ഓർമ്മകൾ ഉണർത്തിയ സംഗീതാർച്ചന!
![]() |
pic courtesy: Dr Nithin Unnikrishnan |
അന്നൊക്കെ മാസത്തിലൊരിക്കലെങ്കിലും അമ്പലത്തിൽ ഭജനയുണ്ടാവും. സ്ത്രീകളാണ് പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും. ഞങ്ങളെപ്പോലെ ചില കുട്ടികളും കൂട്ടത്തിലുണ്ടാവും. ഭജന പുസ്തകത്തിൽ നോക്കി പാടിത്തുടങ്ങി പിന്നെ അതില്ലാതെയും കൂട്ടത്തിൽ പാടാമെന്ന നിലയിൽ എത്തി. കുഴിതാളവും ഗഞ്ചിറയും ഓരോ പാട്ടിനും മിഴിവ് കൂട്ടിയിരുന്നു. അവയെല്ലാം വായിക്കാൻ പ്രാഗൽഭിമുള്ളവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
പക്ഷേ സ്കൂൾ കാലം കഴിഞ്ഞ ശേഷം ഭജനകൾ വല്ലപ്പോഴും വീണു കിട്ടുന്ന സൌഭാഗ്യങ്ങളായി. കാലം കഴിയവേ അത് ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തന്നെ പറയാം.
അതിനൊരു മാറ്റം വന്നത് LMHS-ൽ ചേർന്നതിനു ശേഷമാണ്. എല്ലാ മാസവുമുള്ള ഭജന ഭക്തിയുടെയും പ്രത്യേക പ്രാർത്ഥനകളുടേയും മാത്രമല്ല ബാല്യത്തിന്റെയും നന്മകളെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കാനുള്ള അവസരം കൂടിയായി പതുക്കെ മാറിടത്തുടങ്ങി. ഇന്നലെ പതിവിലധികം അതെന്നെ സ്വാധീനിച്ച പോലെ!
രാമായണ മാസം പ്രമാണിച്ചുള്ള വിശേഷാൽ ഭജനയായിരുന്നു ഇന്നലത്തെ ഭജന എന്ന് പറയാം. ഭജനയുടെ തുടക്കത്തിൽ ശീമതി കല കുട്ടികളുമായി രാമായണ മാസത്തിന്റെ സവിശേഷത പങ്കുവെച്ചത് ഹൃദ്യമായ ഒരനുഭവമായി. ഈ മാസം രാമായണ മാസമായി ആചരിക്കുന്നത് എന്തു കൊണ്ടാണെന്ന് പറയവേ രാമായണം ചുരുക്കത്തിൽ പറഞ്ഞു കൊടുക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. അതു പോലെ തന്നെ കർക്കിടക വാവിന്റെ പ്രത്യേകതയും കല കുട്ടികൾക്ക് പറഞ്ഞു കൊടുക്കുയയുണ്ടായി.
കർക്കിടക സംക്രാന്തിക്ക് ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീ ഭഗവതിയെ അകത്താക്കുന്ന ചടങ്ങിനെപ്പറ്റി കല പ്രതിപാദിച്ചപ്പോഴാണ് കുറേ കാലത്തിന് ശേഷം അതൊക്കെ ഞാനും ഓർമിച്ചത്. അതോടൊപ്പം തന്നെ കർക്കിടക മാസത്തിലെ വിശേഷാൽ പൂജകളും അമ്മയുടെ രാമായണം വായനയും ഒക്കെ എനിക്കോർമ്മ വന്നു. കലയുടെ, ചെറുതെങ്കിലും കാര്യപ്രസക്തമായ, ആ പ്രഭാഷണം കുട്ടികൾക്ക് പുതിയ അറിവ് നൽകിയെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് ഓരോർമ്മപ്പെടുത്തലും ഓർമ്മ പുതുക്കലും ആയിരുന്നുവെന്ന് തോന്നുന്നു.
തുടർന്നു LMHS ഭജന സംഘം നയിച്ച ഭജന ശ്രവണ മധുരവും ഭക്തിസാന്ദ്രവുമായിരുന്നു. വരികൾ കൂട്ടത്തിൽ ഏറ്റു പാടവേ ഞാൻ എപ്പോഴൊക്കെയോ പണ്ടത്തെ കുട്ടിയായി മാറിയ പോലെ... ഒടുവിൽ മംഗളം പാടിയവസാനിച്ചപ്പോൾ മനസ്സിൽ നിർവ്വചിക്കാനാവാത്ത ഒരനുഭൂതി വന്നു നിറഞ്ഞു. കർപ്പൂരാരതിയുഴിഞ്ഞു പ്രസാദഭക്ഷണം സേവിയ്ക്കാൻ നീങ്ങവേ എന്തെന്നില്ലാത്ത ഒരു ശാന്തത മനസ്സിൽ നിറഞ്ഞു നിന്നു!
ജീവിത തിരക്കുകൾക്കിടയിൽ ഇത്തരം സത്സംഗങ്ങളിൽ പങ്കെടുക്കാൻ പറ്റുന്നത് തീർച്ചായായും ഒരനുഗ്രഹം തന്നെയാണ്. സംസാരസാഗരത്തിൽ വീണുഴറുന്ന ജീവാത്മാവിന് പരമാത്മാവിനെ ഓർക്കാനും ആ പാദാരവിന്ദങ്ങളിൽ എല്ലാം സമർപ്പിച്ച് അനുഗ്രഹം തേടാനും ഇത്തരം വേളകൾ ഒരു നിമിത്തമാകട്ടെ എന്ന് ആശിക്കുന്നു. ഭഗവത് കടാക്ഷം എല്ലാവരിലും നിറഞ്ഞു നിൽക്കട്ടെ!!
Comments