക്കുന്നത്
തത്സമം എന്നു പറയപ്പെടുന്നു. എന്നാല്‍ അക്ഷരങ്ങള്‍ക്ക് മാറ്റം വരുത്തി (സ്വല്പം
മലയാളീകരിച്ച്) ഉപയോഗിക്കുന്നവ തദ്ഭവം എന്നും അറിയപ്പെടുന്നു.
ഉദാഹരണം:
തത്സമം
|
തദ്ഭവം
|
രാജാവ്
|
അരചന്‍
|
അംബ
|
അമ്മ
|
സന്ധ്യ
|
അന്തി
|
ഹോസ്പിറ്റല്‍
|
ആശുപത്രി
|
ജഡ്ജ്
|
ജഡ്ജി
|
ഒരു ഭാഷയുടെ വളര്‍ച്ച കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ ഒന്ന്‍
അതിലെ പദസമ്പത്താണ് എന്നിരിക്കേ മലയാള ഭാഷയുടെ വളര്‍ച്ചയില്‍ മറ്റുള്ള ഭാഷകള്‍
വഹിച്ചിട്ടുള്ള സ്ഥാനം തള്ളിക്കളയാനാവില്ല. ലോകത്തെമ്പാടുമുള്ള ഭാഷകള്‍
പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നതും ഇത്തരത്തിലുള്ള
അന്യഭാഷാ പദങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗം തന്നെയാണ്. മലയാളവും ഇതില്‍
നിന്നും വ്യത്യസ്തമല്ല. പല പല ഭാഷകളില്‍ നിന്നും കൊടുക്കല്‍ വാങ്ങലുകള്‍
നടത്തിയാണ് മലയാളം ഇന്നത്തെ രൂപം കൈക്കൊണ്ടിട്ടുള്ളത്. ലോകമാകെ വിരല്‍ത്തുമ്പില്‍
വരുന്ന ആശയവിനിമയ സംവിധാനങ്ങള്‍ നിലവിലുള്ള ഇക്കാലത്ത് ഇത്തരം കൊടുക്കല്‍
വാങ്ങലുകള്‍ അധികരിച്ചാല്‍ അതില്‍ അതിശയമൊന്നും ഇല്ല താനും; ഇങ്ങനെ
അപരഭാഷകളില്‍ നിന്ന്‍ മലയാളം കൈക്കൊണ്ട വാക്കുകള്‍ പലതുണ്ട്. അവയില്‍ ചിലത് മാത്രം
ഇവിടെ കൊടുക്കുന്നു...
സംസ്കൃതം
|
ഇംഗ്ലീഷ്
|
അറബി
|
പേർഷ്യൻ
|
ഹിന്ദി
|
പോർത്തുഗീസ്
|
ഫ്രഞ്ച്
|
മുഖം
|
കോളേജ്
|
കടലാസ്
|
ഇസ്തിരി
|
കീശ
|
അലമാരി
|
ടാബ്ലോ
|
ഹിതം
|
ബസ്സ്
|
കാലി
|
കമ്മി
|
ജോടി
|
കസേര
|
കഫേ
|
യുഗം
|
ഓഫീസ്
|
ബാക്കി
|
ബസാർ
|
സാരി
|
കൊന്ത
|
ബൂർഷ്വാ
|
കേന്ദ്രം
|
ഡോക്ടർ
|
ജില്ല
|
സുമാർ
|
ബടായി
|
മേസ്തിരി
|
ഡീലക്സ്
|
അത് പോലെ തന്നെ നമ്മുടെ മലയാള പദങ്ങള്‍ കൊണ്ട് സമ്പന്നമായ
അന്യ ഭാഷകളും കുറവല്ല. മറ്റു ഭാഷകള്‍ നമ്മില്‍ നിന്ന് കൈക്കൊണ്ട ചില വാക്കുകള്‍ ഇവയെല്ലാമാണ്:
ഇംഗ്ലീഷ്
|
പോർത്തുഗീസ്
|
Mango (മാങ്ങ)
|
Chunamb (ചുണ്ണാമ്പ്)
|
Teak (തേക്ക്)
|
Conjee (കഞ്ഞി)
|
Curry (കറി)
|
Ola (ഓല)
|
Copra (കൊപ്ര)
|
Aguile (അകില്‍)
|
Betal (വെറ്റില)
|
Mainate (മണ്ണാത്തി)
|
ഇങ്ങനെ പല വാക്കുകളും എടുത്തും കൊടുത്തും വളര്‍ന്നു വന്ന
മലയാളം ഇന്ന് പദസമ്പത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. വരും
കാലങ്ങളില്‍ ഈ പട്ടികയുടെ നീളം വളരെ കൂടുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
മലയാള പദങ്ങളുടെ ചരിത്രത്തെക്കുറിച്ച് തത്കാലം ഇത്ര മാത്രം!
വരും ദിനങ്ങളില്‍ അക്ഷരങ്ങളെയും മറ്റും കൂടുതല്‍ അടുത്തറിയാന്‍ നമുക്ക്
ശ്രമിക്കാം...
PS: ഭാഷാ വിദഗ്ദ്ധയല്ലാത്ത എനിക്ക് ഈ സംരഭത്തിന് താങ്ങായി വര്‍ത്തിക്കുന്നത് മലയാള വ്യാകരണ പുസ്തകങ്ങളാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ മിക്കതും അവയില്‍ നിന്ന് അതേപടി പകര്‍ത്തിയതും ആണ്. അതിനാല്‍ ഈ പംക്തിക്ക് ശക്തി പകര്‍ന്നു തരുന്ന ഭാഷാ പണ്ഡിതന്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.
Comments
നല്ല ശ്രമം!
അഭിനന്ദനങ്ങള്‍
നന്ദി ടീച്ചർ