താങ്ക് യു!

ജീവിതത്തില്‍ മറക്കാനാവാത്ത പല അനുഭവങ്ങളും നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും. ചില വിഷമ സന്ധികളില്‍ പെട്ടുഴലുമ്പോള്‍ , എവിടെന്നിന്നെന്നറിയാതെ, ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട്, നമ്മുടെ വിഷമങ്ങള്‍ തരണം ചെയ്യാന്‍ നമ്മെ സഹായിച്ച്, യാതൊരു ഫലേച്ഛയും ഇല്ലാതെ, വന്നത് പോലെ തന്നെ തിരിച്ചു പോകുന്ന പുണ്യാത്മാക്കള്‍ നമ്മില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ടാവാം - അവരുടെ ചിത്രം ദൈവത്തിന്‍റെ ചിത്രത്തിനൊപ്പം തന്നെ നമ്മുടെ മനസ്സുകളില്‍ സ്ഥാനം നേടിയിട്ടുമുണ്ടാകാം. കൃതാര്‍ത്ഥയോടെയല്ലാതെ അവരെ നമുക്ക് ഓര്‍ക്കാനും കഴിയില്ല. മനസ്സു കൊണ്ടെങ്കിലും നാം അവരോട് നിത്യവും 'താങ്ക് യു' എന്ന്‍ പറയുന്നുണ്ടാവും, അല്ലെ?

എന്‍റെ ജീവിതത്തിലും പല വിഷമ ഘട്ടങ്ങളുണ്ടായിട്ടുണ്ട് - അവയെല്ലാം തരണം ചെയ്യാന്‍ എന്നെ പലരും സഹായിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നിപ്പോള്‍ ഞാനിവിടെ പറയാനുദ്ദേശിക്കുന്നത് അവരെ കുറിച്ചൊന്നുമല്ല - മറിച്ച് നിത്യ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടാറുള്ള ചില മുഖങ്ങളെക്കുറിച്ചാണ്.

കടയില്‍ പച്ചക്കറിയും സാമാനങ്ങളും എടുത്ത് തരുന്നവര്‍, ഓട്ടോ ഡ്രൈവര്‍, പരിചയമില്ലാത്ത സ്ഥലത്ത് വഴി അറിയാതെ സംശയിച്ചു നില്‍ക്കുന്ന നേരത്ത് ശരിയായ വഴി പറഞ്ഞു തന്നിട്ടുള്ള ആളുകള്‍, വീട്ടിലെ വേസ്റ്റ് എടുക്കാന്‍ വരുന്ന ചേച്ചിമാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഹോസ്പിറ്റലിലെ നേഴ്സ്മാര്‍, ഹോട്ടലിലെ വൈറ്റര്‍, എന്ന് വേണ്ട, എനിക്ക് ചെറിയ എന്തെങ്കിലും സഹായം നല്കുന്നവരോട് ഞാന്‍ എപ്പോഴും പറയാറുള്ള വാക്കാണ്‌ 'താങ്ക് യു' എന്നത്. തീരെ പ്രതീക്ഷിക്കാത്ത ഈ നന്ദി പ്രകടനം കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന അദ്ഭുതവും ആനന്ദവും കാണുമ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നാറ്. യാന്ത്രികമായി ചെയ്തു കൊണ്ടിരുന്ന ജോലിയില്‍ നിന്നും അവര്‍ ഒരു നിമിഷം തലയുയര്‍ത്തി നോക്കി, തിരിച്ചു നല്‍ക്കുന്ന ആ മന്ദസ്മിതത്തിന് പൊന്നിനേക്കാള്‍ വിലയുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

സമൂഹത്തിലെ താഴെക്കിടയില്‍ എന്ന്‍ നാം കരുതിപ്പോരുന്ന ആളുകളോടാണ് ഈ 'താങ്ക് യു' പറഞ്ഞതെങ്കില്‍ അവരുടെ മുഖത്ത് ആദ്യം മിന്നിമറയുന്ന വികാരം അവിശ്വസനീയതയാണ്. ചെറിയൊരു നടുക്കത്തോടെ എന്‍റെ മുഖത്തേയ്ക്ക് നീളുന്ന മൌനമായ ചോദ്യങ്ങള്‍ എന്‍റെ മുഖത്തെ പുഞ്ചിരി കാണുന്നതോടെ ഇല്ലാതാവുന്നതും ഞാനറിയാറുണ്ട്‌..; അവരെ അംഗീകരിക്കുമ്പോള്‍, അവരുടെ ചെറിയ ചെറിയ സഹായങ്ങള്‍ എനിക്ക് എത്ര വലുതാണെന്ന് ഞാന്‍ മനസ്സിലാക്കുമ്പോള്‍ അതിനു പകരം നല്‍കുന്ന 'താങ്ക് യു' എന്ന വാക്കിന് എത്ര മൂല്യമാണുള്ളതെന്ന് ഞാന്‍ അറിയുന്നു.

ജീവിതത്തിലെ വലിയ വലിയ കാര്യങ്ങള്‍ നാം ഒരിക്കലും മറക്കില്ലായിരിക്കാം - നമുക്ക് വല്യ സഹായം ചെയ്ത് തന്നവരേയും നാം മറക്കില്ല. എന്നാല്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ദിനം പ്രതി നമുക്കായി ചെയ്യുന്നവര്‍ക്കും ചിലപ്പോഴെങ്കിലും ഒരു 'താങ്ക് യു' പറഞ്ഞു നോക്കു - അത് അവര്‍ക്ക് മാത്രമല്ല, നമുക്കും ഏറെ സന്തോഷം പകരും. അത്രയധികം ശക്തിയുണ്ട് ഈ പദങ്ങള്‍ക്ക് !!! ഞാന്‍ അതിന്‍റെ സുഖവും സന്തോഷവും അറിയുന്നു - നിങ്ങള്‍ക്കും അതറിയണം എന്നുണ്ടോ? എങ്കില്‍ സാധാരണ നാം കണ്ടില്ലെന്നു നടിക്കാറുള്ള, നമുക്ക് ചെറിയ ചെറിയ സഹായം ചെയ്ത ആളിനോട് ഒരിക്കലെങ്കിലും മനസ്സ് തുറന്നു പറഞ്ഞു നോക്കു - 'താങ്ക് യു' എന്ന്‍ !!! ആ സന്തോഷം നേരിട്ടനുഭവിച്ചറിയാം.PS: മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പും നീലക്കുയില്‍ മീഡിയ, ജയസൂര്യ ഓണ്‍ലൈന്‍ എന്നിവയും സംയുക്തമായി 'താങ്ക് യു' എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തുന്ന മത്സരത്തിനു വേണ്ടി എഴുതിയത്. ഈ ഗ്രൂപ്പിനേയും സിനിമയേയും പറ്റി കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക. 

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് - https://www.facebook.com/groups/malayalamblogwriters

Thank You - https://www.facebook.com/ThankYouMMovie

Comments

 1. ദാഹിച്ച് വീഴുമ്പൊള്‍ ഒരിറ്റ് വെള്ളം നല്‍കി
  ഒരു കൈയ്യ് താങ്ങ് നല്‍കി നമ്മേയുണര്‍ത്തി
  എങ്ങൊ പൊയ് മറയുന്ന ഒട്ടനവധി മനുഷ്യരിലാണ്
  നാം ദൈവത്തേ കാണേണ്ടത് , ഒരു നന്ദി വാക്ക് പൊലും
  പറയാനുള്ള അവസരം നല്‍കാതെ അവരെങ്ങൊ മറയുമ്പൊള്‍
  ദൈവീകം എന്നത് സ്നേഹമാണെന്നും അതു ഹൃദയത്തിങ്കലാണെന്നും
  നമ്മേ കാലം ബോധ്യപെടുത്തുന്നുണ്ട് . മനസ്സ് തുറന്ന് ഒരു നന്ദി വാക്ക്
  പറയാന്‍ നാം പഠിക്കണം , ആദ്യം ജന്മമേകിയ മാതാപിതാക്കളോടുള്ള
  പ്രവര്‍ത്തിയില്‍ നിന്നു തന്നെ തുടങ്ങണം , ഒന്നും നഷ്ടപെടാനില്ലാഞ്ഞിട്ടും
  " താങ്ക്യൂ " എന്നൊരു വാക്ക് പറയാന്‍ പിശുക്ക് കാട്ടുന്ന മനസ്സുകളാണധികവും
  ഇതു പറയുമ്പൊള്‍ ഒരു കാര്യം ഓര്‍മ വന്നു , ഇവിടെ അടുത്തൊരു -
  സ്ഥാപനത്തില്‍ കേറി ചെല്ലുമ്പൊള്‍ തന്നെ ഒരു " ബോര്‍ഡ് " കാണാം
  " ദിസ് കമ്പനി ഈസ് റണ്ണിംഗ് വിത്ത് മണി നോട്ട് വിത്ത് ത്യാങ്ക് സ് " എന്ന് ..
  ഹൃദയം തുറന്ന് നന്ദി വാക്ക് പറയുവാന്‍ നമ്മുക്കാകട്ടെ
  അതെതു കുഞ്ഞു കാര്യത്തിനായാലും ..!

  ReplyDelete
 2. പൊതുവെ മലയാളികള്‍ക്ക് താങ്ക് യൂ പറയാന്‍ മടിയുണ്ടെന്ന് കണ്ടിട്ടുണ്ട്

  ReplyDelete
  Replies
  1. അത് ശരിയാണ് അജിത്തേട്ടാ.

   ഇവിടെ ബസ്സില്‍ നിന്നിറങ്ങി പോകുമ്പോള്‍ ഡ്രൈവറോട് നന്ദി പറഞ്ഞിട്ടാണ് ഇറങ്ങുന്നത്. സുരക്ഷിതമായി നമ്മളെ എത്തിച്ചില്ലേ, നന്ദി പറയേണ്ടേ?

   Delete
 3. താങ്ക്യൂ മാത്രമല്ല സോറി പറയാനും മലയാളിക്ക് മടിയാണ്

  ReplyDelete
 4. എന്തിനേറെ നന്ദി,ക്ഷമിക്കൂ എന്നുപറയാന്‍ പറ്റിയില്ലെങ്കിലും ഭാവഹാവാദികള്‍ കൊണ്ടെങ്കിലും......
  ആശംസകള്‍

  ReplyDelete
 5. -ഇത്രയും വായിച്ചിട്ട് ഒരു Thank You പറയാതെ എങ്ങനാ പോന്നേ ..ഇരിക്കട്ടെ ഒരു ..'THANK YOU'

  ReplyDelete
 6. നല്ല ചിന്തകള്‍ പകര്‍ന്നതിന് നന്ദി...

  ReplyDelete
 7. ഉപകാരസ്മരണ അത് മലയാളികള്‍ക്ക് മടിയാണ് പ്രകടിപ്പിക്കാന്‍ പക്ഷേ വേണ്ടുവോളം ഉള്ളിലുണ്ട്.
  ഇംഗ്ലീഷ് അറിയാം എന്നാലും പറയാന്‍ മടിക്കുന്ന,എന്തിനോ പേടിക്കുന്ന മലയാളികളെപോലെ. എന്തോ.

  ReplyDelete
 8. താങ്ക്യൂ....
  ഇത്തരം പെരുമാറ്റ മര്യാദകള്‍ പലതും വെള്ളക്കാരില്‍നിന്നാണ് പഠിക്കുന്നത്.

  ReplyDelete
 9. നന്ദി ആയാലും മാപ്പായാലും അത് ഉള്ളിൽ തട്ടി പറയണം എന്ന് മലയാളി വിചാരിക്കുന്നുണ്ടെങ്കിൽ ഞാൻ തെറ്റ് പറയില്ല കാരണം, അപ്പോൾ പറയുന്ന സന്ദര്ഭം ഒര്തിരിക്കുന്നതാണ് കൂടുതൽ താങ്ക്സ് പറഞ്ഞു മറക്കുന്നതിനെക്കാൾ നല്ലത്

  ReplyDelete
 10. ഔപചാരികതക്ക് വേണ്ടി "താങ്ക് യൂ ""വെല്കം " എന്നൊക്കെ പറയുന്നതിനേക്കാൾ നല്ലതല്ലേ മനസ്സിൽ ആത്മാർത്ഥതയോടെ പറയുന്നതല്ലേ നല്ലതല്ലേ അല്ലെ ആണോ .. ആവുമായിരുക്കും അല്ലെ..

  നന്ദി...

  ReplyDelete
 11. ഞാനിഷ്ടപ്പെടുന്ന ഒരു സാറുണ്ട്‌ ബഹറിനിൽ ..ജോണ്‍ പനക്കൽ സർ...മനശാസ്ത്രജ്ഞൻ അദ്ദേഹം പലപ്പോഴും പറയാറുണ്ട്‌ ..ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ പറയേണ്ടത് നന്ദിയാണ് എന്ന് .കാരണം നന്ദി പറച്ചിൽ നമ്മുടെ ഹൃദയത്തിൽ നിന്നാണ് വരുന്നത് ..

  ReplyDelete
 12. നല്ല ചിന്തകള്‍..,, ആശംസകള്‍

  ReplyDelete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും