ഇതിന്റെ
വീഡിയോ കാണാൻ
 |
താമസസ്ഥലം, പാചകക്കാരന്‍, ഭക്ഷണം |
പിറ്റേന്ന് രാവിലെ എണീറ്റ് പ്രഭാതകര്‍മ്മങ്ങള്‍, കുളി എന്നിവയൊക്കെ കഴിഞ്ഞ് ബസ്സിലെ കുശിനിക്കാരന്‍ ഉണ്ടാക്കി തന്ന പ്രാതലും കഴിച്ച് എല്ലാവരും പതുക്കെ തയ്യാറായി. ഇന്നത്തെ ദിവസം അഞ്ചാറു മണിക്കൂര്‍ യാത്രയാണ്. ബട്കോട്ടില്‍ നിന്നും ഗംഗോത്രിയിലേക്ക് ഏകദേശം 180 കിലോമീറ്റര്‍ ദൂരമാണുള്ളത്. മലയോര പാതകളിലൂടെ അനേകം മലകള്‍ കയറിയിറങ്ങിയും വളഞ്ഞും പുളഞ്ഞുമാണ് ഈ യാത്ര എന്നതുകൊണ്ട് ആറേഴു മണിക്കൂര്‍ സമയമെടുക്കും ഈ ദൂരം താണ്ടാന്‍. അന്ന് ഉച്ചയോടെയെങ്കിലും ഗംഗോത്രിയില്‍ എത്തിയാലും വേറെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പറ്റില്ലാത്തത് കൊണ്ട് അതികാലത്ത് പുറപ്പെടേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ ഒരു എട്ടര ഒന്‍പതു മണിയായിക്കാണും ഞങ്ങള്‍ ബസ്സില്‍ കയറിയപ്പോള്‍.
 |
വഴിയും വഴിക്കാഴ്ച്ചകളും |
യാത്ര തുടങ്ങി അധികം താമസിയാതെ ചുറ്റുമുള്ള കാഴ്ചകള്‍ വീണ്ടും ഹൃദയമിടുപ്പ് കൂട്ടി. വശ്യസൌന്ദര്യം വിതറി നില്‍ക്കുന്ന മലകള്‍, വളഞ്ഞുപുളഞ്ഞു കുണുങ്ങിയൊഴുകുന്ന നദി, നേര്‍ത്ത മണ്‍പാതകളെന്നു തോന്നിപ്പിക്കുന്ന വിധം പൊടിനിറഞ്ഞ പൊളിഞ്ഞ റോഡുകള്‍. പലയിടത്തും മലയിടിച്ചിലും ഉരുള്‍പൊട്ടലുമൊക്കെ തകര്‍ത്ത റോഡുകള്‍ അതിവിദഗ്ധമായി ശരിയാക്കുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ആളുകള്‍. വലകെട്ടിയും തകര്‍ന്നുപോകാന്‍ സാധ്യതയുള്ള റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്തും തകര്‍ന്ന പാതകളില്‍ ഒരു വരിയെങ്കിലും ഗതാഗതയോഗ്യമാക്കിയും അവര്‍ സ്തുത്യര്‍ഹമായ സേവനം നടത്തിപ്പോരുന്നു. അവര്‍ റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും മറ്റും വളരെ ഉദാത്തവും ചിന്തോദ്ദീപകമവുമായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ച് നമ്മെ ഒരു നിമിഷത്തേയ്ക്കെങ്കിലും ചിന്തിപ്പിക്കുന്നു. അങ്ങനെ വിവിധ കാഴ്ചകള്‍ കണ്ടും ഫോട്ടോ എടുത്തും സംസാരിച്ചും ഒക്കെ യാത്ര തുടര്‍ന്നു.
 |
വ്യത്യസ്ത കാഴ്ചകള്‍ |
ഹിമാലയന്‍ വീഥികളിലൂടെ വണ്ടിയോടിക്കാന്‍ ഡ്രൈവിംഗ് അറിഞ്ഞാല്‍ മാത്രം പോര. ഒരല്പം ധൈര്യവും അസാമാന്യ കഴിവും വേണം. പലയിടങ്ങളിലും രണ്ടു വണ്ടികള്‍ക്ക് സമാന്തരമായി നീങ്ങാനുള്ള വീതി പോലുമില്ല. എതിര്‍ ദിശകളില്‍ നിന്നു വരുന്ന വണ്ടികള്‍ പലപ്പോഴും ഒരെണ്ണം പോയിക്കഴിഞ്ഞേ മറ്റതിന് പോകാനാവൂ. ചിലപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ഈ മറികടക്കലുകള്‍ വല്ല കൊടും വളവുകളിലാവും. അങ്ങനെ വരുമ്പോള്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇടതുവശം ചേര്‍ന്ന് പോകേണ്ടതിനു പകരം ഡ്രൈവര്‍മാര്‍ മലയോടു ചേര്‍ന്ന് വലതുവശത്തിലൂടെ വണ്ടിയെടുക്കും. അപ്പുറത്തു നിന്നും വരുന്ന ഡ്രൈവര്‍ക്ക് വലതുവശത്തുള്ള റോഡിന്റെ വീതി, അതിര്, കൊക്ക എന്നിവയൊക്കെ ഇപ്പുറത്ത് നിന്നും പോകുന്ന വണ്ടിയുടെ ഡ്രൈവറെക്കാള്‍ വ്യക്തമായി കാണാന്‍ പറ്റും എന്നുള്ളതിനാലാണ് ഇത്. പലപ്പോഴും ഇതുപോലെയുള്ള മറികടക്കലുകള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നേ കാണാന്‍ സാധിക്കൂ... ഒരിഞ്ച് അങ്ങോട്ട് പോയാല്‍, ഡ്രൈവറുടെ കണക്ക് അല്‍പമെങ്കിലും തെറ്റിയാല്‍ വണ്ടി കൊക്കയിലേക്ക് മറയും എന്നതില്‍ ഒരു സംശയവുമില്ല. പലയിടത്തും റോഡില്‍ കൈവരിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഉണ്ടാവില്ല. വല്ലതും ഉണ്ടെങ്കില്‍ തന്നെ അവ പലപ്പോഴായുള്ള മണ്ണിടിച്ചിലും പാറ വീഴ്ച്ചയിലുമൊക്കെ പെട്ട് തകര്‍ന്നു പോയിട്ടുമുണ്ടാവും. എന്തായാലും ഇത്തരം വളവുകളും തിരിവുകളും ഒക്കെ നിഷ്പ്രയാസം തരണം ചെയ്ത് ഞങ്ങളുടെ ഡ്രൈവര്‍ സാമാന്യം വേഗത്തില്‍ തന്നെ ബസ്സോടിച്ചു കൊണ്ടിരുന്നു. ബസ്സിന്‍റെ സൈഡ് സീറ്റിലിരുന്ന് ഈ കൊടും വളവുകള്‍ തിരിഞ്ഞു പോകുമ്പോള്‍ ടയര്‍ അല്പമെങ്കിലും റോഡില്‍ നിന്നിറങ്ങി പോകുന്നത് കാണുമ്പോള്‍ അറിയാതെ നാം ഈശ്വരാ എന്ന് മനസ്സിലെങ്കിലും വിളിച്ചു പോവും... ഡ്രൈവറെ പിന്നെ നമ്മള്‍ ഒരു തരം വീരാരാധനയോടെ നോക്കിക്കാണാന്‍ തുടങ്ങും...
 |
യാത്രയ്ക്കിടയിലെ ദൃശ്യങ്ങള്‍ |
അങ്ങനെ പോകുന്ന വഴിയില്‍ ധരാസു പാസ്സ്, ടെഹ്‌രി ഡാമിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ എന്നിങ്ങനെയുള്ള കാഴ്ചകള്‍ കണ്ട് യാത്രയങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. നിരന്നു നില്‍ക്കുന്ന മലനിരകള്‍, അവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് ഇടയ്ക്ക് പരന്നും ഇടയ്ക്ക് ഒതുങ്ങിയും ഒഴുകുന്ന പുഴ, ദൂരെ ചക്രവാളത്തിനരുകില്‍ ആകാശത്തെ ചുംബിച്ചു നില്‍ക്കുന്ന മഞ്ഞുമലകള്‍... ഏറെ ദൂരം ഇതേ കാഴ്ച തന്നെ!
ഉച്ചയ്ക്ക് ഏതാണ്ട് ഒരു മണിയായപ്പോള്‍ ഉത്തരകാശിയില്‍ എത്തി. അവിടെ ഒരിടത്ത് ബസ്സ് നിര്‍ത്തി ഭക്ഷണം ഉണ്ടാക്കി കഴിച്ച് യാത്ര തുടര്‍ന്നു.
 |
ഹര്‍ഷിലും സമീപപ്രദേശങ്ങളും |
അങ്ങനെ കുറച്ചുദൂരം ചെന്നപ്പോള്‍ ബസ്സിന്‍റെ ടയര്‍ പഞ്ചര്‍ ആയി. സുഖി ടോപ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ കേടായ ടയര്‍ മാറ്റുവാന്‍ തയ്യാറായി. ഞങ്ങള്‍ അവിടെയുള്ള കടയില്‍ നിന്നും ചായ കുടിച്ച് പ്രകൃതി സൌന്ദര്യം ആസ്വദിച്ചിരുന്നു. അധികം വൈകാതെ ടയര്‍ മാറ്റി യാത്രതുടര്‍ന്നു. വൈകുന്നേരത്തോടെ ഹര്‍ഷില്‍ എന്ന സ്ഥലത്ത് എത്തി. അവിടെ നിന്നും ഗംഗോത്രിയിലേക്ക് അധിക ദൂരമില്ല. അപ്പുറത്ത് പുഴ പരന്നൊഴുകുന്നുണ്ട്. ഇപ്പുറത്ത് ചെറിയ ചെറിയ നീര്‍ച്ചാലുകളും മറ്റും കാണാം. ഉരുകാതെ കിടക്കുന്ന മഞ്ഞുകട്ടകള്‍ കണ്ടപ്പോള്‍ ഉള്ളിലെ കുട്ടി ആഹ്ലാദിച്ചുണര്‍ന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ വഴിക്കിരുവശവും മഞ്ഞുകട്ടകള്‍ കിടക്കുന്ന കാഴ്ച... മണ്ണിനു മീതെ ആരോ തൂവെള്ളപ്പൂക്കള്‍ക്കൊണ്ട് പരവതാനി വിരിച്ച പോലെ. വഴിവക്കത്ത് വണ്ടി നിര്‍ത്തി മഞ്ഞു കട്ടകള്‍ തൊട്ടും പരസ്പരം എറിഞ്ഞും രസിക്കുന്ന ആളുകളെയും കണ്ടു.
എന്തായാലും സന്ധ്യയോടെ ഞങ്ങള്‍ ഗംഗോത്രിയില്‍ എത്തി. പാര്‍ക്കിങ്ങ് സ്ഥലത്ത് നിന്നും കുറച്ചു ദൂരെയാണ് ഞങ്ങളുടെ താമസസ്ഥലം. പെട്ടികളും തൂക്കി അങ്ങോട്ട് നടന്നു. എല്ലാവര്ക്കും ഒരേ കെട്ടിടത്തില്‍ മുറി കിട്ടിയില്ല. എന്തായാലും ഉള്ള മുറികളില്‍ ഒക്കെ എല്ലാവരും കയറിക്കൂടി. ഞങ്ങള്‍ അവിടെ എത്തിയ സമയത്ത് തന്നെ നാലഞ്ചാളുകള്‍ വടിയും ഒക്കെ കുത്തിപ്പിടിച്ച് വരുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, അന്ന് രാവിലെ ഗൌമുഖിലേയ്ക്ക് പോയി വന്നവരാണ്. ഏതാണ്ട് 32 കിലോമീറ്ററോളം ഒരു ദിവസം കൊണ്ട് നടന്ന് കയറിയിറങ്ങിയ അവരെ ആരാധനയോടെയാണ് ഞാന്‍ നോക്കി കണ്ടത്. നാളത്തെ നടത്തത്തെക്കുറിച്ച് ഉള്ളിലുണ്ടായിരുന്ന ആശങ്ക അല്പം കുറഞ്ഞുവോ?
 |
ഗംഗോത്രി അമ്പലവും പരിസരവും |
എന്തായാലും പെട്ടിയും സാമാനങ്ങളും ഒക്കെ റൂമില്‍ വെച്ച് ഗംഗോത്രിയിലെ അമ്പലം ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അവിടെ രാത്രിയിലെ ആരതി കഴിഞ്ഞ് നട അടയ്ക്കാനുള്ള സമയം ആയിട്ടുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് കുറച്ചു സമയം അവിടെ ചിലവിട്ടു. യമുനോത്രിയെക്കാളും വളരെയധികം വൃത്തിയും വെടിപ്പുമുള്ള സ്ഥലമാണ് ഗംഗോത്രി. അവിടുത്തെ അമ്പലവും ചെറുതെങ്കിലും കൂടുതല്‍ ഹൃദ്യമായി തോന്നി. താരതമ്യേന തിരക്കും കുറവാണ്. നടയടയ്ക്കുന്ന സമയമായതിനാല്‍ വിശദമായ ദര്‍ശനം സാദ്ധ്യമായില്ല.

നാളത്തെ യാത്രയ്ക്കാവശ്യമായ ചില സാധനങ്ങള്‍ വാങ്ങുക എന്ന ഉദ്ദേശ്യത്തോടെ ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ അവിടെയുള്ള ചെറിയ മാര്‍കറ്റ് സന്ദര്‍ശിച്ചു. അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി ഫിഗ് തുടങ്ങി യാത്രയില്‍ കഴിക്കാന്‍ പറ്റിയ ഉണക്കപ്പഴങ്ങള്‍ വാങ്ങി കൈവശം വെച്ചു. കുറച്ചു ചോക്ലേറ്റ്, മുട്ടായി തുടങ്ങിയവയും കരുതി. അങ്ങനെയിരിക്കെ നാളത്തെ യാത്രയ്ക്ക് ഒരു ഗൈഡ് ഉണ്ടാവുന്നതാണ് നല്ലതെന്ന് പറഞ്ഞു ഒരു ഗൈഡിനെയും ഏര്‍പ്പാടാക്കി. പിറ്റേ ദിവസം രാവിലെ ആറരയോടെ അമ്പലത്തിനടുത്ത് കാണാം എന്ന ധാരണയില്‍ ഞങ്ങള്‍ താമസസ്ഥലത്തേയ്ക്ക് തിരിച്ചു പോയി.
അവിടെയെതിയപ്പോഴെയ്ക്കും അത്താഴം തയ്യാറായിരുന്നു. അതും കഴിച്ച് പിറ്റേന്നുള്ള യാത്രയ്ക്കുള്ള സാമാനങ്ങള്‍ ഒരു ബാക്ക്പാക്കില്‍ ആക്കി എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് പിറ്റേ ദിവസത്തെ യാത്രയെക്കുറിച്ച് ചിന്തിച്ച് പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു...
(തുടരും..
Comments
ആശംസകള്‍