കുംഭമേള

കുംഭ് നഗരി - ഒരു സാധാരണ ദിവസം  
വീണ്ടും ഒരു കുംഭമേളയ്ക്ക് കൂടി 'പ്രയാഗ്' സാക്ഷ്യം വഹിക്കുകയാണ്. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥാനമായ, പുണ്യ നഗരിയായ, പ്രയാഗില്‍ ഇപ്പോള്‍ കുംഭമേളയുടെ നിറവാര്‍ന്ന 55 ദിനങ്ങള്‍.; ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുംഭമേളയുടെ പുണ്യ വേളയില്‍ ത്രിവേണീ സംഗമ സ്ഥാനത്ത് ഒന്ന് മുങ്ങി നിവരുക എന്നത് ഏറെ പാവനമായ ഒരു കാര്യമാണ്. പാപമുക്തി നേടുന്നതിനുള്ള ഒരു മഹത്തായ അവസരമായും അവര്‍ ഇതിനെ കണക്കാക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മത സമ്മേളനമാണത്രെ കുംഭമേള! ദശലക്ഷങ്ങളോളം വരുന്ന തീര്‍ഥാടകരാണത്രേ ഓരോ കുറിയും കുംഭമേളയില്‍ പങ്കുചേരാന്‍ എത്താറുള്ളത്. ഓരോ തവണയും കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ 100 ദശലക്ഷം ആളുകള്‍ കുംഭമേളയുടെ ഭാഗമാവും എന്നാണു പ്രതീക്ഷിക്കുന്നത്.

കുംഭമേള എപ്പോഴും നടത്തപ്പെടാറുള്ളത് പ്രയാഗ് (അലഹബാദ്‌), നാസിക്, ഹരിദ്വാര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ മാത്രം ഇത് നടത്തപ്പെടാനുള്ള കാരണം എന്താണെന്നറിയണ്ടേ? പണ്ട് പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ അമൃത കലശത്തിന് വേണ്ടി ദേവാസുരന്മാര്‍ തമ്മില്‍ കലഹമുണ്ടായി. അതിനിടയില്‍ നാല് തുള്ളി അമൃത് ഭൂമിയില്‍ വന്നു വീണത്രേ; ആ തുള്ളികള്‍ വന്നു വീണ സ്ഥലങ്ങളാണ് പ്രയാഗ് (അലഹബാദ്‌), നാസിക്, ഹരിദ്വാര്‍, ഉജ്ജൈന്‍ എന്നിവ. അതാണത്രേ ഇവയുടെ മഹത്വവും! അത് കൊണ്ടാണ് കുംഭമേള ഇവിടങ്ങളില്‍ മാത്രം നടത്തപ്പെടുന്നത്.

കുംഭമേള നാലു തരമുണ്ട്.
കുംഭമേള - ഇത് മേല്‍പ്പറഞ്ഞ നാലു സ്ഥലങ്ങളില്‍ ഏതിലും നടത്താം. ഓരോ തവണ ഓരോ സ്ഥലത്ത് എന്നാണു കണക്ക്. ഇവ മൂന്ന് കൊല്ലം കൂടുമ്പോള്‍ ആണ് നടത്തപ്പെടാറുള്ളത്.
അര്‍ദ്ധ കുംഭ മേള - ഇത് ആറുകൊല്ലങ്ങള്‍ കൂടുമ്പോള്‍ ഹരിദ്വാറിലോ പ്രയാഗിലോ ആണ് നടത്തപ്പെടുക.
പൂര്‍ണ്ണ കുംഭ മേള
 - ഇത് ഓരോ പന്ത്രണ്ടു കൊല്ലം കൂടുമ്പോഴും പ്രയാഗില്‍ നടത്തപ്പെടും.
മഹാകുംഭ മേള - ഇത് നൂറ്റി നാല്പത്തി നാലു കൊല്ലങ്ങള്‍ കൂടുമ്പോള്‍ പ്രയാഗില്‍ വെച്ച് നടത്തപ്പെടും.

വ്യാഴത്തിന്‍റെയും സൂര്യന്‍റെയും നിലയനുസരിച്ചാണത്രേ കുംഭമേള നടത്തപ്പെടുക. വ്യാഴവും സൂര്യനും സിംഹ രാശിയില്‍ വരുമ്പോള്‍ ത്രയംബകേശ്വരിലും (നാസിക്), സൂര്യന്‍ മേടരാശിയില്‍ വരുമ്പോള്‍ ഹരിദ്വാറിലും, വ്യാഴം വൃഷഭ (ഇടവ) രാശിയിലും സൂര്യന്‍ മകര രാശിയിലും വരുമ്പോള്‍ പ്രയാഗിലും, വ്യാഴവും സൂര്യനും വൃശ്ചിക രാശിയില്‍ വരുമ്പോള്‍ ഉജ്ജൈനിലും കുംഭമേള നടത്തപ്പെടും. ഓരോ സ്ഥലത്തെയും ആഘോഷ ദിവസങ്ങള്‍ സൂര്യ-ചന്ദ്ര-വ്യാഴന്മാരുടെ പ്രത്യേക നിലകള്‍ രാശിചക്രത്തിനനുസരിച്ചു ആദ്യമേ തന്നെ ഗണിച്ചു തിട്ടപ്പെടുത്തുമത്രേ!

കുംഭമേള കാലാകാലമായി നടന്നു വരുന്ന ഒരു ഉത്സവമാണ്. പ്രസിദ്ധ ചൈനീസ്‌ യാത്രികന്‍ ഹുവാന്‍ സാങ്ങ് (Huan Tsang; 602 - 664 AD) തന്‍റെ യാത്രാവിവരണത്തില്‍ കുംഭമേളയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടത്രെ. ഹുവാന്‍ സാങ്ങ് ഇന്ത്യ സന്ദര്‍ശിച്ചത് 629 - 645 CE ആയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

'ഷാഹി സ്നാന്‍' അഥവാ പുണ്യ സ്നാനം ആണ് കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ചില ദിവസങ്ങളില്‍ നടത്തുന്ന ഈ സ്നാനം ഏറെ പുണ്യകരം തന്നെ. ഇക്കൊല്ലത്തെ പ്രധാന സ്നാന ദിനങ്ങള്‍  ഇവയാണ്:

14-01-2013 (മകരസംക്രാന്തി)
27-01-2013 (മകരമാസത്തിലെ പൂര്‍ണ്ണിമ)
06-02-2013 (ഏകാദശി)
10-02-2013 (മൌനി അമാവാസി)- ഇതാണ് ഏറ്റവും പ്രധാനപ്പെട്ട സ്നാന ദിനം
15-02-2013 (വസന്ത പഞ്ചമി)
17-02-2013 (സപ്തമി)
21-02-2013 (ഭീഷ്മ ഏകാദശി)
25-02-2013 ( കുംഭമാസത്തിലെ പൂര്‍ണ്ണിമ)

കുംഭമേളയില്‍ പ്രധാന ദിവസങ്ങളിലെ സ്നാനത്തിനു ആദ്യസ്ഥാനം നാഗ സന്ന്യാസിമാര്‍ക്കാണത്രേ. ദിഗംബരന്മാര്‍ എന്നും പറയപ്പെടുന്ന ഇവര്‍ നഗ്നരായാണ് നടക്കുക. ദേഹം മുഴുവനും ഭസ്മം പൂശി കൈയ്യില്‍ ത്രിശൂലവുമേന്തി നടക്കുന്ന ഇവര്‍ ശിവ ഭക്തരാണ്. പൊതുവേ പുറം ലോകവുമായി ബന്ധമില്ലാത്ത ഇവര്‍ കൂട്ടംകൂട്ടമായാണ് കുഭമേളയില്‍ ഷാഹി സ്നാനത്തിനു വരിക. ഇവര്‍ കുളിച്ചു കഴിഞ്ഞേ മറ്റുള്ളവര്‍ സ്നാനത്തിനു മുതിരൂ. സ്നാനവും കഴിഞ്ഞ് അവര്‍ എങ്ങോട്ടെന്നില്ലാതെ പോയ്‌ മറയും. പ്രത്യേക ദിവസങ്ങളില്‍ സ്നാനത്തിനു കൃത്യമായി അവരെത്തും. അവരുടെ വേഷത്തെ (അഥവാ വസ്ത്രങ്ങളുടെ അഭാവത്തെ) ചൊല്ലി ഏറെ പ്രതികരണങ്ങള്‍ വരാറുണ്ട് - ഇന്നത്തെ പരിഷ്കൃത ലോകത്ത് അവര്‍ വിവസ്ത്രരായി നടക്കുന്നത് രാജ്യത്തിനു തന്നെ അപമാനമാണെന്നും, അത് മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ അന്തസ്സ് കുറയ്ക്കുമെന്നും, കഞ്ചാവും വലിച്ചു തോന്നിയത് കാട്ടി നടക്കുകയല്ലാതെ വേറെ പണിയൊന്നും ഇല്ലാത്തവര്‍ ആണ് അവരെന്നും, അവരെ കാണാനാണ് വിദേശത്തും സ്വദേശത്തും ഉള്ളവര്‍ വരുന്നതെന്നും തുടങ്ങി വിവാദപരമായ പല പ്രതികരണങ്ങളും അവരെ കുറിച്ച് കേള്‍ക്കാം. എന്നിരുന്നാലും ഇവര്‍ കുംഭമേളയുടെ അവിഭാജ്യ ഘടകം തന്നെ! മറ്റു സമയങ്ങളില്‍ ഹിമാലയ സാനുക്കളില്‍ തണുത്തുറഞ്ഞ കാലാവസ്ഥയിലും വിവസ്ത്രരായി ഇവര്‍ ലൌകികകാര്യങ്ങളില്‍ തത്പരരല്ലാതെ, യോഗസാധന ചെയ്യുന്നു എന്നാണ് കരുതപ്പെടുന്നത്.


കുംഭ മേള - ത്രിവേണി സംഗമം

കുംഭമേളയില്‍ പലതരം കാഴ്ചകള്‍ കാണാം. ലോകകാര്യങ്ങളില്‍ താത്പര്യമില്ലാത്ത സന്ന്യാസിമാര്‍, പാപ മുക്തി തേടി മേളയില്‍ വരുന്ന സാധാരണക്കാര്‍, ഏറെ അകലങ്ങളില്‍ നിന്നും മേളയില്‍ പങ്കെടുക്കാന്‍ വരുന്ന അനേകായിരം ആളുകള്‍, ജനസമുദ്രത്തെ നിയന്ത്രിക്കാനും എല്ലാം ഭംഗിയായി നടത്താനും രാപ്പകല്‍ ജാഗരൂകരായിരിക്കുന്ന പോലീസും മറ്റു നിയമപാലകരും, ഏത് മേളയുടെയും അഭിവാജ്യ ഘടകമായ വഴിവാണിഭക്കാര്‍., കൌതുകത്തിന് വേണ്ടി മാത്രം അവിടെയെത്തുന്ന അനേകായിരങ്ങള്‍, ഫോട്ടോഗ്രാഫര്‍മാര്‍,  പത്രക്കാര്‍, ടി വി ചാനലുകാര്‍, ഇതിനെ കുറിച്ച് പഠിക്കാന്‍ വരുന്നവര്‍, എന്നിങ്ങനെ കുംഭമേളയില്‍ പല തരം ആള്‍ക്കാരെ കാണാന്‍ കഴിയും. 


താരതമ്യേന തിരക്ക് കുറഞ്ഞ ഒരു ദിനം 
ഒരു പതിറ്റാണ്ടിനു മുന്‍പ്  (2001-ല്‍))  ഇപ്രകാരം മഹാകുംഭ മേള അലഹബാദില്‍ വെച്ച് നടക്കുകയുണ്ടായി. യാദൃശ്ചികമെന്നോണം ആ അവസരത്തില്‍ അവിടെ എത്തിപ്പെടാനായി. ലക്ഷക്കണക്കിന്‌ ആളുകള്‍ വന്ന് കുളിച്ചു പോയ സംഗമതീരം വളരെ വൃത്തിയുള്ളതായി കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ട്.  നദീ തടങ്ങളില്‍ നിറയെ കൂടാരങ്ങളായിരുന്നു - വിവിധ സന്ന്യാസി സമൂഹങ്ങള്‍ താമസിക്കുന്ന കൂടാരങ്ങളായിരുന്നു അവ. പല കൂടാരങ്ങളില്‍ നിന്നും നാമജപവും മറ്റും കേള്‍ക്കാം...

സംഗമ സ്ഥാനത്തെത്താന്‍ ഒരു വഞ്ചിയില്‍ പോണം. അവിടെയെത്തിയാല്‍ താത്ക്കാലികമായി തീര്‍ത്ത കൈവരികളും മറ്റും കാണാം. ത്രിവേണീ സംഗമത്തില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ ഏതൊരു ഭക്തനും കോള്‍മയിര്‍ കൊള്ളും!!! വിശ്വാസത്തിന്‍റെ ബലത്തില്‍ ദൂരെ നിന്ന് ഇവിടെ എത്തി സംഗമത്തില്‍ സ്നാനം ചെയ്തു നിര്‍വൃതിയണയുന്ന ആയിരങ്ങള്‍ - അവരില്‍ വൃദ്ധരുണ്ട്, യുവാക്കളുണ്ട്, കുട്ടികളുണ്ട്... ഇത്രയധികം ആളുകള്‍ വന്നു പോയിട്ടും സംഗമത്തിലെ വെള്ളം സാമാന്യം വൃത്തിയോടെ തന്നെ തീര്‍ഥാടകരെ വരവേല്‍ക്കുന്നു. 


അവിടത്തെ സംവിധാനങ്ങള്‍ ഏറെ നന്നായി തോന്നി. ഇത്രയേറെ ആളുകള്‍ വന്നു പോയിട്ടും അതിന്റേതായ അധികം പ്രശ്നങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. പോലീസും ഭരണകൂടവും ഏറെ നല്ല രീതിയില്‍ തന്നെ എല്ലാ സംവിധാനങ്ങളും നടത്തിയിരിക്കുന്നു. പോന്ടൂന്‍ ബ്രിഡ്ജും മറ്റുമായി ആളുകള്‍ക്ക് അക്കരയ്ക്കു കടക്കാനുള്ള സംവിധാനങ്ങളും ഏറെ മെച്ചപ്പെട്ടത് തന്നെയായിരുന്നു. 

കൂട്ടത്തില്‍ പറയട്ടെ; കുഭമേളയില്‍ വെച്ച് കാണാതാവുന്ന ആളുകളുടെ എണ്ണം വളരെയധികമായിരുന്നു (പല പഴയ ഹിന്ദി ചലച്ചിത്രങ്ങളിലും സ്ഥിരമായി കാണുന്ന ഒരു പ്രതിഭാസമായിരുന്നു കുംഭമേളയില്‍ വെച്ച് കാണാതെ പോകുന്ന സഹോദരങ്ങളും, കുടുംബവും). തിരക്കിനിടയില്‍ പെട്ടു സ്വജനങ്ങളില്‍ നിന്ന്‍ വേര്‍പ്പെട്ടു പോകുന്നവരെ കണ്ടെത്താനും അവരെ ഒന്നിപ്പിക്കാനുമുള്ള സജ്ജീകരണങ്ങള്‍ ഇപ്പോള്‍ കുംഭമേളയില്‍ ഉണ്ട്. അത് കൊണ്ട് സിനിമാക്കാര്‍ക്ക്‌ 'മേരാ ഭായി /ബേട്ടാ കുംഭ് കെ മേലെ മേ ഖോ ഗയാ ഥാ' എന്ന്‍ പറയാന്‍ ഇനി അധികം സാദ്ധ്യതയില്ല...  കാര്യമിങ്ങനെയൊക്കെയാണെങ്കിലും ചിലരെങ്കിലും വൃദ്ധരായ മാതാപിതാക്കളെ ഇവിടെ ഉപേക്ഷിച്ചു പോകുന്നുണ്ടത്രെ!


അങ്ങകലെ കാണുന്നത് അലഹബാദ് കോട്ട
2001 -നു ശേഷം 2007 -ല്‍ കുംഭമേള നടക്കുമ്പോഴും ഈയുള്ളവള്‍ പ്രയാഗിലുണ്ടായിരുന്നു എന്നത് ഇപ്പോള്‍ ഒരത്ഭുതമായി തോന്നുന്നു. അന്ന് പക്ഷെ മേള നടക്കുന്ന ത്രിവേണീ സംഗമ തീരത്തേയ്ക്ക് പോവുകയുണ്ടായില്ല. എന്നിരിക്കിലും മേളയുടെ തുടിപ്പുകള്‍ കണ്ടറിയാവുന്ന അകലത്തിലായിരുന്നുവെന്നത് കൊണ്ട് അവയെല്ലാം അറിഞ്ഞിരുന്നു.  

2001 - ലെ മേളയ്ക്ക് ശേഷം പല തവണ ത്രിവേണീ സംഗമ സ്ഥാനത്തു പോയിട്ടുണ്ട്. മഹാനദികള്‍ ഒന്നിക്കുന്ന കാഴ്ച ഏറെ ഗംഭീരം തന്നെ. താരതമ്യേന വെളുത്ത നിറമുള്ള ഗംഗയും, കറുത്തിരുണ്ട യമുനയും - കാഴ്ചയില്‍ ഇല്ലാത്ത സരസ്വതിയും! കാലാകാലമായി നിറഞ്ഞൊഴുകുന്ന ഈ നദികള്‍ എത്രയെത്ര ജീവിതങ്ങള്‍ക്ക് ആധാരമായി വര്‍ത്തിക്കുന്നു!!!

ഇനിയെന്നാണ് ആ സവിധത്തില്‍ എത്തുക എന്നറിയില്ല; ഇനിയിപ്പോള്‍ അതിനു കഴിഞ്ഞില്ലെങ്കിലും വലിയ ഖേദമില്ല; ആ കാഴ്ചകള്‍ ഒട്ടും നിറം മങ്ങാതെ ഒരപൂര്‍വ്വ പുണ്യമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു പക്ഷെ, ഹൃദയസ്പന്ദനം നിലയ്ക്കുവോളം അതങ്ങിനെ തന്നെ തുടരുകയും  ചെയ്യും....


Comments

Aneesh chandran said…
വിവരണങ്ങള്‍ നന്നായിരിക്കുന്നു.ഉപകാരപ്രഥം (ഫോണ്ട് സൈസ് ഒന്ന് കൂടി വലുതാക്കണം ചേച്ചി വായിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടുണ്ട് ഇപ്പോള്‍ )ആശംസകള്‍ .
RAGHU MENON said…

അലഹബാദില്‍ 'മനോരി' എന്ന എയര്‍ ഫോഴ്സ് യൂണിറ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍
ഞാനും ഇതിനു സാക്ഷ്യം - വഹിച്ചിട്ടുണ്ട്‌ -
നല്ല വിവരണം
RAGHU MENON said…
ചില ഇടങ്ങളില്‍ 'കുംഭമേള' കുംബമേള ആയിട്ടുണ്ട്‌
എഡിറ്റു ചെയ്യുമല്ലോ -
നല്ല വിവരണം. വിജ്ഞാനപ്രദം.
നന്ദി ട്ടൊ..ശുഭരാത്രി.,!
ഇങ്ങനെ ഒന്ന് കേട്ടിരുന്നു ഇപ്പൊ മനസ്സിലാക്കി നന്ദി
ajith said…
കുംഭമേളയ്ക്ക് ഇത്രയും പേരോ...?
Nisha said…
നന്ദി കാത്തി - ഫോണ്ട് വലുതാക്കി. പോസ്റ്റ്‌ ഉപകാരപ്രദമെന്നറിഞ്ഞതില്‍ സന്തോഷം!
Nisha said…
നന്ദി, രഘു!

അലഹബാദില്‍ വച്ചു എയര്‍ ഫോര്‍സിന്റെ ഒരു എയര്‍ ഷോ കണ്ടിട്ടുണ്ട് - ഇതേ തീരത്ത് വച്ച്....
Nisha said…
കുറേ സ്ഥലത്ത് ആ അബദ്ധം പറ്റിയിരുന്നു. ഒക്കെ ശരിയാക്കിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു പ്രത്യേകം നന്ദി!
Nisha said…
സന്തോഷം! ഈ നല്ല വാക്കുകള്‍ക്ക് നന്ദി!
Nisha said…
:-) ശുഭരാത്രി!!!
Nisha said…
നന്ദി ഷാജു! അതിനൊരു നിമിത്തമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം!
Nisha said…
എന്താ പറയ്യാ!!! :-)
ജനനം കൊണ്ട് ഹിന്ദു മത വിശ്വാസ്സിയാണ് ഞാന്‍
പക്ഷേ ഈയുള്ളവന് പത്രത്തിലൂടെയുള്ള
പരിമിതമായ അറിവ് മാത്രമേ " കുംഭമേളയേ" കുറിച്ചുള്ളു..
ഈയടുത്ത ദിവസ്സം വായിച്ചിരുന്ന് , പുലര്‍ച്ചേ നാല് മണിക്ക്
തന്നേ എത്രയോ ലക്ഷങ്ങള്‍ മഞ്ഞു പൊതിഞ്ഞ സ്ഥലത്ത്
സ്നാനം കഴിഞ്ഞുന്നൊക്കെ ....
ഇത്ര വിവരിച്ചുള്ള വിവരണം ആദ്യമായി വായിക്കുന്നു ..
കൂടേ കഴിഞ്ഞു പൊയ മഹാ കുംഭമേളയുടെ ചിത്രങ്ങള്‍
എന്റെ ഒരു സുഹൃത്ത് കുറേ നാളുകള്‍ക്ക് മുന്നേ പങ്ക് വച്ചിരുന്നു ..
എന്തായാലും ഈ അറിവു കാട്ടുന്ന വരികള്‍ക്ക് ഒരുപാട് നന്ദീ ..
സ്നേഹാദരങ്ങളൊടെ ...
Unknown said…
അറിവുകൾ അറിവുകൾ....

asrus irumbuzhi said…
കുംഭാമേളയെ കുറിച്ച് വിശദമായ അറിവ് ഇതു ആദ്യമാണ് ...ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
എല്ലാവരും എല്ലാ മതത്തെയും വിശ്വാസത്തെയും അടുത്തറിയട്ടെ...ഇനിയും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു
ആശംസകളോടെ
അസ്രുസ്
deepak nair said…
This comment has been removed by a blog administrator.
Nisha said…
എത്രയറിഞ്ഞാലും പിന്നെയും തീരാത്തത്ര അറിവുകള്‍
Nisha said…
നമ്മുടെ കൊച്ചു കൊച്ചു അറിവുകള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ അവരില്‍ നിന്നും നമുക്ക് അനേകം അറിവുകള്‍ ലഭിക്കും. അത് നമ്മെ കൂടുതല്‍ വിവേകികളും അറിവുള്ളവരും ആക്കി മാറ്റും... ഞാനും ആ അന്വേഷണത്തിലാണ്
Nisha said…
Welcome Deepak!
Unknown said…
നന്നായിട്ടുണ്ട്. നാടൻ പ്രയോഗങ്ങൾ കുറച്ച് ആഴത്തിലെഴുതിയെങ്കിൽ എന്നാഗ്രഹിക്കുന്നു

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....