കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര

ഏറെ കാലത്തിനു ശേഷമാണ് ഇത്തരമൊരു യാത്ര - കാട്ടിലേക്കുള്ള യാത്രകള്‍ എന്നും എന്റെ പ്രിയപ്പെട്ട യാത്രകളില്‍ പെടും. മിക്കവാറും യാത്രകളില്‍ കാട്ടിലെ അന്തേവാസികളെയൊന്നും കാണാന്‍ കിട്ടാറില്ലെങ്കിലും, ഇന്നെങ്കിലും കടുവയെ കാണാം, ആനയെ കാണാം എന്ന പ്രതീക്ഷയില്‍ ഇറങ്ങിത്തിരിക്കുന്ന കാനനയാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു. ഇത്തവണത്തെ യാത്രയും ഏറെ പ്രതീക്ഷയോടെ തന്നെയാണ് തുടങ്ങിവെച്ചത്....

ഗവിയെക്കുറിച്ച് മുന്‍പും കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത് ഏതോ മാസികയില്‍ ഒരു ലേഖനം വായിച്ചതിനെ തുടര്‍ന്നാണ്‌. എന്നാല്‍ പല തിരക്കിലും ആ സ്ഥലം വിസ്മൃതിയില്‍ ആണ്ടുപോയി. അങ്ങനെയിരിക്കെയാണ് യാദൃച്ഛികമായി ഓര്‍ഡിനറി എന്ന സിനിമ കാണുകയും, അതിലൂടെ ഗവി വീണ്ടും മനസ്സില്‍ ഒരു മോഹമായി മാറുകയും ചെയ്തത്. എന്നാലും പല പല കാരണങ്ങള്‍ കൊണ്ട് അവിടേക്ക് ഒരു യാത്ര നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ അവധിക്കാലത്ത്‌ മൂന്ന് ദിവസം അടുപ്പിച്ച് അവധികിട്ടിയപ്പോള്‍ പതിവുള്ള ബന്ധുഗൃഹസന്ദര്‍ശനങ്ങള്‍ മാറ്റി വെച്ച്, ഗവിയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു...

എന്നാല്‍ എപ്പോഴും ആര്‍ക്കും എങ്ങനെയും കടന്നു ചെല്ലാവുന്ന ഒരു സ്ഥലമല്ല ഗവി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ ഗവി വനാന്തരങ്ങളിലേക്കുള്ള പ്രവേശനം വളരെ പരിമിതമാണ്. വളരെയധികം നിയന്ത്രിതമായേ ആ വനാന്തരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടൂ. ഗവിയില്‍ താമസസൗകര്യവും വളരെ കുറവാണ്. ഫോറെസ്റ്റ് ഡിപാര്‍ട്ട്മെന്റിന്റെ ഒരു ഗസ്റ്റ് ഹൌസ് അല്ലാതെ അവിടെ വേറെ താമസ സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. അവിടെയും വളരെ പരിമിതമായ മുറികള്‍ മാത്രമേയുള്ളൂ. എല്ലാം കൂടി പത്തോ പതിനാലോ മുറികള്‍. മുറി മുന്‍കൂട്ടി ബുക്ക് ചെയ്ത്, നാം പോകുന്ന വണ്ടിയുടെ നമ്പരും മറ്റും പ്രത്യേകം പറഞ്ഞ് പാസിനായി ഏര്‍പ്പാട് ചെയ്താലേ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റിനപ്പുറം ഗവി കാടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. അതിനുള്ള എല്ലാ നടപടി ക്രമങ്ങളും മുന്‍കൂട്ടി നടത്തി, ഒരു ശനിയാഴ്ച്ച രാവിലെ ഞങ്ങള്‍ യാത്ര തിരിച്ചു. പോകുന്നത് കാട്ടിലേക്കാണ് എന്നതു കൊണ്ടും അവിടെ ട്രെക്കിംഗ് തുടങ്ങിയ സാഹസിക പരിപാടികളില്‍ ഏര്‍പ്പെടണം എന്നുള്ളതുകൊണ്ടും കുട്ടികളെ കൂടാതെയാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. കാടുകളില്‍ പോകുമ്പോള്‍ പാലിക്കേണ്ടതായ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ക്ക് വിഷമമാകും എന്ന തിരിച്ചറിവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു (അത് നന്നായി എന്ന്‍ പിന്നീട് ബോദ്ധ്യമായി).

മൂവാറ്റുപുഴ, തൊടുപുഴ, ഏലപ്പാറ, വാഗമണ്‍ വഴി വള്ളക്കടവിലെത്തിയപ്പോഴേയ്ക്കും ഞാന്‍ ഛര്‍ദ്ദിച്ചു ഛര്‍ദ്ദിച്ച് ഒരു പരുവമായി. മലമുകളിലേക്കുള്ള യാത്രകളെ ഞാന്‍ ഒരല്പം ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം ഈ പ്രശ്നമാണ്. വളവും തിരിവും പിന്നിടുമ്പോള്‍ വയറില്‍ ആകെ തിരയിളക്കമാകും - പിന്നെ വയറിലുള്ളതു മുഴുവന്‍ ഛര്‍ദ്ദിച്ചു പോകാതെ ഒരു രക്ഷയുമില്ല... യാത്രകളില്‍ എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന സംഗതി ഇതുതന്നെ (മരുന്നു കഴിച്ചിറങ്ങാന്‍ എപ്പോഴും മറക്കും താനും).
ഗവിയിലേക്കുള്ള പ്രവേശന കവാടം 

എന്തായാലും ഈ വക ബുദ്ധിമുട്ടുകളെയൊക്കെ തരണം ചെയ്ത് 12 മണിയോടെ ഞങ്ങള്‍ വള്ളക്കടവിലെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റില്‍ എത്തി. വണ്ടിയുടെ നമ്പരും മറ്റും പറഞ്ഞ് ഞങ്ങള്‍ക്ക് കാടിന്‍റെയകത്തു പ്രവേശിക്കാനുള്ള അനുവാദവും വാങ്ങി യാത്ര തുടര്‍ന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാലേ ഗവിയിലെത്തൂ. കൊടും കാട്ടിലൂടെയുള്ള യാത്ര എന്റെ നഷ്ടപ്പെട്ട ഉന്മേഷം കുറച്ചൊക്കെ തിരിച്ചു തന്നെങ്കിലും ഗവിയിലെത്തി ഒരല്പ നേരം വിശ്രമിച്ചാല്‍ മതി എന്നൊരവസ്ഥയില്‍ എത്തിയിരുന്നു ഞാന്‍. ക്ഷീണിതയായ ആ അവസ്ഥയില്‍ കാട്ടിനുള്ളിലെ കാഴ്ചകള്‍ കാണാന്‍ ഇടക്കൊക്കെ കണ്ണു തുറന്നു നോക്കിയെങ്കിലും ഒരു കരിങ്കുരങ്ങനെയല്ലാതെ വേറെ ഒരു ജീവിയേയും ഞങ്ങള്‍ കണ്ടില്ല. കാറ്റില്‍ പ്രവേശിച്ച നിമിഷം മുതല്‍ എന്നവണ്ണം കാതടപ്പിക്കുന്ന ചീവിടുകളുടെ കരച്ചിലാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. എന്തായാലും സാവധാനം വണ്ടിയോടിച്ച് ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

അവിടെയെത്തിയ ഉടനെ ഞങ്ങളുടെ താമസ സൗകര്യത്തിന്റെ കാര്യങ്ങള്‍ ഉറപ്പിച്ചു. ആദ്യത്തെ ദിവസത്തേക്ക് ഒരു ടെന്റ് ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതെങ്ങനെയിരിക്കും എന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. എന്തായാലും റിസപ്ഷനില്‍ വച്ചുതന്നെ ഞങ്ങള്‍ക്ക് ഒരു ഗൈഡിനെയും ഹോട്ടല്‍ മാനേജര്‍ ഏര്‍പ്പാടാക്കി തന്നു - ഞങ്ങള്‍ ഗവിയില്‍ നിന്നും പോകുന്നതു വരെ രാമചന്ദ്രന്‍ എന്ന ചെറുപ്പക്കാരനാവും ഞങ്ങളുടെ വഴികാട്ടി. ഏതാണ്ട് ഒരു മണി കഴിയും ഗവിയില്‍ എത്താന്‍ എന്നുള്ളതിനാല്‍ അന്നുച്ചയ്ക്കുള്ള ഭക്ഷണവും അവിടെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ഒന്നരയോടെ അവിടുത്തെ ഭക്ഷണശാല അടക്കുമെന്നതിനാല്‍ ഞങ്ങള്‍ ആദ്യം തന്നെ ഉച്ചയൂണ് കഴിക്കാന്‍ പോയി. ചോറ് (വലിയ അരിയും ചെറിയ അരിയും), ചപ്പാത്തി, ഉരുളക്കിഴങ്ങ് കറി, ദാല്‍, പപ്പായത്തോരന്‍, അവിയല്‍, കാച്ചിയ മോര്, രസം, പപ്പടം, അച്ചാര്‍, മുളക് വറുത്തത് എന്നിവയാണ് അവിടെ എന്നും ഉച്ചയൂണിനുള്ള വിഭവങ്ങള്‍. വയര്‍ കാലിയായിരുന്നുവന്നതിനാലും വിശപ്പിന്റെ ആക്രമണം തുടങ്ങിയാതിനാലും ഞങ്ങള്‍ ഊണുകഴിക്കാന്‍ ഒട്ടും അമാന്തിച്ചില്ല. ഞങ്ങള്‍ ഊണിനായി അവിടെ എത്തിയതും മഴ ചാറാന്‍ തുടങ്ങിയതും ഏതാണ്ട് ഒപ്പമായിരുന്നു.

ഗവി - ടെന്റും പരിസരങ്ങളും 
ഊണു കഴിഞ്ഞതോടെ രാമചന്ദ്രന്‍ ഞങ്ങളെ  ഞങ്ങളുടെ ടെന്റിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതോടെ ആശങ്കകള്‍ തെല്ലൊന്നൊഴിഞ്ഞു. അത്യാവശ്യം വലുപ്പമുള്ള ടെന്ടായിരുന്നു. രണ്ടു കട്ടില്‍, മൂന്നാല് കസേര, ഒരു മേശ, ഒരു ഫാന്‍, മച്ചില്‍ തൂക്കിയിട്ട ഒരു സി എഫ് എല്‍ എന്നിങ്ങനെ പരിമിതമായ സൌകര്യം. കാട്ടിലെ താമസത്തിന് അത് ധാരാളം. റെന്റിനു പിറകിലായി ഒരു കുളിമുറിയും കക്കൂസും. മുറിയോട് ചേര്‍ന്നല്ലെങ്കിലും ഒരു അറ്റാച്ച്ട് ബാത്ത്റൂമിന്റെ പോലെ തന്നെ! ടെന്റിന്റെ മുന്നിലെ കാഴ്ചയോ, ഏറെ ഹൃദ്യം! ടെന്റിന്റെ മുന്‍വശത്ത് കസേരയിട്ടിരുന്നാല്‍ നല്ല കുളിര്‍ കാറ്റുമാസ്വദിച്ച്, മുന്നില്‍ത്തന്നെയുള്ള തടാകവും അതിനപ്പുറത്ത് കനത്ത കാടും കാണാം. അവിടെയിരുന്നപ്പോള്‍ ഇതുവരെയുണ്ടായിരുന്ന ക്ഷീണമൊക്കെ പമ്പകടന്നു! സുഖകരമായ ഒരു മയക്കം കണ്ണില്‍ കനം വെച്ചപ്പോള്‍ അകത്തെ കട്ടിലില്‍ നിവര്‍ന്നു കിടന്ന്‍ യാത്രാക്ഷീണമകറ്റി... മനസ്സിന് സുഖം പകര്‍ന്നു കൊണ്ട് വിവിധതരം പക്ഷികളുടെ പാട്ടുകളും കലപിലകളും. സുഖകരമായ ഒരുറക്കം - ഏതാണ്ട് ഒരു മണിക്കൂറോളം.

ഗവിയില്‍ എത്തിയപ്പോള്‍ തന്നെ മനസ്സ് ശാന്തമായി. ഇത്രയും ദിവസം എന്നെ അലട്ടിയിരുന്ന ജോലിഭാരവും അതിനെ ചൊല്ലിയുള്ള വേവലാതികളും ഒക്കെ എവിടെയെന്നറിയാതെ പോയൊളിച്ചു. ഏറ്റവും സന്തോഷിപ്പിച്ചത് അവിടെ മൊബൈലും റൂമില്‍ ടി വിയും ഇല്ല എന്നതാണ്. (മൊബൈലിന് റേഞ്ച് ഇല്ല - വല്ലപ്പോഴും റേഞ്ച് വരും പോവും - ഞാന്‍ എന്റെ മൊബൈല്‍ സന്തോഷപൂര്‍വ്വം സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു).

പക്ഷിമൃഗാദികള്‍... 
അങ്ങനെ യാത്രാക്ഷീണമൊക്കെ അകറ്റി ഞങ്ങള്‍ മൂന്നരയോടെ വീണ്ടും റെസ്റൊരന്റിന്റെ അടുത്തെത്തി. ബോട്ടിംഗ് ആണ് അന്നത്തെ അജണ്ടയിലുണ്ടായിരുന്നത്. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തിയതും മഴ ചാറാന്‍ തുടങ്ങിയതും ഒരുമിച്ചായിരുന്നു. മഴ നനഞ്ഞു ബോട്ടില്‍ പോകുന്നതിനോട് വലിയ താല്‍പര്യം തോന്നാതിരുന്നതിനാല്‍ വൈകീട്ടത്തെ ചായ കഴിയുന്നതു വരെ കാക്കാം എന്ന്‍ കരുതി. നാലു മണിക്ക് ചായ റെഡിയായതും മഴ കനത്തതും ഒരുമിച്ച്.... ഇന്നത്തെ ദിവസം ഇനിയൊന്നും നടക്കില്ലെന്ന് മനസ്സിലുറപ്പിച്ചു - എങ്കിലും ചായ കുടിച്ച് മഴ തോരാന്‍ കാത്തിരുന്നു. അതെന്തായാലും വെറുതെയായില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മഴ തോര്‍ന്നു. രാമചന്ദ്രന്‍ ഞങ്ങളെ ബോട്ടിങ്ങിനു കൊണ്ടുപോയി - എല്ലാവരോടും എന്നപോലെ പല സ്ഥിരം കഥകളും പറഞ്ഞു (ഏതാണ്ട് എല്ലാ ഗൈഡും ഒരേ കഥകള്‍ തന്നെയാണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് അവരുടെ വാക്കുകളില്‍ നിന്നും ചേഷ്ടകളില്‍ നിന്നും മനസ്സിലായി). എന്നാല്‍ ഞങ്ങള്‍ രാമചന്ദ്രനോട് പല പല കാര്യങ്ങള്‍ ചോദിക്കുകയും അവയ്ക്കൊക്കെ അയാള്‍ തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കുകയുമുണ്ടായി. നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പല്‍ ഈ കാടുകളില്‍ ഉണ്ടെന്നും എന്നും രാവിലെ അതിന്റെ ഒച്ച കേള്‍ക്കുകയും മിക്കപ്പോഴും അത് പറന്നു പോകുന്നത് കാണുകയും ചെയ്യാം എന്നൊക്കെ രാമചന്ദ്രന്‍ പറഞ്ഞു. മഴക്കാലത്ത് ആനയിറങ്ങുന്ന സ്ഥലങ്ങളും ആനക്കഥകളും അയാള്‍ പറയുകയുണ്ടായി. എന്നാല്‍ ബോട്ടിങ്ങില്‍ ഒന്ന് രണ്ടു കൊക്കുകളെയും, പൊന്മാനേയും, ഒരു ബുള്‍ ബുളിനെയും, ഒരു കൊറ്റിയേയുമല്ലാതെ വേറെ ഒരു മൃഗത്തേയും ഞങ്ങള്‍ കാണുകയുണ്ടായില്ല. എങ്കിലും തിരക്കില്ലാതെ, കൊച്ചു വര്‍ത്തമാനവും പറഞ്ഞ് ആ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്യാന്‍ നല്ല രസമായിരുന്നു. ആ യാത്ര അവസാനിച്ചതോടെ രാമചന്ദ്രനുമായി ചെറിയ ഒരു സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു.

പുഷ്പഭംഗി
ബോട്ടിംഗ് കഴിഞ്ഞതോടെ വേറെ എന്തെങ്കിലും ചെയ്യാന്‍ അന്ന്‍ സമയമില്ലായിരുന്നു. അതിനാല്‍ ഞങ്ങള്‍ ആ പരിസരത്ത് കറങ്ങി നടന്നു - പക്ഷികളുടേയും പൂക്കളുടേയും ഞങ്ങളുടേയും ഫോട്ടോ എടുത്തും മറ്റും... അതിനോടൊപ്പം ഞങ്ങള്‍ ഒരു ചെറിയ ട്രെക്കിംഗ് (അങ്ങനെ പറയാന്‍ പറ്റില്ലെങ്കിലും) നടത്തി. മൂന്നാല് കരിങ്കുരങ്ങന്മാരെ കണ്ടു എന്നതൊഴിച്ചാല്‍ വേറെ ഒരു മൃഗത്തെയും ആ ചെറു നടത്തത്തില്‍ ഞങ്ങള്‍ കാണുകയുണ്ടായില്ല. ഞങ്ങള്‍ നടന്ന വഴികള്‍ ആനയുടെ വഴിത്താരയാണെന്നും സീസണില്‍ ആ വഴിയില്‍ ആനകളെ കാണാത്ത ദിവസങ്ങളിലെന്നുമൊക്കെ രാമചന്ദ്രന്‍ വാചാലനായി.

ഡാം പരിസരം
ഗവിയിലേക്ക് വരുന്ന മലയാളികള്‍ മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യം ഞാനും ചോദിച്ചു- ഓര്‍ഡിനറി സിനിമയുടെ ഷൂട്ടിംഗ് നടന്ന സ്ഥലം ഏതെന്ന് ചോദിച്ചപ്പോള്‍ ആകെ കുറച്ചു സീനുകള്‍ മാത്രമേ ഗവിയില്‍ ഷൂട്ട്‌ ചെയ്തിട്ടുള്ളുവെന്നും അതില്‍ ഒരെണ്ണം ഷൂട്ട്‌ ചെയ്ത സ്ഥലത്തേയ്ക്ക്
സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്നുമൊക്കെ അറിയാന്‍ കഴിഞ്ഞു. സിനിമയുടെ ക്ലൈമാക്സ് ഷൂട്ട്‌ ചെയ്തത് കക്കി ഡാമിലാണ്. അവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഒരു സീനില്‍ ചെക്ക് ഡാം ഉണ്ടെന്നും, വേറെ ഒരു സീന്‍ ഗവിയിലേക്ക് വരുന്ന വഴിയിലാണെന്നും അറിഞ്ഞു - ആ സ്ഥലം വരുമ്പോള്‍ തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആ സ്ഥലം കണ്ടപ്പോള്‍തന്നെ അതു തന്നെയാണ് സിനിമയില്‍ ഉള്ളതെന്ന ഞങ്ങളുടെ നിഗമനം തെറ്റിയില്ല.

സന്ധ്യ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു ടെന്റില്‍ എത്തി. ഏഴരയോടെ ഞങ്ങള്‍ അത്താഴം കഴിക്കാന്‍ റെസ്റൊരന്റിലെത്തി - ഒപ്പം മഴയും! അത്താഴത്തിനു സൂപ്പ്, ഫ്രൈഡ് റൈസ്, ചപ്പാത്തി, ഒരു നോണ്‍ വെജ് കറി (കോഴിക്കറിയാണെന്ന് തോന്നുന്നു), ദാല്‍, സ്റ്റ്യൂ, സാലഡ്, അച്ചാര്‍, പൈനാപ്പിള്‍ കഷ്ണങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍. അത്താഴം കഴിച്ച്, എട്ടു മണിയോടെ ഞങ്ങള്‍ തിരിച്ചു ടെന്റിലേക്ക് യാത്രയായി - കാടിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഏതൊക്കെയോ കിളികള്‍ പാടുന്നുണ്ടായിരുന്നു. ശാന്തമായ അന്തരീക്ഷത്തിന്റെ മാധുര്യം നുകര്‍ന്ന്‍ ഞങ്ങള്‍ കുറച്ചു നേരമിരുന്നു....

പിറ്റേന്ന് രാവിലെ ആറുമണിക്ക് ജീപ്പ് സഫാരിക്ക് പോകാനാണ് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയത്. അതിനാല്‍ അധികം വൈകാതെ, അന്നത്തെ സംഭവങ്ങള്‍ എല്ലാം കുറിച്ചുവെച്ച് എട്ടരയോടെ ഉറങ്ങാന്‍ കിടന്നു - കാടിന്‍റെ താരാട്ടു കേട്ട്, നാളെ കാണാന്‍ പോകുന്ന വന്യജീവികളെ സ്വപ്നം കണ്ട്, അവയെ കാണുമ്പോള്‍ അനുഭവിക്കാന്‍ പോകുന്ന സന്തോഷത്തെ പ്രതീക്ഷിച്ച് - സുഖകരമായ ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീണു...

(തുടരും....


Comments

Echmukutty said…
അടുത്ത യാത്ര വരട്ടെ... വേഗം തുടങ്ങിക്കോളൂ..

ഈ യാത്രാ വിവരണം ഇഷ്ടപ്പെട്ടു..
ഞാനൊരു കൊതിച്ചിയായി നിഷക്കൊപ്പം യാത്ര ചെയ്തുട്ടോ, നന്നായി എഴുതി ആ മനോഹാരിത മുഴുവന്‍ മന്‍സ്സില്‍ തെളിയും വിധം സുന്ദരമായി എഴുതി..യാത്രയിലെ ചര്‍ദ്ദിയും, തലക്കൊരു പിടുത്തവും പലര്‍ക്കും ഒരു പ്രശ്നമാണ് , എനിക്കില്ലെങ്കിലും എന്റെ മോള്‍ക്കതുണ്ട്..അതു കൊണ്ട് ട്രയിന്‍ യാത്രകളാണിപ്പോള്‍ കൂടുതലും..ഗവി അതു കൊണ്ട് അവളിത്തിരി വലുതായിട്ടേ വരു..അതു വരെ ഈ യാത്രാ വിവരണം മാത്രം ശരണം, അടുത്തതു പോരട്ടെ കാത്തിരിക്കുന്നു
Vadayatt said…
Good write-up. Would love to visit. Just one thing though.... leeches. Where there any leeches ?
ഛര്‍ദി വന്നാല്‍ യാത്രയിലെ സകല മൂഡും നഷ്ടാവും.
നല്ല വിവരണം.
viddiman said…
മനോഹരമായ കാഴ്ച്ചകൾ...

യാത്രയ്ക്കിടയിൽ കൊച്ചു തമാശകളൊക്കെ ആവാം കെട്ടോ. :)
നല്ല സുഖമുണ്ട് വായിക്കാന്‍.കാട് കാണാന്‍ പോകാന്‍ വലിയ ഇഷ്ടമാണ് എനിക്കും.എന്നെങ്കിലും പറ്റുമോ ആവോ.പണ്ടൊരിക്കല്‍ മുതുമല കാണാന്‍ പോയി.കുറച്ചു കുരങ്ങന്മാരെ കണ്ടു,ഒരു കാട്ടുപോത്തിനെയും.അടുത്ത അദ്ധ്യായത്തിനു കാത്തിരിക്കുന്നു.ഇനിയും യാത്രകള്‍ തരാവട്ടെ.എനിക്ക് യാത്രാവിവരണങ്ങള്‍ വായിക്കാനും.
Cv Thankappan said…
യാത്രാവിവരണം ഇഷ്ടപ്പെട്ടു.........
അടുത്തഭാഗം വായിക്കാന്‍ താല്പര്യമുണ്ടേറെ........................
ആശംസകള്‍
roopeshvkm said…
രസകരമായ വായനാനുഭവം..ഇടയ്ക്ക് ഒന്ന് രണ്ട് അക്ഷരത്തെറ്റുകള്‍ അസുഖകരമായി.

ആശംസകള്‍
വീകെ said…
ഗവിയല്ലെ.. സുന്ദരമാകാതെയിരിക്കുമോ....?
വിവരണവും സുന്ദരമായിരിക്കുന്നു.
ആശംസകൾ....
Jefu Jailaf said…
ഒരിളംകാറ്റ്‌ മുഖത്ത്‌ തട്ടി കടന്നുപോയപോലെ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോൾ.
RAGHU MENON said…
നിഷ ഒരു എസ്. കെ പൊറ്റക്കാട്‌ ശൈലിയിലേക്ക് മാറുന്നോ!
ഭാഷ കൈവശം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും എഴുതാം!
നിങ്ങളെപ്പോലെ ഉള്ളവരില്‍ നിന്ന് അതിനപ്പുറം പ്രതീക്ഷിക്കുന്നു.
എഴുത്ത് നന്നായിട്ടുണ്ട് - ആശംസകള്‍ -
Sudheer Das said…
ഓര്‍ഡിനറി എന്ന മലയാളം സിനിമയിലൂടെയാണ് ഗവിയെ അറിയുന്നത്. ആരെയും കൊതിപ്പിക്കുന്ന നിഷ്‌കളങ്കമായ പ്രകൃതി സൗന്ദര്യമായിരുന്നു സിനിമ പകര്‍ന്നുതന്നത്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് വായിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്റെ പ്രതീക്ഷകള്‍ കൂടുതലായതുകൊണ്ടാണോ എന്നറിയില്ല, ഇവിടെ ഗവിയുടെ പ്രത്യേകതകളും സവിശേഷതകളും അധികം വിവരിക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു.
Unknown said…
nice..reminds me of our visit to gavi in march...
Aksharathettukal ippo msg cheythu tharaa tto... Baaki ellam kollam...
© Mubi said…
യാത്ര ആസ്വദിച്ചുട്ടോ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Aneesh chandran said…
യാത്രകള്‍ ആനന്ദകരമാണെപ്പോഴും .....ശരീരം പൂര്ണ്ണമായി അനുവദിച്ചു കഴിഞ്ഞാല്‍
യാത്രാ വിവരണം ചിത്രം കൂടി ആയപ്പോള്‍ നന്നായി ...ഗവിയെക്കുറിച്ച് ഈയിടെ കുറെ കേള്‍ക്കുന്നു ..ഞാനും പോകും ഒരിക്കല്‍ ...
Arun Kappur said…
എനിക്കിപ്പോ ഗവീൽ പോണം!!
നല്ല വിവരണം..ചിത്രങ്ങള്‍ അതിനൊപ്പം വന്നില്ല..
ശ്രീ said…
പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഗവി സ്ഥാനം പിടിച്ചിട്ട് നാളു കുറേയായി, പക്ഷേ... പറ്റിയിട്ടില്ല
ajith said…
..........ന്നാല്‍ ഞാന്‍ ഒരു പരമരഹസ്യം പറയട്ടെ? ഓര്‍ഡിനറിയില്‍ ഗവി ആയി കാണിക്കുന്ന സ്ഥലമൊന്നും ഗവിയല്ല. അത് കുട്ടിക്കാനത്ത് അടുത്തുള്ള പ്രദേശങ്ങളാണ് കൂടുതലും.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം