Wednesday, 18 June 2014

“അമ്മീമകഥകള്‍” - അമ്മ മധുരം പകരും നന്മയുടെ കഥകള്‍

(മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരണമായ ഇ-മഷി ഓണ്‍ലൈന്‍ മാസികയുടെ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

എച്ച്മുക്കുട്ടിയെ പരിചയപ്പെടുന്നത് ഈയടുത്താണ് – ബ്ലോഗര്‍ കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യമായ അവരുടെ എഴുത്ത് വളരെ കുറച്ചേ ഞാന്‍ വായിച്ചിട്ടുള്ളുവെങ്കിലും വേറിട്ടതാണ് എന്ന തോന്നലാണ് എന്നില്‍ ഉണ്ടായിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 'അമ്മീമക്കഥകള്‍' എഴുത്തുകാരിയുടെ കൈയൊപ്പോടെ കിട്ടാന്‍ എന്താ വഴി എന്ന എന്‍റെ ചോദ്യത്തിനു മറുപടിയായി 'ഞാന്‍ അയച്ചു തരാം' എന്ന്‍ പറയുകയും, ഏറെ തിരക്കുകള്‍ക്കിടയിലും ഇക്കാര്യം ഓര്‍ത്തുവെച്ച്, എനിക്ക് പുസ്തകം അയച്ചു തരികയുമുണ്ടായി.

നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇല്ലാത്ത സമയത്താണ് പുസ്തകം എന്റെ വിലാസത്തില്‍ എത്തിയത്. പിന്നീട് പുസ്തകം കൈയില്‍ക്കിട്ടിയപ്പോള്‍ പതിവില്ലാത്തവിധം ജോലിത്തിരക്കും! എന്നാലും അല്പാല്പമായി കിട്ടിയ (കണ്ടെത്തിയ) ഇടവേളകളില്‍ ഞാന്‍ അമ്മീമ കഥകള്‍ വായിച്ചു.

അമ്മീമക്കഥകളെ ഒറ്റവാക്കില്‍  നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തില്‍ ഒരു ബാല്യകാലസ്മരണയാണെന്ന് തോന്നുമെങ്കിലും, അത് അതിലുമധികം എന്തൊക്കെയോ ആണ്.
അമ്മീമ മറ്റാരുമല്ല, കഥാകാരിയുടെ അമ്മയുടെ സഹോദരിയാണ്. തങ്ങളുടെ ബാല്യത്തിന്റെ വലിയൊരു പങ്ക് അവരും അനിയത്തിയും അമ്മീമയുടെ സംരക്ഷണയിലാണ് ചെലവിട്ടത്. അതിനാല്‍ത്തന്നെ അവര്‍ക്ക് അമ്മീമ വെറുമൊരു വല്യമ്മയായിരുന്നില്ല – അവരുടെ എല്ലാമെല്ലാമായിരുന്നു. അമ്മീമ കാണിച്ച വഴികളിലൂടെ, അവർ പകർന്നുകൊടുത്ത നന്മയും സ്നേഹവും മുതല്‍ക്കൂട്ടായി യാത്ര ആരംഭിച്ച കഥാകാരി ഇന്നും ആ വഴികളിലൂടെത്തന്നെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് അവരുമായുള്ള എന്‍റെ വളരെ പരിമിതമായ ഇടപഴകലില്‍നിന്നും എനിക്ക് മനസ്സിലാക്കാനായത്.

അമ്മീമ അനന്യസാധാരണമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയാവുകയും താമസിയാതെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു യാഥാസ്ഥിതിക ‘പട്ടത്തിക്കുട്ടി’യില്‍ നിന്നും അവര്‍ ഒരു വലിയ മനസ്സിന്റെ, നന്മയുടെ, കരുതലിന്റെ, അമലമായ സ്നേഹത്തിന്റെ ഉടമയായ അമ്മീമയായി മാറുന്ന ആ യാത്ര – അതാണ്‌ അമ്മീമ കഥകള്‍  പറയുന്നത്. വായനക്കാരെപ്പോലും സ്വാധീനിക്കാന്‍ അവരെക്കുറിച്ചുള്ള കഥകള്‍ക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ എച്ച്മുവിനും അനിയത്തിക്കും ശരിക്കും എത്ര വലിയ സ്വാധീനമായിരുന്നിരിക്കാം എന്ന്‍ ഊഹിക്കാവുന്നതേയുള്ളൂ...

ഹൃദ്യമാണ് അമ്മീമക്കഥകള്‍ - ഹൃദയശുദ്ധിയും നന്മയും നിറഞ്ഞാടുന്ന ഒരാളെക്കുറിച്ചുള്ള കഥ മറിച്ചാവുന്നതെങ്ങനെ? ലളിതമായ ഭാഷയില്‍, ഇനിയും കൈമോശം വന്നിട്ടില്ലാത്ത നിഷ്കളങ്കതയോടെ എച്ച്മു അമ്മീമക്കഥകള്‍ പറയുമ്പോള്‍ നമ്മളും ആ വീട്ടില്‍ അവരോടൊപ്പം വളരുകയാണ് – ചിരട്ടക്കയിലുകളാവുന്നതും, ഘനമുള്ള പുസ്തകം വായനശാലയില്‍ നിന്നെടുത്ത് ഇളിഭ്യയാവുന്നതുമൊക്കെ നമ്മള്‍ തന്നെയാണ്. ഗോവിന്നനും പാറുക്കുട്ടിയുമൊക്കെ നമ്മുടെ തറവാടുകളില്‍ ഉള്ള കഥാപാത്രങ്ങള്‍ തന്നെയാണല്ലോ എന്ന് പലര്‍ക്കും തോന്നിയാല്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ നമ്മുടെ വീട്ടില്‍ ഇല്ലാതെ പോയത് ഒരാള്‍ മാത്രമാണ് – അമ്മീമ. പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ വായനക്കാര്‍ അറിയാതെ ആഗ്രഹിച്ചു പോകും – അമ്മീമ എന്റെ അമ്മീമയായിരുന്നെങ്കില്‍ എന്ന്‍!

അമ്മീമ വ്യത്യസ്തയാവുന്നതെങ്ങനെയാണ്? കയ്പേറിയ ജീവിതാനുഭവങ്ങളും പ്രതികൂലമായ സാഹചര്യങ്ങളും ഒറ്റപ്പെടലുകളും ഒക്കെ അമ്മീമയെ ഹൃദയശൂന്യയാക്കുകയല്ല, മറിച്ച് മറ്റുള്ളവരുടെ ദു:ഖങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്ക് ആശ്വാസം പകരാനുമുള്ള പ്രാപ്തി നല്‍കുകയാണ് ചെയ്തത്. അതാണ്‌ അവരെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്. അമ്മീമയുടെ നന്മ പുസ്തകത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. അവ എണ്ണിയെണ്ണി പറയാന്‍ നിന്നാല്‍ പുസ്തകം മുഴുവനും ഇവിടെ പകര്‍ത്തേണ്ടി വരും.
തനിക്കു ചുറ്റുമുള്ളവരെ വളരെയധികം സ്നേഹത്തോടെയും ദയയോടെയും മാത്രമേ അമ്മീമ കണ്ടിട്ടുള്ളു. അത് പണ്ട് തന്നെ ഉപദ്രവിച്ചവര്‍ ആയിരുന്നെങ്കില്‍പ്പോലും... അതുപോലെ താന്‍ വിഷമത്തിലായിരുന്ന അവസ്ഥയില്‍ തന്നെ സഹായിച്ചവരേയും അമ്മീമ ഒരിക്കലും മറന്നില്ല. ജാനകിയമ്മയെ എല്ലാവരും കളിയാക്കുമ്പോഴും അമ്മീമ അവരെ വേണ്ടവിധം മാനിച്ചിരുന്നത് തന്നെ ആപദ്ഘട്ടത്തില്‍ സഹായിക്കാന്‍ അവരേ ഉണ്ടായിരുന്നുള്ളൂ എന്ന ഓര്‍മ കൊണ്ടു കൂടിയാണ്.  

ജാതിമതവ്യവസ്ഥിതികള്‍ യാഥാസ്ഥിതികമായിരുന്ന ഒരു കാലഘട്ടത്തില്‍ വ്യത്യസ്ത ജാതികളില്‍ പെട്ട ആളുകള്‍ വിവാഹിതരായാല്‍ ഉണ്ടാകാവുന്ന പല പ്രശ്നങ്ങളും തങ്ങളുടെ കുടുംബത്തില്‍ ഉണ്ടായിരുന്നു എന്ന്‍ കഥാകാരി സൂചിപ്പിക്കുന്നുണ്ട് – അമ്മീമയുടെ തണലില്‍ അവര്‍ വളരാനുണ്ടായ ഒരു കാരണം ഈ കൊച്ചുകൊച്ച് അസ്വാരസ്യങ്ങള്‍ തന്നെയാണ് എന്നും വായനയില്‍ തെളിയുന്നു. എന്തായാലും അമ്മീമയും ആ രണ്ടു പെണ്‍കുട്ടികളും ഒന്നിച്ചു കൂടിയതോടെ രണ്ടു കൂട്ടരുടേയും ജീവിതം മാറിമറിഞ്ഞു എന്നതാണ് സത്യം – അത് പക്ഷേ ഗുണകരമായ ഒരു മാറ്റമായിരുന്നു എന്ന്‍ അനുമാനിക്കേണ്ടിയിരിക്കുന്നു.

ഏകാന്തമായ ജീവിതം നയിച്ചിരുന്ന അമ്മീമയുടെ ദിവസങ്ങള്‍ക്ക് ആ കുട്ടികള്‍ നിറവും മണവും പ്രദാനം ചെയ്തപ്പോള്‍ അവരുടെ ജീവിതത്തില്‍ ഉടനീളം ഉപകരിക്കുന്ന, ഒരു സ്കൂളില്‍ നിന്നോ കോളേജില്‍ നിന്നോ ഒരിക്കലും ലഭിക്കാനിടയില്ലാത്ത ജീവിതപാഠമാണ് അമ്മീമ അവര്‍ക്ക് പകര്‍ന്നു നല്‍കിയത്. ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അമ്മീമ. ഒരുപക്ഷേ ഇന്നു് വീടുകളിൽ ഇല്ലാതെ പോകുന്നതും ഇത്തരം അമ്മീമമാരാണ്. കുട്ടികള്‍ സ്വാര്‍ത്ഥരും സ്നേഹമില്ലാത്തവരും മറ്റുള്ളവരെക്കുറിച്ച് വിചാരമില്ലാത്തവരുമൊക്കെയായി തീരുന്നത്, ഒരു പരിധിവരെ, അവരുടെ ജീവിതത്തില്‍ അമ്മീമയെപ്പോലെ ഒരു നിലവിളക്ക് തെളിഞ്ഞു കത്താത്തതുകൊണ്ടാണ് എന്ന് തോന്നുന്നു.

അതിനാല്‍ അമ്മീമ കഥകള്‍ മുതിര്‍ന്നവര്‍ക്കുള്ള ഒരു ഓർമ്മപ്പെടുത്തല്‍കൂടിയാണ്. ഇങ്ങനെയാവണം അമ്മമാര്‍ - മക്കളെ നന്മയുടെ വഴിയിലേക്ക് വേണം നയിക്കാന്‍. സഹജീവി സ്നേഹവും, കരുതലും എല്ലാം അവര്‍ക്ക് നാം വേണം പകര്‍ന്നു നല്‍കാന്‍ എന്ന്‍ അമ്മീമക്കഥകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
അമ്മീമ കഥകള്‍ വായനക്കാര്‍ക്കായി പങ്കുവെച്ചതിന് എച്ച്മുക്കുട്ടിക്ക് ഒരായിരം നന്ദി. അമ്മീമക്കഥകള്‍  വ്യക്തിപരമായ ഒരു ഓര്‍മച്ചിത്രം മാത്രമായി മാറുമായിരുന്നു. അതങ്ങനെയല്ലാതെ ഒരു ഹൃദ്യമായ അനുഭൂതിയാക്കി മാറ്റിയത് അവരിലെ എഴുത്തുകാരിയുടെ മികവ് തന്നെ, സംശയമില്ല. ഇനിയത്തെ വായനയിലും അമ്മീമയില്‍ നിന്നും എന്തെങ്കിലും നന്മ പകര്‍ന്നു കിട്ടും എന്ന തോന്നല്‍ ഒരു പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്നു. എന്തുകൊണ്ടും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് അമ്മീമകഥകള്‍ - പ്രത്യേകിച്ച് വീട്ടിൽ ചെറിയ കുട്ടികളുള്ളവര്‍.

കൂട്ടത്തില്‍ പറയട്ടെ – തുടക്കത്തില്‍ രണ്ട് അവതാരിക/ആസ്വാദനം വേണ്ടിയിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. അതു പോലെ തന്നെ ദൈവം മരിച്ച നാള്‍ എന്ന കഥയോടെ പുസ്തകം അവസാനിപ്പിക്കാമായിരുന്നു. അതു കഴിഞ്ഞു വന്ന കഥ വായനയുടെ ഒഴുക്കിനെയും മനസ്സിലെ ചിന്തകളെയും പ്രതികൂലമായി ബാധിച്ചു.

ഇവ രണ്ടും ഒഴിച്ചുനിര്‍ത്തിയാല്‍ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന, ഹൃദയസ്പര്‍ശിയായ പുസ്തകമാണ് ‘അമ്മീമ കഥകള്‍’. സി എൽ എസ് ബുക്സ് (തളിപ്പറമ്പ) പ്രസിദ്ധീകരിച്ച  ഈ പുസ്തകത്തിന്‍റെ വില 90 രൂപയാണ്. പ്രസാധകരിൽ നിന്നു തപാൽ വഴിയും ഇന്ദുലേഖ ഓൺലൈൻ പോർട്ടൽ വഴിയും പുസ്തകം ലഭ്യമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനു പുറമേ തൃശ്ശൂര്‍ തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ചില കടകളിലും അമ്മീമ കഥകള്‍ ലഭ്യമാണ്. നന്മ നിറഞ്ഞ നമ്മുടെ ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പുസ്തകം തീര്‍ച്ചയായും വായിക്കുക.

എച്ച്മുക്കുട്ടിയുടെ കൂടുതല്‍ രചനകള്‍ ദാ ഇവിടെപ്പോയാല്‍ കാണാം.

10 comments:

 1. എച്മുക്കുട്ടി ഈ കഥകളൊക്കെ പലപ്പോഴായി ഞങ്ങളോട് പറഞ്ഞിരുന്നു. അപ്പോഴൊക്കെ ഇതുപോലൊരു അമ്മീമ്മയെ ഞങ്ങൾക്ക് കിട്ടിയില്ലല്ലോന്ന് ഓർത്ത് സങ്കടപ്പെടുകയും ചെയ്തിരുന്നു.
  ആശംസകൾ....

  ReplyDelete
 2. ഞാന്‍ എച്മുവിന്റെ ബ്ബ്ലോഗില്‍ ആദ്യമായി വായിച്ചതൊരു അമ്മീമ്മക്കഥയാണ്. അമ്മൂമ്മ എന്ന വാക്ക് അമ്മീമ്മ എന്ന് തെറ്റായാണല്ലോ ടൈപ്പ് ചെയ്തിരിക്കുന്നതെന്ന് അന്ന് ഞാന്‍ വിചാരിച്ചു.

  ReplyDelete
 3. എച്മുക്കുട്ടിയുടെ ഏതെങ്കിലും ഒരു കുറിപ്പ് വായിക്കുന്ന വ്യക്തി അവരുടെ എല്ലാ എഴുത്തും വായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും ധാരാളം പുസ്തകങ്ങള്‍ ആ തൂലികയില്‍ നിന്നും പിറവി കൊള്ളട്ടെ.
  അമ്മീമ്മ ക്കഥകള്‍ നന്നായി പരിചയപ്പെടുത്തി.
  ആശംസകള്‍.

  ReplyDelete
 4. * 'ജീവിതമെഴുത്ത് സാഹിത്യത്തില്‍' എന്നൊരു തലക്കുറി വെച്ച് ഒരു ചര്‍ച്ചയോ സംവാദമോ സംഭവിക്കുന്നെങ്കില്‍ എച്ച്മു എന്നാവര്‍ത്തിച്ചുദാഹരിച്ചുകൊണ്ടല്ലാതെ എന്നെ അവിടെ കാണാനാകില്ല. അത്രമേല്‍ ശക്തമാണ് എച്ചുമുവിന്റെ എഴുത്ത് പരിസരം. നാലുകൊല്ലത്തിലധികമായുള്ള എന്റെ ബ്ലോഗനുഭവങ്ങളില്‍ ഇത്രയും വജ്ര കാഠിന്യമുള്ള 'വാസ്തവ കഥ'കളെ ഞാന്‍ അകത്തോ പുറത്തോ കണ്ടിട്ടില്ല, എച്ച്മുവിലല്ലാതെ. തീര്‍ച്ചയായും, ഞാന്‍ എവിടെ നില്‍ക്കുന്നു/നില്‍ക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് അവരുടെ എഴുത്തുകള്‍ ഓരോന്നും. ഓരോ എഴുത്തും പിന്നെയും പിന്നെയും പുതുക്കുന്ന മനുഷ്യ മുഖത്തെയാണ് കാണിക്കുന്നത്. അവരുടെ അമ്മീമ്മക്കഥകളും മറ്റൊന്നാകാന്‍ വഴിയില്ല. നിഷ എച്ചുമുവിനെ വായിക്കുന്നു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു സന്തോഷം... അതിപ്പോഴും ഒരൂര്‍ജ്ജമായി എന്നില്‍ ജീവിക്കുന്നുണ്ട്. രണ്ടുപേര്‍ക്കും എന്റെ സ്നേഹങ്ങള്‍... കലമ്മക്ക് മുത്തങ്ങള്‍.

  ReplyDelete

 5. പുസ്തക പരിചയം നന്നായി. വായിക്കാം. അമ്മീമ്മ എന്നാ വാക്കിന്റെ അർത്ഥം എന്നെ അല്പ്പം അത്ഭുതപ്പെടുത്തി. കഥാകാരിക്കും നിഷ്യ്ക്കും ആശംസകൾ.

  ReplyDelete
 6. ഓസിന് ഒരു പുസ്തകം ഒപ്പിച്ചിട്ട് ഞങ്ങളോട് അത് വാങ്ങാൻ കിട്ടുന്ന സ്ഥലം പറഞ്ഞു തന്നത് കേമമായി.

  എച്ചുമു വിൻറെ ആഖ്യാനവും ശൈലിയും മറ്റും പറയേണ്ടിയിരുന്നു. ഏതായാലും പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ആശംസകൾ.

  ReplyDelete
 7. നല്ല പരിചയപ്പെടുത്തല്‍
  ഞാന്‍ വായിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല-
  വയസ്സായില്ലേ - എന്തായാലും സമയം പോലെ ശ്രമിക്കാം.

  ReplyDelete
 8. അമ്മീമ്മ കഥയുടെ 'സൈറ്റ്' കിട്ടുന്നില്ല!
  അതും കൂടി എഴുതാമായിരുന്നു!

  ReplyDelete
 9. Aksharangaliloode jeevikkunna oro ezhuthukarkkum ...!
  .
  Manoharam ee parichyappeduthal, Ashamsakal...!!!

  ReplyDelete
 10. ഞാന്‍ അഭിപ്രായമൊന്നും എഴുതാതിരുന്നത് ഈ നല്ല വാക്കുകള്‍ക്കും പ്രോല്‍സാഹനത്തിനും നന്ദി പറയാനുള്ള കഴിവില്ലാതിരുന്നതുകൊണ്ടു മാത്രമാണ്. എങ്കിലും എന്‍റെ ഈ മൌനത്തിനോട് നിഷ ദയവായി ക്ഷമിക്കുക. സ്നേഹം മാത്രം..

  ReplyDelete