ജനുവരിയിലെ വായന
കഴിഞ്ഞ കൊല്ലം കാര്യമായ വായനയൊന്നും നടന്നില്ല എന്നതിനാൽ ഇക്കൊല്ലം കൂടുതൽ വായിക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം തുടങ്ങി. ജനുവരി മാസം വലിയ തരക്കേടില്ലാത്ത രീതിയിൽ വായന നടന്നു. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്
ആലിസൺ ജോസെഫിന്റെ Agatha Christie Investigates എന്ന പുസ്തകം കിൻഡിലിൽ ഡൌൺലോഡ് ചെയ്തത് തന്നെ അഗത എന്ന ആ പേര് കേട്ടിട്ടാണ്. അഗതാ ക്രിസ്റ്റി തന്നെ കുറ്റകൃത്യം ചെയ്തത് ആരാണെന്നു കണ്ടു പിടിക്കുന്ന തരത്തിലുള്ള കഥകളാണ്. മൂന്നു കഥകൾ ഉള്ളതിൽ ഒന്ന് മാത്രം ബുദ്ധിമുട്ടി വായിച്ചു. അഗത എഴുതിയ കഥകളുടെ രസമൊന്നും ഇല്ല അവർ കഥാപ്രാത്രമായ ഈ കഥ വായിക്കാൻ. അവർ മുഖ്യകഥാപാത്രമാണ് എന്ന ഒരു കൗതുകം ഉണ്ടെന്നൊഴിച്ചാൽ വേറൊന്നും പ്രത്യേകം പറയാനില്ല.
പിന്നെ ഞാൻ വായിച്ചത് അമീഷിന്റെ Scion of Ikshvaku, Sita, Ravan എന്നീ പുസ്തകങ്ങളാണ്. മുൻപത്തെ ശിവ നോവൽത്രയത്തിന്റെ അതേ മാതൃകയിൽ എന്ന് തോന്നിയ ഈ രാമചന്ദ്ര സീരീസ് ആദ്യത്തെ പുസ്തകത്തിൻെറ ആദ്യ പകുതി മാത്രം അല്പം രസകരമായി തോന്നി. പിന്നീടങ്ങോട്ട് വിരസതയായിരുന്നു. ഒരേ സംഭവം മൂന്നാളുകളുടെ കാഴ്ചപ്പാടിലൂടെ കാണിക്കാനുള്ള ശ്രമം അത്ര വിജയിച്ചു എന്ന് പറഞ്ഞു കൂടാ...
സി ജെ റൈറ്റ് എഴുതിയ A Dead Man's Shoes: and Other Strange Tales ആയിരുന്നു വേറൊരു പുസ്തകം. കുറ്റാന്വേഷണ കഥകൾ പ്രതീക്ഷിച്ചാണ് വായന തുടങ്ങിയത്. പക്ഷേ എല്ലാം അമാനുഷിക അല്ലെങ്കിൽ അതീന്ദ്രിയ വിഷയങ്ങൾ പറയുന്ന കഥകൾ ആയിരുന്നു. അത്ര ആസ്വാദ്യകരമായി തോന്നിയില്ല. പതിമൂന്നു ചെറുകഥകൾ അടങ്ങിയ ഈ പുസ്തകത്തിലെ ആദ്യത്തെ കഥ (A Dead Man's Shoes) കൂടാതെ ഒരെണ്ണം (Lay Me Down To Sleep) കൂടിയേ അല്പമെങ്കിലും ഇഷ്ടപ്പെട്ടുള്ളൂ. Love bite എന്ന കഥ വായിച്ചപ്പോൾ ഡ്രാക്കുള ഓർമ്മ വന്നു.
ജെ കെ റൗളിംഗിന്റെ Short Stories from Hogwarts of Heroism, Hardship and Dangerous Hobbies ആണ് ഞാൻ വായിച്ച വേറൊരു പുസ്തകം. കൊല്ലങ്ങൾക്ക് മുൻപ് ആദ്യമായി ഹാരി പോട്ടർ വായിച്ച അന്ന് മുതൽ റൗളിംഗിനെ വായിക്കാൻ ഇഷ്ടമാണ്.ഹാരി പോട്ടറിനു വേണ്ടി അവർ നടത്തിയ തയ്യാറെടുപ്പുകളുടെ ഭാഗമായി എഴുതിയ ചില കഥാപാത്രങ്ങളുടെ പശ്ചാത്തലകഥയാണ് ഈ പുസ്തകത്തിൽ. വെറും കഥാപാത്രമല്ലാതെ ജീവനുള്ള വ്യക്തികളെ പോലെ അവരെ അവതരിപ്പിക്കുന്നതിൽ കഥാകാരി വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഹാരി പോട്ടർ വായിച്ചവർക്കേ ഈ കഥകൾ മുഴുവനായും ആസ്വദിക്കാൻ പറ്റൂ എന്ന് തോന്നുന്നു.
മനു എസ് പിള്ളയുടെ The Ivory Throne - Chronicles of the House of Travancore -നെ പറ്റി പലയിടത്തും വായിച്ചിരുന്നു. ഏറെ കാലമായി വായിക്കണം എന്ന് കരുതിയിരുന്ന ഈ പുസ്തകം വായിക്കാനുള്ള അവസരം ഇപ്പോൾ കിട്ടിയിരിക്കുന്നു. ഏതാണ്ട് 20 ശതമാനത്തോളമേ വായിച്ചെത്തിയിട്ടുള്ളൂ. നോവൽ അല്ലാത്തതിനാൽ സമയമെടുത്തേ വായിക്കാനാവൂ. ഇതുവരെ വായിച്ചത് ഇഷ്ടപ്പെട്ടു. ചരിത്രത്തിന്റെ ഇത്തരം ചിത്രീകരണങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ് എന്നത് കൊണ്ടു തന്നെ ഇതൊരു നല്ല വായനാനുഭവമാണ്.
നാട്ടിലല്ല എന്നതു കൊണ്ടും കുറെ പുസ്തകങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുകയെന്നത് പ്രായോഗികമല്ലാത്തത് കൊണ്ടും എൻ്റെ വായന അധികവും ഇംഗ്ലീഷ് പുസ്തകങ്ങളാണ്. ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകങ്ങളും കിൻഡിലിലുള്ള പുസ്തകങ്ങളുമാണ് പ്രധാനമായും വായിക്കുന്നത്.
ഇക്കൊല്ലം വായന തുടങ്ങിയത് ജിം കോർബറ്റിന്റെ പുസ്തകങ്ങൾ വായിച്ചാണ്. നരഭോജികളായ കടുവകളെയും പുലികളെയും തിരഞ്ഞു പോകുന്ന സന്ദർഭങ്ങളും അവയെ അവസാനം വെടിവെക്കുന്നതും ഒക്കെ അടക്കിപ്പിടിച്ച ശ്വാസത്തോടെയേ വായിക്കാനാവൂ... ശിക്കാരി എന്ന നിലയിലാണ് കോർബെറ്റിനെ അധികം പേരും അറിയുന്നുണ്ടാവുക. എന്നാൽ അദ്ദേഹത്തിൻ്റെ എഴുത്തിൽ നിന്നും ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയായിരിക്കുന്നു എന്ന് നാം തിരിച്ചറിയും. പ്രത്യേകിച്ചും കാടിനെക്കുറിച്ചും തൻ്റെ ചുറ്റുമുള്ള ആളുകളെ കുറിച്ചും പറയുന്ന അവസരങ്ങളിൽ. എനിക്ക് ഇഷ്ടപ്പെട്ട എഴുത്താണ് കോർബെറ്റിന്റെത്. ലളിതമായ, വ്യക്തതയോടെയുള്ള എഴുത്ത് വായിക്കവേ നമ്മളും എഴുത്തുകാരനോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി.
My India, The Temple Tiger and more Man Eaters of Kumaon, Jim Corbett Omnibus എന്നീ പുസ്തകങ്ങളാണ് ഞാൻ വായിച്ചത്. ചില കഥകൾ മുൻപ് വായിച്ചതാണെങ്കിലും പുനർവായന ഒട്ടും മുഷിപ്പനായിരുന്നില്ല. ഇനി വീണ്ടും വായിച്ചാലും മുഷിയില്ല എന്നുറപ്പാണ്.
ഡേവിഡ് ട്രേസിയുടെ Time Management, ജസ്റ്റിൻ ഹാമ്മണ്ടിന്റെ Speed Reading എന്നീ രണ്ടു പുസ്തകങ്ങൾ സ്വയം മെച്ചപ്പെടുത്തലിന്റെ ഭാഗമായി വായിച്ചു. സമയം വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നതിൽ പലപ്പോഴും പരാജയപ്പെടുന്ന എനിക്ക് ഇടയ്ക്ക് ഇത്തരം പുസ്തകങ്ങൾ വായിക്കുന്നത് സഹായകരമായി അനുഭവപ്പെടാറുണ്ട്. സ്പീഡ് റീഡിങ്ങിന്റെ പുസ്‌തകം വായിച്ചിട്ട് പ്രത്യേകിച്ചൊന്നും കിട്ടി എന്ന് പറയാനാവില്ല - അത്യാവശ്യം വേഗവായനയാണ് എന്റേത് എന്ന അറിവില്ലാതെ.


സമകാലീന സംഭവവികാസങ്ങളെ പുരാതനകഥയുടെ ഇടയിൽ കുത്തിക്കയറ്റിയത് മിക്കപ്പോഴും മുഴച്ചു നിന്നു. കഥയ്ക്ക് ഒരാവശ്യവുമില്ലാത്ത ഒരു കൂട്ടിച്ചേർക്കലായേ അവ അനുഭവപ്പെട്ടുള്ളൂ. മൂന്നാമത്തെ പുസ്തകത്തിലെത്തിയപ്പോൾ ആവർത്തനവിരസത തോന്നി എന്ന് മാത്രമല്ല ഇനി എന്തുണ്ടാവും എന്ന് കൂടി ശരിയായി ഊഹിക്കാൻ കഴിഞ്ഞു. ഇതിലെ അടുത്ത പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ടാവില്ല, തീർച്ച.



തിരുവിതാംകൂർ ചരിത്രവും കേരളചരിത്രവും ഒക്കെ പറയുന്ന ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ടതാണ് എന്ന് പറയാൻ മടിക്കുന്നില്ല. കാലം നമ്മിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ എന്ന് അറിയാനും ഈ വായന ഉപകരിക്കും എന്ന് തോന്നുന്നു. പുസ്തകത്തെപ്പറ്റി വിശദമായി പറയാൻ മുഴുവൻ വായനയും കഴിയണം.
കുറച്ചു ബ്ലോഗുകളും ചില ഓൺലൈൻ ഇടങ്ങളിലെ പോസ്റ്റുകളും ലേഖനങ്ങളും വായിച്ചു എന്നതൊഴിച്ചാൽ മലയാളം വായന ശുഷ്കമായിത്തന്നെ തുടരുന്നു.
അപ്പോൾ ഇതൊക്കെയാണ് ജനുവരിയിലെ വായനാവിശേഷം. ജനുവരി വായനയെപ്പറ്റി എല്ലാ ആഴ്ചയിലും വിശദമായി ഇംഗ്ലീഷ് ബ്ലോഗിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്‌താൽ അതും വായിക്കാം.
Image courtesy: Google
Comments
Asamsakal
വായനയിലൂടെ എഴുത്തും മെച്ചപ്പെടുത്താമല്ലോ എന്ന സ്വാർത്ഥ ചിന്തയും ഉണ്ട് :)