മതിലുകൾ പറയുന്ന കഥ -1

കഴിഞ്ഞ വർഷം അവസാനത്തിൽ ഞാൻ രണ്ടു മതിലുകൾ കാണാനിടയായി - അവയെക്കുറിച്ചു പറയാതെ വയ്യ!

ആദ്യത്തേത് ഒരുപക്ഷേ എല്ലാവരും കേട്ടിരിക്കാൻ ഇടയുള്ള 'ബെർലിൻ മതിൽ'  ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിസമാപ്തിയ്ക്കു ശേഷം ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ ജർമനി (ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി-FRG)  സഖ്യകക്ഷികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ  ആയപ്പോൾ കിഴക്കൻ ജർമനി (ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്-GDR) എന്നറിയപ്പെട്ട പ്രവിശ്യ സോവിയറ്റ് യൂണിയന്റെ കീഴിലായി.
ബർലിൻ മതിൽ - ഒരു പനോരമ (നടുവിൽ കാണുന്ന കോൺക്രീറ്റ് ഫലകങ്ങളാണ് മതിൽ)
പശ്ചിമ ജർമനിയിൽ പാർലിമെന്ററി ജനാധിപത്യവുംക്യാപിറ്റലിസവും ലേബർ യൂണിയനുകളും സർക്കാരിന്റെ കൈകടത്തലുകൾ ഇല്ലാത്ത സ്വതന്ത്രപള്ളികളും (free church) ഉണ്ടായപ്പോൾ താരതമ്യേനെ ചെറുതായ കിഴക്കൻ ജർമ്മനി സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി (SED) യുടെ കീഴിൽ  മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന പേരിൽ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായി എന്ന് പറയാം. 

മതിൽ ബർലിനെ വിഭജിച്ച കഥ പറയുന്ന ഗൈഡ് 
ഭൂമിശാസ്ത്രപരമായി ബെർലിൻ കിഴക്കൻ ജർമനിയുടെ കീഴിലായിരുന്നെങ്കിലും  യുദ്ധാനന്തര ഒത്തുതീർപ്പുപ്രകാരം (Yalta & Postdam agreements) ബെർലിനെയും നാലായി  തിരിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന് ബെർലിന്റെ കിഴക്ക് ഭാഗം ലഭിച്ചപ്പോൾ മറ്റു മൂന്നു സഖ്യകക്ഷികളും പടിഞ്ഞാറൻ ബെർലിനെ ഏറ്റെടുത്തു. 1945 ജൂണിലായിരുന്നു ഈ വിഭജനം.

1947-ൽ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ ശീതയുദ്ധം ആരംഭിച്ചതോടെ  ബർലിൻ വീണ്ടും കലുഷിത പ്രദേശമായി. അമേരിക്കയേയും മറ്റും അവിടെ നിന്നും ഓടിക്കാൻ സോവിയറ്റ് യൂണിയൻ പല തന്ത്രങ്ങളും പയറ്റി. എന്നാൽ അതൊന്നും കാര്യമായി ഏശിയില്ല. തന്നെയുമല്ല പടിഞ്ഞാറൻ ജർമനിയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതികൾ കിഴക്കൻ ജർമനിയെക്കാൾ മെച്ചപ്പെട്ടു വരികയുമായിരുന്നു. 1955-ടെ പശ്ചിമ ജർമനി യുദ്ധക്കെടുതികളെ ഒരുവിധം അതിജീവിച്ചു മുന്നേറിത്തുടങ്ങിയിരുന്നു.

ബെർലിൻ മതിൽ 
എന്നാൽ കിഴക്കൻ ജർമനിയിൽ ജീവിതം ദുഃസ്സഹമായിക്കൊണ്ടിരുന്നു. തത്ഫലമായി ആളുകൾ കൂട്ടത്തോടെ കിഴക്കു നിന്നും പടിഞ്ഞാറിലേയ്ക്ക് കുടിയേറിക്കൊണ്ടിരുന്നു. 1961-ൽ ജൂലൈ ആഗസ്ത് മാസങ്ങളിൽ മാത്രം 50000-ത്തോളം ആളുകൾ കിഴക്കൻ ജർമനിയിൽ നിന്നും പടിഞ്ഞാറിലേയ്ക്ക് കുടിയേറി. ഓഗസ്റ്റ് പന്ത്രണ്ടാം തിയതി മാത്രം 2400 പേർ അതിർത്തി കടന്നുവത്രേ! ഇത് കിഴക്കൻ ജർമനിയുടെ അധികൃതരെ വല്ലാതെ രോഷം കൊള്ളിച്ചു.    

അന്ന് രാത്രി തന്നെ സോവിയറ്റ്  തലവൻ ക്രുഷ്ചേവ് കിഴക്കൻ ജർമനിയുടെ അതിർത്തി അടയ്ക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകി. വെറും രണ്ടാഴ്ചയ്ക്കകം ബെർലിനിൽ മുൾക്കമ്പികളും കോൺക്രീറ്റും കൊണ്ടുള്ള താത്കാലിക മതിൽ ഉയർന്നു വന്നു. ഈസ്റ് ജർമൻ പട്ടാളവും പോലീസും  സന്നദ്ധ നിർമ്മാണ തൊഴിലാളികളും കൂടിയാണ് ഈ മതിൽ പണിതുയത്തിയത്.

ബെർലിൻ മതിലിന് 140-ലധികം കിലോമീറ്റർ നീളമുണ്ടായിരുന്നു. ഈ മതിലിനു പിറകിൽ നൂറുമീറ്ററോളം കിഴക്കൻ ജർമനിയുടെ അകത്തേയ്ക്ക് അവർ രണ്ടാമതൊരു മതിൽ കൂടി പണിതു. ബർലിൻ മതിൽ വന്നതോടെ  കിഴക്കും പടിഞ്ഞാറും ജർമനികൾ തമ്മിലുണ്ടായിരുന്ന സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായും   നഷ്ടപ്പെട്ടു. അത് വരെ കിഴക്കു നിന്നുള്ളവർ പടിഞ്ഞാറ് പോയി ജോലിചെയ്യുകയും ഷോപ്പിംഗ് ചെയ്യുകയും സിനിമ കാണുകയും ഒക്കെ ചെയ്തിരുന്നു. രണ്ടായെങ്കിലും അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ ട്രെയിനിലും സബ് വേയിലുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും പോയിരുന്നു.

ബെർലിൻ മതിൽ - നീണ്ടു നീണ്ടങ്ങനെ.... 


മതിൽ വന്നതോടെ കിഴക്കു നിന്നുള്ളവർക്ക് യഥേഷ്ടം പടിഞ്ഞാട്ട് പോകാൻ പറ്റാതെയായി. പലയിടങ്ങളിലും ഉയർന്നു വന്ന ചെക്ക് പോയിന്റുകളിൽ കൂടിയേ അവർക്ക് പോകാൻ കഴിയുമായിരുന്നുള്ളൂ. അവിടേയും മിക്കപ്പോഴും സൂക്ഷ്മപരിശോധനകൾക്ക് ശേഷം  നയതന്ത്രജ്ഞരേയും നേതാക്കളേയും മാത്രമേ അതിർത്തി കടത്തി വിട്ടിരുന്നുള്ളു. സാധാരണക്കാർക്കും യാത്രക്കാർക്കും പ്രത്യേക സാഹചര്യങ്ങളിലല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയുമായിരുന്നില്ല. 

ചെക്ക് പോയിന്റ് ചാർളി - അമേരിക്കൻ സൈനികരായി വേഷമിട്ടിരിക്കുന്നവർ പൈസ കൊടുത്താൽ ഫോട്ടോയ്ക്ക് പോസ് ചെയ്യും

അമേരിക്കൻ നിയന്ത്രണ പരിധിയിലേയ്ക്ക്
കടക്കുകയാണ് എന്ന അറിയിപ്പ് 
പശ്ചിമ പ്രവിശ്യയിൽ പ്രധാനമായും മൂന്ന് ചെക്ക് പോയിന്ററുകൾ ആയിരുന്നു - ആൽഫ, ബീറ്റ, ചാർളി. ബെർലിൻ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന അമേരിക്കൻ ചെക്ക്പോയിൻറ്റ്  ചാർളിയായിരുന്നു ഏറ്റവും പ്രശസ്തം. ഇപ്പോൾ വലിയൊരു വിനോദസഞ്ചാര ആകർഷണമായി മാറിയ അവിടെ ഇന്നും അതിന്റെ അവശേഷിപ്പുകൾ കാണാം. പതിയെ കിഴക്കൻ പ്രവിശ്യയിലും 12 ചെക്ക് പോയിന്റുകൾ കിഴക്കൻ ജർമൻ അധികൃതർ നിർമ്മിക്കുകയുണ്ടായി.
ചെക്ക് പോയിന്റ് ചാർളി 
സൂര്യനസ്തമിച്ചുദിയ്ക്കുന്നതിനുള്ളിലെന്ന പോലെ രണ്ടായി വിഭജിയ്ക്കപ്പെട്ട ബെർലിന്റെ രണ്ടു ഭാഗത്തും അനേകം കുടുംബങ്ങളും സുഹൃത്തുക്കളും ഒറ്റപ്പെട്ടു. ജോലിയ്ക്കായി പടിഞ്ഞാട്ടു പോയ ആൾക്കാർക്ക് കിഴക്കുള്ള കുടുംബത്തിലേക്ക് പോകാൻ പറ്റാതെയായി. കിഴക്കിലെ സുഹൃത്തുക്കളെ സന്ദർശിക്കാൻ പോയവർ അവിടെ കുടുങ്ങിപ്പോയി. അങ്ങനെ ഒരു രാത്രികൊണ്ട് ജീവിതം കീഴ്മേൽ മറിഞ്ഞവർ അനേകമാണ്. 

1961 ഒക്ടോബറിൽ അതിർത്തി സംബന്ധിച്ച് തുടങ്ങിയ ഒരു ചെറിയ തർക്കത്തിന്റെ ഫലമായി അമേരിക്കൻ (M-48) - സോവിയറ്റ് (T-55) ടാങ്കുകൾ ചെക്ക് പോയിന്റ് ചാർലിയിൽ വെറും 100 മീറ്റർ ദൂരത്തിൽ ഏറ്റുമുട്ടാൻ തയ്യാറായി മുഖാമുഖം നിന്നു. മൂന്നാം ലോക മഹായുദ്ധം  ഇതാ പൊട്ടിപ്പുറപ്പെട്ടുവെന്നു തന്നെ ആശങ്കപ്പെടുത്തിയ ആ  നിൽപ് 16 മണിക്കൂറോളം തുടർന്നു. ഭാഗ്യത്തിന് രണ്ടു രാജ്യങ്ങളുടെയും തലവന്മാർ പരസ്പരം യുദ്ധം ചെയ്യാൻ താത്പര്യപെട്ടില്ല എന്നത് കൊണ്ട് ഒരു വലിയ ദുരന്തം ബെർലിൻ പിടിച്ചു കുലുക്കി കടന്നു പോയി. 
ചെക്ക് പോയിന്റ് ചാർലിയിൽ 
മതിൽ ഉയർന്നതോടെ കിഴക്കൻ ബർലിനിൽ ജീവിതം കൂടുതൽ ദുഃസ്സഹമായി. അവിടെ നിന്നും ബർലിൻ മതിൽ കടന്ന് പശ്ചിമ ജർമനിയിൽ എത്താനുള്ള  പലായനത്തിൽ നൂറ്റിഎഴുപതിലധികം ജീവനുകൾ പൊലിഞ്ഞു.  അതിർത്തി കടക്കുക എന്നത് അസാദ്ധ്യമൊന്നും ആയിരുന്നില്ല. അടുത്തുള്ള കെട്ടിടങ്ങളിലെ ജനലിൽ നിന്നും ചാടിയും കമ്പിവേലികൾ ചാടിക്കടന്നും അഴുക്കു ചാലുകളിലൂടെ നൂണ്ടും ഒക്കെ കുറെ പേർ അപ്പുറത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഓരോ അത്തരം രക്ഷപ്പെടലുകൾക്കു ശേഷവും ആ പഴുതുകൾ അധികൃതർ അടച്ചു പോന്നു. 

