കര്‍മയോഗി
ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങള്‍ നമ്മുടെ
മനസ്സില്‍ എന്നും മായാതെ നില്‍ക്കും. അവരെ ഒരു പക്ഷെ നാം വളരെ
അടുത്തറിയില്ലെങ്കില്‍ പോലും അത്തരം വ്യക്തിത്വങ്ങള്‍ നാമറിയാതെത്തന്നെ നമ്മെ സ്വാധീനിക്കും.
അത്തരം ഒരു മഹത് വ്യക്തിയായിരുന്നു ശ്രീ എം.
സി. നമ്പൂതിരിപ്പാട്.
അദ്ദേഹത്തെ അറിയാത്ത തൃശൂര്‍ക്കാര്‍ കുറവാകും. പല പല
മേഖലകളില്‍ തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള, 'എം
സി' എന്ന്‍ എല്ലാവരും
സ്നേഹാദരങ്ങളോടെ വിളിക്കുന്ന മൂത്തിരിങ്ങോട്ട്
ചിത്രഭാനു നമ്പൂതിരിപ്പാട്, കാലയവനികക്കുള്ളില്‍
മറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പലരുടെയും മനസ്സില്‍ നിറ സാന്നിദ്ധ്യമായി
ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ മഹത്വം വിളിച്ചോതുന്നു.
എം.സി. നമ്പൂതിരിപ്പാട് 1919 ഫെബ്രുവരി 2നു പട്ടാമ്പി മണ്ണാങ്ങോട് മൂത്തിരിങ്ങോട്ട് മനയിൽ
ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് സംസ്കൃതത്തിലും സാമവേദത്തിലും അഗാധമായ
പാണ്ഡിത്യമുണ്ടായിരുന്ന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു. വിഖ്യാതമായ
ഒളപ്പമണ്ണ മനയിലെ സാവിത്രി അന്തർജ്ജനമായിരുന്നു അമ്മ.
ഒറ്റപ്പാലം ഹൈ സ്കൂൾ, കോഴിക്കോട്
സാമൂതിരി കോളേജ് (ഇപ്പോൾ ഗുരുവായൂരപ്പൻ കോളേജ്), തിരുച്ചിറപ്പിള്ളി
സെന്റ് ജോസഫ് കോളേജ്, തിരുവനന്തപുരം
പബ്ലിൿ ഹെൽത്ത് ലാബറട്ടറി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ
അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മണ്ഡലം തൃശ്ശൂരിലെ
പോളിക്ലിനിൿ എന്ന സ്ഥാപനമായിരുന്നു.
പോളിക്ലിനിക്കിന്‍റെ മാനേജിങ്ങ് ഡയറക്ടറായിരുന്ന
അദ്ദേഹം വളരെ ഊർജ്ജസ്വലനായി തന്നെ ശാസ്ത്രസാഹിത്യരചനകളിലും തന്‍റെ
ഔദ്യോഗികരംഗത്തും പ്രവർത്തിച്ചുകൊണ്ടിരിന്നു. തൃശ്ശൂർ
നമ്പൂതിരി വിദ്യാലയത്തിന്‍റെ ഭരണം നിർവ്വഹിക്കുന്ന നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ
ട്രസ്റ്റിന്റെ പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം.
കേരളത്തിലെ ശാസ്ത്രസാഹിത്യരചയിതാക്കളുടെ ആദ്യതലമുറയിൽപെട്ട പ്രമുഖനായിരുന്നു
എം. സി. നമ്പൂതിരിപ്പാട്. കേരളത്തിലെ ആദ്യത്തെ ശാസ്ത്രസാഹിത്യസംഘടനയായ കേരള
ശാസ്ത്രസാഹിത്യ സമിതിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പിൽക്കാലത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും സജീവമായി പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ തൊണ്ണൂറ്റിരണ്ടാം വയസ്സിലാണ് “ശാസ്ത്രത്തിന്‍റെ സാമൂഹ്യധർമ്മങ്ങൾ” എന്ന
ബൃഹദ്ഗ്രന്ഥം 2012
ജനുവരി പതിനൊന്നാം തീയതി തൃശ്ശൂർ സാഹിത്യ അക്കാദമി അങ്കണത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടത്. ജോൺ
ഡെസ്മോണ്ട് ബെർണാൽ (John Desmond Bernal) രചിച്ച
“സോഷ്യൽ
ഫങ്ഷൻസ് ഓഫ് സയസ്“ എന്ന
കൃതിയുടെ വിവർത്തനമാണ് ഈ കൃതി.
ഇത് കൂടാതെ നിരവധി ഗ്രന്ഥങ്ങള്‍
അദ്ദേഹത്തിന്റേതായുണ്ട്. സയൻസിന്റെ വികാസം, ശാസ്ത്രദൃഷ്ടിയിലൂടെ, ഭൂമിയുടെ ആത്മകഥ, ചൊവ്വാ മനുഷ്യൻ, ശാസ്ത്രം
ചരിത്രത്തിൽ, സയൻസിന്റെ വെളിച്ചത്തില്‍, ശാസ്ത്ര സമീക്ഷ, കോപ്പര്‍നിക്കസ്സും കൂട്ടുകാരും
എന്നിവയാണവ. ഏഴോളം
ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം നിരവധി കൃതികൾ മലയാളത്തിലേക്ക്
വിവർത്തനം ചെയ്തിട്ടുമുണ്ട്. ഇവയെല്ലാം കൂടാതെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളായ യൂറീക്ക, ശാസ്ത്രഗതി, ശാസ്ത്രകേരളം തുടങ്ങിയവയില്‍
അദ്ദേഹത്തിന്‍റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മംഗളോദയം, ജയകേരളം, പരിഷത് ദ്വൈവാരികം എന്നിങ്ങനെയുള്ള മലയാളത്തിലെ പ്രസിദ്ധ സാംസ്കാരിക പ്രസിദ്ധീകരണങ്ങള്‍ കൂടാതെ മാതൃഭൂമിയില്‍ ലേഖകനായും യോഗക്ഷേമം, ഉണ്ണിനമ്പൂതിരി എന്നീ മാസികകളുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇങ്ങനെ പല വ്യത്യസ്ത മേഖലകളിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
അദ്ദേഹത്തിന്‍റെ ആകസ്മിക മരണം വല്ലാത്തൊരു അവിശ്വാസ്യതയോടെയാണ് പലരും കേട്ടത്.
മരണപ്പെട്ട അന്ന്‍ പോലും (26/11/2012) അദ്ദേഹം തന്‍റെ കര്‍മ രംഗമായ പോളി ക്ലിനിക്കില്‍ പോവുകയും
തന്‍റെ ജോലികള്‍ ചെയ്യുകയും ഉണ്ടായി.
'എം സി' എന്ന ആ ബഹുമുഖ പ്രതിഭയെ ഒരല്പം അടുത്തറിയാന്‍ ഭാഗ്യം സിദ്ധിച്ച ഞാന്‍ എന്നും ആദരവോടെ മാത്രമേ ആ സവിധത്തില്‍ നിന്നിട്ടുള്ളൂ. സദാ പ്രസന്ന വദനനായ അദ്ദേഹത്തെ ഞാന്‍ അവസാനമായി കണ്ടത് അദ്ദേഹത്തിന്‍റെ പേരക്കുട്ടിയുടെ വിവാഹ നിശ്ചയ വേളയിലായിരുന്നു എന്ന് തോന്നുന്നു. ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആ ചടങ്ങിനു സാക്ഷ്യം വഹിച്ച അദ്ദേഹത്തെ തന്നെയാണ് അവരുടെ വിവാഹ ദിനത്തില്‍ എല്ലാവരും ഓര്‍ത്തതും ... ഒരു വേള, അദൃശ്യനായി, ലോകരുടെ കണ്ണുകള്‍ക്ക് കാണാത്ത രൂപത്തില്‍, അദ്ദേഹം ആ വധൂവരന്മാരെ ആശീര്‍വദിക്കാന്‍ ആ വേദിയില്‍ ഉണ്ടായിരുന്നു എന്നെനിക്ക് തോന്നി.
കര്‍മനിരതനായി, പ്രസന്നവദനനായി, സൗമ്യഭാഷിയായി മാത്രമേ അദ്ദേഹത്തെ എന്നും കണ്ടിട്ടുള്ളു. ചൈതന്യം തുളുമ്പുന്ന ആ മുഖം എന്‍റെ മനസ്സില്‍ എപ്പോഴും ആഹ്ലാദവും ശാന്തിയും നിറച്ചു. ഏവര്‍ക്കും ബഹുമാന്യനായ അദ്ദേഹത്തെ കുറച്ചെങ്കിലും അടുത്തറിയാന്‍ കഴിഞ്ഞത് ഒരു സുകൃതം തന്നെ.
എല്ലാ മരണവും പോലെ അദ്ദേഹത്തിന്‍റെ മരണവും ആ കുടുംബത്തിന് തീരാ നഷ്ടമാണ്; പക്ഷേ, എം സി ഈ ലോകത്ത് നിന്ന് വിടവാങ്ങിയപ്പോള്‍ ഉത്തമനായ ഒരു കര്‍മയോഗിയെയാണ് സമൂഹത്തിന് നഷ്ടമായത്!
അദ്ദേഹത്തിന് ആദരാഞ്ജലികള്‍!!! അര്‍പ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ ജീവിത പുസ്തകത്തില്‍ നിന്ന് ചെറിയ ചില നന്മകളെങ്കിലും എന്നിലേക്കും പകര്‍ത്താന്‍ കഴിയുമെന്ന്‍ ഞാന്‍ വ്യാമോഹിക്കുന്നു....
ഇക്കഴിഞ്ഞ രണ്ടാം തിയ്യതി 94 തികയുമായിരുന്ന അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
Comments
എനിക്ക് ശാസ്ത്രസാഹിത്യപരിഷത്തുമായി ചെറിയ ബന്ധം ഉണ്ടായിരുന്ന സമയങ്ങളിലായിരുന്നു
ചെറുതായെങ്കിലും അദ്ദേഹത്തെ കുറിച്ച് അറിഞ്ഞത്.
ഇദ്ദേഹത്തെ അനുസ്മരിച്ചത് നന്നായി.
പക്ഷേ എപ്പൊഴോ ഈ പേര് എവിടെ യോ വായിച്ചൊ കണ്ടൊ
മറന്നൊരു ചെറിയ ഓര്‍മയുണ്ട് ..
മരിക്കും വരെ കര്‍മ്മനിരതനായീ ജീവിക്കുവാന്‍ അദ്ദേഹത്തിനായെങ്കിലും
അതു പുണ്യം തന്നെ .. എന്റെ അച്ഛന്റെയും ജന്മദിനമാണ് ഫെബ് രണ്ട് ..
നല്ല മനുഷ്യരേ കാലം മായ്ച്ചാലും എന്നുമെന്നും അവര്‍ മറ്റുള്ളവരുടെ
ഉള്ളില്‍ ജീവിക്കും കാലങ്ങളൊളം ..
ഇപ്പോള്‍ അറിഞ്ഞതില്‍ സന്തോഷവും.
നന്ദി
ഇപ്പോള്‍ ഇതാ മറ്റൊരു മഹാനെക്കൂടെ. ഇങ്ങനെ മഹത്വ്യക്തികളുമായി സംസര്‍ഗ്ഗമുണ്ടാകുക എന്നത് ഒരു ഗുരുത്വം തന്നെയാണ്. എം.സി എന്ന വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിനു നന്ദി
ലേഖനത്തിനു നന്ദി
( ഏം സി യെ കുറിച്ച് കാവുമ്പായി ബാലകൃഷ്ണൻ എഴുതിയ അനുസ്മരണം ജനുവരി ലക്കം ശാസ്ത്രഗതി ( ശാസ്ത്ര സാഹിത്യ പരിഷത്ത് മാസിക ) പ്രസിദ്ധീകരിച്ചിരുന്നു. )
അനുസ്മരണം വായിച്ചില്ല - എപ്പോഴെങ്കിലും അതിനു പറ്റുമെന്ന് കരുതുന്നു...