ഒരു ഫുട്ബോള്‍ കഥ!
പൊതുവേ ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും പലരുടെയും പോലെ ക്ലബ് കളികളും മറ്റും ഞാന്‍ കാണാറില്ല. ഒരു സാധാരണ സ്പോര്‍ട്സ് പ്രേമിയായ എനിയ്ക്ക് ഫുട്ബോള്‍ ലോകത്തെ പ്രസ്തമായ ചില പേരുകള്‍ മാത്രമേ അറിയൂ താനും... എന്നാലും ഫുട്ബോളിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ ആശ്ചര്യപ്പെടേണ്ട; കേരള ഫുട്ബോളിന്‍റെ ഇപ്പോഴത്തെ ദയനീയ സ്ഥിതി എനിയ്ക്കറിയാം; ഞാനിവിടെ കളിക്കാരെക്കുറിച്ചല്ല പറയുവാന്‍ പോകുന്നത്, മറിച്ച് ഒരു റഫറിയെക്കുറിച്ചാണ്! ആരാണെന്നാവും, അല്ലെ? പറയാം.
കഴിഞ്ഞ കൊല്ലം ഫിഫയുടെ എലീറ്റ് പാനല്‍ റഫറിയായി തിരഞ്ഞെടുക്കപെട്ട മലയാളിയായ എം ബി സന്തോഷ്കുമാര്‍ ആണ് ആ റഫറി! ഫുട്ബോളിന്‍റെ എ ബി സി ഡി മാത്രമറിയാവുന്ന ഞാന്‍ ഒരു റഫറിയെ കുറിച്ച് എന്തു പറയാന്‍, അല്ലേ? പക്ഷേ ഞാന്‍ പറയാന്‍ പോകുന്ന ആളെ വ്യക്തിപരമായി അറിയാം എന്നത് കൊണ്ടു തന്നെയാണ് ഇതിവിടെ പറയുന്നതും...
പരിചയപെട്ടു കുറെ നാളുകള്‍ കഴിഞ്ഞ ശേഷമാണ് സന്തോഷ് ഒരു റഫറിയാണെന്നു ഞാന്‍ അറിഞ്ഞത്.. സത്യത്തില്‍ സന്തോഷ് ഒരു ഫുട്ബോളര്‍ ആണെന്ന് തന്നെ അറിഞ്ഞത് കുറെ കഴിഞ്ഞാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ കെയര്‍ ടേക്കര്‍ എന്നതിലുപരി എനിയ്ക്കയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇടയ്ക്കിടെ മൂന്നാല് ദിവസങ്ങള്‍ക്കോ ഒരാഴ്ചയ്ക്കോ ഒക്കെ അയാളെ കാണാതാവും. അതിനെക്കുറിച്ചൊന്നും ഞാന്‍ അന്വേഷിച്ചിരുന്നില്ല. വെറുതെ ഒരാളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നത് ഇഷ്ടമല്ലാത്തതിനാല്‍ പലപ്പോഴും സന്തോഷ് ലീവിലാണെന്നു കേട്ടാലും എന്തിനാവും ലീവെടുത്തതെന്നൊന്നും അന്വേഷിക്കാറില്ല.
അങ്ങിനെയിരിക്കേ യാദൃശ്ചികമായാണ് സന്തോഷ് ഒരു ഫുട്ബോളര്‍ ആണെന്ന് അറിഞ്ഞത്. ഒരു ദിവസം അവിടത്തെ സെക്ക്യൂരിറ്റിയാണ് അത് പറഞ്ഞത്- സന്തോഷ് കളിയ്ക്കാന്‍ പോയിരിയ്ക്കുകയാണ് എന്ന്. ചോദിച്ചപ്പോള്‍ 'കളി' ഫുട്ബോള്‍ ആണെന്ന് മനസ്സിലായി. പിന്നെയും കുറെ ദിവസം കഴിഞ്ഞാണ് സന്തോഷ് ഒരു റഫറി ആണെന്ന് ഞാനറിഞ്ഞത്. എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യാന്‍ അതി രാവിലെ സ്റ്റേഡിയത്തില്‍ മുടങ്ങാതെ പോകും; അത് കഴിഞ്ഞ് ഫ്ലാറ്റിലെ കാര്യങ്ങള്‍ നോക്കും, ചിലപ്പോള്‍ ഓട്ടോ ഓടിക്കലുമുണ്ട്. എപ്പോഴും എന്തെങ്കിലും ജോലിയില്‍ വ്യാപ്തനായിരിയ്ക്കും...
കോട്ടയം ഭാഗത്ത് നടക്കുന്ന ഒരു വിധം എല്ലാ ഫുട്ബോള്‍ മത്സരങ്ങളിലും (കോളേജ് മത്സരങ്ങളില്‍ പോലും) റഫറിയാവാന്‍ സന്തോഷിനെ തേടി ആളുകള്‍ വന്നിരുന്നു. സ്ഥലത്തുണ്ടെങ്കില്‍ പലപ്പോഴും ഫ്ലാറ്റിലെ ജോലി കഴിഞ്ഞ് മാച്ചുകളില്‍ റഫറിയായുള്ള തന്‍റെ പണി കഴിഞ്ഞേ സന്തോഷ് വീട്ടിലേയ്ക്ക് പോകാറുള്ളൂ... അത് കൂടാതെ സന്തോഷ് ട്രോഫി തുടങ്ങിയ ദേശീയ തല മത്സരങ്ങളിലും സന്തോഷ് റഫറിയുടെ കുപ്പായമിട്ടിട്ടുണ്ട്. സംസ്ഥാന തല റഫറിയില്‍ നിന്നും ഫിഫ റഫറിയാവാന്‍ ഏതാണ്ട് രണ്ടു ദശാബ്ദത്തോളമെടുത്തുവത്രേ! എങ്കിലും കഠിനാധ്വാനിയായ ഈ ചെറുപ്പക്കാരന്‍ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് തന്നെ പറയാം. ഇക്കഴിഞ്ഞ ജനുവരിയില്‍ Bayern Munich ഇന്ത്യയില്‍ കളിച്ചപ്പോള്‍ ആ കളി നിയന്ത്രിച്ചത് സന്തോഷായിരുന്നു.
ഒരു സാധാരണ കുടുംബത്തിലെ അംഗമായ സന്തോഷിന് ഈ മത്സരങ്ങള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്. കളിയോടുള്ള സ്നേഹവും അര്‍പ്പണബോധവുമാണ് പലപ്പോഴും അയാളെ ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും കളിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഇതൊക്കെയാണെങ്കിലും സന്തോഷത്തോടെയല്ലാതെ ഞാന്‍ ആ മനുഷ്യനെ കണ്ടിട്ടില്ല. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന രണ്ടു കൊല്ലക്കാലം സദാ പുഞ്ചിരിയ്ക്കുന്ന മുഖവും, എന്തു കാര്യം പറഞ്ഞാലും ചെയ്തു തരാനുള്ള മനസ്സും, തടസ്സങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി അതിനുള്ള പരിഹാരം കാണാനുള്ള കഴിവും ഞാന്‍ അയാളില്‍ കണ്ടിരുന്നു. അതാണ് സന്തോഷില്‍ ഞാന്‍ കണ്ട പ്രത്യേകതയും!
ഞങ്ങള്‍ കോട്ടയം വിട്ട് വേറെ സ്ഥലങ്ങളില്‍ പോയപ്പോഴും സന്തോഷ് ഇടയ്ക്ക് വിളിച്ചിരുന്നു - കളി കഴിഞ്ഞു വരികയാണ്; നിങ്ങളുടെ നാട്ടിലൂടെ പോയിക്കൊണ്ടിരിയ്ക്കുകയാണ്, അത് കൊണ്ടു വിളിച്ചതാണ് എന്ന് പറഞ്ഞ്... ചിലപ്പോള്‍ ഞങ്ങളും വിളിയ്ക്കും, കുശലാന്വേഷണം നടത്തും.
ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല.
ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല.
അത് മാത്രമല്ല, തരക്കേടില്ലാത്ത വരുമാനം ഉണ്ടാവുമെന്ന സ്ഥിതി വന്നാല്‍ ഒരു പക്ഷേ ഇനിയുമിനിയും കഴിവുറ്റ ആളുകള്‍ ഈ രംഗത്തേയ്ക്ക് വരാനും സാദ്ധ്യതയുണ്ട്! ഇത് പോലെ അനേകം ആളുകള്‍ ഉണ്ടായിരിയ്ക്കാം. നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത്... തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും!!!
picture courtesy: Google
picture courtesy: Google
Comments
സന്തോഷിനെ പരിചയപ്പെടുത്തിയതിന് നന്ദി നിഷ...
ഈ വരികൾ വായിച്ചപ്പോൾ എനിക്കും സന്തോഷം തോന്നി, അർഹതക്കുള്ള അംഗീകാരം തന്നെ.... ഈ പരിചയപ്പെടുത്തലിന് നന്ദി. സന്തോഷിന് ഫിഫയുടെ മികച്ച കളികൾ നിയന്ത്രിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. പടച്ചവൻ അനുഗ്രഹിക്കട്ടെ
സന്തോഷിനെ പരിചയപ്പെടുത്തിയത് നന്നായി.
സന്തോഷിനെ പോലെ ഒരു കളിക്കാരന്‍ കുപ്പയ്ക്കുള്ളില്‍ ആയിപ്പോയല്ലോ... ഒരുപക്ഷെ സന്തോഷിനെപ്പോലെ എത്രയോ ആളുകള്‍ ...
ഇപ്പോഴെങ്കിലും തിരിച്ചരിയപ്പെടാന്‍ കഴിഞ്ഞത് അയാളുടെ ഭാഗ്യം. പക്ഷെ ബാക്കിയുള്ളവരോ?
ചോദ്യം മാത്രം ബാക്കി.
നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത്... തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും!!!
പ്രചോദനം തരുന്ന വരികള്‍ . ആ അര്‍ത്ഥത്തില്‍ ഈ ലേഖനം സമ്പൂര്‍ണ്ണമാകുന്നു
ആശംസകള്
ആശംസകള്