സഫാരി വിശേഷങ്ങള്‍ (കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര - രണ്ടാം ഭാഗം)

യാത്രയുടെ തുടക്കം ദാ ഇവിടെയുണ്ട്  കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര


ഗവിയിലെ പ്രഭാതം 
രാപ്പാടികളുടെ പാട്ടുകേട്ട് ഏറെ സുഖകരമായ ഉറക്കത്തിലാണ്ടു പോയ ഞാന്‍ അലാറം അടിച്ചിട്ടെന്ന പോലെ കൃത്യം അഞ്ചു മണിക്കുതന്നെയുണര്‍ന്നു. നനുത്ത കാറ്റും അനേകം കിളികളുടെ കളകളനാദവുമായാണ് ആ പ്രഭാതം ഞങ്ങളെ വരവേറ്റത്. പ്രഭാതകര്‍മ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ വേഗം തയ്യാറായി. ഒരല്പ നേരം ടെന്റിനു മുന്നില്‍ത്തന്നെ നിന്ന്, നിര്‍മ്മലമായ ആ പുലരിയുടെ അതുല്യ സൌന്ദര്യം മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് ഞങ്ങള്‍ റിസെപ്ഷന്‍ ലക്ഷ്യമാക്കി നടന്നു. ചെറിയ തോതില്‍ മഞ്ഞു മൂടി നില്‍ക്കുന്ന പ്രകൃതിയില്‍ അധികമെങ്ങും കാണാത്ത ഒരു നവത്വം തുളുമ്പി നില്‍ക്കുന്നത് പോലെ തോന്നി. ഒരു നിമിഷ നേരം പോലും നിശബ്ദമല്ലാത്ത കാട് - കുരുവികളും തേന്‍ കിളികളും കാട്ടുമൈനയും ബുള്‍ബുളുകളും എന്നുവേണ്ട, പേരറിയാത്ത അനേകം പക്ഷികള്‍ അവരവരുടെ മധുര സ്വരത്തില്‍ പാടിക്കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുകയായിരുന്നു.

പ്രകൃതി രാവിന്‍റെ കരവലയത്തില്‍ നിന്നും പുലരിയുടെ മടിത്തട്ടിലേക്കിറങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഉദയത്തിനു മുന്‍പുള്ള നേര്‍ത്ത ഇരുട്ടില്‍ ചെറു കുളിരും ആസ്വദിച്ചു ഞങ്ങള്‍ നടന്നു. കാന്‍റീനില്‍ രാവിലെ അഞ്ചേ മുക്കാലോടെ കട്ടന്‍കാപ്പി കിട്ടുമെന്ന് തലേദിവസം തന്നെ പറഞ്ഞിരുന്നു. അഞ്ച് അമ്പതോടെ ഞങ്ങള്‍ റിസെപ്ഷന്‍റെ മുന്നിലെത്തിയപ്പോഴേക്കും സഫാരിക്കു പോകാനുള്ള ജീപ്പുകള്‍ നിരനിരയായി നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ രാമചന്ദ്രനെ അവിടെയൊന്നും കണ്ടില്ല. സഫാരിക്കുള്ള ആളുകള്‍ ഓരോ ടീം ആയി ജീപ്പില്‍ കയറി പൊയ്ക്കൊണ്ടിരുന്നു. രാമചന്ദ്രന്‍ എത്തുമ്പോഴേയ്ക്കും ഒരു കട്ടന്‍കാപ്പി കുടിച്ചു വരാമെന്ന് കരുതി ഞങ്ങള്‍ കാന്റീനില്‍ പോയി. വേഗം കാപ്പി കുടിച്ച് തിരിച്ചെത്തിയപ്പോഴും രാമചന്ദ്രന്‍ എത്തിയിട്ടില്ല. ഒന്നോ രണ്ടോ ജീപ്പോഴിച്ച് ബാക്കിയെല്ലാം ഇതിനോടകം സഫാരിക്ക് പോയിക്കഴിഞ്ഞിരുന്നു.
കാത്തിരിപ്പ്

എന്തു ചെയ്യേണ്ടൂ എന്നു കരുതി നില്‍ക്കുമ്പോഴേക്കും രാമചന്ദ്രന്‍ എത്തി. ആറു മണിക്കു മുന്‍പ് വരാമെന്ന് പറഞ്ഞ ആള്‍ എത്തിയത് ആറുമണിക്ക് ശേഷം! എന്നാലിനി സഫാരിക്ക്‌ പോവുകയല്ലേ എന്ന്‍ ചോദിച്ചപ്പോഴാണ് അടുത്ത പ്രശ്നം - ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായതിനാല്‍ ഒറ്റക്കൊരു ജീപ്പ് അനുവദിക്കില്ല. കൂടെ വേറേയും ചിലര്‍ ഉണ്ടാകും. അങ്ങനെയെങ്കില്‍ അങ്ങനെ എന്നു കരുതി പുറപ്പെടാന്‍ തയ്യാറായി നിന്ന ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് അടുത്ത വാര്‍ത്ത - ഞങ്ങളുടെ കൂടെ പോകാനുള്ള ഗ്രൂപ്പ് ഇത് വരെ എത്തിയിട്ടില്ല! അവരെക്കാത്ത് അഞ്ചു മിനിറ്റ് നിന്നു - അപ്പോഴേക്കും സമയം ആറേകാല്‍ ആയി- എന്നിട്ടും അവരുടെ ഒരു വിവരവും ഇല്ല. ഇതിനടയില്‍ ശേഷിച്ച രണ്ടു ജീപുകളില്‍ ഒരെണ്ണം കൂടി യാത്രയായി. ഒടുവില്‍ ഞങ്ങളുടെ അക്ഷമ കണ്ട അവരുടെ ഗൈഡ് അവരെത്തിരഞ്ഞു പോയി - ഒടുവിലത്തെ ജീപ്പില്‍...

ഏറെ ആശിച്ചും ഉത്സാഹിച്ചും കൃത്യ സമയത്തു തന്നെ എത്തിയ ഞങ്ങള്‍ക്ക് ഈ കാത്തിരിപ്പ് വളരെയധികം നിരാശയുണ്ടാക്കി. കാട്ടിലെ സഫാരിക്ക് എത്രയും നേരത്തെ പോകുന്നുവോ, മൃഗങ്ങളെയും മറ്റും കാണാനുള്ള സാദ്ധ്യത അത്രത്തോളം അധികമാണ് എന്നതാണ് കേട്ടറിവ്. ഓരോ മിനിറ്റു കഴിയുമ്പോഴും ഞങ്ങളുടെ അക്ഷമ കൂടി വരികയായിരുന്നു. മറ്റുള്ളവര്‍ കാരണം ഞങ്ങള്‍ എന്തിന് സഹിക്കണം? അവര്‍ സമയത്തിന് എത്തിയിട്ടില്ലെങ്കില്‍ അതവരുടെ കുറ്റം- അതിനു ഞങ്ങള്‍ എന്തിന് കഷ്ടപ്പെടണം എന്നൊക്കെ തോന്നിത്തുടങ്ങി. ആറരയായിട്ടും അവരെ കാണാതായപ്പോള്‍ രാമചന്ദ്രനും അവരെ തേടിപ്പോയി... (ഞങ്ങളില്‍ ഉയര്‍ന്നു വരുന്ന ധാര്‍മിക രോഷം അറിഞ്ഞിട്ടെന്നോണം) കുറച്ചു  നേരം നിരാശയോടെ മുഖത്തോടുമുഖം നോക്കിയിരുന്നു ഞങ്ങള്‍...

ഒടുവില്‍ ഏതാണ്ട് ആറേമുക്കാല്‍ ആയപ്പോഴേക്കും രാമചന്ദ്രനും ജഗനും (അവരുടെ ഗൈഡ്) അവരെയും കൂട്ടി വന്നു. മൂന്നാല് കുട്ടികളും ആറു മുതിര്‍ന്നവരും ഉള്‍പെട്ട ആ സംഘം ജീപ്പിലെ സ്ഥലം ഏതാണ്ട് മുഴുവനും കൈയടക്കിയിരുന്നു. തിക്കിത്തിരക്കി ഞെങ്ങിഞ്ഞെരിഞ്ഞു ഞങ്ങളും അതില്‍ കയറിപ്പറ്റി. എങ്ങനെയൊക്കെയോ അതില്‍ കയറി ഒരുവിധത്തില്‍ ഇരുപ്പുറപ്പിച്ച എന്നെ നോക്കി ആ സംഘത്തിലെ ഒരു സ്ത്രീ പുഞ്ചിരിച്ചു - എന്തോ വലിയ കാര്യം ചെയ്ത പോലെ അവര്‍ ചിരിച്ചപ്പോള്‍ അത് കാണാത്ത വിധം തല തിരിക്കാനാണ് എനിക്കപ്പോള്‍ തോന്നിയത്. ഒട്ടും മര്യാദയല്ല എന്നറിയാമായിരുന്നിട്ടും അതുതന്നെയാണ് ഞാന്‍ ചെയ്തതും. അതുവരെ തോന്നിയ ദേഷ്യം ആ രൂപത്തില്‍ പുറത്തു ചാടുകയായിരുന്നു.

വണ്ടിയെക്കുറിച്ചു പറഞ്ഞില്ലല്ലോ -  ഇടിവെട്ടേറ്റവന്റെ തലയില്‍ തേങ്ങ വീണെന്നു പറഞ്ഞ പോലെയായി - സാധാരണ ജംഗിള്‍ സഫാരിക്ക് തുറന്ന ജീപ്പുകളാണ് പതിവ്. പക്ഷിമൃഗാദികളെ നിരീക്ഷിക്കാനും അവയെ വളരെ വേഗം കാണാനും വണ്ടിയിലുള്ളവര്‍ക്കെല്ലാം കാഴ്ചകള്‍ കാണാനും അത്തരം ജീപ്പുകളാണ് അനുയോജ്യം. എന്നാല്‍ ഞങ്ങള്‍ സഫാരിക്ക് പോകുന്നത് ഒരു അടച്ച ജീപ്പിലാണ്. വാതിലിനടുത്താണ് ഇരിക്കുന്നതെങ്കില്‍ എന്തെങ്കിലുമൊക്കെ കാണാം... ഉള്ളില്‍ ഞെരുങ്ങിയിരിക്കുന്ന എനിക്ക് മുന്നിലിരിക്കുന്നവരുടെ തലയും പിന്നില്‍ ഓടിമറയുന്ന റോഡിന്‍റെ ഭാഗങ്ങളും മാത്രമേ കാണാനാകൂ... അങ്ങനെയിരിക്കുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നതെങ്ങനെ??? ഇതൊക്കെ പോട്ടേന്ന് വെക്കാം... യാത്ര തുടങ്ങിയത് മുതല്‍ മറ്റേ സംഘത്തിലുള്ളവര്‍ സംസാരത്തിലാണ് - അതും ഉറക്കെയുറക്കെ. അവരുടെ സംസാരം കേട്ടപ്പോള്‍ സംസാരിക്കാന്‍ വേണ്ടിയാണ്, അല്ലാതെ കാടിന്‍റെ കാഴ്ചകള്‍ കാണാനല്ല അവര്‍ വന്നതെന്ന് തോന്നിപ്പോയി. അരിശവും ഈറയും എന്റെ മുഖത്ത് കാര്‍മേഘം പോലെ കനത്തു കണ്ടിട്ടായിരിക്കാം, അവരാരും പിന്നീട് എന്റെ നേരെ നോക്കിയതു പോലുമില്ല.

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കാട്ടില്‍ പോകുമ്പോള്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ചില നിയമങ്ങളുണ്ട് - നമ്മില്‍ പലര്‍ക്കും അതറിയില്ല എന്നതാണ് സത്യം. ഒന്നാമതായി കാട്ടില്‍ സംസാരം പാടില്ല -ഇനി അഥവാ സംസാരിക്കണം എന്നുണ്ടെങ്കില്‍ വളരെ പതുക്കെ മാത്രം സംസാരിക്കണം. നമ്മുടെ സംസാരം എത്രയോ അകലെയുള്ള മൃഗങ്ങള്‍ക്ക് കേള്‍ക്കാം - നാം വരുന്നുണ്ടെന്ന് അറിഞ്ഞാല്‍ അവ ഒളിച്ചു നില്‍ക്കുകയേ ഉള്ളൂ. അതിനാല്‍ അവരെ അലോസരപ്പെടുത്താതെ, അവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ വേണം നാം പെരുമാറാന്‍. കാടിന്‍റെ നിറങ്ങളുമായി ഒത്തുപോകുന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വെള്ള, ചുവപ്പ്, കടും മഞ്ഞ തുടങ്ങിയ നിറങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പച്ച, ബ്രൌണ്‍, ചാര നിറം തുടങ്ങിയവയാണ് അനുയോജ്യം - അതും മങ്ങിയ നിറങ്ങള്‍... വെള്ള നിറം കണ്ടാല്‍ കടന്നല്‍ ആക്രമിക്കാന്‍ വരുമെന്ന് കേട്ടിട്ടുണ്ട് (എത്രത്തോളം ശാസ്ത്രീയതയുണ്ട് ഇതിലെന്ന്‍ അറിയില്ല).

വഴിയും സഹയാത്രികരും 
എന്തായാലും അവര്‍ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കേട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു - ഗവിയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡ്‌ ആണ് റൂട്ട്. മൂന്നാലു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ റോഡ്‌ എന്നത് അവിടെയിവിടെ കിടക്കുന്ന ടാറിന്റെ കഷ്ണങ്ങള്‍ മാത്രമായി മാറി. വണ്ടി ആ വഴിയിലൂടെ ഉലഞ്ഞും തിരിഞ്ഞും ചാടിയും എങ്ങനെയൊക്കെയോ മുന്നോട്ട് പോകുന്നു. നടുവേദനയില്ലാത്തവര്‍ക്ക് നടുവേദന എപ്പോള്‍ തുടങ്ങിയെന്നു ചോദിച്ചാല്‍ മതി, ആ യാത്ര കഴിയുമ്പോഴേക്കും... കുറെ ദൂരം ആ വഴിയിലൂടെ സഞ്ചരിച്ചു - ഇടയ്ക്ക് ഒന്ന് രണ്ടു ഒഴിഞ്ഞ ജനവാസ കേന്ദ്രങ്ങള്‍ കണ്ടു - പണ്ട് ഡാം ഉണ്ടാക്കാന്‍ സായിപ്പ് വന്ന കാലത്ത് പണിയാളുകള്‍ താമസിച്ച സ്ഥലമാണത്രേ - ഇപ്പോഴും അവിടെയുള്ള ചില പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍ ക്വാര്‍ട്ടേര്‍സ് ആയി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നുന്നു.

എന്തായാലും കുറെ ദൂരം ആ വഴിയിലൂടെ പോയി - പൊതു ജനത്തിനു പോകാന്‍ അനുവാദമുള്ളയത്ര വരെ. വഴിയില്‍ ഒരിടത്തും ആന പോയിട്ട് ഒരു കുരങ്ങനെപ്പോലും കണ്ടില്ല എന്നതാണ് സത്യം. ഒടുവില്‍ വണ്ടി തിരിച്ചു ക്യാമ്പിലേക്ക് പോകാന്‍ ഒരുങ്ങി. വരുന്ന വഴിയില്‍നിന്നു കാണാവുന്ന ഒരു മലമുകളില്‍ കാട്ടുപോത്തുകള്‍ ഉണ്ടെന്ന്‍ അറിഞ്ഞു. വഴിയരുകില്‍ വണ്ടി നിര്‍ത്തി ഞങ്ങളെല്ലാം ആ കാഴ്ച്ച കൂടുതല്‍ നന്നായി ആസ്വദിക്കാനായി അടുത്തുള്ള കുന്നിന്റെ മണ്ടയിലെത്തി. (കുന്നു കയറുന്ന കാട്ടു വഴികളില്‍ അവിടവിടെ ആനപിണ്ഡം കാണാം - ആനയിറങ്ങുന്ന സ്ഥലമാണ് എന്നതിന് കൂടുതല്‍ തെളിവ് വല്ലതും വേണോ!) അവിടെയെത്തിയപ്പോള്‍ അതാ മുന്നിലെ മലയില്‍ കറുത്ത പാറക്കെട്ടുകള്‍ പോലെ കാട്ടുപോത്തുകള്‍... എല്ലാം കൂടി പത്തിരുപതെണ്ണം കാണും.. അവ മേഞ്ഞുനടക്കുന്ന കാഴ്ച്ച അല്‍പ നേരം നോക്കി നിന്നു. (ഒരിക്കല്‍ ചില സന്ദര്‍ശകര്‍ ഇതേ സ്ഥലത്ത് ഇത് പോലെ കാട്ടുപോത്തിനെ നോക്കി നിന്ന വേളയില്‍ ഒരു കടുവ അവറ്റയെ ആക്രമിക്കുന്നത് കണ്ടുവത്രേ! ഞങ്ങള്‍ക്ക് അത്തരം ഭാഗ്യമൊന്നും ഉണ്ടാവാന്‍ ഇടയില്ല...)
അവിടെ നിന്ന്‍ കുറച്ചു ഫോട്ടോകള്‍ എടുത്ത് തിരിച്ചു കുന്നിറങ്ങി വണ്ടിയുടെ അടുത്തെത്തി.

കുന്നുകളും കാട്ടുപോത്തുകളും പിന്നെ പാവം ഞാനും!
ഞങ്ങള്‍ നില്‍ക്കുന്ന റോഡിനു താഴെയായി ആനയുണ്ടെന്നു രാമചന്ദ്രന്‍. (ഞങ്ങളുടെ ഗൈഡ് രാമചന്ദ്രന്‍ ഒരു ആന സ്പെഷ്യലിസ്റ്റ് ആണത്രേ. ആനയെ കണ്ടു പിടിക്കാനും അവയുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും അയാളെക്കഴിഞ്ഞേ മറ്റുള്ളവരുള്ളൂ എന്നാണ് പൊതുവേയുള്ള അഭിപ്രായം.) താഴെ മലയിടുക്കില്‍ ഒരു മരത്തിനു പിന്നില്‍ ആനയുണ്ടെന്നും അത് വൈകാതെ പുറത്തിറങ്ങും എന്നൊക്കെ രാമചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ കുറെ നേരം നോക്കി നിന്നെങ്കിലും ഒന്നും കാണാനായില്ല.  അപ്പോഴേയ്ക്കും കൂടെയുള്ള സംഘത്തിലെ ആളുകള്‍ ധൃതി കൂട്ടാന്‍ തുടങ്ങി. അവര്‍ക്ക് വിശക്കുന്നു പോലും. (നേരം വൈകി എത്തിയ കാരണം അവര്‍ക്ക് രാവിലെ കട്ടന്‍ കാപ്പി കുടിക്കാന്‍ പോലും സമയം കിട്ടിയില്ലായിരുന്നു) ഒടുവില്‍ മനസ്സില്ലാമനസ്സോടെ വീണ്ടും ജീപ്പില്‍ കയറി.

ചാടിയും കുലുങ്ങിയും പോയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗൈഡ് പറയുന്നു അതാ ആ മരത്തില്‍ ഒരു മലയണ്ണാന്‍ എന്ന്! മൂടിയ ജീപ്പില്‍ ഇരുന്ന്‍ എന്ത് കാണാനാണ്! ഞങ്ങള്‍ പുറത്തിറങ്ങി - ഒപ്പം മറ്റേ സംഘത്തിലെ കുട്ടികളും. അതാ അതാ എന്നവര്‍ ഒച്ച വെച്ചതും മലയണ്ണാന്‍ അതിന്റെ പാട്ടിനു പോയി... ഞങ്ങള്‍ വീണ്ടും വണ്ടിയിലേക്ക്.
അതാ... അങ്ങു ദൂരെ ഒരു മ്ലാവ് ... അല്ല, ഒന്നല്ല, മൂന്നാലെണ്ണമുണ്ട്... 
കുറെ ദൂരം പോയപ്പോള്‍ ദൂരെയുള്ള ഒരു മലമുകളില്‍ വൈദ്യുതി കമ്പി ഉറപ്പിക്കാനായി ഉണ്ടാക്കിയ ഒരു തറയില്‍ മ്ലാവുകള്‍ ഉണ്ടെന്നു പറഞ്ഞു വണ്ടി നിര്‍ത്തി. നഗ്ന നേത്രങ്ങള്‍ കൊണ്ട്  അവയെ കാണാന്‍ വിഷമമാണ്. ബൈനോക്കുലര്‍ വെച്ച് നോക്കിയപ്പോള്‍ ശരിയാണ് - മൂന്ന്‍ മ്ലാവുകള്‍ വെയില്‍ കായുന്നു - ഒരാണും മൂന്ന് പെണ്ണുങ്ങളും. അതും കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു. ഒരിക്കല്‍ കൂടി മലയണ്ണാനെ കണ്ടു. ഇത്തവണ കുട്ടികളെ നോക്കി പേടിപ്പിച്ച് മിണ്ടാതിരുത്തി, ഒപ്പം രക്ഷിതാക്കളോടും പറഞ്ഞു അവരോട് ഒച്ചയുണ്ടാക്കാതിരിക്കാന്‍ പറയാന്‍. അത് ഫലിച്ചു. ഇത്തവണ കുറച്ചു കൂടി വ്യക്തമായി മലയണ്ണാനെ കാണാന്‍ കഴിഞ്ഞു.

മലയണ്ണാന്‍ 

(അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൌന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ (ശാസ്ത്രീയനാമം:Ratufa indica) ഇന്ത്യയിലെ ഒരു തദ്ദേശീയ ജീവിയാണിത്. കേരളത്തിൽ പശ്ചിമഘട്ട വനങ്ങളിൽ കണ്ടുവരുന്നു. പൂർണ്ണമായും കാടുകളിൽ ജീവിക്കുന്ന മലയണ്ണാൻ പകൽ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്‌. 
കേരളത്തിൽ കണ്ടുവരുന്ന മലയണ്ണാന്റെ ശരീരത്തിന്റെ പുറംഭാഗം ചുവപ്പു കലർന്ന തവിട്ടു നിറത്തോടു കൂടിയതായിരിക്കും. താടിമുതൽ പിൻകാലുകളുടെ ഇടയിൽ വരെ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലോ ഇളം തവിട്ടു നിറത്തിലോ ആണുണ്ടാവുക. ശരീരത്തിന് 45 സെ.മീ. നീളമുണ്ടാകാറുണ്ട്. വാൽ ഏകദേശം 70 സെ.മീ. നീളത്തിലുണ്ടായിരിക്കും. വാലിന്റെ അറ്റത്തായി ചെറിയ നിറവ്യത്യാസമുണ്ടാകാറുണ്ട്. രണ്ട് കിലോഗ്രാം ഭാരമാണ് ഏകദേശമുണ്ടാവുക. ഭക്ഷണസമ്പാദനവും ജീവിതവും പൂർണ്ണമായും മരങ്ങളിലാണ്. മരങ്ങളിൽ നിന്ന് മരങ്ങളിലേയ്ക്ക് മാറാനായി 7 മീറ്റർ ദൂരം വരെ ചാടാറുണ്ട്. വലിയ മരങ്ങളുടെ കവരങ്ങളിലാണ് കൂടുണ്ടാക്കുക. പഴങ്ങളും വൃക്ഷങ്ങളുടെ കൂമ്പുമാണ് പ്രധാന ഭക്ഷണം. അണ്ണാൻ വർഗ്ഗത്തിൽ പെട്ട മറ്റു ജീവികൾ അപകടഘട്ടങ്ങളിൽ ഓടി രക്ഷപെടുമെങ്കിൽ മലയണ്ണാൻ ചിലപ്പോൾ അനങ്ങാതെ നിൽക്കുന്ന പതിവുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബംഗാൾ-സത്പുരഭാഗം മുതൽ തെക്കോട്ടാണ് കണ്ടുവരുന്നത്. സമുദ്രനിരപ്പിൽ നിന്നും 200 മുതൽ 2300 വരെ മീറ്റർ ഉയരത്തിൽ മലയണ്ണാനെ കണ്ടുവരുന്നു.- കടപ്പാട് വിക്കിപീഡിയ)

മലയണ്ണാന്‍റെ കുറെ ഫോട്ടോകളും എടുത്ത് ഞങ്ങള്‍ വീണ്ടും യാത്രയായി. ഒടുവില്‍ ഒന്‍പതേക്കാലോടെ കാന്റീനില്‍ എത്തി. അല്പം വൈകിയത് കൊണ്ട് ഭക്ഷണമൊക്കെ ഏതാണ്ട് കഴിഞ്ഞ പോലെയായി. ബ്രെഡും മറ്റും കഴിച്ച് വിശപ്പടക്കിയപ്പോഴേക്കും ഇഡലിയും സാമ്പാറുമൊക്കെ വീണ്ടും തയ്യാറായിരുന്നു. (തേക്കടിയില്‍ നിന്നും മറ്റും ഡേ ടൂറിനു ഗവിയില്‍ വരുന്നവര്‍ക്കും ഇവിടെ തന്നെയാണ് പ്രാതല്‍.) ഇതു വരെയുള്ള അനുഭവം നിരാശയായിരുന്നുവെങ്കിലും സ്വാര്‍ത്ഥമായ ഒരാശ്വാസം തോന്നിയത് അന്ന്‍ സഫാരിക്ക് പോയ വേറെ ആരും മൃഗങ്ങളെയൊന്നിനെയും കണ്ടില്ല എന്നറിഞ്ഞപ്പോഴാണ്. എന്തായാലും വയറു നിറച്ചു ഭക്ഷണം കഴിച്ച് അടുത്തതായി പ്ലാന്‍ ചെയ്ത ട്രെക്കിങ്ങിനു പോകാന്‍ ഞങ്ങള്‍ തയ്യാറായി നിന്നു - ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് രാമചന്ദ്രന്‍ അപ്രത്യക്ഷനായി...

ഇനി ഈ കാത്തിരിപ്പ് എത്ര നീളുമോ ആവോ!

(തുടരും...

Comments

കൊള്ളാം ... ആകാംക്ഷയോടെ നിര്‍ത്തി. അവസാനം പറഞ്ഞപോലെ ഇനി അടുത്ത ഭാഗത്തിനായി ഈ കാത്തിരിപ്പ് എത്ര നീളുമോ ആവോ :) ------- അക്ഷരം തീരേ ചെറുതായിട്ടാണ് കാണുന്നത് , വായനാസുഖം കുറയ്ക്കും
Akakukka said…
മനോഹരം... യാത്രയും
ഒപ്പിയെടുത്ത കാഴ്ചകളും..

തുടരട്ടെ..
അഭിവാദ്യങ്ങള്‍..!!
നമ്മള്‍ നേരം വൈകിയാലെന്ത് കുറചെങ്കിലും മൃഗങ്ങളെ കാണാനൊത്തല്ലോ ല്ലേ
പ്രതീക്ഷ പോലെ കാര്യങ്ങള്‍ ഒത്തില്ലെങ്കിലും ഒത്തതായി.
കാട്ടുപോത്തിനെ കടുവ കടിച്ചു കീറിയാലും വേണ്ടില്ല അതൊന്നു കണ്ടാല്‍ മതി അല്ലെ.... :)
വിവരണങ്ങളും ചിത്രവും നന്നാക്കിയിരിക്കുന്നു.
എനിക്കും ഇത്തിരി നിരാശ തോന്നി.ഇനി നാളത്തെ കാര്യം എങ്ങനെയാവും എന്ന് കാത്തിരുന്നു കാണാം,ല്ലേ?
Cv Thankappan said…
യാതയിലെ വിവരങ്ങള്‍ സത്യസന്ധമായി വിവരിക്കുമ്പോള്‍ വായിക്കുന്നവര്‍ക്കും,കേള്‍ക്കുന്നവര്‍ക്കും താല്പര്യം ഏറും.അപ്പോള്‍ കാട്ടുപോത്തുകള്‍,മ്ലാവ്,മലയണ്ണാന്‍.ഇനി...............
നന്നായി യാത്രാവിവരണം
ആശംസകള്‍
വീകെ said…
യാത്ര വളരെ നന്നായി.
കാട്ടുപോത്തിനെ കടുവ കടിച്ചു കീറുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ പോയല്ലെ...?
എന്തൊരു ലോല മനസ്സ്...!!!
ഹാ... ഹാ...ഹ...
ആശംസകൾ...
Sangeeth K said…
യാത്രാവിവരണം നന്നായിരിക്കുന്നു...
viddiman said…
ഒരു വിനോദയാത്രയുടെ സകലവിനോദവും നശിപ്പിക്കാൻ സാമൂഹ്യബോധമില്ലാത്ത കുറച്ചു പേർ കൂടെയുണ്ടായാൽ മതി.

മുഖം വീർപ്പിച്ചിരുന്ന് കാഴ്ച്ചകൾ കാണുന്ന നിഷയെ സങ്കല്പിക്കുമ്പോൾ ചിരി വരുന്നു.

യാത്ര തുടരട്ടെ.
RAGHU MENON said…
രാമചന്ദ്രന്‍ വരട്ടെ!
ശ്രീ said…
നല്ല വിവരണം
Bipin said…
കാട് കാണാനുള്ള നിഷയുടെ ആഗ്രഹം നന്നായി. കാട് കാണുകയല്ല ,കാട് അറിയുകയാണ്.അവിടെ അലിഖിത മായ നിയമങ്ങൾ ഉണ്ട്. ആരും ആരെയും ആക്രമിക്കുന്നില്ല. കടുവ മാനിനെ കൊല്ലുന്നതോ? അത് അതിൻറെ ആഹാരം. നാട്ടിലോ?

പ്രകൃതിയെ അടുത്തറിയുക. കാട്ടിലെ നമ്മുടെ സഹജീവികളെ അറിയുക. അവരുടെ നാട്(കാട്) കയ്യേറാൻ നമുക്ക് അവകാശമില്ല എന്ന് അറിയുക.ഈ അറിയുന്നതെല്ലാം ഇവിടത്തെ ദുര മൂത്ത മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക. രമ്യ ഹർമ്യങ്ങൾ കെട്ടിപ്പൊക്കാൻ, ഖനനം നടത്താൻ, പ്രകൃതിയെ ചൂഷണം ചെയ്യാൻ പശ്ചിമ ഘട്ടം പോലെ അവശേഷിക്കുന്ന അമൂല്യ സമ്പത്ത് നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന നരാധമൻമാർക്ക് എതിരെ പൊരുതുക.

നിഷയുടെ കാടിനോടുള്ള സ്നേഹം എന്നും നില നിൽക്കട്ടെ.
Echmukutty said…
യാത്ര തുടരട്ടെ... ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.
ajith said…
ഞാന്‍ വായന തുടരുന്നു.
ഒരാശ്വാസം തോന്നിയത് അന്ന്‍ സഫാരിക്ക് പോയ വേറെ ആരും മൃഗങ്ങളെയൊന്നിനെയും കണ്ടില്ല എന്നറിഞ്ഞപ്പോഴാണ്.ഽ/////////////
ഹ ഹ ഹ .എന്തായാലും നല്ല വായനാസുഖം ഉണ്ട്‌.ഒട്ടും മുഷിപ്പിക്കുന്നില്ല.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം