ഒരു മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍!


'മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഋജുമതിയാവലാണെന്നും 18 വയസ് തികയേണ്ടതില്ലെന്നും 2012 മെയ് മാസം ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചു. ശുമൈല(15 വയസ്) എന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തെ സംബന്ധിച്ചുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് എസ്.പി.ഗാഗ് എന്നിവരാണ് സുപ്രധാനമായ ഈ വിധി പുറപ്പെട്ടുവിച്ചത്.

18 വയസ് തികയാതെ വിവാഹം കഴിക്കുന്നതും കഴിച്ചുകൊടുക്കുന്നതും ക്രിമനല്‍ കുറ്റമായി കണക്കാക്കി പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാവുന്ന അവസ്ഥക്കാണറുതിവരുന്നത്. മഹല്ല് കമ്മിറ്റികള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഋജുമതിയായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനി പ്രയാസമില്ല. ഖതീബ്, മാതാപിതാക്കള്‍, സാക്ഷികള്‍ ഇവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇപ്പോള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഡല്‍ഹി കോടതി വിധി ആശ്വാസകരമാവും.'


അബസ്വരങ്ങള്‍  എന്ന ബ്ലോഗിലൂടെ പലര്‍ക്കും പരിചിതനായ സഹബ്ലോഗ്ഗര്‍ അബ്സാര്‍ മുഹമ്മദ്‌ ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ്  കൂട്ടായ്മയില്‍ ഒരു കമന്റിനു മറുപടിയായി എഴുതിയതാണ് മുകളില്‍ കണ്ട വാക്കുകള്‍!!! അതില്‍ തെറ്റൊന്നുമില്ലായിരിയ്ക്കാം; പക്ഷേ അതെന്നെ ചിന്തിപ്പിച്ചു: പെണ്‍കുട്ടികളെ ഇളം പ്രായത്തില്‍ വിവാഹം കഴിച്ചു കൊടുക്കുന്നതിനെതിരെ അവബോധങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്ന ഈ കാലത്ത് (ഹരിയാനയിലെ വിവാദപരമായ പരാമര്‍ശങ്ങള്‍ ഇവിടെ തത്കാലം പരിഗണിയ്ക്കുന്നില്ല; വിഷയം മാറിപ്പോകുമെന്ന് തോന്നുന്നത് കൊണ്ട് മാത്രം) എന്തു കൊണ്ട് ഒരു പ്രത്യേക സമുദായത്തിലെ പെണ്‍കുട്ടികളെ മാത്രം വേര്‍തിരിച്ചു നിര്‍ത്തുന്നു? 

പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപരമായി 18 ആണെങ്കിലും ഒരു 20-21 വയസ്സെങ്കിലും ആവാതെ അവരെ വിവാഹം കഴിപ്പിയ്ക്കരുതെന്ന പക്ഷക്കാരിയാണ് ഞാന്‍...!!...; വേറൊന്നും കൊണ്ടല്ല, സാമാന്യ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ പക്വത, ജീവിതത്തെക്കുറിച്ച് ഒരു ധാരണ, എന്നിങ്ങനെ കുറെയേറെ കാര്യങ്ങള്‍ ഒരു 18-കാരിയെക്കാള്‍ ഒരു 21-കാരിയ്ക്കുണ്ടാവും. എന്തുകൊണ്ടും ഒരു വിവാഹജീവിതത്തെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ അവള്‍ക്കാവും കഴിയുക!

ഈ അടുത്ത കാലങ്ങളില്‍, ചെറിയ പ്രായത്തില്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിയ്ക്കാന്‍ ടിവിയിലും മറ്റും പല സ്കിറ്റുകളും സംപ്രേക്ഷണം ചെയ്തിരുന്നു... അതില്‍ പറഞ്ഞത് ചെറു പ്രായത്തില്‍ അമ്മയാകുന്ന സ്ത്രീകള്‍ക്കും  (പെണ്‍കുട്ടികള്‍ എന്ന് പറയുകയാവും ശരി) അവരുടെ കുട്ടികള്‍ക്കും പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്നാണ്. (ഞാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ ഇതിന്‍റെ ആധികാരികതയെക്കുറിച്ച് ഉറപ്പ് പറയാന്‍ പറ്റില്ല. എങ്കിലും,) സാമാന്യ ബുദ്ധികൊണ്ടാലോചിച്ചാല്‍ അത് ശരിയാണെന്ന് തന്നെ വേണം കരുതാന്‍.......!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെന്നിരിയ്ക്കെ, മുകളില്‍ കൊടുത്തിട്ടുള്ള കോടതി വിധി എത്ര പരിതാപകരമാണ്? നിങ്ങള്‍ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചത്‌ കൊണ്ട് നിങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഇത്രയൊക്കെയേ വിലയുള്ളൂ എന്ന് പറയാതെ പറയുകയല്ലേ ആ വരികള്‍!!! ചെയ്യുന്നത്? അഥവാ അങ്ങിനെ ഒരു സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുണ്ടോ?

കൂട്ടത്തില്‍ പറയട്ടെ, മുകളിലെ കമന്റിനു ആധാരമായ വാര്‍ത്തയും ഏറെ ഖേദകരമായതാണ് - പ്ലസ്‌ ടൂ-വിന് പഠിയ്ക്കുന്ന കുട്ടി തന്‍റെ വിവാഹത്തിനു സ്കൂളിലുള്ളവരെ ക്ഷണിയ്ക്കാന്‍ പോയ അവസരത്തില്‍ സ്കൂള്‍ ബസിടിച്ച് മരിയ്ക്കുകയായിരുന്നുവത്രേ! അതേക്കുറിച്ച് അബ്സാര്‍ എഴുതിയപ്പോഴാണ് അറിഞ്ഞത്:

'വളാഞ്ചേരിക്ക് അടുത്ത മാവണ്ടിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി റാഷിദ അവളുടെ വിവാഹത്തിനു കൂട്ടുകാരെ വിളിക്കാന്‍ സ്കൂളിലേക്ക് വന്നപ്പോള്‍ പുറകിലേക്ക് എടുത്ത സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.....

വിവാഹ സ്വപ്നങ്ങളിലേക്ക് കൂട്ടുകാരെ ക്ഷണിക്കാന്‍ വന്നപ്പോള്‍ അത് തന്റെ മരണത്തിലേക്ക് ഉള്ള ക്ഷണം ആയിരിക്കും എന്ന് ആ പാവം അറിഞ്ഞിരിക്കില്ലല്ലോ...

അശ്രദ്ധയുടെ മറ്റൊരു ഇരകൂടി...

അവളുടെ ചലനമറ്റ ശരീരം വെള്ളതുണിയില്‍ പൊതിഞ്ഞു കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നനഞ്ഞു....

സഹോദരീ.... 
സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗപ്രവേശനം നല്‍കട്ടെ... '

ഈ വാക്കുകള്‍ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്ന ചോദ്യവും പ്ലസ്‌ ടൂവിനു പഠിയ്ക്കുന്ന കുട്ടിയുടെ കല്യാണമോ (അതില്‍ വലിയ പുതുമയൊന്നും ഇല്ലെന്നറിയാം, എങ്കിലും!) എന്നാണ്... പിന്നെ ഇത്രയും ദാരുണമായ ഒരു വാര്‍ത്ത കേട്ടപ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തോന്നി. മനപ്പൂര്‍വ്വം അത് ചോദിയ്ക്കാതെ ആ ആത്മാവിനു വേണ്ടി ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിച്ചു. പിന്നെടെപ്പോഴോ കണ്ടു, എന്‍റെ മനസ്സില്‍ വന്ന അതേ ചോദ്യം ആരോ ചോദിച്ചിരിയ്ക്കുന്നു (റോബിന്‍) ആണെന്ന് തോന്നുന്നു). അതിനുള്ള ഉത്തരമാണ് മുകളില്‍ ഉദ്ധരിച്ച കോടതി വിധി.


ആ മരണവാര്‍ത്ത പോലെ തന്നെ മനസ്സില്‍ കനലുകള്‍ നിറച്ചു ഈ കോടതിവിധിയും. എത്രയെത്ര കുരുന്നു സ്വപ്നങ്ങളാവും ഈ വിധിയിലൂടെ മണ്ണടിഞ്ഞു പോവുക! ഇത്രയും കാലം നിയമത്തിന്‍റെ പരിരക്ഷ (പേരിനെങ്കിലും) അവര്‍ക്കുണ്ടായിരുന്നു; ഇപ്പോള്‍ അതുമില്ല. എന്നെ അതിലും വിഷമിപ്പിയ്ക്കുന്ന കാര്യം അവരെ മാത്രം വേര്‍ത്തിരിച്ച്‌ കാണിച്ചതാണ്. പൊതുവേ തന്നെ മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭിപ്രായ സ്വാതനന്ത്ര്യം ഇല്ല, അവര്‍ ഒരു രണ്ടാം കിട പൌരന്മാരാണ് എന്ന ധാരണയാണ് സമൂഹത്തിലുള്ളത്. ഇത്തരം നിയമങ്ങളും മറ്റും ആ ധാരണ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക???

കൂട്ടത്തില്‍ ഒന്നു കൂടി പറയട്ടെ, ഒരു പെണ്‍കുട്ടിയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിലൂടെ നാം ഒരു നല്ല ഭാവി തലമുറയെ ആണ് സൃഷ്ടിയ്ക്കുന്നത്... കാരണം അമ്മയാണ് ഒരാളുടെ അറിവിന്‍റെ ആദ്യ ശ്രോതസ്സ്! 

നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ ഈ വീഡിയോ കൂടി നിങ്ങളുടെ സമക്ഷം വെയ്ക്കുന്നു...http://www.youtube.com/watch?v=mnfURSTeHO8


PS: ശൈശവ വിവാഹം മുസ്ലിം സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല; വേറെ പല സമുദായങ്ങളിലും (കേരളത്തിനു പുറത്ത് പ്രത്യേകിച്ചും)  ഇത് ഇന്നും ഉണ്ടെന്നറിയാം. അതുകൊണ്ട് മുകളിലെ വാക്കുകള്‍ മുസ്ലിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; മുസ്ലിം സമുദായത്തെക്കുറിച്ചു ഒരല്പം ഊന്നിപറഞ്ഞത്‌ ആ കോടതി വിധി അടിസ്ഥാനമാക്കിയാണ്. എന്നിരിയ്ക്കിലും ആരുടെയെങ്കിലും മതവികാരങ്ങളെ നോവിച്ചുവെങ്കില്‍ ആദ്യം തന്നെ ക്ഷമചോദിയ്ക്കുന്നു ... കൂടാതെ, റാഷിദയുടെ  വിയോഗം നല്‍കിയ ദുഖത്തില്‍ നിന്നും കരേറാന്‍ ആ കുടുംബത്തിന് ഈശ്വരന്‍ ശക്തി നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. അകാലത്തില്‍ പൊഴിഞ്ഞ ആ കുരുന്നു ജീവന് അന്ത്യാഞ്ജലികള്‍! !!

Comments

നിഷാ..
വളരെ പ്രസക്തമായ വിഷയം..
ഒരു പെൺകുഞ്ഞിനെ സ്വപ്നം കണ്ടുണരുന്ന ലോകം ഇന്നും എത്രയോ അകലങ്ങളിലാണു..
എന്നാൽ അവളെ സുമംഗലിയായി കാണാനുള്ള സ്വപ്നങ്ങൾ പകൽ വെട്ടങ്ങളിൽ പോലും പിന്തുടരുന്ന ലോകമാണു
നമ്മുടേത്‌..
പല കാരണങ്ങളാലും അപൂർണ്ണമായി തീരുന്ന ആ സ്വപ്ന സാക്ഷാത്കാരങ്ങളോടുള്ള പ്രതികരണങ്ങളോ അന്യായവും..

നിശ്ശബ്ദയായി പോവുകയാണു..
നന്ദി ട്ടൊ...ആശംസകൾ...!
ലംബൻ said…
ആദ്യം പതിനെട്ടായിരുന്നു, പിന്നെ പാതിനാറ്, ഇതിപ്പോ പ്രത്യേക പ്രായം ഒന്നും വേണ്ട 'റെഡി മെയിഡ്' ആയാല്‍ മതി. വന്നു വന്നു നമ്മുടെ രാജ്യം പുറകോട്ടാണോ സഞ്ചരിക്കുന്നത്. കഷ്ടം.
Unknown said…
സത്യസന്ധമായി പറഞ്ഞാൽ ഇന്നലെ അതു വായിച്ചപ്പോൾ എന്റെ മനസ്സിലും ആദ്യം വന്ന ചോദ്യം ഇതു തന്നെ. പിന്നെ, നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ വികാരങ്ങളെ മുറിവേൽപ്പിക്കരുത് എന്നതിനാൽ ഒന്നും എഴുതിയില്ല. പിന്നെ ഇതു ചർച്ച ചെയ്യ്ന്നത് ഒരു അനുശോചനവേദിയിലാകയുമരുതല്ലോ.സാമാന്യവിദ്യാഭ്യാസവും സ്വന്തമായി അഭിപ്രായം പറയാനായതിനു ശേഷവും വേണം വിവാഹം എന്നാണു എന്റെയും അഭിപ്രായം. അതു ഒരു 20 വയസ്സെങ്കിലും ആവണം . മറ്റൊരു കഷ്ടത, ഈ 15 - 16 കാരികളെ വിവാഹം കഴിക്കുന്നവനു ചിലപ്പോൾ 35 - 40 വയസ്സു കാണാറുണ്ട് എന്നുള്ളിടത്താണു. ഇനി അഥവാ വയസ്സു കുറഞ്ഞ പ്രായക്കാരുമായിട്ടാണെങ്കിൽ രണ്ടിനും പക്വതയുടെ ഏഴയലത്ത് പോലും ആയിട്ടുണ്ടാവില്ല . നല്ലത് വരണമെന്ന് രീതിയിൽ വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കളില്ലെന്നല്ല, എങ്ങനെയെങ്കിലും നേരത്തെ ഭാരമൊഴിവാക്കണം, പഠിപ്പിച്ച് കായി കളയാനും പേരുദോഷത്തിനുള്ള ചാൻസും ഒഴിവാക്കികിട്ടണം എന്ന മനസ്സുള്ള മാതാപിതാക്കളാണിത്തരത്തിൽ കൂടുതലും
പതിനെട്ടാം വയസ്സില്‍ നടക്കുന്ന വിവാഹം കുറെ കടന്ന കൈയാണ്. ഏറെക്കുറെ കുട്ടിത്തം നിറഞ്ഞ നില്‍ക്കുന്ന കൌമാര പ്രായം.. അതുകൊണ്ട് തന്നെ ഒരു പക്വത ഉണ്ടാവണം എന്നില്ല പതിനെട്ടില്‍ വിവാഹം കഴിക്കുന്ന പലര്‍ക്കും. ആര്‍ക്കും ഉണ്ടാവില്ല എന്നതാണ് സത്യം... ഈ പ്രായം എന്നത് ഒരു പഠനകാലം ആണ്.. കൂട്ടുകാരുമൊത്ത് കളിച്ചുചിരിച്ചു നടക്കേണ്ട പ്രായം. അതൊരു ഇരുപത്തി രണ്ട് വയസ്സ് വരെ നീളും.. പെണ്‍കുട്ടികള്‍ സമ്മതിക്കും കല്യാണത്തിനു എന്നാല്‍ അതൊരു പൂര്‍ണ്ണ സമ്മതം ആണെന്ന് പറയാന്‍ ആവില്ല.. നിവര്‍ത്തികേടുകൊണ്ട്‌... സമ്മതിക്കുന്നതാവം പലരും...
ശരിയാണ്.. ആ ചിന്തയാണ് ആ പോസ്റ്റില്‍ ഞാന്‍ പിന്നെ ഒന്നും പറയാതെ പോയെ.. :)
പ്രസവിച്ച് വീഴുമ്പോള്‍ മുതല്‍ ഒരു കെട്ട് പുസ്തകം തലയില്‍ കെട്ടിയേല്പിച്ച് സ്കൂളില്‍ വിടുന്നത് പോലെ...
സ്ത്രീകളെക്കുറിച്ച് തുടരുന്ന ഒരു അലിഖിത ശീലം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നതാണ് നമ്മുടെ സമൂഹത്തിന്റെ സിംഹ ഭാഗവും. അത് ഇത്തരം എല്ലാ രംഗങ്ങളിലും (കോടതികളില്‍ അടക്കം)പടര്‍ന്നു തന്നെ കിടക്കുന്നു. സമൂഹത്തിനുണ്ടാകുന്ന തിരിച്ചറിവുകള്‍ ആയിരിക്കും ഒരു പരിഹാരമായി സംഭവിക്കേണ്ടത്. അതിന് ഇത്തരം പോസ്റ്റുകളും ചിന്തകളും ചര്‍ച്ചകളും വഴിവെക്കും.
Aneesh chandran said…
