പുതു ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇക്കഴിഞ്ഞ ദിവസം എന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ പുതുതായി ബ്ലോഗിങ്ങ് രംഗത്തേയ്ക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നു. (നിങ്ങള്‍ അത് വായിച്ചിട്ടില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാം). അത് വായിച്ച ചിലര്‍ ഇങ്ങനെയൊരെണ്ണം മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്നൊരഭിപ്രായം എന്നോട് പറയുകയുണ്ടായി. ഒരിക്കല്‍ എഴുതിയ കാര്യം തന്നെ വീണ്ടും എഴുതണമല്ലോ എന്നാലോചിച്ചപ്പോള്‍ മടിയായി; പിന്നെ തിരക്കുകളെല്ലാം ഒഴിഞ്ഞ്, വെറുതെയിരിക്കുമ്പോള്‍ തോന്നി, അല്ല, അത് മലയാളത്തിലും എഴുതണം. ഇങ്ങനത്തെ കാര്യങ്ങള്‍ പറയുന്ന പോസ്റ്റുകള്‍ ഞാന്‍ മലയാളത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഇംഗ്ലീഷില്‍ ധാരാളം ഉണ്ട് താനും... ഈ ചിന്ത ശക്തമായതോടെ മടി എവിടെയെന്നറിയാതെ പോയൊളിച്ചു. ചിലര്‍ക്കെങ്കിലും ഉപയോഗപ്രദമാവുമെങ്കില്‍ എന്തിന് മടിക്കണം??? ഇത്തരം ചിന്തകള്‍ ശക്തമായതോടെ ഈ പോസ്റ്റ്‌ പിറവി കൊണ്ടു.

ആമുഖമായി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം.

ഈ പോസ്റ്റിന്‍റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് അറിയില്ല. പക്ഷേ, ബ്ലോഗിങ്ങ് ലോകത്ത് പലപ്പോഴും കേള്‍ക്കുന്ന പരാതിയാണ് 'ആരും എന്‍റെ ബ്ലോഗ്‌ വായിക്കുന്നില്ല; അത് കൊണ്ട് എനിക്ക് എഴുതാനുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു' എന്നത്. ഒരാളുടെ ബ്ലോഗ്‌ ആരും വായിക്കാത്തത്  വായനക്കാരുടെ കുഴപ്പമാണ് എന്ന മനോഭാവം ചിലരിലെങ്കിലും കണ്ടിട്ടുണ്ട്. എനിക്ക് പലപ്പോഴും ചോദിക്കാന്‍ തോന്നിയിട്ടുള്ളത് 'ഞാന്‍ എന്തിനു നിങ്ങളുടെ ബ്ലോഗ്‌ വായിക്കണം' എന്ന ചോദ്യമാണ്. ചില ബ്ലോഗുകളില്‍ പോയി നോക്കിയാല്‍ വായനക്കാരനെ/ക്കാരിയെ പിടിച്ചിരുത്തുന്ന ഒന്നും കാണാന്‍ കഴിയില്ല. എനിക്ക് നിങ്ങളുടെ ബ്ലോഗില്‍ നിന്നും ഒന്നും കിട്ടുന്നിലെങ്കില്‍ ഞാന്‍ എന്തിന് അവിടെ വീണ്ടും വരണം? ഈ പ്രതികരണം ചിലരുടെ ബ്ലോഗിലെങ്കിലും ഇടാന്‍ തോന്നിയിട്ടുണ്ട്, പക്ഷേ ഒരു ബ്ലോഗറുടെ (പുതുമുഖത്തിന്‍റെ പ്രത്യേകിച്ചും) എഴുത്തിനെ കുറ്റം പറയാന്‍ ഞാന്‍ ആര്? ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഒന്നും പറയാതെ അവിടെ നിന്ന് പോരും.

പിന്നെയാണ് ഈ പോസ്റ്റിലൂടെ ചെറിയ ചില കാര്യങ്ങള്‍, ഉപകാരപ്രദമാവും എന്ന് ഞാന്‍ വിശ്വസിക്കുന്ന ചില കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ട് വരാം എന്ന ആശയമുദിച്ചത്. ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങള്‍  ഒന്നുരണ്ടു കൊല്ലത്തെ എന്‍റെ ബ്ലോഗിങ്ങ് അനുഭവങ്ങളും വായിച്ചറിഞ്ഞ കാര്യങ്ങളും കൂട്ടിയാണ് അവതരിപ്പിക്കുന്നത്. അത് സമ്പൂര്‍ണ്ണമാണെന്നോ കുറ്റമറ്റതാണെന്നോ അവകാശവാദമില്ല. എന്നെക്കാളും അനുഭവസമ്പത്തും, അറിവും, ഭാഷാജ്ഞാനവും ഉള്ളവരാണ് ഇവിടെ ഭൂരിപക്ഷവും. ഈ പോസ്റ്റ്‌ പ്രധാനമായും പുതുതായി ഈ രംഗത്ത് വന്ന, അല്ലെങ്കില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടിയാണ് എന്ന് കൂടി പറഞ്ഞുകൊണ്ട് വിഷയത്തിലേക്ക് കടക്കുന്നു...




ഏതൊരു കാര്യവും തുടങ്ങുമ്പോള്‍ നാം പ്രകടിപ്പിക്കുന്ന ഉത്സാഹവും, അതിനായി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും കിടയറ്റതാണ്. ബ്ലോഗിങ്ങ് ലോകവും വ്യത്യസ്തമല്ല. ഇവിടേക്ക് പുതുതായി കാലുകുത്തുന്നവരില്‍ ഭൂരിപക്ഷം ആളുകളും തങ്ങളുടെ പുതു സംരഭത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും വച്ചു പുലര്‍ത്തുന്നവരാവും. തുടക്കത്തില്‍ അവര്‍ ഒരു പോസ്റ്റിനു പിറകെ വേറൊരു പോസ്റ്റ്‌ എന്ന രീതിയില്‍ കുറെയധികം പോസ്റ്റുകള്‍ എഴുതും. ആദ്യത്തെ ആഴ്ചയില്‍ തന്നെ പത്തും  പന്ത്രണ്ടും പോസ്റ്റുകള്‍ എഴുതുന്ന ഇവര്‍ കുറച്ചു ദിവസങ്ങള്‍ കഴിയുന്നതോടെ തികച്ചും നിഷ്ക്രിയരാവും. ചോദിച്ചാല്‍ പറയും - ആരും വായിക്കുന്നില്ല, അത് കൊണ്ട് എഴുതാനുള്ള മൂഡ്‌ ഇല്ല' എന്ന്‍..


ഇവര്‍ക്ക് പറ്റുന്ന അബദ്ധം എന്താണെന്ന് നോക്കാം - ഒരു ഫാക്ടറി രാപ്പകലില്ലാതെ സാധനങ്ങള്‍  ഉത്പാദിപ്പിക്കുന്നത് പോലെ ഇവരും തങ്ങളുടെ പോസ്റ്റുകള്‍ ഇടുന്നു. താന്‍ എഴുതുന്നത് വായനക്കാര്‍ക്ക് വായനാസുഖം നല്‍കുന്നുണ്ടോ, അവര്‍ക്കത് ഇഷ്ടപ്പെടുന്നുണ്ടോ, ആളുകള്‍ക്ക് താത്പര്യമുള്ള വിഷയമാണോ താന്‍ എഴുതുന്നത് എന്നൊക്കെ ആരും ചിന്തിക്കാറില്ല. മിക്കപ്പോഴും താന്താങ്ങളുടെ സ്വകാര്യ ഡയറിയിലെ കുറിപ്പുകളാവും പലരും പോസ്റ്റ്‌ ചെയ്തിരിക്കുക. ഈ ലോകത്തിന്റെ കാര്യം വളരെ വിചിത്രമാണ് - നാം മോഹന്‍ലാലോ, മമ്മൂട്ടിയോ, രാജനീകാന്തോ, സച്ചിന്‍ ടെണ്ടുല്‍ക്കറോ (അതുമല്ലെങ്കില്‍ വേറെ ഏതെങ്കിലും പ്രശസ്ത വ്യക്തികളോ) അല്ലെങ്കില്‍ നമ്മുടെ ജീവിതത്തെക്കുറിച്ചറിയാന്‍ ആര്‍ക്കും വല്യ താത്പര്യമൊന്നുമുണ്ടാവില്ല എന്നതാണ് നഗ്ന സത്യം! ഏതൊരു ബ്ലോഗറും ഒന്നാമതായി ഓര്‍ത്തിരിക്കേണ്ട പാഠം - ബ്ലോഗ്‌ നിങ്ങളുടെ സ്വകാര്യ ഡയറിയല്ല. അതില്‍ നിങ്ങളുടെ ദിനചര്യകളും മറ്റും കുത്തിനിറച്ചാല്‍ ആരും വായിക്കാന്‍ താത്പര്യപ്പെടില്ല - വായനക്കാരെ വീണ്ടും വീണ്ടും നിങ്ങളുടെ ബ്ലോഗിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ തക്ക വിഷയങ്ങളും അവതരണവും ആവണം. ഓരോ തവണ എഴുതുമ്പോഴും വിഷയം നന്നായി ആലോചിച്ച് തീരുമാനിച്ച്, എഴുതിയത്  പലതവണ വായിച്ചു നോക്കി, ആറ്റിക്കുറുക്കിയ ശേഷമാവണം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.


നല്ല വിഷയം തിരഞ്ഞെടുത്ത് അത് ബ്ലോഗില്‍ ഇട്ടാല്‍ മാത്രം മതിയോ? ഇതിനുത്തരം പറയുന്നതിന് മുന്‍പ് ഒരുദാഹരണം നോക്കാം - നാം മാര്‍ക്കറ്റില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു എന്ന് കരുതുക. ഒരേ പോലുള്ള രണ്ടു ഉത്പന്നങ്ങള്‍ ഉണ്ടെങ്കിലും എന്ത് കൊണ്ട് നാം ഒരു പ്രത്യേക ബ്രാന്‍ഡ് തന്നെ വാങ്ങുന്നു? ഉപയോഗം ഒന്നാണെങ്കിലും ഒരേ പോലെയുള്ള രണ്ട് ഉത്പന്നങ്ങളില്‍ ഏത് തിരഞ്ഞെടുക്കും എന്ന്‍ തീരുമാനിക്കുന്ന ഘടകം എന്ത്? പലപ്പോഴും ആ ഉത്പന്നത്തിന്‍റെ ഭംഗിയും പുറം മോടിയുമാണ് നമ്മെ ആകര്‍ഷിക്കുന്നതും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം ആളുകളും ചിന്തിക്കുക കൂടുതല്‍ ഭംഗിയില്‍ പൊതിഞ്ഞിരിക്കുന്ന സാധനമാണ് കൂടുതല്‍ നല്ലതെന്നാണ്. അത് കൊണ്ട് ഒരേ ഗുണമേന്മയുള്ള രണ്ടുതരം സോപ്പുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ഏറ്റവും ആകര്‍ഷണീയമായ കവറുള്ളതാണ് ആളുകള്‍ തിരഞ്ഞെടുക്കുക (പരസ്യവാചകങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ - ഇപ്പോള്‍ ആകര്‍ഷണീയമായ പുതിയ പാക്കില്‍), ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട പാക്കിങ്ങില്‍ എന്നൊക്കെയാണ് അവര്‍ പറയുക. അത് കേള്‍ക്കുന്ന നാം കരുതും ആ ഉല്‍പന്നമാണ് നല്ലതെന്ന്). അതുകൊണ്ടുതന്നെ ചിലപ്പോഴെങ്കിലും ഗുണമേന്മയുള്ള സാധനം പാക്കിംഗ് നന്നാവാത്തത് കൊണ്ട് തഴയപ്പെടുന്നു.

ഇതേ തത്വം നമ്മുടെ ബ്ലോഗിനും ബാധകമാണ്. നല്ലൊരു വിഷയം എഴുതിയാല്‍ മാത്രം പോര, അത് ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിക്കുകയും വേണം. രണ്ടാമത്തെ പാഠം - നല്ലൊരു രചനയുണ്ടായാല്‍ മാത്രം പോര, അത് ആകര്‍ഷണീയമായ രീതിയില്‍ വായനക്കാരുടെ മുന്നില്‍ എത്തിക്കണം. ബ്ലോഗിന്‍റെ ലേ-ഔട്ട്‌, മൊത്തത്തിലുള്ള ഭംഗി, വാക്കുകളുടെ വലുപ്പവും അലൈന്‍മെന്റും, ഖണ്ഡിക തിരിക്കലുമൊക്കെ ഇതില്‍ പെടും. ആദ്യ കാഴ്ചയിലെ ആകര്‍ഷണീയത വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായിക്കുന്ന ഒരു മുഖ്യ ഘടകം തന്നെ!

ഇപ്പോള്‍ നമ്മുടെ പക്കല്‍ ഒരു നല്ല രചനയുണ്ട്; അത് ആകര്‍ഷണീയമായി തന്നെ ബ്ലോഗില്‍ അവതരിപ്പിച്ചിരിക്കുന്നു; എല്ലാമായോ? ഉവ്വെന്നു കരുതിയെങ്കില്‍ തെറ്റി. ഇനിയും പല കാര്യങ്ങളുമുണ്ട് ശ്രദ്ധിക്കേണ്ടതായി... നമ്മുടെ ഉദാഹരണത്തിലേക്ക് തിരിച്ചു വരാം. കടയിലെ ഷെല്‍ഫില്‍ ആകര്‍ഷണീയമായ രീതിയില്‍ പൊതിഞ്ഞു വെച്ച രണ്ട് സോപ്പുകള്‍ - രണ്ടും വേറെ വേറെ ബ്രാന്‍ഡ്‌ ആണെന്നൊഴിച്ചാല്‍ വേറെ വ്യത്യാസങ്ങള്‍ ഒന്നുമില്ല... അപ്പോള്‍ ഏത് തിരഞ്ഞെടുക്കും? കുഴങ്ങി അല്ലെ? അപ്പോള്‍ നാം ആ സോപ്പുകള്‍ കൈയ്യിലെടുത്ത് അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കും. അത് ആരാണ് ഉണ്ടാക്കിയത്, എവിടെയാണ് ഉണ്ടാക്കിയത്, എന്നാണ് ഉണ്ടാക്കിയത്, എന്തെല്ലാമാണ് അതുണ്ടാക്കാന്‍ ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമായി അവയില്‍ കൊടുത്തിരിക്കും.

