അമ്മിണിക്കുട്ടിയുടെ ലോകം #13 സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്
കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് സ്കൂളിൽ പോകേണ്ട ദിവസം വന്നെത്തി. അച്ഛന്റെയുമമ്മയുടെയും ഒപ്പം ബൈക്കിൽ നഴ്സറിയുടെ മുന്നിൽ ചെന്നിറങ്ങി. ആദ്യമായല്ല അവൾ അവിടെ പോകുന്നത് എന്നത് കൊണ്ട് പുതിയ ഒരു സ്ഥലത്ത് പോകുന്നതിന്റെ പരിഭ്രമമൊന്നും ഒട്ടും തോന്നിയില്ല.
സ്കൂളിലെ പ്രധാന ഗേറ്റ് കടന്ന് കുറച്ചു ദൂരം നേരെ പോയി നഴ്സറിയുടെ ഭാഗത്തേക്കുള്ള ഗെയ്റ്റ് കൂടി കടന്നാൽ ആദ്യം കാണുക കളിക്കാനുള്ള സ്ഥലമാണ്. അവിടെ ചെറിയ ചില ഊഞ്ഞാലുകൾ, ഉരുസിക്കളിക്കാനുള്ള സ്ഥലം, സീസോ തുടങ്ങി പലതും ഉണ്ട്. അതൊക്കെ കണ്ടപ്പോൾ തന്നെ അമ്മിണിക്കുട്ടിയ്ക്ക് ഉത്സാഹമായി. കുഞ്ഞേടത്തി അതിനെക്കുറിച്ചൊക്കെ പറയുന്നത് കൊതിയോടെ കേട്ടിട്ടുള്ള അവൾക്ക് അതിലൊക്കെ കളിക്കാൻ ധൃതിയായി.
പക്ഷേ സ്കൂളിൽ എത്തിയാൽ തോന്നിയപോലെ ഓടി നടക്കാനൊന്നും പാടില്ല. സിസ്റ്റർമാർ പറയുന്നത് കേട്ട് നല്ല കുട്ടിയായി ഇരിക്കണം, ചോദ്യങ്ങൾക്ക് നാണിക്കാതെ മിടുക്കിയായി ഉത്തരം പറയണം എന്നൊക്കെ അവളോട് ആദ്യമേ തന്നെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. അത് ഓർമ്മ വന്നതോടെ അവൾ അതിലൊക്കെ കേറാനുള്ള ആഗ്രഹത്തെ എങ്ങനെയൊക്കെയോ അടക്കി പതുക്കെ അച്ഛന്റെയും അമ്മയുടെയും കൂടെ സ്കൂളിലേക്ക് നടന്നു.
അവിടെയുള്ള ടീച്ചർമാർക്കൊക്കെ അച്ഛനെയും അമ്മയെയും അറിയാം. വല്യേടത്തിയും കുഞ്ഞേടത്തിയും അവിടെത്തന്നെ പഠിച്ച മിടുക്കിക്കുട്ടികളാണ്. നല്ല മാർക്കും അഭിപ്രായവും ഒക്കെയാണ് എപ്പോഴും അവർക്ക് കിട്ടാറ്. അമ്മിണിക്കുട്ടിയ്ക്കും അതുപോലെ ആവണം എന്നുണ്ട്.
അമ്മയും അച്ഛനും അമ്മിണിക്കുട്ടിയും കൂടി ഒരു മുറിയുടെ മുന്നിലെത്തി. അവിടെയാണത്രെ ഹെഡ്മിസ്റ്റ്റസ് ഉള്ളത് - അവരാണ് നഴ്സറിയിലെ ഏറ്റവും വലിയ ആൾ എന്നൊക്കെ അമ്മിണിക്കുട്ടിയോട് ഏടത്തിമാർ പറഞ്ഞു കൊടുത്തിട്ടുണ്ട്. അമ്മിണിക്കുട്ടിയ്ക്ക് ചെറിയ ഒരു പേടി തോന്നിത്തുടങ്ങി.. അവർ ചില ചോദ്യങ്ങൾ ചോദിക്കുമെന്ന് അവൾക്കറിയാം. ഉത്തരം പറഞ്ഞില്ലെങ്കിൽ അമ്മിണിക്കുട്ടിയെ സ്കൂളിൽ ചേർത്താൻ പറ്റില്ല എന്ന് പറയുമോ? അപ്പോൾ പിന്നെ എങ്ങനെ പഠിക്കും? അമ്മിണിക്കുട്ടിയ്ക്ക് കരച്ചിൽ വരാൻ തുടങ്ങി.
അപ്പോഴേക്കും അവരെ അകത്തേയ്ക്ക് വിളിച്ചു. പേടിച്ചു കൊണ്ട് അവൾ അകത്ത് കയറി. ഒരു ചെറിയ മേശയുടെ അപ്പുറത്ത് ഒരു സിസ്റ്റർ ചിരിച്ചു കൊണ്ട് ഇരിക്കുന്നു. അതു കണ്ടപ്പോൾ ഇത്തിരി സമാധാനമായോ.. 'ഗുഡ് മോർണിംഗ് - സോ ദിസ് ഇസ് ദി ലിറ്റിൽ ഗേൾ' എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞ ശേഷം 'ഹൌ ആർ യു' എന്ന് അവർ അമ്മിണിക്കുട്ടിയെ നോക്കി ചോദിച്ചു. അമ്മിണിക്കുട്ടിക്ക് ഇത്തിരി സമാധാനം തോന്നി - ആ ചോദ്യത്തിനുള്ള ഉത്തരം അവൾക്കറിയാം - 'ഐ ആം ഫൈൻ, താങ്ക് യു' എന്ന് ധൈര്യപൂർവ്വം അവൾ പറഞ്ഞൊപ്പിച്ചു. 'ഗുഡ് ഗേൾ' എന്ന് പറഞ്ഞ് സിസ്റ്റർ അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
പിന്നെ കുറച്ചു നേരം അച്ഛനുമമ്മയുമായി അവർ എന്തൊക്കെയോ സംസാരിച്ചു. അമ്മിണിക്കുട്ടിയ്ക്ക് മുഷിപ്പ് തോന്നാൻ തുടങ്ങി. മുൻപ് കണ്ട കളിസ്ഥലം അവളുടെ മനസ്സിനെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അവളുടെ നാട്യം കണ്ടിട്ടാണാവോ സിസ്റ്റർ മേശപ്പുറത്ത് ഇരിക്കുന്ന വട്ടത്തിലുള്ള ഒരു സാധനത്തിൽ വിരൽ അമർത്തി. അതിൽ നിന്നും ടർർർ.. എന്ന ഒരു ഒച്ചയുണ്ടായതും അപ്പുറത്ത് നിന്ന് ഒരു സ്ത്രീ ഓടി വന്നു. 'ടേക് ദിസ് ഗേൾ ആൻഡ് ഷോ ഹെർ എറൌണ്ട്' എന്ന് പറഞ്ഞു. 'ഓക്കെ മദർ' എന്ന് അവർ പറഞ്ഞു.
'മോള് ഈ ആന്റിയുടെ കൂടെ പോയി സ്കൂൾ ഒക്കെ കണ്ടു വാ' എന്ന് അമ്മിണിക്കുട്ടിയോട് പറഞ്ഞു. അത് കേട്ടപ്പോൾ അമ്മയെ നോക്കി പോട്ടെ എന്ന മട്ടിൽ. പൊയ്ക്കോളൂ എന്ന് ഒന്ന് തല കുലുക്കി അമ്മ മൌനാനുവാദം നല്കിയപ്പോൾ അവൾ കസേരയിൽ നിന്നും ചാടിയിറങ്ങി. കളിസ്ഥലത്തേക്കാവും പോവുക എന്ന് കരുതിയെങ്കിലും ഒരു മുറിയിലേക്കാണ് അമ്മിണിക്കുട്ടിയെ ആ ആന്റി കൊണ്ടു പോയത്.
ഇത്തിരി സങ്കടത്തോടെ മുറിയിൽ കയറിയ അവൾ ആശ്ചര്യപ്പെട്ടു പോയി. അത്രമാത്രം കളിക്കോപ്പുകളായിരുന്നു അവിടെ. അവൾ കണ്ടിട്ടും കെട്ടിട്ടുമില്ലാത്ത തരം കളിക്കോപ്പുകൾ - അതൊക്കെ കണ്ട് വായും പൊളിച്ചു നിന്നുപോയ്. കുറച്ച് കുട്ടികൾ അവിടെയിരുന്ന് കളിക്കുന്നുണ്ട്. അധികം വൈകാതെ അമ്മിണിക്കുട്ടിയും അവരോടൊപ്പമിരുന്ന് കളി തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് കുട്ടികൾ തമ്മിൽ ഒരേ കളിപ്പാട്ടത്തിന് വേണ്ടി അടി കൂടാൻ തുടങ്ങി. അവരെ സമാധാനിപ്പിച്ച് വേറെ കളിപ്പാട്ടം കൊടുത്ത് സന്തോഷിപ്പിക്കുന്നുണ്ട് ഒന്നു രണ്ട് ആന്റിമാർ. അവൾ അതൊക്കെ നോക്കി കുറച്ചു നേരമിരുന്നു. കളിപ്പാട്ടം കൊണ്ട് കുറച്ചു നേരം കളിച്ചപ്പോഴേക്കും മടുക്കുകയും ചെയ്തു.
പതുക്കെ മുറിയിൽ നിന്നും പുറത്തിറങ്ങി. ചെറിയ നടുമിറ്റം പോലുള്ള സ്ഥലത്ത് ഭംഗിയുള്ള പൂക്കൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. റോസ് പൂ, മല്ലിക തുടങ്ങി ഒന്ന് രണ്ട് പൂക്കളേ അവൾക്ക് അറിയൂ. ബാക്കിയൊക്കെ ഇത് വരെ കാണാത്ത ചില പൂക്കളാണ്. നല്ല മഞ്ഞയും ചുവപ്പും വെള്ളയും നിറത്തിലുള്ള ഭംഗിയുള്ള പൂക്കൾ. മുറ്റത്തിന്റെ ഒരു വശത്ത് ചെറിയ രണ്ട് ഊഞ്ഞാലുണ്ട്. ഒരെണ്ണത്തിൽ ഒരു കുട്ടി ഇരിക്കുന്നുണ്ട്. മറ്റേതിൽ കയറാം എന്ന മോഹത്തോടെ അവൾ അങ്ങോട്ട് നടന്നു.
അവളെ കണ്ടതും ഇതാരാണിപ്പോൾ വന്നത് എന്ന മട്ടിൽ ആ കുട്ടി നോക്കി. അമ്മിണിക്കുട്ടിക്ക് ചിരിക്കണോ എന്ന് സംശയം. പക്ഷേ ആ കുട്ടിയുടെ നാട്യം കണ്ടിട്ട് അമ്മിണിക്കുട്ടി അവിടെ ചെന്നത് ഇഷ്ടപ്പെട്ടില്ല എന്ന മട്ടാണ്. അവൾ ഒന്നും മിണ്ടാതെ ഊഞ്ഞാലിൽ വലിഞ്ഞു കയറി. ഇല്ലത്ത് തിരുവാതിരക്കാലത്ത് പുളിങ്കൊമ്പിൽ കെട്ടുന്ന ഊഞ്ഞാല് പോലെയല്ല. ഇത് ഒരു ചെറിയ കസേര പോലെയാണ്. രണ്ടു വശത്തും ചങ്ങലകൾ കൊണ്ടുള്ള കയറാണ്. ഒരു വലിയ ഇരുമ്പ് തണ്ടിലാണ് അത് തൂങ്ങിയാടുന്നത്. അതിനാൽത്തന്നെ ഇളകുമ്പോൾ കുറേശ്ശെ 'കിരി കിരി' എന്ന് ഒച്ചയുണ്ടാകുന്നുണ്ട്.
പൊത്തിപ്പിടിച്ച് ഊഞ്ഞാലിൽ കയറിയെങ്കിലും കാര്യമുണ്ടായില്ല. നിലത്ത് കാല് കുത്താൻ പറ്റാത്തത് കൊണ്ട് ആടാൻ പറ്റുന്നില്ല. കുഞ്ഞേടത്തിയുണ്ടായിരുന്നെങ്കിൽ ഒന്ന് ആട്ടിത്തന്നേനെ എന്നവൾ ആലോചിച്ചു. ഊഞ്ഞാലിൽ നിന്ന് ഇറങ്ങാനും പറ്റാത്ത പോലെയായി... ഇനിയെന്ത് വേണം എന്ന് ഒരു പിടിയും കിട്ടിയില്ല.
'നിന്റെ പേരെന്താ?' അപ്പുറത്തെ കുട്ടിയുടെ ചോദ്യം അമ്മിണിക്കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. നീ എന്നൊന്നും അവളെ ആരും വിളിക്കാറില്ല. തെല്ലു നീരസത്തോടെ അവൾ പേര് പറഞ്ഞു. 'നീ പുതിയ കുട്ടിയാ?' ആ കുട്ടി വിടാനുള്ള ഭാവമില്ല. 'ഉം' അവൾ തല കുലുക്കി. 'ഞാൻ കുറെ ദിവസമായി ഇവിടെ വരുന്നുണ്ട്, എന്റെ ചേച്ചിയും ഇവിടാ പഠിക്കുന്നേ..' ആ കുട്ടി പറഞ്ഞു. 'എന്റെ ചേച്ചിമാരും ഇവിടെതന്നെയാണ് പഠിച്ചത്.' അമ്മിണിക്കുട്ടിയും വിട്ടു കൊടുത്തില്ല. 'എന്റെ വലിയ ചേച്ചി വലിയ സ്കൂളിലാണല്ലോ' എന്നും കൂട്ടിച്ചേർത്തു. 'ഓ എന്റെ ചേച്ചിയും അവിടെ തന്നെയാ..' എന്നായി മറ്റേ കുട്ടി..
ഹോ! ഇനി എന്ത് പറയാനാണ് എന്നായി അമ്മിണിക്കുട്ടി. 'കുട്ടീടെ പേരെന്താ?' 'ബേബി' അവൾ പറഞ്ഞു. വിചിത്രമായ പേരാണല്ലോ എന്ന് അമ്മിണിക്കുട്ടിക്ക് തോന്നി - ഇത് വരെ ഇങ്ങനെ ഒരു പേര് കേട്ടിട്ടില്ല. 'നിന്റെ വീടെവിടെയാ?' 'കുറെ ദൂരെയാണ്, സ്കൂൾ ബസ്സില് വരണം' എന്ന് അമ്മിണിക്കുട്ടി മറുപടി പറഞ്ഞു. 'ഓ, ഞാനും സ്കൂൾ ബസ്സിലാ വരുന്നേ.. ഞങ്ങളുടെ അവസാനത്തെ രണ്ടാമത്തെ സ്റ്റോപ്പാ..' ആ കുട്ടി തുടർന്നു. അമ്മിണിക്കുട്ടി ആകെ വിഷമത്തിലായി. അവളുടെ സ്റ്റോപ്പ് ഏതാണ് എന്നോ എത്രാമത്തെയാണെന്നോ അറിയാത്തതിൽ നാണക്കേട് തോന്നി. 'ഞാൻ അച്ഛന്റെ ബൈക്കിലാ വന്നേ..' അവൾ പറഞ്ഞു. 'ആന്നോ' എന്ന് പറഞ്ഞ് ആ കുട്ടി മിണ്ടാതായി.
തല്ക്കാലം കേമത്തി ആയതിന്റെ സന്തോഷത്തിൽ ഇരുന്നപ്പോൾ വീണ്ടും - 'നിനക്ക് റീഡ് ചെയ്യാൻ അറിയാമോ?' 'Abcd അറിയാം നഴ്സറി റൈമ്സ് അറിയാം' എന്നൊക്കെ അവൾ പറഞ്ഞു. 'ഓ, അതെല്ലാം ഇവിടെ എല്ലാ കൊച്ചുങ്ങൾക്കും അറിയാം' എന്നായിരുന്നു മറുപടി. കൊച്ചുങ്ങൾ ആരാണെന്ന് അമ്മിണിക്കുട്ടിയ്ക്ക് മനസ്സിലായില്ല. എന്തായാലും കൂടെയുള്ള കുട്ടി ചില്ലറക്കാരിയല്ല എന്ന് ഉറപ്പാണ്.
ഇനിയെന്ത് പറയണം എന്ന് കരുതിയപ്പോഴേക്കും 'ആഹാ ബേബിയ്ക്ക് പുതിയ കൂട്ടുകാരിയെ ഒക്കെ കിട്ടിയല്ലോ' എന്ന് പറഞ്ഞു കൊണ്ട് അച്ഛന്റെയുമമ്മയുടെയും കൂടെ സിസ്റ്റർ അവിടെയെത്തി. 'നിങ്ങളുടെ അടുത്തുള്ള കുട്ടിയാണ്. അവളുടെ സിസ്റ്റർ ഇവിടെ തന്നെയുണ്ട്' എന്നൊക്കെ പറഞ്ഞു. 'ങാ.. അവരുടെ പാരെൻറ്സിനെ ഞങ്ങൾക്കറിയാം. ഇവരുടെ മദർ ഞങ്ങളുടെ അടുത്തുള്ള സ്കൂളിലെ ടീച്ചർ ആണ്' എന്നൊക്കെ അമ്മ പറഞ്ഞു. ഓഹോ അപ്പോൾ അമ്മയ്ക്കും ഇക്കുട്ടിയെ അറിയാമല്ലേ എന്ന അത്ഭുതത്തിൽ അമ്മിണിക്കുട്ടി അമ്മയെ നോക്കി.
'അപ്പോൾ പറഞ്ഞ പോലെ നെക്സ്റ്റ് മൺഡേ സ്റ്റാർട്ട് ചെയ്യാം' എന്ന് അച്ഛൻ സിസ്റ്ററിനോട് പറഞ്ഞു. 'ഓക്കെ, വീ ഷാൽ മീറ്റ് സൂൺ'. 'ബേബി, യു ഗോ ഇൻസൈഡ് ആൻഡ് പ്ലേ' എന്ന് പറഞ്ഞ് സിസ്റ്റർ തിരിച്ചു നടന്നു. അമ്മ അവളെ ഊഞ്ഞാലിൽ നിന്നും ഇറക്കിയപ്പോഴേക്കും ബേബിയും താഴെ ഇറങ്ങിയിരുന്നു. 'റ്റാറ്റാ ബൈ ബൈ' എന്ന് പറഞ്ഞ് അവൾ അകത്തേയ്ക്ക് ഓടി. അമ്മിണിക്കുട്ടി 'റ്റാറ്റാ' എന്ന് പറഞ്ഞപ്പോഴേക്കും അവൾ ഓടി മറഞ്ഞിരുന്നു.
'അമ്മിണിക്കുട്ടി മിടുക്കത്തിയായല്ലോ, ആദ്യത്തെ ദിവസം തന്നെ പുതിയ കൂട്ടുകാരിയെ കിട്ടിയല്ലോ' എന്നായി അച്ഛനുമമ്മയും. ആ കുട്ടി കൂട്ടുകാരിയാണോ എന്നത് ഉറപ്പില്ലാഞ്ഞിട്ടും അമ്മിണിക്കുട്ടി അതെയെന്ന് ചിരിച്ചു. തിരിച്ചു പോവാൻ ബൈക്കിൽ കയറുമ്പോൾ കൊതിയോടെ കളിസ്ഥലത്തേക്ക് നോക്കി. അതിലൊക്കെ ഉടനെ തന്നെ കേറാനാവും എന്ന ആശ്വാസത്തിൽ അവൾ ബൈക്കിന്റെ കൈപ്പിടിയിൽ മുറുകെ പിടിച്ചിരുന്നു. ബൈക്ക് പതുക്കെ നഴ്സറിയുടെ ഗേറ്റും സ്കൂളിന്റെ ഗേറ്റും കടന്നു പോവുമ്പോൾ അമ്മിണിക്കുട്ടിയുടെ മനസ്സിൽ മുഴുവൻ ആ കളിസ്ഥലത്ത് മതിയാവോളം കളിച്ചു തിമർക്കുവാനുള്ള ആഗ്രഹമായിരുന്നു തുടിക്കൊട്ടിക്കൊണ്ടിരുന്നത്...
തുടരും)
Comments
നയ്‌സറിയിലേക്കും സ്‌കൂളിലേക്കുമൊക്കെ ഞാനും പോയി
അഭിനന്ദനങ്ങൾ
Thoroughly enjoyed Nisha. Very good ..
-Sudheer.
Asamsakal