കൂടാതെ രണ്ടാമതുയർത്തിയ മതിലിനും പിന്നിൽ അവർ പട്ടാളത്തെ കാവൽ നിർത്തിയും ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചും വേട്ട നായ്ക്കളെ നിർത്തിയും ഒക്കെ ആളുകളുടെ ഈ പലായനം അവർ തടുത്തു.
മതിൽ - ഒരു ദൂരക്കാഴ്ച. പിന്നിലെ കെട്ടിടത്തിലെ ജനാലയിൽ കൂടി ഒരു കുടുംബം മതിലിനിപ്പുറത്തേയ്ക്ക് കയറുകെട്ടി ഇറങ്ങിയത്രെ!
ബെർലിൻ മതിൽ നിമിഷനേരം കൊണ്ടെന്ന പോലെ കീറി മുറിച്ചത് ഒരു സമൂഹത്തെ തന്നെയാണ്. മതിലിൻറെ ഒരുപുറത്തുള്ളവർ  പുരോഗതിയിലേക്കും സമൃദ്ധിയിലേയ്ക്കും  നീങ്ങിയപ്പോൾ അപ്പുറത്തുള്ളവർ അസ്വാതന്ത്ര്യത്തിലും ദാരിദ്ര്യത്തിലും നരകിച്ചു. കിഴക്കുള്ളവർ  വ്യക്തി സ്വാന്ത്ര്യമോ ആരാധനാ സ്വാതന്ത്ര്യമോ ഒന്നും ഇല്ലാതെ തുച്ഛമായ വേതനത്തിന് സോവിയറ്റ് യൂണിയന്റെ പണിയാളുകളായി ജീവിച്ചു പോന്നു. തൊട്ടപ്പുറത്ത് പശ്ചിമ പ്രവിശ്യയിലെ ആളുകൾ എല്ലാ സൗകര്യങ്ങളോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു പൊന്നു. 

എന്നാൽ 1989-ൽ സമീപരാജ്യങ്ങളിൽ  നടന്ന പല സംഭവവികാസങ്ങളും ബെർലിൻ മതിലിന്റെ നിലനില്പിനെ ബാധിച്ചു. അക്കൊല്ലം ജൂണിൽ പോളണ്ടിലെ കമ്യൂണിസ്റ്റു ഗവൺമെന്റ് തകർന്നു, ഹങ്കറി-ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ഉണ്ടായിരുന്ന വൈദ്യുതി വേലി  ഹങ്കറി എടുത്തു കളഞ്ഞു - ഇങ്ങനെ പല സംഭവങ്ങളും കിഴക്കൻ ജർമനിയിലെ ജനങ്ങൾക്ക് പുതിയൊരു ഉണർവ്വ് നൽകി. പൊതുവെ മതമില്ലാത്ത ജീവിതമാണ് കമ്യൂണിസ്റ്റു ഭരണത്തിനു കീഴിൽ നിഷ്കർഷിക്കപ്പെട്ടിരുന്നതിനാൽ ആരാധനാ സ്വാതന്ത്ര്യമില്ലായിരുന്നെങ്കിലും 1982 മുതൽ പള്ളികൾ ജീവിതത്തിന്റെ സജീവ ഭാഗമായി. ജനങ്ങൾ പ്രാർത്ഥിയ്‌ക്കാനായി കൂട്ടത്തോടെ പള്ളികളിലേക്ക് പോയിത്തുടങ്ങുകയും ആ കൂട്ടായ്മ ക്രമേണെ വലുതായി കിഴക്കൻ ജർമനിയിൽ നിന്നും പുറത്തു കടക്കണം എന്ന ആവശ്യമുന്നയിച്ചു പ്രക്ഷോഭങ്ങളും മറ്റും നടത്തുവാൻ തുടങ്ങി. കിഴക്കൻ ജർമനിയിൽ നിന്നും ചെക്കോസ്ലോവാക്യ വഴി ഹങ്കറി, ഓസ്ട്രിയ വഴി പടിഞ്ഞാറൻ ജർമനി, എന്നിങ്ങനെ പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം നിയന്ത്രണാതീതമായിത്തുടങ്ങി. 

അക്കൊല്ലം ഒക്ടോബറിൽ കിഴക്കൻ ജർമനിയുടെ ദീർഘകാല നേതാവായ എറിക്  ഹോനെകർ  രാജി വെയ്ക്കുകയും എഗോൺ ക്രെൻസ് ആ സ്ഥാനം ഏറ്റെടുക്കയും ചെയ്തു. തുടർന്ന് നവംബർ 9-ന് വർദ്ധിച്ചു വരുന്ന അഭയാർത്ഥി പ്രശ്നത്തിന് പരിഹാരമെന്നോണം രണ്ടു ജർമനികളുടെയും അതിർത്തികളിൽ കൂടി തന്നെ (വിവിധ ക്രോസിങ്ങ് പോയിന്റുകളിലൂടെ)  കിഴക്കു നിന്നും പടിഞ്ഞാട്ടു പോകാൻ അനുവാദം നൽകാൻ പോളിറ്റ് ബ്യൂറോ തീരുമാനമെടുത്തു. അത് പോലെ തന്നെ സ്വകാര്യ വ്യക്തികൾക്കും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാനുള്ള അനുമതിയും നൽകാനുള്ള തീരുമാനത്തിൽ എത്തി. ഇവ രണ്ടും അടുത്ത ദിവസം മുതൽ നടപ്പിലാക്കാം എന്ന ധാരണയും ഉണ്ടായി. എന്നാൽ ഈ നിർദ്ദേശങ്ങൾ ആളുകളിലേക്ക് എത്തിയ്ക്കുന്നതിൽ പറ്റിയ സൂക്ഷ്മതക്കുറവാണ് ശരിയ്ക്കും മതിലിന്റെ തർച്ചയ്ക്ക് വഴിയൊരുക്കിയത്. 

അലക്‌സാണ്ടർ പ്ലാറ്റ്സ
പോളിറ്റ്ബ്യൂറോ ഇത്തരമൊരു തീരുമാനത്തിൽ എത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് (നവംബർ 4-നു) ബെർലിനിലെ കിഴക്കൻ പ്രവിശ്യയിലെ സുപ്രസിദ്ധ വാണിജ്യ-ഗതാഗത-പൊതുകേന്ദ്രമായ അലക്‌സാണ്ടർ പ്ലാറ്റ്സയിൽ അരലക്ഷത്തോളം ആളുകൾ തടിച്ചു കൂടി സഞ്ചാരസ്വാതന്ത്ര്യത്തിനായി പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തിയിരുന്നു. 

പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ പത്രസമ്മേളനത്തിൽ ജനങ്ങളെ അറിയിക്കാനുള്ള ചുമതല ഗണ്ടർ ഷെബൗവസ്കി (Günter Schabowski) എന്നയാൾക്കായിരുന്നു. പക്ഷേ പോളിറ്റ് ബ്യൂറോ ചർച്ചകളിൽ ഒന്നും അയാൾ പങ്കെടുത്തില്ലായിരുന്നു. അതു കൊണ്ട് തന്നെ തീരുമാനത്തിന്റെ വിശാദാംശങ്ങൾ അയാൾക്കറിയില്ലായിരുന്നു. തീരുമാനം എടുത്തു എന്നല്ലാതെ അത് എപ്പോൾ മുതൽ പ്രാവർത്തികമാകും എന്നോ പത്ര സമ്മേളനത്തെ തുടർന്ന് വരുന്ന ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയണമെന്നോ അയാൾക്ക് കൃത്യമായി നിർദ്ദേശമുണ്ടായിരുന്നില്ല.

അതിനാൽ തന്നെ പുതിയ നിയമങ്ങൾ എപ്പോൾ മുതൽ പ്രാവർത്തികമാകും എന്ന ചോദ്യത്തിന് 'ഇപ്പോൾ മുതൽ' എന്നയാൾ പറയുകയും ഉണ്ടായി. കൂടാതെ മതിൽ വഴി പടിഞ്ഞാറൻ ബെർലിനിലയ്ക്ക്  പോകാനും നിയന്ത്രണങ്ങൾ ഒന്നുമില്ല എന്നും ഒരു ചോദ്യത്തിന് ഉത്തരമായി അയാൾ കൂട്ടിച്ചേർത്തു. ഈ വിവരം ഉടനടിയെന്നോണം കിഴക്കൻ ജർമനിയിലെ ടെലിവിഷൻ പ്രക്ഷേപണം ചെയ്തു. കിഴക്കൻ ജർമനി ബർലിൻ മതിൽ കവാടങ്ങൾ ഉടനടി തുറന്നു കൊടുക്കുകയാണെന്നും ജനങ്ങൾക്ക് ഇനി യാതൊരു വിധ നിയന്ത്രണവും ഇല്ലാതെ അങ്ങോട്ടുമിങ്ങോട്ടും പോകാം എന്നും വാർത്തയിൽ പറഞ്ഞു. 

വിവരമറിഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ മതിലിനു സമീപമെത്തി ഗെയ്റ്റുകൾ തുറക്കാനാവശ്യപ്പെട്ടു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം കിട്ടാതിരുന്ന കാവൽക്കാർ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അനേകം ഫോൺ വിളികൾക്ക് ശേഷം അതിർത്തി കിടക്കുന്നവർ ഒരിക്കലും തിരിച്ചു വരാതെയിരിക്കാൻ അവരുടെ പാസ്‌പോർട്ടിൽ പ്രത്യേകം മുദ്ര പതിപ്പിച്ചു അവരെ കടത്തി വിടാനുള്ള നിർദ്ദേശം കിട്ടി. പക്ഷേ ആയിരക്കണക്കിനാളുകൾ 'ഷെബൗവസ്കി പറഞ്ഞല്ലോ ഞങ്ങൾക്ക് യഥേഷ്ടം അതിർത്തി കടക്കാമെന്ന്' എന്ന വാദവുമായി ആളുകൾ വന്നപ്പോൾ അവർക്കുത്തരം ഇല്ലാതായി. ബലപ്രയോഗം നടത്താനോ അതിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കാനോ ആരും തയ്യാറായില്ല. അങ്ങനെ ഗത്യന്തരമില്ലാതെ ആ ഗെയ്റ്റുകൾ ഓരോന്നായി തുറക്കപ്പെട്ടു. രാത്രി പത്തേമുക്കാലോടെ ആളുകൾക്ക് വെറും നാമമാത്രമായ പരിശോധനകൾക്കു ശേഷം (ചിലപ്പോൾ പരിശോധന ഒന്നും ഇല്ലാതെയും) മതിലിനപ്പുറത്തേയ്ക്ക് പോകാൻ അനുവാദം കിട്ടി. 

അപ്പുറത്ത് പൂക്കളും ഷാമ്പെയ്‌നുമായി അത്യധികം ആഹ്‌ളാദത്തോടെ പശ്ചിമബെർളിൻകാർ അവരെ എതിരേറ്റു. ആഘോഷത്തിമിർപ്പുകൾക്കിടയിൽ പശ്ചിമ ബർലിനിൽ നിന്നുള്ളവർ മതിലിനു മുകളിൽ കയറിക്കൂടി. അധികം വൈകാതെ കിഴക്കു നിന്നുള്ളവരും മതിലിനു മുകളിൽ സ്ഥാനം പിടിച്ചു. ഏറെക്കാലമായി കാത്തു നിന്ന സ്വതന്ത്ര സഞ്ചാരത്തെ അവർ ആഘോഷിച്ചു. 

ആളുകൾ പൊളിച്ചു കൊണ്ടുപോയ കഷ്ണങ്ങൾ
മതിലിൽ ഇത്തരം വിടവുകൾ സൃഷ്ടിച്ചു 
തുടർന്നുള്ള ദിവസങ്ങളിൽ പലയിടത്തും ആളുകൾ കൂട്ടമായി എത്തി കയ്യിൽ കിട്ടിയ ആയുധങ്ങളുമായി മതിലിന്റെ കഷ്ണങ്ങൾ പൊളിച്ചെടുക്കാൻ തുടങ്ങി. ആഴ്ചകളോളം ഇത് തുടർന്നു. ആ 
കഷ്ണങ്ങൾ അവർ ഒരു സ്മാരകം പോലെ സൂക്ഷിച്ചു. എന്നാൽ അപ്പോഴും ഔദ്യോഗികമായി പശ്ചിമ ബെർലിനിലെ ആളുകൾക്ക് മതിൽ കടന്നു പോകാൻ വിസ വേണമായിരുന്നു. കിഴക്കൻ ബെർലിനുകാർക്ക് അങ്ങനെ ഒരു നിയന്ത്രണമുണ്ടായിരുന്നില്ല. 

ഇവിടെ ഒരു 
മതിലുണ്ടായിരുന്നു... 
1990 ജൂൺ 13-നു കിഴക്കൻ ജർമനി ആധികാരികമായി തന്നെ മതിൽ പൊളിച്ചു നീക്കാൻ തുടങ്ങി. ബർലിനിൽ മാത്രം  കിലോമീറ്ററുകളോളം മതിൽ, അതിർത്തി വേലി, സിഗ്നലുകൾ, കിടങ്ങുകൾ എന്നിവ നീക്കം ചെയ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. കിഴക്കും പടിഞ്ഞാറും ബന്ധിപ്പിയ്ക്കുന്ന ഓരോ റോഡിലുമുണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീക്കി റോഡുകൾ ഓഗസ്സ്റ് ഒന്നാം തിയ്യതിയോടെ പുനർ നിർമ്മിച്ചു. ആറു സ്ഥലങ്ങളിൽ മാത്രം മതിലിന്റെ ഭാഗങ്ങൾ സ്മാരകമെന്നോണം നിലനിർത്തി. 

1990 ഒക്ടോബർ 3-ന് കിഴക്കൻ ജർമനി പടിഞ്ഞാറൻ ജർമനിയിൽ ലയിച്ച് ഇന്നത്തെ സംയുക്ത ജർമനിയായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ രണ്ടുകഷ്ണങ്ങളായി വിഭജിക്കപ്പെട്ട രാജ്യം ബെർലിൻ മതിലിന്റെ തകർച്ചയോടെ  വീണ്ടും ഒന്നായി.  

എന്നാൽ ആ മതിൽ സൃഷ്ടിച്ച മുറിവുകൾ ഇന്നും ബർലിനിൽ കാണാം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസങ്ങൾ ഒറ്റ നോട്ടത്തിൽ കാണില്ലെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ബർലിനിൽ ഇപ്പോഴും ചില മുറിപ്പാടുകൾ കാണാം. കുറച്ചു കൂടി കിഴക്കോട്ടു പോയാൽ ആ മുറിവുകൾക്ക് ആഴം കൂടിയിട്ടുണ്ടെകിൽ അദ്‌ഭുതം തോന്നേണ്ടതില്ല എന്ന് ബെർലിൻ പറയുന്നു. 

ബർലിൻ മതിലിനരുകിൽ 
ആ മതിലിന്റെ അവശേഷിപ്പും അത് ആ നാട്ടിലെ ജനങ്ങളെ എത്രമാത്രം ദ്രോഹിച്ചുവെന്നും കണ്ടറിഞ്ഞപ്പോൾ ഇത്തരം മതിലുകൾ നമ്മെ ശക്‌തിപ്പെടുത്തുകയല്ല മറിച്ച് വിഭജിക്കുകയും നമ്മുടെ ഉള്ളിൽ പെട്ടെന്നൊന്നും മായ്ക്കാനാവാത്ത മുറിവുകൾ സൃഷ്ടിക്കുകയുമാണ് ചെയ്യുക എന്നാണ് തോന്നിയത്. മതിലുകൾ സുരക്ഷിതത്വം തരുന്നു എന്നുണ്ടെങ്കിലും അവ നമ്മെ പരസ്പരം അകറ്റുന്നു എന്നതും സത്യമല്ലേ? പ്രത്യേകിച്ചും ചിലരെ വേർതിരിച്ചു നിർത്താനായി വലിയ ഉയരത്തിൽ പണിയുന്ന മതിലുകൾ. 

അത്തരമൊരു മതിലിന്റെ കഥയാണ് അടുത്തതായി പറയാൻ ഉദ്ദേശിക്കുന്നത്. കാത്തിരിയ്ക്കുമല്ലോ.


പിൻകുറിപ്പ്: സാങ്കേതിക വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ, ഹിസ്റ്ററി ചാനൽ

Comments

നല്ല വിവരണം..ചിത്രങ്ങളും കഥ പറയുന്നു.
നല്ല അറിവ്‌ ചേച്ചീ.

പുതിയ മതിൽ കഥയ്ക്കായ്‌ നോക്കിയിരിക്കുന്നു.
നല്ല വിവരണം, നിഷ:)

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....