അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച

അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച 
അദ്ധ്യായം #10 ഇവിടെയുണ്ട് 

ഒരു ദിവസം വൈകുന്നേരമാവാറായപ്പോൾ അമ്മിണിക്കുട്ടി പതിവുപോലെ തൊടിയിലെ ചുറ്റിക്കറക്കം ഒക്കെ കഴിഞ്ഞ് തെക്ക്വോർത്ത് എത്തിയപ്പോൾ മുറ്റത്ത് ഒരു കാർ നിൽക്കുന്നത് കണ്ടു. ആരാണാവോ ഇപ്പോൾ കാറിലൊക്കെ വന്നത് എന്ന് ആലോചിച്ച് പരുങ്ങി നിൽക്കുമ്പോൾ കിഴക്കിണിയുടെ ഭാഗത്ത് നിന്ന് ആരൊക്കെയോ വർത്തമാനം പറയുന്നത് കേട്ടു. അച്ഛന്റെ ഒച്ച അവൾക്ക് മനസ്സിലായി. കൂടെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല. 


ആകാംക്ഷയോടെ പൂമുഖത്തേയ്ക്ക് ഓടിക്കയറി. കാല് കഴുകി എന്ന് വരുത്തി ഒറ്റയോട്ടത്തിന് നാലിറയത്ത് എത്തി. കിഴക്കിണിയുടെ  വാതിൽ പതുക്കെ ചാരിയിട്ടുണ്ട്. അഴികൾക്കിടയിലൂടെ എത്തി നോക്കണം എന്നുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. അച്ഛൻ കണ്ടാൽ ചീത്ത പറഞ്ഞാലോ! അമ്മയോട് ചോദിക്കാൻ വേണ്ടി അടുക്കളയിലേക്ക് ഓടിയെങ്കിലും അമ്മ അവിടെയില്ല. അമ്മയും കിഴക്കിണിയിൽ തന്നെയാണ് എന്നവൾക്ക് മനസ്സിലായി. 

എന്താണാവോ കാര്യം എന്ന് ആലോചിച്ച് പതുക്കെ നാലിറയത്ത് എത്തിയതും കിഴക്കിണിയുടെ വാതിൽ തുറന്ന് അച്ഛൻ പുറത്തിറങ്ങി. പിന്നാലെ വേറെ ഒരാളും. നിനച്ചിരിക്കാതെ അവരുടെ മുന്നിൽ ചെന്നു പെട്ട സങ്കോചത്തിൽ അവൾ പരുങ്ങി. ശ്രദ്ധിച്ചു നോക്കിയപ്പോൾ അച്ഛന്റെ കൂടെയുള്ള നീണ്ടു വെളുത്ത് വെള്ള ഷർട്ടും പാന്റും ഒക്കെയിട്ടയാൾ ഡോക്ടർ അങ്കിൾ ആണെന്ന് അവൾക്ക് മനസ്സിലായി. അന്നാളൊരിയ്ക്കൽ അമ്മിണിക്കുട്ടിയ്ക്ക് പനി വന്നപ്പോൾ പട്ടണത്തിൽ പോയി ഡോക്ടർ അങ്കിളിനെ കണ്ടത് അവൾക്ക് നല്ല ഓർമ്മയുണ്ട്. പോകുന്നതിന് മുൻപ് അവൾക്ക് നല്ല പേടിയായിരുന്നു. പനിമാറാൻ ചന്തിയിൽ സൂചി കൊണ്ട് കുത്തി  ഇഞ്ചക്ഷൻ തരും എന്ന് കുഞ്ഞേടത്തി പറഞ്ഞത് കേട്ട് അവൾക്ക് കരച്ചിൽ വന്നു തുടങ്ങിയിരുന്നു.  

'എനിക്ക് പോണ്ടാ' എന്ന് ചിണുങ്ങി നോക്കിയെങ്കിലും അച്ഛനുമമ്മയും സമ്മതിച്ചില്ല. അവളെയും കൊണ്ട് ക്ലിനിക്കിലേക്ക് പോയി. അവിടെ എത്തിയതും എല്ലാവരും വളരെ ബഹുമാനത്തോടെ അച്ഛനെ സ്വീകരിക്കുകയും അമ്മയ്ക്കും അവൾക്കും ഇരിക്കാൻ സ്ഥലമൊരുക്കുകയും ചെയ്തു. ഡോക്ടർ അകത്തുണ്ട് ഇപ്പോ വിളിക്കും എന്ന് പറഞ്ഞ് അധികം നേരം കഴിയുന്നതിന് മുൻപ് അവരുടെ ഊഴം ആയി.  

അച്ഛനെ കണ്ടതും ഏറെ സന്തോഷത്തോടെ കുശലാന്വേഷണം നടത്തിയ ശേഷം പതിഞ്ഞ ഒച്ചയിൽ അച്ഛനോടുമമ്മയോടും അവളുടെ പനിയെക്കുറിച്ച് ചോദിക്കുകയും അവളോട് 'ആ..'ന്ന്  വായ തുറക്കാൻ പറഞ്ഞതും അവളുടെ വായയും കണ്ണുമൊക്കെ പരിശോധിച്ചതും അവളുടെ നെഞ്ചിലും പുറത്തും കുഴല് വെച്ച് നോക്കുകയും വയറിൽ പതുക്കെ അമർത്തി വേദനയുണ്ടോ എന്നും ചോദിച്ച ശേഷം 'മിടുക്കി' എന്ന് പറഞ്ഞതും ഒക്കെ അവൾക്ക് നന്നായി ഓർമ്മയുണ്ട്. ഇഞ്ചക്ഷൻ വെക്കും എന്നൊക്കെ കുഞ്ഞേടത്തി പേടിപ്പിച്ചുവെങ്കിലും ഡോക്ടർ അങ്കിൾ അവൾക്ക് നല്ല മധുരമുള്ള മരുന്നാണ് തന്നത്. അതു കഴിച്ച് രണ്ടു ദിവസത്തിൽ അവളുടെ പനിയും മാറി.


അതോടെ അവൾക്ക് ഡോക്ടർ അങ്കിളിനെ പേടി ഇല്ലാതെയായി. ഇപ്പോൾ അമ്മിണിക്കുട്ടിയെ കണ്ടതും അങ്കിൾ 'ഹലോ ലിറ്റിൽ ഗേൾ! ഹൌ ആർ യൂ' എന്ന് ചോദിച്ചു. 'ഐ ആം ഫൈൻ, താങ്ക്യു' എന്ന് അവൾ പറഞ്ഞപ്പോൾ 'ആഹാ, മിടുക്കിയാണല്ലോ - സ്കൂളിൽ പോവാൻ തുടങ്ങിയോ' എന്ന് അച്ഛനോട് ചോദിച്ചു.  'ഉവ്വ് ഇത്തവണ പോയിത്തുടങ്ങി - അതിനായി ഏടത്തിമാർ പഠിപ്പിച്ചു കൊടുത്തതാണ്' എന്ന് അച്ഛൻ പറഞ്ഞു.  'വെരി ഗുഡ്! സ്മാർട്ട് ഗേൾസ്'  എന്നും പറഞ്ഞ് ഡോക്ടർ അങ്കിൾ നടുമുറ്റത്തെ കുപ്പയ്ക്കരികിൽ വെച്ച ബക്കറ്റിൽ നിന്നും വെള്ളം എടുത്ത് കൈ നന്നായി കഴുകി. തൂണിനടുത്ത് സോപ്പുപ്പെട്ടിയിൽ വെച്ച പുതിയ സിന്തോൾ സോപ്പ് എടുത്ത് കൈയ്യിലൊക്കെ സോപ്പ് നന്നായി പതപ്പിച്ച് വിസ്തരിച്ച് കൈ കഴുകുമ്പോൾ 'ഇത് പോലെ നന്നായി കൈ കഴുകണം കേട്ടോ' എന്ന് അമ്മിണിക്കുട്ടിയെ നോക്കി പറഞ്ഞു. അവൾ നാണം കലർന്ന ഒരു ചിരിയോടെ ശരിയെന്ന് തല കുലുക്കി. 


അങ്കിൾ കൈ കഴുകിക്കഴിഞ്ഞപ്പോഴേക്കും അച്ഛൻ അമ്മ തിരുമ്പിയുണക്കി വെച്ച ടർക്കി ടവൽ അങ്കിളിന് കൊടുത്തു. അതിൽ ശ്രദ്ധാപൂർവ്വം കൈ തുടച്ച് അവർ രണ്ടാളും തെക്കിണിപ്പടിയിൽ വന്നിരുന്നു. അവരുടെ പിന്നാലെ പതുങ്ങിപ്പതുങ്ങി നടന്ന് അമ്മിണിക്കുട്ടി കുറച്ച് അപ്പുറത്ത് മാറി ഇരുന്നു.  ഡോക്ടർ അങ്കിളിന് ഇരിയ്ക്കാൻ തെക്കിണിപ്പടിയിൽ ഒരു പായ നല്ല ഭംഗിയിൽ വിരിച്ചിരുന്നു.  

അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നു. അച്ഛനും അങ്കിളും കൂടി ഗൌരവമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. മുത്തശ്ശിയുടെ കാര്യമാണ് സംസാരിക്കുന്നത് എന്നവൾക്ക് മനസ്സിലായി. ചെറിയ ക്ഷീണമേ ഉള്ളൂ, പേടിക്കാനൊന്നും ഇല്ല. ഈ മരുന്ന് കൊടുത്താൽ  മതി എന്നൊക്കെ മാത്രം അവൾക്ക് മനസ്സിലായി.  


ഡോക്ടർ അങ്കിളിന്റെ വർത്തമാനം വളരെ പതിഞ്ഞ ഒച്ചയിലാണ്. ഇംഗ്ലീഷിൽ  ആണ് സംസാരം അധികവും. അച്ഛനും ഇംഗ്ലീഷിൽ തന്നെയാണ് സംസാരിക്കുന്നത്. അവൾ അതൊക്കെ കൌതുകത്തോടെ നോക്കി നിന്നു. അങ്കിളിന്റെ അച്ഛനും ഡോക്ടർ ആയിരുന്നു എന്ന് അമ്മിണിക്കുട്ടിയ്ക്ക് അറിയാം. അദ്ദേഹം അവളുടെ മുത്തശ്ശന്റെ കൂട്ടുകാരനായിരുന്നുവത്രെ! അമ്മിണിക്കുട്ടി അവളുടെ മുത്തശ്ശനെയും കണ്ടിട്ടില്ല, ഡോക്ടർ അങ്കിളിന്റെ അച്ഛനെയും കണ്ടിട്ടില്ല. അവർ രണ്ടാളും ഇതു പോലെ ഇരുന്ന് വർത്തമാനം പറഞ്ഞിട്ടുണ്ടാവും എന്ന് അവൾക്ക് തോന്നി. അച്ഛൻ ഇതു പോലെ അതൊക്കെ നോക്കി നിന്നിട്ടുണ്ടാവുമോ? എപ്പഴെങ്കിലും അച്ഛനോട് ചോദിക്കണം എന്നവൾ തീർച്ചയാക്കി..  

അങ്കിൾ അച്ഛനോടും അമ്മയോടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മ എന്തൊക്കെയോ സംശയം ചോദിച്ചപ്പോൾ അതിനൊക്കെ വിശദമായി മറുപടി കൊടുക്കുന്നുണ്ട്... കുറച്ചു നേരം അങ്ങനെ ഓരോന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ വല്യച്ഛന്റെയും വല്യമ്മയുടെയും വർത്തമാനങ്ങൾ ചോദിച്ച ശേഷം വാച്ച് നോക്കി എന്നാൽ ഇറങ്ങട്ടെ എന്ന് പറഞ്ഞ് അങ്കിൾ എഴുന്നേറ്റു. 

പെരുച്ചാഴി മുറി എന്ന് അമ്മിണിക്കുട്ടിയും ഏടത്തിമാരും പേരിട്ടിട്ടുള്ള ഇരുട്ടു നിറഞ്ഞ മുറിയിലൂടെ ടോർച്ച് തെളിച്ച് ആദ്യം ഡോക്ടർ അങ്കിളും പിന്നാലെ അങ്കിളിന്റെ പെട്ടിയും പിടിച്ച് അച്ഛനും തെക്ക്വോറത്തേയ്ക്ക് ഇറങ്ങി. പിന്നാലെ പോകാൻ ധൈര്യം ഇല്ലാതിരുന്ന അമ്മിണിക്കുട്ടി പൂമുഖത്തുക്കൂടെ തെക്ക്വോർത്ത് എത്തിയപ്പോഴേക്കും അങ്കിളിനെയും കൊണ്ട് അവൾ നേരത്തെ കണ്ട കാറ് പടിക്കല് എത്തിയിരുന്നു.. വേഗത്തിൽ നീങ്ങുന്ന കാറ് പടി കടന്ന് പോകുന്ന വരെ അവൾ കണ്ണിമ വെട്ടാതെ അങ്ങോട്ടു തന്നെ നോക്കി നിന്നു...               

തുടരും...)              

Comments

© Mubi said…
അമ്മിണിക്കുട്ടി മിടുക്കിയായല്ലോ.. :)
അമ്മിണിക്കുട്ടിയുടെ തുടർക്കഥ  വായിക്കുന്നു   
Nisha said…
ഉം, കുറച്ച് വലുതായതിന്റെ യാണ് 😀
Nisha said…
Thank you Muraliyetta 😍

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം