ഹിമവാന്‍റെ മടിത്തട്ടിലേക്ക് ഒരു യാത്ര -ഭാഗം 1

ആമുഖം: രണ്ടു കൊല്ലം മുന്‍പ് നടത്തിയ യാത്രയുടെ വിവരണമാണിത്. അന്ന് യാത്രകഴിഞ്ഞയുടനെ തന്നെ യാത്രാക്കുറിപ്പെഴുത്തണം എന്ന് കരുതി തുടങ്ങി വെച്ചതാണ്. ഇത്ര നീണ്ടുപോകും എന്നറിയില്ലായിരുന്നു. കുറച്ചു കാര്യങ്ങള്‍ കുറിച്ചു വെച്ചത് നഷ്ടമായി. ഇപ്പോള്‍ ഓര്‍മയില്‍ നിന്നെടുത്തെഴുതുമ്പോള്‍ ഒരു പക്ഷേ പലതും വിട്ടു പോയേക്കാം. എന്നാലും തുടങ്ങി വെച്ച കുറിപ്പുകള്‍ അവസാനിപ്പിക്കാതെ വയ്യെന്ന് തോന്നി. അതു കൊണ്ട് ഇത്തിരി വൈകിയാണെങ്കിലും ഇത് വായനക്കാര്‍ക്ക് സമര്‍പ്പിയ്ക്കുന്നു. 

ഹിമാലയം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ നിറയുന്നത്  നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകളുടെയും വെണ്മയില്‍ പുതഞ്ഞ താഴ്വരകളുടെയും ചിത്രങ്ങളാണ്. കുട്ടിക്കാലം മുതല്‍ക്കേ പുരാണങ്ങളിലും സന്ന്യാസിവര്യന്മാരുടെ കഥകളിലും മറ്റും കേട്ടിട്ടുള്ള ഹിമാലയം ഒരു അനുഭൂതിയോ അദ്ഭുതമോ ഒക്കെയായി എപ്പോഴും മനസ്സിലുണ്ടായിരിന്നു. പുണ്യഹിമാലയ ദര്‍ശനം ഒരു മനോഹര സ്വപ്നമായി മനസ്സിന്‍റെ കോണുകളില്‍ എവിടെയോ മറഞ്ഞിരുന്നു. എന്നെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാവും എന്ന് ഭാരതത്തിന്‍റെ തെക്കേ അറ്റത്തെ ഒരു കുഞ്ഞു നാട്ടില്‍ ജനിച്ച ഒരു കുട്ടിയുടെ മനസ്സ് മന്ത്രിച്ചിരുന്നത് ഉന്നതങ്ങളില്‍ ഇരുന്ന് ആരോ കേട്ടു കാണണം.

വിവാഹാനന്തരം ഉത്തരേന്ത്യയിലെ ചില നഗരങ്ങളില്‍ താമസിച്ചപ്പോഴൊന്നും അവിടെ നിന്നും വിളിപ്പാടകലെ മാത്രമുള്ള ഹിമഗിരികളെക്കുറിച്ച് ഓര്‍മ വന്നതുമില്ല. അവിടെ എത്തിപ്പെടാനുള്ള സമയമായിട്ടില്ല എന്നതിനാലാവാം അപ്പോള്‍ അത്തരമൊരു യാത്രയെക്കുറിച്ച് ഓര്‍ക്കുകയോ അതിനു തുനിയുകയോ ചെയ്യാതിരുന്നത്. അതല്ലെങ്കില്‍ ഗൃഹസ്ഥാശ്രമത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ പെട്ടുലഞ്ഞപ്പോള്‍ അദ്ധ്യാത്മികത പിന്തള്ളപ്പെട്ടതുമാവാം. എന്നിട്ടും ഒരു പതിറ്റാണ്ട് മുന്‍പ് ഹിമഗിരി ദര്‍ശനം സാദ്ധ്യമായി - ഒരു ഉല്ലാസ യാത്രയുടെ ഭാഗമായി മസൂരിയില്‍ പോയപ്പോള്‍ അവിടെ അടുത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവിക്ഷേത്രം സന്ദര്‍ശിക്കുകയുണ്ടായി. സുര്‍ഖണ്ടാദേവീ ദര്‍ശനത്തിനായി ക്ഷേത്രം സ്ഥിതിചെയ്യുന്ന മലമുകളില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളില്‍ മനസ്സിലുടക്കിയത് ക്ഷേത്രത്തിനു പിന്നില്‍ നിലകൊള്ളുന്ന മഞ്ഞുമൂടിയ മലകളുടേതായിരുന്നു. അപ്രതീക്ഷിതമായ ആ ഹിമാലയ ദര്‍ശനസൌഭാഗ്യം ഉള്ളില്‍ ഉണര്‍ത്തിയ ചാരിതാര്‍ത്ഥ്യവും രോമാഞ്ചവും ഒട്ടും കുറയാതെ ഇന്നും എന്‍റെയുള്ളില്‍ നിറഞ്ഞിരിക്കുന്നു. എന്നിട്ടും ഹിമവാന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര - അതുണ്ടായില്ല.

പിന്നെ അത്തരമൊരു യാത്രയെക്കുറിച്ച് ചിന്തിച്ചത് 2007-ല്‍ കുടുംബത്തിലെ പലരും ബദ്രി-കേദാര്‍ യാത്ര നടത്തിയപ്പോഴാണ്. അവരോടൊപ്പം കൂടാന്‍ കഴിഞ്ഞില്ല. തിരിച്ചു വന്ന് അവര്‍ പറഞ്ഞ വിവരങ്ങള്‍ കേട്ടപ്പോഴും ആ യാത്രയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വലിയ ദുഃഖം ഒന്നും തോന്നിയില്ല എന്നതാണ് സത്യം. ഒരു തരം നിസ്സംഗാവസ്ഥയാണ് ഉണ്ടായിരുന്നത്.

ചാര്‍ധാം യാത്രയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആ യാത്ര പല തവണ നടത്തിയവരെക്കുറിച്ച് വായിച്ചിട്ടും കേട്ടിട്ടുമൊക്കെയുണ്ട്. അത്തരം ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടില്ലയെങ്കിലും. കഴിഞ്ഞ കൊല്ലം അന്ന് ബദ്രി-കേദാര്‍ യാത്ര പോയവര്‍ ചാര്‍ ധാം യാത്രയുടെ ഭാഗമായ ഗംഗോത്രി യമുനോത്രി കൂടി പോയാലോ എന്ന് ചിന്തിച്ചു തുടങ്ങി. ഇത്തവണ പറയത്തക്ക അസൌകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഞങ്ങളും - ഭര്‍ത്താവ്‌, കുട്ടികള്‍, ഞാന്‍ - യാത്രയില്‍ പങ്കെടുക്കാം എന്ന് തീരുമാനിച്ചുറച്ചു. ഏതാണ്ട് നാലഞ്ചുമാസത്തെ ആസൂത്രണങ്ങളും ആശയവിനിമയങ്ങളും കഴിഞ്ഞ് മേയ് രണ്ടാം പകുതി എല്ലാവര്‍ക്കും അനുയോജ്യമായി കണ്ടതിനാല്‍ അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കി.

ഞങ്ങളെക്കൂടാതെ അച്ഛന്‍ അമ്മ, അനിയനും കുടുംബവും വല്യച്ഛന്‍മാര്‍, വല്യമ്മമാര്‍, അവരുടെ മക്കള്‍ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമാണ് യാത്രയില്‍ - വയോധികരും കുട്ടികളുമടക്കം 25 പേരടങ്ങുന്ന ഒരു സംഘം. എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട് മേയ് 17-നെങ്കിലും ഡല്‍ഹിയില്‍ എത്തുക. അന്നു രാത്രി 11 മണിയോടെ ബസ്സിന് പുറപ്പെട്ട് രാവിലെയോടെ ഋഷികേശില്‍ എത്തിച്ചേരുക എന്നതായിരുന്നു പരിപാടി. ഒരാഴ്ച്ചത്തെ യാത്രയ്ക്കായി റാവു ട്രാവല്‍സിന്‍റെ ബസ്സും മറ്റും മുന്‍കൂട്ടി ഏര്‍പ്പാടാക്കിയിരുന്നു.

പുറപ്പെടുന്നതിനു മുന്‍പ് 
എല്ലാവരും പതിനേഴാം തിയതി വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ രാമന്‍ വല്യച്ഛന്റെ ഫ്ലാറ്റില്‍ ഒത്തുകൂടി. പദ്ധതി പ്രകാരം രാത്രിയോടെ ബസ്സില്‍ക്കയറി ഋഷികേശിലേക്കുള്ള യാത്ര തുടങ്ങി. രാത്രിയില്‍ ഡല്‍ഹിയിലെ പ്രസിദ്ധമായ ട്രാഫിക് ജാമുകള്‍ വളരെയൊന്നും വലച്ചില്ലെങ്കിലും ഡല്‍ഹി അതിര്‍ത്തി കടന്നതോടെ കാര്യങ്ങള്‍ കഷ്ടത്തിലായി. ബസ്സിലിരുന്ന് ഉറങ്ങിപ്പോയ ഞാന്‍ നേരം പുലരുവാന്‍ തുടങ്ങിയ വേളയില്‍ കണ്ണ് തുറന്നപ്പോള്‍ ബസ്സ്‌ എവിടെയോ നിര്‍ത്തിയിട്ടിരിക്കുകയാണ്. വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ മുന്നിലും പുറകിലും. പല വാഹനങ്ങളില്‍ നിന്നും ആളുകള്‍ ഇറങ്ങുകയും ചായകുടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചിലര്‍, അവരില്‍ സ്ത്രീകളും ഉള്‍പ്പെടും, ഒരു കോപ്പയും പിടിച്ചു മറ തേടിപ്പോകുന്നു - പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി...

കുറേനേരമായി ബസ് അവിടെത്തന്നെ നിര്‍ത്തിയിട്ടിരിക്കുകയാണത്രേ! തിരക്കിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞു അന്ന് അമാവാസിയാണ് എന്ന്. അമാവാസി ദിവസം ഗംഗയിലെ സ്നാനം അതി വിശേഷമാണ് പോലും! എല്ലാവരും കുളിക്കാന്‍ ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് പോവുന്നതിലാണ് ഇത്ര തിരക്കും മാര്‍ഗ്ഗ തടസ്സങ്ങളും. ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലായിരുന്നു. നിരങ്ങി നിരങ്ങി കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞാല്‍ വീണ്ടും കാത്തിരിപ്പ്. അങ്ങനെ കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ എങ്ങനെയൊക്കെയോ മുന്നില്‍ വീണുകിട്ടിയ ഇടയിലേക്ക് വണ്ടിയെടുക്കുകയും അല്‍പ ദൂരം തടസ്സമില്ലാതെ ബസ്സ്‌ മുന്നോട്ട് പോവുകയുമുണ്ടായി. ഇതിനിടയില്‍ തന്നെ ഉറക്കമുണര്‍ന്ന പലരെയും പതിവുള്ള ചായ കുടി, പ്രഭാതകൃത്യങ്ങള്‍ തുടങ്ങിയവയുടെ അഭാവം അലട്ടിത്തുടങ്ങിയിരുന്നു. എന്നാല്‍, യാത്രയില്‍ ഇത്തരം അസൌകര്യങ്ങള്‍ ഉണ്ടായേക്കാമെന്ന മനസിലാക്കി എല്ലാവരും പരമാവധി സന്തോഷത്തില്‍ തന്നെ പരസ്പരം സംസാരിച്ചിരുന്നു.

പക്ഷേ, ആ ഗതാഗതക്കുരുക്ക് വരാന്‍ പോകുന്നതിന്‍റെ ഒരു സൂചന മാത്രമാണ് എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. തല്‍ക്കാലം ഒരു പ്രദേശത്ത് കുറച്ചു തിരക്ക് എന്നേ കരുതിയുള്ളൂ. എന്നാല്‍ പിന്നീടങ്ങോട്ട്  ആ കുരുക്കില്‍പ്പെട്ട് വിശന്നു വലഞ്ഞും ഒന്ന് മൂത്രമൊഴിക്കാന്‍ പോലും നിവൃത്തിയില്ലാതെയും മണിക്കൂറുകള്‍ ചിലവഴിക്കേണ്ടി വരും എന്ന് ഞങ്ങള്‍ കരുതിയതേയില്ല. ഓരോ നിമിഷം കഴിയുന്തോറും അസ്വസ്ഥതകള്‍ ഏറി വരുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടി മുതല്‍ എണ്‍പതിനു മീതെ പ്രായമുള്ളവരും  അടങ്ങുന്ന ഒരു സംഘമായിരുന്നു ഞങ്ങളുടേത്. വയോജകര്‍ പലരും ദേഹാസ്വാസ്ഥ്യങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍. അവര്‍ക്കും കുട്ടികള്‍ക്കും പ്രാതല്‍ പോയിട്ട് ചായപോലും വാങ്ങിക്കൊടുക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ! (സാധാരണ ഇത്തരം യാത്രകളില്‍ ബസ്സില്‍ തന്നെ പാചക സംവിധാനങ്ങള്‍ ഉണ്ടാവും. സഞ്ചരിക്കുന്ന സുസജ്ജമ്മായ അടുക്കള ഞങ്ങളുടെ ബസ്സിലുമുണ്ട്. ഉചിതമായ എവിടെയെങ്കിലും നിര്‍ത്തി ഭക്ഷണം പാചകം ചെയ്ത് തരാന്‍ ഒരു പാചകക്കാരനും സഹായിയും ബസ്സില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ പ്ലാന്‍ പ്രകാരം അന്നത്തെ പ്രാതല്‍ ഋഷികേശിലായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ഞങ്ങള്‍ പകുതി വഴിയോളമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. വഴിയിലെവിടെയും ബസ്സ്‌ നിര്‍ത്തി പാചകം ചെയ്യാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല.)

ഒടുവില്‍ കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു പട്ടണത്തിന്‍റെ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിനു സമീപം ബസ്സ്‌ നിര്‍ത്തി. അപ്പോഴേയ്ക്കും യാത്ര തുടങ്ങി പത്തു മണിക്കൂറോളം കഴിഞ്ഞിരിക്കണം. ആ പമ്പില്‍ വൃത്തിഹീനമെങ്കിലും ഒരു മൂത്രപ്പുരയുണ്ടായിരുന്നു. ഏറെ നേരമായി വിങ്ങിനിറഞ്ഞു നിന്ന മൂത്രാശയം ഒഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും എന്തെന്നില്ലാത്ത ആശ്വാസവും അതുവരെ അനുഭവപ്പെടാതിരുന്ന വിശപ്പുമുണ്ടായി. അടുത്ത് തന്നെ ഒരു ചായക്കട ഉണ്ടായിരുന്നെങ്കിലും അവിടുത്തെ വൃത്തികേടും ഈച്ചയും പൊടി പാറുന്ന അന്തരീക്ഷവുമെല്ലാം മൂലം ചായ കുടി വേണ്ടെന്നു വെച്ചു. യാത്ര തുടര്‍ന്നു. അത് വരെ ക്ഷമയോടെയിരുന്ന കുട്ടികളും വിശപ്പിന്‍റെ ആധിക്യത്താല്‍ അസ്വസ്ഥരായി. കൈയ്യില്‍ കരുതിയിരുന്ന ബിസ്ക്കറ്റും മറ്റും വിതരണം ചെയ്ത് കുറച്ചു നേരത്തിന് അവരെ സമാധാനിപ്പിച്ചു. പ്രാതലുണ്ടാക്കുക എന്നത് നടക്കില്ല എന്നുറപ്പായതോടെ അടുത്ത ടൌണില്‍ നിന്നും പഴങ്ങളും മറ്റും വാങ്ങി വിശപ്പടക്കാം എന്ന തീരുമാനത്തിലെത്തി. പറ്റിയ ഒരു സ്ഥലത്തെത്തിയപ്പോള്‍ കുറേ പഴവും ബ്രെഡ്‌ഡ്‌ പാക്കറ്റുകളും വാങ്ങി എല്ലാവര്‍ക്കും വിതരണം ചെയ്തു. പൊതുവേ ബ്രെഡ്‌ഡ്‌ ഇഷ്ടമല്ലാത്ത ഞാനും വിശപ്പിന്‍റെ ആധിക്യത്താല്‍ ബ്രെഡ്‌ഡും പഴവും കൂടി ഒരു പുതിയ തരം സാന്‍വിച്ച് കഴിച്ചു.

കൂറ്റന്‍ ശിവരൂപം

ബസ്സ്‌ അരിച്ചരിച്ച് ഹരിദ്വാരിലെത്തി. 'പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട' എന്ന് പറഞ്ഞ അവസ്ഥയായിരുന്നു അവിടെ. റോഡില്‍ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക്. പോരാത്തതിന് മെയിന്‍ റോഡുകളില്‍ ഒന്നും പ്രവേശിപ്പിക്കാതെ ഏതൊക്കെയോ ഊടുവഴികളിലൂടെ വാഹനം തിരിച്ചു വിടുന്ന പോലീസ്. ചൂടും പൊടിയും എല്ലാം കൂടി ആകെ അസ്വസ്ഥയുളവാക്കുന്ന അന്തരീക്ഷം. ചുറ്റുമുള്ള തിരക്കും ആളുകളുടെ പ്രവര്‍ത്തികളുമൊക്കെ നിരീക്ഷിച്ചും യാത്രക്കായി തിരഞ്ഞെടുത്ത 'നല്ല ദിവസ'ത്തെപ്പറ്റി തമാശകള്‍ പറഞ്ഞും ഞങ്ങളിരുന്നു. ബസ്സിലെ ഇരുപ്പ് തുടങ്ങിയിട്ട് പന്ത്രണ്ടു മണിക്കൂറിലേറെയായിരുന്നു. അതിനിടയില്‍ മൂത്രമൊഴിക്കാനായി പത്ത് മിനിറ്റ് നിര്‍ത്തിയതല്ലാതെ എവിടെയും ഇറങ്ങുകയോ വിശ്രമിക്കുകയോ ഉണ്ടായിട്ടില്ല. ഹരിദ്വാര്‍ ടൌണിലെത്താറായിരുന്നു. പക്ഷേ അവിടെയും തിരക്കോട് തിരക്ക്. വാഹനങ്ങള്‍, കാല്‍നടക്കാര്‍, പശുക്കള്‍, നായ്ക്കള്‍ എന്നിങ്ങനെ റോഡില്‍ ഇല്ലാത്തതൊന്നുമില്ല... ബസ്സ്‌ വീണ്ടും അരിച്ചരിച്ചു നീങ്ങി. ഇനി കുറച്ചു ദൂരം ഗംഗാനദിക്ക് സമാന്തരമായാണ് റോഡ്‌ പോകുന്നത്.
ഗംഗ

ഘാട്ട്
ഒരു വശത്ത് വേനല്‍ക്കാലത്തെ ഭാരതപ്പുഴയെ അനുസ്മരിപ്പിക്കുന്ന മരുഭൂമി പോലെയുള്ള നദീതടം. മറുവശത്ത് സാമാന്യം ഒഴുക്കോടെ മുന്നോട്ട് കുതിക്കുന്ന നദി. ആയിരക്കണക്കിനാളുകള്‍ ആ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി സായൂജ്യമടയുന്നു. കുളിക്കാനായി നിറയെ ഘാട്ടുകള്‍ - വെള്ളത്തിന്‍റെ ഒഴുക്കില്‍പ്പെട്ട് ആളുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ ചങ്ങല കെട്ടിയിട്ടുണ്ട്. (ആ ഘാട്ടുകളിലേക്ക് വെള്ളം വരത്തക്കവണ്ണം നദിയുടെ ഒഴുക്കിന്റെ ദിശ മാറ്റിയാതാണെന്ന് ആരോ പറഞ്ഞു തന്നു. അത് കൊണ്ടായിരിക്കാം അപ്പുറത്ത് തരിശുഭൂമി പോലെ നദി വറ്റിവരണ്ടു കിടക്കുന്നത്.)  വിശ്വാസത്തിന്‍റെ പേരില്‍ മറ്റൊന്നും വകവെക്കാതെ, അനേകം അസ്വസ്ഥതകളും പരിമിതികളും തരണം ചെയ്ത് അവിടെയെത്തിയ ആ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ സമ്മിശ്രവികാരമാണ് എന്നിലുണ്ടായത്. ഞങ്ങളുടെ ഈ അവസ്ഥക്ക് കാരണം ഇവരൊക്കെയാണല്ലോ എന്നും ഇത്രയൊക്കെ ബുദ്ധിമുട്ടി ഈ ചടങ്ങുകളൊക്കെ നിര്‍വഹിക്കുന്ന ഇവരെ സമ്മതിക്കണം എന്നും രണ്ടു ചിന്തകള്‍ എന്നിലുണ്ടായി.

ആയിരക്കണക്കിനു വാഹനങ്ങളെയും പതിനായിരക്കണക്കിന് ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ ആ പട്ടണം സജ്ജമായിരുന്നില്ല എന്നതാണ് സത്യം. അവിടുത്തെ പോലീസുകാരുടെ നാട്യം കണ്ടാല്‍ ഇങ്ങനെയൊരു ചടങ്ങുള്ള കാര്യവും ഇത്രയും തിരക്കിന്റെ സാദ്ധ്യതയുമൊന്നും അവര്‍ അറിഞ്ഞിട്ടേയില്ല എന്ന് തോന്നും. മര്യാദയ്ക്ക് ഗതാഗത നിയന്ത്രണം പോലും നടത്താനാവാതെ നട്ടം തിരിയുന്ന അവരെ കണ്ടപ്പോള്‍ നമ്മുടെ നാട്ടിലെ പോലീസുകാരൊക്കെ എത്ര ഭേദം എന്ന് തോന്നിപ്പോയി. എന്തായാലും മണിക്കൂറുകള്‍ നീണ്ട കുരുക്കും മറ്റും തരണം ചെയ്ത് ഞങ്ങള്‍ ഋഷികേശിലെത്തിയപ്പോള്‍ വൈകുന്നേരമായി. ആദ്യം തന്നെ ബസ്സിലെ ഗൈഡ് പറഞ്ഞപ്രകാരം ഒരു കെട്ടിടത്തിലെ കൌണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുകയാണ് ചെയ്തത്.

അവിടെയുള്ള ഉത്തരാഖണ്ട് ടൂറിസം ഓഫിസില്‍ നിന്നും  യാത്രയ്ക്കുള്ള പാസ്സും മറ്റും ലഭിക്കുവാനായിരുന്നു അത്. പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഫോട്ടോമെട്രിക് പാസ്‌ ആണ് ലഭിക്കുക. കുട്ടികളടക്കം എല്ലാവരും ഈ പാസ്‌ എടുക്കേണ്ടതാണ്. തികച്ചും സൌജന്യമായ ഒരു സേവനമാണിത്. 2012-ലെ വെള്ളപ്പൊക്ക കെടുതികള്‍ക്ക് ശേഷം തുടങ്ങിയ ഒരു സംരംഭമാണിത്. ഇങ്ങനെ പേര് രജിസ്റര്‍ ചെയ്യുന്നത് വഴി എത്ര യാത്രക്കാര്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് അധികാരികള്‍ക്ക് ഒരു ധാരണ ലഭിക്കും. വല്ല അത്യാഹിതവും സംഭവിക്കുകയാണെങ്കില്‍ വിവരങ്ങള്‍ അറിയാനും നല്കാനുമെല്ലാം ഈ സംവിധാനം സഹായകമാകുമെന്നതില്‍ സംശയമില്ല.



പത്തു പതിന്നാലു മണിക്കൂറുകള്‍ക്ക് ശേഷം കാലു നിവര്‍ത്താന്‍ കിട്ടിയ അവസരം. ശരിയായ ഭക്ഷണം കിട്ടാത്തതിനാല്‍ പലരും തളര്‍ന്നിരിന്നു. ബസ് സ്റ്റാന്‍ഡിലെ ഒരു ഭാഗത്ത് ശൌചാലയങ്ങളും കുളിമുറികളും വിശ്രമകേന്ദ്രങ്ങളും ഉണ്ടായിരുന്നു. നാല് ഭാഗത്തും ചുമരിനോട് ചേര്‍ന്ന് മൂന്നടി പൊക്കത്തിലുള്ള തിണ്ണകളുള്ള ഒരു വലിയ മുറി ഞങ്ങള്‍ക്കായി തുറന്നു തന്നു. തിണ്ണയില്‍ ബാഗും മറ്റും വെക്കരുത്, പരിചയമില്ലാത്തവരെ കേറ്റരുത് എന്നൊക്കെ നിര്‍ദ്ദേശം തന്ന് വാതില്‍ തുറന്നു തന്നയാള്‍ പോയി. എല്ലാഭാഗത്തുമുള്ള കമ്പിയഴിയിലൂടെ കയ്യിട്ടാല്‍ ഉള്ളിലിരിക്കുന്ന വസ്തുക്കള്‍ പുറത്തു നില്‍ക്കുന്നയാള്‍ക്ക്‌ എടുക്കാനാവും എന്നതിനാലാണ് അയാള്‍ ബാഗ്‌ നിലത്ത് വെക്കാന്‍ പറഞ്ഞതെന്ന് തോന്നുന്നു.

എന്തായാലും ഓരോരുത്തരായി എല്ലാവരും പല്ലുതേപ്പ് രാവിലെ സാധിക്കാതെ പോയ പ്രാഥമികാവശ്യങ്ങളുടെ നിര്‍വഹണം എന്നിവയൊക്കെ കഴിഞ്ഞു വീണ്ടും ആ വലിയ മുറിയില്‍ ഇരിപ്പായി - പാചകക്കാരന്‍ വാഗ്ദാനം ചെയ്ത ബിരിയാണിയും കാത്ത്. അതിനിടയില്‍ അയാള്‍ ആവി പറക്കുന്ന കാപ്പിയും ചായയും എത്തിച്ചു. മിക്കവാറും പേര്‍ രണ്ടുമൂന്ന് കപ്പ്‌ ചായ / കാപ്പി അകത്താക്കി എന്ന് പറയുമ്പോള്‍ ഞങ്ങളുടെ വിശപ്പിന്റെ ആധിക്യം ഊഹിക്കാമല്ലോ. കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം ബിരിയാണിയും സാലഡും എത്തി. എല്ലാവരും വയറു നിറച്ചു കഴിച്ചു. പാവം നിയക്കുട്ടി ഒഴികെ - ഒരല്പം എരി കൂടിയതിനാല്‍ നിയ അത് കഴിക്കാന്‍ ബുദ്ധിമുട്ടി. വിശപ്പ് ഉണ്ട്, പക്ഷേ എരിവുകാരണം കഴിക്കാനും പറ്റുന്നില്ല. ഒടുവില്‍ പഞ്ചസാരയും സാലഡിലെ തൈരും ഒക്കെ ചേര്‍ത്ത് കുറച്ചൊക്കെ കഴിച്ചു.



അന്നു രാത്രിയില്‍ ഞങ്ങള്‍ക്ക് എത്തേണ്ടത് ബട്കോട്ട് (Barkot) എന്ന സ്ഥലത്തായിരുന്നു. അവിടെയുള്ള ഒരു ഹോട്ടലിലാണ് താമസ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നത്. ഋഷികേശില്‍ നിന്നും ഏകദേശം നൂറ്റി എഴുപതോളം കിലോമീറ്റര്‍ അകലെയാണ് ബട്കോട്ട്. ഭക്ഷണം കഴിച്ചശേഷം സമയമൊട്ടും കളയാതെ ഞങ്ങള്‍ അങ്ങോട്ടേക്ക് യാത്ര തിരിച്ചു, ഒരു പത്തുമണിയോടെയെങ്കിലും അവിടെ എത്തിപ്പെടാനാവും എന്ന വിശ്വാസത്തില്‍. ഡെഹ്റാഡൂണ്‍, മസൂറി തുടങ്ങിയ പട്ടണങ്ങള്‍ കഴിഞ്ഞു വേണം പോകാന്‍. മിക്കവാറും വഴി മുഴുവന്‍ മലനിരകളിലൂടെയാണ്. കയറ്റവും ഇറക്കവും ഒരു വശത്ത് അഗാധ ഗര്‍ത്തങ്ങളുമുള്ള റോഡിലൂടെയുള്ള യാത്ര. ശരിയായ സമയത്തായിരുന്നെങ്കില്‍ ഞങ്ങള്‍ അവിടെ വൈകുന്നേരത്തോടെ എത്തിയേനെ. എന്തായാലും വീണ്ടും മൂന്നാലു മണിക്കൂര്‍ ബസ്സില്‍ തന്നെയിരിക്കാന്‍ തയ്യാറായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഡെഹ്റാഡൂണ്‍ പിന്നിട്ട് വണ്ടി നീങ്ങി. മസൂറിയിലെത്തുന്നതിനു മുന്‍പേ രാത്രി കറുത്തിരുന്നു. ദൂരെ മലയിടുക്കുകളില്‍ തെളിഞ്ഞു കാണുന്ന ദീപ പ്രഭ സുന്ദരമായ കാഴ്ച്ച തന്നെയായിരുന്നു. വൈദ്യുത വിളക്കുകള്‍ ചിമ്മി നിന്ന മസൂരിയുടെ ദൃശ്യം പഴയ യാത്രയുടെ ഓര്‍മകള്‍ ഉണര്‍ത്തി. മുകളിലെത്തിയപ്പോഴോ, ആകാശം താഴെയിറങ്ങി വന്നത് പോലെ താഴ്വരയില്‍ തിളങ്ങുന്ന ഡെഹ്റാഡൂണ്‍ പട്ടണം. രാത്രിയുടെ ഈ സുന്ദര കാഴ്ച്ച മനം കുളിര്‍പ്പിച്ചെങ്കിലും വൈകുന്ന ഓരോ നിമിഷവും ഞങ്ങള്‍ക്ക് പിന്നിടേണ്ടുന്ന പാതയെക്കുറിച്ചുള്ള ആശങ്കയും കൂടിക്കൂടിവന്നു. മുന്‍പ് സൂചിപ്പിച്ചിരുന്ന പോലെ ഈ മലയോര പാതകള്‍ ഏറെ വീതികുറഞ്ഞവയാണ്. രാത്രിയുടെ പേടിപ്പിക്കുന്ന ഇരുട്ടും കൂടിയായപ്പോള്‍ ഓരോ തിരിവും വളവും പലരുടെയും ഹൃദയമിടിപ്പ്‌ കൂട്ടി. എന്നാലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ സമാധാനമായി നടുനിവര്‍ത്താം എന്ന വ്യാമോഹത്തില്‍ ഞങ്ങളിരുന്നു.


മസൂറി കഴിഞ്ഞു കുറച്ചു ദൂരം പോയപ്പോഴാണ് അതുണ്ടായത്. ഒരു വളവില്‍ പോലീസ് ചെക്പോസ്റ്റ്. അവര്‍ താഴ്ത്തിക്കെട്ടിയ ഇരുമ്പുകമ്പി ഇരുട്ടില്‍ കാണാന്‍ അല്പം വൈകി. തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ബസ്സ്‌ നിന്നു. പണികിട്ടി എന്ന് ചിലരൊക്കെ പറഞ്ഞു. ഡ്രൈവര്‍ താഴെയിറങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ഗൈഡും. കുറെനേരമായും അവരെ കാണാഞ്ഞപ്പോള്‍ കാര്യം അന്വേഷിച്ചു ചെന്നു. അപ്പോഴാണ്‌ അടുത്ത പ്രശ്നമറിയുന്നത്. ആ വഴിയിലൂടെ രാത്രി 8 മണി കഴിഞ്ഞാല്‍ യാത്ര അനുവദിക്കാറില്ലത്രെ! അവിടുന്നങ്ങോട്ടുള്ള വഴി ഏറെ ദുര്‍ഘടവും അപകടസാധ്യത കൂടുതല്‍ ഉള്ളതുമാണ് പോലും. കൂടാതെ എത്ര ശ്രമിച്ചാലും രണ്ടു മണിക്ക് മുന്‍പ് ബട്ക്കോട്ടില്‍ എത്താനുള്ള സാധ്യതയും ഇല്ല എന്ന് അവര്‍ പറഞ്ഞു. നിങ്ങളുടെ സുരക്ഷയെ കരുതിയാണ് പറയുന്നത്. റിസ്ക്‌ എടുത്ത് പോകണമെങ്കില്‍ പോകാം. പക്ഷേ ഇവിടം വിട്ടു കഴിഞ്ഞാല്‍ ഒരു ഗ്യാരണ്ടിയും തരാനാവില്ല എന്നൊക്കെ ആ ഓഫിസര്‍ പറഞ്ഞു.

ഇനിയെന്തുചെയ്യും ചെയ്യും എന്ന വിഷമ വൃത്തിലായി ഞങ്ങള്‍. യാത്ര തുടങ്ങിയിട്ട് ഇരുപത്തിനാലു മണിക്കൂര്‍ ആവാറായി. ബസ്സിലിരിക്കുന്നവര്‍ ക്ഷീണിതരരാണ് എന്നത് പോട്ടെ, അതോടിക്കുന്ന ഡ്രൈവര്‍ ഇരുപത്തിനാലു മണിക്കൂറിലധികമായി ഒന്നുറങ്ങിയിട്ട്. അത്തരം ഒരു സാഹചര്യത്തില്‍ ഇത്രയും ദുര്‍ഘടമായ ഒരു വഴിയിലൂടെ യാത്ര തുടരുന്നത് -അതും ബന്ധപ്പെട്ട അധികാരികള്‍ വിലക്കിയിട്ടും- അബദ്ധമല്ലേ? എന്നാല്‍ പോകാതിരുന്നാല്‍ രാത്രി കഴിച്ചു കൂട്ടുന്നതെങ്ങനെ? ചെറുപ്പക്കാര്‍ മാത്രമായിരുന്നു ബസ്സിലെങ്കില്‍ അതില്‍ തന്നെ ചുരുണ്ടുകൂടി ഉറങ്ങാമായിരുന്നു. ഇത് അത് പറ്റില്ലല്ലോ. പ്രായമായവരുടെ കാലില്‍ നീരു വന്നു തുടങ്ങി. തുടര്‍ച്ചയായ ഇരുപ്പില്‍ അവര്‍ ക്ഷണിച്ചിരുന്നു. അവരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ വയ്യ.

ബസ്സുകാര്‍ (ഡ്രൈവര്‍, ഗൈഡ് എന്നിവര്‍) യാത്ര തുടരാം ഒരു പ്രശ്നവുമില്ല എന്ന രീതിയില്‍ സംസാരിച്ചു. പക്ഷേ ഞങ്ങള്‍ ഭൂരിപക്ഷം പേരും പോലീസുകാരും അതിനോട് യോജിച്ചില്ല. ഡ്രൈവര്‍ വിശ്രമമില്ലാതെ ഇത്രയും ദൂരവും നേരവും ബസ്സ്‌ ഓടിക്കുക തന്നെയായിരുന്നു. അയാള്‍ ഒരല്പ നേരമെങ്കിലും ഉറങ്ങാതെ യാത്ര തുടരുന്നത് മണ്ടത്തരമാകും എന്ന് തോന്നിയതിനാല്‍ അവിടെ അടുത്തെവിടെയെങ്കിലും മൂന്നാല് മുറികള്‍ കിട്ടിയാല്‍ ആ രാത്രി എങ്ങനെയും തള്ളിനീക്കാം എന്ന തീരുമാനത്തിലെത്തി.

ഈ തീരുമാനം പോലീസുകാരനെ അറിയിച്ചപ്പോള്‍ അയാള്‍ കുറച്ചു ദൂരം മുന്നിലുള്ള ഒരു ഹോട്ടലില്‍ വിളിച്ച് ഞങ്ങള്‍ക്ക് താമസ സൗകര്യം ഏര്‍പ്പാടാക്കിത്തന്നു. ഹോട്ടലിന്റെ പേരും മറ്റും പറഞ്ഞു തന്നതിനോടൊപ്പം ഡ്രൈവര്‍ക്ക് ഒരു ഭീഷണിയും - "ഹോട്ടല്‍ കഴിഞ്ഞു ഒരടി മുന്നോട്ട് പോയാല്‍ ഞാന്‍ അറിയും. പിന്നെ ഞാന്‍ പിന്നാലെ വന്ന് നിങ്ങളെ കസ്ററഡിയിലെടുക്കും." അതിനപ്പുറം പോകില്ല എന്ന ഉറപ്പില്‍ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. എന്തായാലും ഉച്ചയ്ക്ക് ഹരിദ്വാറില്‍ കണ്ട പോലീസുകാര്‍ മനസ്സില്‍ സൃഷ്ടിച്ച ചിത്രത്തിന്‍റെ നേരെ വിപരീതമായിരുന്നു ഈ പോലീസ്. ദൌത്യ നിര്‍വഹണത്തിന് അവര്‍ കാണിച്ച ശുഷ്കാന്തി അത്ര പെട്ടന്നൊന്നും മറക്കില്ല.

പ്രസിദ്ധമായ കെംപ്റ്റി ഫാള്‍സിന്‍റെ പ്രാന്തപ്രദേശത്തില്‍ ഒരു രണ്ടു നിലക്കെട്ടിടം - അതായിരുന്നു ഹോട്ടല്‍. വൃത്തിയും വെടുപ്പുമുള്ള രണ്ടു മുറികള്‍ കഷ്ടിച്ച് കിട്ടി. പ്രായമായവര്‍ക്കും ചെറിയ കുട്ടികളുള്ളവര്‍ക്കുമായി ആ മുറികള്‍ വിട്ടു കൊടുത്തു. ബാക്കിയുള്ളവര്‍ ആ കെട്ടിടത്തിന്റെ താഴെ ഭൂഗര്‍ഭ അറ എന്ന് തോന്നിപ്പിക്കുന്ന മുറികളില്‍ അഭയം പ്രാപിച്ചു - വെറും മൂന്നാലു മണിക്കൂറുകള്‍ മാത്രമേ അവിടെ ചിലവഴിക്കേണ്ടൂ എന്ന ആശ്വാസത്തില്‍. അധികം വൈകാതെ ഭക്ഷണം തയ്യാറായി. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സേമിയ ഉപ്പുമാവായിരുന്നു അന്നത്തെ അത്താഴം. അതും കഴിച്ച് അടുത്ത ദിവസം നാലു മണിക്ക് യാത്ര വീണ്ടും തുടങ്ങാം എന്ന ധാരണയില്‍ എല്ലാവരും ഉറങ്ങാന്‍ പോയി. യാത്രാ ക്ഷീണം മൂലം ആ കുടുസ്സുമുറിയിലെ വിങ്ങുന്ന വായുവും വൃത്തിയില്ലായ്മയും ഒന്നും പ്രശ്നമായി തോന്നിയില്ല. നനുത്ത തണുപ്പിനെ ചെറുക്കാന്‍ അല്പം പഴകിയതും കീറിയതുമായ രജായികളും ഉണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരുടെ മുറി ഞങ്ങള്‍ക്കായി ഒഴിപ്പിച്ചു തന്നതാണോ എന്ന് ഞാന്‍ സംശയിച്ചു അതിന്റെ മട്ടും മാതിരിയും കണ്ടപ്പോള്‍. എന്തായാലും ഇതെങ്കിലും കിട്ടിയല്ലോ എന്ന സമാധാനത്തില്‍, നാളെ എല്ലാം തീരുമാനിച്ച പോലെ തന്നെ നടക്കും എന്ന പ്രത്യാശയില്‍, ഉറങ്ങാന്‍ കിടന്നു. ക്ഷീണം മൂലം കണ്ണടച്ചപ്പോഴെയ്ക്കും ഉറങ്ങിപ്പോയെന്നു തോന്നുന്നു...

(തുടരും....

Comments

ബാക്കി കൂടെ പോരട്ടെ നിഷ് ചേച്ചീ ..ചില കാര്യങ്ങൾ എഴുതാൻ വൈകിയാലും എഴുതി കഴിഞ്ഞാൽ ഒരു ആശ്വാസമാണ് ..ആ ആശ്വാസം ചേച്ചിക്ക് ഇപ്പോൾ ഉണ്ടായിക്കാണും എന്ന് വിശ്വസിക്കുന്നു .. ഹിമാലയ യാത്ര എന്റെയും ഒരു ലക്ഷ്യമാണ് ..എന്ന് സാധിക്കും എന്നറിയില്ല ..എന്തായാലും ഇത്തരം വിവരങ്ങൾ അത് കൊണ്ട് തന്നെ ആകാംക്ഷയോടെയാണ് ഞാൻ വായിക്കുന്നത് .. അടുത്ത ഭാഗം വേഗം എഴുതി പോസ്റ്റ് ചെയ്യൂ ..
Nisha said…
ബാക്കി ഉടനെ വരും. പ്രവി പറഞ്ഞപോലെ മനസ്സില്‍ ഇതിങ്ങനെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കുറെനാളായി... വാക്കുകളായി പുറത്തെത്തുമ്പോള്‍ ആ യാത്ര ഒരിക്കല്‍ കൂടി നടത്തിയ തോന്നലാണ്.

സമയമാവുമ്പോള്‍ അവിടെയെത്തും. അത് ഉറപ്പാണ്‌. പ്രവിയും ഒരിക്കല്‍ പോകും. തീര്‍ച്ച! അന്ന് അനുഭവങ്ങള്‍ പങ്കുവെക്കണം ട്ടോ!
© Mubi said…
ഇപ്പോഴെങ്കിലും ഇതെഴുതിയിടാന്‍ തോന്നിയത് നന്നായി... ഒന്നൂടെ പോയി വന്ന പോലെയുണ്ടാവും എഴുതിയാല്‍ :)
Nisha said…
പല പല കാരണങ്ങള്‍ കൊണ്ട് അങ്ങനെ നീണ്ടുപോയി എന്നേയുള്ളൂ... മനസ്സില്‍ ഒരു അസ്വസ്ഥത സൃഷ്ടിച്ച് വാക്കുകള്‍ എപ്പോഴുമങ്ങനെ വന്നും പോയുമിരിക്കുന്നുണ്ടായിരുന്നു...
ഇതിന്റെ ബാക്കി എഴുതിയാൽ ലിങ്ക് മെയിൽ ചെയ്യൂ. അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടൂന്നുവരില്ല.
kharaaksharangal@gmail.com
Cv Thankappan said…
യാത്രയുടെഓര്‍മ്മ അത്രവേഗമൊന്നും മറക്കാന്‍ക്കഴിയില്ല...അത്രയ്ക്കുണ്ട് യാത്രയിലെ വിശേഷങ്ങള്‍...
ആശംസകള്‍

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം