നില്‍ക്കുകയാണിപ്പോഴും...

നാടു ഭരിക്കുമാലയത്തിനു മുന്നിലായ്
ന്യായമാം നീതി തന്‍  പ്രസാദത്തിന്നായ്
നില്‍ക്കുവാന്‍ തുടങ്ങിയിട്ടേറെ നാളായ്
നിസ്സഹായരാം പ്രാണന്മാര്‍ രാപ്പകലുകളായ്...

ദിനരാത്രങ്ങള്‍ മാറിമറിഞ്ഞു, ഋതുക്കളും
പതിവിന്‍ പടി മാറി വരുന്നുണ്ടിവിടെ
മാറ്റമില്ലാത്തതൊന്നു മാത്രമിന്നുമീയ-
ശരണരുടെ രോദനം കേള്‍ക്കാത്ത കാതുകള്‍

വേണ്ടയിവര്‍ക്കു മണി മന്ദിരങ്ങള്‍, വേണ്ട-
തില്ലയൊട്ടും പച്ച നോട്ടിന്‍ പടപടപ്പ്‌;
വേണ്ടതൊന്നുമാത്രം - അമ്മയാം ഭൂമിതന്‍
തണലില്‍ തലചായ്ക്കാനുള്ള സുകൃതം!

കാലുകള്‍ കഴയ്ക്കുന്നു, കുഴയുന്നു....
കൂട്ടത്തിലിണ്ടിവിടെ നില്‍ക്കുന്നു
പിഞ്ചു കാലുകള്‍, തളര്‍ന്നെങ്കിലും
വീര്യമൊട്ടും ചോര്‍ന്നിടാതെ...

ഈ നില്പു കാണുവാന്‍ കണ്ണില്ലാത്തവരേറെ
ഈ രോദനം കേള്‍പ്പാന്‍ ചെവിയില്ലാത്തവര്‍
നിന്നുനിന്നവര്‍ കുഴഞ്ഞു വീഴുമെന്ന വ്യാമോഹമോ
സപ്രമഞ്ചത്തില്‍ വാഴുന്നവര്‍ക്കുള്ളില്‍???

കാടിന്‍റെ മക്കളെന്നു പേരു നല്‍കിയെന്നാകിലും,
ഈ നാടിന്‍റെ മക്കള്‍ താന്‍  ഇവരുമെന്നു നാം മറക്കേ...
കഴയ്ക്കുന്ന കാലും തളരാത്ത മനസ്സും പേറി
ഇവര്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടവിടെ, നീതിയ്ക്കായ്

സഹജീവികളെച്ചൊല്ലി പരിതപിക്കാനെങ്കിലും
സാഹസമോടെ വന്നണഞ്ഞു ചിലരെങ്കിലും...
എന്നിട്ടും തുറക്കുന്നില്ല വാതിലൊരിഞ്ചു പോലും
മനുഷ്യത്വത്തിന്‍ ഹൃത്തിലും നാടുവാഴും കോവിലിലും...

ഒരു പിടി ജന്മങ്ങള്‍ കാറ്റും വെയിലുമേറ്റിപ്പോഴും
നില്‍ക്കുന്നുണ്ടാ പടിവാതിലില്‍ നീതി തേടി;
ഓര്‍ക്കുക വല്ലപ്പോഴും ഹേ മനുഷ്യാ... ചെറു
ശ്വാസമൊന്നു നിലച്ചാല്‍ തീരും നിന്‍ ജീവനും

എന്നെയും നിന്നെയും പോലെയീ മണ്ണില്‍
സ്വതന്ത്രരായ് വാഴുവാനുണ്ടവര്‍ക്കുമവകാശം
കൈരളിയാം അമ്മതന്‍ മക്കളാണിവരും;
അതിനിയുമറിയില്ലെന്നു നടിച്ചിടാതെ നീ...

നിന്നുകുഴഞ്ഞു മരിച്ചു വീഴും ഈ സമര വീര്യമെന്ന
വ്യാമോഹം നിന്നിലെയഹങ്കാരത്തിനു തുണയായ്
നിന്‍ കാതുകളെയും കണ്‍കളേയുമെന്നെന്നേയ്ക്കും
കൊട്ടിയടയ്ക്കും മുന്‍പൊരിക്കല്‍ മാത്രമെങ്കിലും

അധികാരത്തിന്‍ മത്തു പിടിച്ച കണ്ണുകളാലല്ലാതെ
ബന്ധിതമാം ബുദ്ധിയോടെയല്ലാതെ, നിര്‍ജ്ജീവമാം
മനസ്സോടെയല്ലാതെയൊരു മാത്രയെങ്കിലുമീ
ആശരണര്‍ക്കു നേരെ സ്നേഹത്തിന്‍ കണ്‍ തുറക്കൂ...Comments

വാക്കും നോക്കും ഭരണവും നിന്ന് പോകുമ്പോൾ നില്ക്കപ്പെടാൻ വിധിക്കപ്പെടുന്നവർ
വരികളുടെ പൊള്ളുന്ന താളം
Cv Thankappan said…
ഹൃദയസ്പര്‍ശിയായ വരികള്‍........
കണ്ണും കാതും കൊട്ടിയടച്ച് പച്ചനോട്ടിന്റെ പളപളപ്പില്‍ കഴിയുന്നവരെ ഉണര്‍ത്താന്‍ കണ്ണും കാതും കൊത്തിയരിയുന്ന ആരവങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു....
വേദനിക്കുന്ന മനസ്സുകളുടെ രോദനം വരികളില്‍ ഭദ്രം.
Nisha said…
Thanks for your unconditional support, Mohanetta!
Nisha said…
ആ പൊള്ളല്‍ നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് മാത്രമേ അനുഭവപ്പെടുന്നുള്ളൂ എന്നതാണ് കഷ്ടം!
Nisha said…
നന്ദി തങ്കപ്പേട്ടാ...
Nisha said…
ഈ രോദനം കേള്‍ക്കേണ്ടവര്‍ കേള്‍ക്കാതിരിക്കുകയും കാണേണ്ടവര്‍ കാണാതിരിക്കുകയും ചെയ്യുന്നതിനാലാണ് വരികളില്‍ ഒതുങ്ങിപ്പോകുന്നത്, അല്ലേ?
സമരം വിജയിക്കട്ടെ ,,, എല്ലാ കാലത്തും പ്രസക്തമായ വരികൾ .. അശരണർക്ക് വേണ്ടി തുറക്കാത്ത കണ്ണുകളിലും കാതുകളിലും കാഴ്ചയും കേൾവിയും ഉണ്ടെന്നു അവകാശപ്പെട്ടിട്ടെന്തു കാര്യം ?
Risha Rasheed said…
കാലിലെ പൊള്ളല്‍ നെഞ്ചിലേക്കും പകര്‍ന്നു..rr
കെട്ടു പോയ വെളിച്ചങ്ങൾക്കിടയിൽ
തിരി വെളിച്ചമായ്
അക്ഷരങ്ങളെ തുറന്നു വിടൂ..
നമുക്ക് കൂടെ നില്ക്കാം..
Anonymous said…
ഹേ മനുഷ്യാ... ചെറു
ശ്വാസമൊന്നു നിലച്ചാല്‍ തീരും നിന്‍ ജീവനും.......
Bipin said…
എന്ത് പറയാൻ? നിസ്സഹായരായി ആ നിൽപ്പ് നോക്കി നിൽക്കുന്നു.
നിസ്സഹായതയും,വേദനയും, ദ്വേഷ്യവും,സങ്കടവും എല്ലാം ആ വരികളിൽ നന്നായി പ്രതിഫലിയ്ക്കുന്നു.
roopz said…
Salute and prayers
സമരങ്ങളെ രാഷ്ട്രീയമായി ന്യായീകരിക്കുമ്പോഴും ഉപയോഗപ്പെടുത്തുമ്പോഴും നഷ്ടപ്പെടുന്നത്‌ സമരങ്ങളുടെ ആത്മാവാണ്‌. ക്രിയാത്മകമായ സമരങ്ങള്‍പോലും നാളെ ജനങ്ങള്‍ പുച്ഛത്തോടെ നോക്കികാണുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കപ്പെടും. എല്ലാ സമരങ്ങളും വെറും കാട്ടിക്കൂട്ടലുകളാണ്‌ എന്ന നിര്‍വ്വികാരതയിലേക്കാണ്‌ ഇത്‌ നയിക്കുക. രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുവാന്‍ നാമിനിയും പക്വത പ്രാപിക്കേണ്ടിയിരിക്കുന്നു.
pavamrohu said…
ഈ വാക്കുകളില്‍ തളർത്തപ്പെട്ടവരുടെ വേദന ഞാന്‍ കാണുന്നു
ഇനിയും ഈ ശബ്ദം ഉയര്‍ന്നു കേൾക്കട്ടെ

Popular posts from this blog

സൗഹൃദം

സ്നേഹം

കൊഴിയുന്ന പൂക്കള്‍....