അമ്മിണിക്കുട്ടിയുടെ ലോകം #12 - ചെറു പിണക്കങ്ങൾ

അമ്മിണിക്കുട്ടിയുടെ  ലോകം #12  - ചെറു പിണക്കങ്ങൾ 

സ്വതേ അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും വല്യ കൂട്ടാണ്. കുഞ്ഞേടത്തിയുടെ വാലിൽ തൂങ്ങിയേ നടക്കൂ എന്ന് പലരും അവളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് - കുഞ്ഞേടത്തിയ്ക്ക് വാലില്ലല്ലോ പിന്നെന്താ എല്ലാരും അങ്ങനെ പറയുന്നത് എന്നായിരുന്നു അവളുടെ സംശയം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞേടത്തിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട്.

എന്നാൽ ഇടയ്ക്ക് അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും തമ്മിൽ പിണങ്ങും. അതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല. കളിക്കാൻ വിളിച്ചപ്പോൾ വന്നില്ല, കളിക്കാൻ കൂട്ടിയില്ല, വിളിച്ചപ്പോൾ വിളികേട്ടില്ല തുടങ്ങി ചെറിയ കാരണങ്ങൾ മതി പിണങ്ങാൻ. രണ്ടാളും പിണങ്ങിയാൽ പിന്നെ പരസ്പരം നോക്കുക കൂടിയില്ല. രണ്ടാളും വല്യേടത്തിയുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാവും മത്സരം. 

വല്യേടത്തിയാണെങ്കിൽ ആ അവസരം നന്നായി വിനിയോഗിക്കും. രണ്ടാളെക്കൊണ്ടും സൂത്രത്തിൽ ചില പണികളൊക്കെ എടുപ്പിക്കും. വല്യേടത്തി കാപ്പി കുടിച്ച ഗ്ലാസ്സ് കഴുകി വെയ്ക്കുക, കുടിക്കാൻ വെള്ളം കൊണ്ടു കൊടുക്കുക തുടങ്ങിയ പിണ്ടിപ്പണികളാണ് മിക്കവാറും കിട്ടുക. വേറെ നിവൃത്തിയില്ലാത്തതിനാൽ രണ്ടാളും അതൊക്കെ ചെയ്ത് കൊടുക്കും. രണ്ടാളും കൂടി രമ്യതയിലെത്തുന്ന വരെ അങ്ങനെ പലതും നടക്കും.

ചിലപ്പോൾ അമ്മിണിക്കുട്ടിയാവും വല്യേടത്തിയോട് ആദ്യം കൂട്ടു കൂടുക. അപ്പോൾ കുഞ്ഞേടത്തി അവരോട് രണ്ടാളോടും മിണ്ടില്ല. പോരാത്തതിന് അവരെ ശുൺഠി പിടിപ്പിക്കാൻ വേണ്ടി - 'നടൂലൂണ്ണി പൊന്നുണ്ണി വക്കത്തുള്ളതൊക്കെ കരിക്കട്ട' എന്ന് ഉറക്കെപ്പാടി നടക്കുകയും ചെയ്യും. അത് കേട്ടാൽ അമ്മിണിക്കുട്ടിയ്ക്ക് നല്ല ശുൺഠി വരും. കുഞ്ഞേടത്തി നല്ല വെളുത്തുരുണ്ട് സുന്ദരിക്കുട്ടിയാണ്, അമ്മിണിക്കുട്ടിയും വല്യേടത്തിയും കറുത്ത് മെലിഞ്ഞുണങ്ങിയാണ് എന്ന് പലരും കുശുകുശുക്കുന്നത് അവൾ കേട്ടിട്ടുണ്ട്. അതൊക്കെ കേട്ടിട്ടാവണം കുഞ്ഞേടത്തിയ്ക്ക് ചില നേരത്ത് താൻ വല്യ സുന്ദരിയാണ് എന്ന് നാട്യമുണ്ട് താനും. അമ്മിണിക്കുട്ടിയുമായി പിണങ്ങുമ്പോഴാണ് ആ നാട്യം വല്ലാതെ കൂടുക. 

കുഞ്ഞേടത്തിയുടെ വിചാരം ഇരുണ്ട നിറമുള്ള ഭക്ഷണം കഴിച്ചാൽ കറുക്കും എന്നാണ്. അമ്മിണിക്കുട്ടി ഇടയ്ക്കൊക്കെ കാപ്പി കുടിക്കാറുണ്ട് - എന്നാൽ കുഞ്ഞേടത്തി പാലേ കുടിക്കൂ.. പപ്പടം ഇത്തിരി ചുവന്നതാണ് ഇഷ്ടമെങ്കിലും കറുത്താലോ എന്ന പേടിയിൽ അധികം കഴിക്കില്ല, ശർക്കരപ്പായസം കഴിക്കില്ല, അപ്പം ഒരു കഷ്ണമൊക്കെയേ കഴിക്കൂ. വെയില് കൊണ്ടാൽ കറുക്കും എന്ന് ആരോ പറഞ്ഞ ശേഷം വെയിലത്തുള്ള കളിയും കുറച്ചു. അതിന് പുറമെയാണ് സ്വയം പൊന്നുണ്ണി എന്ന് വിശേഷിപ്പിച്ചുള്ള ഈ പാട്ടും. 

അത് കേട്ടാൽ അമ്മിണിക്കുട്ടിയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യം വരും. ചീറിപ്പാഞ്ഞു കുഞ്ഞേടത്തിയുടെ മേൽ ചാടിവീണ് ഇടിയും പിച്ചും മാന്തും  ഒക്കെ തുടങ്ങും. അപ്പോഴേക്കും കുഞ്ഞേടത്തി 'അമ്മേ.. ഈ അമ്മിണിക്കുട്ടി എന്നെ ഉപദ്രവിക്കുണു... ' എന്ന് അലറിക്കരയാൻ തുടങ്ങും. ബഹളം കേട്ട് അമ്മ വരുമ്പോൾ അമ്മിണിക്കുട്ടി കുഞ്ഞേടത്തിയെ ഇടിക്കുന്നതാവും കാണുക. അമ്മ ദേഷ്യപ്പെട്ട് അവൾക്ക് രണ്ട് പെട കൊടുത്ത് അവളെയും കൊണ്ട് അടുക്കളയിലേക്ക് നടക്കും. പിന്നെ കുറെ നേരം അമ്മയുടെ വക ഉപദേശമാണ്. മൂത്തവരെ അടിക്കരുത്, നല്ല കുട്ടികൾ ആരെയും ഉപദ്രവിക്കില്ല, ഏടത്തിമാരോട് അടികൂടുക ചീത്ത കുട്ട്യോളാണ് എന്നിങ്ങനെ.. 

അമ്മിണിക്കുട്ടിയ്ക്ക് അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടിയതിനെക്കാൾ  സങ്കടം  കുഞ്ഞേടത്തി അങ്ങനെയൊക്കെ പറഞ്ഞു കളിയാക്കിയതിന് അമ്മ ഒന്നും പറഞ്ഞില്ലല്ലോ എന്നാലോചിച്ചാണ്. ഏങ്ങിയേങ്ങിക്കരയുന്ന അവളെ നോക്കി 'ഇപ്പോ എന്തായി' എന്ന മട്ടിൽ നോക്കി ഊറിച്ചിരിക്കുന്ന കുഞ്ഞേടത്തിയെ കണ്ടപ്പോൾ അവൾക്ക് വീണ്ടും ശുൺഠി വന്നു. കുഞ്ഞേടത്തിയെ നോക്കി അവൾ കൊഞ്ഞനം കുത്തി. 'അമ്മേ, ദാ ഈ അമ്മിണിക്കുട്ടി എന്നെ കൊഞ്ഞനം കാണിക്ക്ണു' എന്ന് കുഞ്ഞേടത്തി ഉടനെ വിളിച്ചു പറഞ്ഞു. 

'പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇനി അച്ഛൻ വന്നാൽ നല്ല അടികിട്ടും' -  അമ്മ ഇന്ന് വളരെ ദേഷ്യത്തിലാണ്. വെറുതെ അച്ഛന്റെ അടി വാങ്ങാൻ നിക്കണ്ട. ഇതു വരെ അടി കിട്ടിയിട്ടില്ലെങ്കിലും അവൾക്ക് പേടിയാണ്. അച്ഛൻ ദേഷ്യപ്പെടുന്നത് വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. അച്ഛൻ സ്വരം കടുപ്പിച്ച് പറഞ്ഞാൽ തന്നെ അവൾക്ക് കയ്യും കാലും വിറയ്ക്കാൻ തുടങ്ങും. അടി കിട്ടുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ പേടി തോന്നിത്തുടങ്ങി. കുഞ്ഞേടത്തിയോട് തോന്നിയ ശുൺഠിയൊക്കെ ആവിയായി പോയി. 

അമ്മ പറഞ്ഞു കൊടുത്തില്ലെങ്കിലും കുഞ്ഞേടത്തി അച്ഛനോട് പറയും എന്നവൾക്ക് ഉറപ്പായി. അവൾ മാന്തിയിട്ട് കുഞ്ഞേടത്തിയുടെ കൈത്തണ്ടയിൽ നീളത്തിൽ ഒരു പാടുണ്ട്. അത് നോക്കി 'അച്ഛൻ വരട്ടെ കാണിച്ചു തരാം' എന്ന മട്ടിൽ ഭീഷണിപ്പെടുത്തി കുഞ്ഞേടത്തി അവളെ ഓട്ടക്കണ്ണിട്ട്  നോക്കുന്നുണ്ട്. ഇന്ന് അടിപൂരം തന്നെ എന്നവൾക്ക് ഉറപ്പായി. അതു വരെ അവിടെ ചുറ്റിപ്പറ്റി നിന്നിരുന്ന വല്യേടത്തിയെ അവിടെയൊന്നും കാണുന്നുമില്ല. അമ്മിണിക്കുട്ടി ഇനിയെന്ത് വേണമെന്ന് ആലോചിച്ച് തല പുകച്ചു തുടങ്ങി. 

അമ്മ അടുത്തില്ല എന്ന് കണ്ട് കുഞ്ഞേടത്തി  വീണ്ടും 'നടൂലുണ്ണി പൊന്നുണ്ണി...' എന്നിങ്ങനെ പതിഞ്ഞ ശബ്ദത്തിൽ പാടുന്നുണ്ട്. അമ്മിണിക്കുട്ടിയ്ക്ക് വീണ്ടും ശുൺഠി വന്നു തുടങ്ങി. പക്ഷേ ഇനി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ അമ്മയുടെ കയ്യിൽ നിന്നും വീണ്ടും അടികിട്ടും എന്ന് ഉറപ്പാണ്. അച്ഛൻ വന്നാൽ അച്ഛന്റെ വകയും അടിയുണ്ടാവും, തീർച്ച. വെറുതെ അടി വാങ്ങണ്ട എന്ന് തീരുമാനിച്ച് അവൾ പതുക്കെ മേലടുക്കളയുടെ വാതിൽ കടന്ന് കിഴക്കേ മുറ്റത്തേയ്ക്ക് ഇറങ്ങി. 

ഒന്നും മിണ്ടാതെ തെച്ചിയുടെ ചുവട്ടിൽ കുറച്ചു നേരം ഇരുന്നു. പുളിയുറുമ്പ് കടിക്കാൻ തുടങ്ങിയപ്പോൾ അവിടെ നിന്നും എഴുന്നേറ്റ് കിഴക്കേ കുളത്തിന്റെ പടവിൽ പോയിരുന്നു. ഒന്ന് രണ്ട് പടികൾ ഇറങ്ങിക്കഴിഞ്ഞാൽ വീതിയുള്ള ഒരു പടവാണ്. അതിൽ പാറുവമ്മ ഒരു കല്ല് ഇട്ടിട്ടുണ്ട്. അതിന്മേല് കയറി ഇരുപ്പായി. തൊട്ടപ്പുറത്ത് കോളാമ്പി ചെടിയിൽ ചെറിയ ചില കിളികൾ കളിക്കുന്നുണ്ട്. കുളത്തിന്റെ അക്കരയിൽ ഒരു കുളക്കോഴിയും ഉണ്ട്. അതൊക്കെ കണ്ടിട്ടും അവൾക്ക്  ഒരു സന്തോഷവും തോന്നിയില്ല. എപ്പോൾ വേണമെങ്കിലും കിട്ടാവുന്ന അടിയെക്കുറിച്ച് ആലോചിച്ച് ആകെ പരിഭ്രമിച്ചു ചൂളിപ്പിടിച്ചിരുന്നു. 

എന്തിനാണ് കുഞ്ഞേടത്തി വെറുതെ അവരെ കളിയാക്കുന്നത് എന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. അങ്ങനെ പറയരുത് എന്ന് ആരും കുഞ്ഞേടത്തിയോട് പറയാത്തതെന്താണ് എന്നും അവൾക്ക് മനസ്സിലായില്ല. ഇതിപ്പോ കുഞ്ഞേടത്തിയുടെ സ്ഥിരം തമാശ ആയിട്ടുണ്ട്. അവളെ ശുൺഠി പിടിപ്പിക്കാൻ ഏറ്റവും എളുപ്പം അതാണ് എന്ന് കുഞ്ഞേടത്തിക്ക് അറിയാം. ഇനി കുഞ്ഞേടത്തിയോട് മിണ്ടാനേ പോവില്ല - അവൾ തീരുമാനിച്ചു.      

അങ്ങനെ ഉറപ്പിച്ചപ്പോൾ അവൾക്ക് ഇത്തിരി ആശ്വാസം തോന്നി. അച്ഛൻ അടിക്കുകയാണെങ്കിൽ അടിക്കട്ടെ.  അല്ലാതെ എന്ത് ചെയ്യാനാണ്!  എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല. അച്ഛന്റെ ബൈക്കിന്റെ ഒച്ച കേട്ടിട്ടും അവൾ പതിവു പോലെ പൂമുഖത്തേയ്ക്ക് ഓടിപ്പോയില്ല. ഓടിച്ചെന്ന് അടി വാങ്ങാതിരിക്കാനുള്ള ബുദ്ധിയൊക്കെ അവൾക്കുണ്ട്. ഓരോ നിമിഷവും ഇപ്പോ വിളി വരും എന്ന് പേടിച്ച് കാത്തിരുന്നു. 

ഒടുവിൽ 'അമ്മിണിക്കുട്ടീ.. ' എന്ന് അമ്മ വിളിക്കുന്നത് കേട്ടു. ഒന്നും മിണ്ടാതെ കുളത്തിൽ തന്നെ പതുങ്ങിയിരുന്നു. അമ്മയുടെ ഒപ്പം വല്യേടത്തിയുടെ വിളിയും കേൾക്കാം. അപ്പോഴും ഒന്നും മിണ്ടിയില്ല. 'അമ്മിണിക്കുട്ടീ - അച്ഛൻ വിളിക്കുന്നുണ്ട് വേഗം വരൂ' എന്ന് കുഞ്ഞേടത്തി വിളിച്ചു പറഞ്ഞപ്പോഴും ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും പാറുവമ്മ കുളക്കരയിൽ എത്തി. 'വേഗം ചെന്ന്വോളോണ്ടൂ - അടി വാങ്ങാൻ നിക്കണ്ട' എന്ന് പറഞ്ഞു. അവൾ കേട്ട ഭാവം നടിച്ചില്ല. 

ഒടുവിൽ അടുക്കളയിൽ നിന്നും അച്ഛൻ ഗൌരവത്തോടെ 'അമ്മിണിക്കുട്ടീ.. ' എന്ന് വിളിക്കുന്നത് കേട്ടപ്പോൾ  അറിയാതെ 'ങ്ങേ, ഞാൻ ഇവിടെണ്ട് - ദാ വര്ണൂ' എന്ന് പറഞ്ഞ് ഒരു നെടുവീർപ്പോടെ എഴുന്നേറ്റ് ഒതുക്കുകൾ കയറി അടുക്കളയിലേക്ക് നടന്നു.  

അച്ഛൻ മേലടുക്കളയിലിരുന്നു കാപ്പിയും പലഹാരവും കഴിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ ദേഷ്യത്തിലാണ് എന്നൊന്നും തോന്നിയില്ല. പക്ഷേ പരാതി ബോധിപ്പിച്ച ഭാവത്തോടെ, ഇന്ന് നല്ല അടി കിട്ടും ട്ടോ എന്ന ഭാവത്തിൽ അവളെ നോക്കി കുഞ്ഞേടത്തിയും ഹാജരുണ്ട്.  പതുങ്ങി പതുങ്ങി ചെന്നപ്പോൾ - 'അമ്മിണിക്കുട്ടി കുഞ്ഞേടത്തിയെ ഉപദ്രവിച്ചുവോ' എന്ന് അച്ഛൻ ചോദിച്ചു. ഭാഗ്യം - അച്ഛൻ അവൾ വിചാരിച്ചയത്ര ദേഷ്യത്തിലല്ല എന്ന് തോന്നുന്നു. 'ഉം' എന്നവൾ തല കുലുക്കി. 

'അങ്ങനെ ചെയ്യാൻ പാടുണ്ടോ?' 'ഇല്ലെന്ന്' അവൾ വേഗം തല കുലുക്കി. പിന്നെന്താ അങ്ങനെയൊക്കെ ചെയ്തത്? അച്ഛൻ ചോദിച്ചതും അവൾ 'കുഞ്ഞേടത്തി കളിയാക്കി പാട്ടുപാടിയ കാര്യം പറഞ്ഞു' അമ്മിണിക്കുട്ടി പറയുന്നത് ശരിയാണോ എന്ന് അച്ഛൻ കുഞ്ഞേടത്തിയെ നോക്കി. കുഞ്ഞേടത്തി താനൊന്നും അറിഞ്ഞില്ല എണ്ണ മട്ടിൽ ഒന്നും മിണ്ടാതെ നിന്നു. വല്യേടത്തിയെ വിളിക്കൂ എന്നായി അച്ഛൻ. 

വല്യേടത്തി ഉടനെ തന്നെ ഹാജരായി. എന്താണുണ്ടായത് എന്ന് അച്ഛൻ ചോദിച്ചപ്പോൾ കുഞ്ഞേടത്തി അവരെ രണ്ടാളെയും കളിയാക്കിയതും അമ്മിണിക്കുട്ടി ദേഷ്യം വന്ന് കുഞ്ഞേടത്തിയുടെ മേൽ ചാടിവീണതും ഒക്കെ വല്യേടത്തി സവിസ്തരം അവതരിപ്പിച്ചു. കൂടെ രണ്ടാളോടും താൻ അരുത് എന്ന് പറഞ്ഞിട്ട് രണ്ടാളും കേട്ടില്ല എന്ന ഒരു പരാതിയും. 

'ശരിയാണോ' എന്ന് അച്ഛൻ രണ്ടാളോടും ചോദിച്ചു. 'അതെ' എന്ന് രണ്ടാളും തല കുലുക്കി. 'അമ്മിണിക്കുട്ടി ഇനി അങ്ങനെ ചെയ്യരുത്. കുഞ്ഞേടത്തി അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അത് അച്ഛനോടും അമ്മയോടും പറയുകയാണ് വേണ്ടത്, അല്ലാതെ അടിക്കുകയും മാന്തുകയും ഒന്നുമല്ല. മനസ്സിലായോ?' 'ഉവ്വ്' എന്നവൾ തലകുലുക്കി. 'എന്നാൽ കുഞ്ഞേടത്തിയോട് സോറി പറയൂ. ഇനി അങ്ങനെ ചെയ്യില്ല എന്നും.' 

'സോറി കുഞ്ഞേടത്തി, ഇനി ഞാൻ അങ്ങനെ ചെയ്യില്ല' എന്ന് അമ്മിണികുട്ടി ഉടനെ തന്നെ പറഞ്ഞു. അമ്മിണിക്കുട്ടിയ്ക്ക് ഒരു അടിയെങ്കിലും കിട്ടും എന്ന് കരുതി കാത്തിരുന്ന കുഞ്ഞേടത്തിക്ക് അവളുടെ സോറി കേട്ടിട്ട് അത്ര സന്തോഷമൊന്നും തോന്നിയില്ല. ഉം, ശരി എന്ന് തല കുലുക്കുക മാത്രം ചെയ്തു. പതുക്കെ അവിടെ നിന്നും പോവാൻ തുടങ്ങിയ കുഞ്ഞേടത്തിയോട് അച്ഛൻ 'ആരെയും കളിയാക്കാൻ പാടില്യ എന്നറിയില്ലേ? പിന്നെ എന്തിനാ ഇവരെ കളിയാക്കിയത്? വല്യേടത്തിയോടും അമ്മിണിക്കുട്ടിയോടും സോറി പറയൂ. ഇനി അങ്ങനെയുള്ള പാട്ടുകൾ ഒന്നും പാടരുത് ട്ടോ' എന്ന് പറഞ്ഞു. 

അച്ഛന്റെ വാക്കുകൾ കേട്ട് കുഞ്ഞേടത്തി ആകെ ചമ്മിപ്പോയി  - മനസ്സില്ലാ മനസ്സോടെ രണ്ടാളോടും സോറി പറഞ്ഞു. അമ്മിണിക്കുട്ടിക്ക് സന്തോഷമായി. അടി കിട്ടിയുമില്ല, കുഞ്ഞേടത്തി ചെയ്തതും തെറ്റാണ് എന്ന് അച്ഛൻ പറയുകയും ചെയ്തു. അവൾക്ക് ഓടിപ്പോയി അച്ഛനെ കെട്ടിപ്പിടിക്കാൻ തോന്നി. ലോകത്ത് അച്ഛനെ പോലെ നല്ല ഒരാൾ വേറെ ആരും ഉണ്ടാവില്ല എന്നും. അപ്പോഴേക്കും അമ്മ അവർക്കുള്ള പാലുംവെള്ളവും പലഹാരവും ഒക്കെ മേശപ്പുറത്ത് കൊണ്ടു വന്നു വെച്ചു. കൈ കഴുകിയിട്ട് വേണം കഴിക്കാൻ എന്ന് പറഞ്ഞു. അച്ഛൻ പട്ടണത്തിൽ നിന്നും കൊണ്ടു വന്ന മധുരപാലഹാരങ്ങൾ കണ്ടതും ദേഷ്യവും പരിഭവവും ഒക്കെ മറന്ന് അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും ഒറ്റ ഓട്ടത്തിന് കൈ കഴുകി വന്നു. 

പലഹാരം ആസ്വദിച്ചു കഴിക്കുമ്പോഴേക്കും അവർ പിണക്കമൊക്കെ മറന്ന് അടുത്ത കളിയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. അവരുടെ വർത്തമാനം കണ്ട് അച്ഛനുമമ്മയും ഒരു പ്രത്യേക ചിരിയോടെ പരസ്പരം നോക്കി താന്താങ്ങളുടെ തിരക്കുകളിൽ മുഴുകി. വല്യേടത്തിയും ഏറെ താമസിയാതെ അമ്മിണിക്കുട്ടിയുടേയും കുഞ്ഞേടത്തിയുടേയും കൂടെ കളിച്ചും ചിരിച്ചും രസിച്ചിരുന്നു.. 

തുടരും..)   

Comments

© Mubi said…
എന്നാലും കുഞ്ഞേടത്തി അങ്ങനെയൊക്കെ പാടാവോ? സാരല്യ, പിണക്കമൊക്കെ മാറി എല്ലാവരും ഒന്നിച്ച് കളിക്കാൻ തുടങ്ങിയല്ലോ :) :)
Unknown said…
Well written Nisha. I could visualise each scene.
-Sudheer.
ബാല്യകാല പിണക്കാണിക്കങ്ങളുടെ
സ്മരണകൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു ...
Nisha said…
അതെന്നെ! എന്താ ചെയ്യാ ലേ? എത്രയൊക്കെ അടി കൂടിയാലും ഒടുക്കം ഇണങ്ങാതെ പറ്റില്ലല്ലോ. കളിക്കാൻ വേറെ ആരാ ഉള്ളത് :)
Nisha said…
Thank you very much. ആസ്വദിച്ചു വായിച്ചു എന്നറിയുന്നത് തന്നെ സന്തോഷം :)
Nisha said…
ഓർത്തെടുക്കുമ്പോൾ പല ബാല്യകാല പിണക്കങ്ങളും നോവുകളും ഇപ്പോൾ മധുരിക്കും, അല്ലേ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഒരു പാട് സന്തോഷം മുരളിയേട്ടാ :)

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം