സ്നേഹ നമസ്കാരം!
ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്കു പാഞ്ഞപ്പോള്‍
കാണ്മായ് ഞങ്ങള്‍ തന്‍ ബാല്യത്തിന്‍ മോഹന ദൃശ്യങ്ങള്‍
സ്നേഹവായ്പ്പോടന്നു ഞങ്ങളെ മാറോടണച്ചമ്മയോളം
മമതയോടൂട്ടിയുമുറക്കിയും കാത്തു പോന്നു വല്ല്യമ്മ...

അച്ഛനുമമ്മയുമല്ലാതൊരു ശരണമുണ്ടെങ്കിലന്നവര്‍ മാത്രം
വളര്‍ന്നിടും ഞങ്ങള്‍ക്കേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി
നന്മ തന്‍ വഴികള്‍, നല്ല തത്ത്വങ്ങള്‍, അമ്മയില്ലാത്ത നേരം
അമ്മയെപ്പോലെ കരുതല്‍, വേവലാതികള്‍  ഞങ്ങളെച്ചൊല്ലി;

യാത്രയില്‍ കൂട്ടുമെന്നും, എത്ര ദൂരെത്തേക്കെങ്കിലും, കൈ വിടാതെ
കണ്ണു തെറ്റാതെയാ സ്നേഹത്തണലില്‍ കാത്തു വെച്ചു ഞങ്ങളെ...
ഞങ്ങള്‍ തന്‍ കളിചിരികള്‍ മനം നിറഞ്ഞാസ്വദിച്ചവര്‍ - ഒരിക്കലു-
മൊരു നോക്കു കൊണ്ടുപോലും നോവിച്ചില്ലന്നു ഞങ്ങളെ...

ദൂരദിക്കില്‍ നിന്നുമേട്ടന്‍ വരുമ്പോള്‍ കൊണ്ടുവരും വര്‍ണ്ണ മിഠായി-
പ്പൊതികള്‍ പാത്തുവെക്കാതെ കൈ നിറയെ വാരി നല്‍കിയെന്നും;
മധുരവും സ്നേഹവും ചേര്‍ത്തെത്രയോ വട്ടം പായസമുണ്ണാന്‍
വല്യമ്മ ഞങ്ങളെ കാത്തു കാത്തു കണ്‍നട്ടിരുന്നിരുന്നുവന്ന്‍...

വല്യമ്മയുണ്ടാക്കും വിഭവങ്ങളെ വെല്ലാന്‍ ഒന്നുമില്ലെന്ന് ഞങ്ങളോതി,
സ്നേഹമാം മധുരമൊരു നുള്ളതിലധികം ചേര്‍ത്തതിനാലത്രേ സ്വാദ്!
ഉറക്കമിളച്ചിരുന്നു ഞങ്ങള്‍ കണ്ട സിനിമകള്‍ക്ക് കൂട്ട് വല്യമ്മ താന്‍
ഒടുവിലൊരു പരിഭവം പോലുമോതാതെ ഉഷസ്സിനെയവര്‍ വരവേറ്റു...

പറഞ്ഞാല്‍ തീരുകയില്ലത്രയും കഥകള്‍ ഇനിയുമോര്‍ത്തെടുത്തൊരു
പവിഴമാല തീര്‍ക്കാം; അതിന്റെ തിളക്കത്താല്‍ കണ്ണഞ്ചിടാതിരിക്കട്ടെ
അമ്മയോളമാവില്ലെങ്കിലും അമ്മ തന്‍ ചാരേതിളങ്ങും അമൂല്യമാം
സ്നേഹവായ്പായിരുന്നു വല്യമ്മ ഞങ്ങള്‍ക്കെന്നുംമെന്നറിയുന്നു...

കാലമൊരു പ്രവാഹമായ്; ഞങ്ങളിന്നു കുട്ടികളല്ലാതായ്, ഞങ്ങളില്‍
പലരുമിന്നൊരു വല്ല്യമ്മയായെങ്കിലും അറിയുന്നു ഞങ്ങളിപ്പോള്‍;
ഇന്നില്ല ഞങ്ങളെ ബന്ധിച്ച സ്നേഹത്തിന്‍ സുവര്‍ണ്ണ നൂലുകള്‍
കാലപ്പഴക്കം വന്നവയും തിളക്കമില്ലാത്തോട്ടുനൂല്‍ പോലെയായ്

എങ്കിലും ഓര്‍മ്മകള്‍ക്കിപ്പോഴും പൊന്‍ തിളക്കം; ആ ഓര്‍മകളില്‍
തെളിയും ബാല്യത്തിനുമേറെ മിഴിവ്, രണ്ടമ്മമാര്‍ നല്‍കിയ സ്നേഹം
ഉള്ളില്‍ തെളിഞ്ഞു നില്ക്കും നിറദീപം പോലെ, നിശയില്‍ ലേഖനം
ചെയ്യാനുതകും പൊന്നൊളി പോലെയ്തുള്ളില്‍ നിറഞ്ഞു നില്‍പ്പൂ...

സ്നേഹാദരങ്ങള്‍ മനസ്സില്‍ നിറച്ചേറെ ഭാവ്യരായ് വീണ്ടുമെത്തി
ഞങ്ങളാ സവിധത്തില്‍; അശീതി തന്‍ നിറവില്‍ പുഞ്ചിരിക്കേ
വല്യമ്മയ്ക്ക് നല്‍കട്ടെ ഞങ്ങള്‍ സ്നേഹത്തില്‍ പൊതിഞ്ഞൊരു
നിറനമസ്കാര,മൊരായുസ്സില്‍ പറഞ്ഞു തീരാത്ത നന്ദിയോടെ!

വല്യമ്മയും അമ്മയും - ഒരു പഴയകാല ചിത്രം 
വാല്‍കഷ്ണം: വല്യമ്മയുടെ എണ്‍പതാം പിറന്നാളിന്  ഏടത്തിമാരുമൊത്ത്‌ വല്യമ്മയ്ക്ക് നല്‍കിയ സമ്മാനമാണ് ഈ വരികള്‍ ...


Comments

ഓർമ്മകൾക്കെന്നും പൊന്നിൻ തിളക്കമായിരിക്കട്ടെ.

ഭാവുകങ്ങൾ!!!.
Nisha said…
അതെ, ഓര്‍മകള്‍ എന്നും തിളങ്ങി നില്‍ക്കട്ടെ എന്നാശിക്കുന്നു!
ajith said…
ഭാഗ്യങ്ങള്‍!
ഓര്‍മ്മകളെ ഓമനിക്കാന്‍ പഠിച്ചാല്‍ സ്നേഹം നഷ്ടപ്പെടാതെ തുടരാം.
നന്നായി.
Cv Thankappan said…
എനിക്കുമുണ്ടായിരുന്നു ഇതുപോലൊരു വല്ല്യമ്മ.അവര്‍ ഈ മാര്‍ച്ച് 14ന് നിര്യാതയായി.95 വയസ്സ് കഴിഞ്ഞിട്ടുണ്ടായിരുന്നു.എന്‍റെ ബ്ലോഗില്‍(കൈലാസ്) 'കൊച്ചിലേ പാകപ്പെടുത്തണം....'എന്ന പോസ്റ്റില്‍ എന്‍റെ
വല്ല്യമ്മയെ കുറിച്ചും എഴുതിയിട്ടുണ്ട്....chullikattil blogspot.com
ഹൃദ്യവും,മനോഹരവുമായി എഴുതി സമര്‍പ്പിച്ച ഈ വരികള്‍ എന്നേയും പഴയകാല ഓര്‍മ്മകളിലേക്ക്‌ വീണ്ടും കൂട്ടിക്കൊണ്ടുപോയി.........
ആശംസകള്‍


Bipin said…
വല്ല്യമ്മയുടെ ആ സ്നേഹ വായ്പ്പ് വായനക്കാരിൽ എത്തിയ്ക്കാൻ നന്നായി കഴിഞ്ഞു. അമ്മയോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ വല്യമ്മയോട് പറയാൻ കഴിയും. പലതും നടത്തിക്കിട്ടാനും വല്യമ്മ തന്നെയാണ് ആശ്രയം.
"അമ്മയോളമാവില്ലെങ്കിലും" എന്നത് ഒരു അധികപ്പറ്റ് ആയി. ആ താരതമ്യം തീർത്തും ആവശ്യമില്ലാത്ത തായിരുന്നു. വല്യമ്മയോടുള്ള സ്നേഹത്തിന്റെ അളവ് ആ പ്രയോഗത്തിൽ വെളിവായത് പോലെ.

എഴുത്ത് നന്നായി. പറയാനുള്ളത് ഹൃദയത്തിൽ എത്തി. വല്യമ്മയ്ക്ക് പിറന്നാളാശംസകൾ.

നിഷയൊക്കെ "ഇന്നത്തെ വല്യമ്മമാർ" അല്ലേ . ഈ വല്യമ്മയെ പോലെയാണോ?
ആത്മസമര്‍പ്പണം പോലെ ഈ വരികള്‍
Vineeth M said…
:)
look back there............!!!!!!!

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....