കൈമുക്കല്‍

കിള്ളിക്കുറിശ്ശിമംഗലത്തു നിന്നിരു വിപ്രര്‍
ഏറെ പെരുമയെഴും ശുകപുരത്തെത്തി;
ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുവാനായാ
സോദരര്‍ കുളിയും ജപവുമായ് പാര്‍ത്തു വന്നു..

ചാരെയെഴുന്നോരില്ലത്തു വാഴുന്നൊരു കൊച്ചു
പെണ്‍കിടാവിന്‍ സ്പര്‍ശനത്താലന്നൊരിക്കല്‍
പാതിത്യം വന്നു ഭവിച്ചെന്നു നിശ്ചയിച്ചു മറ്റുള്ളോര്‍
ചാക്യാരായിക്കൊള്‍കിനിയെന്നോതിയ നേരം

സാത്വികനാകിയ ജ്യേഷ്ഠസോദരന്‍ തന്നുടെ
നിരപരാധമുറപ്പിക്കാന്‍ 'കൈമുക്കല്‍ 'തന്നെ
യുപാധിയെന്നങ്ങുറച്ചു; സംശയം തീരാതിരുന്നൊ-
രനിയന്‍ ചാക്യാരാകാമെന്നുമങ്ങുറപ്പിച്ചു നൂനം!

സത്യം തെളിയാതിരിക്കുകില്‍ നായടിയായിപ്പോവാതെ
ചാക്യാരായ് കാലം കഴിച്ചു കൊള്ളാമെന്നു നിനച്ചു പാവം
ഓത്തിനു വന്നൊരു ബ്രാഹ്മണശ്രേഷ്ഠനങ്ങനെ
കൂത്തറിയാത്തൊരു ചാക്യാരായതും കാലത്തിന്‍ കളി!

കൈമുക്കി സത്യം തെളിയിക്കുവാനായി രാജാവിന്‍
സമ്മതം കാത്തു നിന്നാ ജേഷ്ഠസോദരനേറെക്കാലം
ഒടുവില്‍ ശുചീന്ദ്രത്തു പോയിട്ടാ സന്നിദ്ധിയില്‍
സത്യം തെളിയിക്കേണ്ട കാലമാഗതമായ്

സാക്ഷീ ഗണപതി തന്‍ചാരെ, തിളയ്ക്കുന്ന നെയ്യില്‍
കിടന്നു തിളങ്ങും വെള്ളിക്കാളയെ തന്‍ കരം കൊണ്ടു
വെള്ളത്തില്‍ നിന്നെന്നപോലെയാ വിപ്രോത്തമന്‍
കൈയ്യൊട്ടും പൊള്ളാതെയെടുത്തുവത്രേ!

ഇക്കഥ കേട്ടങ്ങു വിസ്മയചിത്തനായ് പദ്മനാഭദാസനാ-
മരചന്‍ പട്ടും വളയും നല്കിയാ വിപ്രനെ ആദരിച്ചാള്‍ ;
തന്നുടെ സത്യം തെളിയിച്ചൊരാ ദ്വിജനും ഏറെ സമ്മതനായ്
തന്നുടെ നാട്ടിൽ തിരിച്ചേറെ പെരുമയോടെ വന്നനേരം

സ്വത്തുക്കൾ കൈവിട്ടു പോയെന്നു നിരൂപിച്ചേറ്റം
ദു:ഖാർത്തമാം മനസ്സോടെ ദക്ഷിണാമൂർത്തിയെ
വണങ്ങി നൂനം; ബ്രാഹ്മണോത്തമന്റെ  സ്വത്തുക്കളഹോ
സ്ഥാനി നായർ ദാനമായ്‌ നല്കിയതുമിന്നു ചരിത്ര സത്യം!

വേരറ്റു പോകാതെ നൂറ്റാണ്ടു രണ്ടെണ്ണം വിപ്രോത്തമൻ തന്നുടെ
സന്തതികളീ ഭൂലോകം തന്നിലോ വാണരുളി; ഓത്തുകൾ ചൊല്ലീട്ടും
മേൽശാന്തിയായിട്ടും വാസ്തുകല,യാട്ടക്കഥയെന്നിവ കൂടാതെയവർ
നാടിനെ മാറ്റീടും വിപ്ലവങ്ങളും നെഞ്ചിലേറ്റിയിന്നിലെത്തിയിപ്പോള്‍...

ഏറ്റം പെരുമയേറുമീ തറവാട്ടിൽ വന്നുചേര്‍ന്ന  ഞാനഹോ
കാലത്തിൻ കളികളെയോർത്തു ചിന്തിച്ചു നിന്നു പോയ്‌...
സത്യത്തിൻ ശക്തിയതൊന്നു താനീത്തറവാട്ടിൻ നിലനില്പി-
ന്നാധാരമെന്നറികേ, അസത്യം പെരുകുമീ മന്നിൽ വാഴ്കെ;

അറിയുന്നു ഞാനിപ്പോള്‍ ഇനിയുണ്ടാവില്ലിവിടെയധികമാളുകള്‍
സത്യത്തിന്‍ പാതയില്‍ സഞ്ചരിച്ചീടുവാന്‍; നാടു വാഴുന്നോരും
നാട്ടില്‍ വാഴുന്നോരും ധര്‍മം വിട്ടര്‍ത്ഥത്തെ കാമിക്കയാല്‍, ഇനി-
യൊരു കൈമുക്കലുണ്ടായാല്‍ പൊള്ളിപ്പോം കൈകളായിരങ്ങള്‍!


കൈമുക്ക് 
ശുചീന്ദ്രം ക്ഷേത്രത്തിൽ നമ്പൂതിരിമാർക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന സത്യപരീക്ഷയായിരുന്നു കൈമുക്ക്. ഒരുപാത്രത്തിൽ തിളച്ചുകൊണ്ടിരിക്കുന്ന പശുവിൽനെയ്യിൽ ചെറിയൊരു ലോഹ വിഗ്രഹം ഇടുന്നു. തിളയ്ക്കുന്ന നെയ്യിൽ കൈമുക്കി വിഗ്രഹം എടുക്കണം. തുടർന്ന് കൈ ഒരു വസ്ത്രംകൊണ്ട് പൊതിഞ്ഞു കെട്ടുന്നു. നിശ്ചിത ദിവസത്തിനു ശേഷം കെട്ടഴിക്കുമ്പൊൾ കൈ പൊള്ളിയില്ലെങ്കിൽ ഉത്തമ ബ്രാമണരുടെ കൂട്ടത്തിൽപ്പെടുത്തി ആദരിക്കുന്നു. കൈ പൊള്ളിയാൽ ജാതിഭ്രഷ്ട് കല്പിക്കും. (കടപ്പാട്: മലയാളം വിക്കിപീഡിയ)

പിന്‍ കുറിപ്പ്: കൊല്ല വര്‍ഷം 1802-ല്‍ കിള്ളിക്കുറിശ്ശിമംഗലത്തെ (ലക്കിടി, പാലക്കാട് ജില്ല) പൊല്പാക്കര മനയിലെ നാരായണന്‍ നമ്പൂതിരിപ്പാട് ശുചീന്ദ്രത്ത് പോയി കൈമുക്കിയതായി ചരിത്ര രേഖകള്‍ ഉണ്ടത്രേ! അതായിരുന്നുവത്രേ ഏറ്റവും അവസാനത്തെ വിജയകരമായ കൈമുക്കല്‍.  ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന പൊല്പാക്കര മന കുടുംബയോഗത്തിനോടനുബന്ധിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ അറിഞ്ഞ  കുടുംബചരിത്ര കഥയാണ് മുകളിലെ വരികള്‍ക്കാധാരം. 
,

Comments

Cv Thankappan said…
സത്യം തെളിയിക്കാന്‍ ഈ 'കൈമുക്കല്‍' ഇന്നുണ്ടായിരുന്നെങ്കില്‍................
ആശംസകള്‍
ഇപ്പോള്‍ എല്ലാത്തിലും മായമാണ്. നെയ്യിനെയും വിശ്വസിക്കാന്‍ പറ്റില്ല.
കവിത ഇഷ്ടപ്പെട്ടു.
ajith said…
സത്യമേവ ജയതേ
കൈമുക്ക് , ഇന്നിലേക്ക് അനിവാര്യമായിട്ടുള്ളതാണ് ..
പക്ഷേ തിളക്കുന്ന നെയ്യാകില്ല .. അവിടെയും കൈമടക്ക്
വാങ്ങി നിശ്ചിത ദിവസത്തിനപ്പുറം നല്ല പിള്ളക്കുള്ള
പേപ്പര്‍ കൊടുക്കും .. എത്രയൊക്കെ അന്ധവിശ്വാസ്സം
പറഞ്ഞാലും പഴമയിലേ ചില ചിന്തകളില്‍ കഴമ്പുണ്ട്
മനസാക്ഷിയുള്ള പഴമക്കാര്‍ക്ക് തെറ്റിന്റെ ആഴം
ശരീരത്തേയും മനസ്സിനേയും ഒരുപൊലെ ബാധിക്കും ..
ഇന്ന് തെറ്റു പൊലും ശരിയാകുന്നടുത്താണ് നാം കടന്ന് പൊകുന്നത് ..
നന്മയുള്ള മനസ്സുകള്‍ വാഴ്ന്നയിടത്തിലേ ഇന്നിന്റെ തലമുറയില്‍
വെളിച്ചമേകാന്‍ കവിയത്രിക്കും കഴിയട്ടെ .. വരികള്‍ ഇഷ്ടായ് .. സ്നേഹം
കൂത്ത്‌ അറിയാത്ത ചാക്യാർ ഈ ലോകം ......താളമുള്ള കവിത
ബഷീർ said…
കൂത്തറിയാത്ത ചാക്യാർമാരുടെ കാലം !! കവിത നന്നായി

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....