അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം

അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം 

സ്കൂൾ തുറക്കുന്ന കാലം മഴ തകർത്ത് പെയ്യുന്ന കാലമാണ്. എല്ലാകാലത്തും എന്ന പോലെ അമ്മിണിക്കുട്ടിയുടെ കൂടെയുള്ള ജലദോഷം അതോടെ ഇരട്ടിയാവും. എപ്പോഴും മൂക്കടഞ്ഞു നടക്കുന്ന അമ്മിണിക്കുട്ടിയെക്കൊണ്ട് ഇടയ്ക്കിടെ മൂക്ക് ചീറ്റി മൂക്കള കളയുന്ന അധികപ്പണി കൂടി അക്കാലത്ത് അമ്മയ്ക്ക് ഉണ്ട്. അമ്മിണിക്കുട്ടിയ്ക്ക് ഒട്ടും ഇഷ്ടമല്ല ആരും തന്റെ മൂക്കിൽ തൊടുന്നത്. കാര്യം മൂക്ക് ചീറ്റിയാൽ കുറച്ചു നേരം ആശ്വാസമൊക്കെ തന്നെയാണെങ്കിലും അമ്മ മൂക്കിൽ പിടിച്ചു പിടിച്ച് അവൾക്ക് വേദനിക്കാൻ തുടങ്ങും. അതു കൊണ്ടു തന്നെ അമ്മയുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞു മാറി നടക്കാൻ പ്രത്യേക സാമർത്ഥ്യം അവൾ നേടിക്കഴിഞ്ഞിരുന്നു. 

എന്നാലും ചിലപ്പോൾ അമ്മയുടെ മുന്നിൽ ചെന്നു പെടും. അപ്പോൾ അമ്മ പിടിച്ചു നിർത്തി മൂക്ക് ചീറ്റിക്കും. ഹ്മം എന്ന് പുറത്തേക്ക് ശക്തിയിൽ ചീറ്റാൻ പറഞ്ഞാലും അമ്മിണിക്കുട്ടി ആദ്യം ഹ്മം എന്ന് അകത്തേക്കാണ് ശ്വാസം വലിക്കുക. അല്ലെങ്കിൽ വായില് കൂടി ഫൂന്ന് ശ്വാസം വിടും. മൂന്നാല് തവണ കിണഞ്ഞു പരിശ്രമിച്ചാലേ ശരിക്കുമൊന്നു മൂക്ക് ചീറ്റി മൂക്കളയൊക്കെ പുറത്തു കളയാനാവൂ. അത് കഴിഞ്ഞ് മുഖം മുഴുവനും കഴുകി ഒരു ചെറിയ കർച്ചീഫെടുത്ത് തുടച്ചു കൊടുക്കും വരെ മുള്ളിൽ നിലക്കുന്ന പോലെയാണ് അവൾ നിൽക്കുക. മുഖം തുടച്ച് അമ്മ കർച്ചീഫ് അരയിൽ തിരുകുന്നതിന് മുൻപ് തന്നെ അമ്മിണിക്കുട്ടി അവിടെ നിന്നും ഓടിപ്പോയിട്ടുണ്ടാവും. മൂക്കടഞ്ഞു ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയിലെ അവൾ അമ്മയോട് സഹായം ചോദിയ്ക്കൂ.. 

മഴക്കാലം എന്തു കൊണ്ടും രസമാണ്. നടുമുറ്റത്തുവീഴുന്ന മഴ ചിലപ്പോൾ മുറ്റം കവിഞ്ഞ് അകത്തേക്ക് കേറുമോ എന്നൊക്കെ പേടി തോന്നും. പക്ഷേ ശക്തമായ മഴയിൽ കുറെയൊക്കെ വെള്ളം കേറിയാലും മഴ നില്ക്കുന്നതോടെ ആ വെള്ളം മുഴുവനും താഴ്ന്നു പോവും. ഈയടുത്ത് വരെ വെള്ളം എങ്ങനെയാണ് ഒഴിഞ്ഞു പോകുന്നതെന്ന് അവൾക്കറിയില്ലായിരുന്നു. ഇക്കഴിഞ്ഞ ഒരു മഴയിൽ വെള്ളം ഒഴിഞ്ഞു പോകാത്തത് കൊണ്ട് നടുമുറ്റത്തെ കുപ്പയ്ക്കരുകിലെ ഓവിൽ ഒരു കോലുകൊണ്ട് പാറുവമ്മ കുത്തുന്നത് കണ്ടപ്പോഴാണ്  വെള്ളം പോവുന്നത് അതിലൂടെയാണ് എന്നവൾക്ക് മനസ്സിലായത്. 

പിന്നത്തെ മഴയിൽ നടുമിറ്റത്ത് വെള്ളം നിറയാൻ തുടങ്ങിയപ്പോൾ മേലടുക്കളയുടെ വാതിൽ കടന്ന് കിഴക്ക്വോർത്തെ ഇറയത്ത് പോയി നിന്ന് ഓവിലൂടെ വെള്ളം പോകുന്നത് നോക്കി നിന്നു. കുളത്തിൽ വെള്ളം നിറയുമ്പോൾ വെള്ളത്തിൽ കിടന്നാൽ അതിലെ ഓവിൽ നിന്നും പുറത്തെ വഴിയിലൂടെ പാടത്തേയ്ക്ക് വെള്ളം ഒഴുകിപ്പോവുന്നത് കാണാം. അതു പോലെ ഈ ഓവിലൂടെ വെള്ളം ഒഴുകുന്നത് കാണാൻ പറ്റുമോ? മിറ്റത്ത് കിടന്ന് നോക്കിയാൽ കാണുമായിരിക്കും എന്ന് അവൾക്ക് തോന്നി. ഒന്ന് നോക്കിയാലോ? 

പക്ഷേ തെക്ക്വോറത്ത് നിന്നും ഒലിച്ചു വരുന്ന ചായയുടെ നിറമുള്ള കലക്കവെള്ളം കണ്ടപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് മടിയായി. ഉടുപ്പ് നനച്ചാൽ അമ്മയുടെ ശകാരം ഉറപ്പാണ്. അടിയും കിട്ടിയെന്നയിരിക്കും. കുളികഴിഞ്ഞ് അമ്മ ഇടീച്ച ഉടുപ്പിന് ചെറിയൊരു നനവുണ്ട് എന്ന് പരാതി പറഞ്ഞപ്പോൾ  തിരുമ്പിത്തോരട്ടതൊന്നും ഒണങ്ങ്ണില്യ എന്ന് രാവിലേം കൂടി ആവലാതി പറഞ്ഞതാണ്. ഇനി ഈ ഉടുപ്പ് ചളിവെള്ളത്തിൽ  നനച്ചാൽ അടിയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട. അതിനാൽ തല്ക്കാലം ഇങ്ങനെ കണ്ടാൽ മതി എന്ന് തീരുമാനിച്ചു.                    

മഴയത്ത് കടലാസു തോണിയിറക്കി കളിക്കാൻ രസമാണ്. മഴ തിമിർത്തു പെയ്യുമ്പോൾ തോണിയിറക്കിയാൽ അത് വെള്ളത്തിൽ മുങ്ങിപ്പോവാൻ അധിക നേരം ഒന്നും വേണ്ട - അഞ്ചെട്ടു തുള്ളികൾ ശക്തിയിൽ പതിക്കേണ്ട താമസമേയുള്ളൂ തോണി മുങ്ങാൻ! കടലാസ് കൊണ്ട് തോണിയുണ്ടാക്കാൻ പഠിച്ചിട്ട് അധിക കാലമായിട്ടില്ല. പുസ്തകത്തിൽ നിന്നും ഏട് കീറിയാൽ നല്ല പെട കിട്ടും. പഴയ പേപ്പറോ മാസികയുടെ താളുകളോ ഒക്കെയാണ് കടലാസു തോണിയുണ്ടാക്കാൻ എടുക്കുക. അതും അമ്മയോട് ചോദിച്ച് ആവശ്യമുള്ള കടലാസൊന്നുമല്ല കീറുന്നത് എന്ന് ഉറപ്പിച്ചു വേണം. തല്ക്കാലം അത്രയ്ക്ക് മെനക്കെടാനൊന്നും വയ്യ. തോണി പിന്നെ എപ്ഴെങ്കിലും ഉണ്ടാക്കാം.. 

മഴക്കാലത്ത് ആദ്യം മഴ പെയ്യുമ്പോൾ മണ്ണിന്റെ ഒരു പ്രത്യേക വാസന വരും. മഴത്തുള്ളികൾ വീഴുമ്പോൾ സൂക്ഷിച്ചു നോക്കിയാൽ ഭൂമിയിലെ ചൂട് മുഴുവനും  ആവിയായി പോവുന്നത് പോലെ കാണാം... പുതുമഴ പെയ്താൽ  രാത്രിയാവുമ്പോഴേക്കും മണ്ണിൽ നിന്നും ഈയ്യാം പാറ്റകൾ പൊന്തി വരും. വിളക്കും കൊണ്ട് പൂമുഖത്ത് ഇരിക്കുകയാണെങ്കിൽ എല്ലാം കൂടി വിളക്കിന് ചുറ്റും വന്നു നിറയും. കുറേ എണ്ണം ചത്തു വീഴും - അവയെ തിന്നാൻ ഗൌളികൾ പാഞ്ഞു നടക്കും. ഒരു യുദ്ധം കാണുന്ന പ്രതീതിയാണ് അപ്പോൾ. 

ഈയ്യാം പാറ്റകൾ എങ്ങനെയാണ് മണ്ണിൽ നിന്നും പൊന്തി വരുന്നത് എന്ന് അമ്മിണിക്കുട്ടിയ്ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പകലൊന്നും മണ്ണിൽ അവയെ കാണാറില്ല. പിന്നെ മഴ പെയ്യുമ്പോൾ അവ എവിടെ നിന്നും വരുന്നു? പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു പോവാതെ ചത്തു പോവുന്നത് എന്താണ്? എല്ലാ ഈയ്യാം പാറ്റകളും അങ്ങനെ ചാവുകയാണെങ്കിൽ അടുത്ത പുതു മഴയിൽ പിന്നെയും ഈയ്യാം പാറ്റകൾ വരുന്നത് എവിടെ നിന്നാണ്? മഴപെയ്യാത്തപ്പോൾ അവർ എവിടെയാണ് ഒളിച്ചിരിക്കുന്നത്? മഴ പെയ്താൽ എന്തിനാണ് പുറത്തേയ്ക്ക് വരുന്നത്? എത്രയെത്ര ചോദ്യങ്ങളാണ് അവളുടെയുള്ളിൽ ഉയർന്നു വരുന്നതെന്നോ! ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ! 

മഴയുടെ ശക്തി ഒന്ന് കുറഞ്ഞു. ചെറിയ കാറ്റിൽ ഊത്താലടിച്ച് അമ്മിണിക്കുട്ടിയ്ക്ക് കുറേശ്ശെ തണുക്കാൻ തുടങ്ങി. അവൾ പതുക്കെ അടുക്കളയിലേക്ക് നടന്നു. അമ്മ പലഹാരം വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കഴിക്കാം. അല്ലെങ്കിൽ അമ്മയോട് ഇത്തിരി കാപ്പി ചോദിക്കാം എന്നൊക്കെ കരുതിയാണ് പോയതെങ്കിലും അടുക്കളയിൽ ആളനക്കമൊന്നുമില്ല. അമ്മ ഒന്നുകിൽ വിശ്രമിക്കുകയാവും അല്ലെങ്കിൽ പയ്യിനെ കറക്കാൻ പോയിട്ടുണ്ടാവും. അടുപ്പിൻ കല്ലിലേയ്ക്ക് എത്തി നോക്കിയെങ്കിലും കാപ്പി പലഹാരത്തിന്റെ  ലക്ഷണമൊന്നും കാണുന്നില്ല. അടുപ്പിൽ തീ കൂട്ടിയിട്ടുമില്ല. മേലടുക്കളയിലെ ക്ലോക്കിൽ നോക്കിയപ്പോൾ വലിയ സൂചി ആറിലും ചെറിയ സൂചി രണ്ടിന്റെയും മൂന്നിന്റെയും നടുക്കാണ്. അമ്മ ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേൽക്കാനുള്ള സമയമായില്ല എന്നവൾക്ക് മനസ്സിലായി. 


വേറൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് മടുമിറ്റത്ത് മഴ പെയ്യുന്നത് നോക്കി നിന്നു. മഴത്തുള്ളി വന്നു വീഴുമ്പോൾ നടുമിറ്റത്തെ വെള്ളത്തിൽ വലുതും ചെറുതുമായ കുമിളകൾ ഉണ്ടാവുന്നതും അടുത്ത നിമിഷം അത് പൊട്ടിപ്പോവുന്നതും നോക്കി നിന്നു. വെള്ളത്തിൽ ഇറങ്ങണം എന്ന് തോന്നിയെങ്കിലും എന്തോ നനയാൻ മടി തോന്നി. പതുക്കെ തെക്കിണിപ്പടിയിൽ പോയി കമിഴ്ന്ന് കിടന്നു. കിഴ്ക്കാം തൂക്കായി കിടക്കുമ്പോൾ മഴ പെയ്യുന്നത് കാണാൻ നല്ല രസം. അതങ്ങനെ നോക്കിക്കിടന്ന് മഴയുടെ താളവും ആസ്വദിച്ച് അമ്മിണിക്കുട്ടി അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു..    


തുടരും..)
         

Comments

© Mubi said…
അമ്മിണിക്കുട്ടിയുടെ മഴ താളങ്ങൾ... 
Geetha said…
അമ്മിണിക്കുട്ടീ .... ഞാൻ മുമ്പും പറഞ്ഞിട്ടുള്ള പോലെ ഈ അമ്മിണിക്കുട്ടിയിലൂടെ ഞാനും എന്റെ ബാല്യം കാണുന്നു . ഇത് ഞാനാണോ എന്ന് തോന്നിപ്പോകുന്നു . ഏറ്റവും ഇളയകുട്ടിയായ ഞാൻ മുകളിൽ ആറു ചേച്ചിമാർ എന്നേക്കാൾ മുതിർന്നവരാകയാൽ എന്റെ കളികളും നടപ്പും എല്ലാം ഒറ്റക്കായിരുന്നു . ഈ അമ്മിനിക്കുട്ടി ഞാനോ ... നല്ല രസമായ എഴു ത്ത് . ഒപ്പം ആ ചിത്രവും ...🌹🌹🌹🌹

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം