മുഖങ്ങൾ
മുഖങ്ങൾ മനസ്സിൽ പ്രത്യക്ഷപ്പെടുന്നതിന് യാതൊരു ക്രമമോ പ്രത്യേകിച്ച് കാരണമോ ഉണ്ടാവില്ല. ഒരു കാര്യമുറപ്പാണ് - കാലമേറെ കഴിഞ്ഞിട്ടും മറക്കാത്ത, മങ്ങാത്ത മുഖങ്ങളാണ് പലതും. അവയിൽ ചിലതെങ്കിലും ഒരു മാറ്റവുമില്ലാതെ ഇരിക്കുന്നത് മരണത്തിന്റെ പുതപ്പണിഞ്ഞാണ് എന്നതാണ് സത്യം. മാറിമറിയുന്ന മുഖങ്ങളാകട്ടെ ജീവിതത്തിന്റെ വെയിലിൽ വാടിത്തളർന്നവയും.
ദിനേനെ ഓർക്കുന്ന ചില മുഖങ്ങളുമുണ്ട്. ഓർമ്മിക്കണമെന്ന നിർബന്ധത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നവയല്ല - ദിനചര്യയുടെ ഭാഗമെന്നോണം, ഞാനറിയാതെ തന്നെഅനായാസമായി തെളിയുന്ന മുഖങ്ങൾ... ഒരുപക്ഷേ മരണത്തിന്റെ വിസ്മൃതിയിൽ ഞാൻ ആണ്ടു പോകുന്നതു വരെ ആ മുഖങ്ങൾ എന്നോടൊപ്പമുണ്ടാവും.
സന്തോഷം നൽകുന്ന മുഖങ്ങളും ഉള്ളിൽ സങ്കടം നിറയ്ക്കുന്ന മുഖങ്ങളുമുണ്ട്. ചില മുഖങ്ങളെങ്കിലും ചെറിയൊരു കുറ്റബോധത്തിൻ്റെ നേർത്ത മേലാപ്പ് മനസ്സിൽ വിരിയ്ക്കും... എൻ്റെ സങ്കുചിതമായ ഹൃദയത്തിൽ അവർക്ക് വേണ്ടപോലെ ഇടം കൊടുക്കാത്തതിൽ നോവും.
അത്യധികം പ്രിയങ്കരമായിരുന്ന മുഖങ്ങൾ പലതും മങ്ങുന്നതും മനസ്സിൽ ഒട്ടും വരാതാവുന്നതും ഞാനറിയുന്നുണ്ട്. ശ്രമിച്ചാൽ പോലും അവ ഓർത്തെടുക്കാൻ പറ്റാതായത് മനസ്സിന്റെ കളിയാണോ? അത്തരം മുഖങ്ങൾക്ക് നിറം പകരുകയോ വ്യക്തത വരുത്തുകയോ വേണ്ടതില്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നതും അതിനാലാവാം. ഒരിക്കൽ പോലും നേരിട്ടു കാണാത്ത, ചില അമൂല്യമുഖങ്ങൾ മനസ്സിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ അർത്ഥശൂന്യമായ ആ മങ്ങലുകൾ ആവശ്യമെന്ന് ജീവിതം പറയുന്നു.
അതുപോലെ തന്നെ എത്രമേൽ വേദന പകർന്നു നൽകിയാലും മനസ്സിൽ നിന്നും പറിച്ചെറിയാനാവാത്ത ചില മുഖങ്ങൾ സ്വത്വത്തിൻ്റെ ഭാഗമായിരിക്കാം. അവയെ ഏറ്റിനടക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ല.
ചില മുഖങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മനസ്സ് സ്നേഹം കൊണ്ട് നിറയും, ചിലത് ഉള്ളിൽ അനിർവചനീയമായ ഒരാനന്ദം നിറയ്ക്കും, ചില മുഖങ്ങളാവട്ടെ വാത്സല്യവും കരുതലുമാണ് മനസ്സിൽ നിറയ്ക്കുക. അപൂർവം ചിലപ്പോൾ ദേഷ്യവും നിരാശയും തോന്നിപ്പിക്കുന്ന ചില മുഖങ്ങളുണ്ടെങ്കിലും നന്മയുടെ പ്രഭചൊരിയുന്ന മറ്റു മുഖങ്ങൾ അവയെ നിഷ്പ്രഭരാക്കും.
ഓരോ മുഖങ്ങളും മിന്നിമാഞ്ഞു കഴിയുമ്പോൾ അവരുടെയുള്ളിൽ എൻ്റെ മുഖമുണ്ടാക്കുന്ന വികാരമെന്താവും എന്ന് ചിലപ്പോൾ ഓർക്കും... എല്ലാവരും സ്നേഹത്തോടെയും പ്രിയത്തോടെയും ഓർക്കണമെന്ന് ആഗ്രഹിക്കുമ്പോഴും അത് 'എത്ര മനോഹരമായ നടക്കാത്ത സ്വപ്‌ന'മാണെന്ന് തിരിച്ചറിയും. കുറഞ്ഞ പക്ഷം വേദനയോടെയല്ലാതെയെങ്കിലും ഓർമിക്കപ്പെട്ടാൽ അത്രയും ഭാഗ്യം.
സ്വയമറിയുവാൻ തുടങ്ങുമ്പോഴാണല്ലോ സ്വന്തം മുഖവും തെളിഞ്ഞു കാണാൻ പറ്റുക. ഭാഗ്യവശാൽ സ്വയമറിയലിന്റെ ആദ്യപടിയിലേക്കുള്ള യാത്രയുടെ ആദ്യചുവടുകളുടെ രൂപരേഖ തെളിഞ്ഞു വരുന്നുണ്ട്. മരണത്തിലേയ്ക്ക് നടന്നടുക്കുമ്പോഴേയ്ക്കും ആ യാത്രയും പൂർത്തിയാക്കാനായേക്കാം... ഇല്ലെങ്കിൽ അനേകം യാത്രികരുടെ കൂട്ടത്തിലെ ഒരു മുഖമായെങ്കിലും കാലത്തിന്റെ മനസ്സിൽ കുറച്ചുകാലം മങ്ങി നിൽക്കുമായിരിക്കും....
Comments
Asamsakal