ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരിയസി
കേടായ ഷോപ്പിങ്ങ് ബാഗ് മാറ്റിക്കിട്ടാനായി കടയിൽ പോയതായിരുന്നു. മാറിക്കിട്ടിയ ഷോപ്പിങ്ങ് ബാഗ് അവിടെ വെച്ചു തന്നെ പുറത്തെടുത്ത് ചക്രങ്ങളൊക്കെ പിടിപ്പിച്ച് റെഡിയാക്കുന്നതിനിടയിലാണ് അപ്പുറത്തിരുന്ന സ്ത്രീ പറഞ്ഞത്: 'ഇത് വളരെ നല്ല ഒരുത്പന്നമാണ്. എന്റെയടുക്കലും ഉണ്ട് ഇതേ പോലൊരെണ്ണം. സാധനങ്ങൾ കൊണ്ടുപോകാൻ വളരെ സൗകര്യപ്രദം.' പതിവില്ലാത്തവണ്ണം ഒരാൾ അഭിപ്രായം പറയുന്നത് കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും അവർക്കുള്ള മറുപടിയായി ഒരു ചിരിയും, 'അതേയല്ലേ' എന്നൊരു വാക്കും പറഞ്ഞ് ഞാൻ വീണ്ടും എന്റെ പണി തുടർന്നു. അവർ ഇവിടത്തുകാരിയല്ല. ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മുസ്ലീം ആണെന്നത് മാത്രമാണ്. കാണുന്ന മാത്രയിൽ തന്നെ ആളുകൾ എവിടത്തുകാരാണെന്നൂഹിക്കാൻ കഴിവുള്ളവർ കാണും. ഞാൻ അക്കൂട്ടത്തിൽ പെടില്ല. ഒരാളെ സൂക്ഷ്മമായി നോക്കുന്നത് അപമര്യാദയാണല്ലോ... അതിനാൽ ആ സാഹസത്തിന് മുതിരാതെ ചെയ്തു കൊണ്ടിരിക്കുന്ന പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
എന്നാൽ അവർ മിണ്ടാതിരുന്നില്ല. സംസാരിക്കാൻ വെമ്പി നിൽക്കുന്ന പോലെ അവർ തുടർന്ന് ചോദിച്ചു: 'നിങ്ങൾ ഇന്ത്യയിൽ നിന്നാണല്ലേ ? ഇന്ത്യ മനോഹരമായ ഒരു സ്ഥലമാണല്ലേ ?' 'അതേ, ഞാൻ ഇന്ത്യയിൽ നിന്നാണ്. ഇന്ത്യ തീർച്ചയായും ഒരു മനോഹരമായ സ്ഥലമാണ്. നിങ്ങൾ എവിടെ നിന്നാണ് ?'
'ഞാൻ ഇറാഖിൽ നിന്നാണ്. ഇവിടെ വന്നിട്ട് നാലു വർഷമായി. ഒരു കൊല്ലം കൂടി കഴിഞ്ഞാൽ തിരിച്ചുപോകണം.'
'ഓഹോ! അതു ശരി! അപ്പോൾ നിങ്ങൾ ഇവിടെ ജോലിക്കായ് വന്നതാണോ?'
'അല്ല, ഭർത്താവ് ഇവിടെ കംപ്യൂട്ടർ സയൻസ് പഠിക്കുകയാണ്. എനിക്ക് ഇറാഖിൽ നല്ല ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. പക്ഷേ, അവിടെ സ്വസ്ഥതയില്ല. എനിക്ക് ഭയമാണ് അവിടേക്ക് തിരിച്ചു പോകാൻ.'
ഒരൽപം ആശ്ചര്യത്തോടെ ഞാനവരെ നോക്കിയപ്പോൾ അവർ തുടർന്നു: 'ഞങ്ങളുടെ നാട്ടിൽ ആകെ പ്രശ്നമാണ്. എന്നും യുദ്ധവും ബോംബിടലും ഒക്കെ... ആ കുരുതിക്കളത്തിലേക്ക് തിരിച്ചു പോകാൻ ധൈര്യമില്ല.'
'ഉം... ഇറാഖ് - കുവൈറ്റ് യുദ്ധത്തിനു ശേഷം അവിടെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ! ഞങ്ങളുടെ നാട്ടുകാർ പലരും അവിടെ നിന്ന് പലായനം ചെയ്തതായി പത്രങ്ങളിൽ വായിച്ചിരുന്നു.'
'ഇപ്പോൾ സ്ഥിതി അതിലും കഷ്ടമാണ്. തിരിച്ച് അവിടെ പോകാതെ ദുബായ്ലോ മറ്റോ പോകാനാവുമോ എന്ന ചിന്തയിലാണ് ഞങ്ങൾ. പക്ഷേ, ഈ ഇറാഖി പാസ്പോർട്ട് വലിയ ഒരു പ്രശ്നമാണ്. ഇതിന് സ്വീകാര്യത വളരെ കുറവാണ്. മറ്റു രാജ്യങ്ങളിലെ വിസ കിട്ടാൻ വല്യ പാടാണ്. നിങ്ങളുടേത് ബ്രിട്ടീഷ് പാസ്പോർട്ട് ആണോ?'
'ഏയ്, അല്ല. ഇന്ത്യൻ പാസ്പോർട്ട് തന്നെ.' മറ്റൊരു സാധനം വാങ്ങിയതിന്റെ ബില്ലടയ്ക്കാനായി വരിനില്ക്കുന്ന എന്റെയാളെ എത്തിനോക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
'നിങ്ങൾ നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നുണ്ടല്ലോ' എന്ന അവരുടെ വാക്കുകൾക്ക് പുഞ്ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു. അപ്പോഴേയ്ക്കും ഷോപ്പിങ്ങ് ബാഗ് റെഡിയായിക്കഴിഞ്ഞു. അത് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി എല്ലാം ശരിയല്ലേ എന്ന് പരിശോധിച്ചു.
'കുട്ടികളുണ്ടോ?' വീണ്ടും ചോദ്യം. 'ഉവ്വ് രണ്ടു മക്കളുണ്ട്. അവർ പഠിക്കുന്നു' എന്ന് ഞാൻ.
'ഭാഗ്യവതി! എനിക്ക് ആ ഭാഗ്യവും ഉണ്ടായിട്ടില്ല. ഒൻപതു പ്രാവശ്യം ഗർഭമലസിപ്പോയി. ഇനി അടുത്തു തന്നെ IVF ശ്രമിക്കണം. എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു.'
അവരുടെ മുഖത്ത് തെളിഞ്ഞു കണ്ട നിസ്സഹായതയും ദയനീയതയും എന്റെ മനസ്സിൽ എവിടയോ തറച്ചു കയറിയ പോലെ... എന്നു പറയണമെന്നറിയാതെ ഇരിക്കുമ്പോൾ അവരുടെ ഭർത്താവ് ബില്ലടച്ചു കഴിഞ്ഞ് അവരെ തേടി എത്തി... യാത്ര പറഞ്ഞ് അവർ പോകുംമ്പോൾ ' നല്ലതു മാത്രം സംഭവിക്കട്ടെ ' എന്നാശംസിച്ചു ഞാൻ.
അവർ പോയിക്കഴിഞ്ഞിട്ടും അവർ പറഞ്ഞ കാര്യങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവർ പറഞ്ഞത് ശരിയാണ്. തിരിച്ചു പോകാനൊരു നാടും തങ്ങളുടെ വരവും കാത്തിരിക്കുന്ന വീട്ടുകാരും കൂട്ടുകാരും ഒക്കെയുള്ളയാളുകൾ ഭാഗ്യം ചെയ്തവർ തന്നെ! എന്തൊക്കെ കുറവുകളും കുറ്റങ്ങളും പറഞ്ഞാലും പിറന്ന നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റുന്നത് വലിയൊരു ജീവിത സൗഭാഗ്യം തന്നെ! ജന്മനാടിന്റെ മണ്ണും മണവും നെഞ്ചിലേറ്റി നടക്കുന്ന ഓരോ പ്രവാസിയും തിരിച്ചു പോകാൻ ഒരിടമുണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം ലോകത്തിലെ ലക്ഷോപലക്ഷം ആളുകളെക്കാൾ ഭാഗ്യവാന്മാർ തന്നെ!
Comments
ജന്മനാടിന്റെ മഹത്വം തിരിച്ചറിയാതെ പോകുന്നു നമ്മില്‍ പലരും എന്നതാണ് സങ്കടകരമായ അവസ്ഥ!