നിത്യാഭ്യാസി ആനയെ എടുക്കും
നിത്യാഭ്യാസി ആനയെ എടുക്കും
അങ്ങനെ വീണ്ടുമൊരു 'സ്വയംപൊക്കൽ' ദിവസം വന്നെത്തിയിരിക്കുന്നു. ഇന്ന് എന്റെ നിത്യേനയുള്ള ചിത്രംവര യജ്ഞത്തിന്റെ രണ്ടാം വാർഷിക മഹാമഹമാണ് :)
രണ്ടായിരത്തിപതിനേഴാമാണ്ട് നവംബർ പതിനെട്ടാം തിയതി 'ഇന്ന് മുതൽ ഞാൻ എല്ലാ ദിവസവും വരയ്ക്കും' എന്ന് തീരുമാനിച്ചപ്പോൾ ഞാൻ കരുതിയതല്ല ആ തീരുമാനം എന്റെ ജീവിതത്തെ ഇത്രയധികം മാറ്റിമറയ്ക്കുമെന്ന്.
ഇക്കൊല്ലം തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു |
ആദ്യത്തെ കൊല്ലത്തെ എന്റെ ശ്രമങ്ങളെക്കുറിച്ച് ഞാൻ കഴിഞ്ഞ കൊല്ലം എഴുതിയിരുന്നല്ലോ. ഇക്കൊല്ലം എന്റെ ശ്രമം താരതമ്യേനെ എളുപ്പമായിരുന്നുവെങ്കിലും 'സമയം കണ്ടെത്തൽ' ഒരു വലിയ പ്രശ്നമായിരുന്നു.
ചിലരെങ്കിലും എന്റെ ശ്രമങ്ങളെ കുറച്ചു കാട്ടാൻ ശ്രമിച്ചതായി എനിക്കറിയാം. അവരുടെ വാദങ്ങൾ വിചിത്രമായിരുന്നു - ഓ, അവൾക്ക് ജോലിയൊന്നും ഇല്ലല്ലോ, അവളുടെ മക്കളൊക്കെ വലുതായില്ലേ അതോണ്ട് അവരുടെ കാര്യമൊന്നും നോക്കണ്ട, ഇഷ്ടം പോലെ സമയമുള്ളതിനാൽ എന്തും ചെയ്യാം... ഇങ്ങനെ നീണ്ടു പോകുന്ന ആക്ഷേപങ്ങളെ കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുകയായിരുന്നു പതിവ്. പക്ഷേ ഇന്ന് അതിനെതിരെ ചെറുതായി ഒന്ന് പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു.
പിന്നീട് കുറച്ചൊക്കെ മെച്ചപ്പെട്ടു |
ചിലരെങ്കിലും എന്റെ ശ്രമങ്ങളെ കുറച്ചു കാട്ടാൻ ശ്രമിച്ചതായി എനിക്കറിയാം. അവരുടെ വാദങ്ങൾ വിചിത്രമായിരുന്നു - ഓ, അവൾക്ക് ജോലിയൊന്നും ഇല്ലല്ലോ, അവളുടെ മക്കളൊക്കെ വലുതായില്ലേ അതോണ്ട് അവരുടെ കാര്യമൊന്നും നോക്കണ്ട, ഇഷ്ടം പോലെ സമയമുള്ളതിനാൽ എന്തും ചെയ്യാം... ഇങ്ങനെ നീണ്ടു പോകുന്ന ആക്ഷേപങ്ങളെ കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുകയായിരുന്നു പതിവ്. പക്ഷേ ഇന്ന് അതിനെതിരെ ചെറുതായി ഒന്ന് പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു.
ഒന്നാമതായി, പുറത്തു പോയി ജോലിയെടുക്കുന്നില്ല എന്നത് കൊണ്ട് ഞാൻ ഒരു പണിയും ഇല്ലാതെ ഇരിക്കുകയല്ല. കൊണ്ടെന്റ് റൈറ്റിംഗ് എന്ന അത്യാവശ്യം തരക്കേടില്ലാത്ത ഒരു ജോലി ഞാൻ ചെയ്യുന്നുണ്ട് - വീട്ടിലിരുന്നാണെന്ന് മാത്രം. വർക്ക് ഫ്രം ഹോം പലപ്പോഴും പുറത്തു പോയി ജോലി ചെയ്യുന്നതിനേക്കാൾ സമ്മർദ്ദം ഉണ്ടാക്കുന്ന ഒരു പരിപാടിയാണെന്ന് പുച്‌ഛിയ്ക്കുന്നവർക്ക് അറിയാത്തതാവും.
പിന്നെ, മക്കൾ വലുതായി എന്നത് കൊണ്ട് അവരുടെ ഒരു കാര്യവും നോക്കാതിരിക്കാൻ പറ്റുകയൊന്നുമില്ല. അവർക്ക് നമ്മുടെ സഹായം നേരിട്ട് ആവശ്യമുള്ള സാഹചര്യങ്ങൾ കുറവാകും എന്നെ ഉള്ളൂ. അതും മക്കളെ കുറച്ചെങ്കിലും സ്വന്തം കാര്യം നോക്കാൻ പ്രാപ്തരാക്കി വളർത്തിയാൽ മാത്രം. ഇപ്പോഴും അവരുടെ പഠന-പാഠ്യേതര ആവശ്യങ്ങൾക്കുമായി ഞങ്ങൾ കൂടെ പോവാറുണ്ട്. അല്ലാതെ അവരെ അവരുടെ പാട്ടിന് വിട്ടിരിക്കുകയല്ല. അവരുടെ ആവശ്യങ്ങളും കുടുംബത്തിന്റെ കാര്യങ്ങളും ഒക്കെ നോക്കിത്തന്നെയാണ് ജീവിക്കുന്നത്.
പിന്നെ സമയം - എല്ലാവര്ക്കും ഉള്ളത് പോലെ 24 മണിക്കൂർ തന്നെയേ എനിക്കുമുള്ളൂ. എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഞാൻ സമയം കണ്ടെത്തുകയാണ്. അത് ചിലപ്പോൾ അതിരാവിലെ എഴുന്നേറ്റിട്ടാവാം അല്ലെങ്കിൽ എല്ലാവരും ഉറങ്ങിയ ശേഷമാവാം. എന്തായാലും സമയം സ്‌പെഷ്യൽ ആയി വന്നു നിന്ന് 'എന്നെ വരയ്ക്കാനായി ഉപയോഗിച്ചോളൂ' എന്നൊന്നും പറയില്ല. നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ അത് കണ്ടെത്തുക തന്നെ വേണം.
പലരും ചെയ്യുന്ന ഒരു കാര്യമുണ്ട് - തങ്ങളുടെഅപകര്ഷതാബോധത്തിൽ നിന്നുടെലെടുക്കുന്ന അരക്ഷിതാവസ്ഥയിൽ, മറ്റൊരാൾ എന്തെങ്കിലും ചെയ്ത് കാണിക്കുമ്പോൾ അയാളെ കണക്കിന് പരിഹസിക്കുക, പുച്ഛിക്കുക, ഇതിലൊക്കെ ഇത്ര കാര്യമുണ്ടോ എന്ന് ചെറുതാക്കുക - ഈ കലാപരിപാടി കാലാകാലമായി നമ്മുടെയിടയിൽ തുടർന്ന് പോരുകയാണല്ലോ. അത്ര കാര്യമില്ലെങ്കിൽ നിങ്ങളൊന്ന് ചെയ്ത് കാണിക്കൂ എന്ന് പറഞ്ഞാൽ പിന്നെ അവരെ മഷിയിട്ട് നോക്കിയാൽ കാണില്ല. മറുത്ത് എന്തെങ്കിലും പറഞ്ഞാൽ നമ്മൾ അഹങ്കാരിയായി, പൊങ്ങച്ചക്കാരിയായി...
പൊങ്ങച്ചം പറയാൻ ഇഷ്ടമുണ്ടായിട്ടല്ല. (സത്യത്തിൽ അവനവൻ ചെയ്യുന്ന കാര്യം പറയുന്നത് പൊങ്ങച്ചം അല്ല തന്നെ). നമ്മുടെ അദ്ധ്വാനവും സമർപ്പണവുമൊക്കെ വെറുമൊരു അസൂയയുടെയോ മറ്റു വിദ്വേഷത്തിന്റെയോ പേരിൽ ചെറുതാക്കി കാണിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു - വേഗം കണ്ടം വഴി ഓടിക്കോളൂ... നിങ്ങളുടെ നിഷേധാത്മകമായ കാഴ്ചപ്പാടുകൾ ഇവിടെ നടപ്പില്ല. അതിന് വേറെ ആളെ നോക്കണം.
അപ്പോൾ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാൽ നമ്മളെ താഴ്ത്തിക്കാട്ടാനും പുച്ഛിക്കാനും പിറകിലേക്ക് വലിക്കാനും ഒരുപാട് പേര് കാണും. അവരുടെ അഭിപ്രായത്തിന് ഒട്ടും ചെവിയോർക്കണ്ട. അവർക്കത് ഒരു വിനോദമാണ്. അവരെ കേട്ടു നിന്നാൽ സമയവും ഊർജ്ജവും നഷ്ടമാവുകയേ ഉള്ളൂ. അത്തരക്കാർക്ക് നേരെ ചെവി കൊട്ടിയടച്ചേയ്ക്കുക.
വിഷയത്തിലേക്ക് തിരിച്ചു വരാം. എന്റെ യാത്രയും സുഗമമായിരുന്നില്ല. ചിലപ്പോഴെങ്കിലും എന്തിനാണിത് ചെയ്യുന്നത് എന്ന ചോദ്യം സ്വയം ചോദിച്ചിരുന്നു. പക്ഷേ എനിക്ക് വേണ്ടത് ഇതാണ് എന്ന് മനസ്സിലായ നിമിഷം മുതൽ ആ ചോദ്യം അപ്രത്യക്ഷമായി. ഒരു നേരം ഭക്ഷണം കഴിക്കാൻ മറന്നാലും വരയ്ക്കാൻ മറക്കാതെയായി.
ഇടയ്ക്കൊക്കെ 'ചിത്ര'മെന്ന് പറയാൻ പോലും പറ്റാത്ത തരം വരകൾ ചെയ്തിട്ടുണ്ട്. വളരെ തിരക്കേറിയ ദിവസങ്ങളിൽ ദേഹവും മനസ്സും ഒരുപോലെ തളരുമ്പോൾ അങ്ങനെ വരയ്‌ക്കും. എന്നാൽ ഒരു ദിവസം പോലും മുടക്കിയിട്ടില്ല.
അതിന്റെ ഗുണം എന്റെ വരയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൂടുതൽ സമയമെടുത്തു വരയ്ക്കാൻ തുടങ്ങിയതോടെ വളരെയധികം മെച്ചപ്പെട്ടു. കൂടെയുള്ള ചിത്രങ്ങൾ കണ്ടാൽ നിങ്ങൾക്കും അത് ബോധ്യപ്പെടും.
അത് മാത്രമല്ല, ഇപ്പോൾ കൂടുതൽ വൈവിദ്ധ്യമാർന്ന വരകളും ചെയ്യാൻ കഴിയുന്നുണ്ട്. അത് പോലെ തന്നെ വിവിധ മീഡിയവും ഞാൻ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അതൊക്കെ ഈ നിത്യാഭ്യാസത്തിൽ നിന്നും ലഭിച്ച ഗുണങ്ങളാണ്.
അതിനേക്കാളേറെ എന്നെ സന്തോഷിപ്പിച്ച ഒരു കാര്യം എൻ്റെ ഈ വരകൾ കണ്ട് പലർക്കും അതുപോലെ ചെയ്യാനുള്ള ഊർജ്ജം കിട്ടുന്നുണ്ട് എന്ന അറിവാണ്. ഒരു നാലഞ്ചു പേരെങ്കിലും എന്നോട് പറഞ്ഞു ഞാനാണ് അവർക്കതിനുള്ള പ്രചോദനം എന്ന്. ഇതിൽ കൊച്ചു കുട്ടികൾ മുതൽ എന്നേക്കാൾ പ്രായമായവർ ഉണ്ടെന്നുള്ളത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു. എൻ്റെ ഈ ഉദ്യമം വിജയമാണെന്നതിന് വേറെ എന്ത് സാക്ഷ്യമാണ് വേണ്ടത്?
എന്നെ വായിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ സമയം കണ്ടെത്തുക - അത് ഡാൻസ്, പാട്ട്, കരാട്ടെ, സ്പോർട്സ്, ചിത്രംവര, തുന്നൽ, പാചകം, എഴുത്ത്, വായന എന്തുമാവാം. എന്നും അത് ചെയ്യുക - ഒരഞ്ചു മിനിറ്റിനെങ്കിലും. നിങ്ങൾക്ക് അതിൽ അഭിനിവേശം തോന്നുന്നെങ്കിൽ നിങ്ങൾ പകുതി വിജയിച്ചിരിക്കുന്നു. മുടങ്ങാതെയുള്ള അഭ്യാസം നിങ്ങളെ കൂടുതൽ മെച്ചപ്പെടുത്തും തീർച്ച. അതിന് എന്നെക്കാൾ വലിയ ഉദാഹരണം കാണിച്ചു തരാനില്ല.
ഇടയ്ക്ക് കാലിടറി വീണേക്കാം. അപ്പോൾ വീണിടത്തു തന്നെ കിടക്കാതെ വീണ്ടും എഴുന്നേറ്റ് നടക്കുക. കുട്ടികളായിരിക്കുമ്പോൾ നാം ഓരോരുത്തരും എത്ര വീണിട്ടാണ് നടക്കാൻ പഠിച്ചത്! ഒരിക്കൽ വീണത് കൊണ്ട് നാമാരും വീണ്ടും നടക്കാൻ ശ്രമിക്കാതിരുന്നിട്ടില്ല. അത് ഓർമ്മയിൽ വെക്കുക. ഓരോ വീഴ്ചയിൽ നിന്നും പാഠമുൾക്കൊണ്ട് പൂർവ്വാധികം ശക്തിയോടെ ശ്രമിക്കുക. എങ്കിൽ നിങ്ങളെ വിജയലക്ഷ്യത്തിൽ എത്തുന്നതിൽ നിന്നും തടുക്കാൻ ആർക്കും കഴിയില്ല.
എൻ്റെ ഈ ശ്രമത്തിലൂടനീളം ആത്മാർത്ഥമായി പിന്തുണച്ച ഒട്ടേറെ പേരുണ്ട്. അവരെ എല്ലാവരെയും പ്രത്യേകം പ്രത്യേകം പേരെടുത്ത് പറയുന്നില്ല. അവരെയൊക്കെ അഭിമാനപുളകിതരാക്കുന്ന ഒരു ദിവസം ഞാൻ സമ്മാനിക്കും. അതിനാണ് ഇനിയത്തെ ശ്രമം. (ഇനി ആർക്കെങ്കിലും എന്നെ വേണ്ടത്ര പിന്തുണച്ചില്ലെന്ന തോന്നലുണ്ടെങ്കിൽ നിങ്ങൾക്ക് ഇനിയും അവസരമുണ്ട് :D ഈ പോസ്റ്റിൽ കമന്റ് ചെയ്ത് തുടങ്ങാം.) എന്നെത്തന്നെ പിന്തുണക്കണം എന്നൊന്നും ഇല്ല ട്ടോ. നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ചിത്രമോ ഫോട്ടോയോ പാട്ടോ ഡാൻസോ നാടകമോ എന്തെന്കിലുമാകട്ടെ അതിൻ്റെ പുറകിലെ അദ്ധ്വാനത്തെ അഭിനന്ദിക്കുക. അവർക്ക് ചിലപ്പോൾ അത് ജീവിതത്തിനോടു തന്നെ ഒരു അഭിനിവേശം നൽകിയേക്കാം....
അപ്പൊ ഇനി അടുത്ത കൊല്ലം ഇത് പോലെ ഒരു പൊങ്ങച്ചക്കഥയുമായി വരാം. അത് വരെ മറ്റ് എഴുത്തുകളും വരകളുമൊക്കെക്കൊണ്ട് തൃപ്തിപ്പെടുമല്ലോ :)
Comments
Ashamsakal
ഞാനും ഇങ്ങനൊരു കാര്യം തുടങ്ങണം എപ്പോഴും വിചാരിക്കും . പക്ഷേ കുഞ്ഞുറുമ്പ് പറഞ്ഞത് പോലെ പറ്റിയിട്ടില്ല . 2 വർഷം തികച്ചു എന്നതൊക്കെ വലിയ ഒരു കാര്യമാണ് . വളരെ വലിയ ഒരു കാര്യം . വിമർശനങ്ങളോട് താങ്കൾ എടുത്ത നിലപാട് അഭിനന്ദനാർഹം ആണ് .
ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ .!!!
സ്ത്രീകൾക്കായി സംവരണം ചെയ്തതിനാലും
3 wow കൾ പ്രയോഗിച്ചു കഴിഞ്ഞതിനാലും
5ആമനാവാനും,ഇനിയൊരു
Wow പ്രയോഗിക്കാതിരിക്കാനും തീരുമാനിച്ചതാണ്.
ചേച്ചിയുടെ ശ്രമങ്ങൾ കാണാനും ഉൾക്കൊള്ളാനും
കഴിയുന്നതിൽ സന്തോഷിക്കുന്നു.
ചിത്രങ്ങളിൽ ചിമ്പാന്സിയെ
പ്രത്യേകം എടുത്തു പറയുന്നു.
എഴുത്തും ഇഷ്ടമായി.
സലാം.
ഇൻക്റ്റോബർ ആയി ഇത്തവണ ചെയ്തില്ല. പക്ഷേ എന്നും വരച്ചിരുന്നു.
ആശംസകൾക്ക് നന്ദി :)
ഇനി മുതൽ ഡിജിറ്റൽ കോപ്പി സൂക്ഷിക്കൂ. ബ്ലോഗിൽ ഇട്ടാൽ അവിടെ ഉണ്ടാവുമല്ലോ. പുസ്തകത്തിന് പകരം ആവില്ല. എന്നാലും ഒലിച്ചു പോവില്ലല്ലോ
എനിക്കും സന്തോഷം ഇവിടെ കണ്ടതിൽ :)
വർക്ക് ഫ്രം ഹോം എനിക്ക് ചിലപ്പോൾ വളരെ സ്ട്രെസ്സ്ഫുൾ ആവും. എന്നാലും വരയും വ്‌ളോഗും ഒക്കെ രസമാണ്. അതാണ് സത്യത്തിൽ നിത്യജീവിതത്തിലെ മടുപ്പ് ഒരളവ് വരെ കുറയ്‌ക്കുന്നത്.
ആമിക്കുട്ടിയുടെ വര നന്നായി നടക്കട്ടെ. മിടുക്കത്തിയാണ്. എൻ്റെ ചിത്രങ്ങൾ ഉപയോഗപ്രദമായി എന്നതിൽ ഏറെ സന്തോഷം.
ഈ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞു ഫോർമൽ ആകുന്നില്ല. ഇഷ്ടം :)
നമ്മൾ അത് പോലെ ആവാതിരിക്കുക എന്നതും മുഖ്യമാണ്. നല്ലത് പറയാൻ പറ്റിയില്ലെങ്കിൽ മിണ്ടാതിരിക്കാമല്ലോ :D
വളരെ ചെറിയ ചുവടുകൾ വെച്ചാണ് തുടങ്ങിയത്. ഇവിടെ എത്തുമെന്ന് കരുതിയതല്ല. എന്തായാലും ഇങ്ങനെ തുടർന്ന് പോകാൻ പറ്റണം എന്നെ ചിന്തയുള്ളൂ.
സന്തോഷം ഇവിടെ വന്നതിനും ആശംസകൾ അറിയിച്ചതിനും
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ചിമ്പാൻസി എന്റെയും ഫേവറിറ്റ് ആണ് ട്ടോ.
Thank you
അതെ, അത്തരക്കാർക്ക് ചെവി കൊടുക്കാതിരിക്കുക തന്നെ വഴി.
വായനയ്ക്കും ആശംസകൾക്കും നന്ദി
സന്തോഷം വായനയ്ക്കും ആശംസകൾക്കും
Thanks for the good words and wishes!