ഹൃദയം വീണ്ടും മിടിക്കുമ്പോള്‍...
ഇവിടെ എന്തെങ്കിലും കുത്തിക്കുറിച്ചിട്ട് നാളുകള്‍ ഏറെയായി. എഴുതാന്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ടായിരുന്നില്ല മൌനം... മറിച്ച്, എന്തെഴുതണം എന്നൊരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതായിരുന്നു ഈ നീണ്ട ഇടവേളയ്ക്ക് കാരണം. ഈ നാലഞ്ചു മാസം പലതും എഴുതാന്‍ തുടങ്ങുകയും അവ പാതി വഴിയില്‍ നിര്‍ത്തുകയും, അവയില്‍ തന്നെ പലതും അപ്രസക്തമായിമാറിയതിനാല്‍ ഡിലീറ്റ് ചെയ്യുകയും ഉണ്ടായി. അങ്ങനെ, പ്രസിദ്ധീകരണത്തിനു തയ്യാറാവാത്ത കുറെ ചിന്തകളുടെ ഭാരവുമേന്തി, കനത്ത മൌനവും പേറി ഈ ബ്ലോഗ് ഇങ്ങനെ ബൂലോകത്ത് മറഞ്ഞു കിടന്നു. ഈ മൌനം എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നെങ്കിലും പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചതോടെ ആ അലോസരം മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ത്തപ്പെട്ടു. എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ പലരേയും ഇതിനിടയില്‍ ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ കാണാതായി; ഇഷ്ടപ്പെട്ട വായനകളും കുറഞ്ഞു. സജീവമായ കൂട്ടായ്മകള്‍ പലതും പരസ്പരം പഴിചാരലിന്റെയും അഹംഭാവത്തിന്റെയും അലകളില്‍പ്പെട്ട് ഉലഞ്ഞപ്പോള്‍ അവയില്‍ നിന്നെല്ലാം മാറി നിന്ന്, ജീവിതത്തിലെ മറ്റു പല കാര്യങ്ങളിലും വ്യാപൃതയായി. ജോലി, കുടുംബം, വീട്, എന്നിവ...