ചില എഴുത്തു ചിന്തകൾ

കഴിഞ്ഞ കൊല്ലം പലപ്പോഴും എഴുതാൻ ഒരു മടുപ്പ് തോന്നിയിരുന്നു. എന്തിനെഴുതണം എന്ന ചോദ്യം തന്നെ വീണ്ടും വീണ്ടും മനസ്സിൽ പൊങ്ങി വന്നിരുന്നു. ഇക്കൊല്ലം എന്തായാലും എഴുതാനുള്ള മടുപ്പിനെ മറികടക്കണമെന്ന തോന്നലിൽ നിന്നാണ് കുറെ കാലം മുൻപ് എഴുതിത്തുടങ്ങിയ ഈ ലേഖനം മുഴുമിക്കുന്നത്. ഇതിലൂടെ, ആഴ്ചയിൽ ഒരു ബ്ലോഗ് എങ്കിലും എഴുതണമെന്ന അതിമോഹത്തിന് ഒരു തുടക്കവും കുറിക്കുകയാണ്.



മുൻപൊക്കെ കുറെ പേരെങ്കിലും ബ്ലോഗ് വായിച്ച് പ്രതികരണം അറിയിച്ചിരുന്നു. ഇപ്പോൾ ഫേസ്ബുക്കിലേക്ക് എഴുത്തു മാറിയപ്പോൾ ബ്ലോഗിലേക്ക് അധികമാരും വരാതെയായി.

ഫേസ്ബുക്കിൽ എഴുതിയിട്ടാൽ ടൈംലൈനിൽ കാണുകയാണെങ്കിൽ ആളുകൾ വായിക്കുകയും പ്രതികരിക്കുകയും ചെയ്യും എന്നത് കൊണ്ട് മിക്കവരും എഴുത്ത് അങ്ങോട്ടേയ്ക്ക് മാറ്റിയെന്ന് തോന്നുന്നു. എന്നാൽ ഫേസ്ബുക്കിൽ എഴുതിയിടുന്നത് ചിലപ്പോഴെങ്കിലും അധികമാരും കാണാതെ മുങ്ങിപ്പോവുകയും ചെയ്യാറുണ്ട്. ബ്ലോഗിൽ എഴുതിയിട്ട് കമന്റുകൾക്ക് കാത്തു നിന്നിരുന്ന കാത്തിരിപ്പ് ഒഴിവായി - ഫേസ്ബുക്കിൽ ഇടേണ്ട താമസം പ്രതികരണം കിട്ടും - എന്നതാണ് പലർക്കും ഈ മാദ്ധ്യമം കൂടുതൽ ഇഷ്ടപ്പെടാൻ കാരണം എന്ന് തോന്നുന്നു. ലൈക്കുകളുടെ എണ്ണവും കമന്റുകളുടെ എണ്ണവും നോക്കി ആനന്ദിച്ചിരിക്കും. പുതിയ പോസ്റ്റിനു പഴയതിന്റെ അത്ര ലൈക്ക് കിട്ടിയില്ലെങ്കിൽ, കമന്റുകൾ കുറഞ്ഞാൽ ഒക്കെ നിരാശയാണ് പലർക്കും.


ഈ ലൈക്കുകളും കമന്റുകളും പലർക്കും ഊർജ്ജമാവുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ ചിലപ്പോഴെങ്കിലും ചിലത് വായിച്ച് അതിനു കിട്ടിയ കമന്റുകളും ലൈക്കുകളും കണ്ട് അന്തം വിട്ടിട്ടുമുണ്ട്. എന്തൊക്കെയോ എഴുതിപിടിപ്പിച്ചിരിക്കും എന്നല്ലാതെ പ്രത്യേകിച്ചൊന്നും വായനക്കാരന് അവയിൽ നിന്നും കിട്ടുന്നതായി തോന്നിയിട്ടില്ല.

പൊതുവെ തോന്നിയിട്ടുള്ള  ഒരു കാര്യം (തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്) നർമ്മത്തിൽ ചാലിച്ചെഴുതിയവ, ദുർഗ്രാഹ്യമായ ഭാഷയിൽ ആവശ്യത്തിനും അനാവശ്യത്തിനും കഠിനപദങ്ങൾ ചേർത്തെഴുതിയവ,  വളരെയധികം വികാരപരമായവ തുടങ്ങിയവയ്ക്ക് കൂടുതൽ  സ്വീകാര്യത ഉണ്ടെന്നതാണ്. കാര്യമാത്രപ്രസക്തമായ എഴുത്തുകൾ പലപ്പോഴും അത്ര വിജയിക്കാറില്ല.

മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന പൊട്ടാറ്റോ ചിപ്സ് പാക്കറ്റ് പോലെയാണ് ചില എഴുത്തുകൾ  - ഉള്ളിൽ സാധനം കുറച്ചേ ഉള്ളെങ്കിലും കുറെയുണ്ടെന്നു തോന്നിപ്പിക്കും - വായിച്ചു കഴിയുമ്പോൾ ഇതിത്രയേ ഉണ്ടായിരുന്നുള്ളുവോ അതിനാണോ ഇക്കണ്ട കൊട്ടിഘോഷങ്ങൾ ഒക്കെ എന്ന് തോന്നിപ്പോകും.

വേറെ ചില എഴുത്തുകൾ നീട്ടിപ്പരത്തി സൂര്യനു കീഴിലെ എല്ലാ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയെഴുതിയാതാവും. എന്താണ് അതിലെ വിഷയമെന്നു തന്നെ നമുക്ക് മനസ്സിലാകാതെയാകും.  ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിൽ ആമിർ ഖാൻറെ കഥാ പാത്രത്തിനോട് പ്രൊഫസർ ചോദിക്കുന്നത് പോലെ 'അരെ ഭായ് കെഹ്നാ ക്യാ ചാഹ്ത്തെ ഹോ' എന്ന് ചോദിക്കാൻ തോന്നും.

ഇതൊക്കെയാണെങ്കിലും സാധാരണക്കാർക്ക് ഫേസ്ബുക്ക് പല വിധത്തിലും  എഴുത്തിന്റെ  വലിയ ഒരുവേദി തന്നെയാണ് തുറന്നു നൽകിയിട്ടുള്ളത് എന്നതിൽ തർക്കമുണ്ടാവേണ്ടതില്ല എന്ന് തോന്നുന്നു.  പ്രമുഖ എഴുത്തുകാരല്ലാത്തവർക്ക് അപ്രാപ്യമെന്നു കരുതിയ  എഴുത്തിന്റെ വിശാല ലോകം തുറന്നു കിട്ടി. മുൻപ് ബ്ലോഗ് വഴി എഴുത്തുകൾ വായക്കാരിൽ എത്തിച്ചിരുന്നവർ പലരും ഫേസ്ബുക്കിലൂടെ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തി. ചിലപ്പോഴെങ്കിലും പ്രസാധകർ പ്രസിദ്ധീകരിക്കാൻ വിസ്സമ്മതിച്ചിരുന്ന  എഴുത്തുകളും വായനക്കാരിലേക്ക് ഇതുവഴി  എത്തി. പലരുടെയും ഫേസ്ബുക്ക് കുറിപ്പുകളും കവിതകളും പുസ്തകരൂപത്തിൽ പ്രമുഖ പ്രസാധകർ പോലും പ്രസിദ്ധീകരിക്കാൻ തയ്യാറായി.

അങ്ങനെ ഒരുപാടു നല്ല കാര്യങ്ങൾ നടക്കുമ്പോഴും നല്ല ഒരു എഡിറ്ററുടെ സേവനമില്ലാത്തതിനാൽ ഒരുപാട് ശരാശരി നിലവാരമുള്ള എഴുത്തുകളും (ചിലപ്പോൾ അതിലും മോശമായവയും) ഈ സൈബർ ഇടങ്ങളിൽ പറന്നു നടക്കുന്നുണ്ട് എന്നും പറയാതെ വയ്യ. വിമർശനബുദ്ധിയോടെയല്ലാതെ നോക്കിയാൽ അതും നല്ലതു തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാർക്കു പോലും തങ്ങൾക്ക് പറയാനുള്ളത് പറയാൻ പ്രത്യേകം ഒരിടമോ, മറ്റാളുകളുടെ ഔദാര്യമോ ഒന്നും തേടിപ്പോകേണ്ട. എല്ലാം സ്വന്തം വിരൽത്തുമ്പിൽ തന്നെയുണ്ട് എന്നതു തന്നെ കാരണം.

അതു കൊണ്ടു തന്നെ ആരോടും എന്തും പറയാനുള്ള ഒരു മാർഗ്ഗമായി ഇതിനെ കാണുന്നവരും കുറവല്ല. ഫെയ്ക്ക് ഐഡികളുടെ പിന്നിൽ മറഞ്ഞിരുന്ന് വിരുദ്ധാഭിപ്രായമുള്ളവരെ തേജോവധം ചെയ്യാൻ പലരും ഇതുപയോഗിക്കുന്നു. ചിലരാകട്ടെ എന്ത് പറയണം, പറഞ്ഞു കൂടാ എന്നറിയാതെ ഉഴലുന്നു.

എൻ്റെ ഇത് വരെയുള്ള അനുഭവങ്ങളും അറിവുകളും വെച്ച് ഞാൻ മനസ്സിലാക്കിയ, അല്ലെങ്കിൽ നിഷ്കർഷിക്കാൻ ശ്രമിക്കുന്ന ഒരു കാര്യമുണ്ട് - ഒരാളോട് നമുക്ക് നേരിട്ട് പറയാൻ കഴിയാത്തതൊന്നും പറയാനുള്ള വേദിയല്ല ഇത്തരം മാദ്ധ്യമങ്ങൾ. പ്രത്യേകിച്ചും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ.  ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ ഒരു വിധമൊക്കെ അബദ്ധം പറ്റാതിരിക്കും. കൂടാതെ, നേരിട്ട് സംവദിക്കുന്നതിലും ശ്രദ്ധയോടെ വേണം സമൂഹമാദ്ധ്യമത്തിൽ എഴുതാൻ. എന്ത് പറയണം എന്ത് പറയരുത് എന്ന് വ്യക്തമായും അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും കേട്ടുകേൾവി മാത്രമുള്ള കാര്യങ്ങളെക്കുറിച്ചു പറയുമ്പോൾ.

സ്വന്തം അനുഭവങ്ങൾ പറയുമ്പോഴും 'സ്വ' എന്ന ഭാവത്തിൽ നിന്നും മാറി ചിലപ്പോഴെങ്കിലും ഒരു കാഴ്ചക്കാരിയുടെ വേഷമെടുത്തണിയുന്നതും നല്ലതാണ് എന്ന് ഞാൻ അനുഭവത്തിൽ നിന്നു പഠിച്ചു.  അങ്ങനെയാവുമ്പോൾ അത്തരം അനുഭവങ്ങളുടെ ഒരു സമഗ്രമായ വീക്ഷണം സാദ്ധ്യമാവുകയും അതിവികാരം ഒഴിവാക്കുകയും ചെയ്യാം.

ഇങ്ങനെയൊക്കെയാണെങ്കിലും ഏതൊരു എഴുത്തുകാരിക്കും/കാരനും അവനവന്റേതായ ഒരു ശൈലിയും സമീപനവും ഉണ്ടാവും. അതിൽ നിന്നും വളരെ വ്യത്യസ്‌തമായി എഴുതാൻ ബോധപൂർവമായ ശ്രമം തന്നെ വേണ്ടിവന്നേയ്ക്കും. എന്നാൽ അത്തരമൊരു മാറ്റത്തിനു ശ്രമിക്കുന്നതിനു മുൻപ് അതിൻ്റെ ആവശ്യമുണ്ടോ എന്ന് സ്വയം വിലയിരുത്തുക തന്നെ വേണം.

എഴുത്തിൽ സത്യസന്ധരാവുക, എഴുതുന്നത് കൃത്യമായും വ്യക്തമായും എഴുതുക.  നാം എഴുതുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുകയില്ല എന്ന ബോദ്ധ്യം ഉണ്ടായിരിക്കുക. അതിനെല്ലാമുപരി എഴുതുന്നത് സ്വയം ആസ്വദിക്കുക. ധാരാളം വായിക്കുക - വിവിധതരം വായനകൾ ശീലമാക്കുക - ഇതൊക്കെ  എഴുത്തിനെ പരിപോഷിപ്പിക്കാൻ സഹായിക്കും എന്ന് ഞാൻ കരുതുന്നു.



ചിലപ്പോഴെങ്കിലും എന്തിന് ആർക്കുവേണ്ടി എഴുതുന്നു എന്ന ചോദ്യമുയർന്നേക്കാം. ആത്യന്തികമായി അവനവനു വേണ്ടിത്തന്നെയാണ് നാം എഴുതുന്നത് എന്നതാണ് പലപ്പോഴും ഈ ചോദ്യത്തിന് എനിക്ക് കിട്ടിയ ഉത്തരം. എനിക്ക് വേണ്ടി എഴുതാതെ മറ്റൊരാൾക്ക് വേണ്ടി എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. അതു കൊണ്ടാണല്ലോ വായിക്കാൻ ആരുമില്ലാതിരുന്നപ്പോഴും എൻ്റെ പുസ്തകത്താളുകളിൽ അക്ഷരങ്ങൾ  നിറഞ്ഞിരുന്നത്...

നിങ്ങളുടെ അനുഭവം എന്താണ്? അഭിപ്രായങ്ങളും അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുമല്ലോ...  

ചിത്രങ്ങൾക്ക് കടപ്പാട്: പിക്‌സാബേ (https://pixabay.com/)

Comments

വാസ്തവം... എഴുത്തിൽ നിന്നും കിട്ടുന്ന സന്തോഷവും സംതൃപ്തിയും ഓർത്താണ് ഇന്നും ഇടയ്ക്കൊരു ബ്ലോഗെഴുതുന്നത്, ഇന്നും ഇവിടെ ഈ കോണിൽ ഉണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്താനും... നിഷേ!
Nisha said…
അതെ, എഴുത്തിൽ നിന്നും കിട്ടുന്ന സംതൃപ്തി തികച്ചും വ്യത്യസ്തമാണ്. വായിക്കാൻ ആളുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ കൂടെയും ജീവിതത്തെ നാം രേഖപ്പെടുത്തിയത് അക്ഷരങ്ങളായി ഇവിടെ ഉണ്ടാവുമല്ലോ ....😊
Cv Thankappan said…
Sathyamanu! Blogu koottaymakalil rajchanakalkku sathyasanthamaya abhiprayam parayanum, poraymakal choondikanikkanum kazhinjirunnu.Athodoppam bloggerumayi aathmabanthamsthapikkanum kazhinjirunnu.fb yil ethonnum natakkillallo!...Ente malayalam fond karyakshamamayi lappil workku cheyyunnilla.Malayalathinaayi sramichukontirikkunnu...
Asamsakal
Nisha said…
നന്ദി തങ്കപ്പേട്ടാ!
ബ്ലോഗ് കൂട്ടായ്മ ഹൃദയബന്ധങ്ങളുടെ ഒരു വേദി കൂടിയായിരുന്നു. അന്നത്തെ പലയാളുകളുമായും ഇപ്പോഴും കോൺടാക്റ്റ് ഉണ്ടെങ്കിലും പല കൂട്ടും പൊഴിഞ്ഞു പോയിരിക്കുന്നു എന്നതും സത്യമാണ്.

എനിക്കും ലാപ് ടോപ്പിൽ ബ്ലോഗിൽ മലയാളം കമന്റ് ചെയ്യാൻ പറ്റുന്നില്ല. എന്താണാവോ!
ഫേസ്ബുക്കിൽ ഞാനും എഴുതാറുണ്ടെങ്കിലും ബ്ലോഗ് കുറച്ചുകൂടി സീരിയസ് ആയ ഒരു എഴുത്തിടം പോലെയാണ് തോന്നാറുള്ളത് അതുകൊണ്ടുതന്നെ, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന എല്ലാം ബ്ലോഗിൽ ഇടാറുമില്ല. ബ്ലോഗിലെ ഒരു കമന്റിന് ഫേസ്ബുക്കിലെ നൂറുകണക്കിന് ലൈക്കുകളേക്കാൾ മൂല്യമുള്ളതായി തോന്നിയിട്ടുണ്ട്. പക്ഷെ നിർഭാഗ്യവശാൽ ബ്ലോഗ് വായന ബ്ലോഗർമാർ തന്നെ കുറിച്ചിരിക്കുകയാണ്. വായിച്ചാലും ഒരു കമന്റ് ഇടാതെ പോകുന്നവർ വേറെയും...
എനിക്ക് നിഷയെ പോലെ നല്ല തെളിനീരിന്റെ രൂപത്തിൽ എഴുത്തുന്നവരെ ഏറെ ഇഷ്ടം.. എഴുത്ത് സത്യസന്ധമാകുമ്പോൾ അഴക് കൂടുന്നുണ്ട് എഴുത്തിന്. അത് ഹൃദയത്തിൽ തട്ടും. എന്തായാലും എഴുത്ത് തുടരുക. എഫ് ബിയിൽ എഴുതി ഇട്ടാലും അതൊന്ന് കോപ്പി ചെയ്ത് ഇവിടെയും സൂക്ഷിക്കണം..
മാധവൻ said…
ചേച്ചി.
എഴുത്തിന്റേം വായനയുടെയും വേഷപ്പകർച്ചകൾ കുറച്ചൊക്കെ കണ്ടതാണ്.
പ്രതലങ്ങളിൽ തുടങ്ങി
വേദികൾ വരെ മാറിപ്പോയി.
എന്നാലും വായനയും എഴുത്തും നിലനിൽക്കുന്നു എന്നുള്ളത് അതിശയിപ്പിച്ചിട്ടുണ്ട്.പലപ്പോഴും.
മീഡിയം എന്തായാലും,നൈസർഗിക സൃഷ്ടികൾക്ക് എന്നും അവയുടേതായ കാലമുണ്ടാകും..
അവനവനു വേണ്ടിയായിരിക്കണം ഓരോരുത്തരും എഴുതേണ്ടത്...
Nisha said…
ഫേസ്ബുക്കിൽ എഴുതിയിട്ടാൽ തത്സമയം എന്ന പോലെ പ്രതികരണം കിട്ടുമെങ്കിലും പിന്നീട് അത് നോക്കണമെങ്കിൽ പാടാണ്. അവിടെയാണ് ബ്ലോഗ് സ്കോർ ചെയ്യുന്നത്.
വായനക്കാരും രണ്ടിലും വ്യത്യസ്തമാണ്. FB കുറച്ചു കൂടി ജനകീയമാണ്. Blog കുറച്ച് എക്സ്ക്ലൂസീവും. പിന്നെ ലിങ്ക് കൊടുത്താൽ അത് ക്ലിക്ക് ചെയ്ത് ബ്ലോഗിൽ പോയി വായിക്കാൻ പലർക്കും മടിയാണെന്ന് തോന്നുന്നു.

ബ്ലോഗിൽ എഴുതുന്നതും കമന്റ് കിട്ടുന്നതും പ്രത്യേക സുഖം തന്നെ
Nisha said…
വല്ലാതെ സങ്കീർണമായിട്ടുള്ളത് വായിക്കാനുള്ള വ്യക്തിപരമായ മടിയിൽ നിന്നുമാണ് എന്റെ ശൈലി രൂപപ്പെട്ടത് എന്ന് പറയാം. അതിനൊന്നും സാഹിത്യപരമായി ഒരു ഗുണവും ഉണ്ടാവില്ലായിരിക്കാം. എന്നാലും നന്ദി ശാരീ 🥰❤️
വായിക്കുന്നവർക്ക് വേഗം മനസ്സിലാവുകയും അവരെ സ്പർശിക്കുകയും ചെയ്താൽ പിന്നെ വേറെന്തു വേണം?

എല്ലാവർക്കും ഒരേ രീതിയാവില്ല എന്നറിയാം. കൃത്രിമമായി എഴുത്ത് സങ്കീർണ്ണമാക്കുന്നവരോടു മാത്രമേ അല്പം വിയോജിപ്പുള്ളു. എല്ലാവരുേടേയും എഴുത്തിനു പിന്നിലെ അദ്ധ്വാനത്തെ കുറച്ചു കാണുകയുമല്ല ട്ടോ.

FB - ലെ മിക്ക എഴുത്തുകളും ഇവിടെയും ഇടാറുണ്ട്. അവിടെ മാത്രമായാൽ ചിലപ്പോ തിരഞ്ഞു പിടിക്കാൻ പറ്റാതാവും
Nisha said…
എഴുത്തും വായനയും നിലനില്ക്കും എന്നു വിശ്വസിക്കാൻ തന്നെയാണ് ഇഷ്ടം. വോയ്സ് ടൈപ്പിങ്ങും റീഡ് എലൗഡും ഒക്കെ അതിനെ മാറ്റി മറിച്ചേക്കാമെങ്കിലും ... ആത്യന്തികമായി അത് എഴുത്തും വായനയും തന്നെയാണല്ലോ.

സാങ്കേതിക പുരോഗതികൾ കൂടുതൽ അവസരങ്ങളും വേദികളുമാണ് തുറന്നു തന്നിട്ടുള്ളത് എന്നു തന്നെ കരുതുന്നു
Nisha said…
തീർച്ചയായും. അപ്പോഴെ എഴുത്ത് പൂർണ്ണമാവൂ

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....