വ്യത്യസ്തമായ ഒരു മ്യൂസിയാനുഭവം
പല യാത്രകളിലായി കുറെ മ്യൂസിയങ്ങൾ കാണുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഒരുവിധത്തിലല്ലെങ്കിൽ വേറൊരു വിധത്തിൽ മനസ്സിലുള്ള മ്യൂസിയം സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ആയ ലൂവ്‌റേയും ഇവിടെ ലിവർപൂളിൽ തന്നെയുള്ള മ്യൂസിയങ്ങളും ഒക്കെ തമ്മിൽ വളരെ വ്യത്യസ്തമെങ്കിലും ഏതോ ഒരു തലത്തിൽ എന്തൊക്കെയോ പൊതുസ്വഭാവം ഉണ്ടെന്നു തോന്നിയിട്ടുണ്ട്.
എന്നാൽ മാർസെയിലെ മ്യൂച്ചം എന്ന മ്യൂസിയം കണ്ടപ്പോൾ ഇത് പോലെ ഒന്ന് വേറെ കണ്ടിട്ടില്ല എന്ന് തോന്നി. ഫോർട്ട് സെന്റ് ജോൺ എന്ന പഴയ കോട്ടയും 2013-ൽ പണിത പുതിയൊരു കെട്ടിടവും അടങ്ങുന്നതാണ് ഈ മ്യൂസിയം.
ലൂയി പതിനാലാമൻ പണികഴിപ്പിച്ച ഫോർട്ട് സെന്റ് ജോൺ എന്ന കോട്ട കുറെ കാലം ഒരു കോട്ടയായി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീടെപ്പോഴോ അതൊരു തടവറയായി മാറുകയും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമനിയുടെ അധീനതയിൽ എത്തുകയും ഉണ്ടായി. മാർസെയ് നഗരത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ കോട്ടയ്ക്ക് വളരെയധികം കേടുപാടുകൾ വന്നിരുന്നു.
ജീർണ്ണാവസ്ഥയിലായിരുന്ന ഈ കോട്ടയെ 1964-ൽചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. തുടർന്ന് 1967 മുതൽ 75 വരെയുള്ള കാലത്ത് ഈ കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയും കോട്ട കുറെയൊക്കെ പുനർനിർമ്മിക്കുകയുമുണ്ടായി.

എന്നാൽ ഈ മ്യൂസിയത്തിൽ പുരാവസ്തുക്കളുടെ എണ്ണമറ്റ ശേഖരമല്ല കാണുക. ഈ കോട്ട തന്നെ ഒരു മ്യൂസിയമാണ് - പഴയ കാല ചരിത്രത്തിലേക്കും മറ്റും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. കൂടാതെ അതിൻ്റെ വിശാലമായ അകത്തളങ്ങളിൽ അനേകം താത്കാലിക എക്സിബിഷനുകൾ നടത്തപ്പെടുന്നു.
ഞങ്ങൾ കോട്ട സന്ദർശിച്ച സമയത്ത് മാർസെയിലെ കളിക്കോപ്പ് വ്യവസായതിനെക്കുറിച്ചുള്ള ഒരു എക്സിബിഷൻ ആയിരുന്നു ആദ്യം കണ്ടത്. രണ്ടു പേരുടെ സ്വകാര്യ ശേഖരത്തിലുള്ള 500-ൽ പരം കളിപ്പാട്ടങ്ങളിലൂടെ ഈ നഗരത്തിൽ സമ്പന്നമായ ഒരു വ്യവസായമുണ്ടായിരുന്നു എന്ന വസ്തുതയിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. ഒരു പക്ഷേ ആ നഗരത്തിലെ തന്നെ ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ ഒരു ചരിത്രമായിരിക്കാം അത്. എന്നെപ്പോലെയുള്ള ഒരു സഞ്ചാരിക്ക് 1869 മുതൽ 1970 വരെ അത്തരമൊരു വ്യവസായം അവിടെ നിലനിന്നിരുന്നു എന്നത് തീർച്ചയായും ഒരു പുതിയ അറിവായിരുന്നു.

പിന്നീട് chance A to Z എന്ന ഒരു എക്സിബിഷൻ ആണ് കണ്ടത്. സത്യം പറഞ്ഞാൽ വലിയ കാര്യമായി ഒന്നും മനസ്സിലായില്ല. ജീവിതത്തിലെ അവസരങ്ങളെ അല്ലെങ്കിൽ സാദ്ധ്യതകളെ അക്ഷരമാലാക്രമത്തിൽ അവതരിപ്പിച്ചതാണ് എന്നാണ് തോന്നിയത്. ജീവിതം തന്നെ സാദ്ധ്യതകളുടെ ഒരു സമ്മേളനമാണെന്ന് പറയുന്ന പോലെ.
എത്ര ഭംഗിയായാണെന്നോ അതൊക്കെ അവർ അവിടെ ഒരുക്കിയിട്ടുള്ളത്... ഭാഷ അറിയില്ലെങ്കിലും അതിലൂടെ സംവദിക്കാൻ ശ്രമിച്ച കാര്യം മനസ്സിലാക്കാൻ കഴിഞ്ഞെന്നു ഞങ്ങൾ തീർച്ചയാക്കി... ഇത്തരമൊരു ആശയവും ആദ്യമായാണ് കാണുന്നത്.
എന്നാൽ ചിലർ ഇന്റർനെറ്റിലൂടെയും മറ്റും കല പഠിക്കുകയും മറ്റും ചെയ്ത് നഷ്ടപ്പെട്ട ആ പാരമ്പര്യത്തെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമമാണ്. അത്തരം ശ്രമഫലമായി ഉരുത്തിരിഞ്ഞു വന്ന കലാസൃഷ്ടികളും മറ്റുമാണ് അവിടെ കണ്ടത്.
നാമെല്ലാം എത്ര അനുഗ്രഹീതരാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അത്.
ഫോർട്ട് സെന്റ് ജോണിൽ നിന്നും ഒരു നടപ്പാലം മ്യൂച്ചത്തിലേക്കുണ്ട്. 130 അടി നീളമുള്ള ഈ മേൽപ്പാലം ഇതുവരെ കണ്ടവയിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമാണ്. (ഇത്തരമൊരു നടപ്പാലം കോട്ടയെ മാർസെയിലെ ഏറ്റവും പുരാതന ഭാഗമായ പനീയറു(Panier)മായി ബന്ധിപ്പിക്കുന്നു).

അതിൽ രണ്ടു നിലകളിലായി എക്സിബിഷനും ഭൂമിക്കടിയിലായി ഒരു ഓഡിറ്റോറിയവും ഉണ്ട്. താഴത്തെ നിലയിലെ എക്സിബിഷൻ സ്ഥിരമാണ്. ruralities എന്ന എക്സിബിഷൻ മനുഷ്യകുലത്തിന്റെ പരിണാമത്തെക്കുറിച്ചുള്ളതാണ്. പ്രത്യേകിച്ചും വേട്ടയാടി നടന്നിരുന്ന മനുഷ്യനിൽ നിന്നും കർഷകനായ മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ കഥ.
മ്യൂസിയങ്ങൾ അറിവിൻ്റെ കലവറയാണെന്നും അറിവ് നേടൽ ഒട്ടും മുഷിപ്പനാവേണ്ടതില്ല എന്നും കൂടി ഈ സന്ദർശനം കാണിച്ചു തന്നു,
ഇതിന്റെ വീഡിയോ കാണാൻ https://youtu.be/PPLYQ-z3EvA സന്ദർശിക്കുക.
Comments
Asamsakal
ഇതുവരെ തീരെ കണ്ടിട്ടില്ലാത്തതിനാൽ ഈ കുറിപ്പുകൾ വല്ലാതെ ഇഷ്ട്ടപ്പെട്ടു