നാം നോക്കുമ്പോള്‍ ഒരു സോപ്പിന്‍റെ കവറില്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ ഒന്നുമില്ല - മറ്റതില്‍ വളരെ കൃത്യമായി ഉണ്ട് താനും. ഇങ്ങനെയുള്ള ഒരു പരിസ്ഥിതിയില്‍ ഭൂരിപക്ഷം ആളുകളും വിവരങ്ങള്‍ കൃത്യമായി കൊടുത്ത സോപ്പ് ആണ് വാങ്ങുക. കാരണം ലളിതമാണ് - അതില്‍ അതുണ്ടാക്കുന്ന കമ്പനിയെക്കുറിച്ചും മറ്റും പറഞ്ഞിരിക്കുന്നു. മറ്റേതില്‍ അതില്ല. സ്വന്തം വിവരങ്ങള്‍ പറയുന്നത് വഴി ആദ്യത്തെ കമ്പനി സ്വാഭാവികമായും കൂടുതല്‍ വിശ്വാസ്യത നേടിയിരിക്കുന്നു. നമ്മുടെ ബ്ലോഗുകളും അത് പോലെ തന്നെ! നാം ധരിച്ചു വെക്കേണ്ടുന്ന മൂന്നാമത്തെ പാഠം - ബ്ലോഗില്‍ നമ്മെക്കുറിച്ചും ഒരു ചെറിയ വിവരണം അവശ്യമായും ഉണ്ടാവണം. നാം വായനക്കാര്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊടുക്കുന്നത് വഴി അവരുടെ വിശ്വാസ്യത നേടുകയാണ്‌; ഒരു പുതു ബ്ലോഗര്‍ തീര്‍ച്ചയായും തന്നെക്കുറിച്ച് ഒരു ചെറിയ വിവരണം ബ്ലോഗില്‍ നല്‍കിയേ മതിയാകൂ - കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരു ബ്ലോഗറുടെ ഹോം പേജ് കഴിഞ്ഞാല്‍ ഏറ്റവും അധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പേജ് അവരുടെ പ്രൊഫൈല്‍ പേജ് ആണെന്നാണ്‌.; പുതു ബ്ലോഗര്‍മാര്‍ ഇക്കാര്യം പ്രത്യേകം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ഇതെല്ലാം ചെയ്‌താല്‍ എല്ലാമായോ? ഇല്ല; നമ്മുടെ സോപ്പിന്‍റെ കാര്യം തന്നെയെടുക്കാം. ഒരു സോപ്പ് ഉണ്ടാക്കി, നല്ല ആകര്‍ഷണീയമായി പായ്ക്ക് ചെയ്ത്, അതിനെപ്പറ്റിയും കമ്പനിയെപ്പറ്റിയും എല്ലാ വിവരങ്ങളും നല്‍കിയാല്‍ ആളുകള്‍ ആ സോപ്പ് വാങ്ങുമോ? ഇല്ല - ഇങ്ങനെ ഒരു സോപ്പ് വിപണിയിലുണ്ടെന്ന് അറിയാതെ ആളുകള്‍ ഇങ്ങിനെ വാങ്ങും??? അത് ഉപഭോക്താവിനെ അറിയിക്കാനാണ് കമ്പനികള്‍ ലക്ഷക്കണക്കിന്‌ പൈസ മുടക്കി പരസ്യങ്ങള്‍ പുറത്തിറക്കുന്നത്. അവ കണ്ട് നാം ആകര്‍ഷിക്കപ്പെടുകയും സോപ്പ് വാങ്ങുകയും ചെയ്യുന്നു.

ബ്ലോഗിന്‍റെ കഥയും അങ്ങനെ തന്നെ. നല്ല രചനയും, ആകര്‍ഷണീയമായ കെട്ടും മട്ടും, നമ്മെക്കുറിച്ചുള്ള വിവരവും ബ്ലോഗില്‍ കൊടുത്താല്‍  വായനക്കാര്‍ ഇരച്ചു കയറും എന്ന് കരുതുന്നത് വിഡ്ഢിത്തമാവും, അല്ലെ? നമ്മുടെ ബ്ലോഗിനെ ആളുകളുടെ മുന്നില്‍ കൊണ്ടുവരണം. സോഷ്യല്‍ മീഡിയ അരങ്ങുതര്‍ത്തു വാഴുന്ന ഇക്കാലത്ത് ബ്ലോഗര്‍ക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യങ്ങളില്‍ ഒന്നാണ് തന്‍റെ ബ്ലോഗിനെ പൊതുജന സമക്ഷം കൊണ്ട് വരിക എന്നത്. ഫേസ് ബുക്ക്‌ തുടങ്ങിയ വേദികളിലൂടെ ഇത് അനായാസം സാധിക്കും. അതിലൂടെ അനേകം കൂട്ടായ്മകളില്‍ ചേരാനും മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കാനും തന്‍റെ ബ്ലോഗ്‌ മറ്റുള്ളവരിലെത്തിക്കാനും കഴിയും. കൂട്ടത്തില്‍ പറയട്ടെ - പല കൂട്ടായ്മകളും കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് വളരുന്നത്. നിങ്ങള്‍ കൂട്ടായ്മകളില്‍ ചേര്‍ന്നാല്‍ മാത്രം മതിയാകില്ല; അവിടെയുള്ള കൂട്ടുകാരുടെ ബ്ലോഗുകള്‍ വായിക്കുകയും, പ്രതികരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം - എന്നാലേ നിങ്ങള്‍ക്കും അവ തിരിച്ചു കിട്ടൂ.... മറ്റുള്ളവരെ അവഗണിച്ച് 'ഈ-ലോകത്ത്' അധിക കാലം നിലനില്‍ക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ബ്ലോഗിങ്ങിലെ നാലാമത്തെ പാഠം - മാര്‍ക്കെറ്റിങ്ങ് നല്ലവണ്ണം ചെയ്യാന്‍ അറിയണം. നല്ല രചനകള്‍ സൃഷ്ടിച്ചാല്‍ മാത്രം പോര, അത് മറ്റുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഇനി അവസാനത്തെ പാഠം - ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത് - നിങ്ങളുടെ ബ്ലോഗ്‌ നിങ്ങളുടെ ഉത്തരവാദിത്വമാണ്. അതിനെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും തളര്‍ത്തുന്നതുമൊക്കെ നിങ്ങള്‍ തന്നെയാണ് - വായനക്കാരല്ല. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമായിരിക്കും; പക്ഷേ നിങ്ങളുടെ ബ്ലോഗ്‌ നിലനിര്‍ത്തുന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. അതിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസവും പ്രേരണയും നിങ്ങള്‍ സ്വയം കണ്ടെത്തണം. മറ്റാര്‍ക്കും അതിന് കഴിയില്ല. നിങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ പലപ്പോഴും അനുകൂലമായിക്കൊള്ളണം  എന്നില്ല; വിമര്‍ശനങ്ങളേയും പ്രശംസകളെയും ശരിയായ വിധത്തില്‍ കണ്ട്, നെല്ലും പതിരും തിരിച്ചറിഞ്ഞ് മുന്നേറുക. ജീവിതമെന്ന പോലെ ബ്ലോഗിങ്ങ് മേഖലയും  കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ കടന്നു പോകും. അവയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും വിശ്വാസവും സ്വയം കണ്ടെത്തണം. എങ്കില്‍, അകാരണമായ വിമര്‍ശനങ്ങളും അസത്യമായ പ്രശംസകളും നിങ്ങളെ വഴിതെറ്റിക്കില്ല - അതിന് കഴിയില്ല എന്നാണെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ സ്വകാര്യ ഡയറിയില്‍ ഒളിപ്പിച്ചു വെക്കുന്നതാവും അഭികാമ്യം!

ആത്മ ചിന്തനത്തിന്റെ കരുത്തുപകരുന്ന രചനകള്‍ ഇനിയുമിനിയും സൃഷ്ടിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയുമാറാകട്ടെ എന്നാശിക്കുന്നു.... ആശംസകള്‍! നേരുന്നു!!!

പിന്കുറിപ്പ്: ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഞാന്‍ കണ്ടും കൊണ്ടും അറിഞ്ഞവയാണ്. വായിച്ചറിഞ്ഞ പല അറിവുകളും ഇതില്‍ പെടും. അവയെല്ലാം എന്നിലേക്ക്‌ പകര്‍ന്നു തരാന്‍ നിമിത്തമായ എല്ലാവര്ക്കും എന്‍റെ നന്ദി! പ്രത്യേകിച്ചും ഫേസ് ബുക്ക്‌ കൂട്ടായ്മയിലെ അസംഖ്യം കൂട്ടുകാര്‍ക്ക്....

Comments

പുതുമുഖങ്ങള്‍ വരട്ടെ .. അവര്‍ക്ക് ഇത് സഹായകമാവട്ടെ.. പക്ഷെ ഏറ്റവും രസകരമായ സംഗതി എന്തെന്നാല്‍ ബ്ലോഗ്‌ എഴുതുന്നവരാണ് ഇതൊക്കെ കൂടുതലും വായിക്കുന്നത്. ചെറുതായെങ്കിലും എഴുത്തില്‍ താല്പര്യം ഉള്ളവരിലേക്ക് ഈ പോസ്റ്റ്‌ എത്തട്ടെ... ആശംസകള്‍
പുതു മുഖങ്ങളിലേക്ക് ഈ വരികള്‍
എത്തുവാനുള്ള വഴി എന്താണ് ..?
അതു തന്നെയാണ് വേണ്ടതും .. വളരെ ഗുണകരമായ ഒന്ന് ..
കൊടുക്കല്‍ വാങ്ങുലുകളിലൂടെ മാത്രമേ ബ്ലൊഗ്ഗിംഗ്
നില നില്‍ക്കൂ , അല്ലെങ്കില്‍ പറഞ്ഞ പൊലെ അതി പ്രശസ്തരാവണം ..
ഈ വരികള്‍ നമ്മുടെ ബ്ലൊഗിലേ പുലികള്‍ക്കെത്തും മുന്നേ
പിച്ച വയ്ക്കുന്നവരിലേക്ക് എത്തുന്നത് ഉത്തമമാകും ..
മടി കളഞ്ഞ് മലയാളം എഴുതിയത് , എന്നെ പൊലെ
പാവങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ട് , നന്ദി ..
Manoj Vellanad said…
1. ബ്ലോഗ്‌ നിങ്ങളുടെ സ്വകാര്യ ഡയറി അല്ല..
2.നല്ലൊരു രചന ഉണ്ടായാല്‍ മാത്രം പോരാ.. അത് ആകര്‍ഷണീയമായി മറ്റുള്ളവരുടെ മുന്നില്‍ എത്തിക്കണം.. 3.ബ്ലോഗ്ഗില്‍ നമ്മെ ക്കുറിച്ചും ഒരു ചെറു വിവരണം ആവശ്യമായും ഉണ്ടാകണം.
4.മാര്‍ക്കറ്റിംഗ് നന്നായി ചെയ്യണം
5.നിങ്ങളുടെ ബ്ലോഗ്‌ നിങ്ങളുടെ ഉത്തരവാദിത്തമാണ്.. ബ്ലോഗിങ്ങ് ടിപ്സ് കിടിലം.. എന്നെ പോലൊരു പുതിയ ബ്ലോഗ്ഗര്‍ അറിയേണ്ട കാര്യങ്ങള്‍..,.. ഇതില്‍ മാര്‍ക്കറ്റിംഗ് ഞാന്‍ നന്നായി ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്.. :)
Unknown said…
ശ്രദ്ധ പതിപ്പിക്കേണ്ടതായ കാര്യങ്ങൾ തന്നെ..പലരും ഇതൊന്നും മനസ്സിൽ വെക്കാതെയാണു മുന്നോട്ട് പോകുന്നത്.., ഞാനുമൊക്കെ അങ്ങനെ തന്നെ.., സീരിയസ് ആയി എടുക്കാത്തതു തന്നെ കാരണം..
Rainy Dreamz ( said…
ഇത് നവ ബ്ലോഗർമാർക്കൊരു ആമുഖം തന്നെ
വളരെ നല്ല നിര്‍ദ്ദേശങ്ങള്‍, നിഷ...എഴുതണം എന്ന് മോഹമുള്ളവര്‍ നിര്‍ബന്ധമായും ഇത് വായിച്ചറിയണം, തീര്‍ച്ച...ആത്മാര്‍ത്ഥമായി എഴുതാനും മറ്റുള്ളവര്‍ക്ക് മുന്നില്‍ ആശയങ്ങള്‍ പങ്കു വെയ്ക്കാനും നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന് മാത്രം പ്രാര്‍ത്ഥന, ആശംസകള്‍...:)
ഉപകാരപ്രദം, നന്ദി.....
ajith said…
ഇംഗ്ലിഷ് വെര്‍ഷന്‍ മുമ്പ് വായിച്ചിരുന്നു.
ഇതും നന്നായി


(പഴയ ബ്ലോഗര്‍മാര്‍ക്കും ടിപ്സ് വേണം കേട്ടോ)
ബ്ലോഗ് രംഗത്ത് വളരാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. തോന്നുന്നത് കുത്തിക്കുറിച്ച് വെപ്രാളത്തോടെ പോസ്റ്റ് ചെയ്യുന്നവരാണു ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും. ഗുണമേന്മയുള്ള പോസ്റ്റാണെങ്കില്‍ ആദ്യം വായനക്കാര്‍ കുറവാണെങ്കിലും ക്രമേണ വായനക്കാര്‍ കൂടി വരും. ഏകാഗ്രതയും ബ്ലോഗിംഗില്‍ സമര്‍പ്പണവും വളരെ ആവശ്യമാണ്. ഈ പോസ്റ്റ് തയ്യാറാക്കി ബൂലോകത്തിന് സമ്മാനിച്ച നിഷയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍...
ആഹാ..!എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ .നന്നായി അവതരിപ്പിച്ചു
jayanEvoor said…
വളരെ നന്നായി എഴുതി നിഷ...
അഭിനന്ദനങ്ങൾ!

ബ്ലോഗിംഗ് രംഗത്തേക്കു കടന്നു വരുന്നവരാൻ ആഗ്രഹിക്കുന്നവർക്കും, ബ്ലോഗിംഗ് മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഇതിനു മുൻപും പല ബ്ലോഗർമാരും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനായി പ്രത്യേകബ്ലോഗ് തന്നെ തുടങ്ങിയ രണ്ടാളുകൾ ആണ് അപ്പു, മുള്ളൂക്കാരൻ എന്നിവർ.

അവരുടെ ബ്ലോഗ് ലിങ്കുകൾ എല്ലാവർക്കുമായി ദാ ഇവിടെ

ആദ്യാക്ഷരി http://bloghelpline.cyberjalakam.com/

ഇന്ദ്രധനുസ്സ് http://indradhanuss.blogspot.in/

പരിണതപ്രജ്ഞരായ ബ്ലോഗർമാർക്കു കൂടി പഠിക്കാൻ പലതുമുണ്ട് ഇവിടങ്ങളിൽ!

Sabu Kottotty said…
പുതിയ ബ്ലോഗർ സ്റ്റൈലിൽ ബ്ലോഗിംഗ് ടിപ്സുകളും സോഫ്റ്റ്‌വെയറുകളും ഉൾപ്പെടുത്തി ബ്ലോഗർസഹായി തുഞ്ചൻപറമ്പ് ബ്ലോഗർസംഗമത്തോടനുബന്ധിച്ച് തയ്യാറായിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്
Sabu Kottotty said…
Nisha,
താങ്കളുമായി ബന്ധപ്പെടാൻ ഒന്നു മെയിൽ/ഫോൺ ചെയ്യാമോ?
sabukottotty@gmail.com Mob. 9400006000
പുതിയ ബ്ലോഗര്‍മാര്‍ക്ക് പഴയ ബ്ലോഗര്‍മാര്‍ക്കും ഉപകാര പ്രദമായ രീതിയില്‍ ഉള്ള പോസ്റ്റ് ആശംസകള്‍ നിഷ
Promodkp said…
നന്ദി ഈ ടിപ്സ് തന്നതിന് .ആശംസകള്‍
ഇന്നലെ വായിച്ച് അഭിപ്രായം എഴുതിയിരുന്നു.
ഇന്നലെ ഇവിടെ കാണുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കാണുന്നില്ല.
എന്തു പറ്റിയോ എന്തോ.
Aneesh chandran said…
ഇത് മലയാളത്തില്‍ എഴുതിയത് നന്നായി ആ......
വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ ....
തികച്ചും ഉപകാരപ്രദം ....
ആശംസകള്‍ ...
ഇത്ര പ്രയോജനപ്രദമായ പോസ്റ്റ്‌ ആയിരുന്നിട്ടും 'മാര്‍ക്കറ്റിംഗ്' ഇല്ലാത്തതിനാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പതിനെട്ടു കമട്ന്‍സ് മാത്രം കിട്ടിയുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടത് തന്നെ. ഈ പോസ്റ്റ്‌ ഞാനും ഒന്ന് മാര്‍ക്കറ്റ് ചെയ്യട്ടെ .

ഒരു കാര്യം കൂടി - വിവിധ ബ്ലോഗുകള്‍ വായിക്കുന്നവര്‍ക്ക്, ഒരു ബ്ലോഗര്‍ പോസ്റ്റ്‌ ഇട്ടാല്‍തന്നെ ആ ബ്ലോഗരുടെ എഴുത്ത് ശൈലി (വിഷയം വിവിധമെങ്കിലും) ഏകദേശം പിടികിട്ടും. അതിനാല്‍ മടുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എഴുത്തിലെ ശൈലി മാറ്റി പരീക്ഷിക്കുകയും വ്യത്യസ്ത പോസ്റ്റുകള്‍ (ഉദാ: കഥ, ചെറുകഥ, നര്‍മ്മം,കവിത,ലേഖനം,യാത്രാകുറിപ്പ്..മുതലയാവ) ഇടാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആ ബ്ലോഗിനോടുള്ള മുന്‍വിധി ഒഴിവാക്കാന്‍ കഴിയും

ആശംസകള്‍ നേരുന്നു
Sabu Kottotty said…
ഗൂഗിളമ്മച്ചിക്ക് ചിലപ്പോൾ തോന്നുന്ന വികൃതികളാ... സാരമില്ല തനിയെ തിരികെ വന്നോളും...
ഞാനും നന്നാവാന്‍ തീരുമാനിച്ചു.. :)

(ഈ കുറിപ്പ് പുതുമുഖങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ഉപകാരപ്പെടും. എന്നുവച്ചാല്‍ തലക്കനം കുറഞ്ഞവര്‍ക്ക്)
Nisha said…
എഴുത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഈ നുറുങ്ങുകള്‍ ഉപകാരപ്രദമായെങ്കില്‍ കൃതാര്‍ത്ഥയായി!
Nisha said…
റിനി, നന്ദി! ചിലര്‍ക്കെങ്കിലും ഇതുകൊണ്ട് ഉപകാരമുണ്ടെന്നു അറിയുന്നത് തികച്ചും സന്തോഷകരം തന്നെ!
Nisha said…
അനുഭവം ഗുരു എന്നല്ലേ? ഇതില്‍ നാലാമത്തെ കാര്യത്തില്‍ ഞാന്‍ കുറച്ചു വീക്ക് ആണ്!
Nisha said…
അതാണ്‌ സങ്കടം! നിങ്ങളെപ്പോലെ കഴിവുള്ള എഴുത്തുകാര്‍ ഒരല്പം മനസ്സുവെച്ചാല്‍ പലതും ചെയ്യാന്‍ കഴിയും. നല്ല എഴുത്തുകള്‍ അറിയപ്പെടാതെ പോകരുതെന്ന് ആഗ്രഹിക്കുന്നു. അത് പോലെ തന്നെ ബ്ലോഗിനെ കുറിച്ച് കാര്യമായി അറിയാത്തവര്‍ക്കും ഒരു സഹായമായാല്‍ വളരെ സന്തോഷം!
Nisha said…
നന്ദി റൈനി!
Nisha said…
നല്ല വാക്കുകള്‍ക്ക് നന്ദി! ഇനിയുമിനിയും ആളുകള്‍ എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് കടന്നു വരട്ടെ എന്നാശിക്കുന്നു...
Nisha said…
ഉപകാരപ്രദം എന്നറിഞ്ഞതില്‍ സന്തോഷം!!!
Nisha said…
നന്ദി അജിത്തേട്ടാ...

അയ്യോ, ബ്ലോഗ്‌ പുലികള്‍ക്ക് എന്ത് ടിപ്സ് കൊടുക്കാന്‍!!!!!???
Nisha said…
പലപ്പോഴും ആളുകള്‍ അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് ബ്ലോഗിന്‍റെ ഗുണമേന്മ. എന്തെങ്കിലും എഴുതി പോസ്റ്റ്‌ ചെയ്ത് ഒരുപാട് കമന്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെ മാത്രം ബ്ലോഗ്‌ എഴുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ടെന്നതാണ് ദുഃഖ സത്യം! അത്തരം ബ്ലോഗുകള്‍ കുറച്ചു കഴിയുമ്പോള്‍ അരോചകമാവുകയാണ് പതിവ്; അങ്ങിനെയൊരിക്കലും സംഭവിക്കരുതെന്നാശിയ്ക്കുന്നു...
Nisha said…
നന്ദി! ഒരെളിയ ശ്രമം നടത്തിയെന്നെയുള്ളു...
Nisha said…
നന്ദി, ഈ ബ്ലോഗുകളെ പരിചയപ്പെടുത്തിയതിന്. തീര്‍ച്ചയായും അവ സന്ദര്‍ശിക്കുന്നതായിരിക്കും.
Nisha said…
നന്ദി, വിവരങ്ങള്‍ നേരത്തേത്തന്നെ അറിഞ്ഞിരുന്നു...
Nisha said…
നന്ദി കൊമ്പന്‍ മൂസ!
Nisha said…
സന്തോഷം, ഈ നല്ല വാക്കുകള്‍ക്ക് നന്ദി!
Nisha said…
അയ്യോ, കഷ്ടമായല്ലോ!!! എന്ത് പറ്റിയോ ആവോ? ഞാന്‍ കണ്ടില്ലായിരുന്നു കേട്ടോ! എന്തായാലും വീണ്ടും ഇവിടെ വന്നതിന് റാംജിക്ക് ഒരായിരം നന്ദി..
Nisha said…
ഗൂഗിളമ്മച്ചി അത് മുക്കി! തിരികെ വന്നില്ല :-(
Nisha said…
അതെ, നന്നായെന്ന്‍ ഇപ്പോള്‍ തോന്നുന്നു....
Nisha said…
നന്ദി, നല്ല വാക്കുകള്‍ക്ക്!
Nisha said…
മാര്‍ക്കെട്ടിങ്ങില്‍ ഞാന്‍ പണ്ടേ വീക്കാ :-(

താങ്കള്‍ പറഞ്ഞ കാര്യത്തോട് നൂറു ശതമാനം യോജിക്കുന്നു, എന്‍റെ ബ്ലോഗിലും അത്തരം വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കാം..

നന്ദി!
Nisha said…
ഹ! ഹ! ഹ! അതൊന്നു വെച്ചതാണല്ലോ!

എന്തായാലും ചിലര്‍ക്കെങ്കിലും ഉപകാരപ്പെട്ടതില്‍ സന്തോഷം!
Santhosh Nair said…
വളരെ നല്ല നിര്‍ദേശങ്ങള്‍...ഉപകാരപ്രദവും...

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....