ആ... ആന
"അമ്പലഗോപുരനടയിലൊരാനക്കൊമ്പനെ ഞാൻ കണ്ടേ
മുൻപു മുതൽക്കേ ആനയിലിത്തിരി കമ്പമെനിക്കുണ്ടേ ... "
കുട്ടിക്കാലത്ത് ഏറെ പാടി നടന്നിരുന്ന ഒരു പാട്ടാണ്. എത്ര ഭംഗിയായി ആനയെ ഇതിൽ വിവരിച്ചിരിക്കുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ട്. എന്നാൽ ഈയടുത്താണ് അതിലെ വരികൾ മനസ്സിനെ പൊള്ളിയ്ക്കാൻ തുടങ്ങിയത്. പ്രത്യേകിച്ചും
'കാലിൽ തുടലുകിലുങ്ങുന്നുണ്ടേ വാലിളകുന്നുണ്ടേ
ആനക്കൊമ്പനെയാകപ്പാടെ കാണാനഴകുണ്ടേ' എന്ന ഭാഗം.
കാലിൽ തുടലു കിലുങ്ങുന്നുണ്ട്.. |
എത്ര സമർത്ഥമായാണ് അസ്വാഭാവികമായ ഒരു കാര്യം നിസ്സാരവാക്കുകളിൽ സ്വാഭാവികത കൈവരിച്ചത്. അതു കൊണ്ടാണല്ലോ ആന എന്ന് കേൾക്കുമ്പോൾ തന്നെ നമ്മിൽ ഭൂരിഭാഗം പേർക്കും കാലിൽ ചങ്ങലയണിഞ്ഞ, നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഗജവീരന്മാരുടെ ചിത്രം മനസ്സിൽ തെളിയുന്നത്. ആ ചിത്രം നമ്മെ അലോസരപ്പെടുത്തുന്നതിനു പകരം നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ദുഃഖകരം.
മലയാളിയുടെ ജീവിതത്തിൽ ഇത്രത്തോളം അവിഭാജ്യഭാഗമായ വേറൊരു 'വന്യ'ജീവിയുണ്ടോ എന്ന് സംശയമാണ്. അക്ഷരമാല പഠിയ്ക്കുമ്പോൾ അ - അമ്മ കഴിഞ്ഞാൽ നാം ഒട്ടു മിക്കവരും പഠിച്ചിട്ടുള്ളത് ആ - ആന എന്നാവും. നമ്മുടെ സംസ്ഥാന മൃഗവും ആന തന്നെയാണ്. ആനച്ചന്തം, അജഗജാന്തരം, ആനക്കാര്യത്തിനിടയിലാണോ ചേനക്കാര്യം, അടി തെറ്റിയാൽ ആനയും വീഴും തുടങ്ങി പല പ്രയോഗങ്ങളിലും ആന നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നാൽ ദുർഭാഗ്യമെന്നു പറയട്ടെ, ഈ സാധു ജീവികളെ ദിനംപ്രതി നാം കൊല്ലാകൊല ചെയ്തു കൊണ്ടിരിക്കുകയാണ്.
സത്യത്തിൽ അമ്പലഗോപുരനടയിൽ കാണുന്ന ആന അതിൻ്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും എത്രയോ വ്യത്യസ്തമായ സാഹചര്യത്തിലാണ് ജീവിയ്ക്കുന്നത് എന്ന് നാം ചിന്തിക്കാറുണ്ടോ? വനത്തിനുള്ളിൽ ആനയെ കണ്ടിട്ടുള്ളവർക്കറിയാം ആ ജീവി എത്ര നരകതുല്യമായ ജീവിതമാവും നാട്ടിൽ ജീവിക്കുന്നതെന്ന്! ദിവസവും കൂട്ടത്തോടെ കിലോമീറ്ററുകളോളം നടന്ന് ഇഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് സ്വതന്ത്രവിഹാരം നടത്തുന്ന അവയെ ചങ്ങലയ്ക്കുള്ളിൽ ബന്ധിച്ചതും പോരാ, വേണ്ട വിധം ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിയ്ക്കുന്നു. മണ്ണ് വാരിയെറിഞ്ഞും വെള്ളത്തിൽ തിമിർത്താടിയും ജീവിതം ആസ്വദിക്കേണ്ടുന്ന അവർ കോൺക്രീറ്റ് നിലങ്ങളും ടാറിട്ട റോഡുകളും കാൽ പൊള്ളിയ്ക്കുമ്പോഴും ചങ്ങല പൊട്ടിച്ചു കൊണ്ട് ഓടാതെ അടക്കത്തോടെ ചെവിയുമാട്ടി നിൽക്കുന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്!.
ആന ഒരു സമൂഹജീവിയാണ്. കൂട്ടം കൂട്ടമായേ അവർ സഞ്ചരിക്കൂ. മുതിർന്ന പിടിയാന നയിക്കുന്ന ആനക്കൂട്ടം ഒരു വലിയ കൂട്ടുകുടുംബം തന്നെയാണ്. അതിലെ കുട്ടികൾ ആ കൂട്ടത്തിന്റെ കൂട്ടുത്തരവാദിത്തമാണ്. അകാലത്തിൽ ചരിഞ്ഞ കുട്ടിയാനയുടെ മൃതദേഹത്തിനു ചുറ്റും കണ്ണീർ വാർത്തു നിൽക്കുന്ന ആനക്കൂട്ടത്തിൻ്റെ കഥ നമ്മളിൽ പലരും പത്രത്തിൽ വായിച്ചിരിക്കാം. ചിത്രങ്ങൾ കണ്ടിരിക്കാം. ഒരു പക്ഷേ അതു കണ്ട് ഒരു നിമിഷം മനസ്സ് ചഞ്ചലപ്പെട്ടിരിക്കാം. പക്ഷേ അത് അന്നത്തെ പത്രത്തിലെ ഒരു കരളലിയിക്കുന്ന ഒരു വാർത്ത മാത്രമായി ചുരുങ്ങാൻ ഏറെ നേരം ഒന്നും വേണ്ട.
കാട്ടിൽ ഒരാനക്കൂട്ടം |
ആനയെന്നാൽ നമുക്ക് ഒരു വിനോദോപാധി മാത്രമാണിപ്പോഴും. ഉത്സവങ്ങൾക്കും സ്വീകരണങ്ങൾക്കും വേഷം കെട്ടിച്ചു തലയെടുപ്പോടെ പ്രദർശിപ്പിക്കാനുള്ള ഒരു മൃഗം. ആനപ്രേമികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തങ്ങളുടെ പ്രിയപ്പെട്ട ആനയ്ക്ക് ഗജരാജപട്ടം നേടിക്കൊടുക്കാനുള്ള തത്രപ്പാടിലാണ്. എന്തും ഏതും കൊട്ടിഘോഷവും കാട്ടിക്കൂട്ടലും മാത്രമാകുന്ന ഈ കാലത്ത് നാടിലുടനീളം ഗജരാജപട്ടം നേടിയ ആനയുടെ ഫ്ളക്സുകൾ നിരന്നു കാണുന്നുണ്ട്. നെറ്റിപ്പട്ടം കെട്ടി തലയുയർത്തി നിൽക്കുന്ന ആ സാധു ജീവിയുടെ ദേഹത്തുള്ള മുറിവുകളും അതിന്റെ വേദനയും ആ നെറ്റിപ്പട്ടത്തിന്റെ തിളക്കത്തിൽ ആര് കാണാൻ! ചെണ്ടമേളത്തിന്റെ ലയത്തിനൊപ്പിച്ച് ചെവിയാട്ടി മേളമാസ്വദിക്കുന്ന ആനകളെയാണ് ഉത്സവപ്രേമികളും ആനപ്രേമികളും കാണുന്നത്.
ബന്ദിപ്പൂർ വനാന്തരത്തിൽ |
എന്നാൽ കാട്ടിലുള്ള ആനകൾ സുഖമായി കഴിയുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഉത്തരം ഇല്ലെന്നു തന്നെയാണ്. കുറഞ്ഞു വരുന്ന വനവിസ്തൃതിയും, ഭക്ഷ്യവസ്തുക്കളുടെ അഭാവവും വർദ്ധിച്ചു വരുന്ന ചൂടും ജലക്ഷാമവുമൊക്കെ ആനയെ പലപ്പോഴും കാടിനു പുറത്തെത്തിയ്ക്കുന്നു. വനാതിർത്തിയിലുള്ള കൃഷികൾ അവ നശിപ്പിയ്ക്കുന്നു എന്ന് നാം പരാതിപ്പെടുന്നു. അവയെ തുരത്താൻ എല്ലാ വഴികളും ഉപയോഗിക്കുന്നു - പടക്കവും വാലിൽ തീ കൊളുത്തലുമടക്കം ! വാസ്തവത്തിൽ പലപ്പോഴും ആന നമ്മുടെ പാർപ്പിടങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങാൻ കാരണം നാം അവയുടെ ആവാസവ്യവസ്ഥിതിയിൽ കയറിയതു കൊണ്ടല്ലേ?
ഈയിടെ പുറത്തിറങ്ങിയ ജംഗിൾ ബുക്ക് എന്ന സിനിമയിൽ മൗഗ്ലിയോട് ബഗീരയാണെന്ന് തോന്നുന്നു പറയുന്നുണ്ട് - ആനകളാണ് കാടിന്റെ യഥാർത്ഥ ഉടമസ്ഥർ. അവർ പോകുന്നയിടത്ത് വഴികളുണ്ടാവുന്നു, നദികൾ വഴി മാറുന്നു, അവയുടെ അറിവിലും ബലത്തിലും കാട് കാടാവുന്നു. അവയെ എപ്പോഴും ബഹുമാനിക്കണം. സിനിമയിൽ അവസാനം കാട് കത്തിയെരിയുമ്പോൾ മരങ്ങൾ കടപുഴക്കിയും മറ്റും പുഴയുടെ ഗതി തിരിച്ചു വിട്ട് കാട് നശിക്കാതെ രക്ഷിക്കാൻ മൗഗ്ലിക്ക് കൂട്ടാവുന്നതും ആനക്കൂട്ടമാണ്. ഒരുപക്ഷേ അതൊക്കെ അതിശയോക്തിയാണ് എന്ന് വാദിച്ചാലും ഒരു കാര്യം സത്യമാണ്... അവ സ്വൈര്യ വിഹാരം നടത്തിയിരുന്ന ലോകത്തേയ്ക്കാണ് നാം അതിക്രമിച്ചു കയറിയതും പലതും സ്വന്തമാക്കിയതും. ഇന്ന് ആനത്താരകൾ അടച്ച് ഹൈവേകളും റെയിൽ പാതകളും കെട്ടിപ്പടുക്കുമ്പോൾ നിലവിലുള്ള പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയെല്ലേ നാം ചെയ്യുന്നത് എന്ന് തോന്നിപ്പോകുന്നു...
ഈ ആനയും നാട്ടാന ആയിക്കൊണ്ടിരിക്കുന്നു |
ആനയെ മെരുക്കുവാൻ... |
ക്രൂരമായ പരിശീലനങ്ങൾക്കും പീഡനങ്ങൾക്കും ശേഷമാണ് ഒരു കാട്ടാന നാട്ടാനയായി നമ്മുടെ മുൻപിലെത്തുന്നത്. നിരന്തരമായ പരിശീലനങ്ങളിലൂടെയും ഒരുപക്ഷേ അതിലേറെ പീഡനങ്ങളിലൂടെയും അതിനെ മെരുക്കിയെടുക്കാൻ കഴിയുമെങ്കിലും ആത്യന്തികമായി ആനയൊരു വന്യമൃഗം തന്നെയാണ്. പരിശീലകർ പറയുന്ന കാര്യം അനുസരിച്ചില്ലെങ്കിൽ ലഭിക്കുന്ന വേദനാജനകമായ ശിക്ഷയെ ഭയന്നാണ് അവ അനുസരണയുള്ളവയായി മാറുന്നത്. അനുവാദമില്ലാതെ ഒന്നനങ്ങിയാൽ, ചിന്നം വിളിച്ചാൽ ദേഹത്തു വീഴുന്ന അടിയുടേയും തോട്ടി കൊണ്ടുള്ള വലിയുടേയും വേദനയിൽ ആ പാവം മൃഗം ഗത്യന്തരമില്ലാതെ അടങ്ങി നിൽക്കുകയാണ്. വേദനയിൽ നിന്ന് രക്ഷപ്പെടാൻ അനുസരിക്കുകയല്ലാതെ മാർഗ്ഗമൊന്നും ഇല്ലെന്ന് അവ മനസ്സിലാക്കുന്നു - അനുസരിക്കുന്നു. അതോടെ മൃഗം മെരുങ്ങിയെന്ന് നാം അനുമാനിക്കുന്നു.
നാട്ടാനകളെ എഴുന്നള്ളിച്ചും ക്രൂരമായി പീഡിപ്പിച്ചും നിരത്തി നിർത്തുമ്പോൾ ആ ജീവികളുടെ വേദന കാണാൻ കണ്ണില്ലാത്ത, അവയുടെ മുന്നിൽ ഞെളിഞ്ഞു നിന്ന് സെൽഫിയും മറ്റുമെടുക്കുന്ന നമ്മിൽ എത്ര പേർക്ക് കാട്ടാനയുടെ നേർക്ക് വർദ്ധിച്ച ഹൃദയമിടിപ്പോടെയല്ലാതെ ഒന്ന് നോക്കാൻ പോലും കഴിയും? ഒരു കാട്ടുകൊമ്പൻ ഉറച്ചൊരടി മുന്നോട്ടു വെച്ചാൽ തിരിഞ്ഞോടാത്ത എത്ര പേരുണ്ടാവും? ആനക്കൂകൂട്ടത്തിന്റെ മുന്നിൽ പെട്ടു പോയാൽ പേടിച്ച് നിമിഷ നേരം കൊണ്ടു തന്നെ പാതി ജീവൻ പോയ പോലെയാവും... ഒരർത്ഥത്തിൽ നമ്മുടെ ആന സ്നേഹവും ധൈര്യവുമൊക്കെ ആ മൃഗത്തെ തളച്ച ചങ്ങലയുടെ ബലത്തിലല്ലേ നില കൊള്ളുന്നത്! ആനയ്ക്ക് ആനയുടെ ബലമറിയില്ല എന്നതു കൊണ്ടു മാത്രം ഇത്തിരിപ്പോന്ന നമ്മൾ അതിനേക്കാൾ വലിയവനായി ഞെളിയുന്നു..
ഒരു കാട്ടാന - നെല്ലിയാമ്പതിയിൽ നിന്നും |
കൊല്ലാൻ വളർത്തുന്ന മൃഗങ്ങളോടു പോലും കാണിക്കാത്ത ക്രൂരതയാണ് പലപ്പോഴും ആനകളോട് നാം കാണിക്കുന്നത്. പൊടിയും മണ്ണും ഉരച്ചു കഴുകി കറുപ്പിച്ച് നിർത്തുമ്പോൾ എന്താ ഭംഗിയെന്ന് തോന്നുമായിരിക്കും, എന്നാൽ ആ പാവത്തിന് ചൂട് അസഹ്യമായിത്തീരുന്നുണ്ടാവും എന്ന് നമുക്ക് ഓർമ്മ വരില്ല. കാട്ടാനകളെ തോട്ടപൊട്ടിച്ചും ചെണ്ടകൊട്ടിയും ഓടിയ്ക്കുന്ന നാം ഉത്സവപ്പറമ്പിൽ മേളത്തിനും വെടിക്കെട്ടിനുമിടയിൽ അസ്വസ്ഥരാവുന്ന നാട്ടാനകളെ കാണില്ല. ഈ ബഹളത്തിനിടയിൽ പേടിച്ച്, സംഭ്രമിച്ച് ഒന്ന് ഇളകിയാൽ, ഓടിയാൽ അതിനെ കാത്തിരിയ്ക്കുന്ന പീഡനങ്ങൾ കാണാതെ നല്ലൊരു ഉത്സവമോ മേളയോ കണ്ട സന്തോഷത്തിൽ നാം യാത്രയാവുന്നു. ഏറ്റവും തലയെടുപ്പ് തന്റെ പ്രിയപ്പെട്ട ആനയ്ക്കായിരുന്നു എന്ന സംതൃപ്തിയിൽ. പ്രിയപ്പെട്ട ആനകളുടെ നിഴൽ കണ്ടാൽ പോലും തിരിച്ചറിയുന്ന ആനപ്രേമികൾ പോലും അവയുടെ ദേഹത്തെ മുറിവുകൾ കാണാത്തതെന്തേ? ഇനി അഥവാ കണ്ടാൽ അതു നമ്മളെ അസ്വസ്ഥരാക്കാത്തതെന്തേ?
ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങളിൽ ചെറിയ തോതിലെങ്കിലും മാറ്റം വരുന്നുണ്ടെന്ന് തോന്നുന്നു. ആനകളെ പീഡിപ്പിക്കുന്നതിനെതിരേയും അവയുടെ സൗഖ്യമുറപ്പാക്കാനായും മറ്റു തരത്തിലുള്ള ബോധവത്കരണത്തിനും തയ്യാറായി ആളുകൾ ഉയർന്നു വരുന്നുണ്ട്. അവരുടെ എണ്ണം വർദ്ധിക്കട്ടെ! മിന്നുന്ന നെറ്റിപ്പട്ടങ്ങൾക്കടിയിൽ മങ്ങുന്ന മുറിവുകളിലേയ്ക്കും നമ്മുടെ കണ്ണുകൾ ചെന്നെത്തട്ടെ! ഒരു ആനയേയും ഇനിയൊരിക്കലും നാം ജെ സി ബി കൊണ്ടിടിച്ച് കൊല്ലാതിരിക്കട്ടെ. വാലിൽ പടക്കം കൊളുത്തി പ്രാണവേദനയിൽ പുളഞ്ഞ് ഒരാനയ്ക്കും ഓടേണ്ടി വരാതിരിക്കട്ടെ! സഹ്യന്റെ മക്കൾ കാട്ടിൽ സ്വൈരമായി വിഹരിക്കട്ടെ. അതു കണ്ടാനന്ദിയ്ക്കാൻ നമുക്ക് കഴിയട്ടെ!
കാട്ടിൽ അത്തരമൊരു ആനകൊമ്പനെ കണ്ടതിന്റെ ഒരു ചെറിയ വീഡിയോ താഴെയുണ്ട്:
പിൻകുറിപ്പ്:
ആനകളുടെ ആക്രമണം പേടിച്ച് ദിനരാത്രങ്ങൾ തള്ളിനീക്കുന്ന നിസ്സഹായരായ ഒരു ജനത നമ്മുടെ ഇടയിലുണ്ടെന്ന സത്യം മറക്കുന്നില്ല. ജീവിതവും ജീവനോപാധിയും ഒരു നിമിഷം കൊണ്ട് തകർന്നു പോകുന്ന അവരുടെ അവസ്ഥ ഓർക്കാൻ പോലുമാകുന്നില്ല. അവരുടെ വേദനയെനിക്ക് ഊഹിക്കാൻ പോലുമാവുയുമില്ല താനും. രണ്ടു കൂട്ടർക്കും വലിയ കുഴപ്പങ്ങളില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനാവുന്ന കാലം വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടാവുമെന്ന് ആശിക്കുന്നു.
ആനകളുടെ ആക്രമണം പേടിച്ച് ദിനരാത്രങ്ങൾ തള്ളിനീക്കുന്ന നിസ്സഹായരായ ഒരു ജനത നമ്മുടെ ഇടയിലുണ്ടെന്ന സത്യം മറക്കുന്നില്ല. ജീവിതവും ജീവനോപാധിയും ഒരു നിമിഷം കൊണ്ട് തകർന്നു പോകുന്ന അവരുടെ അവസ്ഥ ഓർക്കാൻ പോലുമാകുന്നില്ല. അവരുടെ വേദനയെനിക്ക് ഊഹിക്കാൻ പോലുമാവുയുമില്ല താനും. രണ്ടു കൂട്ടർക്കും വലിയ കുഴപ്പങ്ങളില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനാവുന്ന കാലം വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടാവുമെന്ന് ആശിക്കുന്നു.
Comments
.. ഇന്ന് പഴയ കാലം പോലെ ആനയോട് സ്നേഹമോ, ആദരവോ ഉള്ള ഉടമയ്ക്കും പാപ്പാനും പകരം, കുറെ ബ്രോക്കർമാരുടെയും, പാട്ടമെടുത്ത ആഭാസന്മാരുടേയും വ്യവഹാര ചരക്കായി "ഹെറിറ്റേജ് അനിമൽ "
മരണയാതനകൾ അനുഭവിക്കുന്നു. പണം കൊണ്ട് മുറ്റിയ കുറെ
ദുരാചാരപാലകർ കച്ചവടം കൊഴുപ്പിക്കുന്നു.
കുറഞ്ഞത് ഇനി ഒരു ആനപിടുത്തതിന് അനുമതി ഇല്ലാതിരിക്കട്ടെ... മാതംഗലീല ചരിത്രമാകട്ടെ...
താങ്ക്യു. കുറച്ചു നാളായി മനസ്സിനെ നോവിച്ചുകൊണ്ടിരുന്ന ഒരു വിഷയമായിരുന്നു ഇത്. കുറച്ചു കാലം മുൻപ് വരെ ആനകളെന്നാൽ പൂരത്തിനും മറ്റും കാണുന്നവയാണെന്നും അവയൊക്കെ നന്നായി പരിപാലിക്കപ്പെടുന്നുണ്ടെന്നുമുള്ള തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു. എന്നെപ്പോലെ ചിന്തിച്ച ആളുകൾ ഉണ്ടെങ്കിൽ അവരും അറിയട്ടെ കാര്യങ്ങൾ എന്ന് കരുതി. അത്രയേ ഉള്ളൂ.
താങ്ക്യു. ചില ഓർമ്മപ്പെടുത്തലുകൾ - അത്ര മാത്രം.
നല്ല എഴുത്ത് ..ആനയെ അടുത്തറിയാൻ ഇടവരുത്തുന്ന ലേഖനം ...ആശംസകൾ