ചില ഓട്ടിസം ചിന്തകൾ



ഒരു വിധം മലയാളികൾക്കൊക്കെ സുപരിചിതമായ പേരാവും ശ്രീ മുരളി തുമ്മാരുകുടിയുടേത്. തൻ്റെ എഴുത്തിലൂടെ പല കാര്യങ്ങളെക്കുറിച്ചും ബോധവത്‌കരണം നടത്തി വരുന്ന അദ്ദേഹം ഈയടുത്ത് ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റ് ഞാനും വായിച്ചിരുന്നു. അതിനു കീഴിൽ ഒരു കമന്റ് എഴുതിയെങ്കിലും മറ്റു പല കാര്യത്തിനുമിടയിൽ പിന്നെ അതിനെക്കുറിച്ചു മറന്നു പോയി എന്നതാണ് സത്യം.
ഇന്നിപ്പോൾ Manoj ഏട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് വീണ്ടും അക്കാര്യം ഓർമ്മ വന്നത്. കാര്യമെന്താണെന്നല്ലേ? ശ്രീ മുരളി തുമ്മാരുകുടിയുടെ മകൻ സിദ്ധാർത്ഥ് വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ ഏഴാം തിയതി വരെ എറണാകുളം ദർബാർ ഹാളിൽ നടക്കുന്നുണ്ട് - കഴിയാവുന്നവരെല്ലാം അത് കാണണം എന്നാണ് പോസ്റ്റിന്റെ കാതൽ. ഈ ചിത്ര പ്രദർശനത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ സിദ്ധാർത്ഥ് ആസ്പെർജ്ജസ് സിൻഡ്രോം എന്ന അവസ്ഥയെ അതിജീവിക്കുന്നത് തൻ്റെ ചിത്രങ്ങളിലൂടെയാണ് എന്നതാണ്.
എന്തെങ്കിലും ചെറിയ ഒരു രോഗം വന്നാൽ പോലും സമൂഹത്തിനു മുന്നിൽ അത് മൂടി വെക്കാൻ വെമ്പുന്ന ആളുകളുടെ ഇടയിൽ ശ്രീ മുരളി തുമ്മാരുകുടിയെ പോലെ പ്രശസ്തനായ ഒരാൾ മകന്റെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞത് തീർച്ചയായും ഓട്ടിസം പോലെ നമുക്ക് അധികം പരിചയമില്ലാത്ത അവസ്ഥകളെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ സഹായകമാകും എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്തിനും ഏതിനും മത്സരബുദ്ധിയോടെ നോക്കിക്കാണുന്ന നാം മക്കളെ ഏറ്റവും നല്ല മാർക്ക് വാങ്ങി പാസ്സാക്കാനുള്ള ശ്രമത്തിനിടയിൽ അവരുടെ യഥാർത്ഥ കഴിവ് എന്തിലാണെന്ന് തിരിച്ചറിയാതെ പോകുന്നുണ്ട്. ഇനി അഥവാ അതിനു കഴിഞ്ഞാലും ഈ മത്സരപ്പാച്ചിലിൽ നമ്മുടെ കുട്ടികൾ പിന്നിലായിപ്പോവരുത് എന്ന് കരുതി നാം അവരെ കൂടുതൽ കൂടുതൽ ഉന്തി തള്ളി വിടുന്നു. സർഗ്ഗവാസന കൊണ്ട് ഒന്നും നേടാനില്ല എന്നൊരു തോന്നൽ പലപ്പോഴും അറിയാതെ തന്നെ നാം അവരിൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഫലമോ ഒന്നിലും സന്തോഷം കണ്ടെത്താനാവാത്തവരായി കുട്ടികൾ വളരുന്നു.
ഇതിനിടയിൽ ഓട്ടിസമോ അത് പോലെ മറ്റെന്തെങ്കിലും അവസ്ഥയോ കുട്ടിയ്ക്കുണ്ടെങ്കിൽ നമുക്കത് ഉൾക്കൊള്ളാൻ തന്നെ പറ്റാതെ പോകുന്നു. അവിടെയാണ് ശ്രീ തുമ്മാരുകുടി വ്യത്യസ്തനായത്. ഒരു പക്ഷേ ഒരു സാധാരണ മലയാളിയേക്കാൾ വിവരവും ലോകപരിചയവും അദ്ദേഹത്തിനുള്ളതു കൊണ്ട് സിദ്ധാർത്ഥിനെ വേണ്ട പോലെ നയിക്കാൻ അദ്ദേഹത്തതിന് കഴിഞ്ഞു. അതു കൊണ്ടു തന്നെ മകൻ മറ്റു കുട്ടികളെപ്പോലെ വർത്തമാനം പറയുകയോ കളിക്കുകയോ ചെയ്യാതെ ചിത്രം വരയിൽ ആനന്ദം കണ്ടെത്തിയപ്പോൾ അതിന് പിന്നിലെ കാരണം അറിയാനും അതനുസരിച്ചു പെരുമാറാനും അദ്ദേഹത്തിനും കുടുംബത്തിനും കഴിഞ്ഞിരിക്കണം. അതു കൊണ്ടാണല്ലോ ഇന്ന് സിദ്ധാർത്ഥ് ഇത്തരമൊരു ചിത്രപ്രദർശനം നടത്തുന്നതും അതിൽ ആ കുടുംബം അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും.
അസുഖം വരുന്നത് ഒരു കുറ്റമാണെന്ന പോലെ നോക്കിക്കാണുന്ന ഒരു സമൂഹത്തിൽ തൻ്റെ മകന് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നും അത് ഉൾക്കൊണ്ട് കൊണ്ട് ആ കുട്ടിയ്ക്ക് അവനിഷ്ടമുള്ള വിധം വളരാൻ സാഹചര്യം ഒരുക്കിയെന്നതും ചെറിയ കാര്യമല്ല. അതൊട്ടും എളുപ്പമായിരുന്നിരിക്കില്ല. ഇതേ അവസ്ഥയിലുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സമൂഹത്തിനു തന്നെയും ഇതൊരു മാതൃകയാവട്ടെ.
പഠനത്തിലും മറ്റും പിന്നിൽ നിൽക്കുന്ന കുട്ടികളിലും എന്തെങ്കിലും കഴിവുകൾ കാണാതിരിക്കില്ല. അത് യഥാസമയം കണ്ടത്തി പരിപോഷിപ്പിക്കുന്നതിൽ നാം പരാജയപ്പെടുന്നതു കൊണ്ടാണ് ഒരു കുട്ടി ഒരു കഴിവും ഇല്ലാത്ത ആളായി വളരുന്നത്. കൊട്ടക്കണക്കിനു മാർക്ക് വാങ്ങി വരുന്ന യന്ത്രങ്ങളാക്കി മക്കളെ മാറ്റുമ്പോൾ അവരിലെ സർഗ്ഗവാസനയും സഹജീവിസ്നേഹവും കരുണയുമൊക്കെയാണ് നാം തല്ലിക്കെടുത്തുന്നത്.
വ്യത്യസ്തനായിരിക്കുന്നതിൽ ഭയക്കേണ്ടതില്ല. എല്ലാ കുട്ടികളും ഒരു പോലെയല്ല, അവർക്ക് ഒരുപോലെയാവാൻ കഴിയുകയുമില്ല. അത് രക്ഷിതാക്കൾ തിരിച്ചറിയണം. എല്ലാ അച്ഛനമ്മമാർക്കും തങ്ങളുടെ മക്കൾ ഏറ്റവും നന്നായി വരണം എന്ന് തന്നെയാവും ആഗ്രഹം. എന്നാൽ അവരെ ആ നിലയിലെത്തിക്കാൻ വേണ്ടി അവരെ തന്നെ നാം ബലിയാടാക്കുന്നു.
നമ്മുടെ ഇടയിലും ഉണ്ടാവും ഒരു പക്ഷേ 'പൊട്ടൻ' 'പൊട്ടി' എന്നൊക്കെ പേര് ചൊല്ലി നാം വിളിക്കുന്ന ചിലർ. അവർക്കും നമ്മെപ്പോലെ എല്ലാം നന്നായി ചെയ്യണം എന്നാഗ്രഹമുണ്ടാവും. അതിനു കഴിയാതെ പോകുന്നതാണ്. അവരെ ഉൾക്കൊള്ളാനുള്ള മനസ്സെങ്കിലും നമുക്കുണ്ടാവട്ടെ!
ഓട്ടിസം ബാധിച്ച കുട്ടികൾ മിക്കവരും ഏതെങ്കിലും കലാപരമായ കഴിവുകൾ ഉള്ളവരാണെന്നു കേട്ടിട്ടുണ്ട്. (ഓട്ടിസത്തെ കുറിച്ച് ആധികാരികമായി പറയാൻ ഞാൻ ആളല്ല. മറ്റുള്ളവരുമായി ഇടപെടുന്നതിലാണ് ( perception and interaction) ഓട്ടിസം ബാധിച്ചവർക്ക് വിഷമം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്). അതിനാൽ തന്നെ നാം നമുക്കു ചുറ്റുമുള്ളവരെ അളക്കുന്ന അളവുകോൽ കൊണ്ട് അവരെ അളക്കാൻ മുതിരരുത്. അവരുടെ കഴിവുകൾ വേറെ തലത്തിലാണ്. സിദ്ധാർത്ഥിനെ പോലെ അവരും തങ്ങളുടെ കഴിവുകൾ തെളിയിക്കട്ടെ! അവരെ മനസ്സിലാക്കാനുള്ള ഒരു മനസ്സെങ്കിലും നമുക്ക് നൽകാൻ ശ്രമിക്കാം.
എറണാകുളത്തുണ്ടായിരുന്നെങ്കിൽ ഞാനും ദർബാർ ഹാളിൽ പോയി ആ ചിത്രങ്ങൾ കണ്ടേനെ! അതിനു സാധിക്കാത്തത് കൊണ്ട് ഇങ്ങനെയെങ്കിലും ആ മിടുക്കനെ പിന്തുണയ്ക്കണം എന്ന് തോന്നി. സിദ്ധാർത്ഥ്, ഒരുപാടൊരുപാട് ചിത്രങ്ങൾ വരയ്ക്കൂ... നിറങ്ങളുടെ തോഴനായ് സന്തോഷത്തോടെ കഴിയൂ - എല്ലാ ആശംസകളും.
ആസ്പെർജ്ജസ് - https://en.wikipedia.org/wiki/Asperger_syndrome
ഓട്ടിസത്തെ പറ്റി കൂടുതലറിയാൻ -http://www.autism.org.uk/about/what-is/asd.aspx

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം