കൊഴിയുന്ന പൂക്കള്‍....
ജനിമൃതികളില്‍ അലഞ്ഞു ഞാനെത്തി,
സ്നേഹമാമീ താഴ്വരയില്‍.; കാണായ്
ഒരു കുന്നു സ്നേഹമുള്ളില്‍ വിരിയും
നൈര്‍മല്യം പടര്‍ത്തും ചില പൂക്കളെ...
ചിരിച്ചു ഞാന്‍ അവരൊന്നിച്ചൊരു വേള,
മറന്നു ഞാനെന്നെത്തന്നെ,യെന്‍ അസ്തിത്വവും...
പൂവില്‍ വിടരും പുഞ്ചിരിയെന്‍ കണ്ണീരൊപ്പവേ
ഞാനുമൊരു വെണ്മലരായ് മാറിയൊരു നേരം!
പൂക്കളൊക്കെ കൊഴിയും, ഇന്നല്ലെങ്കില്‍ നാളെ,
ഈ ലോക സത്യം മറന്നു ഞാന്‍ മതിച്ചിരുന്നു...
ഒടുവിലെന്‍ പ്രിയ പൂ പൊഴിഞ്ഞു വീഴവേ
രക്താഭാമാം എന്നെ നോക്കിച്ചിരിപ്പൂ ലോകര്‍.
ഹൃദയത്തിലേറ്റ മുറിവുമായവന്‍
കൊഴിഞ്ഞു വീഴുന്നെന്‍ സ്വപ്നങ്ങളില്‍ നിന്നും...
ഒരിളം നനവെന്‍ മെയ്യില്‍ പതിയവേ, ഞാന-
റിയുന്നു, മുറിഞ്ഞതെന്‍ ഹൃത്തെന്ന പൊരുള്‍!!!
ചിരിക്കാനെനിക്കിനി കഴിയില്ല,യെന്‍ മേനി
സൂര്യകിരണങ്ങള്‍ കരിച്ചു കളഞ്ഞുവോ;
അതോ അകാലത്തില്‍ പൊഴിഞ്ഞ മഞ്ഞില്‍
തണുത്തുറച്ചു പോയോ, എനിക്കറിവതില്ല...
പ്രജ്ഞ നഷ്ടമാകുമീ വേളയില്‍ പോലുമെന്‍
മനസ്സില്‍ നിറഞ്ഞു നില്പൂ, പുഞ്ചിരി തൂകുമെന്‍
പ്രിയനാം പൂവിന്‍ നിറവും ഗന്ധവും കാന്തിയും
ചെറു കാറ്റിലാടിയുലയുമവന്‍ തന്‍ മേനിയും...
ഇല്ല ഞാന്‍ മരിക്കില്ല, അവനുമില്ല മരണം
പരസ്പര പൂരകങ്ങളായി ഞങ്ങള്‍ വീണ്ടും
ജനിക്കും; ലോകത്ത് വിരിയുന്നോരോരോ
പൂവിന്നുള്ളിലും... അന്നുമിന്നും എന്നും..
Comments
ചിലര്‍ സുഗന്ധം പരത്തി , ചിലര്‍ ദുര്‍ഗന്ധം പരത്തി
ചിലര്‍ കാല നിയോഗങ്ങളില്‍ പെട്ട് വാടി കൊഴിഞ്ഞ് ..
ചില താഴ്വാരങ്ങളില്‍ കാലത്തിനതീതമായും
ചില പൂക്കള്‍ നില നില്‍ക്കും , താഴ്വാരമാകേ നിറഞ്ഞ് ..
എത്ര വസന്തങ്ങള്‍ വന്നാലും എത്ര കാലം മറിഞ്ഞാലും
വിടര്‍ന്ന് കൊഴിഞ്ഞ് പൊവതൊക്കെയും വീണ്ടും
വരും , ഞാനായും നീയായും പൂത്ത് തളിര്‍ക്കാന്‍ ......
സ്നേഹാദരങ്ങള്‍ ....!
ജീവനുള്ളവർ ഓരോന്ന് കാണുന്നു - ചിന്തിക്കുന്നു -
നമ്മൾ അതിലെ നൈമിഷിക കണികകൾ മാത്രം
എന്ന തിരിച്ചറിവിനെ സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു -
'നല്ലെഴുത്ത് നിഷ'
ആശംസകൾ
ആശംസകള്‍
ഒരുപാട് കാര്യങ്ങൾ വെറും രണ്ട് വരിയിലൊതുക്കി. വൈകിയാണെങ്കിലും എല്ലാ വിധ ആശംസകളും നേരുന്നു.