ഔഷ്‌വിറ്റ്സിലേയ്ക്ക്

ജനുവരി 27 ഹോളോകോസ്ററ് മെമ്മോറിയൽ ഡേ ആയി ആചരിക്കുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ ഈയിടെ നടത്തിയ  ഔഷ്‌വിറ്സ് യാത്രയെപ്പറ്റി അല്പം പറയട്ടെ:

ഔഷ്‌വിറ്റ്സിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് സുഹൃത്തും  ബ്ലോഗറുമായ അരുൺ ആർഷയുടെ  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' എന്ന പുസ്തകത്തിലൂടെ ആണെന്ന് പറയാം. അതു വരെ  രണ്ടാം ലോക മഹായുദ്ധത്തിനെക്കുറിച്ചും ജൂതവംശഹത്യയെക്കുറിച്ചും മറ്റും വളരെ പരിമിതമായ അറിവേ എനിയ്ക്കുണ്ടായിരുന്നുള്ളു.
ഔഷ്വിറ്സ് -1   
2014-ഇൽ അരുൺ ആർഷയുടെ  പുസ്തകം വായിച്ചപ്പോഴാണ് നാസികൾ നടത്തിയ ജൂതവംശഹത്യയുടെ വ്യാപ്തിയും  ക്രൂരതയും ഒരല്പമെങ്കിലും മനസ്സിലാക്കിയത്.  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി'  എന്നെ സംബന്ധിച്ചിടത്തോളം ലോകചരിത്രത്തിലേക്കുള്ള  ഒരു വാതിൽ തുറക്കലായിരുന്നു എന്ന്  ഇപ്പോൾ തോന്നുന്നു. അന്ന് ആ പുസ്തകം വായിച്ചു കഴിഞ്ഞിട്ടും അതിലെ കഥയും നായകനായ റെഡ്‌വിന്റെ ജീവിതവും എന്നെ വിടാതെ പിടികൂടി. ഒരു നിയോഗമെന്നോണം അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഞാൻ ചെയ്യുകയുണ്ടായി - അരുണിന്റെ അനുവാദത്തോടെ തന്നെ. അത് പബ്ലിഷ് ചെയ്യാനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ വിജയിച്ചില്ല എങ്കിലും ആ പുസ്‌തകം എന്റെ ജീവിതത്തിലെ ഒരു വലിയ സംഭവമായി ഞാൻ കരുതിപ്പോന്നു.

'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' വിവർത്തന വേളയിൽ റഫറൻസിനും മറ്റുമായി പലപ്പോഴും ഔഷ്വിറ്സിനെക്കുറിച്ചു ഞാൻ പലതും ഓൺലൈനിൽ തിരയുകയും വായിക്കുകയും ഉണ്ടായി. അപ്പോഴും ബോധപൂർവ്വമെന്നോണം നാസി ക്രൂരതയെക്കുറിച്ചു അധികം വായിക്കാതെ, ആവശ്യമുള്ള കാര്യങ്ങൾ മാത്രം തിരയാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആവശ്യത്തിലധികം തിന്മകൾ ചുറ്റുമുള്ളപ്പോൾ വെറുതെ തിരഞ്ഞു പിടിച്ചു കൂടുതൽ സങ്കടപ്പെടണ്ട എന്ന ഒരു സ്വാർത്ഥ തീരുമാനമായിരുന്നു അതിനു കാരണം.

അങ്ങനെ വായനയും വിവർത്തനവും കഴിഞ്ഞു പ്രസിദ്ധീകരണ ശ്രമങ്ങൾ തൽക്കാലം ഉപേക്ഷിച്ചു അതിനെക്കുറിച്ചു ഏതാണ്ട് മറന്ന അവസ്ഥയിലാണ് കഴിഞ്ഞ കുറച്ച് കാലമായിട്ട്. അങ്ങനെയിരിക്കവേയാണ് ഡിസംബറിൽ ജർമ്മനിയിലേയ്ക്ക് ഒരു യാത്ര എന്ന ചിന്ത വന്നത്. എവിടെപ്പോയാലും ഉള്ള സമയം കൊണ്ട് കഴിയുന്നത്ര സ്ഥലങ്ങൾ കാണുക എന്ന പതിവ് തെറ്റിക്കാതെ ക്രിസ്തുമസ് കഴിഞ്ഞാൽ ബെർലിൻ, ക്രക്കോവ് എന്നീ സ്ഥലങ്ങൾ കൂടി കണ്ട് തിരിച്ചു വരിക എന്ന രീതിയിൽ പദ്ധതി തയ്യാറാക്കി.

സത്യത്തിൽ ദിലീപ് പറയുന്നത് വരെ ക്രക്കോവിനടുത്താണ് ബിർക്നൗ എന്ന കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു എന്നത് ഔഷ്വിറ്റ്സിനെക്കുറിച്ചു അന്ന് ഞാൻ നടത്തിയ റിസർച്ച് എത്ര പരിമിതം ആയിരുന്നു എന്ന് വിളിച്ചോതുന്നു. എന്തായാലും അത് കേട്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമാണ് തോന്നിയത്. അരുൺ എഴുതിയ പുസ്തകം വായിച്ചപ്പോഴോ, അത് വിവർത്തനം ചെയ്തപ്പോഴോ ഞാൻ സ്വപ്നേപി കരുതിയതല്ല ആ കഥയ്ക്ക് പശ്ചാത്തലമായ സ്ഥലത്തു ഒരു ദിവസം ഞാൻ എത്തിച്ചേരുമെന്ന്. ഇത് തീർച്ചയായും വല്ലാത്ത ഒരു നിയോഗമെന്നു തന്നെ പറയാൻ തോന്നുന്നു.

യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഒക്കെ ബുക്ക് ചെയ്ത ശേഷം രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചും ഔഷ്വിറ്റ്സിനെക്കുറിച്ചുമൊക്കെ കുറച്ചു കൂടി വിശദമായി അറിയാൻ ശ്രമിച്ചു. കുറേയധികം ഡോക്യൂമെന്ററികൾ കണ്ടു. പ്രതേകിച്ചും ഹിറ്റ്ലറെ കുറിച്ചും നാസി കോൺസെൻട്രേഷൻ ക്യാമ്പുകളെ കുറിച്ചുമുള്ളവ. ദ ബോയ് ഇൻ ദ സ്ട്രൈപ്പ്ഡ് പൈജാമ, ഡൗൺഫാൾ, പ്ലെയിങ് ഫോർ ടൈം, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്, തുടങ്ങിയ സിനിമകളും നാസി കോൺസെൻട്രേഷൻ ക്യാമ്പ്സ്, ഔഷ്വിറ്റ്സ്, ഹിറ്റ്ലേഴ്‌സ് സർക്കിൾ ഓഫ് ഈവിൾ, വേൾഡ് വാർ ടു ഇൻ കളർ തുടങ്ങി പല ഡോക്യൂമെന്ററികളും കണ്ട് മനസ്സ് മരവിച്ചു. ചിലപ്പോൾ അറിയാതെ കണ്ണുകൾ ധാരധാരയായ് ഒഴുകി. എന്തിനാണ് ഇതൊക്കെ കാണുന്നതും കേൾക്കുന്നതും എന്ന് ചിന്തിച്ചു കുറെ ദിവസം ഒന്നും കാണാതെയും വായിക്കാതെയും ഇരുന്നു.

എന്നാലും എവിടെ പോവുകയാണെങ്കിലും ആ സ്ഥലത്തെക്കുറിച്ചു കഴിയുന്നത്ര പഠിക്കണമെന്ന ദിലീപിൻ്റെ സ്വഭാവം കുറച്ചൊക്കെ കിട്ടിയതിനാൽ അതിനെക്കുറിച്ചു അറിയാതെയും വയ്യ. ഒടുവിൽ രണ്ടും കല്പിച്ചു അതൊക്കെ കണ്ടു. രണ്ടാം ലോക മഹായുദ്ധത്തിനവസാനം സഹ്യസേനയുടെ ഭാഗമായ അമേരിക്കൻ സൈന്യം ചില  കോൺസെൻട്രേഷൻ ക്യാമ്പുകൾ മോചിപ്പിക്കുന്ന വീഡിയോയും ഒരിക്കൽ കണ്ടു. അതാണ് എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത്. അത് കണ്ടു കഴിഞ്ഞപ്പോൾ ഔഷ്വിറ്റ്സിലേയ്ക്ക് ചെറിയ മകനെ കൊണ്ടുപോകുന്നത് ശരിയാണോ എന്ന് സംശയം ഉടലെടുക്കാൻ തുടങ്ങി.

ഇവിടെ ചരിത്രപഠനത്തിന്റെ ഭാഗമായി അവർക്ക് ലോക മഹാ യുദ്ധത്തിനെ കുറിച്ച് പഠിക്കാനുണ്ട്. കാര്യമായും ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ചാണ് പഠിച്ചിട്ടുള്ളതെങ്കിലും അത്ര വിശദമായി അല്ലെങ്കിലും ജൂതവംശഹത്യയെക്കുറിച്ചും മകൻ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം സ്കൂളിൽ വച്ച് 'the boy in the striped pyjama' കണ്ടിട്ടുമുണ്ട്. അതിനാൽ കോൺസെൻട്രേഷൻ ക്യാമ്പിൽ എന്തു നടന്നു എന്ന് ഒരു ധാരണ അയാൾക്കുണ്ട്. എന്നാലും ഉള്ളിൽ ആധിയായിരുന്നു. ചെറിയ മനസ്സിന് താങ്ങാൻ കഴിയാത്തതാവുമോ ഇതെന്ന്. എന്തായാലും വളരെ സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ആണ് കാണാൻ പോകുന്നതെന്നും പറ്റില്ല എന്ന് തോന്നിയാൽ നമുക്ക് അതിനനുസരിച്ചു അപ്പോൾ തീരുമാനിക്കാം എന്നും നിശ്ചയിച്ചു. നേരത്തെ തന്നെ കാര്യങ്ങൾ പറഞ്ഞു കൊടുത്ത് മനസ്സിനെ അല്പം പാകപ്പെടുത്തി. ഒട്ടും പറ്റില്ലെങ്കിൽ ഞങ്ങളിൽ ഒരാൾ അയാൾക്കൊപ്പം പുറത്തു നിൽക്കാം എന്നും തീരുമാനിച്ചു. (ചില യാത്രാപോർട്ടലുകളിൽ നോക്കിയപ്പോൾ കുട്ടികളെ കൊണ്ടുപോകുന്നത് കുഴപ്പമില്ലെന്നും മറിച്ചുമുള്ള പ്രതികരണങ്ങൾ കണ്ടു. 14  വയസ്സിനു  താഴെയുള്ളവർ അവിടെ പോകുന്നത് അവർ പ്രോത്സാഹിപ്പിക്കുന്നില്ല. കുട്ടികൾക്ക് താങ്ങാൻ പറ്റുന്നതിലധികം ഭീകരത ഉള്ളതിനാലാണത്.)

എന്തായാലും ക്രിസ്തുമസ് കഴിഞ്ഞ്, ബർലിനിൽ രണ്ടു ദിവസത്തെ സന്ദർശനവും പൂർത്തിയാക്കി ഞങ്ങൾ ക്രക്കോവിൽ എത്തി. ആദ്യ ദിവസം ക്രക്കോവ് കണ്ട് ശേഷം അടുത്ത ദിവസം ഔഷ്വിറ്റ്സ്-ബിർക്നൗ ക്യാമ്പുകൾ സന്ദർശിക്കുക എന്നതായിരുന്നു തീരുമാനം. പോളണ്ടിലെ പുരാതന നഗരങ്ങളിൽ ഒന്നാണ് ക്രക്കോവ്. (അതിനെക്കുറിച്ചു പിന്നീട് എഴുതാം). ക്രക്കോവിലെ ആദ്യദിനം കഴിഞ്ഞു ഞങ്ങൾ പിറ്റേന്ന്  ഔഷ്വിറ്റ്സ്-ബിർക്നൗ യാത്രയ്ക്കുള്ള ബസ്സിൽ കയറി.

ക്രക്കോവിൽ നിന്നും ഏകദേശം ഒന്നര മണിക്കൂർ ബസ്സിൽ യാത്ര ചെയ്താലാണ് ഔഷ്വിറ്റ്സിൽ എത്തുക. അവിടേയ്ക്ക് പ്രത്യേകം ടൂറുകൾ ഉണ്ട്. അത്തരമൊരു ടൂറിന്റെ ഭാഗമായാണ് ഞങ്ങളും അവിടേയ്ക്ക് പോയത്. ആദ്യം ഔഷ്വിറ്റ്സ്-1 എന്നറിയപ്പെടുന്ന സ്ഥലത്തും പിന്നീട്  ഔഷ്വിറ്റ്സ്-2  എന്നറിയപ്പെടുന്ന ബിർക്നൗവിലേയ്ക്കും പോകും. ഇവ രണ്ടും അല്ലാതെ മോണോവിറ്റ്സ് എന്ന സ്ഥലവും അടുത്തുണ്ട്. ഔഷ്വിറ്റ്സ്-3 എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തേയ്ക്ക് പോകുന്നില്ല. പ്രധാനമായും ഫാക്ടറി തൊഴിലാളികൾ ആയിരുന്നു അവിടത്തെ അന്തേവാസികൾ. 

ബസ്സിൽ കയറിയപ്പോൾ ഗൈഡ് ചില പ്രാഥമിക വിവരങ്ങൾ പറഞ്ഞു തന്നു - പിന്നെ ഏകദേശം ഒരു മണിക്കൂർ നീണ്ട ഒരു വീഡിയോ കാണിച്ചു - ക്യാമ്പിനെ കുറിച്ചുള്ള ആ വീഡിയോ കാണാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് ഒരു ഏകദേശധാരണ നമുക്ക് തരും.

ആദ്യകാഴ്ച 
നിശ്ചിത സമയത്ത്  തന്നെ ഞങ്ങൾ ഔഷ്വിറ്റ്സിലെത്തി. മ്യൂസിയത്തിൽ പോകുമ്പോൾ കയ്യിൽ വെക്കാവുന്ന ബാഗ് തുടങ്ങിയവയ്ക്ക് കർശന നിയന്ത്രണമുണ്ട് എന്ന് ഗൈഡ് മുൻപേ തന്നെ പറഞ്ഞതിനാൽ ക്യാമറയും ഫോണുമല്ലാതെ ഒന്നും കയ്യിലെടുത്തില്ല. വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ കവാടത്തിൽ കാത്തു നിന്ന് സെക്യൂരിറ്റി പരിശോധനയൊക്കെ കഴിഞ്ഞു ഓഡിയോ ഗൈഡ് സെറ്റ് ഒക്കെ ഏറ്റുവാങ്ങി ഗൈഡിനെ പിൻ തുടർന്ന് ആ കുപ്രസിദ്ധ കവാടത്തിനു മുന്നിലെത്തി.

Work Sets You Free 
"ആബേയ്റ്റ് മാഖ് ഫായ്" (Arbeit macht frei)  "ജോലി നിങ്ങളെ സ്വതന്ത്രരാക്കും" എന്ന വാക്കുകൾ അന്ന് തടവുകാരെ സ്വാഗതം ചെയ്ത പോലെ ഇന്ന് സന്ദർശകരെ സ്വാഗതം ചെയ്യുന്നു (അന്നത്തെ ശരിക്കുമുള്ള കവാടമല്ല, അതിൻറെ തനിപ്പകർപ്പാണ് ഇപ്പോഴുള്ളത് എന്ന് ഗൈഡ് പ്രത്യേകം പറഞ്ഞു). വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ആ കവാടം കടക്കുവാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ കണ്ട ചിത്രങ്ങളിലെ അനേകായിരം തടവുകാരിൽ ഒരാളായ പോലെ. പൊടുന്നനെ ഹൃദയത്തിൽ വലിയൊരു ഭാരം കയറ്റി വെച്ച പോലെയൊരു തോന്നൽ. കണ്ണുകൾ  അറിയാതെ  നിറയുന്ന പോലെ...
ബ്ലോക്കുകൾ 
കൊല്ലപ്പെട്ടവർക്കായുള്ള സ്മാരകം 


ഭാരമേറുന്ന കാലുകൾ വലിച്ചുവെച്ച് ഗൈഡ് പറയുന്ന കാര്യങ്ങൾ കേട്ടുകൊണ്ടും ഫോട്ടോകൾ എടുത്തുകൊണ്ടും മുന്നോട്ട് നടന്നു. നാസികൾ ഔഷ്വിറ്റ്സിനെ എന്തുകൊണ്ട് ക്യാമ്പിനു തിരഞ്ഞെടുത്തു എന്നും ആദ്യം രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ വേണ്ടി ഉപയോഗിച്ച ക്യാമ്പുകൾ എങ്ങനെ ജൂതവംശഹത്യയുടെ വിളനിലമായി എന്നുമൊക്കെ മുൻപ് വായിച്ചറിഞ്ഞതു  കൊണ്ട് ഗൈഡ് പറഞ്ഞ കാര്യങ്ങൾ കൂടുതൽ വേഗം മനസ്സിലായി.


നിരവധി ബ്ലോക്കുകളായി നിലനിർത്തിയിട്ടുള്ള ഔഷ്വിറ്റ്സിൻറെ വേലിക്കെട്ടിനുള്ളിൽ എത്തുമ്പോഴേയ്ക്കും നമുക്ക് ആ സ്ഥലത്തിന്റെ ഒരു ഏകദേശ രൂപവും അവിടത്തെ അന്തരീക്ഷത്തിന്റെ കാഠിന്യവും കുറെയൊക്കെ മനസ്സിലാവും. ആദ്യം ഔഷ്വിറ്റ്സിന്റെ  ചരിത്രം വിശദീകരിക്കുന്ന  ഒരു എക്സിബിഷൻ ആണ് ഞങ്ങൾ കണ്ടത്. ക്യാമ്പിന്റെ തുടക്കം, പരിണാമം, എവിടെ നിന്നൊക്കെ ആളുകളെ കൊണ്ടുവന്നു പാർപ്പിച്ചു, ഏകദേശം എത്രപേർ കൊല്ലപ്പെട്ടു, അവർക്ക് ലഭിച്ച സൗകര്യങ്ങൾ (അഥവാ സൗകര്യമില്ലായ്മ), അവരനുഭവിക്കേണ്ടി വന്ന യാതനകൾ, അവർ അനുഭവിച്ചപീഡനങ്ങൾ, ഗ്യാസ് ചേംബറിന്റെ മോഡൽ എന്നിങ്ങനെ ദൈന്യത നിറഞ്ഞു തുളുമ്പുന്ന ജീവിത കഥകൾ അവിടെ കണ്ടു. യൂറോപ്പിലെ മുക്കിലും മൂലയിലും നിന്നും എത്തിച്ച പതിനൊന്നു ലക്ഷത്തോളം ജൂതന്മാരാണ് 1940-1945 കാലയളവിൽ ഇവിടെ വച്ച് (ഔഷ്വിറ്റ്സ്-ബിർക്നൗ) കൊല്ലപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ കൃത്യമായ എണ്ണം അറിയാത്തതിനാൽ വാസ്തവത്തിൽ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതൽ ആയിരിക്കാമെന്നും ചില അഭിപ്രായങ്ങളുണ്ട്.

തടവുകാർ ജീവിച്ചിരുന്ന വൃത്തിഹീനമായ പരിസരങ്ങളും, അവർക്ക് ലഭിക്കാതിരുന്ന അടിസ്ഥാന സൗകര്യങ്ങളും മറ്റും കണ്ട് മനസ്സ് മരവിച്ചു. എന്നാൽ പിന്നീട് കണ്ട കാഴ്‌ചകൾ ഇതിലും ഹൃദയഭേദകമായിരുന്നു. ബ്ലോക്ക് 11- ഇവിടെയാണ് കുറ്റവിചാരണയും കുറ്റാരോപിതരെ ശിക്ഷിക്കുകയും ചെയ്തിരുന്നത്. നിസ്സാര കുറ്റങ്ങൾക്ക് പോലും വധശിക്ഷയായിരുന്നു നല്കിപ്പോന്നതത്രെ. 

തടവുകാരെ പട്ടിണിക്കിട്ടിരുന്ന ഇരുട്ടറകളും ഏകദേശം ഒരു സ്‌ക്വയർ യാർഡ് വലുപ്പമുള്ള നിൽപ്പറകളും (4 പേരെ വരെ ഇതിലടയ്ക്കും - നിൽക്കാൻ മാത്രമേ കഴിയൂ, 2 ഇഞ്ചോളം വലുപ്പമുള്ള ഒരു തുളയുണ്ടാവും -  ശ്വാസം മുട്ടാതിരിക്കാൻ, ഭക്ഷണം വല്ലപ്പോഴും മാത്രം (ഇതിനെ അതിജീവിച്ച ഒരാൾ (ജോസഫ് ക്രാൾ) പറഞ്ഞത് 6 ആഴ്ചയിൽ ആകെ മൂന്നു തവണയേ ഭക്ഷണം കിട്ടിയുള്ളൂ, വിശപ്പ് സഹിക്കാനാവാതെ ഷൂ തിന്നേണ്ടി വന്നു എന്നാണ് -അവലംബം;വിക്കിപീഡിയ). 

മരണചുമർ 
ഈ ബ്ലോക്കിൽ തന്നെയാണ് എക്സിക്യൂഷൻ യാർഡും. 'wall of death' എന്ന പേരിൽ അറിയപ്പെടുന്ന ചുവരിനോട് ചേർത്ത് നിർത്തിയാണ് കുറ്റവാളികളെ വെടിവെച്ചു കൊന്നിരുന്നത്. അതിൻ്റെ ഒരു വശത്തു തടവുകാരെ കൈകൾ ബന്ധിച്ച് തൂക്കിയിടാൻ ഉപയോഗിച്ചിരുന്ന കൊളുത്തും കാണാം. ശരീരഭാരം താങ്ങാനാവാതെ കൈ ഒടിഞ്ഞു പോകുന്ന തടവുകാരെ നാസികൾ കഠിനമായ ദേഹാദ്ധ്വാനമാവശ്യമുള്ള ജോലികൾക്ക് നിയോഗിക്കും. അവർ അത് വേണ്ടവിധം ചെയ്യുന്നില്ല എന്ന പേരും പറഞ്ഞു അടിയും തൊഴിയും ചിലപ്പോൾ വെടിയുണ്ടയും സമ്മാനിക്കും... ഇങ്ങനെ നാസികൾ കാണിച്ച  ക്രൂരതയുടെ ഗാഥകൾ എണ്ണിയാലൊടുങ്ങുന്നില്ല.

മരിച്ച കണ്ണുകളുള്ള ചിത്രങ്ങൾ പറയുന്നതെന്ത്?
എക്സിബിഷന്റെ ഒരു ഭാഗം അവിടെയുണ്ടായിരുന്ന തടവുകാരുടെ ഫോട്ടോകൾ നിറഞ്ഞു നിൽക്കുന്ന ഭിത്തികളാണ്. ഒരു ഇടനാഴിയുടെ രണ്ടു വശത്തും നിറയെ തടവുകാരുടെ ദൈന്യത നിറഞ്ഞ ഫോട്ടോകൾ. എല്ലാ കണ്ണുകളിലും എനിക്ക് കാണാനായത് കരളിൽ കൊത്തിവലിയ്ക്കുന്ന നിസ്സംഗതയും നിർജ്ജീവതയുമാണ്. ചില ജീവിതങ്ങൾ അവിടെയെത്തി ദിവസങ്ങൾക്കുള്ളിൽ പൊഴിഞ്ഞു പോയി; ചില ജീവിതങ്ങൾ എല്ലാ നരക യാതനകളും അനുഭവിച്ചു മരിച്ചു ജീവിച്ചു, മറ്റു ചിലവ സ്വാതന്ത്ര്യം തൊട്ടടുത്തെത്തിയ ദിവസങ്ങളിൽ ഇനിയും പിടിച്ചു നിൽക്കാനാവാതെ കൊഴിഞ്ഞു വീണു. 

ഗ്യാസ് ചേംബറിന്റെ ഉൾവശം 
അങ്ങനെ ഹൃദയഭേദകമായ കാഴ്ചകൾ ഓരോന്നും കണ്ട് അനുനിമിഷം ഭാരം കൂടുന്ന ഹൃദയവും പേറി അവസാനത്തിൽ എത്തുന്നത് ഗ്യാസ് ചേമ്പറിലേക്കാണ്. (ഗ്യാസ് ചേമ്പർ നിൽക്കുന്ന സ്ഥലത്തു നിന്നും നോക്കിയാൽ കോൺസെൻട്രേഷൻ ക്യാമ്പ് അധികാരിയായ റുഡോൾഫ് ഹോസ്സ് കുടുംബസമേതം ജീവിച്ചിരുന്ന ബംഗ്ലാവ് കാണാം). ഇവിടെയാണ് കുളിയുടെയും ചൂടുള്ള ഭക്ഷണത്തിന്റെയും പേരും പറഞ്ഞു നിസ്സഹായരായ ജീവിതങ്ങളെ വിഷവാതകം ഉപയോഗിച്ച് കൊന്നു തള്ളിയതും അവരുടെ ചേതനയറ്റ ശരീരങ്ങളെ കത്തിച്ചു തീർത്തതും. എന്നിട്ടും പക തീരാതെയെന്നോണം  അവരുടെ ചിതാഭസ്മം മഞ്ഞു പെയ്ത് വഴുക്കുന്ന വഴികളിൽ ആ വഴുപ്പ് മാറ്റാനും അല്ലാത്തപ്പോൾ ചെടികൾക്ക് വളമായും ഉപയോഗിച്ചിരുന്നു എന്നറിയുമ്പോൾ മനഃസാക്ഷി പോലും മരവിച്ചു പോകും. മനുഷ്യ കുലത്തിൽ ജനിച്ചു പോയതിൽ പോലും ലജ്ജ തോന്നുന്ന നിമിഷങ്ങൾ!

ഈ ദ്വാരത്തിലൂടെയാണ് സയ്ക്ളോൺ ബി എന്ന വിഷം ഗ്യാസ് ചേമ്പറിലേയ്ക്ക് ഇട്ടിരുന്നത്
കൊന്നൊടുക്കിയ മൃതദേഹങ്ങൾ കത്തിച്ചിരുന്ന ഫർണസ് 
എന്നിരുന്നാലും എന്റെ ഹൃദയം ഏറ്റവുമധികം വിങ്ങിപ്പൊട്ടിയത് ബ്ളോക് നാലിൽ ഒരു മുറി നിറയെ കുമിഞ്ഞു കിടക്കുന്ന മുടി കണ്ടപ്പോഴാണ്. കണ്ണ് നിറഞ്ഞൊഴുകാതിരിക്കാനും തേങ്ങൽ പുറത്തു വരാതിരിക്കാനും എത്ര പണിപ്പെട്ടു എന്ന് എനിക്കു തന്നെ അറിയില്ല. കുറെ ദിവസം ഉറക്കം പോലും കളയുന്ന തരത്തിൽ മറക്കാനാവാത്ത കാഴ്ച! ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും അതാലോചിയ്ക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന പോലെ ഒരു തോന്നലാണ്. കുന്നു കൂടി കിടക്കുന്ന ഷൂസുകൾ, കണ്ണടക്കൂട്ടങ്ങൾ, ബ്രീഫ്കേസുകൾ, പാത്രങ്ങൾ, കുട്ടിയുടുപ്പുകൾ, കളിപ്പാട്ടം - എന്നിങ്ങനെ ലക്ഷക്കണക്കിന് മനുഷ്യജന്മങ്ങളുടെ സ്വപ്നവും സ്വത്തും ഒക്കെ അവരുടെ ജീവിതം നരകിച്ചു തീരുന്നതിനും മുൻപ് കൈമോശം വന്നു. 
ഷൂസ്, കണ്ണടകൾ,പാത്രങ്ങൾ, ബ്രീഫ്‌കേസ്, കൃത്രിമക്കാലുകൾ തുടങ്ങി തടവുകാരുടെ സാധനങ്ങൾ
ഗ്യാസ് ചേമ്പറുകളിൽ എരിച്ചു തീർക്കുന്നതിനു മുൻപ് അവരിൽ നിന്നും വടിച്ചെടുത്ത മുടി കൊണ്ട് നാസികൾ വസ്ത്രങ്ങളും മറ്റും ഉണ്ടാക്കിയിരുന്നു എന്ന് അറിയുമ്പോൾ നാസികളെ മനുഷ്യർ എന്ന് പറയുന്നത് പോലും തെറ്റാണെന്ന് തോന്നി. ഏറ്റവും ക്രൂരനായ ജീവി മനുഷ്യൻ തന്നെ എന്ന് അടിവരയിട്ടു പറയുന്നു, ഔഷ്വിറ്സിലെ ഓരോ മൺതരിയും....

എല്ലാം കണ്ടു കഴിഞ്ഞശേഷം പറയാനാവാത്ത ഹൃദയഭാരവും പേറി ബസ്സിനെ ലക്ഷ്യമാക്കി നടന്നു - അടുത്തത് ബിർക്നൗലേയ്‌ക്കാണ്‌പോവുന്നത്. 

(തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക 
   

Comments

© Mubi said…
പോകണമെന്നുണ്ട് നിഷ... പക്ഷെ ഇതൊന്നും കണ്ട് നിൽക്കാനുള്ള ശക്തിയുണ്ടാവുമോന്നാണ്. എന്നാലും ഒന്ന് പോണം :( മാപ്പു പറയുകയെങ്കിലും വേണം.
M. Sadique said…
മാർക്ക് ഹെർമൻന്റെ "ദ ബോയ് ഇൻ ദ സ്ട്രൈപ്പ്ഡ് പൈജാമ" സ്റ്റീവൻ സ്പീൽബർഗ് ന്റെ "ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്" എന്നീ ചിത്രങ്ങൾ ഓർക്കുമ്പോഴെല്ലാം തലയ്ക്കകത്തു ഒരു തരം മരവിപ്പാണ്. ഔഷ്‌വിറ്റ്സിയിലൂടെ നിഷയുടെ വാക്കുകൾക്കൊപ്പം നടക്കുമ്പോൾ.... ഒരവസരം ഒത്തുവന്നാൽ പോലും ഇനി അവിടെ പോകേണ്ടതില്ല എന്ന് തീരുമാനിച്ചു. അത്രയും ലളിതമായി വിവരിച്ചു.. നന്ദി.
Nisha said…
കഴിയുമെങ്കില്‍ പോകണം മുബീ. എനിക്ക് അരുണിന്റെ പുസ്തകം വായിച്ചും എഴുതിയും ഒക്കെ കുറച്ചധികം ആ സ്ഥലത്തിനോടു ഒരു പ്രത്യേകതരം ബന്ധം ഉണ്ടായിരുന്നത് കൊണ്ടാവാം വല്ലാതെ -ഒരു പക്ഷേ ഒരു സാധാരണ കാഴ്ച്ചക്കരിയെക്കാള്‍ - നൊന്തത്. മനോഹര സ്ഥലങ്ങള്‍ കാണുന്നതിനിടയ്ക്ക് ഇത്തരം കാഴ്ചകള്‍ നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുകയും ചെയ്യും.
Nisha said…
truth is stranger than fiction എന്നല്ലേ പറയുക. അത് പോലെ ഒരനുഭവമാണ്. ഒരു പാടൊരുപാട് തിരിച്ചറിവുകളും (അറിവില്ലായ്മകളും) ചിന്തിക്കാനുള്ള വകയും നല്‍കിയ ഒരു യാത്രയാണിത്. ഇതിലെ പാഠങ്ങള്‍ ഒന്ന് രണ്ടു ബ്ലോഗ്‌ പോസ്റ്റില്‍ ഒതുങ്ങും എന്ന് തോന്നുന്നില്ല. ജീവിതത്തില്‍ ഉടനീളം ഇതെന്നെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും എന്ന് ഇപ്പോള്‍ തോന്നുന്നു.

നല്ല വാക്കുകള്‍ക്ക് നന്ദി. എന്നാലും അവസരം കിട്ടിയാല്‍ പോകണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്
നന്നായി വിവരിച്ചിരിക്കുന്നു . ഒരു യാത്രപോയതുപോലെ
മനുഷ്യനായി ജനിച്ചത് തെറ്റായിപ്പോയി എന്ന് തോന്നുന്നപോലെയാണ് ഇ ലോകത്തിലെ കാഴ്ചകൾ
എങ്കിലും ഇനിയെങ്കിലും നല്ലതുവരുമെന്നു പ്രേതീക്ഷികാം , ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയാം

വിവരണങ്ങൾക്കു നന്ദി , ഇനിയും പ്രതീക്ഷിക്കുന്നു
ഓഷ്വിട്സിലെ ചുവന്ന പോരാളി അങ്ങേയറ്റം ഉദ്വേഗത്തോടെ വായിച്ച ഇപ്പോഴും മനസിൽ നിന്ന് മായാത്ത പുസ്തകമാണ്. പിന്നെ ചേച്ചി പറഞ്ഞ പോലെ The boy in the striped pajamas, the book thief, the pianist അങ്ങനെ കുറെ സിനിമകൾ.. എല്ലാം തന്ന നാസി ജർമ്മനിയുടെ ഇമേജ് ഭീകരമാണ്. ഞാൻ ജോലി ചെയ്യുന്ന German company യിൽ നാസി ജർമനിയിൽ ഉപയോഗിച്ചിരുന്ന acronyms എല്ലാം banned ആണ്. ഇതു വായിച്ചപ്പോൾ ആ ഭീകരത വീണ്ടും വ്യക്തമാവുന്നു.

ആദ്യമായാണിവിടെ.. ഇനിയും വരും 😊

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം