വീട്ടിലെ കിളികൾ: 3 - കാക്ക
കാക്ക മലയാളിയുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള ഒരു പക്ഷിയാണെന്ന് കുട്ടിക്കാലത്ത് തന്നെ ധരിച്ചു വെച്ചിരുന്നു. മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ശ്രാദ്ധത്തിന് ബലിയിട്ടാൽ കുട്ടികളൊക്കെ കൈ കൊട്ടി കാക്കയെ വിളിക്കാൻ കൂടും. കാക്ക വന്ന് ബലിച്ചോറ് കഴിച്ചില്ലെങ്കിൽ എന്താണാവോ അവർ വരാത്തത് എന്ന് സങ്കടപ്പെടുന്ന അച്ഛൻ പെങ്ങളുമാരുടെ സങ്കടം കാണുമ്പോൾ കൂടുതൽ ശക്തിയോടെ കൈ കൊട്ടി നോക്കും. കാക്ക വന്നാൽ സന്തോഷിക്കും. ഇതാണ് എന്റെ ഏറ്റവും പഴക്കമുള്ള കാക്കയോർമ്മ. ക്രമേണ ശ്രാദ്ധവും മറ്റും ഏറ്റവും ചുരുങ്ങിയ രീതിയിൽ ബലിയിടൽ മാത്രമായി മാറുന്നതിനു മുൻപ് തന്നെ കാക്കകൾ ചുറ്റുവട്ടത്ത് അസുലഭ കാഴ്ച്ചകളായി മാറിയിരുന്നു. കാക്കയ്ക്ക് പകരം അണ്ണാനും മറ്റു കിളികളും ബലിച്ചോറുണ്ടു.
കേരളത്തിൽ രണ്ടു തരം കാക്കകളാണ് കാണപ്പെടുന്നത് - ബലിക്കാക്കയും പേനക്കാക്കയും - എന്ന് ആദ്യമായി പറഞ്ഞു തരുന്നത് യാമിനിയാണ്. അവയുടെ വ്യത്യാസങ്ങളും അന്ന് യാമിനി പറഞ്ഞുവെന്നാണ് എന്റെ ഓർമ്മ. പ്രായം എന്നെക്കാളും കുറവാണെങ്കിലും ഇത്തരം കാര്യങ്ങളിൽ യാമിനിയ്ക്ക് നല്ല അറിവായിരുന്നു. യാമിനിയുടെ അച്ഛൻ നാരായണേട്ടൻ വലിയൊരു സഞ്ചാര പ്രിയനാണെന്ന് മാത്രമല്ല, കാടുകളാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടവ. കാടിനെക്കുറിച്ചും മറ്റും നാരായണേട്ടൻ പറയുന്നത് ഒരിക്കലും കേട്ട് മതിവരില്ല. അച്ഛനിൽ നിന്നാവണം യാമിനിയ്ക്കും കുറേ അറിവുകൾ കിട്ടിയത്. എപ്പഴും ചക്കരയും ഈച്ചയും പോലെ കഴിഞ്ഞിരുന്ന ഞങ്ങൾ കുട്ടികൾ താന്താങ്ങളുടെ അറിവ് പങ്കുവെക്കുക സ്വാഭാവികമായിരുന്നു.
കാക്കകളെക്കുറിച്ച് പറയുമ്പോൾ യാമിനി രണ്ടിലോ മൂന്നിലോ ഒക്കെയാവും. അത്ര ചെറുതാണ്. എന്തായാലും ഈ കാക്കപ്പുരാണം ശരിയാണെന്ന് മനസ്സിലായതോടെ യാമിനിയോട് അതുവരെ ഉണ്ടായിരുന്ന സ്നേഹത്തിന്റെ ഒപ്പം ബഹുമാനവും ഉണ്ടായി (അത് ഇത് വരെ ആ പാവം അറിഞ്ഞിട്ടുണ്ടാവില്ല, എന്നാലും). ഇടയ്ക്കെപ്പോഴോ എവിടെ നിന്നോ ഒരു പക്ഷികളെക്കുറിച്ചുള്ള പുസ്തകം കിട്ടിയതിൽ കാക്കകളെക്കുറിച്ച് കൃത്യമായ വിവരണമുണ്ടായിരുന്നു. അന്ന് യാമിനി പറഞ്ഞ പോലെ തന്നെ നരച്ച കഴുത്തും വലുപ്പക്കുറുമുള്ള പേനക്കാക്കയും കറുത്ത് വലുപ്പം കൂടിയ ബലിക്കാക്കയും.
കുട്ടിക്കാലത്ത് കാക്കയുടെ കരച്ചിൽ കേൾക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. വലുതായപ്പോഴേയ്ക്കും കാക്ക നാട്ടിൻ പുറങ്ങളിൽ കുറഞ്ഞു തുടങ്ങി എന്നാണ് എന്റെ അനുഭവം. പണ്ടൊക്കെ സദ്യ കഴിഞ്ഞാൻ തൊടിയിൽ എച്ചിലില വലിച്ചെറിഞ്ഞിടത്ത് കാക്കകളുടെ ഒരു ബഹളമായിരുന്നു. ഇപ്പോൾ വീടുകളിൽ നിന്ന് കല്യാണമണ്ഡപങ്ങളിലേയ്ക്കും ഇലയിൽ നിന്നും പ്ലാസ്റ്റിക് ഇലയിലേയ്ക്കും നമ്മൾ നടന്നു നീങ്ങിയപ്പോൾ നഗരത്തിലെ ഹോട്ടൽ മാലിന്യക്കുമ്പാരത്തിലേയ്ക്ക് നീങ്ങി കാക്കകളും പ്രവാസികളായി.
കറുപ്പിനോട് വളരെയധികം വിവേചനമുള്ള ഒരു നാട്ടിൽ കാക്കയെപ്പോലെ ഒരു പക്ഷി മിക്കവർക്കും പ്രിയപ്പെട്ടതല്ല. കാക്കക്കറുമ്പി, കാക്കയ്ക്കും തൻകുഞ്ഞ് പൊൻ കുഞ്ഞ്, കാക്ക കുളിച്ചാൽ കൊക്കാകുമോ, കാക്കക്കുളി തുടങ്ങി അനേകം ചൊല്ലുകളും പ്രയോഗങ്ങളും കാലാകാലമായി പ്രചാരത്തിലുണ്ട് - കറുപ്പിനെ ഇകഴ്ത്താനായിത്തന്നെ! എന്നാൽ കറുത്ത നിറമാണെങ്കിലും ഏറെ വൃത്തിയുള്ള ജീവിയത്രേ കാക്ക!
Crow is nature's scavenger എന്ന് പണ്ട് വായിച്ച ഒരു വാചകം ഏറ്റവും ശക്തമായി ഓർമ്മയിൽ നിലനില്ക്കുന്നു. ശരിയാണ്, അഴുക്കുകൾ കൊത്തിപ്പെറുക്കി വൃത്തിയാക്കുന്നതിൽ കാക്കയോളം അദ്ധ്വാനിയ്ക്കുന്ന പക്ഷി വേറൊന്നുമില്ല. ഇതൊക്കെയാണെങ്കിലും വൃത്തികെട്ട ഒരു കാക്കയെ കാണാൻ പാടുപെടും. കുപ്പയിലും മറ്റു മാലിന്യങ്ങളിലുമൊക്കെ കൊത്തി പൊറുക്കുമെങ്കിലും വൃത്തിയായേ ഈ പക്ഷിയെ നമുക്ക് കാണാൻ സാധിയ്ക്കൂ.
കാക്കയെ പറ്റിച്ച് അതിന്റെ കൂട്ടിൽ കുയിൽ മുട്ടയിടുന്ന കഥ കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അത് കേൾക്കുമ്പോൾ തോന്നും കാക്ക ഒരു ബുദ്ധിയില്ലാത്ത ജീവിയാണെന്ന്. എന്നാൽ കുടത്തിലെ വെള്ളം കുടിയ്ക്കാൻ കുടത്തിൽ കല്ലുകൾ ഇട്ട കാക്കയുടെ കഥയും നമ്മൾ കുട്ടിക്കാലം മുതലേ കേൾക്കുന്നുണ്ട്- കാക്ക നല്ല ബുദ്ധിയുള്ള ജീവിയാണ് എന്നതിന് തെളിവാണത്. ഈയടുത്ത കാലത്ത് നടത്തിയ പല പരീക്ഷണങ്ങളും കാക്കയ്ക്ക് സമർത്ഥമായി ചിന്തിച്ച് പ്രശ്ന പരിഹാരം (problem solving skills) കാണാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്നു.
കാകദൃഷ്ടിയും ചർച്ചാവിഷയമാവാറുണ്ട്. ഒരു വശത്തേയ്ക്ക് തല ചെരിച്ചുള്ള കാക്കയുടെ നോട്ടത്തിൽ ഒരു പന്തികേട് തോന്നാമെങ്കിലും വളരെയധികം നിരീക്ഷണ പാടവമുള്ള പക്ഷിയാണ് കാക്ക. കാക്കയുടെ നോട്ടത്തിൽ പെടാതിരിയ്ക്കാൻ വിഷമമാണ്.
കാക്കകൾ സമൂഹജീവികൾ കൂടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കൂട്ടം കൂട്ടമായി ചേക്കേറുമ്പോൾ മാത്രമല്ല, പറമ്പിൽ എവിടെയെങ്കിലും ഒരു കാക്ക ചത്തു കിടക്കുന്നുണ്ടെങ്കിൽ കാ കാ എന്ന് കരഞ്ഞ് ആ പ്രദേശത്തുള്ള കാക്കകൾ മുഴുവനും അവിടെയെത്തും.
അതു പോലെത്തന്നെ കാക്കക്കുഞ്ഞുങ്ങളുള്ള കൂടിന്റെ അടുത്തെങ്ങാനും പോയാൽ മതി, അവ പ്രകോപിതരായി നമ്മെ ആക്രമിച്ചേയ്ക്കാം. കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ എന്നൊരു പ്രയോഗവും ഉണ്ടെന്ന് തോന്നുന്നു - ഒരു കാക്കയെ ഉപദ്രവിച്ചാൽ പൊടുന്നനെത്തന്നെ മറ്റു കാക്കകൾ പറന്നെത്തും - അതിനെ സഹായിക്കാൻ. അതു കൊണ്ടു തന്നെ അവയെ പിടിയ്ക്കാൻ എളുപ്പമല്ല. പരുന്ത് തുടങ്ങിയ ഇരപിടിയൻമാരെ വിരട്ടിയോടിക്കാനും കാക്കക്കൂട്ടങ്ങൾക്ക് പേടിയില്ല.
എന്തായാലും നമ്മുടെ ജീവിതവുമായി അഭേദ്യ ബന്ധമുള്ള പക്ഷിയാണ് കാക്ക. കുട്ടികൾ സംസാരിയ്ക്കാൻ തുടങ്ങിയാൽ കാക്ക എന്ന് പറയുവാൻ തുടങ്ങിയാൽ പിന്നെ ഒക്കെ പറഞ്ഞോളും എന്ന് നാട്ടിൻപുറങ്ങളിൽ പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ 'കാക്കേ കാക്കേ കൂടെവിടെ' എന്ന് ഒരിയ്ക്കലെങ്കിലും പാടാത്ത മലയാളിയുണ്ടാവുമെന്ന് തോന്നുന്നില്ല.
ബുദ്ധിശാലിയായ 'കാലിയ കാക്ക'യുടെ കഥകൾ വായിച്ചു വളർന്നവരാണല്ലോ നമ്മൾ മിക്കവരും. അങ്ങനെ ഓർത്തെടുക്കാൻ ഒരുപാടൊരുപാട് കാക്കക്കഥകൾ ഉണ്ട്. അവയൊക്കെ പറയുന്നത് ഒന്നു തന്നെ - കാക്ക നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകം തന്നെയാണ് - നാമത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. കാക്കയില്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം എത്ര ഇരുണ്ടു പോയേനെ!

Comments
ഇതോടൊപ്പമുള്ള ചിത്രം വരച്ചതാണോ? നന്നായിട്ടുണ്ട്!!
ചിത്രം ഞാൻ വരച്ചതാണ്. ഇഷ്ടപ്പെട്ടു എന്നറിയുന്നത് സന്തോഷം :)