അമ്മിണിക്കുട്ടിയുടെ ലോകം # 4 ഉച്ചയൂണിന്റെ നേരം

അമ്മിണിക്കുട്ടിയുടെ ലോകം # 4  ഉച്ചയൂണിന്റെ നേരം

പടി ചാടിക്കടന്ന് - ഏടത്തിമാരുടെ പോലെ അത്ര എളുപ്പം പടിചാടിക്കടക്കാൻ അമ്മിണിക്കുട്ടിക്ക് പറ്റില്ല; ഓരോരോ പടികൾ ചവിട്ടി കയറി ഏറ്റവും മുകളിലത്തെ പടിയിൽ നിന്ന് ഒരു ചാട്ടം, അതാണവളുടെ പതിവ് - നെല്ലിച്ചോട്ടിലെത്തിയപ്പോഴേയ്ക്കും നന്ദിനി കുറെ മുന്നിലെത്തിയിരിക്കുന്നു. ഇല്ലത്തെ പടി കടന്നാൽ അവൾക്ക് പേടിയില്ലെന്ന് അവർക്കറിയാം.




തൊഴുത്തിൽ നിന്നും പശു 'മ്പേ.....'ന്ന് നീട്ടിയമറി. അതിന് കാടിവെള്ളം കുടിക്കാൻ സമയമായിട്ട്ണ്ടാവും ന്നാ തോന്നണേ.. മിക്കപ്പോഴും പാറുവമ്മ ഉച്ചയ്ക്ക് അതിനെ കാടിവെള്ളം കുടിപ്പിച്ചേ തൊഴുത്തിൽ കൊണ്ടു വന്നു കെട്ടാറുള്ളൂ.  ഇന്ന് അമ്മയുടെ പണികളൊക്കെ വൈകിയോണ്ട് അതിൻ്റെ വെള്ളം കുടിയും വൈകീന്ന് തോന്നുണു. അതാണ് ഈ കരച്ചിൽ.  വെള്ളം കിട്ടണ വരെ അതിങ്ങനെ ഇടയ്ക്കിടെ 'മ്പേ.....'ന്ന് കരഞ്ഞുകൊണ്ടിരിക്കും.  അധികം വൈകാതെ പാറുവമ്മയോ നന്ദിനിയോ മറ്റോ കഞ്ഞിവെള്ളം കൊണ്ടു വരും. അത് വരെ ഇവിടെത്തന്നെ ചുറ്റിപറ്റി നിന്നാലോ... ?

തൊഴുത്തിന്റെ ഭാഗത്തയ്ക്ക് തിരിയണോ എന്ന് ചിന്തിച്ചപ്പോഴേയ്ക്കും അമ്മയുടെ വിളിവന്നു: 'അമ്മിണിക്കുട്ടീ, അവ്ടെ നിന്ന് തിരിയാണ്ടെ ഇങ്ങട്‌  പോരൂ.' ശങ്കുണ്ണ്യാർക്ക് ഊണ് വിളമ്പികൊടുക്കാൻ തയ്യാറെടുക്കുന്ന അച്ഛനെ സഹായിക്കാനാവണം അമ്മ ആ നേരത്ത് പൂമുഖത്ത് എത്തിയത്. അമ്മയുടെ കണ്ണു വെട്ടിച്ച് ഒരു കാര്യവും നടക്കില്ല എന്നവൾക്കറിയാം.  ഒറ്റയോട്ടത്തിന് തിണ്ണയിൽ ഓടിക്കയറി. പൂമുഖത്തിന്റെ ഒരു വശത്തു വെള്ളം നിറച്ചു വെച്ച ബക്കറ്റിൽ നിന്നും ഇത്തിരി വെള്ളമെടുത്ത് കാലു കഴുകി എന്ന് വരുത്തി ഇറയത്തേയ്ക്ക് കയറി.



അപ്പോഴേയ്ക്കും ഉണ്ണാനുള്ള ഇല മുറിച്ചെടുത്തു കൊണ്ട് ശങ്കുണ്ണ്യാരും എത്തി. സ്ഥിരം സ്ഥാനത്ത് ഇലയിട്ട് ഇരുന്നു. അച്ഛൻ ചോറും കൂട്ടാനും ഒക്കെ വിളമ്പിക്കൊടുത്തു. 'ഞാനും വെളമ്പട്ടെ?' എന്നവൾ ചോദിച്ചപ്പോൾ ഉപ്പിന്റെ കുഞ്ഞു ഭരണി അവളുടെ കയ്യിൽ കൊടുത്ത് 'ശ്രദ്ധിച്ച് വെളമ്പണം, ഇലയിൽ മുട്ടാതെ, നെലത്ത് കളയാതെ വെളമ്പണം' എന്ന് പറഞ്ഞു. ഏറെ ശ്രദ്ധിച്ചു കൊണ്ട് ഒരല്പം ഉപ്പ് ഒരു കുഞ്ഞു സ്പൂണിൽ കോരിയെടുത്ത് അവൾ വിളമ്പി. ഇലയുടെ ഏതു ഭാഗത്താണ് ഉപ്പ് വിളമ്പേണ്ടതെന്ന് അമ്മിണിക്കുട്ടിയ്ക്ക് നന്നായറിയാം. എന്ത് വിശേഷത്തിനും ഉപ്പും പപ്പടവും വിളമ്പാൻ മാത്രമേ അവൾക്ക് അനുവാദമുള്ളൂ. ഉപ്പേരി, ഉപ്പിലിട്ടത് ഒക്കെ വിളമ്പാൻ ഇത്തിരികൂടി വലുതാവാണമത്രേ!

ഊണിനിടയിലും  ശങ്കുണ്ണ്യാർ അച്ഛനോട് ഓരോ വർത്തമാനങ്ങൾ പറയുന്നുണ്ട്. ഒക്കെ അമ്മിണിക്കുട്ടിയ്ക്ക് മനസ്സിലാവാത്ത വലിയ വലിയ കാര്യങ്ങളാണ്. അവിടെ നിന്നിട്ട് ഇനി പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലെന്ന്  ഉറപ്പായപ്പോൾ അവൾ പതുക്കെ അടുക്കളയെ ലക്ഷ്യമാക്കി നടന്നു. വല്യമ്മ തന്ന വറുത്ത ഉപ്പേരിയും ലഡുവുമൊക്കെ കഴിച്ചിട്ട് കുറെ നേരമായി എന്ന് തോന്നുന്നു. അമ്മിണിക്കുട്ടിയ്ക്ക് കുറേശ്ശെ വിശപ്പ് തോന്നി തുടങ്ങിയിരിക്കുന്നു.

ഉച്ചയൂൺ മേലടുക്കളയിലാണ് പതിവ്. അപ്പോഴേയ്ക്കും അമ്മയുടെ പണികൾ മിക്കതും കഴിഞ്ഞിട്ടുണ്ടാവും. അച്ഛനുമമ്മയും അവളും ഒന്നിച്ചിരുന്നാണ് കഴിക്കുക. സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഏടത്തിമാരും ഉണ്ടാവും. മുത്തശ്ശിയും ഈയടുത്ത് വരെ അവിടെയിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. അമ്മിണിക്കുട്ടി മിക്കവാറും വടുക്കിണിയിലേയ്ക്ക് കടക്കുന്ന ഒതുക്കിന്റെ മുകളിലിരുന്നാണ് ഊണ് കഴിക്കാറ്. മേശപ്പുറത്തേയ്ക്ക് അവൾക്ക് ശരിക്കും എത്തില്ല. സ്റ്റൂളിന്മേൽ ഇരുന്നാൽ വീഴുമെന്ന പേടിയുമാണ്.

അമ്മ ഊണിനുള്ള വട്ടമൊക്കെ മേശപ്പുറത്തു തയ്യാറാക്കി വെച്ചിട്ടുണ്ട്. ചോറ്, കൂട്ടാൻ, ഉപ്പേരി, പപ്പടം, മോര് - ഇതൊക്കെയാണ് സ്ഥിരം വിഭവങ്ങൾ. അമ്മ അവൾക്കുള്ള ചോറൊക്കെ കുഴച്ച് ഉരുളകളാക്കി വെക്കുകയാണ് പതിവ്. നെയ്യു കൂട്ടിയ ഒരു കുഞ്ഞുരുള, കൂട്ടാൻ കൂട്ടിയ നാലഞ്ചുരുളകൾ, മോര് കൂട്ടിയ രണ്ടുരുള. അങ്ങനെ കഷ്ടിച്ചു പത്തുരുളയേ അവളുടെ കുഞ്ഞിക്കിണ്ണത്തിൽ കാണൂ. അതു കഴിച്ചു തീർക്കാൻ തന്നെ അവൾ കുറെ സമയമെടുക്കും. ചില ദിവസം ഉപ്പേരിയും കൂട്ടിക്കുഴച്ചിട്ടുണ്ടാവും. അല്ലാത്തപ്പോൾ കിണ്ണത്തിന്റെ ഒരു ഭാഗത്ത് വിളമ്പി വെക്കും. അപ്പോൾ ഓരോ ഉരുളയുടെ മുകളിലും ഉപ്പേരിവെച്ച്, അതിൻ്റെ ഭംഗിയൊക്കെ നോക്കിയാസ്വദിച്ചു കൊണ്ട് പതുക്കെ കഴിക്കാം. അമ്മിണിക്കുട്ടിയ്ക്ക് ഒറ്റ പപ്പടമേ കിട്ടൂ.  ഏടത്തിമാർക്ക് ഈരണ്ടെണ്ണവും അച്ഛനുമമ്മയ്ക്കുമൊക്കെ മുമ്മൂന്നെണ്ണവും എന്നാണ് കണക്ക്. രണ്ടു പപ്പടം കിട്ടാൻ ഇനിയും കാത്തിരിക്കണം എന്നതാണ് പപ്പടക്കൊതിച്ചിയായ അവളുടെ ഏറ്റവും വലിയ ദു:ഖങ്ങളിൽ ഒന്ന്.

അമ്മ വരുമ്പോഴേയ്ക്കും ഒരു കഷ്ണം പപ്പടം തരപ്പെടുത്താൻ പറ്റുമോ എന്നാലോചിച്ചു നിൽക്കുമ്പോഴേയ്ക്കും അമ്മ അവിടെയെത്തി. പരുങ്ങിപ്പരുങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ 'പോയ് കൈ കഴുകി വരൂ. അപ്പഴയ്ക്കും ചോറ് കൊഴച്ചു വെക്കാം' എന്ന് അമ്മ. വാഷ്ബേസിനു മുന്നിൽ സ്റ്റൂൾ വലിച്ചിട്ട് അതിൽ പൊത്തിപ്പിടിച്ചു കയറി കയ്യും കഴുകി താഴെ ഇറങ്ങുന്നതിനേക്കാൾ എളുപ്പം അടുക്കളയിൽ കൊട്ടത്തളത്തിന്റെ വക്കത്ത് വെച്ച ചെമ്പിൽ നിന്നും വെള്ളമെടുത്ത് കൈ കഴുകുന്നതാണ്. അമ്മിണിക്കുട്ടി വേഗം അടുക്കളയിലേയ്ക്ക് ഓടി. ഒരു ചെറിയ കപ്പിൽ വെള്ളമെടുത്ത് കൈ കഴുകിയെന്ന് വരുത്തി ഞൊടിയിടയിൽ  തിരിച്ചോടിയെത്തി .

അപ്പോഴേയ്ക്കും അമ്മ അവളുടെ കിണ്ണത്തിൽ ഉരുളകൾ ഉരുട്ടി വെച്ചിട്ടുണ്ടായിരുന്നു. നല്ല ഭംഗിയുള്ള കുഞ്ഞുരുളകൾ..  പപ്പടപ്പാത്രത്തിലേയ്ക്ക് അവളുടെ കണ്ണുകൾ നീളുന്നതു കണ്ട അമ്മ, 'പപ്പടോം ഉപ്പേരീം ഒക്കെ കൂട്ടി കൊഴച്ച്ണ്ട്. വറ്റ് നിലത്തു കളയാതെ കഴിക്കണം' എന്നും പറഞ്ഞു കൊണ്ട് കിണ്ണം അവളിരിക്കാറുള്ള ഒതുക്കിൽ വെച്ചു. അതിൻ്റെ ഒരു വശത്തായി ശ്രദ്ധാപൂർവം ഇരുന്ന് അമ്മിണിക്കുട്ടി ഉരുളകൾ ഓരോന്നായി കഴിക്കാൻ തുടങ്ങി.

അപ്പോഴേയ്ക്കും അച്ഛനും എത്തി. കൈ കഴുകി, തൻ്റെ സ്ഥാനത്ത് ഇരുന്ന് ഊണു കഴിക്കാൻ തുടങ്ങി. അച്ഛനു കുടിയ്ക്കാൻ ഒരു ഗ്ളാസ്സിൽ ഇളംചൂടുള്ള ചുക്കുവെള്ളം കൊണ്ടു വന്നു വെച്ച ശേഷം അമ്മയും ഊണുകഴിക്കാൻ തുടങ്ങി. അപ്പോൾ അവർ  എന്തെങ്കിലുമൊക്കെ നാട്ടു വർത്തമാനമോ വീട്ടു വർത്തമാനമോ ഒക്കെ പറയും.  അമ്മിണിക്കുട്ടിയ്ക്ക് അതിൽ ഒരു താല്പര്യവും ഇല്ല - വല്ല പലഹാരത്തിന്റെയോ വിശേഷ സാമാനങ്ങളുടെയോ വിഷയം ആണെങ്കിൽ മാത്രം അവൾ ഒന്ന് ചെവിയോർക്കും. അല്ലാത്തപ്പോൾ ഓരോ ഉരുളകൾ പൂച്ചയ്ക്കു കൊടുക്കുന്നതും അണ്ണക്കൊട്ടനു കൊടുക്കുന്നതും (രണ്ടിനെയും ഓടിക്കാനാണ് അവൾക്ക് മിടുക്ക്) സങ്കല്പിച്ചു സ്വന്തം വായിലേയ്ക്ക് തന്നെയിടും...

സങ്കല്പ ലോകത്ത് കറങ്ങി ഊണ് കഴിച്ചു തീരുമ്പോഴേയ്ക്കും അമ്മയുടേയും അച്ഛന്റെയും ഊണ് കഴിഞ്ഞിരിക്കും. ബാക്കിയുള്ള ചോറ്, കൂട്ടാൻ, ഉപ്പേരി എന്നിവയൊക്കെയും ചെറിയ ഓരോ അടുക്കുകളിൽ അല്പം എടുത്തുവെച്ച ശേഷം പാറുവമ്മയ്ക്കും മകൾക്കും വിളമ്പിക്കൊടുക്കും. അവർ ഓരോരോ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ട് ഊണുകഴിക്കുന്നതും നോക്കി അമ്മിണിക്കുട്ടി അവിടെയൊക്കെ ചുറ്റിപറ്റി നിൽക്കും. അമ്മ വിളമ്പുന്ന മോരിന് കട്ടി കൂടുതലാണ് എന്നും പറഞ്ഞു പാറുവമ്മ തൻ്റെ ചോറിൽ മോരുവിളമ്പിയ ശേഷം അല്പം വെള്ളം കൂടി ഒഴിക്കും. ചിലപ്പോൾ ഇലയിൽ നിന്നും ഓടിപ്പോകാൻ നോക്കുന്ന മോരും വെള്ളത്തെ തടഞ്ഞു നിർത്താൻ അവർ പാടുപെടും.  അത് കണ്ടാൽ അമ്മിണിക്കുട്ടിക്ക് ചിരി വരും.

ഊണ് കഴിഞ്ഞാൽ ബാക്കിയുള്ള ചോറും കൂട്ടാനും ഉപ്പേരിയുമൊക്കെയായി നന്ദിനി വീട്ടിലേയ്ക്ക് പോകും. മിക്കപ്പോഴും ചോറ് വെച്ച ചെമ്പും കൂട്ടാനുണ്ടാക്കിയ കൽച്ചട്ടിയും ഉപ്പേരിയുടെ ചീനച്ചട്ടിയുമൊക്കെ തേച്ചുമിനുക്കി കമഴ്ത്തി വെച്ചേ നന്ദിനി പോകൂ. മിക്കവാറും അന്നത്തെ ദിവസം അവർ പിന്നെ വരികയില്ല. നാളെക്കാണാമെന്നു പറഞ്ഞു അവർ പോകുന്നവരെ നന്ദിനിയുടെ പിന്നാലെ നടന്ന് ഓരോന്ന് പറഞ്ഞും വികൃതികാണിച്ചും സമയം കളയുകയാണ് അമ്മിണിക്കുട്ടിയുടെ വിനോദം.

ഉച്ചയൂണിന്റെ തിരക്ക് കഴിഞ്ഞാൽ അമ്മയും അച്ഛനും ഒരല്പ നേരം വിശ്രമിക്കും - ഒരു ചെറിയ ഉച്ചയുറക്കം പതിവാണ്.  കുറച്ചു ദിവസം മുൻപ് വരെ അമ്മിണിക്കുട്ടിയേയും ഉച്ചയ്ക്ക് ഉറങ്ങാൻ നിർബന്ധിച്ചിരുന്നു. അവൾക്ക് സ്‌കൂളിൽ പോകേണ്ട പ്രായമെടുത്തതോടെയാണ് ഉച്ചയുറക്കം നിർബന്ധമല്ലാതായത്. അതിനാൽ അവൾ ഉച്ച സമയം മുഴുവനും പാറുവമ്മയുടെ കൂടെയാണ് ചിലവിടുക. വടക്കേക്കെട്ടിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു വാരികയും വായിച്ചു കുറച്ചു നേരമിരുന്ന ശേഷം ഒരു പൂച്ചയുറക്കം - അതാണവരുടെ പതിവ്. അതിനിടയിൽ നൂറായിരം ചോദ്യങ്ങളും ആവശ്യങ്ങളുമായി അമ്മിണിക്കുട്ടി അവിടെത്തന്നെയുണ്ടാവും. ഇന്നുച്ചയ്ക്ക് പാറുവമ്മയോട് എന്ത് ചോദിക്കണം എന്ന് അവൾ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. പണിയൊതുക്കി വടക്കേക്കെട്ടിന്റെ തിണ്ണയിൽ പായ വിരിച്ചു ഒന്നു മയങ്ങാൻ പാറുവമ്മ ഉടനെ വരുമെന്ന് അവൾക്കറിയാം. അവരെയും കാത്ത് ആകാംക്ഷയോടെ  അവളിരുന്നു.

 തുടരും...)

Comments

ഓർമ്മകൾ ഓളം തള്ളുന്ന ബാല്യകാല കാഴ്ചകൾ 
Cv Thankappan said…
അമ്മിണിക്കുട്ടിയുടെ ലോകം 4 ൽ, പുറത്തുനിന്നുവന്ന്അകത്തുകടക്കുമ്പോൾ ശീലിക്കേണ്ട ശുചീകരണ ശീലവും,ഭക്ഷണവിശേഷവും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ആശംസകൾ
Nisha said…
അതെ, ഓർമ്മകൾക്ക് മുൻപില്ലാത്ത വിധം തെളിച്ചവും ഭംഗിയും ആണിപ്പോൾ..
Nisha said…
പണ്ടൊക്കെ മിക്കവരും അക്കാര്യത്തിൽ നല്ല നിഷ്കർഷ പാലിച്ചിരുന്നു. ഇടക്കാലത്ത് ഒന്നു കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും എല്ലാവരും നന്നായി ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കും.
© Mubi said…
ബ്ലോഗ് വായനയും എഴുത്തും മുടങ്ങിയിരുന്നു... ഞാൻ വീണ്ടും ഇവ്ടെന്നു തുടങ്ങാ :) 

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം