കാലങ്ങൾക്കപ്പുറത്തു നിന്നുമുള്ള ചിത്രങ്ങൾ...

ഒരു ദിവസം പതിവില്ലാതെ രാവിലെ തന്നെ മൊബൈലിൽ  മെസഞ്ചറിന്റെ മണികിലുക്കം.  പുതിയ സന്ദേശമുണ്ടെന്ന അറിയിപ്പ് കേട്ട് ആരാണാവോ എന്ന് കരുതി  നോക്കിയപ്പോൾ കപ്ലിങ്ങാട്ടെ  വീണ(അമ്മയുടെ കസിന്റെ മകന്റെ ഭാര്യ)യാണ്.  മെസേജ് തുറന്നപ്പാേൾ നാലഞ്ച് രേഖാചിത്രങ്ങളാണ് ... മുത്തശ്ശന്റെ (കപ്ലിങ്ങാട്ടെ കുട്ടമ്മാമൻ)  പെട്ടി തുറന്നു നോക്കിയപ്പോൾ അദ്ദേഹം സൂക്ഷിച്ചു വെച്ച സാധനങ്ങളുടെ കൂടെയുണ്ടായിരുന്നതാണ് എന്നും വീണ എഴുതിയിരിയ്ക്കുന്നു. 
വളർത്തു നായ? 
ആ ചിത്രങ്ങൾ നോക്കി കുറേ നിമിഷങ്ങൾ വല്ലാത്തൊരവസ്ഥയിൽ ഇരുന്നു പോയി. ചിത്രങ്ങൾക്ക് കീഴെ കെ കെ നമ്പൂതിരിപ്പാട് എന്ന കൈയ്യൊപ്പ് കണ്ടപ്പോൾ സന്തോഷം കൊണ്ടാണോ  സങ്കടം കൊണ്ടാണോ അതോ രണ്ടും കൂടിയതാണോ എന്നറിയില്ല, കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ പറ്റാതെയായി. 

അതിമനോഹരമായ ആ ചിത്രങ്ങൾ എന്റെ അമ്മാത്തെ മുത്തശ്ശൻ വരച്ചവയാണ്.  അമ്മാത്തെ മുത്തശ്ശനെക്കുറിച്ച് കേട്ടുകേൾവി തന്നെ കുറവാണ് - അമ്മയ്ക്ക് ഏഴോ എട്ടോ വയസ്സേ ആയിരുന്നുള്ളൂ അദ്ദേഹം മരിയ്ക്കുമ്പോൾ. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടുമില്ല. അമ്മയ്ക്കോ അമ്മാമൻമാർക്കോ അദ്ദേഹത്തിന്റെ രൂപമോ ഛായയാേ കൃത്യമായി ഓർമ്മയിൽ സൂക്ഷിയ്ക്കാനാവും മുൻപ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അഥവാ കൃത്യമായി ഓർമ്മയുണ്ടെങ്കിലും ആറ് പതിറ്റാണ്ടുകൾക്കിപ്പുറം അതിന് എത്രത്തോളം തെളിച്ചമുണ്ടാവും‌? അതും കുഞ്ഞു മനസ്സുകളിലെ ചിത്രങ്ങൾ? അറിയില്ല...

ഇത് വരച്ചത് എവിടെ വെച്ചാവും? നേരിട്ട് കണ്ട കാഴ്ചയായിരിക്കുമോ മുത്തശ്ശൻ വരച്ചിട്ടത്?

നിരീക്ഷണ പാടവം വിളിച്ചോതുന്ന ചിത്രം 
അമ്മാത്തുള്ള ആരോ വരച്ചിരുന്നുവെന്ന് ഞാൻ ആദ്യം മനസ്സിലാക്കിയത് അമ്മയുടെ കുഞ്ഞപ്ഫന്റെ സംസാരത്തിലൂടെയാണ്. പത്തിരുപത്തഞ്ചു കൊല്ലങ്ങൾക്കു മുൻപ്  ഒരിക്കൽ എന്റെ വര കണ്ട് അദ്ദേഹം തന്റെ കുട്ടിക്കാലത്ത്  ഏട്ടൻ വരച്ച ചിത്രങ്ങളെക്കുറിച്ച് എന്തൊക്കെയോ  പറഞ്ഞപ്പോഴും അത് എന്റെ മുത്തശ്ശനെപ്പറ്റിയായിരുന്നു എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. എന്തു കൊണ്ടോ അമ്മയുടെ അപ്ഫൻമാർ ആരെങ്കിലുമാവും എന്നാണ് ഞാൻ അന്ന് കരുതിയത്. അത് മുത്തശ്ശനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ചോദിക്കാമായിരുന്ന ചോദ്യങ്ങൾ ഇപ്പോൾ ഹൃദയത്തിൽ കൊളുത്തി വിലയ്ക്കുന്ന പോലെ.. ഇന്നിപ്പോൾ ചോദിക്കണമെന്നുണ്ടെങ്കിലും ഉത്തരം പറയാൻ അവരാരുമില്ല.

ചിത്രങ്ങൾ ഫോണിൽ അമ്മയെ കാണിച്ചപ്പോൾ അമ്മയ്ക്കും അദ്ഭുതമായി. അമ്മയും ഇതൊന്നും ഒരിക്കലും കണ്ടിട്ടില്ലത്രേ! വല്യമ്മാമനോട് ചോദിച്ചപ്പോൾ അദ്ദേഹവും പറഞ്ഞു, ഇതു വരെ കണ്ടിട്ടില്ല എന്ന്. കപ്ലിങ്ങാട്ട് പൂമുഖത്ത് വാതിലിനിരുവശവും മുത്തശ്ശൻ വരച്ചതെന്നു പറയപ്പെടുന്നതായ രണ്ടു ചിത്രങ്ങൾ കുറേക്കാലം ഉണ്ടായിരുന്നത് അവർക്ക് രണ്ടാൾക്കും ഓർമ്മയുണ്ട്. എനിക്ക് അതും കണ്ട ഓർമ്മയില്ല. 

ഇത് ആരായിരുന്നിരിയ്ക്കും? 
എന്തായാലും മുത്തശ്ശന്റെ സ്കെച്ച് ബുക്ക് ഇങ്ങനെയെങ്കിലും കാണാനായത് സന്തോഷമുള്ള കാര്യം തന്നെ.  നാട്ടിലുണ്ടായിരുന്ന സമയമായതിനാൽ കപ്ലിങ്ങാട്ട് പോണമെന്നും (എല്ലാ വരവിനും പോവാറുള്ളതാണ്) ഈ ചിത്രങ്ങൾ നേരിൽ കാണണമെന്നും കരുതിയതാണ്. പക്ഷേ പോവാൻ പറ്റിയില്ല. ഇനി അടുത്ത തവണ നാട്ടിൽ പോകുന്നതു വരെ കാത്തിരിയ്ക്കണം - അത് നേരിട്ട് കാണുന്നത് വരെ ഒരസ്വസ്ഥത എന്നെ കാർന്നു കൊണ്ടേയിരിക്കും.

എന്നിരുന്നാലും എത്രയോ തവണ അവിടെ പോയിട്ടും താമസിച്ചിട്ടുമൊക്കെയുണ്ടെങ്കിലും ഇത്രയും കാലം മറഞ്ഞിരുന്ന ആ ചിത്രങ്ങൾ ഇനിയുമെന്നെ കാത്ത് അവിടെ തന്നെയുണ്ടാവും എന്നയറിവ് നല്കുന്ന ആശ്വാസം ചെറുതല്ല. അതിന് കപ്ലിങ്ങാട്ടെ കുട്ടമ്മാമനോടും ഇച്ചമ്മയോടും നാരായണമ്മാമനോടും നന്ദി പറയാതെങ്ങനെ! 
മുത്തശ്ശൻ വരച്ച ചിത്രങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 

Comments

M. Sadique said…
ചില ആത്മബന്ധങ്ങൾ കാലങ്ങൾക്കിപ്പുറം നമ്മെത്തേടി വരുമ്പോൾ നിഷ പറഞ്ഞത് പോലെ .. ചിരിക്കണോ കരയണോ എന്നുപോലുമറിയില്ല. കുറച്ചൂടെ നേരത്തെ വരായിരുന്നില്ലേ എന്ന് പരിഭവും തോന്നാം.
കലർപ്പില്ലാത്ത വരികൾ .. മനോഹരം !
ഓ..ആർക്കും സന്തോഷമുണ്ടാകുന്ന കാര്യം തന്നെ.
എത്ര പൊടിപിടിച്ചാലും മനസ്സിൽ നിന്ന് മറയാത്ത ഓർമ്മചിത്രങ്ങൾ അല്ലേ?

ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് ചോദിച്ചുവാങ്ങിയാണ് ഇവിടേക്കെത്തിയത്. ഫോളോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനിമുതൽ പുതിയ പോസ്റ്റ് വന്നാൽ ഉടനെ അറിയാം :-)
pravaahiny said…
നഷ്ടപ്പെട്ടു എന്ന് കരുതുന്നവ തിരികെ കിട്ടുന്നോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെ
എ ഫ്‌ ബിയിൽ കണ്ടിരുന്നു.. വീണ്ടും വായിക്കുമ്പോൾ കൂടുതൽ ചിന്തകൾ.. മുത്തശ്ശൻ ആ വരച്ചിട്ടിരിക്കുന്നത് ആരെ ഒക്കെ ആയിരിക്കും?
Nisha said…
അതെ ഇത്തരം ചിലത് ജീവിതത്തിനു വല്ലാത്തൊരു ഊർജ്ജം നല്കുന്നതിനൊപ്പം അല്പം വിഷാദവും പകരുന്നു. മുത്തശ്ശനുണ്ടായിരുന്നെങ്കിൽ എന്തൊക്കെ ചോദിച്ചറിയാമായിരുന്നു എന്നൊരു ആശ മനസ്സിൽ തോന്നാതിരുന്നില്ല. എന്നാൽ അത് വ്യാമോഹമാണല്ലോ...


സന്തോഷം ഈ വായനയ്ക്കും അഭിപ്രായത്തിനും
Nisha said…
അതെ, തീർച്ചയായും :)
Nisha said…
അതെ, ഒളിമങ്ങാത്ത ചിത്രങ്ങളായി മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.


മഹേഷിന്റെ ബ്ലോഗ് വായിച്ചിരുന്നു. നല്ലതാണ് കേട്ടോ. ഇനിയും വരാം ആ വഴി. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി :)
Nisha said…
നഷ്ടപ്പെടാൻ ഇങ്ങനെ ഒരു നിധി ഉണ്ടെന്നുപോലും അറിയില്ലായിരുന്നു ഇത്രയും കാലം. എന്തായാലും ഇത് തീർച്ചയായും വളരെയധികം സന്തോഷമുള്ള കാര്യം തന്നെ. സംശയമില്ല
Nisha said…
താങ്ക്സ് ശാരി. ഫേസ്ബുക്കിൽ എഴുതി ബ്ലോഗിലും ഇടുക എന്നതാണ് ഇപ്പോഴത്തെ രീതി. പണ്ടത്തെ പോലെ ആരും ബ്ലോഗിൽ വായിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു :(


ഞാനും ആലോചിച്ചു അത് ആരാവും എന്നൊക്കെ. ഒരു പിടിയുമില്ല.

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....