എന്താ ആരും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാത്തത്?

നവംബര്‍ ലക്കം e-മഷിയില്‍ ഉള്‍പെടുത്തിയിട്ടുള്ളതാണ് എന്‍റെ ഈ ലേഖനം. ഫേസ്ബുക്കിലെ  മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ e-മഷി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുവേ പത്രം വായിക്കാന്‍ മടിയുള്ള പത്തുവസ്സുകാരന്‍ മകനെകൊണ്ട് അല്പം നിര്‍ബന്ധിച്ചു തന്നെ പത്രം വായിപ്പിയ്ക്കുകയായിരുന്നു... അപ്പോഴാണ്‌ കൂടംകുളത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത അവന്‍ വായിക്കാനിടയായത്. അതെതാണ് എന്നവനു സംശയം. ('അച്ഛനുമമ്മയും നിര്‍ബന്ധിയ്ക്കുമ്പോള്‍ മാത്രമല്ല എന്നും പത്രം വായിക്കണം, എന്നാല്‍ മനസ്സിലായേനെ' എന്ന് തെല്ലൊരു നീരസത്തോടെ പറഞ്ഞ് ഞാന്‍ അവന് അതേ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു).

ഞങ്ങളുടെ സംസാരം ഏതാണ്ട് ഇങ്ങിനെയായിരുന്നു....

'അമ്മേ, എന്താ ഈ കൂടംകുളം?' 'അതൊരു സ്ഥലമാണ്'. 'കേരളത്തിലാണോ?' 'അല്ല കേരളത്തിനടുത്താണ്, തമിഴ്‌നാട്ടില്‍'. 'അവിടെ എന്താ പ്രശ്നം?' 'അവിടെ ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് വരുന്നു. അത് അവിടത്തെ ആള്‍ക്കാര്‍ക്ക് സമ്മതമല്ല'.

'അതെന്താ കാരണം?' 'അത് സുരക്ഷിതമല്ല എന്നാണു അവര്‍ പറയുന്നത്' 'എന്താ കാരണം?' ഇത് കുറച്ച് സമയമെടുത്ത് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടി വരും എന്നെനിയ്ക്കു ഉറപ്പായി. എന്നാല്‍ പിന്നെ അങ്ങനെ തന്നെ എന്ന് കരുതി ഞാന്‍ തുടര്‍ന്നു:

'പറയാം, അതിനു മുന്‍പ്, ഇത് പറയൂ: നാം വൈദ്യുതി ഉണ്ടാക്കുന്നത് എന്തില്‍ നിന്നന്നാണെന്നറിയാമോ?' ഞാന്‍ ചോദിച്ചു. '

'വെള്ളത്തില്‍ നിന്ന്‌!!!' - ഇതൊക്കെ എത്രയോ മുന്‍പ് ഞാന്‍ മനസ്സിലാക്കിയ കാര്യമാണല്ലോ എന്ന മട്ടില്‍ അവന്‍ പറഞ്ഞു.

'വളരെ ശരിയാണ്, എന്നാല്‍ വെള്ളം മാത്രമല്ല വൈദ്യുതി ഉണ്ടാക്കാനുള്ള വഴി' എന്ന് ഞാന്‍...

'പിന്നെ?'

'ന്യൂക്ലിയര്‍ എനര്‍ജി എന്ന് കേട്ടിട്ടുണ്ടോ?'. ഉവ്വെന്ന മട്ടില്‍ അവന്‍ തല കുലുക്കി. 'എവിടെ കേട്ടിടുണ്ട്?' എവിടെയോ കേട്ടിട്ടുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഇനിയെങ്ങിനെ കാര്യങ്ങള്‍ പറയണം എന്ന് ഒരു നിമിഷം ആലോചിച്ച് ഞാന്‍ തുടര്‍ന്നു:

'ആറ്റംബോംബ് എന്ന് കേട്ടിട്ടുണ്ടോ?' 'അയ്യോ, അതു ഭയങ്കര 'dangerous' അല്ലെ അമ്മേ?' എന്നായി അവന്‍!!

 'അതേ, പണ്ട് യുദ്ധത്തില്‍ അമേരിയ്ക്ക ജപ്പാനില്‍ ആറ്റംബോംബ് ഇടുകയുണ്ടായി; വളരെയേറെ പേര്‍ മരിക്കുകയും പലരും ഇപ്പോഴും അതിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. അത് ന്യൂക്ലിയര്‍ എനര്‍ജിയുടെ ചീത്ത ഉപയോഗമാണ്. ന്യൂക്ലിയര്‍ എനര്‍ജി നല്ല കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കാം'.

'എങ്ങിനെ?'

'പ്രധാനമായും കറന്റുണ്ടാക്കാനാണ് അത് ഉപയോഗിയ്ക്കുന്നത്. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ന്യുക്ലിയര്‍ പവര്‍ കൊണ്ടാണ് പല കാര്യങ്ങളും ചെയ്യുന്നത് - ലൈറ്റ് കത്തിക്കുക, ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിയ്ക്കുക, തുടങ്ങിയവ. പല രാജ്യങ്ങളിലും വെള്ളം ഉപയോഗിച്ച് കറന്റുണ്ടാക്കാന്‍ പറ്റാത്തതിനാല്‍ അവര്‍ തെര്‍മല്‍, ന്യൂക്ലിയര്‍, സോളാര്‍ പവര്‍ തുടങ്ങിയവയാണ് ഉപയോഗിയ്ക്കുന്നത്. നമ്മുടെ നാട്ടിലും അതുപയോഗിക്കുന്നു - പ്രത്യേകിച്ചും വെള്ളം കുറവുള്ള സ്ഥലങ്ങളില്‍ കരന്റ്ടുണ്ടാക്കാന്‍ ഈ വിദ്യ ഉപയോഗിക്കുന്നു.'

'പക്ഷേ, ന്യുക്ലിയര്‍ എനര്‍ജി ബോംബ് പോലെ എല്ലാവരെയും കൊല്ലില്ലേ? അപ്പോള്‍ എങ്ങിനെയാണ് അത് നല്ലതാവുക? അതില്‍ നിന്നും എനര്‍ജി കിട്ടുക?'

'ഹോ! കുഴക്കുന്ന ചോദ്യം തന്നെ' എന്ന് മനസ്സിലോര്‍ത്തു ഞാന്‍ തുടര്‍ന്നു: 'ന്യൂക്ലിയര്‍ എനര്‍ജി അങ്ങിനെ നിയന്ത്രണമില്ലാതെ ബോംബ് പോലെ എറിഞ്ഞു പൊട്ടിക്കുകയല്ല; ശരിയായ രീതിയില്‍ എല്ലാ കാര്യങ്ങളും നോക്കി, നിയന്ത്രിതമായ രീതിയിലാണ് എനര്‍ജി ഉണ്ടാക്കുക. വളരെ ശക്തിയുള്ളതാണ് ഈ വിദ്യ. ചൂടും മറ്റും നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങളും മറ്റും ന്യൂക്ലിയര്‍ പ്ലാന്റുകളില്‍ ഉണ്ടാവും.  അല്ലാതെ തോന്നുന്ന പോലെയൊന്നും അത് ചെയ്യാന്‍ പറ്റില്ല'

'അപ്പൊ പിന്നെയെങ്ങിനെയാണ്' എന്നായി അവന്‍...

'അതിന്‍റെ രീതിയൊന്നും അമ്മയ്ക്കറിയില്ല; ചില ചിട്ടകളും മറ്റുമുണ്ട്. അത് ശാസ്ത്രജ്ഞന്‍മാര്‍ക്കേ അറിയൂ. അവരാണത് നോക്കുക.'

'ശരി, കൂടംകുളത്ത് എന്താ പ്രശ്നം?' അവന്‍ അക്ഷമനായിത്തുടങ്ങിയെന്നു തോന്നുന്നു....

'ഞാന്‍ പറഞ്ഞില്ലേ, അവിടത്തുകാര്‍ക്ക് ആ ന്യൂക്ലിയര്‍ പ്ലാന്‍റ് വരുന്നതിനോട് യോജിപ്പില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ കറന്റ് ഉണ്ടാക്കുന്നതിനു മുന്നോടിയായി ചില പരീക്ഷണങ്ങള്‍ നടത്തും. അതോടെ പതുക്കെ പതുക്കെ അവിടത്തെ പ്രവര്‍ത്തനമാരംഭിയ്ക്കുകയും ചെയ്യും. അതോടെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന തമിഴ്നാട്ടിലെ ആള്‍ക്കാര്‍ക്ക് ആശ്വാസം കിട്ടും എന്നാണു അധികൃതര്‍ പറയുന്നത്'

'അതിനെന്താ കുഴപ്പം?'

'ഈ പവര്‍ പ്ലാന്‍റ് സുരക്ഷിതമല്ലെന്നും എന്തെങ്കിലും പ്രശ്നം (ഭൂമികുലുക്കം, തീവ്രവാദി ആക്രമണം തുടങ്ങി) വന്നാല്‍, അതില്‍ നിന്നുള്ള അണുവികരണം അവിടുത്തെ ജനങ്ങളെ ദോഷമായി ബാധിയ്ക്കും എന്നാണു ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. കൂടാതെ, എന്തെങ്കിലും അപകടമുണ്ടായാല്‍ അവിടെയുള്ള ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിയ്ക്കാനും മറ്റും സജ്ജീകരണങ്ങള്‍ ഇല്ല എന്നും കേള്‍ക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് അവിടെ താമസിക്കുന്നത്. അവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണിത്. പിന്നെ, കേരളത്തിന്‍റെ അടുത്തുള്ള സ്ഥലമായതിനാല്‍ നമുക്കും ചിലപ്പോള്‍ അതിന്‍റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നും പറയുന്നുണ്ട്.'

(ഇത് കേട്ടപ്പോള്‍ ഭയത്തിന്‍റെ ഒരു ചെറു കണിക ആ കുഞ്ഞു കണ്ണുകളില്‍ കാണാനായോ?)

'അവിടെ ശരിയ്ക്കും അങ്ങനത്തെ പ്രശ്നങ്ങളുണ്ടോ അമ്മേ?' - മകന്‍റെ ചോദ്യത്തിലും ഒരാശങ്ക നിരഞ്ഞിരിയ്ക്കുന്നത് പോലെ തോന്നി...

'അതെനിയ്ക്കറിയില്ല കുട്ടാ; എ പി ജെ അബ്ദുള്‍കലാമിനെ പോലുള്ളവര്‍ പറയുന്നു ഒരാശങ്കയും വേണ്ട; ഈ പ്ലാന്‍റ് സുരക്ഷിതമാണ് എന്ന്'

'എന്നാല്‍ പിന്നെ എനിയ്ക്കും പേടിയില്ല അമ്മേ, ഡോ. കലാം പറഞ്ഞില്ലേ! അദ്ദേഹം വലിയ അറിവുള്ള ആളല്ലേ! ' മകന്‍റെ വാക്കുകളില്‍ ആശ്വാസത്തിന്‍റെ തിരയടികള്‍....

'അദ്ദേഹം റോക്കറ്റ് സയിന്റിസ്റ്റ് ആണെന്നും ന്യൂക്ലിയര്‍ സൈന്‍സിനെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നുണ്ട്'.

'അപ്പോള്‍ പിന്നെ ആരാ അതിനെക്കുറിച്ച് പറഞ്ഞു തരിക?' മകന്‍റെ സംശയം വീണ്ടും മുളപൊട്ടി...

'ശരിയ്ക്കും പറഞ്ഞാല്‍ ഗവണ്മെന്‍റ് ആണ് ഇതിന്‍റെ കാര്യങ്ങള്‍ പറയേണ്ടത്.  ഈ പവര്‍ പ്ലാന്റിന്റെ പണി തുടങ്ങിയപ്പോഴൊന്നും ആരും പ്രതിഷേധിച്ചിരുന്നില്ല. ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും ഇതിനോട് എതിര്‍പ്പാണ്. ജപ്പാനില്‍ ഭൂമികുലുക്കമുണ്ടായപ്പോള്‍ സുനാമി വന്ന്‍ ഫുകുഷിമയിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് തകരാറില്‍ ആയതോടെയാണ് ഈ പ്രതിഷേധം ശക്തമായതത്രേ. എന്നാല്‍ ഇത്തരം പ്ലാന്‍റുകള്‍ അതീവ സുരക്ഷിതമാണ് എന്നാണു ഇതിനെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നത്. അതിന്‍റെ ഉദാഹരണമായി അവര്‍ പറയുന്നത് മുംബെയിലെ താരാപുര്‍ അടൊമിക് പവര്‍ സ്റ്റേഷനാണ്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന അവിടെ ഒരു പവര്‍ പ്ലാന്‍റ് ആവാമെങ്കില്‍ താരതമ്യേന ആള്‍ത്താമസം കുറഞ്ഞ കൂടംകുളത്ത് എന്ത് കൊണ്ട് ആയിക്കൂടാ എന്നാണവരുടെ വാദം.'

 'എന്നാല്‍ പിന്നെ എന്താ ഗവണ്മെന്‍റ് ഒന്നും ആള്‍ക്കാര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്?'

ഈ ചോദ്യം കേട്ട ഞാന്‍ ഒരു നിമിഷം മൌനിയായി... എത്ര ലളിതമായ, അര്‍ത്ഥവത്തായ ചോദ്യം!!!! എന്തുത്തരം പറയുമെന്നറിയാതെ ഞാന്‍ ഇരുന്നു...

ഒടുവില്‍ പറഞ്ഞു: 'അതെനിയ്ക്കറിയില്ല, സാധാരണ ജനങ്ങളുടെ നന്മയ്ക്കും ജനങ്ങള്‍ക്കും വേണ്ടിയാണ് ഗവണ്മെന്റ് നില കൊള്ളേണ്ടത്‌. അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യണം. പക്ഷേ ഇവിടെ അവര്‍ ജനങ്ങളെ ശത്രുക്കളെ പോലെയാണ് നേരിടുന്നത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ പറയാന്‍ ആരും ഇല്ല. അത് കൊണ്ട് തന്നെയാണ് ഈ പ്രശ്നം ഇത്ര വഷളായതും..'

അപ്പോഴേയ്ക്കും ഇളയ മകന്‍ രംഗത്തെത്തി; കൂടംകുളത്തെ കുറിച്ചുള്ള സംഭാഷണം അവിടെ നിന്നു. മകന്‍റെ ഉള്ളില്‍ ആശങ്കയാണോ, അറിവാണോ ഞാന്‍ പകര്‍ന്നു കൊടുത്തതെന്ന് ഒന്നാലോചിച്ച് ഞാനും എന്‍റെ പതിവു ജോലികളില്‍ മുഴുകി. എന്നാലും മനസ്സില്‍ അപ്പോഴും നിഷ്കളങ്കമായ ഒരു ചോദ്യം മുഴങ്ങിക്കൊണ്ടേയിരുന്നു - 'എന്താ ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്' എന്ന കാമ്പുള്ള ചോദ്യം!!!

Comments

പറഞ്ഞു മനസ്സിലാക്കിച്ചു കോടുക്കേണ്ടവര്‍ക്ക് ആരു പറഞ്ഞു കൊടുക്കും? പ്രത്യേകിച്ചും എന്തെങ്കിലും എവിടുന്നാ തടയുക എന്ന് കാത്തിരിക്കുന്നവര്‍ ആകുമ്പോള്‍ ....!!
ajith said…
വലിയവലിയ അജന്‍ഡകള്‍
വലിയ കിക് ബാക്കുകള്‍
വന്‍ ബന്ധങ്ങള്‍


അതുകൊണ്ടൊക്കെയാണ് പറഞ്ഞുകൊടുക്കാത്തത്
Unknown said…
മകന്‍ ഒരു ന്യൂക്ലിയാര്‍ ശാസ്ത്രഞ്ജന്‍ ആവട്ടെ.... എന്നിട്ട് എല്ലാരേം പറഞ്ഞു മനസിലാക്കിക്കട്ടെ
നിഷാ..നന്നായിരിക്കുന്നൂ ട്ടൊ..
അമ്മയുടേയും മകന്റേയും വ്യാകുലതകൾ വരികളിൽ ദൃശ്യമാണു..
ആശംസകൾ..!
Rainy Dreamz ( said…
'എന്നാല്‍ പിന്നെ എന്താ ഗവണ്മെന്‍റ് ഒന്നും ആള്‍ക്കാര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത്?'

കൊള്ളാം, ഈ ചോദ്യം മാത്രം ബാക്കിയാവുന്നു, ഉത്തരം കിട്ടാത്തൊരു ചോദ്യമായി... ഇല്ലെങ്കില്‍ തന്നെ ഗവന്മേണ്ട് നന്നായിരുന്നെങ്കില്‍ നമ്മുടെ നാട് എത്ര നന്നായേനെ അല്ലെ
Mohiyudheen MP said…
മഷിയിൽ നിന്നും വായിച്ചിരുന്നു,,, കാലിക പ്രസക്തം നിഷ
കാമ്പുള്ള ഉള്ളടക്കം.
Unknown said…
I think, govt has done its duty through media and otherwise to spread the awareness about nuke plants, its plus and minus...How many are interested in such news! Can govt educate each citizen! But the valid question is, why the local people did not oppose to the construction for so long, and suddenly came into action...All said and done, the present hullabaloo is based on some biased views and half knowledge, not to mention the political mileage for some.
ലളിതമായ വാക്കുകളിലൂടെ മകന് പവര്‍പ്ലാന്റിനെപ്പറ്റി ശരിക്കും
മനസ്സിലാക്കിക്കൊടുത്തല്ലോ!!
കുറച്ചേറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയാകുന്നു, ഇല്ലേ?
നന്നായി അവതരിപ്പിച്ചു,ആശംസകള്‍!!!
Nisha said…
അതെ, ഏതാണ്ട് ആ സ്ഥിതിയാണ് എല്ലാ കാര്യത്തിലും! കഷ്ടം തന്നെ അല്ലെ???
Nisha said…
അതെങ്ങിനെ ഞാന്‍ മകനോട് പറയും???? എന്നെ ധര്‍മസങ്കടത്തിലാക്കിയല്ലോ :-(
Nisha said…
നല്ല ഉപാധി തന്നെ! പക്ഷെ മകന്‍ വളര്‍ന്നു വലുതാവുന്നത് വരെ എന്ത് ചെയ്യും????
Nisha said…
നന്ദി ടീച്ചര്‍!, ശരിക്കും നടന്ന കാര്യം അതേപടി എഴുതിയതിനാലാവാം വ്യാകുലതകള്‍ വരികളില്‍ നിറഞ്ഞുനിന്നത്!
Nisha said…
അതെ റൈനി,ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!!!!

നാം ഇങ്ങിനെ ചില ചോദ്യങ്ങള്‍ ചോദിക്കാത്തത് കൊണ്ടാണോ നാട് നന്നാവാത്തത് എന്നൊരു സംശയവും ഇല്ലാതില്ല!!!
Nisha said…
നന്ദി മൊഹി, ലേഖനം ഇത് വരെ എഴുതാത്ത ഒരു മേഖല ആയിരുന്നു. അതിന്‍റെ ഒരാശങ്ക ഉണ്ടായിരുന്നു മഷിയിലേക്ക് അയച്ചപ്പോള്‍ - അതില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഏറെ സന്തോഷവും!!!!
Nisha said…
നന്ദി മുഹമ്മദ്‌!!
Nisha said…
നന്ദി മോഹന്‍!, കുട്ടികള്‍ക്ക് മനസ്സിലാവുന്ന പോലെ പറഞ്ഞില്ലെങ്കില്‍ പിന്നെ മിണ്ടാതിരിക്കുന്നതല്ലേ ഭേദം?
അതെ ചോദ്യങ്ങള്‍ പലപ്പോഴും ബാക്കിയാവുന്നു...
ലേഖനം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം!
alimajaf said…
the starting of this lekhanam is for kuttikal and the ending is for valiyavar. kuttikal will understand what valiyavars says, but valiyavar will not try to understand what is more valiyavar talking. That is the problem
Unknown said…
വായിച്ചിരുന്നു.. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിൽ നന്നായെഴുതി
RAGHU MENON said…
ആണവനിലയം നൂറു ശതമാനം സുരക്ഷമാണ്
എന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു-
അതുകൊണ്ടാണല്ലോ 'ത്രീ മൈല്‍ ഐലണ്ടിനു ശേഷം,
അമേരിക്കയില്‍ പോലും ഒന്നും ഉണ്ടാക്കഞ്ഞത്.
അടുത്തയിടെ ജര്‍മനി നിയമ നിര്‍മാണം ഉന്ടാക്കിയത്
പുരോഗതി തദ്ദേശവാസികളുടെ ഇടയില്‍ ഭീതി
പരത്തി ആകരുത്.
അപകടം ഉണ്ടായപ്പോള്‍ ചെയ്ത
നമ്മുടെ 'ക്രൈസിസ്' മാനേജുമെന്റിന്റെ കഴിവ്,
അവരെ പുനരിധിവസിപ്പിച്ച രീതി, അവര്‍ക്ക് നല്‍കിയ
നഷ്ടപരിഹാരം എല്ലാം, ഭോപ്പാലില്‍
കൂടി ചരിത്രം പറയുന്നു.
Nisha said…
nice observation! thanks for sharing - yes, the problem is that we dont even try to listen to others - leave alone understanding them!!!
Nisha said…
നന്ദി സുമേഷ്! വായിച്ചിരുന്നുവെന്നും എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തിലാണ് എന്നതും ആശയ്ക്ക് വക നല്‍കുന്നു...
Nisha said…
അതെ, ചരിത്രം എടുത്തു നോക്കിയാല്‍ ഭീതിദായകമായ കാഴ്ചകള്‍ ആണ് കാണുന്നത്! നമ്മുടെ നാട്ടില്‍ പലപ്പോഴും നാം ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് പതിവ്! ഇത് അങ്ങിനെയാവില്ലെന്ന്‍ പ്രത്യാശിക്കാം...

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം