കുടുംബത്തിന്റെ ശ്രീ

കുറച്ചു കാലങ്ങളായി വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍ ചിലവഴിക്കുന്ന സമയം വളരെ കുറഞ്ഞിരിക്കുന്നു. മുന്‍പൊക്കെ സിനിമയും മറ്റും കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ വിരളമായിരിക്കുന്നു. രാത്രിയിലത്തെ ഇംഗ്ലീഷ് വാര്‍ത്തയും അതിനു ശേഷം മലയാളം ചാനലുകളില്‍ ഏതെങ്കിലുമൊന്നില്‍ വരുന്ന തമാശകളുമായി ചുരുങ്ങിയിരുന്നു ടിവിയുമായുള്ള ബന്ധം. എന്നാല്‍ ന്യൂസ് അവര്‍ ആര്‍ണബ് ഗോസ്വാമിയുടെ അലറല്‍ അവര്‍ ആയി മാറിയപ്പോള്‍ പ്രൈം ടൈം ന്യൂസും അവഗണിക്കാന്‍ തുടങ്ങി. അടുക്കളയില്‍ അന്നന്നത്തെ പണികള്‍ അവസാനിപ്പിക്കാനുള്ള തിരക്കിനിടയിലും പാത്രങ്ങളുടെ കലപിലയ്ക്കിടയിലും ടിവിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളെ ഒരു പാട്ടിലോ അല്ലെങ്കില്‍ എന്തെങ്കിലും ചിന്തയിലോ മുക്കിക്കളയുകയാണ് പതിവ്. പത്തു മണിക്ക് ഹിസ്റ്ററി ചാനലില്‍ വരുന്ന പരിപാടി രസകരം എന്ന് തോന്നിയാല്‍ കാണും. അതും നല്ല പാതിക്കൊപ്പം മാത്രം. അദ്ദേഹം സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരം കുട്ടികള്‍ കുറച്ചു നേരം ടി വി കണ്ടു കഴിഞ്ഞാല്‍ അതിനു വിശ്രമം നല്‍കുകയാണ് പതിവ്.

ഇന്നലെ പതിവിനു വിപരീതമായി പത്തരകഴിഞ്ഞും എന്തൊക്കെയോ തമാശകള്‍ കണ്ടു രസിച്ചിരുന്നു. ഒടുവില്‍ പതിനൊന്നു മണി കഴിഞ്ഞ് ടി വി ഓഫ് ആക്കുന്നതിനു മുന്പ് വെറുതേ ചാനലുകളൊക്കെ ഒന്ന് ഓടിച്ചു നോക്കി. അപ്പോഴാണ്‌ ദൂരദര്‍ശനില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട ഒരു പരിപാടി കാണാന്‍ ഇടയായത്. ഏറ്റവും നല്ല കുടുംബശ്രീ സി ഡി സി (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി) ഏതാണ് എന്നതിനുള്ള ഒരു മത്സരത്തിന്റെ ഭാഗമായിരുന്നു ആ ഷോ (ഇനി ഞങ്ങള്‍ പറയാം എന്ന സോഷ്യല്‍ റിയാലിറ്റി ഷോ) എന്ന് തോന്നുന്നു. ജഡ്ജിംഗ് പാനലിനു മുന്നില്‍ ഒരു കുടുംബശ്രീ  സി ഡി സിയുടെ അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു.


ഏതോ തീരദേശത്ത് പ്രവര്‍ത്തിക്കുന്ന സി ഡി സിയിലെ അംഗങ്ങളാണ് അവരെന്ന് അവരുടെ സംസാരത്തില്‍ നിന്നും ഊഹിക്കാന്‍ കഴിഞ്ഞു. (പരിപാടിയുടെ അവസാനത്തിലാണ് 'കൂട്ടുകാര്‍' എന്നാണ് അവരുടെ കൂട്ടായ്മയുടെ പേര്‍ എന്ന് മനസ്സിലായത്). പനയോല കൊണ്ട് കൌതുക വസ്തുക്കള്‍ ഉണ്ടാക്കുക, സ്വയം കൃഷി ചെയ്തുണ്ടാക്കിയ കായ കൊണ്ട് ചിപ്സ്, വാഴയ്ക്കപ്പൊടി തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുക, ചക്ക ചിപ്സ്, കപ്പ ചിപ്സ്, പപ്പടം എന്നിങ്ങനെയുള്ളവ ഉണ്ടാക്കി വില്‍ക്കുക, എന്നിങ്ങനെ സാധാരണ കുടില്‍ വ്യവസായം പോലെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. മിക്കവാറും പേര്‍ക്ക് അവരവരുടേതായ യൂണിറ്റുകളില്‍ നിന്നും പ്രതിമാസം പതിനായിരമോ അതിലധികമോ ലാഭം കിട്ടുന്നു. പലരും ആ വരുമാനത്തിന്റെ ബലത്തില്‍ സ്വന്തം കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ അതിനേക്കാളുമൊക്കെ അഭിനന്ദനീയമായി തോന്നിയത് അവര്‍ സമൂഹത്തില്‍ കൊണ്ടു വന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞപ്പോഴാണ്. വീടിന്റെ അകത്തളങ്ങളില്‍ പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ കഴിഞ്ഞരുന്ന ആ സ്ത്രീകള്‍ ഇന്ന്‍ സ്വാശ്രയശീലരായിരിക്കുന്നു. അവരുടെ തന്നെ വാക്കുകളില്‍ "പണ്ട് ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് പോലും എടുക്കാന്‍ അറിയാതിരുന്നവര്‍ ഇന്ന്‍ എവിടെ വേണമെങ്കിലും പോകാനും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും പേടിയോ പരിഭ്രമമോ ഇല്ലാതെ സംസാരിക്കാനും സമൂഹത്തില്‍ ഇടപഴുകാനും പ്രാപ്തരായിരിക്കുന്നു." വീട്ടില്‍ അടുക്കളയുടെ കരിയിലും പുകയിലും പിന്നെ വൈകുന്നേരം സീരിയലുകളിലും മുങ്ങിപ്പോയിരുന്ന അവര്‍ ഇപ്പോള്‍ ഏറെ അഭിമാനത്തോടെ കുടുംബകാര്യങ്ങളില്‍ സജീവ പങ്കാളികളാകുന്നു.

അവര്‍ തങ്ങളുടെ പരിസരത്ത് മദ്യം വാറ്റിയിരുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളിലും അവബോധം സൃഷ്ടിച്ചു. വരുമാനത്തിനായി വാറ്റ് പോലെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ മറ്റു കൈത്തൊഴിലുകള്‍ പഠിപ്പിച്ച് അതില്‍ നിന്നും പിന്തിരിപ്പിച്ചു. പാന്‍ പരാഗ് പോലെയുള്ള വസ്തുക്കള്‍ വില്ക്കുന്നതില്‍ നിന്നും കടക്കാരെ പിന്തിരിപ്പിച്ചു. സ്കൂളില്‍ പോകാതെ കടപ്പുറത്ത് കറങ്ങി നടക്കുന്ന കുട്ടികളെ സ്കൂളുകളിലേക്ക് എത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ വാങ്ങിച്ചു കൊടുത്തു. വീടില്ലാത്തവര്‍ക്ക് വീട് വെച്ചു കൊടുത്തു. ടൂറിസം മേഖലയിലുള്ള പ്രദേശമായതിനാല്‍ ചിലപ്പോള്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയാവുന്നു എന്നറിഞ്ഞ് അവര്‍ക്ക് അത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള അവബോധം ഉണ്ടാക്കികൊടുക്കുന്നു. കുട്ടികളുടെ മേല്‍ മാതാപിതാക്കളുടെ ശ്രദ്ധയുണ്ടായിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു.... അങ്ങനെ അവര്‍ ചെയ്ത, ഇപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ വളരെ വലുതാണ്‌.

ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം ആ സ്ത്രീകളുടെയൊക്കെ കണ്ണില്‍ തിളങ്ങി നിന്ന ആത്മാഭിമാനത്തിന്‍റെ നക്ഷത്രങ്ങളാണ്. അവരുടെ ഓരോ വാക്കുകളിലും ആ ഭാവം നിറഞ്ഞു നിന്നിരുന്നു. ഒരു പക്ഷേ വീട്ടുകാരാല്‍ പോലും വിലകല്പിക്കാതിരുന്ന ഒരു ഇന്നലെയില്‍ നിന്ന് ഇന്നത്തെ ഈ നേട്ടങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അവരുടെയുള്ളില്‍ നിന്നും സ്ഫുരിക്കുന്ന സന്തോഷത്തിന്റെ അംശമാവാം ആ തെളിച്ചം. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത അവര്‍ ഏറെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ സന്തോഷം തോന്നി. നന്നായി പഠിച്ച ഒരാളെ പോലെതന്നെ  ഇംഗ്ലീഷ് വാക്കുകളും ഒട്ടും തെറ്റാതെ അവര്‍ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.


വാസ്തവത്തില്‍ ഇതല്ലേ ശരിക്കും സ്ത്രീശാക്തീകരണം? പലരും ഘോരഘോരം പ്രസംഗിച്ചു നടക്കുന്നതിനേക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ ഈ സഹോദരിമാര്‍ നിശബ്ദം ചെയ്യുന്നു. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എത്രയോ കുടുംബങ്ങളുടെ  വിളക്കാവുന്നു. അവരുടെ ഈ നേട്ടങ്ങളിലും സമൂഹനന്മയ്ക്ക് വേണ്ടി അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളിലും അഭിമാനം തോന്നി. ഇതിന്റെ പത്തിലൊന്നു പ്രതിബദ്ധത നാടു ഭരിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഈ നാട് എന്നേ 'ദൈവത്തിന്റെ സ്വന്തം നാടാ'യേനെ!

'കുടുംബശ്രീ' എന്ന സംരംഭത്തിലൂടെ വളരെയധികം സ്ത്രീകള്‍ തങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു സ്ത്രീ ശക്തിപ്പെടുമ്പോള്‍ സമൂഹമാകമാനം ശക്തമാവുന്നു എന്നര്‍ത്ഥം വരുന്ന ഒരു വാക്യം എവിടെയോ കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ഇത്തരം ആളുകള്‍ തെളിയിക്കുന്നു. എന്തായാലും പരിപാടിയുടെ ജഡ്ജിമാര്‍ അവര്‍ക്ക് നൂറില്‍ എഴുപത്തിയേഴ് മാര്‍ക്കാണ് കൊടുത്തത്. എന്നാല്‍ ഞാന്‍ അവര്‍ക്ക് നൂറില്‍ നൂറു മാര്‍ക്കും നല്‍കുന്നു. തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കുറവുകളും പരിമിതികളും കീഴടക്കി അവര്‍ നേടിയ ഓരോ നേട്ടങ്ങളും പത്തരമാറ്റുള്ളവയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ - അവരുടെ കൂട്ടത്തിലെ നിരാലംബരായവര്‍ക്ക് വീടുവെച്ചു കൊടുക്കാനും വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളും യൂണിഫോമും മറ്റും വാങ്ങാനുമെല്ലാം അവര്‍ പണം കണ്ടെത്തിയത് അവരുടെ ഇടയില്‍ നിന്നു തന്നെയാണ്. ഓരോ മാസത്തിലും അവര്‍ തങ്ങളാലാവുന്ന പോലെ അതിലേക്ക് സംഭാവന ചെയ്യും. അയ്യായിരത്തിലധികം തുക പിരിഞ്ഞു കിട്ടാറുണ്ട്‌ എന്ന്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്ക് അത്ര ആശ്ചര്യമൊന്നും തോന്നിയില്ല. മിക്കപ്പോഴും ഇല്ലാത്തവന്‍ എന്ന്‍ നമ്മള്‍ കരുതുന്നവരാണ് ഉള്ളവരേക്കാള്‍ അധികം മറ്റുള്ളവര്‍ക്ക് നല്‍കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാനടക്കം പലരും 'ആ ചിലവുണ്ട്, ഈ ചിലവുണ്ട് അല്ലെങ്കില്‍ ഭാവിയില്‍ ചിലവുണ്ടായേക്കാം' എന്ന തോന്നലില്‍ സഹായിക്കാതെ സ്വാര്‍ത്ഥതയില്‍ പിന്‍ വലിയുമ്പോള്‍ ഒരു നേരത്തെ അന്നത്തിനു കഷ്ടപ്പെടുന്ന ആളുകള്‍ ഒന്നും നോക്കാതെ തങ്ങളുടെ കയ്യിലുള്ളത് യാതൊരു സങ്കോചവും കൂടാതെ മറ്റുള്ളവരെ സഹായിക്കുവാന്‍ നല്‍കുന്നു. അത്തരം മനസ്സുകള്‍ക്ക് ഒരു വലിയ കൂപ്പുകൈ!  

കുടുംബശ്രീയെക്കുറിച്ച് കൂടുതലറിയാന്‍ http://www.kudumbashree.org/ എന്ന സൈറ്റ് സന്ദര്‍ശിക്കുക

Comments

Cv Thankappan said…
കുടുംബശ്രീ സാരഥികളും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സത്യസന്ധരും,ആത്മാര്‍ത്ഥത ഉള്ളവരും കൂടിയായിരിക്കണം!
ആശംസകള്‍
Cv Thankappan said…
കുടുംബശ്രീ സാരഥികളും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സത്യസന്ധരും,ആത്മാര്‍ത്ഥത ഉള്ളവരും കൂടിയായിരിക്കണം!
ആശംസകള്‍
This comment has been removed by the author.
ഒരു വ്യക്തിയും സ്വാതന്ത്ര്യവും എന്താണെന്നു സ്വയം ബോദ്ധ്യപ്പെടുകയാണ് ഇത്തരം പ്രവര്ത്തികളിലൂടെ അവര്‍ നേടുന്നത്. ഒപ്പം ലാഭം എന്നതിനപ്പുറത്തെക്ക് നല്ല സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ആത്മാര്‍ത്ഥത കൈമോശം വന്നിട്ടില്ലാത്ത മനസ്സുകള്‍ കൂട്ടം ചേരുന്നത് നാടിന്റെ തന്റെ നന്മക്ക് ഏറെ ഗുണം ചെയ്യും. സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി കൈവരിക്കുന്നതാണ് പ്രധാനം. അതിന് ധാരാളം സാഹചര്യങ്ങളും ഇതില്‍ നിന്ന് ലഭിക്കുന്നു.

നന്നായിരിക്കുന്നു.
Shaheem Ayikar said…
ഇനിയും ഒരുപാട് സ്ത്രീകളുടെ കണ്ണുകളിൽ ആത്മാഭിമാനത്തിന്റെ നക്ഷത്രങ്ങൾ ഇനിയും തിളങ്ങട്ടെ... എന്റെ ആശംസകൾ.
Unknown said…
Nisha, Well written.
-Sudheer.
വീകെ said…
ആ കൂട്ടായ്മക്ക് എല്ലാ ആശംസകളും...
ajith said…
യഥാര്‍ത്ഥശാക്തീകരണം!
ഇന്നലെ ഞാനും വളരെ അവിചാരിതമായാണ് ഈ പരിപാടി കാണാനിടയായത്. അന്നമനട പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ആയിരുന്നു സംസാരിച്ചിരുന്നത്. ഒരു നിമിഷനേരത്തെയ്ക്ക് പോലും ചാനൽ ഒന്ന് മാറ്റണമെന്ന് തോന്നാതെ മുഴുവൻ കണ്ടിരുന്നു ആ പരിപാടി. ഇതിനെ കുറിച്ച് ഒരു പോസ്റ്റ്‌ ഇടണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇന്ന് നിഷയുടെ ഈ പോസ്റ്റ്‌ കാണാനിടയായത്. നിഷ പറഞ്ഞത് പോലെ അവരുടെ കണ്ണുകളിലെ അഭിമാനത്തിളക്കം നമുക്ക് തരുന്ന ഊർജ്ജം വളരെ വലുതാണ്‌.
അവരുടെ വാക്കുകൾ കേട്ടപ്പോൾ തോന്നി, ഇതാണ് യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യം എന്ന്. ദേഹം മറയാത്ത വസ്ത്രം ധരിച്ചും , തെരുവോരത്ത് ചുംബനം നടത്തിയും മറ്റും പലരും സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോകത്തിനാകമാനം മാതൃകയായ ഇവരുടെ പ്രവർത്തനങ്ങൾ കണ്ടുപഠിച്ചിരുന്നെങ്കിൽ...അനുകരിച്ചിരുന്നെങ്കിൽ...കുടുംബശ്രീ പ്രവത്തകർ നമുക്കോരോരുത്തർക്കും മാതൃകയാണ്.
ഈ ലക്ഷ്യബോധവും ഒത്തൊരുമയും ആത്മാർഥതയും ഒരിക്കലും നിക്ഷിപ്ത താത്പ്പര്യങ്ങൾക്കും ചേരിതിരിവുകൾക്കും, അഴിമതിക ൾ ക്കും വഴി മാറാതെ എന്നും ഇതുപോലെ നില നിൽക്കട്ടെ എന്ന ഒരു പാർത്ഥന മാത്രം.

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....