ഓര്‍മകളിലേക്ക് ഒരെത്തിനോട്ടം

ഏറെക്കാലങ്ങള്‍ക്കു ശേഷം തീരെ നിനച്ചിരിക്കാതെയാണ് ഷാഫിക്കയുടെ ഓര്‍മ്മകള്‍ ഇന്നെന്‍റെ മനസ്സിലേക്കിരച്ചു കയറിയത്. ആ ഓര്‍മ്മകള്‍ മനസ്സില്‍ പതിഞ്ഞതും കുറ്റബോധം കൊണ്ട് മനസ്സ് പിടഞ്ഞു:" ഇത്രയും ദിവസം ഇങ്ങനെയൊരാളെ ഓര്‍ക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിഞ്ഞു??? " അദ്ഭുതം തന്നെ!!!

ആലോചിക്കും തോറും അദ്ഭുതം  ഏറുകയാണ് - ഷാഫിക്കയെക്കുറിച്ച് എത്ര കുറച്ചാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്!!! അല്ലെങ്കില്‍ തന്നെ ഒരു ജീവിതകാലം മുഴുവനുമുണ്ടായിട്ടും നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാനാവുന്നില്ല - പിന്നെയല്ലേ മറ്റുള്ളവരെ!!!

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എല്ലാം ഒരു സിനിമാ കഥ പോലെ തോന്നുന്നു. ഇക്ക എന്‍റെ ജീവിതത്തിലേക്ക് വന്നതും കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചതും, ഒടുവില്‍ ഒന്നും പറയാതെ എന്‍റെ ജീവിതത്തില്‍ നിന്നും മാഞ്ഞു പോയതുമൊക്കെ ശരിക്കും നടന്ന സംഭവങ്ങള്‍ തന്നെയാണോ എന്ന്‍ ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്... ഇതൊക്കെ ഞാന്‍ കണ്ട ഒരു സ്വപ്നമാവും എന്ന്‍ ചിലപ്പോള്‍ മനസ്സ് പറയാറുമുണ്ട്.

ഇന്നിപ്പോള്‍, ഇല്ലത്തെ തട്ടിന്‍പുറത്ത് പൊടിപിടിച്ചു കിടക്കുന്ന കാല്‍പെട്ടിയില്‍  പഴയ കൂട്ടുകാരുടെ കത്തുകള്‍ കണ്ടെത്തിയത് തികച്ചും യാദൃശ്ചികമായാണ്. പഴയ സ്മരണകള്‍ അയവിറക്കാന്‍ അവ എടുത്തു നോക്കവേയാണ് നല്ല വടിവൊത്ത കൈയ്യക്ഷരത്തില്‍ എഴുതിയ ഒരു കെട്ട് കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവ പൊടി തട്ടിയെടുത്തപ്പോള്‍ നിറം മങ്ങിത്തുടങ്ങിയ ആ ഏടുകള്‍ക്ക് മാത്രമല്ല, എന്‍റെ ഓര്‍മകള്‍ക്കും ജീവന്‍ വെച്ച പോലെ...

ഓരോന്നായ് അവ വായിച്ചു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു ശൂന്യത! 'ഷാഫിക്കയെ ഒരിക്കല്‍ കൂടി കാണാനായെങ്കില്‍' എന്നൊരു വ്യാമോഹവും മനസ്സില്‍ എവിടെയോ നാമ്പിട്ടു! കാലമെത്ര കഴിഞ്ഞിരിക്കുന്നു തമ്മില്‍ കണ്ടിട്ട്!!! ഇനിയിപ്പോള്‍ എവിടെ വെച്ചെങ്കിലും കണ്ടാല്‍ പരസ്പരം തിരിച്ചറിയുമോ??? ഉണ്ടാവില്ല - എന്‍റെ മനസ്സിലുള്ള ചിത്രം ഏറെ പഴകിയതാണ് - അതിന് വ്യക്തമായ ഛായയോ രൂപമോ ഒന്നുമില്ല - ഒരു നിഴല്‍ പോലെയൊരാള്‍.; ആ മുഖവും വ്യക്തമല്ല!

ഷാഫിക്കയുടെ മനസ്സിലെ ഞാന്‍ തുള്ളിച്ചാടി നടക്കുന്ന, മെലിഞ്ഞുണങ്ങിയ ഒരു പാവാടക്കാരിയാവും. ഇന്നത്തെ എന്നെ സങ്കല്പത്തില്‍ പോലും കണ്ടിരിക്കില്ല. എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാല്‍, പരസ്പരം തിരിച്ചറിഞ്ഞാല്‍, എന്തായിരിക്കും പ്രതികരണം??? ഏറെ കാലം കഴിഞ്ഞ് കണ്ടുമുട്ടുന്നവര്‍ എങ്ങനെ പരസ്പരം അറിയും? ഞങ്ങള്‍ തികച്ചും അപരിചിതരെപ്പോലെയാകും പെരുമാറുകയെങ്കിലോ!!! ഈ വക ചിന്തകള്‍ എന്നെ മഥിച്ചെങ്കിലും ഉള്ളിന്‍റെയുള്ളില്‍ ഷാഫിക്കയെ ഒരിക്കല്‍ കൂടി കാണണമെന്ന ആഗ്രഹം ശക്തമാവുന്നത് ഞാനറിഞ്ഞു.

ഓര്‍മ്മകള്‍ ദശാബ്ദങ്ങള്‍ പിന്നോട്ട് പായുമ്പോള്‍ ഒരു കൊച്ചു പാവാടക്കാരി ആഹ്ലാദത്തോടെ നടന്നടുക്കുന്നു.... അഞ്ചിലോ ആറിലോ പഠിക്കുന്ന അവള്‍ ഒരു കത്ത് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ്. തന്‍റെ സന്തോഷം ലോകത്തോടുമുഴുവന്‍ വിളിച്ചുപറയാന്‍ അവള്‍ വെമ്പി - ആ കത്തിലെ ഓരോ വരികളിലും സ്നേഹവും കരുതലും തുളുമ്പി നില്‍ക്കുന്നത് അവളനുഭവിച്ചറിഞ്ഞു - ഇതുവരെ അറിയാത്ത ഒരു പ്രത്യേക സ്നേഹത്തിന്‍റെ ബാക്കി പത്രമായ ആ കത്തുകള്‍ ഇന്ന്‍ എന്നെ നോക്കി പല്ലിളിക്കുന്നു....

സത്യത്തില്‍ ആ കത്തുകള്‍ വരാതായത് എന്നുമുതല്‍ക്കാണെന്നോ, അതിനുള്ള കാരണം എന്താണെന്നോ ഇന്നും എനിക്കറിയില്ല. ജീവിതയാത്രയില്‍ മുന്നേറാന്‍ വെമ്പി നിന്ന ഞാന്‍ ആ കത്തുകളുടെ ഇടവേള കൂടിയതും അവയുടെ വരവ് പാടെ നിന്നതും അറിഞ്ഞതേയില്ല എന്ന്  ഇപ്പോള്‍ തോന്നുന്നു. ഇടയ്ക്കെപ്പോഴോ ഞാനെഴുതിയ കത്തുകള്‍ക്ക് മറുപടി കിട്ടാതായപ്പോള്‍ ആ പതിവും നിന്നു പോയ്‌...; പകരം വേറെ കത്തുകള്‍ എന്‍റെ വിലാസത്തില്‍ എന്നെ തേടി വരാന്‍ തുടങ്ങിയപ്പോള്‍ ഷാഫിക്കയുടെ കത്തുകള്‍ക്കായുള്ള കാത്തിരിപ്പും ഇല്ലാതായി....

എന്‍റെ കത്തുകള്‍ക്കായ് ഷാഫിക്ക കാത്തിരുന്നിരുന്നുവോ ??? അറിയില്ല!

ഏറെ വിചിത്രമായിരുന്നു ഞങ്ങളുടെ ബന്ധം! സ്നേഹബന്ധങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം (അതോ അര്‍ത്ഥമില്ലായ്മയോ) അറിയാത്ത കാലത്ത് തികച്ചും അപരിചിതനായ ഒരു വ്യക്തി എത്ര പെട്ടന്നാണ് എനിക്ക് പ്രിയപ്പെട്ടവനായി മാറിയത്! ഞങ്ങള്‍ക്കിടയില്‍ ജാതി, മതം, പ്രായം, ഭാഷ, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഘടകങ്ങളൊന്നും ഒരു തടസ്സവും സൃഷ്ടിച്ചില്ല - ഉദാത്തമായ സ്നേഹം മാത്രമായിരുന്നു - ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹം!!!

ഇന്നായിരുന്നു ഞാന്‍ ഷാഫിക്കയെ ആദ്യമായി കണ്ടുമുട്ടിയിരുന്നതെങ്കില്‍ ഒരു പക്ഷേ ഇതൊന്നും ഉണ്ടാവില്ലായിരുന്നു എന്ന്‍ തോന്നുന്നു. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു ബന്ധം എങ്ങിനെ വളരാനാണ്‌? എല്ലാവരെയും സംശയദൃഷ്ടിയോടെ മാത്രം നോക്കി കാണാന്‍ പ്രേരിപ്പിക്കുന്ന ഇക്കാലത്ത് ഞങ്ങളുടെ ബന്ധത്തിന് ലോകം എന്തൊക്കെ നിറങ്ങള്‍ നല്‍കിയേനെ!!!

അഞ്ചെട്ടാണ്‍മക്കള്‍ മാത്രമുള്ള ഒരു വീട്ടില്‍ അല്‍പ നേരത്തേയ്ക്ക് മാത്രം അതിഥിയായി എത്തുന്ന അപരിചിതയായ ഒരു പെണ്‍കുട്ടിയെ സ്വന്തം പോലെ കരുതാന്‍ എത്ര പേര്‍ക്ക് കഴിയും??? യാതൊരു ബന്ധവും ഇല്ലെങ്കിലും അവളുടെ നന്മയും ക്ഷേമവും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുവാന്‍ ആര്‍ക്കാണ് കഴിയുക? നൂറായിരം കിലോമീറ്ററുകള്‍ താണ്ടി അവളെക്കാണാന്‍ അവന്‍ വരുമ്പോള്‍ ആ വരവിനെ നന്മയുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ ആര്‍ക്ക് കഴിയും? അവര്‍ രണ്ടു മതസ്ഥര്‍ കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും!

ഇങ്ങനെയൊക്കെ ആലോചനകള്‍ കാടുകയറിയപ്പോള്‍ എനിക്ക് തോന്നി - ഞാന്‍ ഷാഫിക്കയെ കണ്ടുമുട്ടിയത് പണ്ടായത് നന്നായിയെന്ന്.
അല്ലെങ്കില്‍ ഒരുപക്ഷേ, ഞാന്‍ പോലും ആ നല്ല മനസിനെ കാണാതെ പോയേനേ... മൈലുകള്‍ താണ്ടി എന്നെക്കാണാന്‍ വേണ്ടി മാത്രം അദ്ദേഹം വരുമ്പോള്‍ തുള്ളിച്ചാടുന്നതിനു പകരം സംശയത്തിന്‍റെ വാള്‍മുന കൊണ്ട് അദ്ദേഹത്തെ മുറിവേല്‍പ്പിച്ചേനേ! എന്‍റെ ചുറ്റുമുള്ളവര്‍ ഒരു ഹിന്ദുക്കുട്ടിയെ കാണാന്‍ ഇത്ര ദൂരെ നിന്നും ഒരു മുസ്ലിം ചെക്കന്‍ എന്തിനു വരുന്നു എന്ന്‍ അടക്കം പറഞ്ഞേനെ....

എന്തായാലും അക്കാലത്ത് മനുഷ്യമനസ്സുകള്‍ ഇത്രയും സങ്കുചിതമല്ലാതിരുന്നതിനാല്‍ അങ്ങനത്തെ ദുരനുഭവങ്ങള്‍ ഒന്നുംതന്നെയുണ്ടായില്ല. എങ്കിലും കാലപ്രവാഹത്തില്‍ ഞങ്ങളുടെ ബന്ധം ദൃഢമാകുന്നതിനു പകരം ശിഥിലമാവുകയാണുണ്ടായത്. പുതിയ കൂട്ടുകാരും, കോളേജും മറ്റുമായി ഞാനും, പുതിയ ജോലിയും താമസ സ്ഥലവും ഒക്കെയായി ഷാഫിക്കയും തിരക്കിലായി... ക്രമേണ ഞങ്ങള്‍ വീണ്ടും അപരിചിതരായിമാറി.

അദ്ദേഹം ഇന്നെവിടെയാണ്‌ എന്നെനിക്കറിയില്ല - എങ്ങിനെയുണ്ടെന്നും. ഇതുപോലെ ഓര്‍മ്മകള്‍ തള്ളിത്തിരക്കി വരുന്ന അപൂര്‍വ വേളകളില്‍ ഞാന്‍ ചിന്തിക്കാറുണ്ട് - ഷാഫിക്ക ഇടയ്ക്കെങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടാവുമോ?  ഉണ്ടെന്ന്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം ഷാഫിക്ക എനിക്കയച്ച കത്തുകളില്‍ ആര്‍ക്കും കാണാം അകമഴിഞ്ഞ സ്നേഹത്തിന്‍റെ അലകള്‍ - 'പ്രിയ അനിയത്തീ' എന്ന ആ ഒരു സംബോധന, അത് ഇനിയും ഒരിക്കല്‍ കൂടിയെങ്കിലും എന്നെ തേടി വരുമോ, ഷാഫിക്കയുടെ വടിവൊത്ത കൈപ്പടയില്‍??? ഉവ്വെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം!

ജീവിതം എനിക്ക് നല്‍കിയ ആ സ്നേഹധനനായ ഏട്ടന്‍റെ ഓര്‍മ എന്‍റെ ഉള്ളില്‍ ഒരിക്കലും മരിക്കില്ലെന്ന് ഞാനറിയുന്നു. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് അദ്ദേഹത്തെ കാണാനാവും എന്നും ഞാന്‍ പ്രത്യാശിക്കുന്നു. ആ മുഹൂര്‍ത്തത്തില്‍ ഒരിക്കല്‍ കൂടി ഷാഫിക്കയുടെ കുഞ്ഞനുജത്തിയാവാന്‍ എനിക്ക് കഴിയണേ എന്നും മനസ്സില്‍ നിന്നൊരു പ്രാര്‍ത്ഥനയുണരുന്നു...

വര: റിയാസ് ടി അലി 

മലയാളം ബ്ലോഗേഴ്സിന്‍റെ e-മഷി എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച രചനയാണിത്‌.

Comments

ചേച്ചീ,
വായിച്ചുതീര്‍ന്നപ്പോള്‍ ഷാഫിക്കയെ ഒന്നുകാണാന്‍ വല്ലാത്തൊരു ആഗ്രഹം... നല്ല ഓര്‍മകള്‍ക്ക് ഒരിക്കലും മരണമില്ല. നന്നായി പറഞ്ഞ ഒരോര്‍മക്കുറിപ്പ്...
© Mubi said…
ചിലരുണ്ട് നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന്, യാത്രപോലും പറയാതെ പിരിയുന്നവര്‍... ഷാഫിക്കയെ കാണാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...


ഹൃദയത്തെ അഗാധമായി സ്പർശിച്ചു പെട്ടെന്ന് അകന്നുപോയ ആ കൂട്ടുകാരനെ വീണ്ടും കാണാൻ ഇടവരട്ടെ എന്നാശംസ്സിക്കുന്നു .
ഷാഫിയെ കാണട്ടെ !!!!, സംഗതി കൊള്ളാം പക്ഷെ ആ പേര് ഇടയ്ക്കിടയ്ക് ഒരു കല്ലുകടി പോലെ ; ഷാഫിക്ക .. ഷാഫിക്ക ... ഒരു സുഖമില്ലായ്മ :)
ajith said…
ഓര്‍മ്മക്കുറിപ്പ് വായിച്ചു
Jefu Jailaf said…
നന്മയുള്ള കുറിപ്പ്.
Promodkp said…
ഷാഫിക്ക വരുമോ ?അതോ വന്നോ ?
RAGHU MENON said…
ഒരിക്കലും കൈവൈടിയുകയില്ല എന്ന് കരുതിയിരുന്ന പല കൂട്ടായ്മകളും
കാലം മാറ്റി കുറിക്കുന്നു
ഈ സ്നേഹവരികള്‍ " ഷാഫിക്ക " കാണാന്‍ ഇടയാകട്ടെ ..
ചിലര്‍ നാം പോലും അറിയാതെ നമ്മളിലേക്ക് വന്നു കേറും
നമ്മളിലൂടെ ജീവിച്ച് , കാലം നല്‍കുന്ന തിരക്കുകളില്‍
നമ്മളറിയാതെ പടിയിറങ്ങുകയും ചെയ്യും ...
നില നില്‍ക്കുന്ന സമയത്ത് അതേറ്റം സന്തൊഷമുള്ളതും
ഒരിക്കലും മുറിഞ്ഞ് പൊകാത്തതുമാകും , പക്ഷേ
എല്ലാമിതു പൊലെ ഒരിക്കല്‍ നമ്മളില്‍ നിന്നടരും ...
ഓര്‍മിക്കുവാന്‍ കാലം നല്‍കുന്ന ഇതുപൊലെയുള്ള
നല്ല മനസ്സുകള്‍ ഇന്നിന്റെ നഷ്ടമാണ് , ചിലര്‍ ആക്ഷേപമായി
ഉണ്ടെങ്കില്‍ കൂടി .. നല്ല ഓര്‍മകള്‍ മനസ്സില്‍ തങ്ങി നില്‍ക്കട്ടെ
ഇടക്കെടുത്തൊമനിക്കാന്‍ ഈ കലിയുഗ വേവില്‍ കുളിര്‍ പകരാന്‍ ..!
ഈ അക്ഷരങ്ങൾക്ക് ജീവനുണ്ട് നന്മ ഒരിക്കലും മരിക്കില്ല ...കാലം മാറി തുടങ്ങുമ്പോൾ സ്നേഹ ബന്ധങ്ങളും മാറി തുടങ്ങുന്നു . നന്മ നിറഞ്ഞ വരികൾക്ക് ഒരായിരം നന്മകൾ നേരുന്നു ഈ കുഞ്ഞു മയിൽപീലി
നല്ല പോസ്റ്റ്.
കാലം മാറി ഇപ്പൊള്‍ എല്ലാര്‍ക്കും എല്ലാരെയും സംശയം.
ആരെ വിശ്വസിക്കണം എന്നറിയില്ല.
നന്മയുള്ളവര്‍ ഉണ്ടോ എന്നറിയില്ല.
ആരുടെയും കുറ്റമല്ല.
അങ്ങനെയൊരു സമൂഹത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്
Cv Thankappan said…
നന്മയുടെ പ്രകാശം പരത്തുന്ന വരികള്‍.
കഥയ്ക്കനുയോജ്യമായ വര.കത്തുമായി നിഷ്ക്കളങ്കയായ ഭാവചലനങ്ങള്‍.
ആശംസകള്‍
നഷ്ടപെട്ട് പോയ നല്ല സൌഹൃദത്തിന്‍റെ ഓര്‍മ പുതുക്കല്‍ ആണ് .ഇത്തരം അനുഭവം ഓരോരുത്തര്‍ക്കും വെത്യസ്ഥ രീതിയില്‍ ഉണ്ടാവും അല്ലെ
ഷാഫിക്ക ഈ കുറിപ്പ് വായിക്കാന്‍ ഇട ആവട്ടെ വീണ്ടും ആ സൌഹൃദം പൂത്തുലയട്ടെ
ശ്രീ said…
അനുഭവമാണോ? ആണെങ്കില്‍ കറ കളഞ്ഞ സ്നേഹത്തിന്റെ സന്ദേശം നല്‍കുന്ന നല്ലൊരു ഓര്‍മ്മക്കുറിപ്പ് തന്നെ.

വരയും നന്നായി
നല്ലൊരു സൌഹൃദത്തിന്റെ ഓര്‍മയ്ക്ക് ..നല്ല എഴുത്ത് നന്മയുള്ള സൌഹൃദങ്ങള്‍ വിരിയട്ടെ ,
Nisha said…
നന്ദി റിയാസ്! ആ മോഹത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഈ പോസ്റ്റ് - എന്നെങ്കിലും കണ്ടെത്തും എന്ന്‍ വിശ്വസിക്കുന്നു..
Nisha said…
അവര്‍ ബാക്കി വെച്ച് പോകുന്ന ശൂന്യത വളരെ വലുതാണ്‌....; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി മുബി!
Nisha said…
നന്ദി, ഞാനും ആ ശുഭ ദിനം കാത്തിരിക്കുന്നു!
Nisha said…
ആ പേര് മാത്രമേ ഇപ്പോള്‍ കൃത്യമായി ഓര്‍മയില്‍ ബാക്കിയുള്ളൂ എന്നതിനാലാവാം....

നന്ദി നിധീഷ്!
Nisha said…
വളരെ നന്ദി അജിത്തേട്ടാ...
Nisha said…
നന്ദി ജെഫു, ഈ നല്ല വാക്കുകള്‍ക്ക്
Nisha said…
വന്നിട്ടില്ല ഇത് വരെ, വരുമെന്ന പ്രതീക്ഷയിലാണ്....
Nisha said…
അതേ, കാലത്തിന്‍റെ കളികള്‍ക്ക് മുന്നില്‍ നാം വെറും പാവകള്‍
Nisha said…
നന്ദി റിനി... ഞാനും ആശിക്കുന്നു ഈ വരികള്‍ അദ്ദേഹം കാണാന്‍ ഇടയാകട്ടെ എന്ന്‍...
Nisha said…
നന്മ ഒരിക്കലും മരിക്കില്ല.... ആ അറിവാണ് പലപ്പോഴും മുന്നോട്ട് നയിക്കുന്നത്...നന്ദി
Nisha said…
അതേ, വളരെ പരിതാപകരമായ ഒരവസ്ഥയാണ് ഇന്നത്തേത് - ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാതിരിക്കും എന്ന്‍ ചിന്തിച്ചു വിഷമിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ വീണ്ടും ഉയര്‍ന്നു പൊങ്ങുന്നു ...
Nisha said…
വളരെ നന്ദി! വരയുടെ അംഗീകാരം പ്രിയ സോദരന്‍ റിയാസിനുള്ളതാണ് - മനസ്സിലെ ചിത്രം അതേപടി വരയില്‍ തെളിച്ചു തന്നതിന്
Nisha said…
നന്ദി മൂസാക്കാ... ഷാഫിക്കയെ എന്നെങ്കിലും വീണ്ടും കാണാനാവും എന്ന പ്രതീക്ഷയുണ്ട്...
Nisha said…
അതേ, അനുഭവം തന്നെ! നന്ദി!,

വരയുടെ ക്രെഡിറ്റ് റിയാസിനുള്ളതാണ്...
Nisha said…
വളരെ നന്ദി ആചാര്യന്‍!; നന്മകള്‍ വിടരട്ടെ, എങ്ങുമെങ്ങും...

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....