ശൈശവ വിവാഹം ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്ത്യാമഹാരാജ്യത്ത് ഇപ്പോഴും പലയിടത്തും ഇത് നടക്കുന്നുണ്ട്.ഇത് പോലെ കാലഹരണപ്പെടെണ്ട കുറെ ദുര്‍വാശികള്‍ മാറ്റേണ്ട കാലം അതിക്രമിച്ചുവെന്നാലും പണ്ടത്തെ ജനങ്ങള്‍ തെങ്ങുമേല്‍ തന്നെ പിന്നെ പറഞ്ഞ ഈ കാര്യത്തില്‍ ഞാന്‍ തികച്ചും യോജിക്കുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപരമായി 18 ആണെങ്കിലും ഒരു 20-21 വയസ്സെങ്കിലും ആവാതെ അവരെ വിവാഹം കഴിപ്പിയ്ക്കരുതെന്ന പക്ഷം...!
നമ്മുടെ നാട്ടില്‍ എല്ലാ വിഭാഗം ആളുകളും ശൈശവ വിവാഹം കഴിപ്പിച്ചയക്കാരുണ്ട്....ഇപ്പോള്‍ കുറച്ചൊക്കെ ശെരി ആയി വരുന്നുണ്ട് എന്ന് തോന്നുന്നു..നന്നാകും ...നല്ല ഒരു എഴുത്ത് ,,പ്രശസ്തമായ വിഷയം ആശംസകള്‍...
വളരെ വിഷദമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്,ഒറ്റ വാക്കിനു പറഞ്ഞാല്‍ ഞാന്‍ വടികൊടുത്ത് അടി മേടിക്കുന്ന പോലെയാകും!! പിന്നീട് ഒരിക്കല്‍ വരും!!!
Shaleer Ali said…
സമൂഹം ശൈശവ വിവാഹത്തില്‍ നിന്ന് കുറെയേറെ പിന്മാറി കൊണ്ടിരിക്കുമ്പോഴാണ് നിയമം കയ്കാര്യം ചെയ്യുന്നവര്‍ തന്നെ അതിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുന്നത് .. കലികാലം... :Pകാലിക പ്രസക്തമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍
വിവാഹ പ്രായം ഏറെ താഴ്ന്നിരുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേത്. ഗാന്ധിജിയുടെ വിവാഹം ഏറെ പ്രശസ്തമാണല്ലോ. 2011ലെ കണക്കുകള്‍ പ്രകാരം ഒന്നര മില്ല്യണില്‍ അധികം പെണ്‍കുട്ടികള്‍ 18 വയസ്സിനു മുന്‍പേ ഇന്ത്യയില്‍ വിവാഹിതരായിരിക്കുന്നു. രാജസ്ഥാന്‍ , യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ തോത് വളരെ കൂടുതല്‍ ആണ്. മുസ്ലിം സമുദായത്തിലും ഈ പ്രവണത കൂടുതല്‍ തന്നെയാണ്. പ്രായപൂര്‍ത്തിയാകുക എന്നാ പദത്തിന് പക്വതയെത്തുക എന്ന വിശാല അര്‍ഥം നല്‍കാതെ ഋതുമതിയാകുക എന്ന സങ്കുചിത അര്‍ഥം നല്‍കുന്നതാണ് ഈ പ്രശ്നങ്ങളുടെ ഒക്കെ തുടക്കം. ബോധവല്‍ക്കരണങ്ങള്‍ ഏറെ പ്രയോജനം നല്‍കിയിട്ടുള്ള ഒരു വിഷയമാണ്‌ എന്നത് സന്തോഷത്തോടെ പറയാം. കേരളം ഒക്കെ ഈ കാര്യത്തില്‍ ഏറെ പുരോഗമിച്ചിരിക്കുന്നു. വിദ്യാഭ്യാസം വര്‍ധിക്കുമ്പോള്‍ എല്ലാ സമൂഹങ്ങളില്‍ നിന്നും ഇത് തുടച്ചു മാറ്റപ്പെടും എന്ന് പ്രതീക്ഷിക്കാം
നല്ല ഒരു വിഷയം തിരഞ്ഞെടുത്തതിനു നന്ദി
പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപരമായി 18 ആണെങ്കിലും ഒരു 20-21 വയസ്സെങ്കിലും ആവാതെ അവരെ വിവാഹം കഴിപ്പിയ്ക്കരുതെന്ന പക്ഷക്കാരിയാണ് ഞാന്‍...!!...; വേറൊന്നും കൊണ്ടല്ല, സാമാന്യ വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ പക്വത, ജീവിതത്തെക്കുറിച്ച് ഒരു ധാരണ, എന്നിങ്ങനെ കുറെയേറെ കാര്യങ്ങള്‍ ഒരു 18-കാരിയെക്കാള്‍ ഒരു 21-കാരിയ്ക്കുണ്ടാവും. ഞനും ഈ അഭിപ്രായക്കാരനാണ്.ഈ അടുത്തകാലത്ത് എന്റെ സ്ഥാപനത്തിൽ പഠിച്ചിരുന്ന ഒരു 16 കാരി(മുസ്ലീം)വിവാഹിതയായി.ഇപ്പോൾ ആ കുട്ടി ഗർഭിണിയാണ്.കളിച്ച് ചിരിച്ച് നടക്കേണ്ട കാലത്ത്...വയറും തള്ളിപ്പിടിച്ച് എന്റെ മുന്നിൽ അവധിക്കായി അപേക്ഷുച്ച് നിന്ന ആ കുരുന്നിന്റെ മുഖം ഇപ്പോഴും എന്റെ നനസ്സിൽ അസ്വസ്ത്ഥത പടർത്തുന്നൂ..... ലേഖനത്തിന് എന്റെ ആശംസകൾ
എപ്പോ വേണേലും കല്യാണം കഴിച്ചോട്ടെ.
പക്ഷെ കെട്ടിയ പെണ്ണിനെ വഴിയില്‍ ഉപേക്ഷിക്കരുത്.

