ഒരു വഴി തെറ്റിയ (തെറ്റിച്ച?) കഥ

വള്ളുവനാട്ടിലെ ഒരു ഗ്രാമത്തിൽ, പാരമ്പര്യ അനുഷ്ഠാനങ്ങളും ചിട്ടകളും പാലിച്ചു പോന്ന ഒരു കുടുംബത്തിലാണ് എൻ്റെ ജനനം. അതു കൊണ്ട് തന്നെ ചെറുപ്പം മുതലേ പല ആചാരാനുഷ്ഠാനങ്ങളും കണ്ടും ആചരിച്ചും പാലിച്ചും തന്നെയാണ് വളർന്നത്. തറവാടിന്റെ ചുമതല അച്ഛനിൽ നിക്ഷിപ്തമായിരുന്നു എന്നതിനാൽ അതിനോടനുബന്ധിച്ച പല  കടമകളും ഞങ്ങളിലേയ്ക്കും സ്വയമേവ വന്നു ചേർന്നു. അതികണിശമായ രീതികൾ ഒന്നും അല്ലെങ്കിലും ഒരു സാമാന്യ വിധത്തിലൊക്കെ കുടുംബത്തിൽ ചെയ്യേണ്ടതായ കാര്യങ്ങൾ എല്ലാ കൊല്ലവും അച്ഛന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു - ഇന്നും നടന്നു വരുന്നു.

എല്ലാ കൊല്ലവും തൈപ്പൂയ്യത്തിന് ഇല്ലത്തു നിന്നും അമ്പലത്തിലേയ്ക്കുള്ള കാവടി എഴുന്നള്ളിപ്പ്, കൊല്ലത്തിലൊരിക്കലെങ്കിലും ഭഗവതിക്ക് കളംപാട്ട്, സർപ്പവലി, കരിങ്കുട്ടിയ്ക്ക് ആട്ട്, മുത്തശ്ശൻ, മുത്തശ്ശി എന്നിവരുടെ ശ്രാദ്ധമൂട്ടൽ, വിദ്യാരംഭം എന്നിങ്ങനെ അനേകം കാര്യങ്ങൾ  മുറപോലെ നടന്നു വന്നിരുന്നു. അതു പോലെ തന്നെ ഉള്ള ഒരു ചടങ്ങാണ് നല്ലൂർ അമ്പലത്തിലെ ഗുരുതി. (നല്ലൂർ വളരെ പണ്ടു കാലത്ത് ഞങ്ങളുടെ തറവാടായിരുന്നു, അവിടെനിന്നും ഇപ്പോഴുള്ള ഇല്ലത്തേക്ക് ലയിച്ചതാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.)

നല്ലൂരമ്പലം 
എന്തായാലും എരവിമംഗലം സുബ്രഹ്മണ്യക്ഷേത്രത്തിന് അടുത്തായി നിലകൊള്ളുന്ന നല്ലൂർ അമ്പലം കണ്ടാൽ തന്നെ അറിയാം അതൊരു പഴയ ഇല്ലത്തിന്റെ ഭാഗമായിരുന്നു എന്ന്. നടുമിറ്റം, ശ്രീലകം എന്നീ സ്ഥാനങ്ങൾ കൂടാതെ അടുക്കളകിണറിന്റെ സ്ഥാനവും ചുറ്റുമതിലിന്റെ അവശേഷിപ്പുകളും ഒരു ഇല്ലം അവിടെയുണ്ടായിരുന്നതിന്റെ അടയാളങ്ങൾ തന്നെയാണ്.

നല്ലൂരിൽ ഞങ്ങൾ ഉപാസിക്കുന്നത് അയ്യപ്പനെയും ഭഗവതിയെയും ആണ്. കളം പാട്ടും ഗുരുതിയും അവിടെ നടത്തേണ്ട ചടങ്ങുകളുമാണ്. അന്ന് അതിന് അത്ര കൃത്യമായ ദിവസം ഒന്നും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. തന്ത്രി നമ്പൂതിരിക്കും നമുക്കും സൗകര്യമുള്ള ഒരു ദിവസം എന്നേ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുന്നു.

എന്തായാലും ഗുരുതിയുള്ള ദിവസം ആവുമ്പോഴേയ്ക്കും നല്ലൂരിലെ പരിസരമൊക്കെ പുല്ലു ചെത്തി വൃത്തിയാക്കും (സാധാരണ ദിവസങ്ങളിൽ അമ്പലത്തിലെ പൂജയ്ക്കിടയിൽ കൃഷ്ണേട്ടൻ വന്നു വിളക്ക് വെക്കും. വിശേഷ ദിവസങ്ങളിൽ ഞങ്ങളും - അത്രയേ ഉള്ളൂ). ഗുരുതിക്കുള്ള ചരക്ക്, വെള്ളം നിറയ്ക്കാൻ കുടം, മറ്റു പൂജാസാമഗ്രികൾ എന്നിവ തയ്യാറാക്കുന്നത് കൂടാതെ പൂജാവേളയിൽ നേദിക്കാൻ കുറെ വിഭവങ്ങൾ ഉണ്ടാക്കണം.

ചുറ്റുവിളക്കിന്റെ പ്രഭയിൽ.. 
എൻ്റെ ഓർമ്മ തുടങ്ങുന്ന കാലത്ത് അമ്മയും വല്യമ്മയും കൂടിയാണ് അതൊക്കെ ചെയ്യുക. കുളിച്ചു ശുദ്ധമായി ഈറനുടുത്തു വേണം നേദ്യം വെക്കാൻ. അമ്മയും വല്യമ്മയും സഹോദരപത്നിമാർ എന്നതിനേക്കാൾ സഹോദരിമാരെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തു കാര്യവും ഒന്നിച്ചേ ചെയ്യൂ. പ്രത്യേകം വല്ല സാധനങ്ങൾ വാങ്ങുമ്പോഴും അതെ - പാത്രങ്ങൾ വാങ്ങുമ്പോഴും രണ്ടാളും ഒരുപോലത്തെ വാങ്ങും - MN എന്നും M എന്നും അടയാളത്തിൽ വ്യത്യാസം കാണുമെന്ന് മാത്രം (അന്നൊക്കെ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയാൽ അതിൽ അടയാളമെഴുതുക പതിവായിരുന്നു - വിശേഷ ദിവസങ്ങളിൽ ഒരുവീട്ടിൽ നിന്നും മറ്റു വീട്ടിലേയ്ക്ക് പാത്രങ്ങൾ കൊണ്ടു പോവുക സാധാരണമായിരുന്നു. അപ്പോൾ പരസ്പരം മാറിപ്പോവാതിരിക്കാനോ വേഗം മനസ്സിലാവാനോ ആയിരിക്കാം അങ്ങനെ ചെയ്തിരുന്നത്).

എന്തായാലും അമ്മയും വല്യമ്മയും നേദിക്കാനുള്ളവ തയ്യാറാക്കുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് സഹായിയുടെ റോളേ ഉണ്ടാവൂ. വിശേഷപ്പെട്ട അതിഥികൾക്ക് (വീട്ടുകാർക്കും) ചായ പലഹാരങ്ങൾ കൊടുത്തു സൽക്കരിക്കുക, രാത്രിയിലെ അത്താഴത്തിനുള്ള വിഭവങ്ങൾ ഒരുക്കാൻ സഹായിക്കുക എന്നിവയൊക്കെയാണ് പ്രധാന ജോലികൾ. പിന്നെ കുളിച്ചൊരുങ്ങി നല്ലൂർക്ക് പോവും. അവിടെ ചെന്നാൽ വെള്ളം കോരുക, ചുറ്റുവിളക്കിൽ എണ്ണയൊഴിച്ചു തിരിയിട്ടുവെക്കുക, സമയമായാൽ അവ  കൊളുത്തുക, മറ്റു ചെറിയ ചെറിയ സഹായങ്ങൾ വേണ്ടി വന്നാൽ ഓടാൻ ആളായി നിൽക്കുക ഒക്കെയാണ് പണി.

വല്ലാതെ ഇരുട്ടാവുന്നതിനു മുൻപാണ് പോകുന്നതെങ്കിൽ നല്ലൂർ തൊടിയിലൂടെ ഒരു ഷോർട്ട് കട്ട് ഉണ്ട് - അതിലൂടെ പോകാം. അതൊരു റബർ തോട്ടമായിരുന്നതിനാൽ മിക്കപ്പോഴും ഇരുട്ടാണ് - പയർവള്ളി പടർത്തിയതിനാൽ എപ്പോഴും കാടുപിടിച്ച  നിലയിലും. പകൽ സമയത്ത് തന്നെ അതിലൂടെ പോകാൻ പേടിയാകും. അപ്പോൾ ഇരുട്ടിയാലത്തെ കാര്യം പറയാനുണ്ടോ? ഞങ്ങൾ കുട്ടികൾ മാത്രമേ ഉള്ളുവെങ്കിൽ ഇത്തിരി വളവാണെങ്കിലും അമ്പലക്കുളം ചുറ്റിയേ പോകൂ.

അതിനു മുൻപോ അല്ലെങ്കിൽ ഞങ്ങളുടെ തൊട്ടു പിന്നാലെയോ മറ്റോ, നേരം വല്ലാതെ ഇരുട്ടുന്നതിനു മുൻപ് അമ്മയും വല്യമ്മയും കൂടി നേദിക്കാൻ ഉണ്ടാക്കിയതൊക്കെ കയ്യിലെടുത്തുകൊണ്ട് നല്ലൂർത്തൊടിയിലൂടെ നല്ലൂർ അമ്പലത്തിലേയ്ക്ക് പോകും. അതൊക്കെ അവിടെ ഏല്പിച്ചു തിരിച്ചു വന്ന് ഈറൻ മാറി തൊഴാൻ വീണ്ടും പോകും. അതായിരുന്നു പതിവ് എന്ന് തോന്നുന്നു...

അങ്ങനെ ഒരു ഗുരുതി ദിവസം അമ്മയും വല്യമ്മയും കൂടി നേദ്യവും കൊണ്ട് പതിവ് പോലെ യാത്രയായി. നേരം സന്ധ്യ ആവുന്നതേയുള്ളൂ എന്നതിനാൽ ടോർച്ചൊന്നും കരുതാതെയാണ് പോകുന്നത്.  നല്ലൂർ തൊടിയിലെ ഷോർട്ട് കട്ട് ഒരു ചെറിയ നടവഴി പോലെയേ ഉള്ളൂ - എന്നാലും അതിലൂടെ പോയാൽ റോഡിലൂടെ പോകുന്നതിനേക്കാൾ എളുപ്പമാണല്ലോ. ഭാരവുമേന്തി അധികദൂരം നടക്കേണ്ട എന്ന് കരുതി അവർ പരിചിതമായ ആ നടവഴിയിലൂടെ തന്നെയാണ് അന്നും നല്ലൂരമ്പലത്തിനെ ലക്ഷ്യമാക്കി നടന്നു തുടങ്ങിയത്.

റോട്ടിൽ നിന്നും നല്ലൂർത്തൊടിയിൽ കയറിയാൽ വടക്കോട്ട് കുറച്ചു നടന്ന് അല്പം കഴിഞ്ഞു ഒരുകുഞ്ഞിയിറക്കത്തിൽ ചെറുതായി ഒന്ന് പടിഞ്ഞാട്ട് തിരിഞ്ഞു വീണ്ടും വടക്കോട്ട് നടന്നാൽ ഒരു ആറേഴു മിനിറ്റുകൊണ്ട് നല്ലൂരമ്പലത്തിൽ എത്താം. അമ്മയും വല്യമ്മയും നല്ലൂർത്തൊടിയിലൂടെ  പതിവുപോലെ അമ്പലം ലക്ഷ്യമാക്കി നടക്കുകയാണ്. സാധാരണ പോലെ അവർ പലതും സംസാരിച്ചു കൊണ്ടായിരുന്നു നടന്നത്.  അങ്ങനെ നടന്നു നടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവർക്ക് തോന്നി കുറെ നേരമായല്ലോ നമ്മൾ നടക്കുന്നു എന്താണിത് എത്താത്തത് എന്ന്!

പരിചിതമായ വഴിയാണെങ്കിലും പെട്ടന്ന് ഇരുട്ട് കൂടിയപോലെ - രണ്ടാളുടേയും മനസ്സിൽ വഴി തെറ്റി എന്ന തോന്നൽ ശക്തമായി. 'ഏടത്തീ, ഇന്തെന്താ നമുക്ക് വഴി തെറ്റിയോ, എത്തുന്നില്ലല്ലോ' എന്ന് അമ്മയും 'അങ്ങനെ വരാൻ വഴിയില്ലല്ലോ' എന്ന് വല്യമ്മയും. 'എന്തായാലും ഇത്തിരികൂടി നടന്നാൽ നല്ലൂരിലെ ചുറ്റുവിളക്ക് കാണാതിരിക്കില്ല, നമുക്ക് നോക്കാം' എന്ന് പരസ്പരം പറഞ്ഞു അവർ വീണ്ടും നടന്നു തുടങ്ങി. എന്നാൽ എത്ര നടന്നിട്ടും അവർ അമ്പലത്തിന്റെ അടുത്ത് എത്തുന്നുമില്ല.

അവരുടെ അനുമാനം അനുസരിച്ചു നല്ലൂരിൽ നിന്നുള്ള വിളക്കുകൾ കാണേണ്ടതായ ദിശയിൽ കൂരിരുട്ട് മാത്രം. ഇടത്തോട്ട് തിരിഞ്ഞാൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിളക്കോ ആ ഭാഗത്തു നിന്നുള്ള വെളിച്ചമോ ഒക്കെ കാണേണ്ടതാണ്. അതും കാണുന്നില്ല. ഇതെന്തു കഥ എന്ന് ആശ്ചര്യപ്പെട്ട അവർ എന്തായാലും നടക്കുക തന്നെ, അല്ലാതെ തരമില്ലല്ലോ എന്ന് കരുതി പിന്നെയും ഒരു ധാരണ വെച്ച് നടന്നു. (അന്നത്തെ കാലത്ത് മൊബൈലോ ഒന്നും ഇല്ലല്ലോ ആരെയെങ്കിലും വിളിക്കാൻ!) എന്നാൽ നടന്നിട്ടും നടന്നിട്ടും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല എന്ന് മാത്രം.

അവസാനം കുറേ നടന്നു തളർന്നപ്പോൾ അവർ ഒരു സ്ഥലത്തു നിന്നു. ഇനി എന്ത് വേണം എന്ന് ആലോചിച്ചു. ഒന്നുമില്ലെങ്കിലും നേദിക്കാനുള്ളത് സമയത്തിന് എത്തിയില്ലെങ്കിൽ ആരെങ്കിലും അന്വേഷിച്ചു വരാതിരിക്കില്ല അപ്പോൾ നോക്കാം എന്ന് തീരുമാനിച്ചുറച്ചു. അങ്ങനെ കുറച്ചു നേരം അവിടെ കാത്തു നിന്നപ്പോൾ സന്ധ്യ കഴിയുകയും രാത്രിയാവുകയും ചെയ്തു. ഇരുട്ട് കനം വെച്ചതും ഒരു മായാജാലമെന്നോണം അവരുടെ മുൻപിൽ നല്ലൂരിലെ വിളക്കുകൾ തെളിഞ്ഞു തുടങ്ങി.

ചടങ്ങുകൾ പുരോഗമിക്കുന്നു 
ആശ്ചര്യമെന്തെന്നു വെച്ചാൽ അവർ നിൽക്കുന്നിടത്തു നിന്നും ഒരു പത്തടി മാത്രം അകലെ നല്ലൂരമ്പലത്തിന്റെ ചുറ്റുമതിൽ അവർക്ക് കാണായി. മതിലിന്റെ അപ്പുറത്തു നിന്നും തന്ത്രി നമ്പൂതിരിയുടെയും സഹായിയുടെയും ബന്ധുക്കളുടെയും ഒക്കെ പതിഞ്ഞ സംസാരവും കേൾക്കുന്നുണ്ട്. വലിയൊരു ആശ്വാസത്തോടെ അവർ അമ്പലത്തിലേക്ക് പോയി നേദിക്കാനുള്ള സാധനങ്ങൾ ഏൽപ്പിക്കുകയും തങ്ങൾക്കുണ്ടായ അനുഭവം പറയുകയും ചെയ്തു.

'പൊട്ടി വഴി തെറ്റിച്ചതാവും' എന്നായിരുന്നു പ്രതികരണം. സന്ധ്യാസമയത്ത് പുറത്തിറങ്ങുന്ന ആളുകളെ വഴിതെറ്റിക്കുകയെന്നത് പൊട്ടിയുടെ വിനോദമാണത്രെ. (ആരാണ്/എന്താണ് ഈ പൊട്ടി എന്നൊന്നും അന്നും ഇന്നും എനിക്കറിയില്ല). സന്ധ്യയ്ക്ക് പുറത്തിറങ്ങരുത് എന്ന് കുട്ടിക്കാലത്ത് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പൊട്ടിയെ പേടിച്ചായിരുന്നോ അത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അങ്ങനെ ഒരു അമാനുഷിക ശക്തി ഉണ്ടോ എന്നും അറിയില്ല. എന്തായാലും അന്ന് സന്ധ്യാസമയത്ത് വെറും പത്തടി മാത്രം അകലെയുള്ള അമ്പലവും അവിടുന്നുള്ള വിളക്കിന്റെ വെളിച്ചം കാണാതെയും ആളുകളുടെ സംസാരവും മറ്റു ഒച്ചകളും കേൾക്കാതെയും അമ്മയും വല്യമ്മയും കുറെ നേരം ആ തോട്ടത്തിൽ ചുറ്റിക്കൊണ്ടിരുന്നതിന് എന്താണ് ഒരു വിശദീകരണം എന്നറിയില്ല. അവർ ദിശയറിയാതെ വട്ടം ചുറ്റിയത്  ദൂരെയാണ് എന്ന് സമർത്ഥിച്ചാൽ തന്നെയും ഒടുവിൽ മതിലിന്റെ തൊട്ടടുത്ത് നിന്നിട്ടും എന്തേ കുറെ നേരം അവർ ഒന്നും കാണുകയും കേൾക്കുകയും ചെയ്തില്ല?  സന്ധ്യകഴിഞ്ഞപ്പോൾ എങ്ങനെ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു?

മിത്തുകളും മറ്റും വിശ്വസിക്കാൻ വിസ്സമ്മതിക്കുമ്പോഴും ഇങ്ങനെ ചില അനുഭവങ്ങൾ ഉണ്ടാവുമ്പോൾ അതിനു കാരണമെന്ത് എന്നതിന് ശാസ്ത്രീയമായ ഒരുത്തരം കണ്ടെത്താൻ കഴിയുന്നില്ല.  കുറച്ചു നേരത്തേയ്ക്ക് ഒരു വിഭ്രാന്തി ഉണ്ടായതാണ് എന്ന് വെച്ചാൽ തന്നെ, രണ്ടാൾക്കും അതെങ്ങനെ ഒരുപോലെ അനുഭവപ്പെട്ടു? എങ്ങനെ രണ്ടാളും ഒരേപോലെ ഒരേസമയത്ത് അതിൽ നിന്നും പുറത്തുകടന്നു? അങ്ങനെ കുറെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉണ്ട്. അതിന്നുമങ്ങനെ ഉത്തരമില്ലാതെ തുടരുന്നു...

പിന്നെയും കുറെ കാലം കഴിഞ്ഞു - ഒരുപാട് തവണ സമയത്തും അസമയത്തും ആ തൊടിയിലൂടെ നടന്നിട്ടുണ്ട്- നല്ലൂർ അമ്പലത്തിലേയ്ക്കും അല്ലാതെയും. പിന്നീടൊരിക്കലും ആർക്കുംസമാനമായ ഒരു അനുഭവം ഉണ്ടായതായി അറിവില്ല.

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം? നല്ലൂർ അമ്പലത്തിൽ കഴിഞ്ഞ ദിവസം ഗുരുതിയുണ്ടായിരുന്നു - അവിടെ ചുറ്റുവിളക്കുകൾ ജ്വലിച്ചു നിൽക്കുന്ന ചിത്രം ഏടത്തി അയച്ചു തന്നപ്പോൾ ഗൃഹാതുരതയുടെ മറപറ്റി ഈ കഥ വീണ്ടും ഓർമ്മകളിൽ പൊങ്ങി വന്നു - അത്രേ ഉള്ളൂ... 

Comments

Cv Thankappan said…
Pantokke njanum kettittunt etharam sambrathmakamaya kathhakal.
Asamsakal
മാധവൻ said…
ചേച്ചീ..സത്യം പറയാലോ..എനിക്ക് പേടിയാണ് ചില സമയങ്ങളിൽ ഇത്തരം കഥകൾ വായിക്കാൻ.
Nun,wrong turn പോലുള്ള സിനിമകൾ
കാണുമ്പോൾ പോലും തോന്നാത്ത ഒരു പേടി.
എന്നെകൊണ്ട് ഞാൻ തന്നെ തോൽക്കും ന്നാ തോന്നുന്നത്.
പൊട്ടിയോട് കടുത്ത ദേഷ്യത്തോടെ
പോസ്റ്റിന് സലാം വെക്കുന്നു
© Mubi said…
പൊട്ടിയെ കുറിച്ചൊക്കെ പണ്ട് പറഞ്ഞു കേട്ടീട്ടുണ്ട്... പങ്കുവെച്ചതിൽ സന്തോഷം :)
© Mubi said…
ങ്ങിനെ പേടിച്ചാലോ മാധവാ...
Nisha said…
അതെ, പണ്ടത്തെ പല കഥകളിലും ഇത്തരം അമാനുഷികമായ ഒരു നിറം കലർന്നിരുന്നുവെന്ന് തോന്നുന്നു.
Nisha said…
ഇതിലത്ര പേടിക്കാൻ ഒന്നുമില്ല. ഒരു അസാധാരണമായ സംഭവം എന്നതിൽ കവിഞ്ഞ് ഭീതിപ്പെടുത്തുന്ന ഒന്നായി അന്നും ഇന്നും തോന്നിയിട്ടില്ല.

പേടി മാറ്റാൻ വല്ല വഴിയും കണ്ടു പിടിക്കണം. ഇതിലൊന്നും പേടിക്കേണ്ട കാര്യമില്ല, ട്ടോ
Nisha said…
ഉവ്വല്ലേ? ഇത് പ്രാദേശികമായി പ്രചാരത്തിലുണ്ടായിരുന്ന ഒന്നാണെന്ന് തോന്നുന്നു. ഇതിനെക്കുറിച്ച് കേട്ടവർ വളരെയധികം ഉണ്ടെന്ന് തോന്നുന്നില്ല.
നല്ല രസമായി വായിച്ചുപോയി. എല്ലാ ദേശങ്ങളിലും ഉണ്ടാകുമായിരിക്കും ഇത്തരം കഥകൾ. കാല്പനികതയും യാഥാർഥ്യവും കൂടി കെട്ടുപിണഞ്ഞു കിടക്കുന്ന ഇത്തരം കഥകൾ പിന്നീട് ഓർത്തെടുക്കുമ്പോൾ എന്തൊരു മധുരമാണല്ലേ? ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന എത്രയോ കഥകൾ ബന്ധുക്കൾ പറഞ്ഞതോർക്കുന്നു.
Nisha said…
അതെ, ഓരോരോ അനുഭവങ്ങൾ. ചിലത് അനുഭൂതിപ്രദവും ചിലത് ഭീതിദവും..

ഗുരുവായൂർ കഥകൾ വല്ലപ്പോഴും പറയൂട്ടോ -

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം