ജീവിതം എഴുതുന്നവൾ
എച്ച്മുകുട്ടിയെ വായിക്കാൻ തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി ഓർമ്മയില്ല. കുറച്ചു കൊല്ലങ്ങളായിക്കാണും... ബ്ലോഗിങ്ങിൽ സജീവമായിരുന്ന കാലത്ത് എച്ച്മുവിന്റെ കഥകൾ സ്ഥിരം വായിച്ചിരുന്നു. ഇടയ്ക്കൊക്കെ മെസഞ്ചർ വഴി അങ്ങോട്ടുമിങ്ങോട്ടും സംവദിച്ചിരുന്നു. 'അമ്മീമക്കഥകൾ' വായിച്ച ശേഷമാവണം ഒരാത്മബന്ധം തോന്നിത്തുടങ്ങിയത്. എന്നാൽ പോകെപ്പോകെ എച്ച്മുവിനെ ഞാൻ വായിക്കാതെയായി. ആ കഥകളിലെ ദു:ഖവും കഥാപാത്രങ്ങളുടെ വേദനയും എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോഴാണത്.
എങ്കിലും ഇടയ്ക്കൊക്കെ എച്ച്മുവിനോട് കുശലം ചോദിക്കാതിരുന്നിട്ടില്ല. അമ്മ പോയെന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. അപ്പോൾ ഒന്നു കാണണമെന്നും ഒന്നും പറയാതെ കെട്ടിപ്പിടിയ്ക്കണമെന്നും അതിയായ ആഗ്രഹം തോന്നി.
പിന്നെ ഞാൻ എച്ച്മുവിനെ തുടർച്ചയായി വായിച്ചത് ഫേസ്ബുക്കിലൂടെ സ്വന്തം ജീവിതകഥ പറയാൻ തുടങ്ങിയപ്പോഴാണ്. എനിയ്ക്ക് സങ്കല്പിയ്ക്കാൻ പോലുമാകാത്തത്ര ദുരിതവും ദു:ഖവും താണ്ടിയാണ് അവർ ഇവിടെയെത്തി നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ തരിച്ചിരുന്നു. പലപ്പോഴും അവരെഴുതിയത് വായിച്ച് കണ്ണുനിറഞ്ഞ്, ഹൃദയം വിങ്ങി ഒന്നും പറയാനാവാതെ ഇരുന്നുപോയി. ഒന്നോ രണ്ടോ തവണ മാത്രം മൗനിയാവാൻ കഴിയാതെ എന്തൊക്കെയോ കമന്റായി കുറിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
എച്ച്മുവിന്റെ ജീവിതകഥ ഒരു പക്ഷേ ഞാൻ അതു വരെ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത അവസ്ഥാന്തരങ്ങളെക്കുറിച്ചും നിത്യേന വെന്തുരുകുന്ന സ്ത്രീ ജന്മങ്ങളെക്കുറിച്ചും ഉള്ള ഒരു തുറന്നു കാട്ടൽ കൂടിയായിരുന്നു. ഓരോ അദ്ധ്യായത്തിന് കീഴിലും കണ്ടിരുന്ന പ്രതികരണങ്ങൾ ഇതൊരു എച്ച്മുക്കുട്ടിയുടെ മാത്രം പ്രശ്നമല്ല - ഏറ്റക്കുച്ചിലോടെ അതനുഭവിച്ച് നീറുന്ന പല സ്ത്രീകളും സമൂഹത്തിലുണ്ട് എന്ന തിരിച്ചറിവു കൂടിയായിരുന്നു.
അതുകൊണ്ടു തന്നെ എച്ച്മുവിന്റെ എഴുത്ത് അവർക്കു വേണ്ടിക്കൂടിയാണ് എന്ന് എനിക്കു തോന്നി. ശബ്ദമില്ലെന്ന് ധരിച്ചവർക്കും ശബ്ദമുണ്ടെന്ന് ഒരു ഓർമ്മപ്പെടുത്തൽ... ഇന്നത്തെ നിസ്സഹായവസ്ഥയിലും ഒരു നല്ല നാളെ ഉണ്ടാവാം എന്ന പ്രതീക്ഷ.. ജീവിതം അവസാനിപ്പിയ്ക്കാതെ ഒന്നു കൂടി പൊരുതി നോക്കാനുള്ള ധൈര്യം, ദൂരെയാണെങ്കിലും പ്രതീക്ഷയുടെ ഇത്തിരിവെട്ടം - അതൊക്കെയാണ് അവർക്കത് നല്കുന്നത് എന്നെനിയ്ക്ക് തോന്നി.
**************************
ഇത്തവണ നാട്ടിലെത്തിയപ്പോൾ ഫേസ്ബുക്കിൽ യാദൃച്ഛികമായാണ് എച്ച്മുവിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന്റെ വിവരം കണ്ടത്. പ്രകാശനത്തിന് തൃക്കൂരിലേയ്ക്ക് പോവാനാവില്ലെന്ന് ഉറപ്പായിരുന്നു. (അന്നെനിയ്ക്ക് വേറെ എന്തോ തിരക്കുണ്ടായിരുന്നു) ആശംസകൾ അറിയിച്ച് മെസേജയച്ചു. നാട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ പറ്റിയ ഒരു ദിവസം പറഞ്ഞാൽ കാണാൻ വരാമെന്നായി എച്ച്മു. എന്നാൽ കൃത്യമായി അതും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.
ഒടുവിൽ എറണാകുളത്ത് കുറച്ച് ദിവസമുണ്ടാവും എന്നു പറഞ്ഞപ്പോൾ ആ വഴി വരികയാണെങ്കിൽ വിളിക്കാമെന്ന് പറഞ്ഞ് നമ്പറും വാങ്ങി. അപ്പോഴും ഒട്ടും ഉറപ്പില്ലായിരുന്നു കാണാനാവുമെന്ന്. കുറേ കാലമായ കാത്തിരുപ്പിന് എന്നെങ്കിലും ഒരന്ത്യമുണ്ടാവുമല്ലോ....
ഒരത്യാവശ്യകാര്യത്തിന് എറണാകുളത്ത് പോകേണ്ടതുണ്ടായിരുന്നു. പോയ സ്ഥിതിക്ക് അവിടെയുള്ള രണ്ടു മൂന്ന് സുഹൃത്തുക്കളെയും കണ്ടു. എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ കൂടെയായിരുന്നു അന്ന് താമസിച്ചത്. വൈകുന്നേരം എച്ച്മുവിനെ വിളിച്ച് പിറ്റേന്ന് ഒന്ന് കാണാൻ സാധിക്കുമോ എന്നന്വേഷിച്ചു. (എച്ച്മുവിന് തിരക്കാണ് എന്ന് പറഞ്ഞാൽ പിറ്റേന്ന് രാവിലെ നേരത്തെ തന്നെ തിരിച്ചു പോവാം അല്ലെങ്കിൽ കണ്ടിട്ട് ഉച്ചയോടെ മടങ്ങാം എന്നായിരുന്നു എന്റെ പ്ലാൻ) ഭാഗ്യത്തിന് എച്ച്മുവിനു പ്രത്യേകിച്ച് തിരക്കൊന്നുമില്ലായിരുന്നു. പിറ്റേന്ന് ടൗണിൽ ഒരിടത്ത് കാണാം എന്നു പറഞ്ഞ് ഫോൺ വെച്ചു.
പിറ്റേന്ന് പുറപ്പെടുമ്പോൾ വിളിച്ച് പറയാമെന്ന് പറഞ്ഞതു പ്രകാരം ഞാൻ വിളിച്ചെങ്കിലും എച്ച്മുവിനെ അപ്പോൾ ഫോണിൽ കിട്ടിയില്ല (എറണാകുളത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ട്രാഫിക്കും മഴയും മൂലം സ്വയം ഡ്രൈവ് ചെയ്യാൻ മടിച്ച് ബസ്സിന് പോകാൻ നിന്ന എനിയ്ക്ക് എൻ്റെ കൂട്ടുകാരി ഒരു കാർ ഏർപ്പാടാക്കി തന്നു). കാണാമെന്ന് പറഞ്ഞയിടത്ത് എത്തിയിട്ടും എച്ച്മുവിനോട് സംസാരിയ്ക്കാനായില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് കുറച്ചു നേരം ഇരുന്നു. ടൗണിൽ വേറെയും ഒന്നു രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. അതു കഴിഞ്ഞ ശേഷം വീണ്ടും ശ്രമിക്കാമെന്ന് തീരുമാനിച്ചു.
അങ്ങനെ കുറേ നേരത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം വീണ്ടും ശ്രമിച്ചപ്പോൾ എച്ച്മുവിനോട് സംസാരിയ്ക്കാനായി. നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് തന്നെ കാണാം എന്നയുറപ്പിൽ അവിടെയെത്തി. എച്ച്മുവും ഉടനെ അവിടെയെത്തും എന്നറിയിച്ചു.
ഏതാനും മിനിറ്റുകൾ നീണ്ട ആ കാത്തിരിപ്പിന് അതിലുമധികം ദൈർഘ്യം തോന്നി. കാറിൽ നിന്ന് പുറത്തിറങ്ങി അക്ഷമയോടെ നോക്കി നില്ക്കേ റോഡിന്റെ അപ്പുറത്ത് കണ്ടു - ഞാനെവിടെയുണ്ടെന്നറിയാൻ ഫോൺ വിളിക്കുന്ന എച്ച്മുവിനെ. ഇതു വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചിരപരിചിതമായ മുഖം - ഇതാ ഇവിടെ തന്നെയുണ്ട് എന്ന് പറഞ്ഞ് കൈയുയർത്തി കാണിച്ചപ്പോൾ എച്ച്മു റോഡ് ക്രോസ് ചെയ്ത് അടുത്തെത്തി.
സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുകയായിരുന്നു ആദ്യം തന്നെ. ഇതുവരെ പറയാൻ കഴിയാതിരുന്ന സ്നേഹവും കരുതലും ഒക്കെ അതിലുണ്ടായിരുന്നു. പിന്നെ കുറച്ചു നേരം - അര മണിക്കൂർ പോലും ഉണ്ടായിരുന്നോ ആവോ - സംസാരിച്ചു. പറയണമെന്ന് കരുതിയ പലതും പറഞ്ഞില്ല. എച്ച്മുവിന്റെ എഴുത്ത് ഒരു പാട് സ്ത്രീകൾക്ക് പ്രതീക്ഷ നല്കുമെന്നാണ് വിശ്വാസം എന്ന് പറയാൻ മറന്നില്ല. എന്തൊക്കെ നരകങ്ങൾ താണ്ടിയിട്ടാണെങ്കിലും ഇന്നിവിടെ നില്ക്കുന്നതിന്ന് നന്ദിയും പറഞ്ഞു. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്തത് എന്റെ മുഖത്തു നിന്നും എച്ച്മു വായിച്ചെടുത്തു എന്നാണ് എന്റെ വിശ്വാസം.
ഒടുവിൽ കണ്ണനോടും മോളോടുമൊക്കെയുള്ള സ്നേഹാന്വേഷണങ്ങൾ പറഞ്ഞ് യാത്ര ചോദിച്ചു. തിരക്കിനിടയിലും എനിയ്ക്കായി അല്പ സമയം തന്നതിന് എൻ്റെ സന്തോഷവും നന്ദിയും... പുതിയ പുസ്തകമായ 'ജീവിതമാണ്' എനിയ്ക്ക് വേണ്ടി എച്ച്മു കരുതിയിരുന്നു. അതിൽ എച്ച്മുവിന്റെ കൈയ്യൊപ്പ് വാങ്ങവേയാണ് എച്ച്മുവിനായി ഞാൻ കൊണ്ടുവന്ന കൊച്ചു സമ്മാനം കൂട്ടുകാരിയുടെ വീട്ടിൽ എന്റെ ബാഗിൽത്തന്നെയിരിയ്ക്കുകയാണ് എന്നത് ഓർമ്മ വന്നത്. (ഇനിയത്തെ കൂടിക്കാഴ്ച്ചയിൽ അത് എച്ച്മുവിന് കൊടുക്കാമെന്ന് സ്വയം ആശ്വസിക്കുകയാണ് ഞാനിപ്പോൾ)
നാട്ടിൽ നിന്നും തിരിച്ചുള്ള വിമാനയാത്രയിലാണ് 'ജീവിതമാണ്' വായിച്ചുതുടങ്ങിയത്. ഇവിടെയെത്തി കുറച്ച് ദിവസം കഴിഞ്ഞാണ് അത് വായിച്ചവസാനിപ്പിച്ചത്. ഒരു കഥയോ നോവലോ വായിക്കുന്ന ലാഘവത്തോടെ ജീവിതങ്ങളെ വായിക്കുന്നതെങ്ങനെ?
അതിലെ പല ജീവിതങ്ങളും മുൻപ് എച്ച്മുവിന്റെ ബ്ലോഗിലും മറ്റും വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വായിച്ചപ്പോഴും അവയുടെ തീക്ഷണതയ്ക്ക് ഒട്ടും കുറവില്ല. ഓരോന്നും ഹൃദയത്തെ പൊളളിയ്ക്കുന്ന അനുഭവങ്ങൾ... നമ്മിൽ പലരും കാണാത്ത, അഥവാ കണ്ടാലും കണ്ടില്ലെന്ന് നടിയ്ക്കുന്ന ആ ജീവിതങ്ങളെ തുറന്നു കാണിച്ചതിന് എച്ച്മുവിന് നന്ദി.
ചുറ്റുമുള്ളവരുടെ വേദനകൾ കാണാനും അറിയാനും അതിന് ചെറിയതെങ്കിലുമൊരു ആശ്വാസം പകരാനും കഴിയുന്നവർ വിരളമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും എച്ച്മുവിന്റെ എഴുത്ത് വളരെ പ്രസക്തമാണ്. കാരണം എച്ച്മു എഴുതുന്നത് ഭാവനയിൽ വിരിഞ്ഞുണ്ടാവുന്ന കേവല കഥകളല്ല - അതിലും തീവ്രമായ ജീവിതാനുഭവങ്ങളാണ്. അത് കൊണ്ടു കൂടിയാണ് എച്ച്മു തീർച്ചയായും വായിക്കപ്പെടേണ്ട എഴുത്തുകാരിയാവുന്നത്.
Comments