ഒരു മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍!
'മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഋജുമതിയാവലാണെന്നും 18 വയസ് തികയേണ്ടതില്ലെന്നും 2012 മെയ് മാസം ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചു. ശുമൈല(15 വയസ്) എന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തെ സംബന്ധിച്ചുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് എസ്.പി.ഗാഗ് എന്നിവരാണ് സുപ്രധാനമായ ഈ വിധി പുറപ്പെട്ടുവിച്ചത്.
18 വയസ് തികയാതെ വിവാഹം കഴിക്കുന്നതും കഴിച്ചുകൊടുക്കുന്നതും ക്രിമനല്‍ കുറ്റമായി കണക്കാക്കി പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാവുന്ന അവസ്ഥക്കാണറുതിവരുന്നത്. മഹല്ല് കമ്മിറ്റികള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഋജുമതിയായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനി പ്രയാസമില്ല. ഖതീബ്, മാതാപിതാക്കള്‍, സാക്ഷികള്‍ ഇവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇപ്പോള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഡല്‍ഹി കോടതി വിധി ആശ്വാസകരമാവും.'
അബസ്വരങ്ങള്‍ എന്ന ബ്ലോഗിലൂടെ പലര്‍ക്കും പരിചിതനായ സഹബ്ലോഗ്ഗര്‍ അബ്സാര്‍ മുഹമ്മദ് ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയില്‍ ഒരു കമന്റിനു മറുപടിയായി എഴുതിയതാണ് മുകളില്‍ കണ്ട വാക്കുകള്‍!!! അതില്‍ തെറ്റൊന്നുമില്ലായിരിയ്ക്കാം; പക്ഷേ അതെന്നെ ചിന്തിപ്പിച്ചു: പെണ്‍കുട്ടികളെ ഇളം പ്രായത്തില്‍ വിവാഹം കഴിച്ചു കൊടുക്കുന്നതിനെതിരെ അവബോധങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്ന ഈ കാലത്ത് (ഹരിയാനയിലെ വിവാദപരമായ പരാമര്‍ശങ്ങള്‍ ഇവിടെ തത്കാലം പരിഗണിയ്ക്കുന്നില്ല; വിഷയം മാറിപ്പോകുമെന്ന് തോന്നുന്നത് കൊണ്ട് മാത്രം) എന്തു കൊണ്ട് ഒരു പ്രത്യേക സമുദായത്തിലെ പെണ്‍കുട്ടികളെ മാത്രം വേര്‍തിരിച്ചു നിര്‍ത്തുന്നു?
പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപരമായി 18 ആണെങ്കിലും ഒരു 20-21 വയസ്സെങ്കിലും ആവാതെ അവരെ വിവാഹം കഴിപ്പിയ്ക്കരുതെന്ന പക്ഷക്കാരിയാണ് ഞാന്‍...!!...; വേറൊന്നും കൊണ്ടല്ല, സാമാന്യ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ പക്വത, ജീവിതത്തെക്കുറിച്ച് ഒരു ധാരണ, എന്നിങ്ങനെ കുറെയേറെ കാര്യങ്ങള്‍ ഒരു 18-കാരിയെക്കാള്‍ ഒരു 21-കാരിയ്ക്കുണ്ടാവും. എന്തുകൊണ്ടും ഒരു വിവാഹജീവിതത്തെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ അവള്‍ക്കാവും കഴിയുക!
ഈ അടുത്ത കാലങ്ങളില്‍, ചെറിയ പ്രായത്തില്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കാന്‍ ടിവിയിലും മറ്റും പല സ്കിറ്റുകളും സംപ്രേക്ഷണം ചെയ്തിരുന്നു... അതില്‍ പറഞ്ഞത് ചെറു പ്രായത്തില്‍ അമ്മയാകുന്ന സ്ത്രീകള്‍ക്കും (പെണ്‍കുട്ടികള്‍ എന്ന് പറയുകയാവും ശരി) അവരുടെ കുട്ടികള്‍ക്കും പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണ്. (ഞാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ ഇതിന്‍റെ ആധികാരികതയെക്കുറിച്ച് ഉറപ്പ് പറയാന്‍ പറ്റില്ല. എങ്കിലും,) സാമാന്യ ബുദ്ധികൊണ്ടാലോചിച്ചാല്‍ അത് ശരിയാണെന്ന് തന്നെ വേണം കരുതാന്‍.......!
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെന്നിരിയ്ക്കെ, മുകളില്‍ കൊടുത്തിട്ടുള്ള കോടതി വിധി എത്ര പരിതാപകരമാണ്? നിങ്ങള്‍ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചത് കൊണ്ട് നിങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഇത്രയൊക്കെയേ വിലയുള്ളൂ എന്ന് പറയാതെ പറയുകയല്ലേ ആ വരികള്‍!!! ചെയ്യുന്നത്? അഥവാ അങ്ങിനെ ഒരു സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുണ്ടോ?
കൂട്ടത്തില്‍ പറയട്ടെ, മുകളിലെ കമന്റിനു ആധാരമായ വാര്‍ത്തയും ഏറെ ഖേദകരമായതാണ് - പ്ലസ് ടൂ-വിന് പഠിയ്ക്കുന്ന കുട്ടി തന്‍റെ വിവാഹത്തിനു സ്കൂളിലുള്ളവരെ ക്ഷണിയ്ക്കാന്‍ പോയ അവസരത്തില്‍ സ്കൂള്‍ ബസിടിച്ച് മരിയ്ക്കുകയായിരുന്നുവത്രേ! അതേക്കുറിച്ച് അബ്സാര്‍ എഴുതിയപ്പോഴാണ് അറിഞ്ഞത്:
'വളാഞ്ചേരിക്ക് അടുത്ത മാവണ്ടിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി റാഷിദ അവളുടെ വിവാഹത്തിനു കൂട്ടുകാരെ വിളിക്കാന്‍ സ്കൂളിലേക്ക് വന്നപ്പോള്‍ പുറകിലേക്ക് എടുത്ത സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.....
വിവാഹ സ്വപ്നങ്ങളിലേക്ക് കൂട്ടുകാരെ ക്ഷണിക്കാന്‍ വന്നപ്പോള്‍ അത് തന്റെ മരണത്തിലേക്ക് ഉള്ള ക്ഷണം ആയിരിക്കും എന്ന് ആ പാവം അറിഞ്ഞിരിക്കില്ലല്ലോ...
അശ്രദ്ധയുടെ മറ്റൊരു ഇരകൂടി...
അവളുടെ ചലനമറ്റ ശരീരം വെള്ളതുണിയില്‍ പൊതിഞ്ഞു കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നനഞ്ഞു....
സഹോദരീ....
സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗപ്രവേശനം നല്‍കട്ടെ... 'സഹോദരീ....
ഈ വാക്കുകള്‍ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്ന ചോദ്യവും പ്ലസ് ടൂവിനു പഠിയ്ക്കുന്ന കുട്ടിയുടെ കല്യാണമോ (അതില്‍ വലിയ പുതുമയൊന്നും ഇല്ലെന്നറിയാം, എങ്കിലും!) എന്നാണ്... പിന്നെ ഇത്രയും ദാരുണമായ ഒരു വാര്‍ത്ത കേട്ടപ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തോന്നി. മനപ്പൂര്‍വ്വം അത് ചോദിയ്ക്കാതെ ആ ആത്മാവിനു വേണ്ടി ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിച്ചു. പിന്നെടെപ്പോഴോ കണ്ടു, എന്‍റെ മനസ്സില്‍ വന്ന അതേ ചോദ്യം ആരോ ചോദിച്ചിരിയ്ക്കുന്നു (റോബിന്‍) ആണെന്ന് തോന്നുന്നു). അതിനുള്ള ഉത്തരമാണ് മുകളില്‍ ഉദ്ധരിച്ച കോടതി വിധി.
ആ മരണവാര്‍ത്ത പോലെ തന്നെ മനസ്സില്‍ കനലുകള്‍ നിറച്ചു ഈ കോടതിവിധിയും. എത്രയെത്ര കുരുന്നു സ്വപ്നങ്ങളാവും ഈ വിധിയിലൂടെ മണ്ണടിഞ്ഞു പോവുക! ഇത്രയും കാലം നിയമത്തിന്‍റെ പരിരക്ഷ (പേരിനെങ്കിലും) അവര്‍ക്കുണ്ടായിരുന്നു; ഇപ്പോള്‍ അതുമില്ല. എന്നെ അതിലും വിഷമിപ്പിയ്ക്കുന്ന കാര്യം അവരെ മാത്രം വേര്‍ത്തിരിച്ച് കാണിച്ചതാണ്. പൊതുവേ തന്നെ മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭിപ്രായ സ്വാതനന്ത്ര്യം ഇല്ല, അവര്‍ ഒരു രണ്ടാം കിട പൌരന്മാരാണ് എന്ന ധാരണയാണ് സമൂഹത്തിലുള്ളത്. ഇത്തരം നിയമങ്ങളും മറ്റും ആ ധാരണ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക???
കൂട്ടത്തില്‍ ഒന്നു കൂടി പറയട്ടെ, ഒരു പെണ്‍കുട്ടിയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിലൂടെ നാം ഒരു നല്ല ഭാവി തലമുറയെ ആണ് സൃഷ്ടിയ്ക്കുന്നത്... കാരണം അമ്മയാണ് ഒരാളുടെ അറിവിന്‍റെ ആദ്യ ശ്രോതസ്സ്!
നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഈ വീഡിയോ കൂടി നിങ്ങളുടെ സമക്ഷം വെയ്ക്കുന്നു...http://www.youtube.com/watch?v=mnfURSTeHO8
PS: ശൈശവ വിവാഹം മുസ്ലിം സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല; വേറെ പല സമുദായങ്ങളിലും (കേരളത്തിനു പുറത്ത് പ്രത്യേകിച്ചും) ഇത് ഇന്നും ഉണ്ടെന്നറിയാം. അതുകൊണ്ട് മുകളിലെ വാക്കുകള്‍ മുസ്ലിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; മുസ്ലിം സമുദായത്തെക്കുറിച്ചു ഒരല്പം ഊന്നിപറഞ്ഞത് ആ കോടതി വിധി അടിസ്ഥാനമാക്കിയാണ്. എന്നിരിയ്ക്കിലും ആരുടെയെങ്കിലും മതവികാരങ്ങളെ നോവിച്ചുവെങ്കില്‍ ആദ്യം തന്നെ ക്ഷമചോദിയ്ക്കുന്നു ... കൂടാതെ, റാഷിദയുടെ വിയോഗം നല്‍കിയ ദുഖത്തില്‍ നിന്നും കരേറാന്‍ ആ കുടുംബത്തിന് ഈശ്വരന്‍ ശക്തി നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. അകാലത്തില്‍ പൊഴിഞ്ഞ ആ കുരുന്നു ജീവന് അന്ത്യാഞ്ജലികള്‍! !!
Comments
വളരെ പ്രസക്തമായ വിഷയം..
ഒരു പെൺകുഞ്ഞിനെ സ്വപ്നം കണ്ടുണരുന്ന ലോകം ഇന്നും എത്രയോ അകലങ്ങളിലാണു..
എന്നാൽ അവളെ സുമംഗലിയായി കാണാനുള്ള സ്വപ്നങ്ങൾ പകൽ വെട്ടങ്ങളിൽ പോലും പിന്തുടരുന്ന ലോകമാണു
നമ്മുടേത്..
പല കാരണങ്ങളാലും അപൂർണ്ണമായി തീരുന്ന ആ സ്വപ്ന സാക്ഷാത്കാരങ്ങളോടുള്ള പ്രതികരണങ്ങളോ അന്യായവും..
നിശ്ശബ്ദയായി പോവുകയാണു..
നന്ദി ട്ടൊ...ആശംസകൾ...!
സ്ത്രീകളെക്കുറിച്ച് തുടരുന്ന ഒരു അലിഖിത ശീലം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നതാണ് നമ്മുടെ സമൂഹത്തിന്റെ സിംഹ ഭാഗവും. അത് ഇത്തരം എല്ലാ രംഗങ്ങളിലും (കോടതികളില്‍ അടക്കം)പടര്‍ന്നു തന്നെ കിടക്കുന്നു. സമൂഹത്തിനുണ്ടാകുന്ന തിരിച്ചറിവുകള്‍ ആയിരിക്കും ഒരു പരിഹാരമായി സംഭവിക്കേണ്ടത്. അതിന് ഇത്തരം പോസ്റ്റുകളും ചിന്തകളും ചര്‍ച്ചകളും വഴിവെക്കും.
നല്ല ഒരു വിഷയം തിരഞ്ഞെടുത്തതിനു നന്ദി
പക്ഷെ കെട്ടിയ പെണ്ണിനെ വഴിയില്‍ ഉപേക്ഷിക്കരുത്.
(ഇതൊരപേക്ഷയാണ്)
പത്തുവയസ്സിലും പതിനൊന്ന് വയസ്സിലുമൊക്കെ ഋതുമതിയാകുന്നത് അപൂര്‍വമല്ല
അതുകൊണ്ട് ഋതുമതിയാവുന്നത് വിവാഹത്തിന് യോഗ്യതയായിക്കാണുന്നത് ഇന്നത്തെ നിലയ്ക്ക് അനുയോജ്യമാകുമോ?
ഇല്ലെന്ന് തോന്നുന്നു.
Manoharam, Ashamsakal...!!!
18 കഴിഞ്ഞാൽ ഒരു വിധം എല്ലാം കുട്ടികൾക്കും സ്വന്തം കാര്യം തീരുമാനിക്കാം, 18 ആയൊള്ളു അവൾ അല്ലെങ്കിൽ അവൻ ഇപ്പോഴും ചെറിയ കുട്ടി എന്ന് പറയുന്നതിൽ ഒരു ലോജിക്കുമില്ല, പെൺകുട്ടികൾക്ക് 18 എങ്കിലും കഴിയണം എന്നത് നല്ലത്
ഞാന്‍ ഇരുപത്തിയഞ്ചില്‍ കല്ല്യാണം കഴിച്ചു, ഭാര്യക്ക് പ്രായം മധുരപ്പതിനേഴായിരുന്നു :) ഇപ്പോള്‍ കുട്ടികള്‍ രണ്ട്.
കല്യാണം കഴിഞ്ഞോ കുട്ടികളായോ എന്ന് ആളുകളൊക്കെ ചോദിക്കുന്നു എന്ന് ഉമ്മയോട് മെല്ലെ സൂചിപ്പിച്ചു. തല്‍ഫലമായി അടുത്ത വെക്കേഷന് പെണ്ണ് കെട്ടി.
കല്യാണം കഴിക്കുമ്പോള്‍ അവള്‍ പ്ളസ് ടുവിന് പഠിക്കുകയായിരുന്നു... ഞാന്‍ പ്രവാസിയും. കല്യാണം കഴിഞ്ഞതിന് ശേഷം അവള്‍ പ്ളസ് ടു പൂര്‍ത്തിയാക്കി. അതിന് ശേഷം ബി എ ഇംഗ്ളീഷിന് ചേര്‍ന്നു. രണ്ടാം വര്‍ഷത്തില്‍ വംശം അന്യം നില്‍ക്കുമല്ലോ എന്ന് കരുതി പ്രത്യുത്പാദന പ്രക്രിയയിലേക്ക് കടന്നു. ദാ കടക്കുന്നു റിസല്‍ട്ട്. പിന്നെ പഠനം നിറുത്തി... പിന്നീട് പഠിക്കണമെന്നൊക്കെയുണ്ടായിരുന്നെങ്കിലും പഠനമൊന്നും നടന്നില്ല. ഇടക്കിടെ കശപിശയൊക്കെ നടക്കാറുണ്ടെങ്കിലും (ഞാന്‍ തന്നെ പ്രശ്നക്കാരന്‍) അവള്‍ അഡ്ജ്സറ്റ് ചെയ്യാറുള്ളത് കൊണ്ട് ജീവിതം കുഴപ്പമില്ലാതെ പോകുന്നു.
ഇതൊക്കെ തന്നെയാണ് ജീവിതം, ഇനി ഞാനവളെ 25 വയസാകുമ്പോള്‍ കെട്ടിയാലും ഇതൊക്കെ തന്നെയാവും ജീവിതം... :)
സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം... എല്ലാരും ഇതോര്‍ത്താല്‍ നന്നു.
https://www.facebook.com/groups/malayalamblogwriters/336144993148951/?comment_id=336448816451902¬if_t=group_comment_reply
വളരെ പ്രസക്തമായ കാര്യം തന്നെയാണ് താങ്കള്‍ പറഞ്ഞത്. നിവൃത്തിയില്ലാത്തതിനാലാവാം ബഹു ഭൂരിപക്ഷം കുട്ടികളും സമ്മതം മൂളുന്നത് - ഒരു കണക്കില്‍ ചില മാതാപിതാക്കളും social pressure-ന്‍റെ മുന്നില്‍ തോറ്റ് പോവുകയാണ് എന്നതും ഒരു ഖേദകരമായ സത്യമല്ലേ???
ശരിയാണ് എല്ലാ വിഭാഗങ്ങളും ശൈശവ വിവാഹം നടത്താറുണ്ട്; പല വിഭാഗങ്ങളും അത് ഉപേക്ഷിച്ചിട്ടുണ്ട്. പലരും ഇപ്പോഴും പിന്തുടരുന്നു... ഇവിടെ ഒരു സമൂഹത്തെ ഉദാഹരണമായി കാണിച്ചത് ഒരു കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്.
എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം - ഇനിയും പ്രസക്തമായ വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കാന്‍ കഴിയട്ടെ എന്നാശിയ്ക്കുന്നു...
കേരളം പല കാര്യത്തിലും മുന്നിലാണെന്ന് അഭിമാനിയ്ക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന മലയാളികള്‍ ഇത്തരം അനീതികള്‍ കണ്ടില്ലെന്നു നടിക്കുന്നതിലും പ്രാവീണ്യം നേടിയിരിക്കുന്നു...
താങ്കള്‍ പറഞ്ഞത് പോലെ വര്‍ദ്ധിച്ചു വരുന്ന വിദ്യാഭ്യാസവും അവബോധവും ഇനിയുള്ള തലമുറയെ എങ്കിലും ഈ വിഷയത്തില്‍ തുണയ്ക്കുമെന്ന് ആശിക്കാം...
18 വയസ്സ് പൂര്‍ത്തിയാവുന്നതോടെ നിയമപരമായി സ്വന്തം കാര്യം തീരുമാനിക്കാം. ശരി തന്നെ. പക്ഷെ അത് വരെ ഒരു തീരുമാനം പോലും സ്വതമായി എടുക്കാന്‍ അനുവദിക്കാതെ, അവരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയൊന്നും കല്പിക്കാതെ ഇരുന്ന ഒരു സമൂഹം നിനക്ക് 18 വയസ്സായി ഇനി സ്വന്തമായി തീരുമാനിച്ചോ എന്ന് പറഞ്ഞാലത്തെ സ്ഥിതി എന്താകും?
18 വയസ്സുകാരിയായ കാര്യവിവരം കുറവായ, അപക്വമായ മനസ്സിനുടമയായ ഒരു പെണ്‍കുട്ടിയെ ആണോ, അതോ കാര്യപ്രാപ്തിയും പക്വതയും വിവരവും ഉള്ള ഒരു 21കാരി യുവതിയെ ആണോ നിങ്ങള്‍ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുക?
17 വയസ്സില്‍ വിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ ഉടനെ മരണപ്പെട്ടുവെങ്കില്‍ അവളുടെ ഗതി എന്താകും? ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായിട്ടാണ് ഈ ദുര്‍ഗതിയെങ്കില്‍ പറയാനുമില്ല; കേരളത്തില്‍ പൊതുവേ ആരോഗ്യ രംഗം തരക്കെടില്ലാത്തതിനാല്‍ പ്രസവത്തില്‍ മരിയ്ക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. പക്ഷെ അതും സംഭവ്യമല്ലേ?
നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ പഠിപ്പിച്ചു എന്നത് ഒരു വല്യ കാര്യം തന്നെ. എങ്കിലും പഠിക്കണമെന്നുണ്ടായിട്ടും പഠനം പൂര്‍ത്തിയാക്കാന്‍ പറ്റാഞ്ഞപ്പോള്‍ ചില നിമിഷങ്ങളിലെങ്കിലും നിങ്ങളുടെ ഭാര്യയും ചിന്തിച്ചിട്ടുണ്ടാവും,പഠിത്തം കഴിഞ്ഞു മതിയായിരുന്നു വിവാഹം എന്ന്!!!
നിങ്ങള്‍ക്ക് ഒരു മകള്‍ ഉണ്ടെങ്കില്‍ അവള്‍ ഋതുമതിയായാല്‍ (ഇക്കാലത്ത് പെണ്‍കുട്ടികള്‍ 9 - 10 വയസ്സാകുമ്പോഴേയ്കും ഋതുമതികള്‍ ആവുന്നുണ്ടത്രേ!!!) ഉടനെ പിടിച്ചു കല്യാണം കഴിപ്പിച്ചു കൊടുക്കുമോ? കാലം മുന്നോട്ടു കുതിക്കുമ്പോള്‍ ഇത്തരം സങ്കുചിത ചിന്തകള്‍ വച്ച് പുലര്‍ത്തുന്നത് ആശ്ചര്യകരം തന്നെ!!!