(ഇതൊരപേക്ഷയാണ്)
ajith said…
കാലം ഏറെ മാറിയിരിയ്ക്കുന്നു
പത്തുവയസ്സിലും പതിനൊന്ന് വയസ്സിലുമൊക്കെ ഋതുമതിയാകുന്നത് അപൂര്‍വമല്ല
അതുകൊണ്ട് ഋതുമതിയാവുന്നത് വിവാഹത്തിന് യോഗ്യതയായിക്കാണുന്നത് ഇന്നത്തെ നിലയ്ക്ക് അനുയോജ്യമാകുമോ?

ഇല്ലെന്ന് തോന്നുന്നു.
Jeevitham Unarthunna Chodyangal...!

Manoharam, Ashamsakal...!!!
വെറുതെ വാശ്പിടിക്കരുത് കല്ല്യാണം കഴിക്കാൻ ഇരിക്കുന്ന ബാച്ചികളെ നിങ്ങൾ ഒന്ന് ഓർക്കണം :)

18 കഴിഞ്ഞാൽ ഒരു വിധം എല്ലാം കുട്ടികൾക്കും സ്വന്തം കാര്യം തീരുമാനിക്കാം, 18 ആയൊള്ളു അവൾ അല്ലെങ്കിൽ അവൻ ഇപ്പോഴും ചെറിയ കുട്ടി എന്ന് പറയുന്നതിൽ ഒരു ലോജിക്കുമില്ല, പെൺകുട്ടികൾക്ക് 18 എങ്കിലും കഴിയണം എന്നത് നല്ലത്
Mohiyudheen MP said…
ഞാന്‍ ഇവിടെ വരാന്‍ അല്‍പം വൈകി, ഈ വിഷയത്തില്‍ കുലങ്കഷമായ ഒരു ചര്‍ച്ച ഇന്ന് ഗ്രൂപ്പില്‍ നടക്കുന്നുണ്‌ട്‌ നിഷ. ശൈശവ വിവാഹം നില നിന്നിരുന്ന ഒരു നാടാണ്‌ നമ്മുടേത്‌, രാഷ്ട്രപിതാവിന്‌റെ വിവാഹം പോലും ശൈശവ വിവാഹമായിരുന്നു, എന്നാല്‍ കാലോചിതമായി പല പരിഷ്ക്കാരങ്ങള്‍ക്കും ഇത്തരം നിയമങ്ങള്‍ വിധേയമാകാറുണ്‌ട്‌, ഈ വിഷയത്തില്‍ ഞാന്‍ ഇന്ന് ഇട്ട കമെന്‌റ്‌ തന്നെ ഇവിടെയിടാം... അത്രയേ എനിക്ക്‌ പറയാനുള്ളൂ...

ഞാന്‍ ഇരുപത്തിയഞ്ചില്‍ കല്ല്യാണം കഴിച്ചു, ഭാര്യക്ക്‌ പ്രായം മധുരപ്പതിനേഴായിരുന്നു :) ഇപ്പോള്‍ കുട്ടികള്‍ രണ്ട്‌.

കല്യാണം കഴിഞ്ഞോ കുട്ടികളായോ എന്ന്‌ ആളുകളൊക്കെ ചോദിക്കുന്നു എന്ന്‌ ഉമ്മയോട്‌ മെല്ലെ സൂചിപ്പിച്ചു. തല്‍ഫലമായി അടുത്ത വെക്കേഷന്‌ പെണ്ണ്‌ കെട്ടി.

കല്യാണം കഴിക്കുമ്പോള്‍ അവള്‍ പ്ളസ്‌ ടുവിന്‌ പഠിക്കുകയായിരുന്നു... ഞാന്‍ പ്രവാസിയും. കല്യാണം കഴിഞ്ഞതിന്‌ ശേഷം അവള്‍ പ്ളസ്‌ ടു പൂര്‍ത്തിയാക്കി. അതിന്‌ ശേഷം ബി എ ഇംഗ്ളീഷിന്‌ ചേര്‍ന്നു. രണ്ടാം വര്‍ഷത്തില്‍ വംശം അന്യം നില്‍ക്കുമല്ലോ എന്ന്‌ കരുതി പ്രത്യുത്പാദന പ്രക്രിയയിലേക്ക്‌ കടന്നു. ദാ കടക്കുന്നു റിസല്‍ട്ട്‌. പിന്നെ പഠനം നിറുത്തി... പിന്നീട്‌ പഠിക്കണമെന്നൊക്കെയുണ്ടായിരുന്നെങ്കിലും പഠനമൊന്നും നടന്നില്ല. ഇടക്കിടെ കശപിശയൊക്കെ നടക്കാറുണ്ടെങ്കിലും (ഞാന്‍ തന്നെ പ്രശ്നക്കാരന്‍) അവള്‍ അഡ്ജ്സറ്റ്‌ ചെയ്യാറുള്ളത്‌ കൊണ്ട്‌ ജീവിതം കുഴപ്പമില്ലാതെ പോകുന്നു.

ഇതൊക്കെ തന്നെയാണ്‌ ജീവിതം, ഇനി ഞാനവളെ 25 വയസാകുമ്പോള്‍ കെട്ടിയാലും ഇതൊക്കെ തന്നെയാവും ജീവിതം... :)

സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വച്ചാല്‍ ആപത്ത്‌ കാലത്ത്‌ കാ പത്ത്‌ തിന്നാം... എല്ലാരും ഇതോര്‍ത്താല്‍ നന്നു.
ചര്‍ച്ചയിലേക്ക്.....

https://www.facebook.com/groups/malayalamblogwriters/336144993148951/?comment_id=336448816451902&notif_t=group_comment_reply


Arun Kappur said…
വിവാഹിതയാവാനുള്ള വയസ്സ് കുറഞ്ഞത്‌ 18 (ബിരുദ പഠനം കഴിയും എന്നതുകൊണ്ട്‌ 21 കൂടുതല്‍ നല്ലത്) എങ്കിലും ആയിരിക്കണം എന്ന കാര്യത്തില്‍ ഞാനും പൂര്‍ണമായി യോജിക്കുന്നു. ഇതില്‍ ജാതിയെന്നോ മതമെന്നോ ഒന്നും ഇല്ല. പതിനഞ്ചാം വയസ്സില്‍ ഒരു പെണ്‍കുട്ടിയുടെ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടാവാം. എന്നാല്‍ വിവാഹത്തിന്റെ പരമപ്രധാനമായ ലക്‌ഷ്യം അതാണോ? വിവാഹജീവിതത്തില്‍ മാനസികമായ അടുപ്പവും പക്വതയും പ്രാധാന്യം അര്‍ഹിക്കുന്നില്ലേ? വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിനോട് മാത്രം സംവദിച്ചാല്‍ പോരല്ലോ. പല കാര്യങ്ങളിലും കുടുംബത്തിന്റെ പൂര്‍ണ്ണ ചുമതല തന്നെ ഏറ്റെടുക്കേണ്ടി വരാം. കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം കഴിഞ്ഞ അവരുടെ മനസ്സിന് ഭര്‍ത്താവിന്റെ, അല്ലെങ്കില്‍ അവരുടെ വീട്ടുകാരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിയാതെ വരാം. എല്ലാവരുടെയും കാര്യമല്ല, ചില ഒഴിവുകള്‍ ഉണ്ടാകാം.
Nisha said…
നന്ദി ടീച്ചര്‍!!, ഇവിടെ വന്ന്, ഈ വാക്കുകള്‍ പങ്കു വെച്ചതിന്. പെണ്‍കുട്ടികള്‍ ഭാരം അല്ലാതെ അഭിമാനമാണെന്നു ചിന്തിക്കുന്ന ഒരു കാലം വേഗം വന്നെത്തട്ടെ എന്നാശിയ്ക്കുന്നു!!!
Nisha said…
അതേ ശ്രീജിത്ത്‌,പല കാര്യങ്ങളിലും നാം പിറകോട്ടു തന്നെയാണ് ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും എന്ന് തോന്നിപോകുന്നു...
Nisha said…
പലപ്പോഴും സമൂഹത്തില്‍ നില നില്‍ക്കുന്ന ഇത്തരം ദുര്‍വ്യവസ്ഥകളെ നേരിടാന്‍ ശക്തിയില്ലാത്ത വിഭാഗങ്ങളില്‍ ആണ് ഇത്തരം അനീതികള്‍ അധികം കാണുന്നതെന്ന് തോന്നുന്നു...വിദ്യാഭ്യാസം കുറവുള്ളവരിലും ഇത്തരം പ്രവണതകള്‍ കൂടുമെന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്.
Nisha said…
റോബിന്‍, താങ്കളാണ് സത്യത്തില്‍ ഈ പോസ്റ്റിനു വഴിയൊരുക്കിയ ഒരാള്‍...

വളരെ പ്രസക്തമായ കാര്യം തന്നെയാണ് താങ്കള്‍ പറഞ്ഞത്. നിവൃത്തിയില്ലാത്തതിനാലാവാം ബഹു ഭൂരിപക്ഷം കുട്ടികളും സമ്മതം മൂളുന്നത് - ഒരു കണക്കില്‍ ചില മാതാപിതാക്കളും social pressure-ന്‍റെ മുന്നില്‍ തോറ്റ് പോവുകയാണ് എന്നതും ഒരു ഖേദകരമായ സത്യമല്ലേ???
Nisha said…
നന്ദി റാംജി! ഈ പോസ്റ്റിലൂടെ ചിലരുടെയെങ്കിലും മനസ്സില്‍ ഒരു ചെറു ഓളം സൃഷ്ടിയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി!പിന്നെ, ഈ പോസ്റ്റ്‌ കാരണം ഫേസ് ബുക്കില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി - അവിടെ പലരും സശക്തമായി ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. അത് ഒരു തുടക്കമാവട്ടെ- ഒരു മാറ്റത്തിന്‍റെ ചെറിയ ഒരു കാറ്റ്...
Nisha said…
അതേ കാത്തി, ശൈശവ വിവാഹം തീര്‍ച്ചയായും നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു... നമ്മുടെ യുവ തലമുറയ്ക്ക് ഇക്കാര്യത്തില്‍ ഒരു വലിയ പങ്കു വഹിക്കാന്‍ കഴിയും എന്നെനിയ്ക്കു തോന്നുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് യുവാക്കള്‍ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ കുറച്ചെങ്കിലും മാറ്റം വരും എന്ന് തോന്നുന്നു...
Nisha said…
നന്ദി,ആചാര്യന്‍!!
ശരിയാണ് എല്ലാ വിഭാഗങ്ങളും ശൈശവ വിവാഹം നടത്താറുണ്ട്‌; പല വിഭാഗങ്ങളും അത് ഉപേക്ഷിച്ചിട്ടുണ്ട്. പലരും ഇപ്പോഴും പിന്തുടരുന്നു... ഇവിടെ ഒരു സമൂഹത്തെ ഉദാഹരണമായി കാണിച്ചത് ഒരു കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്.
എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം - ഇനിയും പ്രസക്തമായ വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കാന്‍ കഴിയട്ടെ എന്നാശിയ്ക്കുന്നു...
Nisha said…
ചര്‍ച്ച ആവശ്യം തന്നെയാണ് പടന്നക്കാരാ! അതിലൂടെ ചിലര്‍ക്കെങ്കിലും ഒരു പുനര്‍ ചിന്തനം ഉണ്ടായാല്‍ നന്ന്!
Nisha said…
നന്ദി ശലീര്‍, ഈ നല്ല വാക്കുകള്‍ക്കും പോസ്റ്റില്‍ പ്രദിപാദിച്ചിരിക്കുന്ന വിഷയത്തെ മനസ്സിലാക്കിയതിനും.
Nisha said…
ശരിയാണ് നിസാര്‍!, പണ്ട് അത് വലിയൊരു സംഭവമൊന്നുമല്ലായിരുന്നു. പക്ഷെ ഇന്നും ശൈശവ വിവാഹം നടക്കുന്നുണ്ടെങ്കില്‍ അത് തികച്ചും സങ്കടകരമാണ്. പലപ്പോഴും കുടുംബത്തില്‍ നിന്നുള്ള നിര്‍ബന്ധങ്ങള്‍ മൂലമാവും കുട്ടികള്‍ സമ്മതം മൂളുന്നത്; മറ്റു ചിലപ്പോള്‍ സാമൂഹ്യ വ്യവസ്ഥ മൂലമാവാം കുടുംബങ്ങള്‍ ഇതിനു തയ്യാറാവുന്നത്. എന്തായാലും ശൈശവ വിവാഹം ന്യായമല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
കേരളം പല കാര്യത്തിലും മുന്നിലാണെന്ന് അഭിമാനിയ്ക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന മലയാളികള്‍ ഇത്തരം അനീതികള്‍ കണ്ടില്ലെന്നു നടിക്കുന്നതിലും പ്രാവീണ്യം നേടിയിരിക്കുന്നു...
താങ്കള്‍ പറഞ്ഞത് പോലെ വര്‍ദ്ധിച്ചു വരുന്ന വിദ്യാഭ്യാസവും അവബോധവും ഇനിയുള്ള തലമുറയെ എങ്കിലും ഈ വിഷയത്തില്‍ തുണയ്ക്കുമെന്ന് ആശിക്കാം...
Nisha said…
ഈ പിന്തുണയ്ക്ക്‌ നന്ദി! ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയും ഇത്തരത്തില്‍ വിവാഹിതയായി. ഞങ്ങള്‍ പ്രീ ഡിഗ്രിക്ക് ചേരുമ്പോള്‍ ആ കുട്ടി അമ്മയായി (ഇപ്പൊ ചിലപ്പോള്‍ മുത്തശ്ശിയും ആയിട്ടുണ്ടാകാം. കുറച്ചു കാലം വരെ എഴുത്തുകുത്തുകള്‍ ഉണ്ടായിരുന്നു ആ കുട്ടിയുമായി; സ്കൂളിലെ വിശേഷങ്ങള്‍ അറിയുമ്പോള്‍, ഒപ്പം പഠിച്ചവരുടെ വിവരങ്ങള്‍ വായിച്ചറിയുമ്പോളെല്ലാം ആ കുട്ടിയുടെ മനസ്സ് ചിലപ്പോഴെങ്കിലും തിരിച്ചു ഞങ്ങളുടെ ഇടയിലേക്ക് വരാന്‍ കൊതിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇന്നും ആ കുട്ടി നഷ്ട ബാല്യത്തിന്‍റെ ഓര്‍മയായി എന്നിലുണ്ട്...
Nisha said…
കണ്ണൂരാന്‍ പറഞ്ഞത്തിലും കാര്യമുണ്ട്; എങ്കിലും പൂര്‍ണ്ണ യോജിപ്പില്ല!
Nisha said…
അതേ അജിത്തേട്ടാ, കാലം ഏറെ മാറിയിരിക്കുന്നു - പക്ഷെ പെണ്‍മക്കള്‍ ഒരു ഭാരമാണ്; അവരെ വിവാഹം കഴിപ്പിച്ചയക്കുന്നത് വരെ ഉള്ളില്‍ തീയാണ്, തുടങ്ങിയ ചിന്താഗതികള്‍ക്കൊന്നും ഇപ്പോഴും വലിയ മാറ്റമൊന്നും വന്നില്ലെന്ന് തോന്നുന്നു... അതിന്‍റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ കോടതി വിധി!
Nisha said…
നന്ദി സുരേഷ് കുമാര്‍!,ഈ വാക്കുകള്‍ക്കും ആശംസകള്‍ക്കും!
Nisha said…
സ്വന്തം കാര്യം സിന്താബാദ്‌, അല്ലെ? :-)

18 വയസ്സ് പൂര്‍ത്തിയാവുന്നതോടെ നിയമപരമായി സ്വന്തം കാര്യം തീരുമാനിക്കാം. ശരി തന്നെ. പക്ഷെ അത് വരെ ഒരു തീരുമാനം പോലും സ്വതമായി എടുക്കാന്‍ അനുവദിക്കാതെ, അവരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയൊന്നും കല്പിക്കാതെ ഇരുന്ന ഒരു സമൂഹം നിനക്ക് 18 വയസ്സായി ഇനി സ്വന്തമായി തീരുമാനിച്ചോ എന്ന് പറഞ്ഞാലത്തെ സ്ഥിതി എന്താകും?

18 വയസ്സുകാരിയായ കാര്യവിവരം കുറവായ, അപക്വമായ മനസ്സിനുടമയായ ഒരു പെണ്‍കുട്ടിയെ ആണോ, അതോ കാര്യപ്രാപ്തിയും പക്വതയും വിവരവും ഉള്ള ഒരു 21കാരി യുവതിയെ ആണോ നിങ്ങള്‍ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുക?
Nisha said…
മോഹിയുടെ അഭിപ്രായത്തോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. നിങ്ങളുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. അത് കൊണ്ട് അതിന്‍റെ ദൂഷ്യ വശങ്ങള്‍ കാണുന്നില്ല;

17 വയസ്സില്‍ വിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ ഉടനെ മരണപ്പെട്ടുവെങ്കില്‍ അവളുടെ ഗതി എന്താകും? ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായിട്ടാണ് ഈ ദുര്‍ഗതിയെങ്കില്‍ പറയാനുമില്ല; കേരളത്തില്‍ പൊതുവേ ആരോഗ്യ രംഗം തരക്കെടില്ലാത്തതിനാല്‍ പ്രസവത്തില്‍ മരിയ്ക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. പക്ഷെ അതും സംഭവ്യമല്ലേ?

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ പഠിപ്പിച്ചു എന്നത് ഒരു വല്യ കാര്യം തന്നെ. എങ്കിലും പഠിക്കണമെന്നുണ്ടായിട്ടും പഠനം പൂര്‍ത്തിയാക്കാന്‍ പറ്റാഞ്ഞപ്പോള്‍ ചില നിമിഷങ്ങളിലെങ്കിലും നിങ്ങളുടെ ഭാര്യയും ചിന്തിച്ചിട്ടുണ്ടാവും,പഠിത്തം കഴിഞ്ഞു മതിയായിരുന്നു വിവാഹം എന്ന്!!!

നിങ്ങള്‍ക്ക് ഒരു മകള്‍ ഉണ്ടെങ്കില്‍ അവള്‍ ഋതുമതിയായാല്‍ (ഇക്കാലത്ത് പെണ്‍കുട്ടികള്‍ 9 - 10 വയസ്സാകുമ്പോഴേയ്കും ഋതുമതികള്‍ ആവുന്നുണ്ടത്രേ!!!) ഉടനെ പിടിച്ചു കല്യാണം കഴിപ്പിച്ചു കൊടുക്കുമോ? കാലം മുന്നോട്ടു കുതിക്കുമ്പോള്‍ ഇത്തരം സങ്കുചിത ചിന്തകള്‍ വച്ച് പുലര്‍ത്തുന്നത് ആശ്ചര്യകരം തന്നെ!!!
Nisha said…
ഈ കമന്റ് കാണാന്‍ ഒത്തിരി വൈകിയെങ്കിലും കറങ്ങിത്തിരിഞ്ഞു ഞാന്‍ ആ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു കേട്ടോ ലിബി!
Nisha said…
വളരെ പ്രസക്തമായ ചിന്തകള്‍ അരുണ്‍!; പലപ്പോഴും നാം മറന്നു പോകുന്ന ഇത്തരം കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ ആകര്ഷിച്ചതിനു നന്ദി!
Joselet Joseph said…
പഴയ പോസ്റ്റ്‌ എന്ന് പറയാനൊക്കില്ല അല്ലേ. ഇപ്പോഴും പ്രസക്തിയുണ്ട്. ചിലപ്പോള്‍ എപ്പോഴും!
തല്ക്കാലം ഒന്നും പറയാനില്ല .. അതി ഭീകര ചര്ച്ചക്കു നേരമില്ല ... പോകുന്ന വഴികളില എല്ലാം പോട്ടെ . ദൈവത്തിന്റെ അധികാരം എങ്ങനെ പിടിച്ചെടുക്കാം എന്നതിനെ കുറിച്ച് ഒരു കൂലങ്കഷ ചിന്തയിലേക്ക് നീങ്ങട്ടെ :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം