ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരിയസി
കേടായ ഷോപ്പിങ്ങ് ബാഗ് മാറ്റിക്കിട്ടാനായി കടയിൽ പോയതായിരുന്നു. മാറിക്കിട്ടിയ ഷോപ്പിങ്ങ് ബാഗ് അവിടെ വെച്ചു തന്നെ പുറത്തെടുത്ത് ചക്രങ്ങളൊക്കെ പിടിപ്പിച്ച് റെഡിയാക്കുന്നതിനിടയിലാണ് അപ്പുറത്തിരുന്ന സ്ത്രീ പറഞ്ഞത്: 'ഇത് വളരെ നല്ല ഒരുത്പന്നമാണ്. എന്റെയടുക്കലും ഉണ്ട് ഇതേ പോലൊരെണ്ണം. സാധനങ്ങൾ കൊണ്ടുപോകാൻ വളരെ സൗകര്യപ്രദം.' പതിവില്ലാത്തവണ്ണം ഒരാൾ അഭിപ്രായം പറയുന്നത് കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും അവർക്കുള്ള മറുപടിയായി ഒരു ചിരിയും, 'അതേയല്ലേ' എന്നൊരു വാക്കും പറഞ്ഞ് ഞാൻ വീണ്ടും എന്റെ പണി തുടർന്നു. അവർ ഇവിടത്തുകാരിയല്ല. ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മുസ്ലീം ആണെന്നത് മാത്രമാണ്. കാണുന്ന മാത്രയിൽ തന്നെ ആളുകൾ എവിടത്തുകാരാണെന്നൂഹിക്കാൻ കഴിവുള്ളവർ കാണും. ഞാൻ അക്കൂട്ടത്തിൽ പെടില്ല. ഒരാളെ സൂക്ഷ്മമായി നോക്കുന്നത് അപമര്യാദയാണല്ലോ... അതിനാൽ ആ സാഹസത്തിന് മുതിരാതെ ചെയ്തു കൊണ്ടിരിക്കുന്ന പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ അവർ മിണ്ടാതിരുന്നില്ല. സംസാരിക്കാൻ വെമ്പി നിൽക്കുന്ന പോലെ അവർ തുടർന്ന് ചോദിച്ചു: 'നിങ്ങൾ ഇന്ത്യയിൽ നിന്നാണല്ലേ ? ഇന്ത്യ മനോഹരമായ ഒരു സ്ഥലമാണല്ലേ ?