യാത്രയുടെ വീഡിയോ കാണാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
പിറ്റേന്ന് അതികാലത്ത് ഞങ്ങളുണര്‍ന്ന് തയ്യാറായി - പല്ലുതേപ്പും പ്രഭാതകര്‍മ്മങ്ങളും കഴിഞ്ഞ് നാലരയോടെ ബസ്സിനടുത്തെത്തിയപോഴേയ്ക്കും ചായ തയ്യാറായിരുന്നു. വേഗം തന്നെ അത് കുടിച്ച്, സമയം ഒട്ടും പാഴാക്കാതെ ഞങ്ങള്‍ ബസ്സില്‍ കയറി. കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നിന്നും ബട്ക്കോട്ടിലേക്ക് ഏതാണ്ട് എണ്‍പത് കിലോമീറ്റര്‍ ദൂരമുണ്ട്. മലയിടുക്കുകള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ, വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളിലൂടെ ഡ്രൈവര്‍ വിദഗ്ദ്ധമായി വണ്ടിയോടിച്ചു. നേരം പുലര്‍ന്നതോടെ ചുറ്റുമുള്ള കാഴ്ചകള്‍ തെളിഞ്ഞു തുടങ്ങി. എങ്ങും മലനിരകള്‍ തന്നെ. ഒരു വശത്ത് അഗാധമായ താഴ്ച്ച, മറുവശത്ത് ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടം. അതിനിടയിലൂടെയാണ് ഈ വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡ്! വളരെ ദുര്‍ഘടം പിടിച്ച ഈ വഴിയിലൂടെയാണല്ലോ ഇന്നലെ രാത്രി കൂരിരുട്ടത്ത് ഞങ്ങളെ കൊണ്ടു പോകാം എന്ന് ഡ്രൈവര്‍ പറഞ്ഞത് എന്നാലോചിച്ചപ്പോള്‍ തന്നെ ഉള്ളു കിടുങ്ങി.
|
മലയും വഴിയും പുഴയും |
എന്തായാലും ഏതാണ്ട് ഏഴര-എട്ടു മണിയോടടുത്തപ്പോള്‍ ഞങ്ങള്‍ ബട്കോട്ടിനടുത്തെത്തിത്തുടങ്ങി എന്ന് മനസ്സിലായി. കുറച്ചു നേരമായി മല നിരകള്‍ അല്പം ദൂരേയ്ക്ക് മാറിയിരിക്കുന്നു. റോഡിന്‍റെ വശത്തുള്ള അഗാധതയിലൂടെ ഒരു തോടു പോലെ ഒഴുകിയിരുന്ന യമുനാനദി ഇപ്പോള്‍ അല്പം കൂടി പരന്നൊഴുകുന്നുണ്ട്. മനുഷ്യവാസത്തിന്റെ ലക്ഷണങ്ങളും പ്രകടമായിരുന്നു. അകലെ മഹാമേരുക്കള്‍ വന്മതില്‍ പോലെ വിരിഞ്ഞു നില്‍ക്കുന്നത് കാണാം... അതിനിടയിലൂടെ തെളിഞ്ഞു കാണുന്നത് ഒരു മഞ്ഞുമലയല്ലേ? ഹിമാലയത്തിന്റെ പുണ്യ ദര്‍ശനം. മനസ്സില്‍ എന്തൊക്കെയോ വികാരങ്ങള്‍ ഒന്നിച്ചു തള്ളിത്തിരക്കി വരുന്ന പോലെ - ആശ്ചര്യമോ, ആഹ്ലാദമോ, രോമാഞ്ചമോ - അറിയില്ല. അതിനെക്കുറിച്ചു വിവരിക്കാന്‍ വാക്കുകള്‍ പോര.
അങ്ങനെ നയനാനന്ദകരമായ കാഴ്ച്ചകള്‍ കണ്ടും ക്യാമറയില്‍ പകര്‍ത്തിയും മുന്നോട്ട് പോകുമ്പോഴാണ് അടുത്ത അത്യാഹിതമുണ്ടായത്. മറ്റുള്ളവര്‍ക്ക് അത് നിസ്സാരമായി തോന്നാമെങ്കിലും എനിക്ക് ഹൃദയഭേദകമായി തോന്നിയ ഒരു കാര്യം - എന്റെ ക്യാമറ കേടുവന്നു. ചിത്രങ്ങള്‍ ഒന്നും പതിയുന്നില്ല. അഥവാ വല്ലതും കിട്ടിയാല്‍ അവ ഒട്ടും ക്ലിയര്‍ അല്ലാതെ കാണുന്നു. എന്തു പറ്റിയെന്ന് നോക്കുമ്പോള്‍ ക്യാമറയുടെ മിറര്‍ ഇളകിയ സ്ഥിതിയിലാണെന്ന് കണ്ടു. അതിന്റെ പ്രവര്‍ത്തനം വേണ്ടപോലെ നടക്കാത്തത് കൊണ്ടാണ് ചിത്രങ്ങള്‍ ഒന്നും പതിയാത്തത്. തല്‍ക്കാലം ഒന്നും ചെയ്യാനില്ലെന്ന് അറിയാവുന്നത് കൊണ്ട് എന്റെ സന്തത സഹചാരിയെ ഞാന്‍ പതുക്കെ ബാഗിലേക്ക് വെച്ചു. മൊബൈലില്‍ കൂടിയായി പിന്നെയുള്ള പടംപിടുത്തം. അതിന്‍റെ പരിമിതികള്‍ എന്നെ ഇത്തിരി ദു:ഖിപ്പിച്ചെങ്കിലും അതെങ്കിലും ഉണ്ടല്ലോ എന്നാശ്വസിയ്ക്കാന്‍ ശ്രമിച്ചു.
|
താമസസ്ഥലം ചിത്രം:മാലിനി രാജേഷ് |
എന്തായാലും ഞങ്ങള്‍ അല്‍പംകൂടി മുന്നോട്ടെത്തിയപ്പോള്‍ ചെറിയ ഒരു ഗ്രാമത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. സാധാരണക്കാരായ ഗ്രാമീണര്‍, സ്കൂളില്‍ പോകുന്ന കുട്ടികള്‍, കാഷായ വസ്ത്രം ധരിച്ച് അവധൂതരെ പോലെ നടക്കുന്ന അനേകം പേര്‍, ഞങ്ങളെപ്പോലെ തന്നെയുള്ള യാത്രക്കാര്‍... ഈ കാഴ്ച്ചകള്‍ കണ്ടാസ്വദിയ്ക്കെ ഞങ്ങളുടെ താമസ സ്ഥലം എത്തി. ഇന്നലെ രാത്രി എത്തേണ്ടതായിരുന്നല്ലോ അവിടെ. എന്തായാലും വലിയ താമസമൊന്നുമില്ലാതെ എല്ലാവരും ഓരോരോ മുറികളില്‍ കയറിക്കൂടി. അപ്പോഴേയ്ക്കും സഞ്ചരിക്കുന്ന അടുക്കള വണ്ടിയില്‍ നിന്നും താമസസ്ഥലത്തെ വിശാലമായ വരാന്തയിലേക്ക് കുടിയേറിയിരുന്നു. ആവി പറക്കുന്ന ഭക്ഷണം ആര്‍ത്തിയോടെ അകത്താക്കി. ഭക്ഷണം കഴിച്ച ശേഷം അടുത്ത പരിപാടിയിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പായി.
രാവിലെ നേരെത്തെ തന്നെ യമുനോത്രോയിലേക്ക് പോവുക എന്നായിരുന്നു ശരിക്കുമുള്ള പരിപാടി. എന്നാല്‍ തലേനാള്‍ ബട്കോട്ടില്‍ എത്താന്‍ പറ്റാത്തത് കൊണ്ട് അതൊക്കെ താറുമാറായി എന്ന് പറയേണ്ടതില്ലല്ലോ! എന്തായാലും അധികം സമയം കളയാതെ യമുനോത്രിയിലേക്ക് തിരിയ്ക്കാന്‍ തീരുമാനമായി. അതു പ്രകാരം പ്രായാധിക്യം, പ്രായക്കുറവ്, ദേഹാസ്വസ്ഥ്യം എന്നിവ കണക്കാക്കി ചിലരെല്ലാം ആ യാത്രയില്‍ നിന്നും പിന്മാറി. ബാക്കിയുള്ള ഞങ്ങള്‍ പത്തു പതിനേഴു പേര്‍ വീണ്ടും ബസ്സില്‍ കയറിയിരുപ്പായി. അതിനിടയില്‍ ക്യാമറ ശരിയായോ എന്ന് ഒന്ന് കൂടി നോക്കിയെങ്കിലും കാര്യമില്ലെന്ന് മനസ്സിലായപ്പോള്‍ അത് മുറിയില്‍ തന്നെ വെച്ചു. പ്ലാന്‍ പ്രകാരം ഞങ്ങള്‍ ഉച്ച ഭക്ഷണം കയ്യിലെടുത്തായിരുന്നു മല കയറേണ്ടിയിരുന്നത്. പക്ഷേ രാവിലെ വൈകി എത്തിയത് കൊണ്ട് ഉച്ച ഭക്ഷണം ഉണ്ടാക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ഉച്ച ഭക്ഷണം ഉണ്ടാവുന്നതുവരെ കാത്തു നിന്നാല്‍ ഇന്നത്തെ കാര്യവും അവതാളത്തിലാവും. ഒടുവില്‍ കുശിനിക്കാരന്‍ കുറച്ചു ബ്രെഡും പഴവും സംഘടിപ്പിച്ചു തന്നു. അതും കയ്യിലെടുത്ത് ഞങ്ങള്‍ യാത്ര തുടങ്ങി - യമുനോത്രിയിലേക്ക്...
|
വഴിയോരക്കാഴ്ചകള്‍ |
ബട്കോട്ടില്‍ നിന്നും ഏതാണ്ട് 40 കിലോമീറ്റര്‍ ദൂരെയുള്ള ജാന്കിഛട്ടിയില്‍ നിന്നു വേണം യമുനോത്രിയിലെക്കുള്ള മലകയറ്റം തുടങ്ങാന്‍. ഹനുമാന്‍ ഛട്ടി, ഫൂല്‍ ഛട്ടി തുടങ്ങിയ സ്ഥലങ്ങളൊക്കെ പിന്നിട്ട് ഞങ്ങള്‍ ജാന്കിഛട്ടിയില്‍ എത്തിച്ചേര്‍ന്നു. അവിടെ കുറച്ചു ചായക്കടകളും ശൌചാലയങ്ങളും പാര്‍ക്കിംഗ് സ്ഥലവും മറ്റുമാണ് ഒറ്റ നോട്ടത്തില്‍ കാണുക. വണ്ടിയിറങ്ങിയപ്പോഴേയ്ക്കും ഗൈഡുകള്‍ ഞങ്ങളെ പൊതിഞ്ഞു. കുതിര വേണോ പാല്‍കി (കസേരയില്‍ ഇരുത്തി അവര്‍ ഏറ്റിക്കൊണ്ടു പോവും) വേണോ എന്നൊക്കെ ചോദിച്ച് അവര്‍ ഞങ്ങളുടെ ചുറ്റും കൂടി. എങ്ങനെയൊക്കെയോ അവരില്‍ നിന്നും രക്ഷ നേടി അടുത്തുള്ള ചായക്കടയില്‍ നിന്നും ചായ കുടിച്ച് ഞങ്ങള്‍ മലകയറ്റം ആരംഭിയ്ക്കാനുള്ള തയ്യാറെടുപ്പായി. അവിടെ സുലഭമായി ലഭിക്കുന്ന മുളവടികള്‍ ഓരോരുത്തരും വാങ്ങി കയ്യില്‍ പിടിച്ചു. മലകയറുമ്പോള്‍ ഈ വടി സഹായകമാവും എന്ന് അനുഭവസ്ഥര്‍.
|
കയറ്റത്തിനു മുന്‍പ് |
കൂടെയുള്ള ചെറിയ മൂന്ന് കുട്ടികളെയും കസേരയില്‍ ഇരുത്തി മുകളിലേക്ക് ചുമന്നുകൊണ്ടുപോവുകയാവും ഉത്തമമെന്നു തോന്നിയതിനാല്‍ രണ്ടു പോര്‍ട്ടര്‍മാരെ അതിനേര്‍പ്പാടാക്കി. പതുക്കെപ്പതുക്കെ മല കയറ്റം ആരംഭിച്ചു. ആരും ആര്‍ക്കായും കാത്തു നില്‍ക്കേണ്ടതില്ല, എല്ലാവരും അവരവരുടെ വേഗത്തില്‍ നടന്ന് മുകളില്‍ വച്ച് കണ്ടുമുട്ടാം എന്ന തീരുമാന പ്രകാരം എല്ലാവരും നടന്നു തുടങ്ങി. കുട്ടികളെ ഏറ്റി പോര്‍ട്ടര്‍മാര്‍ കൂടെയും (പലപ്പോഴും അവര്‍ക്ക് ഞങ്ങളുടെ അമാന്തം കാരണം പലയിടത്തും ഞങ്ങളെ കാത്തുനില്‍ക്കേണ്ടി വന്നു)...
മല കയറ്റം തുടങ്ങി അധികം കഴിഞ്ഞില്ല എനിക്ക് ആകപ്പാടെ ഒരു പരവേശം. വിശന്നിട്ടാണോ എന്ന് കരുതി (ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിട്ടാണ് മലകയറ്റം തുടങ്ങിയത്) കയ്യിലുള്ള ബിസ്ക്കറ്റ് മിഠായി തുടങ്ങിയവ ഒക്കെ അല്പം കഴിച്ചു. വെള്ളം കുടിച്ചു. എന്നിട്ടും ഒരു സുഖമില്ല. തല കറങ്ങുന്നുണ്ടോ എന്നൊരു സംശയം. അല്‍പ ദൂരം കഴിഞ്ഞപ്പോള്‍ വഴിയരുകിലെ ഒരു കല്ലില്‍ ഇരുന്നു. എന്തു വേണം എന്ന് ചിന്തിച്ചു - മുന്നോട്ട് പോകണോ? കൂടെയുള്ളവരെ കൂടി ബുദ്ധിമുട്ടിച്ച് മുന്നോട്ട് പോകുന്നതാണോ ശരി; അതോ അവര്‍ പോകട്ടെ, ഞാന്‍ വരുന്നില്ല എന്ന് കരുതി അവിടെ തന്നെ നില്‍ക്കണോ? ബസ്സില്‍ പോയാല്‍ വയ്യെങ്കില്‍ കിടക്കാം. പക്ഷേ അതിനല്ലല്ലോ വന്നത്. തോറ്റ് കൊടുക്കരുത് എന്ന് ആരോ മനസ്സില്‍ പറയുന്നത് പോലെ. കൂടെയുണ്ടായിരുന്ന മറ്റുള്ളവരോട് പോയിക്കൊള്ളാന്‍ പറഞ്ഞു. പ്രിയതമനും ഞാനും മാത്രമായി. എന്തായാലും ആള്‍ കൂടെയുണ്ടല്ലോ എന്ന ധൈര്യത്തില്‍ വീണ്ടും നടന്നു തുടങ്ങി.
|
നിന്നും ഇരുന്നും കിതച്ചും അങ്ങനെ.... |
ഏറെ വൈകാതെ വീണ്ടും തളര്‍ച്ചയും പരവേശവും തോന്നിത്തുടങ്ങി. തണുപ്പിനെ ഭയന്ന് വാരിച്ചുറ്റിയ കമ്പിളിക്കുപ്പായങ്ങള്‍ ഓരോന്നായി അഴിച്ചു കയ്യില്‍ തൂക്കി. ദേഹത്ത് അല്പം കാറ്റ് പതിച്ചപ്പോള്‍ ഒരാശ്വാസം... എന്നാലും ഒരു സുഖമില്ലാത്ത അവസ്ഥ. അങ്ങനെ നടന്നു പോകവേ ഛര്‍ദ്ദിക്കാന്‍ വരുന്ന പോലെ. വഴിയോരത്തെ ഒരു കല്ലിനെ ആശ്രയിച്ചു. അതിന്മേല്‍ ഇരുന്നപ്പോള്‍ അല്പം ആശ്വാസം. എന്നിരുന്നാലും മുന്നോട്ട് പോകാനുള്ള ശക്തിയില്ലാത്തത് പോലെ... അങ്ങനെയിരിക്കുമ്പോള്‍ ഛര്‍ദ്ദിച്ചു. വേണ്ടാത്തതെന്തോ തൊണ്ടയില്‍ കുടുങ്ങിക്കിടന്നത് പോയപോലെ ഒരാശ്വാസം. അടുത്തുള്ള കടയില്‍ നിന്നും ഒരു നാരങ്ങാസോഡ വാങ്ങിക്കുടിച്ചു. ഒരുന്മേഷം തിരിച്ചു കിട്ടി. വീണ്ടും വടി കുത്തിപ്പിടിച്ചു യാത്ര തുടര്‍ന്നു.
മലമുകളിലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന സങ്കല്‍പ്പത്തോട് ഒട്ടും സാമ്യമില്ലാത്ത ചുറ്റുപാടുകള്‍. വൃത്തിഹീനമായ, ആളുകള്‍ തിങ്ങിനിറഞ്ഞ ഇടുങ്ങിയ വഴി. തിരക്കിട്ടും അല്ലാതെയും മുകളിലേയ്ക്കും താഴേയ്ക്കും നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍. ഇടയ്ക്കിടെ തീര്‍ത്ഥാടകരെ വഹിച്ചുള്ള കുതിരകള്‍ വന്നു കൊണ്ടിരിക്കും. അവയ്ക്ക് വഴിവിട്ടു കൊടുക്കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ കുതിരയുടെ ചവിട്ടും കിട്ടിയേക്കാം. ഇതിനിടയിലും മുതിര്‍ന്നവരേയും കുട്ടികളേയും വഹിച്ചുകൊണ്ട് അനായേസേന മല കയറിപ്പോകുന്ന പോര്‍ട്ടര്‍മാര്‍... കുട്ടികളും വൃദ്ധരുമടങ്ങിയ സംഘങ്ങള്‍ ഉറക്കെയുറക്കെ ജയ് മാതാ ദി, ജയ് യമുനാ മയ്യാ കി എന്നൊക്കെ ഉറക്കെ വിളിച്ചു കൊണ്ട് മല ഓടിക്കയറുന്നു. എന്നെപ്പോലെയുള്ള അപൂര്‍വ്വം ചിലര്‍ കിതച്ചും മുട്ടിനു മുട്ടിനു വഴിവക്കിലെ കല്ലുകളില്‍ ഇരുന്ന് വിശ്രമിച്ചും ആയാസത്തോടെ മല കയറുന്നു.
ജാനകി ഛട്ടി സമുദ്ര നിരപ്പില്‍ നിന്നും 2650 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. യമുനോത്രി 3291 മീറ്ററിലും. ഏകദേശം ആറു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴെയ്ക്കും 1500 മീറ്ററോളം ഉയര വ്യത്യാസം. വളരെ കുത്തനെയുള്ള കയറ്റമല്ലെങ്കില്‍ കൂടിയും അല്പമൊക്കെ ആയാസഭരിതമായ കേറ്റം തന്നെ. എന്തായാലും ഇടയ്ക്കിടെ ഇരുന്നും, വെള്ളം കുടിച്ചും, വഴിവക്കിലെ കടയില്‍ നിന്നും നാരങ്ങാവെള്ളം കുടിച്ചുമൊക്കെ മുന്നോട്ടു നീങ്ങി. മലമുകളിലെ നടത്തത്തിനു ശക്തിപകരാന്‍ ഉപയോഗപ്രദമായവയാണ് കശുവണ്ടി, ഉണക്കമുന്തിരി, ബദാം, ആപ്രിക്കോട്ട് തുടങ്ങിയവ. യാത്രയില്‍ കഴിക്കാനായി അവ കരുതിയിരുന്നു താനും. പക്ഷേ അത് മുന്നില്‍ പോയ ആളുകളുടെ കയ്യില്‍ ആയിരുന്നതിനാല്‍ പിന്നില്‍ ഇഴഞ്ഞു നീങ്ങിയ എന്നെപ്പോലെയുള്ളവര്‍ക്ക് അതിന്‍റെ ഗുണമൊന്നും കിട്ടിയില്ല. (അടുത്ത മലകയറ്റത്തില്‍ ഈ അനുഭവം ഓര്‍മ്മയുണ്ടായിരുന്നതു കൊണ്ട് സ്വന്തം കയ്യിലും അവ സൂക്ഷിക്കാന്‍ ഓര്‍മ്മിച്ചു)
|
വഴിയരുകിലെ ബോര്‍ഡുകള്‍ |
പതുക്കെപ്പതുക്കെ മുകളിലേക്ക് നടക്കുമ്പോഴും കാഴ്ചകള്‍ ആര്‍ത്തിയോടെ തന്നെ കാണുകയായിരുന്നു. താഴെയൊരു വശത്ത് മലയിടുക്കിലൂടെ ഞെളിഞ്ഞുപുളഞ്ഞ് ഒരു തോടുപോലെ യമുന താഴേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു... അധികം വെള്ളമൊന്നുമില്ല. ഇപ്പുറത്ത് കൂറ്റന്‍ പാറ. കഷ്ടി രണ്ടോ മൂന്നോ പേര്‍ക്ക് ഒരുമിച്ച് നിരന്നു നില്‍ക്കാവുന്നത്ര വീതിയുള്ള വഴി. കുതിര വരുമ്പോള്‍ നീങ്ങിക്കൊടുക്കാന്‍ പലയിടത്തും സ്ഥലം കഷ്ടി. ചിലയിടങ്ങളില്‍ പക്ഷേ വിസ്തരിച്ച് ബെഞ്ചുകള്‍ ഇടാനുള്ള സ്ഥലവും ഉണ്ട്. ചിലയിടങ്ങളില്‍ തല ഇപ്പോള്‍ പാറയില്‍ ഇടിയ്ക്കും എന്ന പോലെ വഴിയ്ക്ക് ഉയരക്കുറവ്... ചിലയിടത്ത് ആകാശത്തോളം ഉയരം...
|
ഒടുവില്‍ ലക്ഷ്യത്തില്‍... |
ആകെ കലപില ബഹളം... കുതിര വരുന്നതിന്‍റെ മുന്നറിയിപ്പ്, കസേരയില്‍ ആളുകളെ കൊണ്ടുവരുന്നവര്‍ വഴിവിടുന്നതിനായി ഉണ്ടാക്കുന്ന ശബ്ദങ്ങള്‍... ഉറക്കെയുറക്കെ യമുനാദേവിയെ വാഴ്ത്തുന്നവര്‍. വടിയോ മറ്റു താങ്ങോ ഇല്ലാതെ ആവേശപൂര്‍വ്വം മല കയറുന്ന വൃദ്ധര്‍, ചെറുപ്പത്തിന്‍റെ ഉന്മേഷത്തില്‍ പടികള്‍ ഓടിക്കയറുന്ന കുട്ടികള്‍, തളര്‍ന്നിരിക്കുന്ന നമ്മെ പലവിധത്തിലും ഉന്മേഷഭരിതരാക്കാനായി ഉറക്കെ 'ജയ് യമുനാ മയ്യാ' വിളിക്കുന്ന സഹ യാത്രികര്‍. ചിലരുടെ നോട്ടത്തില്‍ ഇത്ര വേഗം തളര്‍ന്നുവോ എന്ന പുച്ഛം കലര്‍ന്നതായും തോന്നി... എന്തായാലും അരിച്ചരിച്ച് നീങ്ങി ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അവസാനമായി ഞാനും എനിക്ക് കൂട്ടായി നിന്ന പ്രിയതമനും മുകളില്‍ എത്തി.
*യമുനോത്രി യമുനയുടെ ഉത്ഭവസ്ഥലമാണല്ലോ. ഞങ്ങള്‍ എത്തിച്ചേര്‍ന്ന സ്ഥലത്ത് ചില ചായക്കടകളും മറ്റും ഉണ്ടായിരുന്നു. നിറയെ കുതിരക്കാരും പോര്‍ട്ടര്‍മാരും. അവിടുത്തെ പ്രധാന ആകര്‍ഷണം യമുനാ ദേവിയുടെ അമ്പലമാണ്. അവിടെ ഒരു ചൂടുറവയുണ്ട്. ഒരു തുണിയില്‍ അരി കെട്ടി അതില്‍ വേവിച്ചെടുത്ത ചോറാണ് ഒരു പ്രസാദം. ഞങ്ങള്‍ കിതച്ചും തളര്‍ന്നും അവിടെ എത്തിയപ്പോഴേയ്ക്കും കൂടെയുള്ളവരൊക്കെ അമ്പലദര്‍ശനവും കഴിഞ്ഞ്, ഫോട്ടോയെടുക്കലും ചായ കുടിയും ഒക്കെയായി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അമ്പത്തിലേയ്ക്ക് പോകാനൊരുങ്ങിയ ഞാന്‍ അവിടുത്തെ വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള വര്‍ണ്ണന കേട്ടപ്പോള്‍ പുറത്തു നിന്നും ഒന്നെത്തി നോക്കിയതെയുള്ളൂ. അകത്ത് കടന്നില്ല. ആ ഭാഗത്താകെ മൂത്രനാറ്റം കെട്ടിനില്‍ക്കുന്ന പോലെ തോന്നി. വളരെ വൃത്തിഹീനമായ ഒരു പരിസരമായി തോന്നി അവിടം. മനസ്സിലുള്ള ഭക്തികൂടി ഇല്ലാതാക്കുന്ന അന്തരീക്ഷം!!!
|
ചായ, സമോസ, ഗ്രൂപ്പ്ഫോട്ടോ |
എന്തായാലും വൈകി എത്തിയത് കൊണ്ട് അധികസമയം അവിടെ ചിലവഴിക്കാന്‍ സാധിച്ചില്ല. നേരം വല്ലാതെ ഇരുട്ടുന്നതിനു മുന്‍പ് ജാന്കി ഛട്ടിയില്‍ തിരിച്ചെത്തണമായിരുന്നു. ഒരു സമോസയും ചൂട് ചായയും അകത്താക്കി അല്‍പ നേരമിരുന്ന് ക്ഷീണം അല്‍പമകറ്റി. അമ്പലത്തിനു മുന്നിലായുള്ള പാലത്തിന്‍റെ മുകളില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ, അനേകം സെല്ഫികള്‍ തുടങ്ങിയവ ഒക്കെയെടുത്തു. നേരം ഇരുട്ടുന്നതിനു മുന്‍പ് താഴെ എത്തണം എന്നുള്ളതിനാല്‍ അധികം സമയം അവിടെ ചിലവാക്കാതെ മലയിറക്കം തുടങ്ങി. കയറ്റം പോലെ ആയാസമില്ലെങ്കിലും ഇറക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. അപ്പുറത്തെ ആഴമുള്ള കൊക്കയില്‍ വീണാല്‍ തവിടുപൊടിയായതു തന്നെ. ഇടയ്ക്കിടെ പെയ്യുന്ന മഴയും കുതിരച്ചാണകവും ഒക്കെയായി വഴിയില്‍ വഴുക്കലും ഉണ്ട്. നിരപ്പായ സ്റ്റെപ്പുകളോ നിലമോ അല്ലാത്തതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീഴാന്‍ എളുപ്പമാണ്. വീണ്ടും വടി കുത്തിപ്പിടിച്ച് ശ്രദ്ധിച്ച് മലയിറങ്ങി. കേറാന്‍ മൂന്നര-നാലു മണിക്കൂര്‍ എടുത്തു. തിരിച്ചിറങ്ങാന്‍ രണ്ടര മണിക്കൂറോളവും! പോകുമ്പോഴും വരുമ്പോഴും ചുറ്റുമുള്ള കാഴ്ചകള്‍ മതിവരുവോളം കണ്ടാസ്വദിച്ചു തന്നെയാണ് നടന്നു നീങ്ങിയത്.
|
തിരിച്ചിറക്കം |
ഒടുവില്‍ ഏഴു മണിയോടെ വണ്ടിയില്‍ കയറി തിരിച്ചു ബട്കൊട്ടിലേക്ക് യാത്രയായി. ഇത്രയും ദൂരം നടന്ന ക്ഷീണവും വിശപ്പും മൂലം മിക്കവാറും പേരും മൂകരായിരുന്നു. ചിലരൊക്കെ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ അധിക സമയമുണ്ടായില്ല. ഒടുവില്‍ താമസസ്ഥലത്തെത്തി ഭക്ഷണം കഴിച്ച് എല്ലാവരും കിടക്കയെ പുല്‍കി - ഇന്നത്തെ ക്ഷീണം മാറാനും നാളത്തെ യാത്രയ്ക്ക് തയ്യാറാവാനും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ളില്‍ എന്തോ ഒരു സന്തോഷവും സംതൃപ്തിയും - വളരെ ബുദ്ധിമുട്ടിയാണെങ്കിലും കൂട്ടത്തില്‍ അവസാനമായാണെങ്കിലും യമുനോത്രി വരെ പോയി വന്നല്ലോ... മലകയറാന്‍ തുടങ്ങിയപ്പോഴത്തെ വിഷമങ്ങളില്‍ തളരാതെ മുന്നോട്ട് പോയല്ലോ. അതാണ് അന്നത്തെ ഏറ്റവും വലിയ നേട്ടം. ആ സംതൃപ്തിയിലങ്ങനെ കിടന്നപ്പോള്‍ ഉറങ്ങിപ്പോയത് എത്ര പെട്ടെന്നാണ് എന്നറിയില്ല.
ചിത്രങ്ങള്‍: ദിലീപ് പൊല്പാക്കര
(തുടരും...
*
യമുനോത്രി യമുനയുടെ ഉത്ഭവസ്ഥാനം ആണെന്ന് പറയുമെങ്കിലും യമുനാനദി യതാര്‍ത്ഥത്തില്‍ ഉത്ഭവിക്കുന്നത് അവിടെ നിന്നും ഒരു കിലോമീറ്റര്‍ മുകളില്‍ 4421 മീറ്റര്‍ ഉയരത്തില്‍ കാളിന്ദ് പര്‍വതത്തില്‍ നിലകൊള്ളുന്ന ചമ്പസാര്‍ ഹിമാനിയില്‍ നിന്നാണ്. അവിടെ മനോഹരമായ ഒരു തടാകവും ഉണ്ടത്രേ! എത്തിപ്പെടാന്‍ ദുഷ്കരമായുള്ള അവിടേയ്ക്ക് അധികമാളുകള്‍ പോകാറില്ല. ഇനിയൊരിക്കല്‍ അവിടെ വരെ പോകണം എന്നുണ്ടെനിക്ക്...
Comments
അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല. മനസ്സില്‍ രൂപപ്പെട്ടു വരുന്നു. ഇനി സമയം കണ്ടെത്തി എഴുതണം.
യാത്ര ചെയ്യാവുന്നിടത്തോളം യാത്ര ചെയ്യുക. അതിലെ കാഴ്ചകള്‍ ആസ്വദിയ്ക്കുക. ഒരുപാട് നല്ല യാത്രകള്‍ നടത്താന്‍ ഋഷിയ്ക്കു സാധിക്കട്ടെ എന്നാശംസിയ്ക്കുന്നു.
ആശംസകള്‍